ഈശ്വരന്‍റെ മഹത്ചെയ്തികള്‍ക്ക് നന്ദിപറയുന്ന ഗീതം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. നന്ദിയര്‍പ്പണഗീതം – സങ്കീര്‍ത്തനം 66
ഒരു കൃതജ്ഞതാഗീതത്തിന്‍റെ പഠനം ആരംഭിക്കുകയാണ് ഈ ഭാഗത്ത് – സങ്കീര്‍ത്തനം 66. ഇതൊരു സമൂഹത്തിന്‍റെ കൃതജ്ഞതാഗാനമാണ്. നന്ദിയുടെ ഗീതങ്ങളെക്കുറിച്ചു നാം പഠിച്ചിട്ടുള്ളതാണ്. സാഹിത്യഘടനയുടെ അടിസ്ഥാനത്തില്‍ (1) വ്യക്തിയുടെ നന്ദിയര്‍പ്പണവും (2) സമൂഹത്തിന്‍റെ നന്ദിയര്‍പ്പണവും അതു രണ്ടായി തരംതിരിക്കപ്പെട്ടിരിക്കുന്നു.
2. വ്യക്തിയുടെ നന്ദിയര്‍പ്പണം
ആദ്യമായി, ദൈവം പ്രാര്‍ത്ഥന കേള്‍ക്കുമ്പോള്‍, സഹായം ഉണ്ടാകുമെന്ന തീര്‍ച്ചയില്‍, അയാള്‍ ദൈവത്തിനു നന്ദിപറയുന്നു. ദൈവം കാണിച്ച ഔദാര്യത്തിന് അവിടുത്തോടുള്ള നന്ദിയും സന്തോഷവുമാണ് ആഹ്ലാദ പ്രകടനമായി ഗായകന്‍ പുറത്തുകൊണ്ടുവരുന്നത്. എന്നാല്‍ യഥോചിതമായ സ്തുതിപ്പില്‍ ദൈവത്തിന്‍റെ അത്ഭുതപ്രവൃത്തികളും അപദാനങ്ങളുമാണ് വാക്കുകളില്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്. ദൈവത്തില്‍ ആശ്രയിക്കുന്നവന്‍ അവിടുത്തെ അത്ഭുതപ്രവൃത്തികളും അപദാനങ്ങളുമാണ് പ്രഘോഷിക്കുന്നത്. തന്‍റെ ജീവിതത്തില്‍ ഈ നന്മകളെല്ലാം പ്രവര്‍ത്തിച്ചത് ദൈവമാണെന്ന് ഗായകന്‍
ഏറ്റുപറയുകയാണ്.
3. സമൂഹത്തിന്‍റെ നന്ദിപ്രകാശനം
രണ്ടാമതായി സമൂഹത്തിനു ലഭിച്ച ആനുകൂല്യങ്ങള്‍ക്കും നന്മകള്‍ക്കും ഗായകന്‍ ദൈവത്തിനു നന്ദിയര്‍പ്പിക്കുന്നു. നന്ദിയുടെ വരികളില്‍ ദൈവം ചെയ്ത രക്ഷാകരമായ നന്മകളും പ്രവൃത്തികളുമാണ് ആവര്‍ത്തിക്കുന്നത്. അത് പാവപ്പെട്ടവര്‍ക്കുവേണ്ടിയോ, എളിയവര്‍ക്കുവേണ്ടിയോ ചെയ്ത നന്മകളാകാം, അല്ലെങ്കില്‍ ഒരു രാജ്യത്തിനുവേണ്ടി, നീതിനിഷ്ഠര്‍ക്കുവേണ്ടി ചരിത്രത്തില്‍ ദൈവം ചെയ്ത അത്ഭുതകൃത്യങ്ങളുമാകാം. സമീപകാലത്ത് ദൈവം തന്‍റെ ജനത്തിനായി, അല്ലെങ്കില്‍ സമൂഹത്തിനായി ചെയ്ത മോചന പ്രവൃത്തികള്‍ നന്ദിയുടെ ഗീതത്തില്‍ ഗായകന്‍ അനുസ്മരിക്കുന്നത് ഇസ്രായേലില്‍ വളരെ സാധാരണമായിരുന്നു.
4. മരിയ ഡാവിനയുടെ സങ്കീര്‍ത്തന ആലാപനം
പൂര്‍ണ്ണമായി ശ്രവിക്കാം!
സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം മരിയ ഡാവിനയും സംഘവും. ഗാനാവിഷ്ക്കാരം ചെയ്ത സങ്കീര്‍ത്തനം 66-ന്‍റെ പദങ്ങള്‍ പൂര്‍ണ്ണമായി ശ്രവിക്കാം. അങ്ങനെയും ഈ കൃതജ്ഞതാഗീതത്തിന്‍റെ പദങ്ങള്‍ പരിചയപ്പെട്ടുകൊണ്ട് സങ്കീര്‍ത്തനപഠനം തുടരാം.
Musical Version : Psalm 66
66-Ɔο സങ്കീര്‍ത്തനം – സമൂഹത്തിന്‍റെ കൃതജ്ഞതാഗീതം
ഭൂവാസികളേ, ആനന്ദിപ്പിന്‍
സന്തോഷിച്ചാര്‍ത്തിടുവിന്‍ നിങ്ങള്‍
സന്തോഷിച്ചാര്‍ത്തിടുവിന്‍.
- ഭൂവാസികളേ, ആനന്ദിപ്പിന്‍
a) ഭൂവാസികളേ, ആഹ്ലാദത്തോടെ ദൈവത്തെ
നിങ്ങള്‍ ആര്‍ത്തുവിളിക്കുവിന്‍
അവിടുത്തെ നാമത്തിന്‍റെ മഹത്വം
നിങ്ങള്‍ പ്രകീര്‍ത്തിക്കുവിന്‍
സ്തുതികളാല്‍ അവിടുത്തെ നിങ്ങള്‍ മഹത്വപ്പെടുത്തുവിന്‍
അവിടുത്തെ പ്രവൃത്തികള്‍ എത്രയോ ഭീതിദം.
- ഭൂവാസികളേ, ആനന്ദിപ്പിന്‍
b) ഭൂവാസികള്‍ മുഴുവന്‍ അവിടുത്തെ ആരാധിക്കുന്നു
അവര്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു
അങ്ങയുടെ നാമത്തിനവര്‍ സ്തോത്രമാലപിക്കുന്നു
ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ നിങ്ങള്‍വന്നു കാണുവിന്‍.
- ഭൂവാസികളേ, ആനന്ദിപ്പിന്‍
c) കര്‍ത്താവിതാ, സമുദ്രത്തെ വരണ്ടനിലമാക്കി മാറ്റിയിരിക്കുന്നു
ജനമതിലൂടെ സ്വച്ഛന്ദം സഞ്ചരിച്ചൂ
കര്‍ത്താവിന്‍റെ നന്മയില്‍ ജനം സന്തോഷിച്ചൂ
അവിടുന്നു പ്രാഭവത്തോടെന്നും വാഴുന്നു.
- ഭൂവാസികളേ, ആനന്ദിപ്പിന്‍
d) ദൈവഭക്തരേ, നിങ്ങള്‍ വന്നു കാണുവിന്‍
കര്‍ത്താവെനിക്കു ചെയ്തുതന്ന നന്മകള്‍ ദര്‍ശിക്കുവിന്‍
അവിടുത്തെ കാരുണ്യത്തിനു ഞാന്‍ നന്ദിയര്‍പ്പിക്കുന്നൂ
ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ നിങ്ങള്‍
വന്നു കാണുവിന്‍.
- ഭൂവാസികളേ, ആനന്ദിപ്പിന്‍
5. ദൈവത്തെ സ്തുതിക്കുന്ന ഗീതത്തിന്‍റെ ആദ്യഭാഗം
ആദ്യത്തെ 12 വരികള്‍
പഠിക്കുവാന്‍ തുടങ്ങുന്ന ഗീതം 66-ല്‍ ആകെ 20 പദങ്ങളാണുള്ളത്. അവയില്‍ 1-മുതല്‍ 12-വരെയുള്ള വരികള്‍ സ്തുതിപ്പും, രണ്ടമത്തെ 13-മുതല്‍ 20-വരെയുള്ള പദങ്ങള്‍ നന്ദിപ്രകടനവുമാണ്. ഇസ്രായേല്‍ ജനം തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സമ്മേളിക്കുമ്പോള്‍ തങ്ങളുടെ പൂര്‍വ്വീകരെ ദൈവം അത്ഭുതകരായി തുണച്ച സംഭവങ്ങള്‍ അയവിറച്ചു പാടിയ നന്ദി പ്രഘോഷണമാണ് ഈ സങ്കീര്‍ത്തനം. ജനം മരുഭൂമിയില്‍ അലഞ്ഞപ്പോള്‍ പകല്‍ മേഘസ്തംഭമായ് ദൈവം തണലേകിയതും, രാത്രിയില്‍ അഗ്നിശലാഖയായ് അവിടുന്നു വെളിച്ചമേകിയതും (13, 17f). ദൈവികപരിപാലനയിലും മോശയുടെ നേതൃത്വത്തിലും അവര്‍ ചെങ്കടല്‍ കടക്കുവാന്‍ ജനത്തെ സഹായിച്ചതും (പുറപ്പാട് 14, 10-29), അവര്‍ മരുഭൂമിയില്‍ വിശന്നു പരവശരായപ്പോള്‍ മന്നയും കാടപ്പക്ഷിയും അവര്‍ക്കു ഭക്ഷണമായ് നല്കിയതും (പുറപ്പാട് 16, 1-36), ദാഹിച്ചു വലഞ്ഞപ്പോള്‍ മാസ്സായിലെയും മെരീബായിലെയും പാറയില്‍നിന്നും അത്ഭുതകരമായി ജലം ലഭ്യമാക്കിയതുമെല്ലാം (പുറപ്പാട് 17, 1-7) സങ്കീര്‍ത്തകന്‍ നന്ദിയോടെ അനുസ്മരിച്ചു പാടിയതാണ് ഈ ഗാനമെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദൈവത്തിന്‍റെ അത്ഭുതകരമായ ചെയ്തികളെ ദൈവജനം ഗാനത്തിന്‍റെ ആദ്യഭാഗത്ത് അനുസ്മരിക്കുന്നത് വരികളില്‍ വ്യക്തമാണ്. വരികളില്‍ വ്യക്തമായി പ്രതിഫലിച്ചു കാണാം.
Musical version of Psalm 66 1-4 verses.
ഭൂവാസികളേ, ആഹ്ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍
അവിടുത്തെ നാമത്തിന്‍റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവിന്‍.
സ്തുതികളാല്‍ അവിടുത്തെ മഹത്വപ്പെടുത്തുവിന്‍.
അവിടുത്തെ പ്രവൃത്തികള്‍ എത്ര ഭീതിജനകം!
ഭൂവാസികള്‍ മുഴുവന്‍ അവിടുത്ത ആരാധിക്കുന്നു,
അവര്‍ ദൈവത്തെ പാടിപ്പുകഴ്ത്തുന്നു,
അങ്ങയുടെ നാമത്തിനു സ്തോത്രമാലപിക്കുന്നു.
- ഭൂവാസികളേ, ആനന്ദിപ്പിന്‍
6. നന്മകള്‍ക്ക് നന്ദിപറയുന്ന രണ്ടാംഭാഗം
13 മുതല്‍ 20-വരെ വരികള്‍
രണ്ടാം ഭാഗത്ത് (13-20) വ്യക്തി ദൈവത്തിന് നന്ദിപറയുകയാണ്. ആദ്യഭാഗം, രണ്ടാമത്തേതിനോടു കൂട്ടിച്ചേര്‍ത്തതാകാം എന്നൊരു അഭിപ്രായം ബൈബിള്‍ പടുക്കള്‍ക്കിടയില്‍ നിലവിലുണ്ട്. പീഡിതനായ വ്യക്തിയുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. സ്തുതിക്കുവാനും കാഴ്ചകളും ബലികളും സമര്‍പ്പിക്കുവാനുമായി അയാള്‍ ദേവാലയത്തില്‍ പ്രവേശിക്കുന്നതായും, ദൈവത്തിന്‍റെ അത്ഭുതചെയ്തികളെപ്പറ്റി വിവരിക്കുന്നതായും ഈ ഭാഗം വ്യക്തിമാക്കിത്തരുന്നു.
ഞെരുക്കകാലത്ത് വ്യക്തി നേര്‍ന്നിട്ടുള്ള നേര്‍ച്ചകള്‍ നിറവേറ്റാന്‍ ആഗ്രഹിക്കുകയാണ്. പഴയനിയമ കാഴ്ചപ്പാടില്‍ കൂടുതല്‍ ബലിവസ്തുക്കള്‍ കൃതജ്ഞതയുടെ മാറ്റു കൂട്ടുന്നതായി കണക്കാക്കിയിരുന്നു. ഗായകന്‍റെ നിഷ്ക്കളങ്കത വെളിവാക്കുന്നതാണീ ബലിയര്‍പ്പണം. വിജയത്തിലും കെടുതികളിലും – എല്ലാറ്റിലും ഒരുപോലെ ദൈവത്തെ സ്തുതിക്കാം. അവിടുത്തേയ്ക്കു നന്ദിയര്‍പ്പിക്കാം. വ്യക്തിയുടെ രക്ഷാചരിത്രം സമൂഹത്തിന്‍റെയും കഥയാണ്. ഇസ്രായേലിന്‍റെ കഥ, ദൈവജനത്തിന്‍റെ കഥ വ്യക്തിയുടെയും രക്ഷാചരിത്രത്തിന്‍റെയും തുടര്‍ക്കഥയാണ്. അത് ചരിത്രത്തില്‍ ഇന്നും തുടരുകയാണ്. അതിനാല്‍ ഇസ്രായേലിനെ ഞെരുക്കങ്ങളിലൂടെ നയിച്ച കര്‍ത്താവ് സകലരെയും – നിങ്ങളെയും എന്നെയും നന്മയുടെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിക്കും. കാരണം ദൈവത്തിന്‍റെ മഹത്ചെയ്തികളാല്‍ ഈ ലോകം ഇന്നും നിറഞ്ഞിരിക്കുന്നു!
Musical Version of Psalm 66.
സങ്കീര്‍ത്തനം 66 – സമൂഹത്തിന്‍റെ കൃതജ്ഞതാഗീതം
ഭൂവാസികളേ, ആനന്ദിപ്പിന്‍
സന്തോഷിച്ചാര്‍ത്തിടുവിന്‍ നിങ്ങള്‍
സന്തോഷിച്ചാര്‍ത്തിടുവിന്‍.
വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണിത്. ഒരുക്കിയത് ഫാദര്‍ വില്യം നെല്ലിക്കല്‍.
അടുത്ത ആഴ്ചയില്‍ സങ്കീര്‍ത്തനം 66, കൃതജ്ഞതാഗീതത്തിന്‍റെ പഠനം 2-Ɔο ഭാഗത്ത് പദങ്ങളുടെ വ്യാഖ്യാനം കേള്‍ക്കാം.