തിരയുക

Madonna-with-Kimono-1.jpg Madonna-with-Kimono-1.jpg 

കിമോണോ അണിഞ്ഞ കന്യകാനാഥയുടെ ചുവര്‍ചിത്രം

ഇറ്റലിയിലെ “ചിവിത്ത വേക്കിയ”യിലെ (Civitavecchia) ദേവാലയത്തിലാണ് ജാപ്പനീസ് രൂപഭംഗിയുള്ള കന്യകാനാഥയുടെ അത്യപൂര്‍വ്വ ചുവര്‍ചിത്രമുള്ളത്.

- ഫാദര്‍ വില്യം  നെല്ലിക്കല്‍

ജാപ്പനീസ് ശൈലിയില്‍ കന്യകാനാഥയുടെ ചുവര്‍ചിത്രം
ജപ്പാനിലെ രക്തസാക്ഷികളുടെ നാമത്തിലുള്ള (The Church of Japanese Martyrs) “ചിവിത്തവേക്കിയ”യിലെ ദേവാലയത്തിന്‍റെ പ്രധാന അള്‍ത്താരവേദിയിലാണ് കിമോണോ അണിഞ്ഞ കന്യകാനാഥയുടെ ചിത്രമുള്ളത്. വത്തിക്കാന്‍റെ ദിനപത്രം “ലൊസര്‍വത്തോരെ റൊമാനോ” (L’Osservatore Romano) നവംബര്‍ 12-ന്‍റെ പ്രതിയിലാണ് യൂറോപ്പില്‍ ഒരിടത്തുമില്ലാത്തതും അതിമനോഹരവുമായ ജാപ്പനീസ് ശൈലിയിലുള്ള കന്യകാനാഥയുടെ ബഹുവര്‍ണ്ണ ചുവര്‍ചിത്രം ലൊസര്‍വത്തോരെ റൊമാനോ ചൂണ്ടിക്കാട്ടുന്നത്.

നവംബര്‍ 23-മുതല്‍ 26-വരെ തിയതികളില്‍ പാപ്പാ ഫ്രാന്‍സിസ് ജപ്പാനിലേയ്ക്കു നടത്തുന്ന അപ്പസ്തോലിക യാത്രയ്ക്ക് ആമുഖമെന്നോണമാണ് ഈ ജാപ്പനീസ് ചിത്രീകരണം വത്തിക്കാന്‍റെ  ദിനപത്രം പൊതുജനശ്രദ്ധയില്‍ പെടുത്തിയത്.

ജാപ്പനീസ്  ചിത്രകാരന്‍ ലൂക്കാ ഹസെഗാവാ
20-Ɔο നൂറ്റാണ്ടിലെ ആദ്യഘട്ടത്തില്‍ ജപ്പാനില്‍നിന്നും കടല്‍മാര്‍ഗ്ഗം ഇറ്റലിയില്‍ എത്തിയ ലൂക്കാ ഹസെഗാവാ (Luca Hasegawa) എന്ന ചിത്രകാരനാണ് സമുദ്രതീര പട്ടണമായ ചിവിത്തവേക്കിയയിലുള്ള ജപ്പാനിലെ രക്തസാക്ഷികളുടെ നാമത്തിലുള്ള ദേവാലയത്തിന്‍റെ പ്രധാന അള്‍ത്താരയുടെ ഒഴിഞ്ഞുകിടന്നിരുന്ന പശ്ചാത്തല ഭിത്തിയില്‍ ഒത്തയാള്‍ വലുപ്പത്തില്‍ ഉണ്ണിയെ കയ്യിലേന്തിയ കന്യകാനാഥയുടെ ചിത്രീകരണം നടത്തിയത്.  ഉണ്ണിയുടെ കൈയ്യിലെ പ്രാവ് ഈ അപൂര്‍വ്വ ചുവര്‍ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്.  കന്യകാനാഥയുടെ പാര്‍ശ്വങ്ങളിലായി, വലതുഭാഗത്ത് ജപ്പാന്‍റെ അപ്പോസ്തലനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെയും, ഇടതുഭാഗത്ത് ഇറ്റലിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെയും ചിത്രകാരന്‍ വരച്ചു ചേര്‍ത്തിരിക്കുന്നു.

ഒരു ചിത്രകാരന്‍റെ ആത്മീയ സമര്‍പ്പണം
1954 ഒക്ടോബര്‍ 10-ന് ദേവാലയം ആശീര്‍വ്വദിക്കാനെത്തിയ കലാസ്വാദകനായ കര്‍ദ്ദിനാള്‍ ചെല്‍സോ കോണ്‍സ്റ്റന്‍റീനി അന്നത്തെ പ്രഭാഷണത്തില്‍ പറഞ്ഞത്, യൂറോപ്പിലുള്ള കന്യകാനാഥയുടെ ചുവര്‍ ചിത്രീകരണങ്ങളില്‍ തനിമയാര്‍ന്നതും അതിമനോഹരവുമാണ് കിമോണോയണിഞ്ഞ കന്യകാനാഥയെന്നാണ്.  ദേവാലയത്തിന്‍റെ ചരിത്രരേഖകളില്‍  ഇക്കാര്യം  കുറിച്ചിരിക്കുന്നത് വത്തിക്കാന്‍റെ പത്രം ഉദ്ധരിച്ചു.  പാരിതോഷികമൊന്നും വാങ്ങാതെ തന്‍റെ ഒരു ആത്മീയ സമര്‍പ്പണമായി ഈ ചിത്രരചനകള്‍ കാഴ്ചവെച്ച കലാകാരന്‍, ലൂക്കാ ഹസെഗാവാ പറഞ്ഞത്, ദേവാലയത്തിലെ ചിത്രീകരണങ്ങളില്‍ സംഭവിച്ച തന്‍റെ കരങ്ങളുടെ ഓരോ ഛായം തേയ്ക്കലും (brush stroke) പ്രാര്‍ത്ഥനയായിരുന്നെന്നാണ്.  1951-1957 കാലയളവിലാണ്  ചിവിത്തവേക്കിയ  ദേവാലയത്തിലെ തന്‍റെ  സൃഷ്ടികള്‍ പൂര്‍ത്തിയാക്കിയത്. 1967-ലെ നവംബര്‍ മാസത്തില്‍ റോമാ നഗരത്തില്‍ മരണടഞ്ഞ ചിത്രകാരന്‍ ലൂക്ക ഹസെഗാവായെ അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം ചിവിത്തവേക്കിയയിലെ ദേവാലയ സെമിത്തേരിയില്‍ അടക്കം ചെയ്യുകയുണ്ടായി.

ലൂക്കാ ഹസെഗാവായുടെ മറ്റു സൃഷ്ടികള്‍
“ജപ്പാനിലെ രക്ഷസാക്ഷികളായ” പോള്‍ മിക്കിയും കൂട്ടുകാരും, ചിവിത്തവേക്കിയ നഗരത്തിന്‍റെ മദ്ധ്യസ്ഥയായ വിശുദ്ധ ഫെര്‍മീന, സഭയുടെ നെടുംതൂണുകളായ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാര്‍, വിശുദ്ധ യൗസേപ്പ്, ഈശോയുടെ തിരുഹൃദയം, പാദുവായിലെ അന്തോനീസ് എന്നിവരെയും ഇതേ ദേവാലയത്തിന്‍റെ മറ്റു ഭാഗങ്ങളിലായി  1951-1957 കാലയളവില്‍ ജീവിച്ച ലൂക്കാ ഹസെഗാവ ചിത്രീകരിച്ചിട്ടുണ്ട്.

ജപ്പാനിലെ ജനതയും  റോമിലെ സഭയും
ജാപ്പാനീസ് ജനതയും റോമിലെ സഭയും തമ്മിലുള്ള 5 നൂറ്റാണ്ടുകള്‍ക്കും അപ്പുറമുള്ള ദീര്‍ഘകാല ബന്ധത്തിന്‍റെ സാംസ്കാരികവും ആത്മീയവുമായ കണ്ണിയും സാക്ഷ്യവുമാണ് ലൂക്കാ ഹസെഗാവയുടെ കാലാതീതമായ കലാസൃഷ്ടികളെന്ന് വത്തിക്കാന്‍റെ ദിനപത്രം "ലൊസര്‍വത്തോരെ റൊമാനോ" അടിവരയിട്ടു പ്രസ്താവിച്ചു. റോമാ നഗരത്തില്‍നിന്നും 50 കി.മി. വടക്കു പടിഞ്ഞാറു ഭാഗത്ത് മെഡിറ്ററേനിയന്‍ തീരത്തുള്ള തുറമുഖ പട്ടണമാണ് ചിവിത്താവേക്കിയ.

cf. Chiesa dei santi martiri giapponesi, chivitavecchia, Italy.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 November 2019, 16:06