തിരയുക

Vatican News
2019.01.03 Epifania del Signore 2019.01.03 Epifania del Signore  

സകലര്‍ക്കുമായ് ലോകത്തു തെളിഞ്ഞ ദിവ്യവെളിച്ചം!

പ്രത്യക്ഷീകരണ മഹോത്സവത്തിലെ വചനവിചിന്തനം - വിശുദ്ധ മത്തായി 2, 1-12.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പ്രത്യക്ഷീകരണമഹോത്സവം വചനചിന്തകള്‍

1. വഴികാട്ടിയായ ദിവ്യവെളിച്ചം
ഇന്ന് പ്രത്യക്ഷീകരണ മഹോത്സവം - സാധാരണമായി പൂജരാജാക്കളുടെ തിരുനാളെന്നും പറയുന്നു. കിഴക്കുനിന്നും ദീര്‍ഘയാത്രചെയ്ത് ബെതലഹേമില്‍ വന്ന് പുല്‍ക്കൂട്ടിലെ യേശുവിനെ ആരാധിച്ച മൂന്നു ജ്ഞാനികളുടെ കഥ നമ്മെ പഠിപ്പിക്കുന്നത് യേശു സകല ജനതകള്‍ക്കും വെളിച്ചമാണ്, അവിടുന്ന് വിശ്വപ്രകാശമാണ്, എന്ന സത്യമാണ്. പൂജരാജാക്കളുടെ ഭാഷ്യമായി സുവിശേഷം രേഖപ്പെടുത്തിയിരിക്കുന്നത്, “ഞങ്ങള്‍ കിഴക്ക് പ്രത്യേക നക്ഷത്രം കണ്ടിട്ട് അവിടുത്തെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്” (മത്തായി 2, 2). അവര്‍ ആ നക്ഷത്രത്തെ പിന്‍ചെന്നു. ഒരു പ്രത്യേക വാല്‍നക്ഷത്രത്തിന്‍റെ ഗതി നോക്കി നീങ്ങിയപ്പോള്‍ അവര്‍ യേശുവിനെത്തന്നെയാണ് അനുധാവനംചെയ്തത്.

2. ചുറ്റും  തിളങ്ങുന്ന പലതും
നമ്മുടെ ജീവിതങ്ങളിലും മിന്നിത്തിളങ്ങി മുന്നേവരുന്ന പല നക്ഷത്രങ്ങളുമുണ്ട്. അവയെ പിന്‍ചെന്നാണ് നാം ജീവിതയാത്ര തുടരുന്നത്. എന്നാല്‍ കരുതലുള്ളവരായിരിക്കണം. ഏതു തരത്തിലുള്ള താരങ്ങളെയാണ് നാം പിന്‍ചെല്ലുന്നത്? നൈമിഷിക സുഖങ്ങളുടെ ചെറുനക്ഷത്രങ്ങള്‍ ധാരാളമുണ്ടീ ലോകത്ത്. നാം അന്വേഷിക്കുന്ന യഥാര്‍ത്ഥ സന്തോഷം അവ നമുക്കു തരണമെന്നില്ല. എല്ലാം നമുക്കു തരുമെന്ന വ്യാജേനയാണ് താരങ്ങള്‍ വെട്ടിത്തിളങ്ങി വരുന്നത്. അവയ്ക്കൊരു വശ്യശക്തിയുണ്ട്, വശ്യഭംഗിയുണ്ട്. എന്നാല്‍ അവയുടെ നൈമിഷികമായ പ്രകാശധോരണി നമ്മുടെ കണ്ണുകളെയും മനസ്സിനെയും അന്ധമാക്കിക്കളയുന്നു. അങ്ങനെ പൊള്ളയായ മഹത്വത്തിന്‍റെ ജീവിതസ്വപ്നങ്ങളില്‍ മനുഷ്യര്‍ മങ്ങിമറയുന്നു. അവ നമ്മെ ഇരുട്ടിലാഴ്ത്തുന്നു.

പൂജരാജാക്കള്‍ നമ്മെ ക്ഷണിക്കുന്നത് സുസ്ഥിരവും സ്ഥായീഭാവമുള്ള ദിവ്യനക്ഷത്രത്തെ അനുധാവനം ചെയ്യാനാണ്. അതു ലോലവും കുലീനവും, ഒളിമങ്ങാത്തതുമാണ്. അത് ഈ ലോകത്തിന്‍റെ വെളിച്ചമല്ല. അത് സ്വര്‍ഗ്ഗത്തില്‍നിന്നു കിനിഞ്ഞിറങ്ങുന്നതും മനുഷ്യഹൃദയങ്ങളെ പ്രകാശിപ്പിക്കുന്നതുമാണ്.

3. ഉണരുക  ഉണര്‍ന്നു പ്രകാശിക്കുക!
ക്രിസ്തുമസ്സിന്‍റെ വെളിച്ചം സത്യപ്രകാശമാണ്. അത് ദൈവികമാണ്. ഇല്ല, ആ പ്രകാശം ദൈവം തന്നെയാണ്. അത് വെട്ടിത്തിളങ്ങുന്ന വെളിച്ചമല്ല, മറിച്ച് തേടുന്നവരെ പിന്‍ചെല്ലുകയും, അനുപമമായ ആനന്ദം അവര്‍ക്കു പകര്‍ന്നുനല്കുകയും ചെയ്യുന്ന ആത്മീയവും, അഭൗമവുമായ വെളിച്ചമാണത്. സകലര്‍ക്കും, സകല ജനതകള്‍ക്കുമുള്ള വെളിച്ചമാണിത്.
ആ ദിവ്യവെളിച്ചത്തെ പിന്‍ചെല്ലാന്‍ നാം ഓരോരുത്തരും ക്ഷണിക്കപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഏശയാ മൊഴിഞ്ഞ പ്രവാചകവാക്യം നമ്മോട് അരുള്‍ചെയ്യുന്നത്, “ഉണരുക, ഉണര്‍ന്നു പ്രകാശിക്കുക. എന്തെന്നാല്‍ നിങ്ങള്‍ക്കായി രക്ഷയുടെ പ്രകാശം ഉദയംചെയ്തിരിക്കുന്നു. ദൈവികമഹത്വം ലോകത്തില്‍ ഉദയംചെയ്തിരിക്കുന്നു!” (ഏശയ 60, 1). ഇന്നത്തെ ആദ്യ വായനയാണിത്. ഏശയ പ്രവചിച്ച പ്രകാശമാണ് ജരൂസലേമില്‍ ഉദയംചെയ്തത്. ഓരോ ദിനത്തിലും, ലോകത്തുള്ള മറ്റെല്ലാ വെട്ടിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍ക്കിടയിലും “ഉണര്‍ന്നു പ്രകാശിക്കുവാന്‍…” ക്രിസ്തുവിന്‍റെ വെളിച്ചം വിശുദ്ധമായ നാളില്‍ നമ്മെ എല്ലാവരെയും ക്ഷണിക്കുന്നു.

4. ഹൃദയത്തിന്‍റെ ഇരുട്ട് അകറ്റുന്ന വെളിച്ചം
ക്രിസ്തുവിന്‍റെ വെളിച്ചത്തെ അനുധാവനംചെയ്യുന്നവര്‍ക്ക്, കിഴക്കു നിന്നുമെത്തിയ ജ്ഞാനികള്‍ക്കു ലഭിച്ചതുപോലുള്ള ആനന്ദവും, ആന്തരിക വെളിച്ചവും ലഭിക്കുന്നു. “അവിടുത്തെ നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അതീവ സന്തോഷചിത്തരായി,” എന്നാണ് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത് (മത്തായി 2, 10). കാരണം എവിടെ ദൈവമുണ്ടോ, അവിടെ ആനന്ദമുണ്ട്, Where there’s God, there is joy ! ക്രിസ്തുവിനെ അഭിമുഖീകരിക്കുകയും, അനുഭവിക്കുകയും ചെയ്തിട്ടുള്ള ആര്‍ക്കും തിന്മയുടെ ഇരുളിനെ തുടച്ചുമാറ്റുന്ന ആ ദിവ്യവെളിച്ചത്തിന്‍റെ മാസ്മരികാനുഭവം ലഭ്യമാകും. അവരുടെ ജീവിതത്തിലെ ഇരുളകന്ന്, അവിടുത്തെ ദിവ്യപ്രഭയാല്‍ അവര്‍ പ്രഭാപൂര്‍ണ്ണരാകും. അതിനാല്‍ നമ്മുടെ ഹൃദയങ്ങള്‍ ആ ദൈവിക പ്രഭയ്ക്കായ് തുറന്നുകൊടുക്കാം. ജീവിതയാത്രയില്‍ ശക്തി ക്ഷയിച്ചവരും, നിരാശരായവരും, ദുഃഖിതരും പീഡിതരും, ജീവിതത്തില്‍ ഇരുട്ടു മൂടിയവരും, എല്ലാം നഷ്ടമായെന്നു തോന്നുന്നവരും – ഉണര്‍ന്ന് ആ ദിവ്യ വെളിച്ചത്തിലേയ്ക്ക് നടന്നടുക്കട്ടെ! ക്രിസ്തുവിന്‍റെ ദിവ്യവെളിച്ചത്തിന് ജീവിതത്തിന്‍റെ ഇരുട്ട് അകറ്റാന്‍ കരുത്തുണ്ട്!

5. വെളിച്ചത്തിനായുള്ള പ്രത്യാശയുടെ  യാത്ര
ക്രിസ്തുവിന്‍റെ ദിവ്യവെളിച്ചത്തെ നമുക്കെങ്ങിനെ കണ്ടെത്താം? ഇന്നത്തെ സുവിശേഷം വിവരിക്കുന്ന പൂജരാജാക്കളെ മനസ്സിലാക്കുന്നത് നല്ലതാണ്. അവര്‍ ആ ദിവ്യവെളിച്ചം കണ്ടെത്തിയവരാണ്. അവര്‍ അതിനെക്കുറിച്ച് മനസ്സിലാക്കി. പിന്നെ മടിച്ചുനിന്നില്ല, ഉടനെ ഇറങ്ങി പുറപ്പെട്ടു. അവര്‍ അനുസ്യൂതം അതിനെ പിന്‍ചെന്നു. ക്ലേശങ്ങള്‍ സഹിച്ചും വെല്ലുവിളികളെ അതിജീവിച്ചുമാണ് അവര്‍ വെളിച്ചം തേടിയത്. ഇത് നാം മാതൃകയാക്കേണ്ടതാണ്. നല്ലതും ശരിയായതും എന്തെന്ന് അറിഞ്ഞാല്‍ പിന്നെ അത് തേടി പുറപ്പെടുക. പൂജരാജാക്കളെപ്പോലെ പ്രത്യാശയുള്ളൊരു യാത്ര നന്മയുടെ വെളിച്ചം തേടി നടത്താന്‍ നമുക്കു സാധിക്കണം.

6. പ്രതിസന്ധികളെ അതിജീവിച്ചവര്‍
വഴികാട്ടിയായ നക്ഷത്രം ഇടയ്ക്ക് അപ്രത്യക്ഷമായപ്പോഴും പൂജരാജാക്കന്മാര്‍ യാത്ര തുടര്‍ന്നു. ദിവ്യവെളിച്ചത്തിനായുള്ള അവരുടെ അന്വേഷണം  നിലച്ചില്ല. അതുപോലെ യാത്രയ്ക്കിടെ ലക്ഷ്യത്തെ തളര്‍ത്തിയേക്കാവുന്ന ചെറിയ കെണികളും, പ്രതിബന്ധങ്ങളും, നാം മറികടക്കണം. നിരാശപ്പെടുത്തുകയും, തളര്‍ത്തുകയും ചെയ്യുന്ന വ്യക്തികളും ഗ്രൂപ്പകളും, പ്രത്യയശാസ്ത്രങ്ങളും, പ്രസ്ഥാനങ്ങളും നന്മയുടെ വെളിച്ചം തേടിയുള്ള നമ്മുടെ ചുവടുവയ്പ്പുകളെ മന്ദീഭവിപ്പിച്ചേക്കാം. ഇന്നത്തെ സുവിശേഷം വിവരിക്കുന്ന ജ്ഞാനികള്‍ക്കു സംഭവിച്ചതുപോലെ, നിരാശയും നിഷേധാത്മകഭാവവുമെല്ലാം വെളിച്ചത്തിലേയ്ക്കുള്ള യാത്രയെ തടസ്സപ്പെടുത്തിയേക്കാം. എന്നാല്‍ വെളിച്ചത്തെ അറിഞ്ഞവര്‍, അത് ബെതലഹേമിലാണെന്ന് മനസ്സിലാക്കിയവര്‍ വെളിച്ചത്തിലേയ്ക്കുതന്നെ മുന്നേറി. ദൈവം എവിടെയാണെന്ന് അറിഞ്ഞാല്‍ മാത്രം പോരാ,  അവിടുത്തെ നാം ഹൃദയത്തില്‍ ആവസിക്കണം. എന്നിട്ട് അവിടുത്തെ ഹൃദയത്തിലേറ്റി പൂജരാജാക്കളെപ്പോലെ  ബെതലഹേമിലേയ്ക്ക്, ക്രിസ്തുവിലേയ്ക്ക് അനുദിന ജീവിതയാത്രയില്‍ നടന്നടുക്കണം!

7. ക്രിസ്ത്വാനുകരണം ഒരു നിലയ്ക്കാത്ത യാത്ര
ഹേറോദേശ് രാജാവിന്‍റെ പിടിയില്‍ കുടുങ്ങിയ മൂന്നു ജ്ഞാനികള്‍ പിന്നെയും, അവിടെനിന്നു രക്ഷപ്പെട്ട് യേശുവിനെ തേടി മുന്നോട്ടു തന്നെ നീങ്ങി (മത്തായി 2, 11). സുദീര്‍ഘവും ദുര്‍ഘടവുമായ ജീവിത വഴികളിലൂടെ മനുഷ്യര്‍ക്ക് ക്രിസ്തുവിന്‍റെ പക്കല്‍ എത്തിച്ചേരാമെന്നാണ് പൂജരാജാക്കന്മാര്‍ നമ്മെ പഠിപ്പിക്കുന്നത്. വിദൂരസ്ഥരും, ജ്ഞാനികളും, സമ്പന്നരുമായ ആ മനുഷ്യരുടെ അനന്തത തേടിയ ദൈര്‍ഘ്യമുള്ളതും ക്ലേശപൂര്‍ണ്ണവുമായ യാത്ര അവരെ എത്തിച്ചത് ബെതലഹേമിലായിരുന്നു (മത്തായി 2, 1-12). ദിവ്യനായ ആ കുഞ്ഞു രാജാവിന്‍റെ ദര്‍ശനം അവരില്‍ അളവറ്റ ആനന്ദം ഉണര്‍ത്തി (Admirabile Signum, 9.2a).

8. വലിമ  ഇവിടെ ചെറുമയായ്
ബെതലഹേമിലെ കാലിത്തൊഴുത്തിന്‍റെ വളരെ പരിതാപകരമായ ചുറ്റുപാടുകള്‍ കണ്ടിട്ടും, തെറ്റിദ്ധരിക്കാതെയും സംശയിക്കാതെയും ഉടനെതന്നെ അവിടുത്തെ മുന്നില്‍ മുട്ടുമടക്കി ആരാധിച്ചു. അവര്‍ അവിടുത്തെ മുന്നില്‍ ശിരസ്സുനമിച്ചപ്പോള്‍ നക്ഷത്രങ്ങളുടെ ഗതിയെ നയിക്കുന്ന ദൈവത്തിന്‍റെ പരമജ്ഞാനമാണ് തങ്ങളെ നയിച്ചതെന്ന് അവര്‍ക്കു മനസ്സിലായി. ശിഷ്ടരെ ഉയര്‍ത്തിക്കൊണ്ടും ശക്തരെ അമര്‍ത്തിക്കൊണ്ടും, ചരിത്രത്തിന്‍റെ ഗതിവിഗതികളെ നയിക്കുന്നവന്‍ അവിടുന്നു തന്നെയാണെന്ന് അവര്‍ മനസ്സിലുറച്ചു. അതുകൊണ്ടാണ് അവര്‍ സ്വര്‍ണ്ണവും, കുന്തുരുക്കവും, മീറയും ഉപഹാരങ്ങളായി അവിടുത്തേയ്ക്കു സമ്മാനിച്ചത്. ഈ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ക്ക് പ്രതീകാത്മകമായ അര്‍ത്ഥങ്ങളുണ്ട് : സ്വര്‍ണ്ണം ക്രിസ്തുവിന്‍റെ രാജത്വത്തെയും, കുന്തുരുക്കം അവിടുത്തെ ദൈവികതയെയും, മീറ മരണത്തിലും സംസ്ക്കാരത്തിലും പ്രതിഫലിക്കുന്ന അവിടുത്തെ പുജ്യമായ മനുഷ്യത്വത്തെയും വെളിപ്പെടുത്തുന്നു.

9. വെളിച്ചത്തിനു സാക്ഷ്യമേകിയവര്‍ 
തിരികെ വീടുകളില്‍ എത്തിയപ്പോള്‍ രക്ഷകനായ മിശിഹായുമായുള്ള ആനന്ദകരമായ ആ കണ്ടുമുട്ടലിന്‍റെ അനുഭവങ്ങള്‍ അവര്‍ മറ്റുള്ളവരുമായി പങ്കുവച്ചു. ദേശങ്ങള്‍ക്കും ജനതകള്‍ക്കും ഇടയില്‍ വചനം വ്യാപിക്കുന്നതിന്‍റെ തുടക്കമായിരുന്നു പൂജരാജാക്കളുടെ ഉണ്ണിയേശുവുമായുള്ള കൂടിക്കാഴ്ച (AS, 9.2b) !  അവര്‍ സകലരോടും പറഞ്ഞു, ഇതാ! ദൈവജാതന്‍, ഇതാ! സ്വര്‍ഗ്ഗജീവന്‍, ഇതാ.. പിതാവിന്‍റെ ആരോമലായവന്‍...! പൂജരാജാക്കള്‍ക്കൊപ്പം നമുക്കും അവിടുത്തെ വണങ്ങാം, കുമ്പിട്ടാരാധിക്കാം! അവിടുത്തെ സ്തുതിച്ചു പ്രഘോഷിക്കാം!!

ഗാനമാലപിച്ചത്, കെ. ജി. മര്‍ക്കോസും സംഘവും...രചന ഫാദര്‍ തദേവൂസ് അരവിന്ദത്ത്, സംഗീതം വയലിന്‍ ജേക്കബ്.
 

04 January 2020, 15:30