തിരയുക

Vatican News
2019.11.12 fiore della foresta 2019.11.12 fiore della foresta 

പ്രാപഞ്ചിക നന്മകള്‍ക്ക് ദൈവത്തെ സ്തുതിക്കുന്ന ഗീതം!

66-Ɔο സങ്കീര്‍ത്തനം - ഒരു സാമൂഹ്യ കൃതജ്ഞതാഗീതത്തിന്‍റെ പഠനം രണ്ടാംഭാഗം :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

66-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം - ഭാഗം രണ്ട്

1. ആദ്യത്തെ 7 വരികളുടെ ആത്മീയ വിചിന്തനം
കഴിഞ്ഞ ആഴ്ചയില്‍ നാം സങ്കീര്‍ത്തനം 66-ന്‍റെ പഠനം ആരംഭിച്ചു. ആമുഖമായി നാം പദങ്ങള്‍ പരിചയപ്പെടുകയുണ്ടായി. ഇന്ന് സങ്കീര്‍ത്തന വരികളുടെ ആത്മീയ വിചിന്തനത്തിലേയ്ക്കാണ് നാം പ്രവേശിക്കുന്നത്. 20 വരികളുള്ള ഈ കൃതജ്ഞതാഗീതത്തിന്‍റെ ആദ്യത്തെ ഭാഗം,
ഏഴു വരികളുടെ ആത്മീയ വിചിന്തനം നമുക്കിന്നു പഠിക്കാം. ആദ്യത്തെ 7 പദങ്ങളെയും ഒരു ഘടകമായി തിരിച്ചതിനു കാരണം അവ ദൈവത്തെ സ്തുതിക്കാനുള്ള ക്ഷണവും ആഹ്വാനവുമായതിനാലാണ്. പദങ്ങള്‍ ആദ്യം ശ്രവിച്ചുകൊണ്ട്, “വന്നു കാണുവിന്‍, വന്നു ശ്രവിക്കുവിന്‍…” എന്നെല്ലാം ആഹ്വാനംചെയ്യുന്ന സങ്കീര്‍ത്തകന്‍റെ ആത്മീയ വശത്തിലേയ്ക്കു നമുക്കു കടക്കാം.

2. ദൈവത്തിന്‍റെ അത്ഭുത ചെയ്തികള്‍
അനുസ്മരിക്കുന്ന സങ്കീര്‍ത്തന വരികള്‍
Recitation of the first 7 verses of Ps. 66
a) ഭൂവാസികളേ, ആഹ്ളാദത്തോടെ ദൈവത്തെ ആര്‍പ്പുവിളിക്കുവിന്‍
b) അവിടുത്തെ നാമത്തിന്‍റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍.
സ്തുതികളാല്‍ അവിടുത്തെ നിങ്ങള്‍ മഹത്വപ്പെടുത്തുവിന്‍.
c) അവിടുത്തെ പ്രവൃത്തികള്‍ എത്ര ഭീതിദം!
d) ഭൂവാസികള്‍ മുഴുവന്‍ അവിടുത്ത ആരാധിക്കുന്നു
അവര്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു,
അങ്ങയുടെ നാമത്തിനവര്‍ സ്തോത്രമാലപിക്കുന്നു.
e) ദൈവത്തിന്‍റെ പ്രവൃത്തികള്‍ വന്നു കാണുവിന്‍
മനുഷ്യരുടെ ഇടയില്‍ അവിടുത്തെ പ്രവൃത്തികള്‍ എത്രയോ ഭീതിദം
f) അവിടുന്നു സമുദ്രത്തെ ഉണങ്ങിയ നിലമാക്കി,
അവര്‍ അതിലൂടെ സഞ്ചരിച്ചു, അപ്പോള്‍ ജനം ദൈവത്തില്‍ സന്തോഷിച്ചു.
g) അവിടുന്നു തന്‍റെ ശക്തിയാല്‍ എന്നേയ്ക്കും വാഴും,
അവിടുന്നു ജനതകളെ നിരീക്ഷിക്കുന്നു,
കലഹപ്രിയര്‍ അഹങ്കരിക്കാതിരിക്കട്ടെ!

3. വരികളുടെ സുവിശേഷവത്ക്കരണ സ്വഭാവം
വരികള്‍ പരിശോധിക്കുമ്പോള്‍ ശ്രദ്ധേയമാകുന്നത് അതിന്‍റെ സുവിശേഷവത്ക്കരണ (evangelical) സ്വഭാവമാണ്. ദേവാലയ ശുശ്രൂഷകനാണ് ആദ്യം പ്രഘോഷണം നിര്‍വ്വഹിക്കുന്നത്. ഗായക സംഘത്തിലെ ഒരു ഏകാലാപകന്‍ പാടി, ആഹ്വാനംചെയ്യുന്നതായിട്ടാണ് സങ്കീര്‍ത്തന ഘടന വ്യക്തമാക്കുന്നത്. ദൈവത്തെ സ്തുതിക്കാനും നന്ദിയര്‍പ്പിക്കാനും ജനങ്ങളോട് ആവര്‍ത്തിച്ച് ആഹ്വാനംചെയ്യുന്ന ഒരു ഘടനയും അനുഭവവുമാണ് ഈ വരികളില്‍നിന്നും നമുക്കു ലഭിക്കുന്നത്. എന്നാല്‍ നാം ശ്രദ്ധിക്കേണ്ടൊരു കാര്യം, ശുശ്രൂഷകന്‍ ദേവാലയത്തില്‍ സമ്മേളിച്ചിരിക്കുന്ന വിശ്വാസികളെ മാത്രമല്ല , മറിച്ച് ഈ ലോകത്തിലെ   സകല മനുഷ്യരെയും, ജാതിമത ഭേദമെന്യേ  ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുവാന്‍ ക്ഷണിക്കുന്നു.

“ഭൂവാസികളേ, നിങ്ങള്‍ ആഹ്ലാദത്തോടെ വന്നു
ദൈവത്തെ ആര്‍ത്തുവിളിക്കുവിന്‍…!”

ഭൂവാസികളേ...! എന്ന അഭിസംബോധനയോടെയാണ് സങ്കീര്‍ത്തകന്‍ ആരംഭിക്കുന്നത്!

Musical Version : Psalm 66
66-Ɔο സങ്കീര്‍ത്തനം – സമൂഹത്തിന്‍റെ കൃതജ്ഞതാഗീതം
ഭൂവാസികളേ, ആനന്ദിപ്പിന്‍
സന്തോഷിച്ചാര്‍ത്തിടുവിന്‍ നിങ്ങള്‍
സന്തോഷിച്ചാര്‍ത്തിടുവിന്‍.
- ഭൂവാസികളേ, ആനന്ദിപ്പിന്‍

a)  ഭൂവാസികളേ, ആഹ്ലാദത്തോടെ ദൈവത്തെ
നിങ്ങള്‍ ആര്‍ത്തുവിളിക്കുവിന്‍
അവിടുത്തെ നാമത്തിന്‍റെ മഹത്വം
നിങ്ങള്‍ പ്രകീര്‍ത്തിക്കുവിന്‍
സ്തുതികളാല്‍ അവിടുത്തെ നിങ്ങള്‍ മഹത്വപ്പെടുത്തുവിന്‍
അവിടുത്തെ പ്രവൃത്തികള്‍ എത്രയോ ഭീതിദം.
- ഭൂവാസികളേ, ആനന്ദിപ്പിന്‍

4. നന്മകള്‍ പ്രഘോഷിക്കുന്ന
ഗീതത്തിന്‍റെ മിഷണറി സ്വഭാവം
ഈ വരികളില്‍ നമുക്കു സ്പഷ്ടമായി മനസ്സിലാക്കാവുന്ന ഒരു കാര്യം, ദൈവത്തില്‍നിന്നും അനുഗ്രഹങ്ങള്‍ സ്വീകരിച്ചിട്ടുള്ള മനുഷ്യന്‍ അവ മൂടിവയ്ക്കരുത്, ദൈവിക നന്മകള്‍ എന്നും അംഗീകരിക്കേണ്ടതും, അത് പ്രഘോഷിക്കപ്പെടേണ്ടവയുമാണ്. അവ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടേണ്ടതും, അങ്ങനെ അവരെയും ദൈവിക നന്മയിലേയ്ക്കും സ്നേഹത്തിലേയ്ക്കും നാം ക്ഷണിക്കേണ്ടതാണ്.  അങ്ങനെ ഈ ഗീതത്തിന് ഒരു മിഷണറി സ്വഭാവമുണ്ടെന്ന് നമുക്കു മനസ്സിലാക്കുവാനും,  പറയുവാനും, ചൂണ്ടിക്കാണിക്കുവാനും സാധിക്കും. 

5. സ്തുതിയും ദൈവമഹത്വവും തമ്മിലുള്ള സമീകരണം
നന്മയുടെ പ്രഘോഷണം, ഉച്ചത്തിലുള്ള വിളിച്ചുപറയല്‍, അല്ലെങ്കില്‍ ചില സാഹചര്യങ്ങളില്‍ അത് കാഹളധ്വനിയാണ്. അത് ശത്രുപക്ഷക്കാര്‍ക്ക് എതിരായ ഒരു പ്രഘോഷണവും പ്രഖ്യാപനവുമായി അനുഭവപ്പെടാം. പോര്‍ക്കളത്തില്‍ എന്നപോലെ കളിക്കളത്തിലും, എതിര്‍പക്ഷക്കാര്‍ ആര്‍ത്തുവിളിക്കുന്നതും ശബ്ദഘോഷം മുഴക്കുന്നതുമെല്ലാം സമൂഹത്തില്‍ സാധാരണ അനുഭവങ്ങളാണ്. ജറീക്കോ കീഴടക്കാന്‍ പോയ ഇസ്രായേല്യര്‍ ജോഷ്വായുടെ നേതൃത്വത്തില്‍ അപ്രകാരംചെയ്യുന്നത് വേദഗ്രന്ഥത്തില്‍ നാം വായിക്കുന്നു. “ഇസ്രായേല്‍ കാഹളം മുഴക്കി. അങ്ങനെ കാഹളധ്വനി കേട്ടപ്പോള്‍ ജനം ആര്‍ത്ത് അട്ടഹസിക്കുകയും, മതില്‍ നിലംപതിക്കുകയും ചെയ്തു. അവര്‍ ഇരച്ചു കയറി ജറീക്കൊ പട്ടണം കീഴ്പ്പെടുത്തി” (ജോഷ്വാ 6, 20).

Musical Version : Psalm 66
b)  ഭൂവാസികള്‍ മുഴുവന്‍ അവിടുത്തെ ആരാധിക്കുന്നു
അവര്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു
അങ്ങയുടെ നാമത്തിനവര്‍ സ്തോത്രമാലപിക്കുന്നു
ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ നിങ്ങള്‍വന്നു കാണുവിന്‍.
- ഭൂവാസികളേ, ആനന്ദിപ്പിന്‍

6. ദൈവമഹത്വത്തിന്‍റെ പ്രഘോഷണശക്തി
ദൈവികമഹത്വത്തെ കാഹളധ്വനിയുടെ ശക്തിയുമായി സങ്കീര്‍ത്തകന്‍ തുലനംചെയ്യുന്നത്.  അവിടുത്തെ നാമത്തിന്‍റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവിന്‍. സ്തുതികളാല്‍ അവിടുത്തെ നിങ്ങള്‍ മഹത്വപ്പെടുത്തുവിന്‍  ഇത് സങ്കീര്‍ത്തനത്തിന്‍റെ രണ്ടാമത്തെ പദമാണ് (66, 2).  ഈ സമീകരണം അല്ലെങ്കില്‍ സ്തുതിയും ദൈവമഹത്വവും തമ്മിലുള്ള തുലനംചെയ്യല്‍ (Equation) പൗലോശ്ലീഹ റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നുണ്ട്.

Recitation :
“അതിനാല്‍, വിജാതീയരുടെ ഇടയില്‍
ഞാന്‍ അങ്ങയെ സ്തുതിക്കും (റോമ 15, 9).
അങ്ങനെ കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന
സകലരും രക്ഷപ്രാപിക്കും.” (റോമ 10, 13).

ദൈവശാസ്ത്രപരമായ വ്യാഖ്യാനങ്ങള്‍ ഉണ്ടെങ്കിലും, ദൈവത്തിന്‍റെ സത്ത (essence) സത്യമായിട്ടും നമുക്ക് ആര്‍ക്കും അറിഞ്ഞുകൂടാ എന്നതാണ് വാസ്തവം. ദൈവത്തെ ദര്‍ശിച്ച ഒരാള്‍ക്ക് ജീവിക്കാനാവില്ലെന്ന് വചനം രേഖപ്പെടുത്തുന്നു. സമാഗമ കൂടാരത്തില്‍വച്ചാണ് ദൈവം മോശയോട് ഇക്കാര്യം സംസാരിച്ചത്. “നീ എന്‍റെ മുഖം കാണരുത്. എന്തെന്നാല്‍ എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെ ഇരിക്കുകയില്ല” (പുറപ്പാട് 33, 20). എന്നാല്‍ നമുക്കൊരു കാര്യം വ്യക്തമായി അറിയാം. ദൈവത്തെ നാം കാണുന്നില്ല. എന്നാല്‍ ദൈവത്തിന്‍റെ  അത്ഭുതചെയ്തികള്‍ അനുദിനം നാം കാണുകയും ആസ്വദിക്കുകയും ചെയ്യുന്നു. അവിടുത്തെ പ്രവൃത്തികള്‍ ഭീതിദമെന്നാണ് സങ്കീര്‍ത്തകന്‍ വിവരിക്കുന്നത്. കാരണം ഈ പ്രവര്‍ത്തികള്‍ ചെയ്ത ദൈവത്തിന്‍റെ ശക്തി അപാരവും മനുഷ്യമനസ്സുകള്‍ക്ക് അഗ്രാഹ്യവുമാണ്. മാത്രമല്ല, നാം കാണുന്ന ഈ പ്രപഞ്ചവും അവയിലെ എല്ലാമും ചെയ്തത് സര്‍വ്വശക്തനായ ദൈവമാണ്. എല്ലാ ശക്തിയും മഹത്വവും, ആധിപത്യവും ഉള്ളവനാണ് ഇവയെല്ലാം നമുക്കായ് ചെയ്തു തന്നിരിക്കുന്നത്. അതിനാലാണ് ദൈവത്തിന്‍റെ പ്രവൃത്തികള്‍ ഭീതിദമെന്നു മനുഷ്യര്‍ വിശേഷിപ്പിക്കുന്നത്.

Musical Version : Psalm 66
c)  കര്‍ത്താവിതാ, സമുദ്രത്തെ വരണ്ടനിലമാക്കി മാറ്റിയിരിക്കുന്നു
ജനമതിലൂടെ സ്വച്ഛന്ദം സഞ്ചരിച്ചൂ
കര്‍ത്താവിന്‍റെ നന്മയില്‍ ജനം സന്തോഷിച്ചൂ
അവിടുന്നു പ്രാഭവത്തോടെന്നും വാഴുന്നു.
- ഭൂവാസികളേ, ആനന്ദിപ്പിന്‍
ദൈവത്തെ എതിര്‍ക്കുന്നവര്‍ വിജയിക്കുന്നില്ല, അവര്‍ പരാജിതരാകുന്നു. അതിനാല്‍ അവര്‍ കീഴടങ്ങിയില്ലെങ്കിലും വിജയിച്ചതായി നടിക്കുന്നു.
ഏഴാമത്തെ സങ്കീര്‍ത്തനപദം അതു വ്യക്തമാക്കുന്നു.

Recitation : verse 7 of Ps. 66
7 അവിടുന്നു തന്‍റെ ശക്തിയാല്‍ എന്നേയ്ക്കും വാഴും,
അവിടുന്നു ജനതകളെ നിരീക്ഷിക്കുന്നു,
കലഹപ്രിയര്‍ അഹങ്കരിക്കാതിരിക്കട്ടെ!

7. ദൈവം മനുഷ്യന്‍റെ പ്രത്യാശയുടെ കേന്ദ്രം
ദൈവത്തിന്‍റെ ശക്തി യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നവര്‍ അവിടുത്തെ മുന്നില്‍ ശിരസ്സു നമിക്കുന്നു, മുട്ടുകുത്തുന്നു, അവിടുത്തെ സന്നിധിയില്‍ സാഷ്ടാംഗംപ്രണമിക്കുന്നു. കാരണം വിസ്തൃതമായ ലോകവും ലോകത്തിന്‍റെ നാല് അതിര്‍ത്തികളും സഞ്ചരിച്ച്, അവ കീഴടക്കി എന്നെല്ലാം മനുഷ്യര്‍ വീമ്പു പറയുമ്പോഴും, അവ കണ്ടു മനസ്സിലാക്കി ദൈവത്തിന്‍റെ വിസ്മയാവഹമായ പ്രവര്‍ത്തികളില്‍ ആശ്ചര്യപ്പെടുകയും, ഭീതിയോടെ അവിടുത്തെ മഹത്വപ്പെടുത്തുകയുമാണ് ചെയ്യുന്നത്. കാരണം ആകാശത്തിലെ സൂര്യ ചന്ദ്രാദികളിലും നക്ഷത്രങ്ങളിലും, മഴയിലും മഴവില്ലിലും, പുല്ലിലും പുല്‍നാമ്പിലും, വെയിലിലും വേനലിലുമെല്ലാം മനുഷ്യന്‍ ദൈവത്തിന്‍റെ പ്രാഭവം ദര്‍ശിക്കുന്നു. അവിടുന്നു കാലഭേദങ്ങള്‍ നമുക്കായി ക്രമപ്പെടുത്തുന്നു. അവിടുന്നു സകലജീവജാലങ്ങളെയും പോറ്റിവളര്‍ത്തുന്നു. അതിനാല്‍ മനുഷ്യന്‍റെ പ്രത്യാശയുടെയും പ്രതീക്ഷയുടെയും കേന്ദ്രമാണ് ദൈവം.

8. നന്മകള്‍ തന്ന ദൈവത്തെ സ്തുതിക്കാം!
ദൈവത്തിന്‍റെ മഹിമാതിരേകത്തെക്കുറിച്ചോ, വൈഭവത്തെക്കുറിച്ചോ നമുക്കു തര്‍ക്കിക്കുവാനോ, നിഷേധിക്കുവാനോ ഒന്നുമില്ല. പുതിയ നിയമത്തില്‍ യോഹന്നാന്‍റെ സുവിശേഷം രേഖപ്പെടുത്തുന്ന കുരുടനായ മനുഷ്യന്‍റെ വാക്കുകള്‍ നമുക്കു പ്രചോദനമേകുമെന്നതില്‍ സംശയമില്ല.  അന്ധനു കാഴ്ച നല്കിയ യേശു പാപിയാണെന്നും, പാപികളുടെ സുഹൃത്താണെന്നും യഹൂദര്‍  ജനങ്ങള്‍ക്കിടയില്‍ പറഞ്ഞുപരത്തിയപ്പോള്‍, കാഴ്ചലഭിച്ച മനുഷ്യന്‍ സാക്ഷ്യപ്പെടുത്തി. “എനിക്ക് ഒരുകാര്യം പറയുവാനാകും, ഞാന്‍ ജന്മനാ അന്ധനായിരുന്നു, എന്നാല്‍ നസ്രായനായ യേശു എനിക്കിപ്പോള്‍ കാഴ്ചനല്കി” (യോഹ. 9, 25). ഇത് വളരെ ലളിതമെങ്കിലും നന്ദിയുടെ പ്രകടനവും പ്രഘോഷണവും ദൈവസ്തുതിപ്പുമാണ്!

Musical Version : Psalm 66
66-Ɔο സങ്കീര്‍ത്തനം – സമൂഹത്തിന്‍റെ കൃതജ്ഞതാഗീതം
ഭൂവാസികളേ, ആനന്ദിപ്പിന്‍
സന്തോഷിച്ചാര്‍ത്തിടുവിന്‍ നിങ്ങള്‍
സന്തോഷിച്ചാര്‍ത്തിടുവിന്‍.
- ഭൂവാസികളേ, ആനന്ദിപ്പിന്‍

d) ദൈവഭക്തരേ, നിങ്ങള്‍ വന്നു കാണുവിന്‍
കര്‍ത്താവെനിക്കു ചെയ്തുതന്ന നന്മകള്‍ ദര്‍ശിക്കുവിന്‍
അവിടുത്തെ കാരുണ്യത്തിനു ഞാന്‍ നന്ദിയര്‍പ്പിക്കുന്നൂ
ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ നിങ്ങള്‍ വന്നു കാണുവിന്‍.
- ഭൂവാസികളേ, ആനന്ദിപ്പിന്‍

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണിത്. ഒരുക്കിയത് ഫാദര്‍ വില്യം നെല്ലിക്കല്‍.

അടുത്ത ആഴ്ചയില്‍ സങ്കീര്‍ത്തനം 66, കൃതജ്ഞതാഗീതത്തിന്‍റെ പഠനം 3-Ɔο ഭാഗത്ത് ആത്മീയവിചിന്തനം ശ്രവിക്കാം.
 

12 November 2019, 13:03