തിരയുക

BRAZIL-GASTRONOMY-PIRARUCU BRAZIL-GASTRONOMY-PIRARUCU 

ദൈവകരുണ തേടുന്ന സങ്കീര്‍ത്തനം

സങ്കീര്‍ത്തനം 85-ന്‍റെ പഠനം – അഞ്ചാമത്തെയും അവസാനത്തെയും ഭാഗം – പൊതുവായ അവലോകനം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സങ്കീര്‍ത്തനം 85-ന്‍റെ പഠനം - ഭാഗം 5

1. പൊതുവായ അവലോകം
ദൈവത്തിന്‍റെ കരുണയ്ക്കായ് യാചിക്കുന്ന ഗീതങ്ങളാണ് വിലാപഗീതങ്ങള്‍. അത് ഒരു വ്യക്തിയാവാം, അല്ലെങ്കില്‍ ഒരു സമൂഹമാവാം. ദൈവജനം അവരുടെ ക്ലേശങ്ങളില്‍ ദൈവത്തിന്‍റെ കരുണയ്ക്കായ് തിരുസന്നിധിയില്‍ കേഴുന്നു. അതിനാല്‍ ദൈവത്തിന്‍റെ കരുണ തേടുന്ന ഗീതമാണിത്. ജനത്തിന് പൊതുവായ കെടുതികളുണ്ട് - അത് പ്രകൃതി ക്ഷോഭമാകാം അല്ലെങ്കില്‍ കാലികമായ പകര്‍ച്ച വ്യാധികളാകാം. അപ്പോഴെല്ലാം അവര്‍ സമൂഹമായി ദൈവത്തിന്‍റെ കാരുണ്യത്തിനായി യാചിക്കുന്ന വികാരനിര്‍ഭരമായ വരികളാണ് സങ്കീര്‍ത്തനം 85.

2. കാരുണ്യത്തിനായി കേഴുന്ന ജനത്തിന്‍റെ ഗീതം
ബാബിലോണ്‍ വിപ്രവാസത്തില്‍നിന്നും ഇസ്രായേല്‍ ജനം മോചിതരായെങ്കിലും ജരൂസലേമില്‍ എത്തിയവര്‍ പുണ്യനഗരത്തിന്‍റെ തകര്‍ന്ന പശ്ചാത്തലവും, തങ്ങളുടെ ബലഹീതയും നിസ്സഹായതയും ചേര്‍ത്ത് ദൈവത്തില്‍ ശരണപ്പെടുന്നതാണ് വിലാപഗീതം, സങ്കീര്‍ത്തനം 85. പാപ്പാ ഫ്രാന്‍സിസ് 2015-ല്‍ പ്രഖ്യാപിച്ച്, സഭയില്‍ സംഘടിപ്പിച്ച അനിതരസാധാരണമായ കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം (Extraordinary Jubilee Year) ഓര്‍മ്മിക്കുന്നുണ്ടാകും! ദൈവത്തിന്‍റെ കാരുണ്യത്തിനായി ലോകത്തെ സകല വിശ്വാസികളെയും സമര്‍പ്പിച്ചുകൊണ്ട് സഭയെയും ക്രൈസ്തവ ജീവിതങ്ങളെയും നവീകരിക്കുവാനാണ് ജൂബിലി വര്‍ഷത്തിലൂടെ പാപ്പാ ആഹ്വാനംചെയ്തത്. “പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍” (ലൂക്കാ 6, 36). ഒരു സാമൂഹിക വിലാപത്തിന്‍റെ നല്ല ഉദാരഹണമാണ് കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ചത്.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം സെബി തുരുത്തിപ്പുറവും സംഘവും.

Musical Version of Psalm 85.
സങ്കീര്‍ത്തനം 85 – കരുണ തേടുന്ന വിലാപഗീതം

കരുണകാട്ടേണമേ നാഥാ,
കരുണ കാട്ടേണമേ! (2).
a കര്‍ത്താവായ ദൈവം അരുള്‍ചെയ്യുന്നത് ഞാന്‍ കേള്‍ക്കും
അവിടുന്നു തന്‍റെ ജനത്തിന് സമാധാനമരുളും
അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് രക്ഷ സമീപസ്ഥമാണ്
കര്‍ത്താവിന്‍റെ മഹത്വം നമ്മുടെ ദേശത്ത് കുടികൊള്ളും.
- കരുണകാട്ടേണമേ

3. ക്ലേശങ്ങളുടെ ആരംഭവും പ്രത്യാശയുടെ അന്ത്യവും
ഈ സങ്കീര്‍ത്തനം പ്രാര്‍ത്ഥിക്കുകയും ഉരുവിടുകയും ചെയ്യുമ്പോള്‍ മനസ്സിലാക്കാം, ഘടനയിലെ ആദ്യഭാഗം, 1-മുതല്‍ 7-വരെയുള്ള വരികള്‍ മനുഷ്യന്‍റെ വേദയുടെയും ക്ലേശങ്ങളുടെയും വികാരങ്ങള്‍ എണ്ണിപ്പറയുകയാണ്. രണ്ടാംഘട്ടം 8-മുതല്‍ 13-വരെയുള്ള വരികള്‍ അനുദിന ജീവിതത്തില്‍ മനുഷ്യന്‍റെ വിശ്വാസത്തെ ബലപ്പെടുത്തുകയും പ്രത്യാശ വളര്‍ത്തുകയും ചെയ്യുന്ന അനുഭവമാണ് നല്കുന്നത്. ബൈബിളിലെ ഉല്പത്തി പുസ്തകം വിവരിക്കുന്ന നോഹിന്‍റെ കഥ ഈ പഠനപശ്ചാത്തലത്തില്‍ അനുസ്മരണീയമാണ്. വിനാശത്തിന്‍റെ ജലപ്രളയത്തില്‍ മുങ്ങിത്താണ ജനം, മോചനത്തിനായി ദൈവത്തിന്‍റെ കൃപയും കാരുണ്യവും തേടുന്നു.

വരി 4 - ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ പുനരുത്ഥരിക്കണമേ!
വരി 7 - കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ!

4. പ്രത്യാശയുടെ പ്രതീകമായ പ്രാവും ഒലിവിലയും
ഈ നിലവിളിക്ക് ആധാരം, മുന്‍കാലങ്ങളി‍ല്‍ ദൈവം തന്‍റെ ജനത്തിനായി ചെയ്തിട്ടുള്ള കൃപാതിരേകങ്ങളായിരുന്നു. എന്നാല്‍ ഇന്നിന്‍റെ സാഹചര്യത്തില്‍ ജനം അനുഭവിക്കുന്ന വിനാശത്തിന്‍റെ ക്ലേശങ്ങളിലും പ്രതിസന്ധികളിലും ഉല്പത്തിപ്പുസ്തകത്തിലെ നോഹിന്‍റെ കഥയിലെ പ്രാവ് പ്രത്യാശയുടെ ചിഹ്നമായ ഒലിവിലയുമായി തിരിച്ചെത്തും. സമാധാനത്തിന്‍റെ സദ്വാര്‍ത്തയുമായി മനുഷ്യന്‍റെ യാതനകളില്‍ പ്രാവ് തിരിച്ചെത്തുന്നത് ഒരു ഈശ്വരവിശ്വാസിക്ക് ദൈവം നല്കുന്ന പ്രത്യാശയുടെയും പ്രതീക്ഷയുടെയും അടയാളമാണ്. അത് ദൈവം മനുഷ്യകുലത്തോടുതന്നെ കാണിക്കുന്ന കാരുണ്യത്തിന്‍റെ പ്രതീകമാണ് (ഉല്പത്തി 8, 11).
നാം പഠനവിഷയമാക്കിയിരിക്കുന്ന സങ്കീര്‍ത്തനം 85-ലെ 8-Ɔമത്തെ വരി ഈ ആശയം വ്യക്തമാക്കുന്നു.

കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും,
അവിടുന്നു തന്‍റെ ജനത്തിനു സമാധാനമരുളും (8).

Musical Version of Psalm 85.
b. കാരുണ്യവും വിശ്വസ്തതയും ആശ്ലേഷിക്കും
നീതിയും സമാധാനവും പരസ്പരം ചുംബിക്കും
ഭൂമിയില്‍ വിശ്വസ്ത മുളയെടുക്കും
നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും.
- കരുണകാട്ടേണമേ

5. വിശ്വാസത്തില്‍ വേരൂന്നുന്ന പ്രത്യാശ
പ്രവാചക വാഗ്ദാനങ്ങള്‍ ദൈവിക കാരുണ്യത്തിന്‍റെയും സമാധാനത്തിന്‍റെയും ഉറപ്പ് ജനത്തിന് നല്കുന്നു. തീര്‍ച്ചയായും വിശ്വാസത്തിന്‍റെ അരൂപിയുള്ളവര്‍ കര്‍ത്താവിന്‍റെ കാരുണ്യത്തിനായി കാത്തിരിക്കുകയും, അത് രക്ഷയുടെ ദാനമായി സ്വീകരിക്കുകയും ചെയ്യുന്നു.
അതിനാല്‍ ഇന്ന് ഈ സങ്കീര്‍ത്തനം പഠിക്കുകയും, പാടുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തിനും, ദൈവജനത്തിനും, സഭയ്ക്കും, നാടിനും, വീടിനുംവേണ്ടി പ്രാര്‍ത്ഥിക്കുന്ന അനുഭവമാണ് മനസ്സില്‍ ഉയര്‍ന്നുവരുന്നത്. കാരണം ഗായകന്‍ അവസാനത്തെ 5 വരികളില്‍, സങ്കീര്‍ത്തനം 85-ന്‍റെ രണ്ടാം ഘട്ടമായ 9-മുതല്‍ 13-വരെയുള്ള വരികളില്‍ ഈ ഉറപ്പാണു അനുവാചകര്‍ക്ക് നല്കുന്നത്.

വരികള്‍ 9 -13.
അവിടുത്തെ ഭയപ്പെടുന്നവര്‍ക്കു രക്ഷ സമീപസ്ഥമാണ്
മഹത്വം നമ്മുടെ ദേശത്തു കുടികൊള്ളും
കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും
നീതിയും സമാധാനവും പരസ്പരം ചുംബിക്കും
ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും
നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും
കര്‍ത്താവു നന്മ പ്രദാനംചെയ്യും
നമ്മുടെ ദേശം സമൃദ്ധമായ് വിളനല്കും
നീതി അവിടുത്തെ മുന്‍പില്‍നടന്ന് അവിടുത്തേയ്ക്കു വഴിയൊരുക്കും.

Musical Version of Psalm 85.
c അവിടുത്തെ മുന്‍പേ നടന്ന് വഴിയൊരുക്കും
നമ്മുടെ ദേശം സമൃദ്ധമായ് വിളനല്കും
നീതി അവിടുത്തെ മുന്‍പെ നടന്ന് വഴിയൊരുക്കും
കര്‍ത്താവിന്‍റെ നന്മ നമ്മുടെ ദേശത്ത് കുടികൊള്ളും.
- കരുണകാട്ടേണമേ

6. ഒരു ജനത്തിന്‍റെ കരച്ചില്‍ കേട്ട ചരിത്ര സംഭവം
ആമസോണിലെ തദ്ദേശിയ ജനതകളുടെ നീതിക്കും അവകാശങ്ങള്‍ക്കുവേണ്ടിയും, അവരുടെ ജീവിത ചുറ്റുപാടുകളായ മഴക്കാടുകളുടെ സമഗ്രപരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുമുള്ള മുറവിളിയ്ക്ക് ആഗോളസഭ നല്കിയ ക്രിയാത്മകവും, ദൈവാരൂപിയാല്‍ പ്രചോദിതവുമായൊരു പ്രതികരണവും പ്രത്യുത്തരവുമായിരുന്നു പാപ്പാ ഫ്രാന്‍സിസ് ഈ ഒക്ടോബര്‍, മിഷന്‍ മാസത്തില്‍ വിളിച്ചുകൂട്ടിയ ആമസോണ്‍ സിനഡ്.

7. ജനതയ്ക്കൊപ്പമുള്ള തീര്‍ത്ഥാടനം
നാം പഠനവിഷയമാക്കിയിരിക്കുന്ന സങ്കീര്‍ത്തനത്തിന്‍റെ പശ്ചാത്തലത്തില്‍ വീക്ഷിക്കുമ്പോള്‍, ഒരു ജനത്തിന്‍റെ കരച്ചില്‍ കേള്‍ക്കുന്ന സഭയുടെ രൂപമാണ് സിനഡില്‍ പ്രതിഫലിക്കുന്നത്. ആ ജനത്തിന്‍റെ രക്ഷയ്ക്കും, നീതിക്കും, അവകാശങ്ങള്‍ക്കും, അവരുടെ സമാധാനത്തിനും, അവര്‍ വസിക്കുന്ന ഭൂപ്രദേശത്തിന്‍റെ സംരക്ഷണത്തിനുമായി പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ സഭാപിതാക്കന്മാരും, തെക്കെ അമേരിക്കന്‍ രാജ്യങ്ങളിലെ അജപാലന നേതൃത്വവും, അല്‍മായ നേതാക്കളും ഒത്തൊരുമിച്ചു ചേരുകയും പ്രതിസന്ധികളും പ്രശ്നങ്ങളും പങ്കുവയ്ക്കുകയും സംവദിക്കുകയും ചെയ്ത ചരിത്ര സംഭവമാണ് ആമസോണ്‍ സിനഡ്. സങ്കീര്‍ത്തകന്‍ പരാമര്‍ശിക്കുന്ന രക്ഷയുടെ വാഗ്ദാനങ്ങളും, ദൈവത്തില്‍ ശരണപ്പെട്ടും പ്രത്യാശയര്‍പ്പിച്ചും ജീവിത തീര്‍ത്ഥാടനം തുടരുന്ന ഒരു തദ്ദേശ ജനസമൂഹത്തിന്‍റെ കരിച്ചിലാണ് ആമസോണ്‍ സിനഡു സമ്മേളനം ശ്രവിച്ചത്.

8. ദൈവസന്നിധിയില്‍ കരുണ തേടുന്ന ഗീതം
ക്രിസ്തുവില്‍ കേന്ദ്രീകൃതമായ നവമായ പാതകള്‍ ആമസോണിന്‍റെ അജപാലന മേഖലയില്‍ തുറക്കാനും, സമഗ്രമായൊരു ആമസോണ്‍ പരിസ്ഥിതിക്കായി ജനങ്ങളെയും രാഷ്ട്രനേതാക്കളെയും ലോകത്തെ തന്നെയും ഉണര്‍ത്തുവാനും പോരുന്ന പ്രായോഗിക നിഗമനങ്ങളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ എത്തിച്ചേരാന്‍ സിനഡു സമ്മേളനത്തിന് സാധിച്ചിട്ടുണ്ട്. തദ്ദേശീയരായ ആയിരങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നതും, അവരുടെയും തലമുറകളുടെയും മുന്നോട്ടുള്ള വിശ്വാസ പ്രയാണത്തില്‍ പ്രത്യാശ പകരുന്നതുമായ ദൈവിക രക്ഷയുടെ അടയാളമായിരുന്നു ആമസോണ്‍ സിനഡ്. 

സങ്കീര്‍ത്തനം 85-ന്‍റെ ഈ പൊതുവായ അവലോകനത്തില്‍ പറയാന്‍ സാധിക്കും,  ക്ലേശിക്കുന്ന ജനത്തിനുവേണ്ടി ദൈവസന്നിധിയില്‍ കാരുണ്യം തേടുന്ന ഗീതമാണ് സങ്കീര്‍ത്തനം 85! അതിനാല്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ കൈപ്പേറിയ സാഹചര്യങ്ങളില്‍ മനുഷ്യന്‍ ദൈവത്തില്‍ ശരണപ്പെടണം. ദൈവം തന്‍റെ ജനത്തിന്‍റെ കരച്ചില്‍ കേള്‍ക്കും, അവിടുന്ന് അവര്‍ക്കു രക്ഷപ്രദാനംചെയ്യും എന്ന ഉറപ്പും സങ്കീര്‍ത്തനപദങ്ങള്‍ ഇന്നും ആവര്‍ത്തിക്കുന്നു. അടിസ്ഥാനപരമായി രക്ഷയുടെ വാഗ്ദാനങ്ങളില്‍ ഉറച്ചു ജീവിക്കാനുള്ള പ്രചോദനമാണ് ഈ വിലാപഗീതത്തിന്‍റെ പഠനം നിങ്ങള്‍ക്കും എനിക്കും നല്കുന്നത്.

Musical Version of Ps. 85
കരുണകാട്ടേണമേ നാഥാ,
കരുണ കാട്ടേണമേ! (2).- കരുണകാട്ടേണമേ
 

29 October 2019, 13:38