തിരയുക

2020.01.13 Yesudas K. J. cantante leggenda 2020.01.13 Yesudas K. J. cantante leggenda 

എണ്‍പതു തികഞ്ഞ ഗന്ധര്‍വ്വനാദത്തിന്‍റെ സ്വര്‍ഗ്ഗവീചി

മലയാളത്തിന്‍റെ പ്രിയ സംഗീതാചാര്യന് ജന്മനാളില്‍ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നുകൊണ്ട്....!

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഗന്ധര്‍വ്വനാദത്തില്‍ - ഒരു ഭക്തിഗീതം

1.  ഒരു സ്നേഹസമര്‍പ്പണം
ചിറ്റൂര്‍ ഗോപി രചിച്ച് റെക്സ് ഐസക്സ് ഈണംപകര്‍ന്ന ഗാനമാണ്                   “എല്ലാം അന്യമായ് തീരുമ്പോള്‍...!” ലളിതമായ ഈ ഗാനം അനശ്വരമാകുന്നത് ഗന്ധവര്‍നാദത്തിലൂടെയാണ്. എണ്‍പതു തികഞ്ഞ ഡോ. കെ. ജെ. യേശുദാസ്               21 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫാദര്‍ തദേവൂസ് അരവിന്ദത്തിന്‍റെ പില്‍ഗ്രിംമ്സ് കമ്യൂണിക്കേഷന്‍സിനുവേണ്ടി (Pilgrims Communications) ആലപിച്ചതാണീ ഗാനം. ലളിതസുന്ദരമായ ഈ ഭക്തിഗാനത്തിന്‍റെയും അതുപോലെ ആയിരക്കണക്കിന് ഗാനങ്ങളുടെ ആലാപനത്തിലൂടെ ആത്മീയാനുഭൂതിയും, ആനന്ദവും, സാന്ത്വനവും മനുഷ്യമനസ്സുകള്‍ക്കു പകര്‍ന്നിട്ടുള്ള മലയാളത്തിന്‍റെ സംഗീതാചാര്യന് ദൈവം ആയുസ്സും ആയുരാരോഗ്യവും നല്കട്ടെയെന്ന് ജന്മനാളില്‍ പ്രാര്‍ത്ഥിക്കുന്നു!

2. ജീവിത സമര്‍പ്പണത്തിന്‍റെ തിളക്കം
കേരളത്തിലെ ഫോര്‍ട്ടുകൊച്ചിയില്‍ കാട്ടാശ്ശേരി അഗസ്റ്റിന്‍ ജോസഫിന്‍റെയും ഏലീശ്വായുടെയും മൂത്തമകനായി 1940 ജനുവരി 10-Ɔο തിയതി യേശുദാസ് ജനിച്ചു. നടനും ഭാഗവതരുമായിരുന്ന പിതാവിന്‍റെ പിന്‍തുണയോടെ ജീവിതത്തിന്‍റെ എളിയ സാഹചര്യങ്ങളില്‍നിന്നും പതറാതെ മുന്നോട്ടു ചരിച്ചതാണ് ജീവിതവിജയം. കഠിനാദ്ധ്വാനത്തിന്‍റെ വഴികളില്‍ നടത്തിയ സംഗീതസപര്യയിലൂടെ എണ്‍പതിലും ഒളിമങ്ങാത്തൊരു അതുല്യപ്രതിഭയായി യേശുദാസ് സംഗീതലോകത്തു തിളങ്ങിനില്ക്കുന്നു. ഈ സംഗീതോപാസകന്‍ ശുദ്ധസംഗീതത്തിന്‍റെയും സുഗമസംഗീതത്തിന്‍റെയും മേഖലയില്‍ ഒരുപോലെ നല്കിയിട്ടുള്ള സംഭാവനകള്‍ ഐതിഹാസികമാണ്!

3. ഗാനത്തിന്‍റെ  സവിശേഷമായ രചനയും സംഗീതവും
യേശുവിനെ രക്ഷകനും മിത്രവുമായി ചിറ്റൂര്‍ ഗോപി ഗാനത്തിന്‍റെ  പല്ലവിയില്‍ വരച്ചുകാട്ടുന്നു. കര്‍മ്മപാപങ്ങള്‍ക്ക് അടിമയായവന്‍ വീഴുമ്പോള്‍ എന്നും താങ്ങുന്ന കാരുണ്യമായും യേശുവിനെ വിശേഷിപ്പിക്കുന്നു. സുവിശേഷങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന ക്രിസ്തുവിന്‍റെ ഭൂമിയിലെ രക്ഷണീയ സാന്നിദ്ധ്യമാണ് ഗോപി വരികളില്‍ ലളിതമായി വര്‍ണ്ണിക്കുന്നത്. അനുദിനം കുരിശുചുമക്കുന്ന മനുഷ്യന്‍ ക്രിസ്തുവിന്‍റെ കൂടെ ചരിക്കുമ്പോള്‍ ജീവിതം സാഫല്യമണിയുന്നു. ദൈവത്തിന്‍റെ രക്ഷണീയമായ കാരുണ്യത്തില്‍ പ്രത്യാശയര്‍പ്പിച്ചു ജീവിക്കാനുള്ള ആഹ്വാനത്തോടെയാണ് ഗോപി ഗാനം ഉപസംഹരിക്കുന്നത്.

റെക്സ് ഐസക്സിന്‍റെ ഭക്തിസാന്ദ്രമായ സ്വരവിന്യാസം ഈ ഗാനത്തിന്‍റെ തനിമയാണ്.  ഗോപിയും റെക്സ് മാഷും തമ്മിലുള്ള സംഗീതബന്ധം ആഴമുള്ളതാണെന്ന് ഈ ഗാനം തെളിയിക്കുന്നു. ഇവര്‍ രണ്ടുപേരും കൂട്ടുചേര്‍ന്നിട്ടുള്ള നല്ല ഗാനങ്ങള്‍ ഈ ആത്മബന്ധത്തിന്‍റെ തെളിവായി ഇന്നും കേള്‍ക്കാം.

4. നന്ദിയോടെ...!
മലയാളത്തിന്‍റെ ഇഷ്ടഗായകന്‍റെ ജന്മനാളില്‍ ഈ ഗാനം സ്നേഹമുള്ള ഓര്‍മ്മയായും പ്രാര്‍ത്ഥനയായും സമര്‍പ്പിക്കുമ്പോള്‍ തദേവൂസച്ചനോട് നന്ദിപറയാതിരിക്കാനാവില്ല!  ഇതിന്‍റെ നിര്‍മ്മിതിക്കായി അദ്ദേഹം എടുത്തിട്ടുള്ള ത്യാഗമാണ് ഈ ഗാനത്തെ പുണ്യമുള്ളതാക്കുന്നതെന്നു വിശ്വസിക്കുന്നു! നന്ദി!!

5. ഗാനം : എല്ലാം അന്യമായ് തീരുമ്പോള്‍!
പല്ലവി

എല്ലാം അന്യമായ് തീരുമ്പോള്‍
നീ മാത്രമെന്‍റേതാകുന്നു
എല്ലാം വ്യര്‍ത്ഥമായ് തോന്നുമ്പോള്‍
നിന്നില്‍ ഞാന്‍ അര്‍ത്ഥം കാണുന്നു.
നീ എന്‍റെ രക്ഷകനാകുന്നു
ഞാന്‍ നിന്‍റെ മിത്രമായ് മാറുന്നു (2)

അനുപല്ലവി
യേശുവേ, ശ്രീ യേശുവേ,
നീ എന്‍റെ രക്ഷകനാകുന്നു.

ചരണം ഒന്ന്

പാപികള്‍ക്കിടയില്‍ നീചനായ് ഞാന്‍
കര്‍മ്മപാപങ്ങള്‍ക്കെന്നും അടിമയായ് ഞാന്‍ (2)
കേഴുന്നവരുടെ സ്നേഹിതന്‍ നീ (2) തേങ്ങി-
വീഴുന്ന മര്‍ത്യരെ താങ്ങുവോന്‍ നീ
നിന്‍ കഴിവാണെല്ലാം അറിയുന്നു ഞാന്‍ സര്‍വ്വം-
എന്നെ നയിക്കുന്ന നിന്‍റെ ദയ.
                                                         - യേശുവേ,        

ചരണം രണ്ട്

കാല്‍വരിയാണിന്നും എന്‍ഹൃദയം നിന്‍
ചോര കിനിഞ്ഞിടും കുന്നിന്‍ തലം
കുരിശും ചുമന്നിതാ നിന്‍റെകൂടെ
എന്‍റെ പ്രാണനും പ്രാര്‍ത്ഥിച്ചു നേടുന്നു
എന്‍റെയീ ഭാഗ്യത്തെ അറിയുന്നു ഞാന്‍ എല്ലാം
എന്നെ നയിക്കുന്ന നിന്‍റെ ദയ.
                                                        - യേശുവേ,

കുറിപ്പ് : ‘മനോരമ മ്യൂസിക്സി’ന്‍റെ “അഭയ”മെന്ന
ഗാനശേഖരത്തില്‍നിന്നം എടുത്തതാണ് ഈ ഗാനം.

 

14 January 2020, 09:00