ക്രിസ്തു സകലര്‍ക്കുമായ് തെളിഞ്ഞ പ്രകാശം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. അതിരുകളിലെ ഗലീലി പട്ടണം
ക്രിസ്തു ഗലീലിയില്‍ പരസ്യജീവിതം ആരംഭിക്കുന്ന ഭാഗമാണ് ഇന്നത്തെ സുവിശേഷം വിവരിക്കുന്നത് (മത്തായി 4, 12-23). മലബ്രദേശത്തുള്ള നസ്രത്തു ഗ്രാമത്തോടു ക്രിസ്തു യാത്രപറഞ്ഞ് കഫര്‍ണാമില്‍ വന്നു. ഗലീലിയ തടാകതീരത്തെ വളരെ പ്രധാനപ്പെട്ടൊരു പട്ടണമായിരുന്നു കഫര്‍ണാം അക്കാലത്ത്. അവിടത്തെ ജനങ്ങള്‍ അധികവും വിജാതിയരായിരുന്നു. ഇതര മതസ്തരായിരുന്നു അവര്‍. മദ്ധ്യധരണിയാഴി തീരിങ്ങളിലേയ്ക്കുള്ള മെസൊപ്പൊട്ടേമിയന്‍ ഉള്‍നാടുകളില്‍നിന്നുമുള്ള വഴികള്‍ സന്ധിച്ചിരുന്നത് കഫര്‍ണാം പട്ടണത്തിലായിരുന്നു. അതുകൊണ്ടുതന്നെ അത് നല്ല കച്ചവടകേന്ദ്രവുമായിരുന്നു ക്രിസ്തുവിന്‍റെ കാലത്തും പിന്നീടും. യേശു തന്‍റെ പ്രവര്‍ത്തനത്തിനുള്ള ആദ്യതട്ടകമായി കഫര്‍ണാം തിരഞ്ഞെടുത്തതുവഴി യഹൂദജനങ്ങളെ മാത്രമല്ല, വിജാതിയ പട്ടണമായ കഫര്‍ണാമില്‍ എത്തുന്ന സകലരെയും അഭിസംബോധനചെയ്യുവാനുള്ള സാധ്യതകൂടെ അവിടുന്നു മനസ്സില്‍ കണ്ടുകാണണം (15).
2. ഇരുളില്‍ തെളിഞ്ഞ പൊന്‍ദീപം
വിജാതിയ പട്ടണമെന്നാണ് ഗലീലിയ അന്നാളുകളില്‍ വിളിക്കപ്പെട്ടിരുന്നത്. അക്കാലത്ത് ഇസ്രായേലിന്‍റെ മതാത്മക, രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിന്‍റെ ആസ്ഥാനമായ ജരൂസലേമില്‍നിന്നു നോക്കിയാലും ഭൂമിശാസ്ത്രപരമായി ഗലീലിയ അതിരുകള്‍ക്കു പുറത്തുള്ള വിജാതിയ പട്ടണവും, മതപരമായി യഹൂദര്‍ക്ക് തൊട്ടുതീണ്ടാനാവാത്ത ഇടവുമായിരുന്നു. കാരണം ഇസ്രായേലില്‍പ്പെടാത്തവരുമായി ഇടപഴകുന്നത് അശുദ്ധമായും തൊട്ടുതീണ്ടലായും അന്നാളില്‍ കണക്കാക്കിയിരുന്നു. എന്നാല്‍ കൃത്യമായിട്ടും അവിടെനിന്നു തന്നെയാണ് അത്യപൂര്‍വ്വമായ വെളിച്ചം പ്രസരിച്ചത്, ക്രിസ്തുവിന്‍റെ ദൈവിക വെളിച്ചം തെളിഞ്ഞു പ്രശോഭിച്ചത് അവിടെ ഗലീലിയില്‍നിന്നായിരുന്നു. ഗലീലിയുടെ പുറം അതിര്‍ത്തിയില്‍നിന്നാണ് ആ ദിവ്യപ്രകാശം ലോകത്തിനായ് പൊട്ടിവിരിഞ്ഞത്. ഇന്നത്തെ ആദ്യവായനയില്‍ ഏശയ പ്രവാചകന്‍ അതു കാലേകൂട്ടി പറഞ്ഞുവച്ചിട്ടുള്ളത് കേള്‍ക്കാം, “...എന്നാല്‍ അവസാന നാളുകളില്‍ സമുദ്രത്തിലേയ്ക്കുള്ള പാതയെ, ജോര്‍ദാനക്കെരെയുള്ള ദേശത്തെ, ജനതകളുടെ ഗലീലിയെ അവിടുന്ന് മഹത്വപൂര്‍ണ്ണമാക്കും. അന്ധകാരത്തില്‍ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു. കൂരിരുട്ടില്‍ വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദയംചെയ്തു” (ഏശയ 9, 1-2).
3. സകലര്‍ക്കും അവകാശമുള്ള ദൈവികരക്ഷ
ക്രിസ്തു ഗലീലിയയുടെ അതിരുകളില്‍നിന്നും തന്‍റെ ദൗത്യം തുടങ്ങിക്കൊണ്ട് പ്രബോധിപ്പിക്കുന്നത്, ദൈവികരക്ഷ സകലര്‍ക്കുമുള്ളതാണെന്ന സത്യമാണ്. പാപികളെന്നും പുറംജാതികളെന്നും പറഞ്ഞ് സമൂഹം തള്ളിക്കളഞ്ഞവരുടെ പക്കലേയ്ക്കാണ് ക്രിസ്തു ഇറങ്ങിച്ചെന്നത്. ഇന്ന് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന കാരുണ്യത്തിന്‍റെ സുവിശേഷരീതിയും, സകലരെയും ആശ്ലേഷിക്കുന്ന സഭാശൈലിയും അനുകരിക്കുന്നത് ക്രിസ്തുവിന്‍റെ മാര്‍ഗ്ഗശാസ്ത്രവും, ബലതന്ത്രവും തന്നെയാണ്.
4. ദൈവരാജ്യം മാനസാന്തരത്തിനുള്ള ക്ഷണം
സ്നാപക യോഹന്നാന്‍ പ്രഘോഷിച്ച സ്വര്‍ഗ്ഗരാജ്യത്തിന്‍റെ പ്രബോധനങ്ങള്‍ അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു ക്രിസ്തുവിന്‍റെ സന്ദേശങ്ങള്‍ (6). എന്നാല്‍ ദൈവരാജ്യം മാനുഷികമായൊരു രാഷ്ട്രീയ ശക്തിയല്ല. മറിച്ച് അത് ദൈവവും അവിടുത്തെ ജനവുമായുള്ള ഉടമ്പടിയുടെ നീതിയും സമാധാനവും വളര്‍ത്തുന്ന പദ്ധതിയായിരുന്നു. ദൈവവുമായുള്ള ഈ ഉടമ്പടി യാഥാര്‍ത്ഥ്യമാക്കാന്‍ ഓരോ വ്യക്തിയും - അവന്‍റെയും അവളുടെയും ചിന്താഗതിയിലും ജീവിതശൈലിയിലും മാനസാന്തരത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും വഴി തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. ദൈവരാജ്യത്തിന് അനുയോജ്യമായ ഒരു മൗലികമായ മാറ്റം ജീവിതരീതിയില്‍ വരുത്തുക എന്നാല്‍ ബാഹ്യമായ വ്യത്യാസങ്ങളിലല്ല, മറിച്ച് ചിന്താഗതിയില്‍ മാറ്റം വരുത്തുന്നതാണ്. ക്രിസ്തു ആവശ്യപ്പെട്ടത് ആന്തരിക പരിവര്‍ത്തനമാണ്, മാനസാന്തരമാണ്. ആന്തരീകമായും, ഓരോരുത്തരുടെയും ജീവിതശീലങ്ങളില്‍ വരുത്തേണ്ട മാറ്റമാണ്. ഇവിടെ ശ്രദ്ധേയമാകുന്നത് മാനസാന്തരത്തിലേയ്ക്കുള്ള പ്രബോധനത്തിന്‍റെ ബലതന്ത്രമായി ക്രിസ്തു ഉപയോഗിച്ചത് കരുണയായിരുന്നു, ദൈവിക കാരുണ്യമായിരുന്നു!
5. പാപികളെ തേടിവന്നവന്‍
യോഹന്നാനില്‍നിന്നും യേശു വ്യത്യസ്തമായിരിക്കുന്നത് ജീവിതവഴികളിലും രീതികളിലുമാണ്. സ്നാപകനില്‍നിന്നും വ്യത്യസ്തമായി യേശു ദൈവരാജ്യത്തെ ആവിഷ്ക്കരിക്കുന്നത് ഒരു തീര്‍ത്ഥാടകനും, അലഞ്ഞുതിരിയുന്ന പ്രവാചകനും, റബിയുമായിട്ടായിരുന്നു. അവിടുന്ന് ഒരിടത്തും സ്ഥിരമായി താമസിക്കുകയോ, ജനങ്ങള്‍ തന്നെ തേടിവരുവാനായി കാത്തിരിക്കുകയോ ചെയ്തില്ല. മറിച്ച് അവിടുന്ന് അവരുമായുള്ള കൂടിക്കാഴ്ചകള്‍ക്കായി അവരുടെ പക്കലേയ്ക്ക്, അവരുടെ മദ്ധ്യത്തിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. അവിടുന്നു പാപികളെയും രോഗികളെയും തേടി പുറപ്പെടുകയായിരുന്നു. അവിടുന്ന് എന്നും ഒരു സഞ്ചാരിയായിരുന്നു!
അവിടുത്തെ ആദ്യപ്രേഷിത സംഗമങ്ങള്‍ ഗലീലിയ തടാകത്തിന്‍റെ തീരത്തായിരുന്നു. അവിടുന്ന് ആദ്യമായി കണ്ടുമുട്ടിയ ജനസഞ്ചയം ഗലീലിയയിലെ മുക്കുവ സമൂഹവും, മീന്‍പിടുത്തക്കാരുമായിരുന്നു. അവിടുന്ന് ദൈവരാജ്യത്തെക്കുറിച്ച് അവരോടു സംസാരിക്കുക മാത്രമായിരുന്നില്ല, തന്‍റെ കൂടെയായിരിക്കുവാനും, ദൗത്യത്തില്‍ പങ്കുചേരുവാനുമായി ശിഷ്യന്മാരെ വിളിക്കുകയായിരുന്നു, രൂപപ്പെടുത്തുകയായിരുന്നു. അവിടുന്നു പറഞ്ഞത്, “നിങ്ങള്‍ എന്‍റെ പിന്നാലെ വരിക, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം!” (20). നമുക്കറിയാം, അങ്ങനെ അവിടുത്തെ അനുഗമിച്ചവരില്‍ സ്നാപകന്‍റെ ശിഷ്യന്മാരുണ്ടായിരുന്നു. കൂടാതെ അവിടുത്തെ ശ്രവിക്കുകയും, നേരില്‍ കാണുകയുംചെയ്തശേഷം തന്‍റെ സാക്ഷികളാകാന്‍ സധൈര്യം മുന്നോട്ടുവന്ന ധാരാളം പേരുണ്ടായിരുന്നു.
6. ക്രിസ്തു കടന്നുവരുന്ന ജീവിതചുറ്റുപാടുകള്‍
നമുക്കറിയാം, ഗലീലിയില്‍വച്ചു തന്നെയാണ് ക്രിസ്തു രണ്ടു സഹോദര ജോഡികളായ ശിഷ്യന്മാരെ കണ്ടുമുട്ടിയത് – അന്ത്രയോസും പത്രോസും..., പിന്നെ യാക്കോബും യോഹന്നാനും! “നിങ്ങള്‍ എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങനെ മനുഷ്യരെ പിടിക്കുന്നവരാക്കാം,” എന്നു പറഞ്ഞുകൊണ്ടാണ് അവിടുന്ന് അവരെ ക്ഷണിച്ചത്. അവരുടെ ജീവിതത്തിന്‍റെ സാധാരണ ചുറ്റുപാടുകളില്‍നിന്നാണ് അവിടുന്ന് അവരെ ശിഷ്യന്മാരായി വിളിച്ചത്. ദൈവം നമുക്കായി തന്നെത്തന്നെ വെളിപ്പെടുത്തുന്നത് ജീവിതത്തിന്‍റെ അനിതരസാധാരണമായ സാഹചര്യങ്ങളിലോ, ഹൃദയഹാരിയായ ചുറ്റുപാടുകളിലോ അല്ല. മറിച്ച് ജീവിതത്തിന്‍റെ സാധാരണമായ ചുറ്റുവട്ടങ്ങളില്‍നിന്നാണ്. അവിടെയാണ് നാം ക്രിസ്തുവിനെ കണ്ടെത്തേണ്ടത്.
ജീവിതത്തിന്‍റെ സാധാരണ ചുറ്റുപാടുകളില്‍ സംവാദത്തിലൂടെ അവിടുന്ന് തന്നെത്തന്നെ നമുക്കായി വെളിപ്പെടുത്തുകയും, നമ്മെ സ്പര്‍ശിക്കുകയും, നമ്മുടെ ഹൃദയങ്ങളെ മാറ്റിമറിക്കുകയും ചെയ്യുന്നുണ്ട്. മേല്പ്പറഞ്ഞ നാലു സഹോദരങ്ങളുടെയും പ്രതികരണം തല്‍ക്ഷണവും ഹൃദയം തുറന്നതുമായിരുന്നു. “ഉടനെത്തന്നെ അവര്‍ തങ്ങളുടെ വലയും വഞ്ചിയും ഉപേക്ഷിച്ച് യേശുവിനെ പിന്‍ചെന്നു” (20). നമുക്കറിയാം ഈ നാലുപേരും ആദ്യം സ്നാപകന്‍റെ ശിഷ്യന്മാരായിരുന്നു. അങ്ങനെ അവര്‍ രക്ഷകനായ മിശിഹായെക്കുറിച്ച് കേള്‍ക്കുവാനും അറിയുവാനും ഇടയായി. അവര്‍ അവിടുത്തെ അനുഗമിച്ചു (യോഹ. 1, 35-42).
7. ക്രിസ്തുവിന്‍റെ സുവിശേഷ കാരുണ്യവും സ്നേഹവും
ഇന്ന് നാം ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ അഭിമാനംകൊള്ളുകയും അത് പ്രഘോഷിക്കുകയും ചെയ്യുമ്പോള്‍ മറക്കരുത്, ധീരരും, എന്നാല്‍ എളിയവരുമായ ആദ്യശിഷ്യന്മാര്‍ അവിടുത്തെ വിളിയോട് വിശ്വസ്തരായി പ്രതികരിച്ചതുകൊണ്ടാണ് നിങ്ങള്‍ക്കും എനിക്കും ക്രിസ്തുവെളിച്ചവും, വിശ്വാസവും ലഭിച്ചതും, വിശ്വാസത്തില്‍ നാമിന്ന് ജീവിക്കുന്നതും! ഗലീലിയ തടാകതീരത്തെ നിഗൂഢമായൊരു ഭൂപ്രദേശത്താണ് ക്രിസ്തുശിഷ്യന്മാരുടെ ആദ്യസമൂഹം പിറവിയെടുത്തത്. ക്രിസ്തീയതയുടെ എളിയ തുടക്കത്തെക്കുറിച്ചുള്ള ഈ അറിവ്, ക്രിസ്തുവിന്‍റെ സുവിശേഷ സ്നേഹവും കാരുണ്യവും, എവിടെയും ജീവിക്കുവാനും സാക്ഷ്യപ്പെടുത്തുവാനുമുള്ള താല്പര്യം നമ്മില്‍ വളര്‍ത്തട്ടെ!
8. നമ്മുടെ ഗലീലികളെ അവഗണിക്കാതിരിക്കാം!
എതിര്‍പ്പും വൈഷമ്യങ്ങളുമുള്ള ഇടങ്ങളില്‍, പ്രത്യേകിച്ച് ലോകത്തിന്‍റെ സകല അതിര്‍ത്തികളോളവും ക്രിസ്തുവിന്‍റെ സുവിശേഷം എത്തിക്കുവാനും പങ്കുവയ്ക്കുവാനും നമ്മുടെ ജീവിത മേഖലകളില്‍ നമുക്കു കൂടുതല്‍ സമര്‍പ്പിതരാകാം, ഇനിയും വിശ്വസ്തരായി ജീവിക്കാം! മനുഷ്യജീവിതങ്ങള്‍ ഉള്ളിടങ്ങളെല്ലാം സുവിശേഷത്തിന്‍റെ വിത്തുപാകാന്‍ ഒരുക്കമുള്ള വിളനിലങ്ങളാവട്ടെ! അങ്ങനെ ആ ഹൃദയവയലുകള്‍ രക്ഷയുടെ ഫലപ്രാപ്തി അണിയാന്‍ ഇടയാവട്ടെ! മാത്രമല്ല, നമ്മുടെ ജീവിതപരിസരങ്ങളില്‍ കാണാറുള്ള കൊച്ചുഗലീലികളെ അവഗണിക്കാതെ, അവിടെല്ലാം സുവിശേഷത്തിന്‍റെ കാരുണ്യവും സ്നേഹവും പങ്കുവയ്ക്കുവാന്‍ പരിശ്രമിക്കാം!
9. പ്രാര്‍ത്ഥന
യേശുവിന്‍റെ വിശ്വസ്ത ശിഷ്യരാകുന്നതിനും, അവിടുത്തെ വിളിയോടു സസന്തോഷം പ്രതികരിക്കുവാനും, ദൈവരാജ്യത്തിന്‍റെ ശുശ്രൂഷയില്‍ സമര്‍പ്പിതരും വിശ്വസ്തരുമായി ജീവിക്കുവാനും പങ്കുകാരാകുന്നതിനുമുള്ള കൃപതരണമേയെന്ന് ഇന്നേദിവസം പ്രാര്‍ത്ഥിക്കാം!
ഗാനമാലപിച്ചത് ബിജു നാരായണനും മിന്‍മിനിയും, രചനയും സംഗീതവും ഫാദര്‍ തദേവൂസ് അരവിന്ദത്ത്.