തിരയുക

Vatican News
Taj and bank of river yamuna at sunrise Taj and bank of river yamuna at sunrise 

മതങ്ങള്‍ കോര്‍ത്തിണക്കേണ്ട സ്നേഹമാണ് ഈശ്വരന്‍!

സങ്കീര്‍ത്തനം 66, കൃതജ്ഞതാഗീതത്തിന്‍റെ പഠനം അഞ്ചാമത്തെയും അവസാനത്തെയും ഭാഗം - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍

66-‍Ɔο സങ്കീര്‍ത്തനം - അവസാനഭാഗം

1. പൊതുവായ ഒരവലോകനം
സങ്കീര്‍ത്തനം 66-ന്‍റെ പൊതുവായ അവലോകനത്തിലേയ്ക്ക് നാം കടക്കുകയാണിന്ന്. ഒരു  കൃതഞ്ജതാഗീതത്തിന്‍റെ പൊതുവായ അവലോകനത്തില്‍ അനുദിന ജീവിതവുമായി അതിനെ ബന്ധപ്പെടുത്തുവാന്‍ ശ്രമിക്കാം. കാരണം മനുഷ്യജീവിതത്തില്‍ സ്വാഭാവികമായും നന്ദിയുടെ വികാരം അനുദിന ജീവിതചെയ്തികളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. തീര്‍ച്ചയായും നന്ദിയുടെ വികാരം മാത്രമല്ല, മനുഷ്യന്‍റെ ഏതു വികാരവും ജീവിതസാഹചര്യങ്ങളും സംഭവങ്ങളും ചുറ്റുപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ജീവിതത്തില്‍ ചെറിയ പ്രയാസങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍വ്വം നന്മയായി നല്കുന്ന ദൈവത്തെ നാം മറന്നുകളയുന്നു. ദൈവത്തോടു നാം നന്ദിയില്ലാതെ പെരുമാറുന്നു. അതിനാല്‍ തീര്‍ച്ചയായും അനുദിന ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ട് നന്ദിയുടെ വികാരത്തിന്‍റേതായ ഒരു അവലോകനം സങ്കീര്‍ത്തനം 66 പഠനത്തിന്‍റെ അവസാനഭാഗത്ത് പ്രസക്തമാകുമെന്നു കരുതുന്നു.

Musical version of Ps. 66. Verses 1-3.
ഭൂവാസികളേ, ആനന്ദിപ്പിന്‍
സന്തോഷിച്ചാര്‍ത്തിടുവിന്‍ നിങ്ങള്‍
സന്തോഷിച്ചാര്‍ത്തിടുവിന്‍.
ഭൂവാസികള്‍ മുഴുവന്‍ അവിടുത്തെ ആരാധിക്കുന്നൂ
അവര്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു
അങ്ങയുടെ നാമത്തിനവര്‍ സ്തോത്രമാലപിക്കുന്നു
ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ നിങ്ങള്‍വന്നു കാണുവിന്‍.

2. മനുഷ്യസൃഷ്ടിയായ പ്രതിസന്ധികള്‍
ഇന്നത്തെ സാമൂഹിക ചുറ്റുപാടുകള്‍ മറ്റേതു കാലഘട്ടത്തെക്കാളും പ്രതിസന്ധികളുടേതാണെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ഏതു മേഖലയിലാണ് പ്രയാസങ്ങളും പ്രശ്നങ്ങളും ഇല്ലാത്തത്. പാരിസ്ഥിതികമായ കെടുതികള്‍, സാമൂഹികമായ സംഘര്‍ഷങ്ങള്‍, യുദ്ധവും കലാപങ്ങളും എന്തെല്ലാം പ്രതിസന്ധികളാണ് നമുക്കു ചുറ്റും അനുദിനം ഉയരുന്നതും ജീവിതക്ലേശങ്ങള്‍ സൃഷ്ടിക്കുന്നതും. ഒരു മൂന്നാം ലോകമഹായുദ്ധം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇന്ന് അരങ്ങേറുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയത് പാപ്പാ ഫ്രാന്‍സിസാണ്. ഒരു കൊടുങ്കാറ്റിന്‍റെയോ സുനാമിയുടെയോ കെടുതി നാം അനുഭവിക്കുമ്പോള്‍ അതില്‍ ശാരീരികവും ഭൗതികവുമായ പ്രയാസങ്ങള്‍ മാത്രമല്ല, ദൈവശാസ്ത്രപരമായ ചിന്തയുടെയും ധ്യാനത്തിന്‍റെയും തലങ്ങളില്‍ മാനസികവും വൈകാരികവുമായ പ്രശ്നങ്ങള്‍ മനുഷ്യര്‍ അനുഭവിക്കുമെന്നതില്‍ സംശയമില്ല. അതിനാല്‍ ചുറ്റുപാടുകള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ അതു നമ്മുടെ മനസ്സിനെയും ആത്മീയതയെയും രൂപപ്പെടുത്തുന്നുണ്ടെന്നും മനസ്സിലാക്കേണ്ടതാണ്. ഭൂമികുലുക്കത്തിന്‍റെയും സുനാമിയുടെയും കെടുതികള്‍ നിരന്തരമായി അനുഭവിക്കുന്ന ജപ്പാന്‍പോലുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ ദുഃഖത്തിന്‍റെയും, ത്യാഗത്തിന്‍റെയും, മാനസിക വ്യഥകളുടെയും കാരുണ്യത്തിന്‍റെയും വികാരങ്ങളും ആന്തരിക അവസ്ഥയും നമുക്ക് ഊഹിക്കാവുന്നതാണ്.

3. തിന്മ കാരണമാക്കാത്ത ദൈവിക സര്‍വ്വനന്മ
സങ്കീര്‍ത്തനം 66 നന്ദിയുടെ വികാരത്തോടെയുള്ള ഒരു സ്തുതിപ്പാണെന്നു നമുക്കറിയാം. നാം നന്ദിപറഞ്ഞുകൊണ്ടു ദൈവത്തെ സ്തുതിക്കുകയാണ്. എന്നാല്‍ ഒരു കെടുതിയുണ്ടാകുമ്പോഴോ? അത് ദൈവത്തിലുള്ള മനുഷ്യന്‍റെ ആശ്രിതത്വമാണ് പ്രകടമാക്കുന്നത്. മനുഷ്യന്‍ ദൈവിത്തില്‍ ആശ്രിതനാണ്, ദൈവത്തില്‍ ശരണപ്പെടുന്നവനാണ് എന്നുള്ള വികാരമാണ് അത് ഉണര്‍ത്തുന്നത്. വന്‍കെടുതികള്‍ക്കു മുന്നില്‍ മനുഷ്യന്‍ അവന്‍റെ നിസ്സഹായതയെ ഏറ്റുപറയേണ്ടി വരികയാണ്. കെടുതികള്‍ക്കു മുന്നില്‍ അജ്ഞാതനും അദൃശ്യനുമായ ദൈവത്തെ നാം അനുസ്മരിക്കുകയും, അവിടുത്തെ മുന്നില്‍ നമ്രശിരസ്ക്കരായി നില്ക്കേണ്ടി വരികയും ചെയ്യുന്നു. ദൈവം കാരുണ്യവാനാണ്. അവിടുന്നു സര്‍വ്വനന്മയാണ്. അവിടുന്ന് ഒന്നും നമുക്കു തിന്മയായി സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നില്ല.

4. എല്ലാമതങ്ങളെയും ഉള്‍ക്കൊള്ളുന്ന സ്നേഹം
കണ്ടില്ലേ, എല്ലാ മതങ്ങളും സമാധാനത്തില്‍ കഴിഞ്ഞിരുന്ന മതേതര രാഷ്ട്രമായ ഇന്ത്യയില്‍ സംഭവിക്കുന്നത്!  മതേതരത്വം മാനിക്കേണ്ട രാഷ്ട്രത്തലവന്‍തന്നെ മുന്‍കൈയ്യെടുത്ത്  മുസ്ലിം സഹോദരങ്ങളെ ഒഴിച്ചുനിര്‍ത്തുന്ന ഒരു ഭാരതനിര്‍മ്മിതിക്കായി പരിശ്രമിച്ചതാണ് ഇപ്പോള്‍ കൊല്ലും കൊലയിലും എത്തിനില്ക്കുന്നത്. ഈശ്വരന്‍ ഹിന്ദുവോ, മുസ്ലീമോ, ക്രിസ്ത്യാനിയോ അല്ല. എല്ലാ മതങ്ങളും കോര്‍ത്തിണക്കീടുന്ന സ്നേഹമാണ് ഈശ്വരന്‍!  സമാധാനപരമായി ജീവിക്കേണ്ട പൊതുഭവനമായ ഭൂമിയില്‍ ചെറുതും വലുതുമായ തിന്മകള്‍ വരുത്തിവയ്ക്കുന്നത് മനുഷ്യര്‍തന്നെയാണ്. ദൈവത്തിന്‍റെ അപരിമേയമായ വിജ്ഞാനത്തിലും സര്‍വ്വാധീശത്വത്തിലുമാണ് മനുഷ്യന്‍ ആശ്രയിച്ചു ജീവിക്കേണ്ടത്. നാം പഠനവിഷയമാക്കിയിരിക്കുന്ന സങ്കീര്‍ത്തനം 66-ന്‍റെ 17-Ɔമത്തെ പദം പറയുന്നത് ശ്രദ്ധിക്കാം. സങ്കീര്‍ത്തകന്‍ ദൈവത്തോടു കരഞ്ഞ് അപേക്ഷിക്കുകയാണ്. ഗായകന്‍റെ വാക്കുകളില്‍ നൈരാശ്യവും അടിയന്തിരമായ ആവശ്യകതയുമുണ്ട്.

Recitation :
17 ഞാന്‍ അവിടുത്തോട് ഉച്ചത്തില്‍ വിളിച്ചപേക്ഷിച്ചു
എന്‍റെ നാവുകൊണ്ടു ഞാന്‍ അവിടുത്തെ പാടിപ്പുകഴ്ത്തും
ദൈവമേ, അങ്ങയെ ഞാന്‍ പാടിപ്പുകഴ്ത്തും.

Musical Version : Psalm 66 verses 4-5.
ദൈവഭക്തരേ, നിങ്ങള്‍ വന്നു കാണുവിന്‍
കര്‍ത്താവെനിക്കു ചെയ്തുതന്ന നന്മകള്‍ ദര്‍ശിക്കുവിന്‍
അവിടുത്തെ കാരുണ്യത്തിനു ഞാന്‍ നന്ദിയര്‍പ്പിക്കുന്നു
ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ നിങ്ങള്‍ വന്നു കാണുവിന്‍.
- ഭൂവാസികളേ...

5. കൃപാവരത്തിന്‍റെ സ്രോതസ്സ്
മനുഷ്യര്‍ ദൈവത്തില്‍ അര്‍പ്പിക്കേണ്ട വിശ്വാസത്തെയും പ്രത്യാശയെയും കുറിച്ചു ഹെബ്രായര്‍ക്കെഴുതിയ ലേഖനം അനുസ്മരിപ്പിക്കുന്നുണ്ട് (ഹെബ്രായര്‍ 4, 14-16).
“സ്വര്‍ഗ്ഗത്തിലേയ്ക്കു കടന്നുപോയ ശ്രേഷ്ഠനായ ഒരു പ്രധാന പുരോഹിതന്‍, ദൈവപുത്രനായ ക്രിസ്തു നമുക്കുള്ളതുകൊണ്ട്, വിശ്വാസത്തെ നമുക്കു മുറുകെപ്പിടിക്കാം. നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കുവാന്‍ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവിടുന്നു. അതിനാല്‍ വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്‍റെ സിംഹാസനത്തെ സമീപിക്കാം.” ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരെ അവിടുന്നു കൈവെടിയുന്നില്ല. സങ്കീര്‍ത്തകന്‍ കരഞ്ഞപ്പോള്‍ ആ നിലവിളി അവിടുന്നു ശ്രവിച്ചു. ദൈവം മനുഷ്യനോടു കരുണ കാണിച്ചു.

Recitation : Ps 66, 19.
19 എന്നാല്‍, ദൈവം കേട്ടിരിക്കുന്നു,
എന്‍റെ പ്രാര്‍ത്ഥനയുടെ സ്വരം അവിടുന്ന് ശ്രവിച്ചിരിക്കുന്നു.

6. പ്രതിസന്ധികളില്‍ ദൈവത്തിലേയ്ക്കു തിരിയാം!
മേല്പറഞ്ഞ രണ്ടു പദങ്ങളും നമ്മെ പഠിപ്പിക്കുന്നത് പ്രതിസന്ധികളില്‍ നാം ദൈവത്തില്‍ ആശ്രയിക്കണമെന്നും, അവിടുത്തെ കൃപയ്ക്കും കാരണ്യത്തിനുമായി തനിച്ചും, മറ്റു ജനങ്ങളോടു ചേര്‍ന്നും പ്രാര്‍ത്ഥിക്കണമെന്നുമാണ്. സാഹചര്യങ്ങള്‍ വ്യത്യസ്തങ്ങളും വിവിധങ്ങളുമായിരിക്കാം. ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുന്നവനും, അവിടുത്തോടു നന്ദിയുള്ളവനായി ജീവിതം സമര്‍പ്പിക്കുന്നവനും വിജയിക്കുമെന്നാണ് ഗീതം നമുക്ക് ഉറപ്പുതരുന്നത്. വ്യക്തിഗതമായി അനുഭവിക്കുന്ന പീഡനങ്ങളായിരിക്കാം. അല്ലെങ്കില്‍
ചിലപ്പോള്‍ ജീവന്‍റെ നഷ്ടമായിരിക്കാം;   ഉറ്റവരുടെയും, ഉടയവരുടെയും മരണമായിരിക്കാം. അല്ലെങ്കില്‍ ഉപജീവനത്തിനുള്ള സാദ്ധ്യതകള്‍ നഷ്ടമായ നിരാശയുടെയും വേദനയുടെയും ചുറ്റുപാടുകളായിരിക്കാം.

7. ദൈവത്തിന്‍റെ കരുണയില്‍ അഭയംതേടാം!
ജീവിതത്തില്‍ വഴി നഷ്ടമായവര്‍ക്ക്... ഇനി എന്ത്, എങ്ങോട്ട് എന്നുള്ള വിഷമസന്ധിയായിരിക്കാം. ചിലര്‍ ജീവിത പരിസരങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളെയും വിഷമസന്ധികളെയും അംഗീകരിക്കാനാവാതെ എന്തുചെയ്യണമെന്ന നിസംഗതയിലും നിരാശയിലുമായിരിക്കാം. അല്ലെങ്കില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്ക്കുന്നവരുമായിരിക്കാം!  നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാനും, വീണ്ടും സമ്പാദിക്കുവാനും, നേടിയെടുക്കുവാനും ക്ലേശിക്കുന്നവരുടെ മാനസിക വ്യഥ ഏറെ വലുതാണെന്നു മനസ്സിലാക്കേണ്ടതാണ്. മറ്റൊരു സാഹചര്യം വേദനയില്‍ സമാശ്വാസത്തിനു പകരം പിന്നെയും വേദനയും ക്ലേശങ്ങളും അടിച്ചേല്‍ല്പിക്കുന്നവരുണ്ട്. കത്തുന്ന തീയില്‍ എണ്ണപകരുന്നവരാണ് അക്കൂട്ടര്‍, സാധാരണ നാം പറയാറുണ്ട്,! ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സങ്കീര്‍ത്തനം 66 നമ്മെ പഠിപ്പിക്കുന്നത് ദൈവത്തിന്‍റെ കരുണയില്‍ അഭയം തേടുവാനും, അവിടുത്തെ സ്തുതിച്ചു, നന്ദിയോടെ ജീവിക്കുവാനുമാണ്. അങ്ങനെ വീണ്ടും അവിടുന്നില്‍ ശരണപ്പെട്ടു മുന്നോട്ടു ചരിക്കുവാനുമാണ്.

Musical Version : Psalm 66 verses 3-4.
ഭൂവാസികള്‍ മുഴുവന്‍ അവിടുത്തെ ആരാധിക്കുന്നു
അവര്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു
അങ്ങയുടെ നാമത്തിനവര്‍ സ്തോത്രമാലപിക്കുന്നു
ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ നിങ്ങള്‍വന്നു കാണുവിന്‍.
- ഭൂവാസികളേ...

8. സീമാതീതമായ ദൈവിക കാരുണ്യം
വിശുദ്ധ യാക്കോശ്ലീഹായുടെ ലേഖനം ദൈവത്തിന്‍റെ അചഞ്ചലമായ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സ്വഭാവം വിവരിക്കുന്നത് നമുക്ക് ശ്രദ്ധിക്കാം. കാരണം എന്നും സ്നേഹത്തിന്‍റെ പൂര്‍ണ്ണിമയായവന്‍ കെടുതികളില്‍ നമ്മെ എങ്ങനെ കൈവെടിഞ്ഞെന്നു പറയാനാകും. അവിടുന്നില്‍നിന്നും നിര്‍ഗ്ഗളിക്കുന്നത് നന്മ മാത്രമാണ്! അവിടുന്നു നമ്മുടെ ക്ലേശങ്ങളിലും പ്രയാസങ്ങളിലും കാരുണ്യവാനും സ്നേഹസമ്പന്നനുമാണ്! ഗ്ലീഹാ ചോദിക്കുന്നു :
“ഉത്തമവും പൂര്‍ണ്ണവുമായ എല്ലാദാനങ്ങളും ഉന്നതത്തില്‍നിന്ന്, മാറ്റമോ മാറ്റത്തിന്‍റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവില്‍നിന്നും വരുന്നു.” എന്ന് യാക്കോശ്ലീഹ ഏറ്റുപറയുന്നു.
- യാക്കോബ് 1, 17. മനുഷ്യരായ നാം ചഞ്ചല മാനസരായിരിക്കാമെങ്കിലും, ദൈവം അചഞ്ചലനാണ്. സ്രഷ്ടാവായ അവിടുന്നു സൃഷ്ടികളായ നമ്മോടുള്ള സ്നേഹത്തില്‍ ചഞ്ചലപ്പെടുന്നില്ല. അവിടുത്തെ സ്നേഹം ആടിയുലയുന്നതല്ല. അവിടുത്തെ സ്നേഹം ശാശ്വതമാണ്, അവിടുത്തെ കാരുണ്യം സീമാതീതമാണ്. നാം വിവിധ ഭാഗങ്ങളായി പഠിച്ച സങ്കീര്‍ത്തന പദങ്ങള്‍ അവസാനമായി ശ്രവിച്ചുകൊണ്ട് ഈ കൃതഞ്ജതാ ഗീതത്തിന്‍റെ പഠനം ഉപസംഹരിക്കാം.

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും. ആലാപനം മരിയ ഡാവിനയും സംഘവും

Musical Version : Psalm 66 verses 4-5.
2 ദൈവഭക്തരേ, നിങ്ങള്‍ വന്നു കാണുവിന്‍
കര്‍ത്താവെനിക്കു ചെയ്തുതന്ന നന്മകള്‍ ദര്‍ശിക്കുവിന്‍
അവിടുത്തെ കാരുണ്യത്തിനു ഞാന്‍ നന്ദിയര്‍പ്പിക്കുന്നൂ
ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ നിങ്ങള്‍
വന്നു കാണുവിന്‍.
- ഭൂവാസികളേ, ആനന്ദിപ്പിന്‍.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണിത്. ഒരുക്കിയത് ഫാദര്‍ വില്യം നെല്ലിക്കല്‍.

അടുത്ത ആഴ്ചയില്‍ സങ്കീര്‍ത്തനം 15-ന്‍റെ പഠനം ആരംഭിക്കും.
 

17 December 2019, 17:48