തിരയുക

PERU-indigenous PERU-indigenous 

വൈവിധ്യങ്ങളെ തിരിച്ചറിയാം ആദരിക്കാം!

എന്‍റെയും നിങ്ങളുടെയും പൊതുവായുള്ള വിശ്വാസം നമ്മെ പരസ്പരം പ്രോത്സാഹിപ്പിക്കുമല്ലോ! (റോമ. 1, 12).

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ആമസോണ്‍ രാജ്യങ്ങളിലെ മെത്രാന്മാരുടെ സംഘടന - റീപാം
വൈവിധ്യങ്ങളിലും ആമസോണില്‍ ഐകരൂപ്യമുള്ള സഭ വാര്‍ത്തെടുക്കണം. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയില്‍ വൈവിധ്യങ്ങളെ തിരിച്ചറിയുകയും ആദരിക്കുകയും വേണം. “പൊതുഭവനമായ ആമസോണ്‍” എന്നപേരില്‍ പ്രവര്‍ത്തിക്കുന്ന ആമസോണ്‍ രാജ്യങ്ങളിലെ മെത്രാന്മാരുടെ സംഘടനയായ “റീപാമി”നുവേണ്ടി (Repam – Pan Amazon Catholic Network) പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പെദ്രൊ ബരേത്തൊ അഭിപ്രായപ്പെട്ടു.  ഒക്ടോബര്‍ 20 ഞായറാഴ്ച മിഷന്‍ ‍ഞായര്‍ ദിനത്തിലെ സായാഹ്നത്തില്‍ വത്തിക്കാന്‍ റോഡിയോയുടെ മാര്‍ക്കോണി ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ആമസോണിലെ മെത്രാന്മാര്‍ തദ്ദേശീയ വംശജരായ അജഗണങ്ങള്‍ക്കുവേണ്ടി പൊതുവായി സംസാരിക്കുകയും പ്രസ്താവന ഇറക്കുകയുംചെയ്തു.

2. ആമസോണ്‍ സിനഡിന്‍റെ ഒരുക്കങ്ങള്‍
ആമോസണ്‍ സിനഡിനുള്ള പ്രവര്‍ത്തനങ്ങള്‍ ആ പ്രവിശ്യയിലെ രാജ്യങ്ങളില്‍ മാത്രമല്ല, ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തില്‍ത്തന്നെ രണ്ടു വര്‍ഷംമുന്‍പ് ആരംഭിച്ചതാണ്. ലോകത്തുള്ള ധാരാളം കത്തോലിക്കര്‍ ആമസോണ്‍ പ്രവിശ്യയിലെ തദ്ദേശജനതകളുടെ വിമോചനത്തിനും അവരുടെ കെട്ടുറപ്പുള്ള ഒരു സഭാസംവിധാനത്തിനായുള്ള പരിശ്രമത്തെയും പിന്‍തുണയ്ക്കുന്നുണ്ട്. ആമസോണിന്‍റെ തദ്ദേശത്തനിമയും മുഖവുമുള്ള ഒരു സഭ കെട്ടിപ്പടുക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും പ്രായോഗികതയെക്കുറിച്ചും ആഗോളതലത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ ഉയരുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ആമസോണിന്‍റെ സത്തയും തനിമയും പേറുമ്പോഴും ആഗോളസഭയോടു എല്ലാവിധിത്തിലും ചേര്‍ന്നുനില്ക്കുന്നൊരു സഭയായിരിക്കും മഴക്കാടുകളില്‍ വളര്‍ന്നുവരുന്നത്. തദ്ദേശീയമായ ഒരു ആമസോണിയന്‍ സഭയ്ക്കുവേണ്ടിയുള്ള പ്രേഷിതയാത്രയില്‍, ആമസോണ്‍ രാജ്യങ്ങളിലെ മെത്രാന്മാരും, അല്‍മായ പ്രതിനിധികളും, വിദഗ്ദ്ധരും മെത്രാന്മാരുടെ സിനഡു സമ്മേളനത്തിലെ സഭാപിതാക്കന്മാരെയും സഹപ്രവര്‍ത്തകരെയും തങ്ങളുടെ സാന്നിദ്ധ്യവും സഹകരണവും കൊണ്ടു പിന്‍തുണയ്ക്കുകയാണെന്ന് പ്രസ്താവിച്ചു.

3. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന കൂട്ടായ്മ
ആമസോണ്‍ ഒരു പൊതുഭവനം – എന്ന പ്രസ്ഥാനം തെക്കു വടക്കന്‍ അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും വൈവിധ്യമാര്‍ന്ന സഭകളിലെ 30 സ്ഥാപനങ്ങളുടെ സമര്‍പ്പണവും ഐക്യവുമുള്ള കൂട്ടായ്മയാണ്. സമഗ്രമായൊരു ആമസോണിയന്‍ പരിസ്ഥിതിയും തദ്ദേശീയമായ ആത്മീയതയുമുള്ള സഭയും രൂപപ്പെടുത്തുവാനുള്ള സിനഡു സമ്മേളനത്തെ പ്രസ്ഥാനം ആത്മീയമായി പിന്‍താങ്ങുകയാണെന്ന് കൂട്ടായ്മയ്ക്കുവേണ്ടി കര്‍ദ്ദിനാള്‍ ബരേത്തോ പ്രസ്താവിച്ചു.

4. ആമസോണിന് എതിരായ നിലപാടുകള്‍
മതപരമായ അസഹിഷ്ണുത, വംശീയത, നിഷേധാത്മകമായ നിലപാടുകള്‍, കാഴ്ചപ്പാടുകള്‍ എന്നിവ വത്തിക്കാനില്‍ത്തന്നെ ഈ ദിനങ്ങളില്‍ ആമസോണ്‍ പൊതുഭവനത്തിന് എതിരായ ആക്രമണങ്ങളായി പ്രതിഫലിക്കുന്നുണ്ട്. ആമസോണിലെ തദ്ദേശജനതകളെയാണ് ഇത് സര്‍വ്വോപരി ബാധിക്കുന്നത്. മാത്രമല്ല, അവിടെ വളര്‍ന്നുവന്നിട്ടുള്ള പ്രാദേശീകമായൊരു സഭയെ നവീകരിക്കാനും, അവര്‍ക്കായി നവമായ പാതകള്‍ വെട്ടിത്തുറക്കാനുമുള്ള നീക്കങ്ങളെയാണ് നിഷേധാത്മകമായ നിലപാടുകള്‍ തടസ്സപ്പെടുത്തുന്നതെന്ന് റീപാമിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടി.

5. ക്രിസ്തുവുമായുളള കൂടിക്കാഴ്ചയിലെ വൈവിധ്യം
നിഷേധാത്മകമായ നിലപാടുകള്‍ ആവര്‍ത്തിച്ചാല്‍ അത് മോശമായ പ്രത്യാഘാതങ്ങള്‍ ആമസോണ്‍ സമൂഹത്തില്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. റീപാം സമാധാനപരമായ നീക്കങ്ങളിലും, പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്ന പ്രസ്ഥാനമാണ്. നിഷേധാത്മകമായ നിലപാടുകളോടു പ്രതികരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. പ്രസ്ഥാനത്തിന്‍റെ സുവിശേഷസമര്‍പ്പണത്തില്‍ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയില്‍ തങ്ങള്‍ വൈവിധ്യങ്ങളെ തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. ക്രിസ്തുവിന്‍റെ സുവിശേഷം ആരെയും മാറ്റിനിര്‍ത്താതെ എല്ലാവരെയും ആശ്ലേഷിക്കുന്നുണ്ട്. അതിനാല്‍ ആമസോണിയന്‍ പ്രവിശ്യ വൈവിധ്യമാര്‍ന്ന ജനതകളുടെ കൂട്ടായ്മയുള്ള ഒരു പൊതുഭവനമായും സഭയായും നിലനിര്‍ത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു. ജീവനെയും ആമസോണിനെയും സംരക്ഷിക്കാനുള്ള ഈ സംരംഭത്തില്‍ സന്മനസ്സുള്ള സകലരും ഐക്യത്തോടും നിശ്ചദാര്‍ഢ്യത്തോടുംകുടെ നില്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പ്രസ്താവന ഉപസംഹരിച്ചത്.

6. സുവിശേഷം എല്ലാവര്‍ക്കും!
എല്ലാം, എല്ലാവര്‍ക്കും എന്നെല്ലാം പറയുന്നതില്‍ ക്രിസ്തു ഒരിക്കലും മടപ്പുകാണിച്ചില്ല. കാരണം രക്ഷ എല്ലാവര്‍ക്കുമുള്ളതാണ്. അവിടുത്തെ രക്ഷിയില്‍നിന്നും ആരും ഒഴിവാക്കപ്പെട്ടിട്ടില്ല. അതിനാല്‍ നമ്മുടെ ഹൃദയങ്ങള്‍ ദൈവത്തിന് ഇഷ്ടമില്ലാത്ത സ്വാര്‍ത്ഥതയില്‍ അധിഷ്ഠിതമായ  പ്രത്യേകതകള്‍ക്കും, ആചാരങ്ങള്‍ക്കുമപ്പുറം പുറപ്പെട്ടു പോകേണ്ടതാണ്.
 

23 October 2019, 19:05