തിരയുക

Advent Sunday II week, a call to repentance Advent Sunday II week, a call to repentance 

സ്നാപകന്‍ നല്കുന്ന മാനസാന്തരത്തിന്‍റെ ക്ഷണം

ആഗമനകാലം രണ്ടാം വാരം ഞായറാഴ്ചത്തെ സുവിശേഷ വിചിന്തനം. വിശുദ്ധ മത്തായിയുടെ സുവിശേഷം 3, 1-12.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആഗമനഗാലം 2-Ɔο വാരം - സുവിശേഷചിന്തകള്‍

1. ആഗമനകാലം മാനസാന്തരത്തിനുള്ള ക്ഷണം
ആഗമനകാലം രണ്ടാംവാരം ഞായറിനെ പ്രത്യേകതയുള്ളതാക്കുന്നത് മാനസാന്തരത്തിനുള്ള സ്നാപക യോഹന്നാന്‍റെ ക്ഷണമാണ്. “മാനസാന്തരപ്പെടുവിന്‍ ഇതാ, സ്വര്‍ഗ്ഗരാജ്യം സമാഗതമായിരിക്കുന്നു!” (3,2). ശ്രദ്ധിക്കുകയാണെങ്കില്‍, ക്രിസ്തു ഗലീലിയയില്‍ തന്‍റെ പരസ്യജീവിതം ആരംഭിക്കുന്നതും ഇതേ വാചകം ഉദ്ധരിച്ചുകൊണ്ടാണ് (മത്തായി 4, 17).
പിന്നീട് അവിടുത്തെ ശിഷ്യന്മാരും ദൈവരാജ്യ പ്രഘോഷണത്തിനായി ജനമദ്ധ്യത്തിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടുന്നതും ഇതേ സന്ദേശവുമായിട്ടാണ്. ക്രിസ്തുവിന്‍റെയും അവിടുത്തെ അനുഗമിച്ച ശിഷ്യഗണത്തിന്‍റെയും മുന്നോടിയായിട്ടാണ് സുവിശേഷകന്‍ മത്തായി വിശുദ്ധ  സ്നാപക യോഹന്നാനെ ചിത്രീകരിക്കുന്നത്.

2. ദൈവരാജ്യത്തിന്‍റെ സദ്വാര്‍ത്ത
ദൈവരാജ്യം ഇതാ, സമീപസ്ഥമായിരിക്കുന്നു. അത് എത്തിക്കഴിഞ്ഞു. അത് നിങ്ങളുടെ മദ്ധ്യേയാണ്, എന്ന സദ്വാര്‍ത്ത തന്നെയാണ് എക്കാലത്തും ക്രിസ്തീയ പ്രബോധനത്തിന്‍റെ കാതലായ സന്ദേശം. ദൈവരാജ്യം ഇതാ, നിങ്ങളുടെ മദ്ധ്യേയാണ്. ഒരു ക്രിസ്തു ശിഷ്യന്‍ അവിടുത്തെ സാക്ഷിയാകുവാനും, അവിടുത്തെ സുവിശേഷം പങ്കുവയ്ക്കുവാനും ഇറങ്ങി പുറപ്പെടുമ്പോള്‍, അയാള്‍ പോകുന്നത് മതപരിവര്‍ത്തനത്തിനല്ല, സമൂഹത്തിലേയ്ക്ക് കൂടുതല്‍പേരെ അനുഭാവികളാക്കി ചേര്‍ക്കുവാനുമല്ല. എന്നാല്‍ ദൈവരാജ്യം ഇവിടെ, ഇപ്പോള്‍ നമ്മുടെ മദ്ധ്യേയുണ്ടെന്ന സത്യം ലോകത്തോടു വിളിച്ചുപറയുവാനാണ്.

3. ഭൂമിയില്‍ വിരിയിക്കേണ്ട സ്വര്‍ഗ്ഗരാജ്യം
എന്താണ് ഈ ദൈവരാജ്യം? എന്താണ് ഈ സ്വര്‍ഗ്ഗരാജ്യം? രണ്ടും തുല്യാര്‍ത്ഥമുള്ള പര്യായപദങ്ങളാണ്. ദൈവരാജ്യം, സ്വര്‍ഗ്ഗരാജ്യം എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സാധാരണ ഒരു മനുഷ്യന്‍റെ ചിന്താഗതി പോകുന്നത് മരണാനന്തര ജീവിതത്തെക്കുറിച്ചും, നിത്യതയെക്കുറിച്ചുമാണ്. ഒരു വിധത്തില്‍ ഇതു ശരിയാണ്. കാരണം ദൈവരാജ്യത്തിന്‍റെ അതിരുകള്‍ ഭൗമിക ജീവിതാര്‍ത്തികള്‍ക്കും അപ്പുറം എത്തിപ്പെടുന്നതാണ്.
എന്നാല്‍ ക്രിസ്തു പ്രഘോഷിച്ച സദ്വാര്‍ത്തയും ദൈവരാജ്യത്തിന്‍റെ സന്ദേശവും യോഹന്നാന്‍ പഠിപ്പിച്ച മാനസാന്തരത്തിന്‍റെ സന്ദേശവും ഭാവിയില്‍ നേടേണ്ടതോ, എത്തിപ്പെടേണ്ടതോ ആയൊരു വാര്‍ത്തയല്ല, അത് മനുഷ്യരുടെ മദ്ധ്യേ ഇന്ന് ഇവിടെ ഈ ഭൂമിയിലെ ജീവിതത്തില്‍ വലിയ സത്യവും യാഥാര്‍ത്ഥ്യവുമാകേണ്ടതാണ്.

4. ഭൂമിയില്‍ സ്ഥാപിതമായ ദൈവരാജ്യം
ദൈവരാജ്യം ഇപ്പോള്‍ ഭൂമിയില്‍ മനുഷ്യരുടെ മദ്ധ്യേയുണ്ട്. അതിന്‍റെ ആദ്ധ്യാത്മിക ശക്തി ലോകത്ത് മനുഷ്യര്‍ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ക്രിസ്തു പറഞ്ഞത്, “ദൈവരാജ്യം നിങ്ങളുടെ മദ്ധ്യേയാണ്.” ദൈവം ചരിത്രത്തിലേയ്ക്ക് ഇറങ്ങിവന്നത് അവിടുത്തെ ഭരണവും സാന്നിദ്ധ്യവും ഈ ഭൂമിയിലും, അതിന്‍റെ ചരിത്രത്തിലും; അതായത് മനുഷ്യജീവിതത്തില്‍ എന്നും ഉറപ്പുവരുത്താനാണ്. മാത്രമല്ല, എവിടെല്ലാം എളിമയോടും വിശ്വാസത്തോടുംകൂടെ ദൈവരാജ്യത്തെ സ്വീകരിക്കുമോ. അവിടെല്ലാം ദൈവത്തിന്‍റെ സ്നേഹവും, സന്തോഷവും, സമാധാനവും പൂവണിയും!

5. ക്രിസ്തുമസ് ആവശ്യപ്പെടുന്ന മൗലികമായ മാറ്റം
ഇനി, ദൈവരാജ്യത്തില്‍ പ്രവേശിക്കുവാനും, ആ രാജ്യത്തിന്‍റെ അനുഭവങ്ങള്‍ സാക്ഷാത്ക്കരിക്കുവാനും നാം ചെയ്യേണ്ടൊരു കാര്യം ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കേണ്ട മാറ്റമാണ്. ക്രിസ്തു ആവശ്യപ്പെടുന്ന മാറ്റം മൗലികമായ ഒരു പരിവര്‍ത്തനമാണ്. അനുദിന ജീവിതത്തില്‍ സംഭവിക്കേണ്ടതാണ് മാനസാന്തരവും മാറ്റവും. ജീവിതനന്മയ്ക്കുള്ളതും സാമൂഹിക നന്മയ്ക്കുള്ളതുമായ മാറ്റങ്ങള്‍ അനുദിന ജീവിതത്തിന്‍റെ ഒരോ ചുവടുവയ്പിലും പ്രകടമാക്കേണ്ടതും, യാഥാര്‍ത്ഥ്യമാക്കേണ്ടതുമാണ് ഈ മാറ്റം. അതായത് സുഖകരമെന്ന് നാം സൗകര്യാര്‍ത്ഥം നിനച്ചിരിക്കുന്ന ഈ ലോകത്തിന്‍റേതായ ഇഷ്ടബിംബങ്ങളില്‍നിന്ന് അകന്നിരിക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്. എങ്ങനെയും ആരെയും ചവിട്ടിമെതിച്ചും, തട്ടിപ്പുകാട്ടിയും, വിജയംവരിക്കുവാനും, ലാഭമുണ്ടാക്കുവാനും, പണം സമ്പാദിക്കുവാനും, പാവങ്ങളെയും എളിയവരെയും ചൂഷണംചെയ്യുവാനും മടിക്കാത്ത അഴിമതിയുടെ ഊടുവഴികളും, സമ്പത്തിനായുള്ള ആര്‍ത്തിയും, സുഖലോലുപതയ്ക്കുള്ള ത്വരയുമെല്ലാം മനുഷ്യഹൃദയങ്ങളിലെ ഇന്നത്തെ ഇഷ്ടബിംബങ്ങളാണ്.

6. ക്രിസ്തു കാട്ടിത്തരുന്ന വെളിച്ചം
ജീവിതത്തിന്‍റെ സുഖലോലുപതയുടെയും സ്വാര്‍ത്ഥതയുടെയും ചുറ്റുപാടുകളില്‍നിന്നും ഉയിര്‍ത്തെഴുന്നേല്ക്കുവാനുള്ള ക്ഷണമാണ് സ്നാപകന്‍ മുന്നോട്ടുവയ്ക്കുന്ന ദൈവരാജ്യത്തിന്‍റെ മാനസാന്തരത്തിലേയ്ക്കുള്ള വിളി. അതിനാല്‍ ഈ ആഗമനകാലത്ത് നാം ഒരുക്കേണ്ട ക്രിസ്തുവിന്‍റെ വരവിനായുള്ള വഴിയെക്കുറിച്ചാണ് യോഹന്നാന്‍ ഇന്നു നമ്മെ അനുസ്മരിപ്പിക്കുന്നത്. അതൊരിക്കലും നമ്മുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല, നമ്മുടെ യഥാര്‍ത്ഥമായ സന്തോഷം നഷ്ടപ്പെടുത്തുന്നുമില്ല. തിന്മയുടെ എല്ലാ വഴികളില്‍നിന്നും എന്തു വിലകൊടുത്തും രക്ഷനേടുവാനുള്ള വെളിച്ചം ബെതലഹേമിലെ ദിവ്യശിശു നമുക്കു കാട്ടിത്തരുന്നമെന്ന് നമ്മെ അനുസ്മരിപ്പിക്കുകയാണ് സ്നാപക യോഹന്നാന്‍. ക്രിസ്തുമസ്സിന്‍റെ വെളിച്ചത്തിലേയ്ക്കു തിരിയുവാനുള്ള ക്ഷണമാണ് ഇന്ന് സ്നാപകന്‍ നിങ്ങള്‍ക്കും എന്നിക്കും നല്കുന്നത്.

7. ക്രിസ്തുമസ്സിന്‍റെ ആന്തരീക ഒരുക്കം
ആസന്നമാകുന്ന ക്രിസ്തുമസ്സ് സന്തോഷത്തിന്‍റെയും ബാഹ്യമായ ആഘോഷത്തിന്‍റെയും വലിയൊരു ദിനമാണ്. എന്നാല്‍ നാം ഓര്‍ക്കേണ്ടത് ക്രിസ്തുമസ് ആര്‍ഭാടങ്ങളെക്കാള്‍ ഏറെ ആന്തരികമായ ഒരുക്കം ആവശ്യപ്പെടുന്ന ആത്മീയോത്സവമാണ്. അതിനാല്‍ ഇനിയുമുള്ള നാളുകളില്‍ സ്നാപകന്‍റെ ആഹ്വാനം ശ്രവിച്ച് മുന്നേറാന്‍ പരിശ്രമിക്കാം. “കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍, അവിടുത്തെ വഴികള്‍ നേരെയാക്കുവിന്‍... !!” (3). നമ്മുടെ ഹൃദയങ്ങള്‍ തുറക്കുകയും മനസാക്ഷിയെ പരിശോധിക്കുകയും ചെയ്യാം. പാപവഴികളില്‍നിന്നു നാം മോചിതരാകണമെങ്കില്‍ ദൈവികമല്ലാത്ത മനോഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തണം. അങ്ങനെ ദൈവത്തിങ്കലേയ്ക്കു തിരിഞ്ഞെങ്കില്‍ മാത്രമേ, ആസന്നമാകുന്ന തിരുപ്പിറവിയോടെ നമുക്ക് ക്രിസ്തുവിനായ് വഴിയൊരുക്കുവാനും, അവിടുത്തെ വഴികള്‍ നേരെയാക്കുവാനും സാധിക്കുകയുള്ളൂ.

തിന്മയുടെ ഊടുവഴികള്‍ നിരപ്പാതകളാക്കി രൂപാന്തരപ്പെടുത്താം. അപ്പോള്‍ ക്രിസ്തു നമ്മുടെ ഹൃദയത്തിലേയ്ക്കും, നമ്മുടെ കുടുംബങ്ങളിലേയ്ക്കും കടന്നുവരും. അവിടുന്ന് നമ്മില്‍ വന്നു വസിക്കും. അങ്ങനെ നമ്മുടെ ജീവിതങ്ങളും ലോകവും സമാധാനപൂര്‍ണ്ണമാകും, ശാന്തമാകും പ്രശാന്തമാകും. അവിടുത്തെ വരവിനായി നമുക്ക് ഇനിയും ഒരുങ്ങാം!

8. ആഗമനകാലവും അമലോത്ഭവ മഹോത്സവവും
ഈ വര്‍ഷം ഡിസംബര്‍ 8-Ɔο തിയതി, ആഗമനകാലത്തിലെ രണ്ടാം ഞായറാഴ്ചയും പരിശുദ്ധ ദൈവമാതാവിന്‍റെ അമലോത്ഭവതിരുനാളും ഒരുമിച്ചു വരികയാണ്. ഞായറാഴ്ച കര്‍ത്താവിന്‍റെ ദിനങ്ങള്‍ക്ക് ആരാധനക്രമപരമായി മുന്‍തൂക്കം നല്കുന്നതിനാല്‍, ഡിസംബര്‍ 9, അടുത്തദിവസം തിങ്കളാഴ്ചയാണ് ഈ തിരുനാള്‍ ലോകമെമ്പാടും ആചരിക്കപ്പെടുന്നത്. ഇറ്റലിയുടെ ദേശീയ മെത്രാന്‍ സംഘത്തിന്‍റെ പ്രത്യേക അഭ്യര്‍ത്ഥനപ്രകാരം, അജപാലന കാരണങ്ങളാല്‍ അത് ഡിസംബര്‍ 8-ന് ഞായറാഴ്ച ആചരിക്കുന്നതിനുള്ള അനുമതി വത്തിക്കാന്‍ നല്കിയിട്ടുണ്ട്.

9. ദൈവകുമാരനായ് ഹൃദയമൊരുക്കിയ
അമലോത്ഭവ കന്യക

മനോഹരമായ തിരുനാളാണിത്. ദിവ്യജനനിയുടെ വ്യക്തിത്വവും അമ്മയില്‍ തിളങ്ങുന്ന കൃപയുടെ മനോഹാരിതയും അപാരവും അനുകരണീയവുമാണ്. ഏറെ സന്തോഷത്തോടെയാണ് എന്നും സഭ ‘കൃപനിറഞ്ഞവളേ,’ എന്ന് മറിയത്തെ അഭിസംബോധനചെയ്യുന്നത് (ലൂക്കാ 1, 28). ഈ വിളി നാം ഇന്നും എന്നും ആവര്‍ത്തിക്കേണ്ടതാണ് - “കൃപനിറഞ്ഞവളേ!” ക്രിസ്തുവിനായി തന്‍റെ മനസ്സും ശരീരവും സമ്പൂര്‍ണ്ണമായി ഒരുക്കുകയും സമര്‍പ്പിക്കുകയും ചെയ്തവളാണ് പരിശുദ്ധ കന്യകാമറിയം! ക്രിസ്തുവിന്‍റെ പറവിത്തിരുനാളിന് ഒരുങ്ങുവാനും, എന്നും ജീവിതത്തില്‍ അവിടുത്തെ ഉള്‍ക്കൊണ്ടു ജീവിക്കുവാനും അമലോത്ഭവനാഥ എല്ലാവരെയും സമൃദ്ധമായി തുണയ്ക്കട്ടെ!

ഗാനമാലപിച്ചത് ജെറി അല്‍ദേവിന്‍റെ “Sing India” ഗായക സംഘമാണ്.
രചന ഫാദര്‍ മാത്യു മുളവന, സംഗീതം ജെറി അമല്‍ദേവ്.

 

07 December 2019, 14:18