തിരയുക

Vatican News
2019.12.13 III domenica di Avvento Vangelo della domenica 2019.12.13 III domenica di Avvento Vangelo della domenica 

ആസന്നമാകുന്ന രക്ഷയുടെ ആനന്ദം!

ആഗമനകാലം 3-Ɔ൦ വാരം ഞായറാഴ്ചത്തെ സുവിശേഷ വിചിന്തനം. വിശുദ്ധ മത്തായിയുടെ സുവിശേഷം 11, 2-11.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആഗമനകാലം 3-Ɔ൦ വാരം - വചനചിന്തകള്‍

1. ഇതുതന്നെയോ രക്ഷകന്‍?
സ്നാപക യോഹന്നാന്‍ ജയിലില്‍ കിടന്നുകൊണ്ട് യേശുവിനെക്കുറിച്ച് അന്വേഷിക്കുന്നതായി ഇന്നത്തെ സുവിശേഷഭാഗത്ത് വായിക്കുന്നു. അവിടുന്നു തന്നെയാണോ യഥാര്‍ത്ഥത്തില്‍ വരുവാനിരിക്കുന്ന രക്ഷകന്‍ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലുംവേണ്ടി കാത്തിരിക്കണമോ? ഇങ്ങനെ ഒരു ആശങ്കയുമായിട്ടാണ്  ക്രിസ്തുവിന്‍റെ പക്കലേയ്ക്ക് തന്‍റെ ശിഷ്യന്മാരെ യോഹന്നാന്‍ പറഞ്ഞ് അയക്കുന്നത്. “അന്ധര്‍ കാണുന്നു. ബധിരര്‍ കേള്‍ക്കുന്നു. മുടന്തര്‍ നടക്കുന്നു. കുഷ്ഠരോഗികള്‍ സുഖപ്പെടുന്നു. മരിച്ചവര്‍ ഉയര്‍പ്പിക്കപ്പെടുന്നു. ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു.” ആനന്ദം പകരുന്ന സദ്വാര്‍ത്തയാണ് തീര്‍ച്ചയായും ക്രിസ്തുവിന്‍റെ ആഗമനത്തില്‍നിന്നും, അവിടുത്തെ സാന്നിദ്ധ്യത്തില്‍നിന്നും ലഭിക്കുന്നത്. ക്രിസ്തു നല്കിയ മറുപടി ശ്രദ്ധേയമാണ്. “കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങള്‍ യോഹന്നാനെ അറിയിക്കുക!

2.  ജനത്തിന്‍റെ വിമോചകനായ ദൈവം
മത്തായിയുടെ സുവിശേഷഭാഗത്തു ശ്രവിച്ച രക്ഷകന്‍റെ സാന്നിദ്ധ്യാനുഭവം വീണ്ടും ആദ്യ വായനയില്‍ ഏശയാ പ്രാവചകന്‍റെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നുണ്ട്. “ദൈവത്തിന്‍റെ മഹത്വവും പ്രതാപവും ലോകം ദര്‍ശിക്കാറായിരിക്കുന്നു. ദൈവിക വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമായി അവിടുന്നു വന്ന് ലോകത്തെ രക്ഷിക്കും. അന്ധരുടെ കണ്ണുകള്‍ തുറക്കപ്പെടും. ബധിരരുടെ ചെവി അടഞ്ഞിരിക്കില്ല. അപ്പോള്‍ മുടന്തര്‍ മാനിനെപ്പോലെ കുതിച്ചുചാടും. മൂകന്‍റെ നാവില്‍നിന്നും സന്തോഷഗാനം ഉതിര്‍ക്കും. വരണ്ട ഭൂമിയില്‍ ഉറവകള്‍ പൊട്ടിപ്പുറപ്പെടും. ദൈവം വന്നു തന്‍റെ ജനത്തെ രക്ഷിക്കും,” എന്ന സന്തോഷവാര്‍ത്തായാണ് പ്രവാചക ശബ്ദമായി കേള്‍ക്കുന്നത് (ഏശയ്യ 35, 1-6, 10).

3. ആനന്ദത്തിന്‍റെ ‍ഞായര്‍ - Gaudete Sunday
ഇന്നത്തെ വചനഭാഗങ്ങള്‍ രക്ഷകന്‍റെ ആഗമനത്തിലുള്ള ആനന്ദത്തിലേയ്ക്കാണ് നമ്മെ നയിക്കുന്നത്. ദൃഢചിത്തരായി കര്‍ത്താവിന്‍റെ വരവിനായി കാത്തിരിക്കുവിന്‍, എന്നാണ് രണ്ടാം വായനയില്‍ യാക്കോബ്  ശ്ലീഹാ നമ്മെ ഉദ്ബോധിപ്പിക്കുന്നത് (യാക്കോ. 5, 7-10).
രക്ഷകനായ ക്രിസ്തുവിന്‍റെ ആഗമനത്തില്‍ നമുക്കു ലഭിക്കുന്ന ആനന്ദത്തിലേയ്ക്കാണ് വചനം നമ്മെ നയിക്കുന്നത്. നാം ആഗമനകാലത്തിന്‍റെ മൂന്നാം വാരത്തിലേയ്ക്കു പ്രവേശിക്കുകയാണ്.
ഈ ഞായറിനെ ആരാധനക്രമ പാരമ്പര്യത്തില്‍ പ്രത്യേകമായി Gaudete Sunday, “ആനന്ദത്തിന്‍റെ ഞായര്‍” എന്നു വിശേഷിപ്പിക്കാറുണ്ട്. Gaudire എന്ന ലത്തീന്‍ ക്രിയയ്ക്ക് സന്തോഷിക്കുക എന്നാണ് അര്‍ത്ഥം. ആസന്നമാകുന്ന ക്രിസ്തുമസ്സിന്‍റെ ആനന്ദം മനസ്സില്‍ ഊറിവരുന്നത്, വളരെ ഒതുക്കത്തോടെ ഉള്‍ക്കൊള്ളുകയും പ്രകടമാക്കുകയും ചെയ്യുന്ന ദിനമാണ് ആനന്ദത്തിന്‍റെ ഞായറെന്ന് നമുക്കു പറയാം. കാരണം ക്രിസ്തുമസിന് ഇനി ഒരാഴ്ചമാത്രം ബാക്കിനില്കെയാണ് ഈ ആനന്ദം ഉള്ളില്‍ ഒതുക്കി ആചരിക്കുന്നത്!

4. സുവിശേഷ സന്തോഷമുള്ള ക്രിസ്തുശിഷ്യര്‍
വിശ്വാസത്തിന് ആധാരം സുവിശേഷമാണ്. യേശു പ്രബോധിപ്പിച്ച സദ്വാര്‍ത്തയാണ്! രക്ഷയുടെയും ദൈവസ്നേഹത്തിന്‍റെയും നല്ലവാര്‍ത്തയാണ് ക്രൈസ്തവ ജീവിതത്തിന് ആധാരം. ക്രൈസ്തവ സമൂഹവും സഭയും അതിനാല്‍ ആസന്നമാകുന്ന ക്രിസ്തുമസ്സില്‍‍ ആനന്ദത്തിന്‍റെ അടയാളം അണിഞ്ഞു ജീവിക്കണം എന്ന ചിന്തയാണ് ആഗമനകാലത്തെ മൂന്നാം വാരം നമ്മെ അനുസ്മരിപ്പിക്കുന്നത്. തിരുപ്പിറവിയുടെ ഊറിയെത്തുന്ന ഓര്‍മ്മകള്‍ തീര്‍ത്തും ആനന്ദദായകമാണ്. അതിനാല്‍ ക്രൈസ്തവ സമൂഹമോ, സഭയോ, നമ്മുടെ ചെറുകൂട്ടായ്മകളോ ഒരിക്കലും സന്തോഷമില്ലാത്ത ഇടങ്ങളായി മാറരുത്. മറിച്ച് രക്ഷകനായ ക്രിസ്തു നല്കുകയും, പഠിപ്പിക്കുകയും ചെയ്ത സുവിശേഷാനന്ദം പ്രസരിക്കുന്ന ഇടങ്ങളാകണമെന്ന് ആഗമനകാലത്തെ മൂന്നാം ഞായര്‍ അനുസ്മരിപ്പിക്കുന്നു.

5. പൊള്ളയായ ക്രിസ്തുമസ് ആനന്ദം ഉപേക്ഷിക്കാം
സുവിശേഷ സന്തോഷം ഏതെങ്കിലും വിധത്തില്‍, എങ്ങനെയെങ്കിലും നാം ആര്‍ജ്ജിച്ചെടുക്കുന്ന പൊള്ളയായ സന്തോഷമാകരുത്. ഇന്നത്തെ വചനം വ്യക്തമായി നമ്മെ അനുസ്മരിപ്പിക്കുന്നതുപോലെ ദൈവജനത്തിന്‍റെ ആനന്ദം രക്ഷയുടെ സദ്വാര്‍ത്തയിലുള്ള സന്തോഷമാണ്. നമ്മെ രക്ഷിക്കുവാന്‍ വരുന്ന ദൈവത്തിലുള്ള ആനന്ദമാണത്. ഭയപ്പെടരുത്! കാരണം അവിടുന്നു വരുന്നത് നമ്മെ ശക്തിപ്പെടുത്തുവാനും, ദൃഢചിത്തരാക്കുവാനും, ധൈര്യംപകരുവാനുമാണ്. “തപിച്ച മണലാരണ്യം അവിടുന്നു ജലാശയമാക്കി മാറ്റും. ഉണങ്ങിവരണ്ട ഭൂമി അവിടുന്ന് അരുവികളാക്കി രൂപാന്തരപ്പെടുത്തും. വളഞ്ഞവഴികള്‍ അവിടുന്നു നേരെയാക്കും. ദുഃഖവും നെടുവീര്‍പ്പും അകന്നുപോകും!” (ഏശയ 35, 7-10).

6. ആഗമനകാലം പ്രത്യാശയുടെ കാലം
ജീവിതം വരണ്ടനിലംപോലെ ആകുന്നത് ദൈവവചനവും അതിന്‍റെ അരൂപിയുടെ സ്നേഹവും ഹൃദയത്തില്‍ ഇല്ലാതാകുമ്പോഴാണ്. നമ്മുടെ തന്നെ ബലഹീനതകളും വീഴ്ചകളുംകൊണ്ട് ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടുമ്പോള്‍, നാം അലസരായി മന്ദതയില്‍ കഴിയുന്നത് ഒരിക്കലും നല്ലതല്ല. മറിച്ച് നാം വിളിക്കപ്പെട്ടിരിക്കുന്നത് ദുര്‍ബലമായവ ബലപ്പെടുത്തുവാനും, ബലഹീനമായ കാലുകളെ ബലപ്പെടുത്തി ഉയിര്‍ത്തെഴുന്നേറ്റ്, മുന്നോട്ടു നീങ്ങുവാനുമാണ്. നാം നഷ്ടധൈര്യരാവാതെയും ഭയപ്പെടാതെയും നമ്മില്‍ തന്‍റെ കാരുണ്യവും സ്നേഹവും വര്‍ഷിക്കുന്ന ദൈവത്തില്‍ ആശ്രയിച്ച് മുന്നോട്ടു നീങ്ങേണ്ടിയിരിക്കുന്നു. പ്രത്യാശയുടെ സന്തോഷം നമ്മില്‍ വളരട്ടെ!  കാരണം മുന്നോട്ടു നീങ്ങാന്‍, താങ്ങും തണലുമായവന്‍ നമ്മുടെ ചാരത്തുണ്ട്. ഇനി എല്ലാം തെറ്റിപ്പോയെങ്കില്‍ത്തന്നെ തിരുത്തുവാനും, പുനരാരംഭിക്കുവാനും, പുനരാവിഷ്ക്കരിക്കുവാനും ഈ ആഗമനകാലം നമുക്ക് ആനന്ദവും പ്രത്യാശയും പകരുകയാണ്. നമ്മില്‍ ചിലരെങ്കിലും ചിന്തിക്കാം. ഞാന്‍ വലിയ പാപിയാണ്. എനിക്ക് രക്ഷയില്ല! ദൈവംപോലും എന്നോടു ക്ഷമിക്കുകയില്ല. ഇല്ല! ഈ ചിന്ത തെറ്റാണ്. നമുക്ക് എല്ലാം നവമായി തുടങ്ങാം. കാരണം അവിടുന്നു നമ്മെ പാലിക്കുന്നു, പരിപാലിക്കുന്നു. അതാണ് ക്രിസ്തുമസ്സ്! 

7. ജീവിതങ്ങള്‍ പുനരാവിഷ്ക്കരിക്കുന്ന
യാഥാര്‍ത്ഥ ആനന്ദം

കണ്ണുകളും ഹൃദയങ്ങളും തുറക്കുവാനും ദുഃഖവും നിരാശയും സങ്കടവും അകറ്റി ജീവിതത്തില്‍ സമാധാനവും സന്തോഷവും പുനരാവിഷ്ക്കരിക്കുവാനും സാധിക്കും. മറക്കരുത്, നമ്മുടെ പരീക്ഷണങ്ങളിലും അതിന്‍റെ പ്രയാസങ്ങളിലും യഥാര്‍ത്ഥമായ ആനന്ദം മനസ്സില്‍ വളര്‍ത്തുവാനും നിലനിര്‍ത്തുവാനും നമുക്കു സാധിക്കും. എന്നാല്‍ അത് ഒരിക്കലും ഉപരിപ്ലവമായ ആനന്ദമായിരിക്കരുത്. കാരണം വേദനയിലും യാതനയിലും നാം വളര്‍ത്തിയെടുക്കുന്ന സന്തോഷം ദൈവത്തില്‍നിന്നുമാണ്. ദൈവത്തില്‍ പ്രത്യാശിക്കുകയും, ദൈവത്തില്‍ ആത്മവിശ്വാസം അര്‍പ്പിക്കുകയും ചെയ്യുന്ന ഒരാള്‍ക്കു മാത്രമേ യഥാര്‍ത്ഥമായ ആനന്ദം കണ്ടെത്തുവാന്‍ സാധിക്കുകയുള്ളൂ.

8. വിശ്വാസത്തിന്‍റെ വെളിച്ചവും ആനന്ദവും
ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെ സന്തോഷം, പ്രത്യാശപോലെതന്നെ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തില്‍നിന്നും ഉയിര്‍ക്കൊള്ളുന്നതാണ്. ദൈവം അവിടുത്തെ വാഗ്ദാനങ്ങളില്‍ പതറുന്നില്ലെന്ന വിശ്വാസമാണത്.  ജീവിതത്തില്‍ വഴി നഷ്ടപ്പെട്ടവരും നഷ്ടധൈര്യരായവരും ദൈവത്തിന്‍റെ വിശ്വസ്തതയില്‍ ശരണപ്പെടുവാന്‍ ഇന്നത്തെ വചനം നമ്മോട് ആഹ്വാനംചെയ്യുന്നു. അങ്ങനെയുള്ളവരുടെ ജീവിതത്തില്‍ ദൈവിക രക്ഷ പൊട്ടിവിരിയുവാന്‍ വൈകുകയില്ലെന്നു ഏശയ പ്രവാചകന്‍ ഉറപ്പുതരുന്നു. ക്രിസ്തുവിനെ കണ്ടുമുട്ടിയിട്ടുള്ളവര്‍ തങ്ങളുടെ ജീവിതത്തില്‍ അനുഭവിക്കുന്ന ആര്‍ക്കും എടുത്തുകളയാനാവാത്ത പ്രശാന്തതയും സന്തോഷവും വലുതാണ്. സന്മനസ്സുള്ളവര്‍ക്ക് തീര്‍ച്ചയായും സമാധാനവും ആനന്ദവും ലഭിക്കും!

9. എല്ലാവരെയും ആശ്ലേഷിക്കുന്ന ദൈവം
മനുഷ്യജീവിതങ്ങള്‍ക്ക് രക്ഷകനായ ക്രിസ്തു സന്തോഷമാണ്. അവിടുത്തെ വിശ്വസ്തമായ സ്നേഹം ഒരിക്കലും വറ്റാത്തതാണ്. അതിനാല്‍ ഒരു വിശ്വാസി, ക്രൈസ്തവന്‍ ദുഃഖിതനാകുമ്പോള്‍  തീര്‍ച്ചയായും അതൊരു അടയാളമാണ് – അവള്‍ അല്ലെങ്കില്‍ അവന്‍ ക്രിസ്തുവില്‍നിന്നും അകന്നുപോകാതിരിക്കട്ടെ! ആരെങ്കിലും അകന്നുപോയാല്‍ തന്നെ, ഒരിക്കലും നാം അവരെ കൈവെടിയരുത്. തള്ളിപ്പറയുകയോ, തള്ളിക്കളയുകയോ ചെയ്യരുത്. നാം ആ സഹോദരനും സഹോദരിക്കുംവേണ്ടി പ്രാര്‍ത്ഥിക്കണം. ഒപ്പം സമൂഹത്തിന്‍റെ കൂട്ടായ്മയുടെ ഊഷ്മളത അനുഭവിക്കാന്‍ അവരെ അനുവദിക്കുകയും വേണം.

10. ഉണ്ണിയേശുവിന്‍റെ ഞായര്‍
ഇറ്റലിയിലും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളിലും ആഗമനകാലത്തെ മൂന്നാം ഞായര്‍, ആനന്ദത്തിന്‍റെ ഞായര്‍, “ഉണ്ണീശോയുടെ ഞായര്‍” കൂടിയാണ്. കുട്ടികള്‍ തങ്ങളുടെ പുല്‍ക്കൂട്ടിലെ ഉണ്ണിയെ  ആ നാളില്‍ പള്ളിയില്‍ കൊണ്ടുവന്ന് ആശീര്‍വ്വദിച്ചു കൊണ്ടുപോകുന്ന ആനന്ദകരമായ ദിവസംകൂടിയാണിത്. വത്തിക്കാനില്‍ ഇന്നേദിവസം ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് ആശീര്‍വ്വാദം നല്കുമ്പോള്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരം നിറഞ്ഞുനില്ക്കുന്ന കുട്ടികള്‍ അവരുടെ കുഞ്ഞിക്കൈകളില്‍ ഉണ്ണിയുടെ സ്വരൂപം ഉയര്‍ത്തിപ്പിടിച്ച് ആശീര്‍വ്വാദം വാങ്ങുന്നത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്! ക്രിസ്തുമസ്സിനുള്ള ഏറ്റവും അടുത്ത ഒരുക്കമാണിത്. മാനവികതയ്ക്ക് ആനന്ദകാരണമായ ദിവ്യരക്ഷകന്‍റെ തിരുപ്പിറവിയുടെ ഓര്‍മ്മയില്‍ മനസ്സില്‍ കിനിഞ്ഞിറങ്ങുന്ന ആനന്ദത്തോടെയാണ് കുട്ടികള്‍ ഉണ്ണിയെ കൈയ്യിലേന്തി വരുന്നത്.

നമ്മുടെമദ്ധ്യേ ആഗതനാകുന്ന യേശുവിനെ  ആനന്ദത്തോടെ ധ്യാനിച്ച് നമുക്ക് അവിടുത്തെ തിരുപ്പിറവിക്കായി ഒരുങ്ങാം! മനസ്സും ഹൃദയവും അവിടുത്തേയ്ക്കായി നമുക്കു തുറക്കാം, അവിടുത്തേയ്ക്കായി ഒരുക്കാം!

ഗാനമാലപിച്ചത് മനീഷയും സംഘവുമാണ്. രചന ഫാദര്‍ തദേവൂസ് അരവിന്ദത്ത്. സംഗീതം ഹെക്ടര്‍ ലൂയിസ്.
 

14 December 2019, 16:02