തിരയുക

Vatican News
2019.11.06 Venerable Maria Emilia Beatificazione a Granada in Spagna il 9 novembre 2019.11.06 Venerable Maria Emilia Beatificazione a Granada in Spagna il 9 novembre 

ജീവിതത്തിന്‍റെ അടിസ്ഥാന നന്മ ആത്മീയാനന്ദമാവണം

വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യൂവുമായി അഭിമുഖം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ധന്യയായ മരിയ എമീലിയ റിക്വിയേല്‍മെ
വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക്

നവംബര്‍ 9-Ɔο തിയതി ശനിയാഴ്ച സ്പെയിനിലെ ഗ്രനാഡയില്‍ നടത്തപ്പെടാന്‍ പോകുന്ന ധന്യയായ മരിയ എമീലിയ റിക്വിയേല്‍മെ യവാസിന്‍റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം സംബന്ധിച്ചു വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ബെച്യൂ ഇങ്ങനെ പ്രസ്താവിച്ചത്. ധന്യയുടെ ജന്മസ്ഥലമായ ഗ്രാനഡയിലെ മനുഷ്യാവതാരത്തിന്‍റെ നാമത്തിലുള്ള (Cathedral of Incarnation) ഭദ്രാസനദേവാലയത്തില്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യൂവിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിമദ്ധ്യേയാണ് മരിയ എമീലിയ റിക്വിയേല്‍മെ യവാസ്, നവംബര്‍ 9, ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടാന്‍ പോകുന്നത്.

2. ക്രിസ്തുവിന്‍റെ കുരിശു പകര്‍ന്ന സാന്ത്വനം
മരിയ എമീലിയ റിക്വിയേല്‍മെ വിശ്വാസമുള്ള കുടുംബത്തിലെ അംഗമായിരുന്നു. എന്നാല്‍ നന്നെ ചെറുപ്പത്തിലെ സഹോദരങ്ങളും മാതാപിതാക്കളും മരണമടഞ്ഞത് അവളെ അതീവ ദുഃഖത്തില്‍ ആഴ്ത്തി. എന്നാല്‍ ക്രിസ്തുവിന്‍റെ കുരിശില്‍ അവള്‍ സാന്ത്വനം കണ്ടെത്തി. മരണത്തെയും ദുഃഖത്തെയും ആനന്ദമാക്കി മാറ്റാന്‍ സാധിച്ചതാണ് മരിയ റിക്വിയേല്‍മെയുടെ വിശുദ്ധിയുടെ പൊരുളെന്ന് കര്‍ദ്ദിനാള്‍ ബെച്യു വിവരിച്ചു.

3. സ്നേഹത്തിന്‍റെ ആനന്ദം
പാപ്പാ ഫ്രാന്‍സിസിന്‍റെ ജീവിതത്തിലും പ്രബോധനങ്ങളിലും ഈ ആത്മീയ സന്തോഷത്തിന്‍റെ പ്രതിരൂപം നിറഞ്ഞുനില്ക്കുന്നത് കര്‍ദ്ദിനാള്‍ ബെച്യൂ ചൂണ്ടിക്കാട്ടി. "സുവിശേഷ സന്തോഷം" Evagelium Gaudium,  "ആഹ്ലാദിച്ച് ഉല്ലസിക്കുവിന്‍" Gaudete et Exultate,  "സ്നേഹത്തിന്‍റെ ആനന്ദം" Amoris Laetitiae, പ്രകൃതിയെ സ്തുതിച്ചു സന്തോഷിക്കുന്ന "അങ്ങേയ്ക്കു സ്തുതി!" Laudato Si'! എന്നിങ്ങനെയുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനങ്ങള്‍ സ്നേഹത്തില്‍നിന്നും ഉതിരുന്ന ആത്മീയ ആനന്ദത്തില്‍ അധിഷ്ഠിതമാണെന്നു കര്‍ദ്ദിനാള്‍ ബെച്യൂ വ്യാഖ്യാനിച്ചു.

4. കൂട്ടായ്മയിലെ വിശുദ്ധി
ധന്യയായ മരിയ റിക്വിയേല്‍മെയുടെ ആത്മീയതയുടെ മറ്റൊരു വശം, ഒറ്റയ്ക്ക് വിശുദ്ധയാകുന്നതില്‍ അര്‍ത്ഥമില്ലെന്നതാണ്. വിശുദ്ധിക്ക് ഒരു സാമൂഹികമാനമുണ്ടെന്നും, സ്വന്തം ജീവിതവിശുദ്ധികൊണ്ട് മറ്റുള്ളവരുടെ ജീവിതം പ്രകാശപൂര്‍ണ്ണമാക്കേണ്ട ഉത്തരവാദിത്ത്വമുണ്ടെന്നും, ക്രിസ്തീയതയുടെ സാമൂഹിക മാനമാണിതെന്നും ധന്യയായ റിക്വീയേല്‍മ മനസ്സിലാക്കിയിരുന്നെന്ന് കര്‍ദ്ദിനാള്‍ ബെച്യു ചൂണ്ടിക്കാട്ടി.

5. ധന്യയായ റിക്വിയേല്‍മെ സഭാസ്ഥാപക
ചെറുപ്രായത്തില്‍ കന്യാത്വം ജീവിതവ്രതമാക്കുന്നതിലും, സന്ന്യാസജീവിതം തിരഞ്ഞെടുക്കുന്നതിലും ശക്തമായ എതിര്‍പ്പ് കുടുംബത്തില്‍നിന്നും, പ്രത്യേകിച്ച് പിതാവില്‍നിന്നും ഉണ്ടായിരുന്നു. എന്നാല്‍ പിതാവിന്‍റെ മരണശേഷം മരിയ റിക്വിയേല്‍മെ സന്ന്യാസ ജീവിതത്തില്‍ പ്രവേശിക്കുക മാത്രമല്ല, പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെയും അമലോത്ഭവ നാഥയുടെയും മിഷണറിമാരുടെ സന്ന്യാസമൂഹം സ്ഥിപിക്കുകയും ചെയ്തു.

6. വിശുദ്ധ ജീവിതത്തിന്‍റെ നാള്‍വഴികള്‍
1847-ല്‍ സ്പെയിനിലെ ഗ്രാനഡയില്‍ ജനിച്ചു.
1940-ല്‍ 93-Ɔമത്തെ വയസ്സില്‍ ഗ്രാനഡിയില്‍ മരണമടഞ്ഞു.
2015-ല്‍ ദൈവദാസി മരിയ റിക്വിയേല്‍മയുടെ വീരോചിത പുണ്യങ്ങള്‍ പാപ്പാ ഫ്രാന്‍സീസ് അംഗീകരിച്ചു.
2019-ല്‍ ദൈവദാസി റിക്വിയേല്‍മെയുടെ മാദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുത രോഗശാന്തി ദൈവികമായ ഇടപെടലായി സഭ ആംഗീകരിച്ചതോടെയാണ് ധന്യയായ ഈ സമര്‍പ്പിതിയെ വാഴ്ത്തപ്പട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തുവാന്‍ പോകുന്നത്.

06 November 2019, 20:18