തിരയുക

Vatican News
2019.12.28 Fuga in Egitto (leggera) 2019.12.28 Fuga in Egitto (leggera) 

തിരുക്കുടുംബത്തിന്‍റെ ലാളിത്യമാര്‍ന്ന ദൈവികത

തിരുക്കുടുംബ മഹോത്സവത്തിലെ സുവിശേഷ വിചിന്തനം. വിശുദ്ധ മത്തായിയുടെ സുവിശേഷം 2, 13-15, 19-23.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

തിരുക്കുടുംബ മഹോത്സവം വചനചിന്തകള്‍

1. പുല്‍ക്കൂട്ടിലെ വിസ്മയകരമായ അടയാളങ്ങള്‍
ക്രിസതുമസ്സ് കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ചത്തെ ആരാധനക്രമം നമ്മെ ക്ഷണിക്കുന്നത് നസ്രത്തിലെ തിരുക്കുടുംബത്തിലേയ്ക്കാണ്. ക്രിസ്തുമസിന് നാം ഒരുക്കുന്ന തിരുപ്പിറവിയുടെ എല്ലാ രംഗചിത്രീകരണങ്ങളിലും, പുല്‍ക്കൂടുകളിലും ഉണ്ണിയേശുവും അമ്മ മേരിയും യൗസേപ്പിതാവുമാണ് കേന്ദ്രസ്ഥാനം പിടിക്കുന്നത്. എക്കാലത്തും കുടുബങ്ങള്‍ക്ക് മാതൃകയും മാദ്ധ്യസ്ഥവുമാണ് തിരുക്കുടുംബം. 2019-ലെ ക്രിസ്തുമസ്സിന് ഒരുക്കമായ ആഗമനകാലത്തെ ആദ്യവാരത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രകാശിപ്പിച്ച Admirabile Signum, “വിസ്മയകരമായ അടയാളം” എന്ന പുല്‍ക്കൂടിനെ സംബന്ധിച്ച അപ്പസ്തോലിക ലിഖിതത്തില്‍, നസ്രത്തിലെ തിരുക്കുടുംബത്തെ പാപ്പാ മനോഹരമായി വരച്ചുകാട്ടുന്നുണ്ട്.

2. പുല്‍ക്കൂട്ടിലെ ലാളിത്യമാര്‍ന്ന ദൈവിക സാമീപ്യം 
ഉണ്ണിയേശുവിന്‍റെ രൂപം ക്രിസ്തുമസ് രാത്രിയില്‍ പുല്‍ക്കൂട്ടില്‍ കിടത്തുമ്പോഴാണ് തിരുപ്പിറവിയുടെ രംഗം അതിന്‍റെ പൂര്‍ണ്ണിമയില്‍ എത്തുന്നത്. നിങ്ങളും ഞാനും കൈകളില്‍ എടുക്കുവാനും ചുംബിക്കുവാനുമായി ദൈവം മനുഷ്യനായി പിറക്കുന്നു! ലോലതയും ദൗര്‍ബല്യവും പ്രത്യക്ഷമായി പ്രതിബിംബിക്കുന്ന ആ ഉണ്ണിയില്‍ നാം കാണേണ്ടത്, സകലതും സൃഷ്ടിക്കുവാനും രൂപാന്തരപ്പെടുത്തുവാനും കരുത്തുള്ളതും ഒളിഞ്ഞിരിക്കുന്നതുമായ ദൈവികതയാണ്. യേശുവില്‍ ദൈവം മനുഷ്യനായി പിറന്നുവെന്നും, അങ്ങനെ പുഞ്ചിരിച്ചുകൊണ്ടും, സകലര്‍ക്കുമായി തന്‍റെ കരങ്ങള്‍ തുറന്നു നീട്ടിപ്പിടിച്ചുകൊണ്ടുമാണ് അവിടുത്തെ സ്നേഹത്തിന്‍റെ പാരമ്യം വെളിപ്പെടുത്തിയതെന്ന് ക്രിസ്തുമസ്സും, തിരുക്കുടുംബത്തിന്‍റെ തിരുനാളും നമ്മെ പഠിപ്പിക്കുന്നു.

ഒരു കുഞ്ഞിന്‍റെ ജനനം എന്ത് അത്ഭുതവും ആഹ്ലാദവുമാണ് നമ്മില്‍ ഉണര്‍ത്തുന്നത്!? അത് നമുക്കു മുന്നില്‍ ജീവന്‍റെ മഹത്തായ നിഗൂഢത വെളിപ്പെടുത്തുന്നു. പുതുജീവന്‍റെ ആനന്ദത്തില്‍ തങ്ങളുടെ ശിശുവിനെ നോക്കുന്ന യുവദമ്പതികളുടെ കണ്ണുകള്‍ പ്രകാശമാനമാകുന്നു. അതുപോലെ ഉണ്ണിയേശുവിനെ പരിചരിച്ചപ്പോള്‍ തങ്ങളുടെ മദ്ധ്യേയുള്ള ദൈവിക സാന്നിദ്ധ്യം തിരിച്ചറിഞ്ഞ മറിയത്തിന്‍റെയും യൗസേപ്പിന്‍റെയും വികാരം ഊഹിക്കാവുന്നതാണ്.

3. ദൈവഹിതത്തിനു പൂര്‍ണ്ണമായും കീഴ്പ്പെട്ടു ജീവിച്ചവള്‍
എളിയ ചുറ്റുപാടില്‍ പുല്‍ക്കൂട്ടില്‍ പിറന്ന പുത്രനെ മേരി ധ്യാനപൂര്‍വ്വം വീക്ഷിക്കുകയും, അവിടെയെത്തുന്ന ഓരോ സന്ദര്‍ശകര്‍ക്കും യേശുവിനെ കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. നസ്രത്തിലെ യുവതിയുടെ വിമലഹൃദയത്തിന്‍റെ കവാടത്തില്‍ ദൈവം മുട്ടിയപ്പോള്‍ ചുരുളഴിഞ്ഞ ദൈവികരഹസ്യം ധ്യാനിക്കുന്ന പുണ്യപൂര്‍ണ്ണയായ അമ്മയെയാണ് നാം മറിയത്തില്‍ കാണുന്നത്. ദൈവമാതാവാകുമെന്ന് അരുള്‍ ചെയ്ത മാലാഖയുടെ സന്ദേശത്തോട് സമ്പൂര്‍ണ്ണ വിധേയത്വം പ്രകടമാക്കിയ ഒരു വിനീത ദാസി (ലൂക്കാ 1 : 38).  അതിനാല്‍ ദൈവഹിതത്തോട് എപ്രകാരം കീഴ്പ്പെട്ടു ജീവിക്കണമെന്ന് മറിയം നമ്മെ പഠിപ്പിക്കുന്നു. തന്നോടു മാത്രം മകനെ ചേര്‍ത്തണയ്ക്കുന്ന ഒരമ്മയല്ല മറിയം. മറിച്ച് അവിടുത്തെ വാക്കുകള്‍ അനുസരിക്കുവാനും, അവ ജീവിതത്തില്‍ പകര്‍ത്തുവാനുമായി എല്ലാവരെയും അവള്‍ യേശുവിന്‍റെ പക്കലേയ്ക്കു പറഞ്ഞയയ്ക്കുന്നു (യോഹ. 2:5).

4. തിരുക്കുടുംബത്തിന്‍റെ അക്ഷീണനായ കാവല്‍ക്കാരന്‍
ഉണ്ണിയേശുവിനും അമ്മയ്ക്കും സംരക്ഷകനായി അവരുടെ ചാരത്താണ് വിശുദ്ധ യൗസേപ്പിന്‍റെ സാന്നിദ്ധ്യം. കൈയ്യില്‍ വടിയും വിളക്കുമായി പുല്‍ക്കൂട്ടില്‍ നില്ക്കുന്ന യൗസേപ്പിന്‍റെ രൂപം മനം കവരുന്നതാണ്. കുടുംബത്തിന്‍റെ അക്ഷീണനായ കാവല്‍ക്കാരന്‍! ഉണ്ണിയേശുവിന് എതിരായ രാജഭീഷണിയെക്കുറിച്ച് ദൈവം താക്കീതു നല്കിയപ്പോള്‍ സകുടുംബം ഈജിപ്തിലേയ്ക്കു പലായനംചെയ്യാന്‍ ധൈര്യം കാണിച്ചവന്‍ (മത്തായി 2, 13-15)! എന്നാല്‍ അപകടം തീര്‍ന്നെന്നു മനസ്സിലാക്കിയപ്പോള്‍ അദ്ദേഹം ഉടനെ കുടുംബത്തെ നസ്രത്തിലേയ്ക്കു തിരികെക്കൊണ്ടു പോരുകയും ചെയ്തു. അങ്ങനെ യേശു “നസ്രായന്‍” എന്നു വിളിക്കപ്പെട്ടു. ബാലനും യുവാവുമായ യേശുവിന്‍റെ പ്രഥമ അദ്ധ്യാപകനായിരുന്നു യൗസേപ്പ്. നീതിമാനായ അദ്ദേഹം ദൈവഹിതത്തിന് കീഴ്വഴങ്ങിക്കൊണ്ടും അതിനൊത്തു ജീവിച്ചുകൊണ്ടും, യേശുവിനെയും വധുവായ മറിയത്തെയും ചൂഴ്ന്നുനിന്ന ദൈവികരഹസ്യങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു ജീവിക്കുകയും രക്ഷയുടെ പദ്ധതിയില്‍ തന്‍റെ പങ്ക് ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു.

5. ഈജിപ്തിലേയ്ക്കുള്ള തിരുക്കുടുംബത്തിന്‍റെ  കുടിയേറ്റം
ദൈവം നമ്മെപ്പോലൊരു സാധാരണ കുടുംബത്തില്‍ ഒരു അമ്മയുടെയും അച്ഛന്‍റെയും പരിലാളനയില്‍ മനുഷ്യരുപം എടുത്തതാണ് ലോക രക്ഷയുടെ പദ്ധതി, മനുഷ്യാവതാര രഹസ്യം. ഇന്നത്തെ സുവിശേഷഭാഗത്തു നാം ധ്യാനിക്കുന്ന നസ്രത്തിലെ കുടുംബത്തിന്‍റെ കുടിയേറ്റം രക്ഷയുടെ പദ്ധതിയുടെ ഭാഗമാണ്. പലസ്തീനയില്‍നിന്നും ഈജിപ്തിലേയ്ക്കുള്ള തിരുക്കുടുംബത്തിന്‍റെ പലായനം!

കുടിയേറ്റത്തിന്‍റെ കഥകളാണ് ഇന്ന് ധാരാളമായി മാധ്യമങ്ങളില്‍ നാം കാണുന്നതും വായിക്കുന്നതും. കുടിയേറ്റം ഇന്നിന്‍റെ പ്രതിഭാസമാണ്. പട്ടിണിയും, ദാരിദ്ര്യവും, വരള്‍ച്ചയും, യുദ്ധവും, കലാപങ്ങളും വിട്ടകന്നു സുരക്ഷയില്‍ എവിടെങ്കിലും അന്തസ്സോടെ ജീവിക്കാനുള്ള അതിയായ ആഗ്രഹത്തോടെയുള്ള കുടുംബങ്ങളുടെ പ്രയാണമാണ് കുടിയേറ്റം. അന്യനാടുകളില്‍ അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും ഒരു തൊഴില്‍ കണ്ടെത്തിയാല്‍പ്പോലും, അവര്‍ക്ക് മാന്യമായൊരു ആതിഥ്യമോ, ആദരവോടെയുള്ള സ്വീകരണമോ, അവരുടെ അദ്ധ്വാനത്തിനും സമര്‍പ്പണത്തിനുമുള്ള അംഗീകാരമോ ലഭിക്കണമെന്നില്ല, അത് കിട്ടാതെ പോകുന്നുണ്ട്. അഭയാര്‍ത്ഥികളാകാന്‍ തിരുക്കുടുംബം നിര്‍ബന്ധിതരായതാണ്. ഹേറോദേസിന്‍റെ സ്വാര്‍ത്ഥതയും അധികാര ഭ്രമത്തതയും മൂലം തിരുക്കുടുംബം ജീവരക്ഷാര്‍ത്ഥം പലായനം ചെയ്തതാണ്. അതുപോലെ പരിത്യക്തതയുടെയും ചൂഷണത്തിന്‍റെയും ഇരകളാണ് പലപ്പോഴും അധികവും അഭയാര്‍ത്ഥികളും, കുടിയേറ്റക്കാരും. അവര്‍ മനുഷ്യക്കടത്തിനും അടിമപ്പണികള്‍ക്കും കീഴ്പ്പെടേണ്ടി വരുന്നുണ്ട്. അവര്‍ വളരെ നീചവും തരംതാണതുമായ ജോലികള്‍ ചെയ്യേണ്ടിവരുന്നുണ്ട്, അങ്ങനെയുള്ള ചുറ്റുപാടുകളില്‍ ജീവിക്കേണ്ടി വരുന്നുണ്ട്.

6. കുടുംബങ്ങളിലെ നിഗൂഢമായ പരിത്യക്തത
എന്തിന് നമ്മുടെ കുടുംബങ്ങളില്‍ ഗുപ്തവും നിഗൂഢവുമായ ജീവിതം നയിക്കേണ്ടിവരുന്നവരുണ്ട്. സമൂഹത്താലും കുടുംബങ്ങളാലും പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന എത്രയോ പ്രായമായവര്‍, കാരണവന്മാര്‍! ജീവിത സായാഹ്നത്തില്‍ എത്തി, രോഗവും വാര്‍ദ്ധക്യവും അനുഭവിക്കുന്നവരെ ഭാരമായും, അധികപ്പറ്റായും, അവരുടെ സാന്നിദ്ധ്യം അവഗണിക്കുന്ന മക്കളും കുടുംബങ്ങളും ധാരാളമുണ്ടിന്ന്. ഇത് കുടുംബങ്ങളിലെ നിഗൂഢമായ ഒറ്റപ്പെടലിന്‍റെയും, പാര്‍ശ്വവത്ക്കരണത്തിന്‍റെയും നിഷിദ്ധമായ തടങ്കലും പരിത്യക്താവസ്ഥയുമാണ്. കുടുബങ്ങളില്‍ കുട്ടികളെയും പ്രായമായവരെയും എപ്രകാരം നാം മാനിക്കുന്നു എന്നതിനെ ആധാരമാക്കിയാണ് കുടുംബത്തിന്‍റെ അവസ്ഥ നാം വിലയിരുത്തേണ്ടത്. യേശു, ദൈവമായിരുന്നിട്ടും ഒരു കുടുംബത്തിലെ അംഗമായി ജീവിക്കുകയും, ജീവിതത്തിന്‍റെ ഒറ്റപ്പെടലും, പരിത്യക്തതയും, ഏകാന്തതയും അനുഭവിക്കുകയും ചെയ്തത്, ദൈവത്തിന്‍റെ സ്നേഹമുള്ള സാമീപ്യത്തില്‍നിന്നും മനുഷ്യര്‍ പുറംതള്ളപ്പെടാതിരിക്കാന്‍ വേണ്ടിത്തന്നെയാണ്.

7. മനുഷ്യ യാതനകള്‍ക്കിടയിലെ ദൈവിക സാമീപ്യം
ഹേറോദേശിന്‍റെ ഭീഷണിയില്‍നിന്നും ഈജിപ്തിലേയ്ക്കുള്ള പലായനം വെളിപ്പെടുത്തുന്നത് മനുഷ്യജീവിതത്തിന്‍റെ ഭീതിദമായ ചുറ്റുപാടുകളില്‍ - എവിടെല്ലാം മനുഷ്യന്‍ യാതനകളും ക്ലേശങ്ങളും അനുഭവിക്കുന്നുണ്ടോ, അവിടെല്ലാം ദൈവം സന്നിഹിതനാണെന്ന് ഓര്‍പ്പിക്കുവാനും ഉറപ്പുതരുവാനുമാണ്. അതുപോലെ ബന്ധനത്തിന്‍റെയും തിന്മയുടെയും ചുറ്റുപാടുകളില്‍നിന്നും സ്വാതന്ത്ര്യം സ്വപ്നം കാണുന്ന കുടുംബങ്ങളുടെ ചാരത്ത് എത്തിപ്പെടുവാനും, കൂടെയായിരിക്കുവാനും ആഗ്രഹിക്കുന്ന മനുഷ്യരുടെ ചാരത്ത് ദൈവമുണ്ടെന്ന് ഉറപ്പുതരുന്നതാണ് നസ്രത്തിലെ തിരുക്കുടുംബം. കുടുംബത്തിന്‍റെയും അതിലെ ഓരോരുത്തരുടെയും അന്തസ്സ് മാനിക്കുന്നതിനും കാത്തുപാലിക്കുന്നതിനുമുള്ള പ്രചോദനവും മാതൃകയുമാണ് തിരുക്കുടുംബത്തിന്‍റെ പലായനവും തിരിച്ചുവരവും, നാമിന്ന് അനുസ്മരിക്കുന്ന തിരുക്കുടുംബമഹോത്സവവും!

8. കുടുംബത്തിനു ഭൂഷണമായ പുണ്യങ്ങള്‍
നസ്രത്തില്‍ യേശുവിന്‍റെ കുടുംബം ജീവിച്ച ലാളിത്യത്തിന്‍റെയും വിനയത്തിന്‍റെയും ശൈലിയിലേയ്ക്ക് നമ്മെ ക്ഷണിക്കുകയാണ് തിരുക്കുടുംബത്തിന്‍റെ തിരുനാള്‍. പ്രാര്‍ത്ഥനയുടെയും, സ്നേഹത്തിന്‍റെയും, കൂട്ടായ്മയുടെയും, അനുരഞ്ജനത്തിന്‍റെയും, അനുസരണത്തിന്‍റെയും, അദ്ധ്വാനത്തിന്‍റെയും മാതൃകയാണ് നസ്രത്തിലെ കുടുംബം. അവിടെ പരസ്പര സഹായത്തിന്‍റെയും, അന്വോന്യം ക്ഷമിക്കുന്നതിന്‍റെയും അനുഭവങ്ങളുണ്ട്. തമ്മില്‍ തമ്മില്‍ അഭിവാദ്യംചെയ്യുകയും, നന്ദിപറയുകയും, തെറ്റുപറ്റുമ്പോള്‍ ക്ഷമയാചിക്കുകയും, തെറ്റിപ്പോയി ക്ഷമിക്കണമെന്ന് ഏറ്റുപറയുകയും ചെയ്യുന്ന കുടുംബങ്ങളും സ്ഥാപനങ്ങളും സമൂഹങ്ങളുമേ വളരുകയും വിജയിക്കുകയും നിലനില്ക്കുകയും ചെയ്യുകയുള്ളൂവെന്ന് തിരുക്കുടുംബം പഠിപ്പിക്കുന്നു. അങ്ങനെയുള്ള കുടുംബങ്ങളിലും ജീവിതചുറ്റുപാടുകളിലും സന്തോഷവും ഐശ്വര്യവുമുണ്ടാകും സമൃദ്ധിയുണ്ടാകും, സമാധാനമുണ്ടാകും.

9. തിരുക്കുടുംബത്തിന്‍റെ മാതൃകയും
അനുഗ്രഹപ്രാര്‍ത്ഥനയും

നന്മയും സ്നേഹവും സത്യവും നീതിയുമുള്ള വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കുമാണ് സമൂഹത്തില്‍ നിലനില്പുള്ളത്. തട്ടിപ്പും വെട്ടിപ്പും, ചതിയും കളവും, വക്രതയും ‘തരികിട’പരിപാടികളുമായി കുറച്ചുനാള്‍ ആര്‍ക്കും കഴിഞ്ഞുകൂടാം. അവ ശാശ്വതമല്ല. അങ്ങനെയുള്ള വ്യക്തികള്‍ക്കോ കുടുംബങ്ങള്‍ക്കോ സമൂഹങ്ങള്‍ക്കോ നിലനില്പില്ലെന്ന് തിരുക്കുംടുംബം ഓര്‍പ്പിക്കുന്നു. തങ്ങളുടെ എളിയ ജീവിതത്തിലും കുടുംബത്തിലും ലോക രക്ഷകനായ ക്രിസ്തുവിന് ഇടമൊരുക്കിയ മേരിയും യൗസേപ്പും നന്മയുടെ ജീവിതത്തിനും ജീവിതസമര്‍പ്പണത്തിനും നിങ്ങള്‍ക്കും എനിക്കും പ്രചോദനമാവട്ടെ!

ഞങ്ങളുടെ കുടുംബങ്ങളെ പ്രകാശിപ്പിക്കണമേ, പ്രോജ്ജ്വലിപ്പിക്കണമേയെന്ന് യേശുവിന്‍റെ അമ്മയും ദൈവമാതാവുമായ കന്യകാനാഥയോടും തിരുക്കുടുംബ പാലകനായ വിശുദ്ധ യൗസേപ്പിതാവിനോടും ഇന്നേ ദിവസം പ്രാര്‍ത്ഥിക്കാം! സ്നേഹത്തിലും സമാധാനത്തിലും ജീവിക്കാന്‍ എല്ലാകുടുംബങ്ങളെയും സഹായിക്കണമേ, തിരുക്കുടുംബമേ!

ഗാനം ആലപിച്ചത്, കെ. എസ്. ചിത്രയാണ്. രചന ജെസ്സി ജോസ്, സംഗീതം ചെല്ലപ്പന്‍ മനക്കില്‍.
 

28 December 2019, 14:22