തിരയുക

Vatican News
CALIFORNIA-after the wild fire in Santa Barabara CALIFORNIA-after the wild fire in Santa Barabara 

ദൈവിക നന്മകള്‍ക്ക് നന്ദിയുള്ളവരായി ജീവിക്കാം!

സങ്കീര്‍ത്തനം 66, കൃതജ്ഞതാഗീതത്തിന്‍റെ പഠനം അഞ്ചാം ഭാഗം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

66-‍Ɔο സങ്കീര്‍ത്തനം ഭാഗം 5 - ശബ്ദരേഖ

1. ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍
കാണുന്നവരാകാം!

സങ്കീര്‍ത്തനം 66-ന്‍റെ 1-മുതല്‍ 12-വരെയുള്ള വരികളുടെ ആത്മീയ വിചിന്തനം നാം ശ്രവിച്ചതാണ്. ഇനി 13-മുതല്‍ 20-വരെയുള്ള വരികള്‍ നമുക്കു ശ്രവിക്കാം. നൂറ്റാണ്ടുകള്‍ക്കു മുന്‍പു രചിക്കപ്പെട്ട ഈ സങ്കീര്‍ത്തനത്തില്‍ ദൈവശാസ്ത്രപരമായ ചിന്തകളുടെ സമ്പന്നതയാണ് ഈ അവസാനഭാഗത്ത് നാം കാണുന്നത്. ഇത് വിശദീകരിക്കാന്‍ തന്നെയാണ് നാം കഴിഞ്ഞ പ്രക്ഷേപണത്തില്‍ ഹെബ്രായ ഭാഷയില്‍ മൂലരചനയില്‍ ഉപയോഗിച്ചിരിക്കുന്ന യേഷാ, യേഷ്വാ ( yesha, yeshwa) രണ്ടു വാക്കുകള്‍ നാം കഴിഞ്ഞ പ്രക്ഷേപണത്തില്‍ വിശദീകരിച്ചത്. മനുഷ്യചരിത്രത്തില്‍ ദൈവത്തിന്‍റെ ഇടപെടലുകള്‍ അനുസ്മരിപ്പിക്കുന്ന വാക്കുകളാണിവ. യേഷാ എന്നത് ദൈവത്തിന്‍റെ രക്ഷണീയ പദ്ധതി സൂചിപ്പിക്കുന്ന ഒരു പുല്ലിംഗപദമാണ്. തന്‍റെ ജനത്തെ മോചിക്കാന്‍ ദൈവം ചെയ്ത അത്ഭുതാവഹമായ നന്മകള്‍ സങ്കീര്‍ത്തകന്‍ അനുസ്മരിക്കുന്നതാണ് ഈ രക്ഷണീയ കര്‍മ്മം. ഉദാഹരണത്തിന് സങ്കീര്‍ത്തനം 66-ന്‍റെ 12-Ɔമത്ത പദം നമുക്ക് പരിശോധിക്കാം.

2. എന്നും നമ്മെ നയിക്കുന്നവന്‍
Recitation of verse 12 of Ps. 66
12 ശത്രുക്കള്‍ ഞങ്ങളെ വെട്ടിമെതിക്കാന്‍ അങ്ങ് ഇടയാക്കി
ഞങ്ങള്‍ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു
എങ്കിലും അങ്ങു ഞങ്ങളെ വിശാല ഭൂമിയില്‍ കൊണ്ടുവന്നു.
ദൈവം പ്രതിസന്ധികളിലൂടെ നയിച്ച് തന്‍റെ ജനത്തെ സുരക്ഷയില്‍ എത്തിക്കുന്നു. രക്ഷയുടെ നന്മകള്‍ക്കാണ് സങ്കീര്‍ത്തകന്‍ ദൈവത്തിന് നന്ദിയര്‍പ്പിക്കുന്നതും, ദൈവത്തെ സ്തുതിക്കുന്നതും! ഈജിപ്തിലെ അടിമത്വത്തില്‍നിന്നും മോചിപ്പിച്ച ദൈവത്തെ ധിക്കരിച്ച് ജനം പെരുമാറിയപ്പോള്‍ അവിടുന്നു അവരെ ശത്രുകരങ്ങളില്‍ എല്പിച്ചുകൊടുത്തു. അവര്‍ തീയിലും വെള്ളത്തിലുംകൂടി കടക്കേണ്ടി വന്നു. ദൈവം അവരെ പിന്നെയും നയിച്ചു. വാഗ്ദത്ത ഭൂമിയില്‍, വിശാലമായ ഭൂമിയില്‍ ദൈവം അവരെ കൊണ്ടാക്കി. അത് സമൃദ്ധിയുടെ നാടായിരുന്നു. തേനും പാലും ഒഴുകുന്ന നാട്! നാം പുറപ്പാടു ഗ്രന്ഥത്തിലും നിയമാവര്‍ത്തന പുസ്തകത്തിലും അതിനെക്കുറിച്ച് വിശദമായി വായിക്കുന്നു.

Musical version of Ps. 66. Verses 1-3.
ഭൂവാസികളേ, ആനന്ദിപ്പിന്‍
സന്തോഷിച്ചാര്‍ത്തിടുവിന്‍ നിങ്ങള്‍
സന്തോഷിച്ചാര്‍ത്തിടുവിന്‍.

3. ആശ്ലേഷിക്കുന്ന രക്ഷണീയ കരങ്ങള്‍
ഇന്നും ദൈവം തന്‍റെ ജനത്തോടും ഓരോ വ്യക്തിയോടും അതുപോലെതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അവിടുത്തെ രക്ഷണീയമായ കരങ്ങള്‍ സകലരെയും ആശ്ലേഷിക്കുന്നു. നമ്മെ മോചിപ്പിക്കുകയും വിളിക്കുകയും ചെയ്ത ദൈവത്തെ ധിക്കരിച്ചു നാം പെരുമാറുന്നു, എന്നിട്ടും നാം ജീവിക്കുന്നു. ദൈവം നമ്മോടു ക്ഷമിക്കുന്നു. ദൈവം നമ്മെ കൈവെടിയുന്നില്ല. അവിടുന്നു ക്ഷമിക്കുകയും കരുണ കാണിക്കുകയും ചെയ്യുന്നു. അവിടുന്നു അനന്ത ക്ഷമാലുവാണ്. ഇതില്‍നിന്നും ദൈവത്തിന്‍റെ രക്ഷണീയ പദ്ധതി എന്തെന്ന് നമുക്ക് തീര്‍ച്ചയായും മനസ്സിലാക്കാം!

4. സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തവന്‍
ഏശയ്യാ പ്രവാചകന്‍റെ ഗ്രന്ഥത്തില്‍ (43-Ɔο അദ്ധ്യായം 1-4 വരികളില്‍) ദൈവത്തിന്‍റെ രക്ഷണീയ പദ്ധതിയുടെ ചിന്തകള്‍ കൂടുതല്‍ വ്യക്തമാണ്. “യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുള്‍ചെയ്യുന്നു. ഭയപ്പടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു. നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്‍റേതാണ്. സമൂദ്രത്തിലൂടെ കടന്നു പോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കികളയുകയില്ല. അഗ്നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല. ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല. ഞാന്‍ നിന്‍റെ ദൈവമായ കര്‍ത്താവും രക്ഷകനും ഇസ്രായേലിന്‍റെ പരിശുദ്ധനുമാണ്. നിന്‍റെ മോചനദ്രവ്യമായി ഈജിപ്തും, നിനക്കു പകരമായി എത്യോപ്യായും സേബായും ഞാന്‍ കൊടുത്തു. നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും, നിന്‍റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്കുന്നു.”

Musical version of Ps. 66, 2:
ഭൂവാസികളേ, ആനന്ദിപ്പിന്‍
സന്തോഷിച്ചാര്‍ത്തിടുവിന്‍ നിങ്ങള്‍
സന്തോഷിച്ചാര്‍ത്തിടുവിന്‍.
ഭൂവാസികളേ, ആഹ്ലാദത്തോടെ ദൈവത്തെ
നിങ്ങള്‍ ആര്‍ത്തുവിളിക്കുവിന്‍
അവിടുത്തെ നാമത്തിന്‍റെ മഹത്വം
നിങ്ങള്‍ പ്രകീര്‍ത്തിക്കുവിന്‍
സ്തുതികളാല്‍ അവിടുത്തെ നിങ്ങള്‍ മഹത്വപ്പെടുത്തുവിന്‍
അവിടുത്തെ പ്രവൃത്തികള്‍ എത്രയോ ഭീതിദം.

5. ദൈവിക നന്മകള്‍ പ്രഘോഷിക്കേണ്ടവര്‍

ദൈവം തന്‍റെ ജനത്തെ നയിക്കുകയും രക്ഷിക്കുകയും ചെയ്തശേഷം അവിടുന്നു പറയുന്നത്, “ഞാന്‍ നിന്നെ സ്നേഹിക്കുന്നു! നീ എന്‍റേതാണ്!” ഇതില്‍നിന്നു നാം മനസ്സിലാക്കേണ്ടത്, യേഷാ ദൈവത്തിന്‍റെ രക്ഷണീയ പ്രവര്‍ത്തനങ്ങളിലൂടെ അവിടുന്നു നമുക്കു വാഗ്ദാനംചെയ്യുന്ന രക്ഷ പൂര്‍ത്തീകരിക്കപ്പെടുന്നില്ലെന്നാണ്. നമുക്ക് ആര്‍ക്കും ഒരിക്കലും പറയാനാവില്ല, ഞാന്‍ രക്ഷിക്കപ്പെട്ടു കഴിഞ്ഞുവെന്നാണ്, അല്ലെങ്കില്‍ “എന്‍റെ രക്ഷ പൂര്‍ത്തിയായിരിക്കുന്നു!” വിശുദ്ധഗ്രന്ഥ ചരിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ നമുക്കു പറയാനാകും, ഒരു വ്യക്തിയുടെ രക്ഷണീയ പദ്ധതി പൂര്‍ത്തിയാകുന്നത് ദൈവത്തിന്‍റെ രക്ഷ വ്യക്തി സ്വീകരിക്കുകയും അനുഭവിക്കുകയും ചെയ്തു കഴിയുമ്പോഴല്ല. മറിച്ച് വ്യക്തി ദൈവഹിതപ്രകാരം, ദൈവികപദ്ധതികള്‍ക്ക് അനുസൃതമായി നവമായൊരു ശൈലിയില്‍ ദൈവത്തിന്‍റെ സ്നേഹവും കരുണയും ജീവിച്ചു തുടങ്ങുമ്പോഴാണ്. കാരണം സ്നേഹവും കരുണയും ദൈവത്തിന്‍റെ അടിസ്ഥാന സ്വഭാവമാണ്. അതില്‍ പങ്കുചേരുന്നവരാണ് ദൈവത്തിന്‍റെ രക്ഷണീയ പദ്ധതിയില്‍ പങ്കുചേരുന്നത്. അവസാനം ദൈവത്തിന്‍റെ രക്ഷയുടെ പദ്ധതിയില്‍ സജീവമായി പങ്കുചേരുന്നവര്‍. അതിന്‍റെ സദ്ഫലങ്ങള്‍ മറ്റുള്ളവരുമായും പങ്കുവയ്ക്കുന്നു.

6. ദൈവിക കൃപയുടെ സമൃദ്ധി
പത്രോസിനെ വിളിച്ച് തന്‍റെ ശിഷ്യപ്രമുഖനാക്കിയ ക്രിസ്തു, പിന്നെയും പ്രിയ ശിഷ്യനോടും കൂട്ടരോടും പറയുന്നുണ്ട്, എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ കുരിശുമെടുത്ത് പിന്നാലെ വരണമെന്ന് (മത്തായി 10, 38-39..., 16, 24-25). അതുപോലെ പൗലോസ് അപ്പസ്തോലനും ഈ സങ്കീര്‍ത്തനത്തിന്‍റെ കാതലായ സന്ദേശം റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ശ്ലീഹാ തന്‍റെ ലേഖനത്തിന്‍റെ ആദ്യത്തെ 11 അദ്ധ്യായങ്ങളില്‍ ദൈവം തന്‍റെ ജനത്തിനു ചെയ്തിട്ടുള്ള രക്ഷണീയ പ്രവര്‍ത്തികളെ അനുസ്മരിക്കുകയാണ്, നന്ദിയോടെ തന്‍റെ അനുവാചകര്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുകയാണ്. തീര്‍ച്ചായായും ഇത് സങ്കീര്‍ത്തകന്‍ പരാമര്‍ശിക്കുന്ന ദൈവത്തിന്‍റെ രക്ഷണീയ ചെയ്തികള്‍ തന്നെ! ദൈവം തന്‍റെ അനന്തമായ സ്നേഹത്താന്‍ ജനത്തിനു നല്കുന്ന കൃപയുടെ സമൃദ്ധിയാണ് അവിടുത്തെ രക്ഷണീയ പ്രവൃത്തികള്‍, യേഷാ, എന്ന പദ പ്രയോഗംകൊണ്ട് സങ്കീര്‍ത്തകന്‍ വിവക്ഷിക്കുന്നത്.

Musical Version : Psalm 66 verses 4-5.
2 ഭൂവാസികള്‍ മുഴുവന്‍ അവിടുത്തെ ആരാധിക്കുന്നു
അവര്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു
അങ്ങയുടെ നാമത്തിനവര്‍ സ്തോത്രമാലപിക്കുന്നു
ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ നിങ്ങള്‍വന്നു കാണുവിന്‍.
- ഭൂവാസികളേ, ആനന്ദിപ്പിന്‍

7. നന്മ പങ്കുവയ്ക്കാനുള്ള ക്ഷണവും നിര്‍ബന്ധവും
“അതിനാല്‍...” എന്ന ക്രിയാവിശേഷണത്തോടെ പൗലോസ് അപ്പസ്തോലന്‍ തന്‍റെ ലേഖനം 12-Ɔο അദ്ധ്യായത്തില്‍ തുടരുന്നത് അനുവാചകരെ ദൈവത്തിന്‍റെ രക്ഷണീയ പദ്ധതിയുടെ രണ്ടാം ഘട്ടമായ “യേഷ്വാ”യിലേയ്ക്കു നയിച്ചുകൊണ്ടാണ്. അതായത് രക്ഷയുടെ സദ്ഫലങ്ങള്‍ അനുഭവിച്ചിട്ടുള്ളൊരു വ്യക്തിയെ ദൈവം തന്‍റെ ഉപകരണമാക്കുകയും, ജീവിതവഴികളിലും പരിസരങ്ങളിലും ദൈവസ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സാക്ഷിയായി ജീവിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു. പൗലോശ്ലീഹായുടെ വാക്കുകളില്‍ ദൈവം ക്ഷണിക്കുക മാത്രമല്ല, വ്യക്തിയെ നിര്‍ബന്ധിക്കുകയാണ്. ആ വിളിയില്‍ ഒരു നിര്‍ബന്ധമുണ്ടെന്ന് തന്‍റെ വ്യക്തിഗത അനുഭവത്തില്‍നിന്നും ശ്ലീഹാ സാക്ഷ്യപ്പെടുത്തുന്നു. ജീവിതം ദൈവത്തിന്‍റെ രക്ഷണീയ പ്രവൃത്തിയുടെ തുടര്‍ച്ചയായി സമര്‍പ്പിക്കുവാനുള്ള ക്ഷണമാണിത്. പരിത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ദൈവശാസ്ത്രം ഇവിടെ പ്രകടമായി കാണാം. പുതിയ മനുഷ്യന്‍റെ നവമായ ജീവിതശൈലി, തിന്മയില്‍നിന്ന് നന്മ വളരുന്ന നവീനതയാണ്. വെറുപ്പില്‍നിന്ന് സ്നേഹവും, കുരിശില്‍നിന്നു പുതുജീവനും! ക്രിസ്തുവില്‍ നാം കാണുന്നത് ലോകത്തിന് നന്മ ചെയ്തുകൊണ്ടു കടന്നുപോവുകയും, കുരിശില്‍ ജീവന്‍ സമര്‍പ്പിക്കുകയും ചെയ്ത സഹനദാസനെയാണ്. അവിടുന്നാണ് മാതൃക, അവിടുന്നാണ് വഴിയും സത്യവും ജീവനുമായവന്‍!!
ഇനി, അവസാനത്തെ വരികള്‍ 16-20 വരെ ശ്രവിക്കുമ്പോള്‍ ദൈവികനന്മയില്‍ പങ്കുചേരാനുള്ള വിളിയുടെ സൂക്ഷ്മത നമുക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കും.

Recitation : Psalms 66, 16-20 verses
(d) ദൈവഭക്തരേ, വന്നു കേള്‍ക്കുവിന്‍, അവിടുന്ന് തനിക്കുവേണ്ടി
ചെയ്തതെല്ലാം വിവരിക്കാം
(g) എന്നാല്‍, ദൈവം, ഇതാ, കേട്ടിരിക്കുന്നു, തന്‍റെ പ്രാര്‍ത്ഥനയുടെ സ്വരം അവിടുന്ന് ശ്രവിച്ചിരിക്കുന്നു.

8. നന്മ പങ്കുവയ്ക്കുന്നവരായി ജീവിക്കാം!
ദൈവത്തിന്‍റെ നന്മകള്‍ വന്നു കാണുവിന്‍, എന്ന് ആലപിച്ചിരുന്ന സങ്കീര്‍ത്തകന്‍, 16-Ɔമത്തെ വരി മുതല്‍ പാടുന്നത് “നിങ്ങള്‍ വന്നു കേള്‍ക്കുവിന്‍” എന്നാണ്. ദൈവിക നന്മകള്‍ തീക്ഷ്ണതയോടെ പ്രഘോഷിക്കുവിന്‍ എന്നാണ് അതിന് അര്‍ത്ഥം. കണ്ട് ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്ത ദൈവത്തിന്‍റെ രക്ഷണീയ നന്മകള്‍ ഇനി കേള്‍ക്കുകയും പ്രഘോഷിക്കുകയും ചെയ്യണമെന്നാണ് സങ്കീര്‍ത്തന വരികള്‍ പ്രബോധിപ്പിക്കുന്നത്, ഉദ്ബോധിപ്പിക്കുന്നത്. ക്രൈസ്തവ ജീവിത വിളിയുടെ ഉത്തരവാദിത്വമാണ് ദൈവിക നന്മകളുടെ പ്രഘോഷകരാകുകയെന്നത്. ദൈവത്തിനു നന്ദിയര്‍പ്പിക്കുന്നവര്‍ പരമമായി ചെയ്യുന്നത് അവിടുത്തെ മഹിമാതിരേകങ്ങള്‍ പ്രഘോഷിക്കുകയാണ്. അതാണ് നാം പഠനവിഷയമാക്കിയ സങ്കീര്‍ത്തനം 66, കൃതജ്ഞതാഗീതം നമ്മെ പഠിപ്പിക്കുന്നത്.

Musical Version : Psalm 66 verses 4-5.
2 ദൈവഭക്തരേ, നിങ്ങള്‍ വന്നു കാണുവിന്‍
കര്‍ത്താവെനിക്കു ചെയ്തുതന്ന നന്മകള്‍ ദര്‍ശിക്കുവിന്‍
അവിടുത്തെ കാരുണ്യത്തിനു ഞാന്‍ നന്ദിയര്‍പ്പിക്കുന്നൂ
ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ നിങ്ങള്‍
വന്നു കാണുവിന്‍.
- ഭൂവാസികളേ, ആനന്ദിപ്പിന്‍

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും. ആലാപനം മരിയ ഡാവിനയും സംഘവും.
 

10 December 2019, 15:04