തിരയുക

2019.06.14 Barack Obama, presidente USA dal 2009 al 2017 2019.06.14 Barack Obama, presidente USA dal 2009 al 2017 

മനുഷ്യാന്തസ്സു മാനിക്കുന്ന മതസ്വാതന്ത്ര്യം

അമേരിക്കയില്‍ ബറാക്ക് ഒബാമ 2016-ല്‍ പ്രഖ്യാപിച്ച മതസ്വാതന്ത്ര്യദിനം – ജനുവരി 16.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. മനുഷ്യാന്തസ്സു മാനിക്കുന്നതിലാണു മതസ്വാതന്ത്ര്യം
മതസ്വാതന്ത്ര്യത്തിന്‍റെ സംസ്കാരം വളര്‍ത്താന്‍ സുസ്ഥിരവും നിരന്തരവുമായ പരിശ്രമം അനിവാര്യമാണെന്ന് ദേശീയ മതസ്വാതന്ത്ര്യദിനത്തില്‍ (National Day of Religious Freedom) അമേരിക്കയിലെ കത്തോലിക്കാ മെത്രാന്മാര്‍ പ്രസ്താവിച്ചു. 2016-ല്‍ പ്രസിഡന്‍റ് ബാറക്ക് ഒബാമയാണ് അനുവര്‍ഷം ജനുവരി 16 അമേരിക്കയില്‍ “ദേശീയ മതസ്വാതന്ത്ര്യദിന”മായി പ്രഖ്യാപിച്ചത്.  മതസ്വാതന്ത്ര്യത്തിന്‍റെ സംസ്കാരം യാഥാര്‍ത്ഥ്യമാകുന്നത് മറ്റുള്ളവരുടെ അന്തസ്സ് മാനിക്കുന്നതിലാണ്. എല്ലാവര്‍ക്കും അവരവരുടേതായ സംസ്ക്കാരത്തിലും വിശ്വാസത്തിലും വളരുവാനുള്ള അവസരവും ചുറ്റുപാടുകളും നല്കുമ്പോഴാണ് മതസ്വാതന്ത്ര്യം മാനിക്കപ്പെടുന്നതെന്ന്  ദേശീയ ദിനത്തോട് അനുബന്ധിച്ച് മെത്രാന്‍ സംഘം ഇറക്കിയ പ്രസ്താവന ചൂണ്ടിക്കാട്ടി.

2. മതസ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നുകറ്റം
ദേശീയ നിയമങ്ങള്‍ വ്യക്തിഗത മതങ്ങളുടെ സ്വാതന്ത്ര്യം അനുവദിക്കുമ്പോഴാണ് ജനങ്ങള്‍ക്ക് അവരവരുടെ വിശ്വാസത്തില്‍ ജീവിക്കാന്‍ സാധിക്കുന്നതും സ്വതന്ത്രമായ സാമൂഹിക ചുറ്റുപാട് രാജ്യത്തു വളരുന്നതുമെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ മതസ്വാതന്ത്ര്യത്തിനായുള്ള കമ്മിറ്റിയുടെ പ്രസിഡന്‍റും, യങ്ടൗണിന്‍റെ മെത്രാനുമായ ബിഷപ്പ് ജോര്‍ജ്ജ് മുറെ മെത്രാന്‍ സമിതിക്കുവേണ്ടി ഇറക്കിയ പ്രസ്താവനയില്‍ വിശദീകരിച്ചു. എന്നാല്‍ മറിച്ചു സംഭവിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ദേശീയ നിയമം മതസ്വാതന്ത്ര്യം അനുവദിക്കുമ്പോഴും ജനങ്ങളുടെ സ്വതന്ത്രമായ വിശ്വാസ ജീവിതത്തിലേയ്ക്കും ന്യൂനപക്ഷമായ മതങ്ങളുടെ സ്വാതന്ത്ര്യത്തിലേയ്ക്കും ഭരണകര്‍ത്താക്കളുടെ കടന്നുകയറ്റം പൊതുവെ ഇന്ന് എവിടെയും കാണുന്നത് ഖേദകരമാണെന്ന് ബിഷപ്പ് മുറെ ചൂണ്ടിക്കാട്ടി.

3. മതസ്വാതന്ത്ര്യത്തിന്‍റെ സംസ്കാരം വളര്‍ത്താം
അതിനാല്‍ ബലപ്രയോഗമോ, ഭീതിയോ, ഭീഷണിയോ ഇല്ലാതെ സ്വതന്ത്രമായി ഓരോ സമൂഹത്തിന്‍റെയും വിശ്വാസത്തില്‍ ജീവിക്കുവാനും അത് പാലിക്കാനും സാധിക്കുന്ന സാമൂഹിക ചുറ്റുപാടുകള്‍ സൃഷ്ടിക്കുന്നതാണ് മതസ്വാതന്ത്ര്യത്തിന്‍റെ സംസ്കാരമെന്ന് പ്രസ്താവന വ്യക്തമാക്കി. മതസ്വാതന്ത്ര്യ സംസ്കാരത്തിന്‍റെ പൈതൃകത്തില്‍  ഇനിയും എല്ലാവരുടെയും നന്മയ്ക്കായി ജീവിക്കുവാന്‍ സാധിക്കുന്നൊരു സാമൂഹിക പരിസ്ഥിതിക്കായി ആശംസിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് 2020-ലെ ദേശീയ ദിനത്തില്‍ പ്രബോധിപ്പിച്ച സന്ദേശം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 January 2020, 15:46