തിരയുക

Iconographic depiction of Christ, the teacher Iconographic depiction of Christ, the teacher 

ഹൃദയ പരിവര്‍ത്തനംവഴി ആര്‍ജ്ജിക്കേണ്ട വിശ്വാസം

ആണ്ടുവട്ടം 27-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം. വിശുദ്ധ ലൂക്കായുടെ സുവിശേഷം 17, 5-10.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആണ്ടുവട്ടം 27-Ɔο വാരം - സുവിശേഷചിന്തകള്‍

 

1. വിശ്വാസം വര്‍ദ്ധിപ്പിക്കണമേ!
ഇന്നത്തെ സുവിശേഷഭാഗത്ത് ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍, അവിടുത്തെ മുന്നില്‍ ഒരു അഭ്യര്‍ത്ഥന വയ്ക്കുകയാണ്. “കര്‍ത്താവേ, ഞങ്ങളുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കണമേ!” (ലൂക്കാ 17, 5). ഇത് ഇന്നും ആരുടെയും പ്രാര്‍ത്ഥനയാവാം. യേശുവേ, ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ! ഇപ്പോള്‍ ഇവിടെ നമുക്കും ആവര്‍ത്തിച്ച് പ്രാര്‍ത്ഥിക്കാവുന്നതാണ്.
നമ്മുടെ വിശ്വാസം ചെറുതാണ്, ലോലമാണ്. എങ്കിലും നാം അത് ദൈവത്തിനു സമര്‍പ്പിക്കുന്നു. അവിടുത്തേയ്ക്ക് അതിനെ വര്‍ദ്ധിപ്പിക്കുവാനും ബലപ്പെടുത്തുവാനും കരുത്തുണ്ട്. അതിനാല്‍ ഇന്നു നമുക്കും പ്രത്യേകം പ്രാര്‍ത്ഥിക്കാം, കര്‍ത്താവേ, അങ്ങു ഞങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തണമേ! ഞങ്ങളുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കണമേ!

2. കടുകുമണിയോളം വിശ്വാസം
ശിഷ്യന്മാരുടെ യാചനയോടുള്ള ക്രിസ്തുവിന്‍റെ പ്രതികരണം ശ്രദ്ധേയമാണ്. ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ ചെന്നു വേരുറയ്ക്കൂ, എന്നു പറഞ്ഞാന്‍ അതു നിങ്ങളെ അനുസരിക്കും (17, 6).
കടുകുമണി വളരെ ചെറുതാണ്. അതുപോലെ വിശ്വാസം ചെറുതും ലോലവുമാണെങ്കിലും ആത്മാര്‍ത്ഥവും സത്യസന്ധവുമാണെങ്കില്‍  അസാദ്ധ്യമായത് നേടാന്‍ നമുക്കു സാധിക്കും. അസാദ്ധ്യമായത് സാദ്ധ്യമാകും, അസംഭവ്യമായത് സംഭവ്യമാകുമെന്ന് ക്രിസ്തു ഉറപ്പുതരുന്നു.

3. വിനീതഭാവവും ത്യാഗവുമുള്ള വിശ്വാസം
നമ്മുടെ മാതാപിതാക്കളുടെ വിശ്വാസം ചിലപ്പോള്‍ അതിനു മാതൃകയാണ്. ജീവിതത്തില്‍ ‍എത്ര വലിയ ക്ലേശങ്ങള്‍ അവര്‍ക്കുണ്ടായാലും അവരതു സഹിക്കുന്നു. അവര്‍ അതു പുറത്തു കാട്ടുന്നില്ല. അതുപോലെ ചില രോഗികളെ കണ്ടിട്ടുണ്ട്, അവരുടെ വേദനകളെ ഒതുക്കി, തങ്ങളെ സന്ദര്‍ശിക്കുന്നവരോടും പരിചരിക്കുന്നവരോടും സന്തോഷത്തോടും പുഞ്ചിരിയോടുംകൂടെ പലപ്പോഴും പെരുമാറുന്നു, പ്രതികരിക്കുന്നു.

അവരുടെ വിശ്വാസമാണ് ആ സ്നേഹമുള്ളതും സഹനം ഒതുക്കിപ്പിടിക്കുന്നതുമായ പെരുമാറ്റത്തിനു പിന്നില്‍. ആഴമുള്ള വിശ്വാസമാണ് ആ സ്നേഹമുള്ള സഹനത്തിനും ആനന്ദത്തിനും പിന്നില്‍. ക്രിസ്തു സുവിശേഷത്തില്‍ അതു പറയുന്നുണ്ട്. “കല്പിക്കപ്പെട്ടതെല്ലാം ചെയ്തതിനുശേഷം, അല്ലെങ്കില്‍ ‍കടമകളെല്ലാം നിര്‍വ്വഹിച്ചതിനുശേഷം, ഞങ്ങള്‍ പ്രയോജനമില്ലാത്ത ദൈവദാസന്മാരാണെന്നു പറയുന്നു. ഞങ്ങള്‍ കടമ നിര്‍വ്വഹിച്ചതേയുള്ളൂ എന്നു പറയും” (17, 10). ഇതുപോലെ വളരെ വിനീതവും ശക്തവുമായ വിശ്വാസമുള്ളവര്‍ നമ്മുടെമദ്ധ്യേ ധാരാളമുണ്ട്.

4. മിഷണറിമാസം – വിശ്വാസസാക്ഷ്യത്തിന്‍റെ സമയം
ഒക്ടോബര്‍ 2019, ഈ മാസം ആഗോളസഭ മിഷണറി മാസമായി ആചരിക്കുകയാണ്. ചരിത്രപരമായി 1919-ല്‍ ബെനഡിക്ട് 15-Ɔമന്‍ പാപ്പാ ആഗോള സഭയുടെ സുവിശേഷതീക്ഷ്ണത വര്‍ദ്ധിപ്പിക്കുവാനും സകല ജനതകളോടും ക്രിസ്തുവിന്‍റെ സുവിശേഷം പ്രഘോഷിക്കണം എന്ന് ഓര്‍പ്പിക്കുന്നതിനുമായി നടത്തിയ ആഹ്വാനം, അപ്പസ്തോലിക ലിഖിതം Maximum Illud പ്രബോധിപ്പിച്ചതിന്‍റെ 100-Ɔο വാര്‍ഷികമാണിത്. സുവിശേഷപ്രഘോഷണം എക്കാലത്തും ഏറെ തടസ്സങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വിശ്വാസത്തെയും സുവിശേഷത്തെയുംപ്രതി എത്രയോ പേരാണ് ജീവന്‍ സമര്‍പ്പിച്ചിട്ടുള്ളത്. വിശ്വാസത്തെപ്രതി ജീവന്‍ സമര്‍പ്പിച്ചിട്ടുള്ളവരെയാണ്  നാം സഭയിലെ രക്തസാക്ഷികളായി വണങ്ങുന്നത്.

5. ദൈവികജീവന്‍റെ സാക്ഷികള്‍
ഇന്നത്തെ രണ്ടാം വായനയില്‍ പൗലോസ് അപ്പസ്തോലന്‍ തിമോത്തിയോസിനോടു പറയുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാണ്. “നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്കുന്നതില്‍ നീ ലജ്ജിക്കരുത്. ദൈവത്തിന്‍റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് അവിടുത്തെ സുവിശേഷത്തെപ്രതിയുള്ള ക്ലേശങ്ങളില്‍ പങ്കുവഹിക്കുക” (2 തിമോത്തി 1, 8). ഇത് നിങ്ങള്‍ക്കും എനിക്കുമുള്ള ആഹ്വാനമാണ്. എല്ലാവര്‍ക്കുമുള്ള ആഹ്വാനമാണ്. നമ്മുടെ വിശ്വാസത്താലും, ക്രിസ്തുവിലുള്ള വിശ്വാസത്താലും അനുദിനം നാം ദൈവത്തിന്‍റെ സാക്ഷികളാകേണ്ടവരാണ്. ദൈവിക ജീവന്‍റെ സാക്ഷികളാകേണ്ടവരാണ്. വിശ്വാസം ലഘുവാണെങ്കിലും, നമുക്കത് ശക്തമാക്കിയെടുക്കാം. ഈ ലളിതമായ ശക്തിയാണ് ക്രിസ്തുവിനു സാക്ഷ്യംവഹിക്കാന്‍ നമുക്കു കരുത്തേകുന്നത്. അനുദിന ജീവിതചുറ്റുപാടുകളി‍ല്‍ സല്‍പ്രവൃത്തികളിലൂടെയാണ് നാം വിശ്വാസത്തിനു സാക്ഷ്യം വഹിക്കേണ്ടത്.

6. വിശ്വാസത്തെ ബലപ്പെടുത്തുന്ന പ്രാ‍ര്‍ത്ഥന
വിശ്വാസത്തെയും ജീവിതസാക്ഷ്യത്തെയും ബലപ്പെടുത്താന്‍ സഹായകമാകുന്ന ഘടകം പ്രാര്‍ത്ഥനയാണ്. അങ്ങനെ ദൈവത്തില്‍നിന്നും പ്രാര്‍ത്ഥനയിലൂടെ നാം ആര്‍ജ്ജിച്ച് എടുക്കേണ്ടതാണ് വിശ്വാസം. അതുകൊണ്ടാണ്, മിഷണറിമാസമായ ഒക്ടോബര്‍ പ്രാര്‍ത്ഥനയിലും സദ്പ്രവൃത്തികളിലും അനുഷ്ഠിക്കണമെന്നു പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചത്. പ്രാര്‍ത്ഥന വിശ്വാസത്തിന്‍റെ നിശ്വാസമാണ്. അത് ദൈവവുമായുള്ള സ്നേഹത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും ബന്ധമാണ്. ഒപ്പം അത് ദൈവവുമായുള്ള ആത്മാവിന്‍റെ സംവാദവുമാണ്. ഒക്ടോബര്‍ മാസം സഭയില്‍ പ്രത്യേകം ജപമാലസമര്‍പ്പണം ആചരിക്കുന്നു. പരിശുദ്ധ കന്യകാനാഥയോടു ചേര്‍ന്ന് ദൈവികരഹസ്യങ്ങള്‍ ധ്യാനിക്കുന്ന സവിശേഷമായ ദിനങ്ങളാണിത്. ജപമാല അതിനാല്‍ പ്രാര്‍ത്ഥനയുടെ വിദ്യാലയമാണെന്നു പറയാം, അത് വിശ്വാസത്തിന്‍റെയും വിദ്യാലയമാണ്.

7. പതറാത്ത പ്രത്യാശയുള്ള വിശ്വാസം
ഇന്നത്തെ ആദ്യവായനയില്‍ ഹാബക്കുക് പ്രാവചകന്‍റെ വിലാപമാണ്, ദൈവമേ, അങ്ങ് എത്രനാള്‍ ജനത്തിന്‍റെ നിലവിളി കേള്‍ക്കാതിരിക്കും (ഹാബ. 1, 2). ഇസ്രായേലിലെ അതിക്രമങ്ങളും കലഹവും മൂലം നഷ്ടമായ സമാധാനവും നീതിയും പുനര്‍സ്ഥാപിക്കണമെന്നാണ് പ്രവാചകന്‍ യാചിക്കുന്നത്. എന്നാല്‍ ദൈവം അത്ഭുതകരമായ ഇടപെടലുകള്‍ ഒന്നുമില്ലാതെ, ക്ഷമാപൂര്‍വ്വം പ്രത്യാശാ പൂര്‍ണ്ണവുമായൊരു പ്രതിവിധിയിലേയ്ക്കാണ് ജനത്തെ നയിക്കുന്നത്. പ്രത്യാശ കൈവെടിയാതെ ദൈവത്തില്‍ ശരണപ്പെടുവാനും, പ്രത്യാശപൂര്‍വ്വം പ്രാര്‍ത്ഥിക്കുവാനുമാണ് പ്രവാചകന്‍വഴി ദൈവം ആവശ്യപ്പെടുന്നത് – ഇതും വിശ്വാസമാണ്.

8. ദൈവം ആഗ്രഹിക്കുന്ന മനുഷ്യന്‍റെ മാനസാന്തരം
ദൈവം ലോകത്തെ അട്ടിമറിക്കുന്നില്ല. മറിച്ച് അവിടുന്ന് പ്രധാനമായും ആഗ്രഹിക്കുന്നത് വ്യക്തിപരിവര്‍ത്തനമാണ്. നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങള്‍ രൂപാന്തരപ്പെടുത്തുവാനും, സൗഖ്യപ്പെടുത്തുവാനുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത് (ഹാബ. 2, 4). ദൈവം മനുഷ്യഹൃദയങ്ങളില്‍ പ്രവേശിക്കുവാനും, ഹൃദയകവാടങ്ങള്‍ തുറക്കുവാനും ആഗ്രഹിക്കുന്നുണ്ട്. നമ്മില്‍ പ്രവേശിക്കുന്ന ദൈവത്തിന്‍റെ വിജയമാണ് മനുഷ്യഹൃദയങ്ങളുടെ രൂപാന്തരീകരണംവഴി ആര്‍ജ്ജിക്കുന്ന വിശ്വാസം. ദൈവത്തില്‍നിന്നും ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. അപ്പോള്‍ ലോകത്തിന്മേലുള്ള വിജയമാണ് – വിശ്വാസം.... യേശു ദൈവപുത്രനാണെന്ന വിശ്വാസം!!

9. ജീവിതത്തിന്‍റെ ഊടും പാവുമായ വിശ്വാസവും സേവനവും
ക്രിസ്തുവിലുള്ള വിശ്വാസത്തിന് ഒരു പ്രായോഗികമായ ശുശ്രൂഷയുടെ മാനമുണ്ടെന്ന് ഇന്നത്തെ സുവിശേഷം പഠിപ്പിക്കുന്നു. വയലിലെ ജോലി കഴിഞ്ഞെത്തുന്ന ദാസന്‍ ഉടനെ യജമാനനോടൊപ്പം ഭക്ഷണം കഴിക്കുകയല്ല, മറിച്ച് അയാള്‍ അരമുറിക്കി യജമാനനെ പരിചരിക്കുന്നു. കാരണം കല്പിക്കപ്പെട്ടവയെല്ലാം വിശ്വസ്തതയോടെ നിര്‍വ്വഹിക്കാന്‍ വിളിക്കപ്പെട്ടവനാണ് ദാസന്‍, കടമ നിര്‍വ്വഹിക്കേണ്ടവന്‍! ഇത് വിശ്വാസത്തിലുള്ള ശുശ്രൂഷയുടെയും സേവനത്തിന്‍റെയും പ്രതീകമാണ്.

അതിനാല്‍ വിശ്വാസവും സേവനവും വേര്‍തിരിക്കാനാവില്ല. അത് ഒരു പരവതാനിയിലെ ഊടും പാവുംപോലെ ഇണങ്ങിപ്പോകേണ്ടതാണ്. വിശ്വാസവും സേവനവും കോര്‍ത്തിണക്കിയാണ് നന്മയുടെ പരവതാനി ജീവിതത്തില്‍ നാം മെനഞ്ഞെടുക്കേണ്ടത്. വിശ്വാസത്തോടു സേവനം കൂട്ടിയിണക്കുന്നതാണ് ജീവിതസാക്ഷ്യം. അങ്ങനെയാണ് അസാദ്ധ്യവും അത്ഭുതകരവുമായ കാര്യങ്ങള്‍ നാം ജീവിതത്തില്‍ നേടിയെടുക്കുന്നത്. വിശ്വാസം വളരുന്നതും പക്വമാര്‍ജ്ജിക്കുന്നതും, ബലപ്പെടുന്നതും സേവനത്തിന്‍റെ പാതയിലാണ്.

10 ക്രിസ്തുവിന്‍റെ സ്വയാര്‍പ്പണ മാതൃക
സേവനം നമ്മുടെ കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍ മാത്രമല്ല, അത് മൗലികമായ ലഭ്യതയാണ്. തന്‍റെ കടമകള്‍ക്കുമപ്പുറം നന്മചെയ്യാന്‍ അരമുറുക്കി പുറപ്പെടുന്ന ദാസന്‍റെ രൂപമാണ് മാതൃകയായി ഈശോ സുവിശേഷത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഇവിടെ ക്രിസ്തുവിന്‍റെ ദാസ്യരൂപം പ്രകടമാണ്. സേവിക്കുകയും ജീവന്‍ സമര്‍പ്പിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ ദാസ്യരൂപം (മര്‍ക്കോസ് 10, 45). അവിടുത്തെ അനുസരിക്കാനും അനുഗമിക്കാനുമാണ് ക്രിസ്തു നമ്മോട് ആഹ്വാനംചെയ്യുന്നത്. എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ! (യോഹ. 12, 26). ക്രിസ്ത്വാനുകരണം സ്നേഹമാണ്. സ്നേഹം വിശ്വാസത്തിന്‍റെ ഫലമാണ്. സ്നേഹത്തിന്‍റെ ഫലം സേവനവുമാണ്.

11. കേരളത്തിന്‍റെ നവവിശുദ്ധ മറിയം ത്രേസ്യ
കുടുംബങ്ങള്‍ക്കൊരു മദ്ധ്യസ്ഥ

ഒക്ടോബര്‍ 13-ന് വീണ്ടും കേരളത്തില്‍ കുഴിക്കാട്ടുശ്ശേരീലെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ പാപ്പാ ഫ്രാന്‍സിസ് മറ്റു നാലു വാഴ്ത്തപ്പെട്ടവര്‍ക്കൊപ്പം വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തുകയാണ്. കടുകുമണിപോലെ ലളിതമായ തന്‍റെ വിശ്വാസം കുടുംബങ്ങളെ സ്നേഹിച്ചും സേവിച്ചും വര്‍ദ്ധിപ്പിച്ച പുണ്യവതിയാണ് മറിയം ത്രേസ്യ.
വിശ്വാസം എപ്രകാരം സേവനത്തിലൂടെ സ്നേഹമായും ജീവിതസമര്‍പ്പണമായും പരിണമിക്കുന്നെന്ന് പുണ്യവതി നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ, വിശ്വാസത്തെ ബലപ്പെടുത്തണമേ.. അത് സ്നേഹമായും സേവനമായും ജീവിതത്തില്‍ പകര്‍ത്താനുള്ള കൃപ നല്കണമേയെന്ന് നവവിശുദ്ധ മറിയം ത്രേസ്യയുടെ മദ്ധ്യസ്ഥം ഇന്നാളില്‍ പ്രാര്‍ത്ഥിക്കാം!

ഗാനമാലപിച്ചത് കുട്ടിയച്ചനാണ്. രചനയും സംഗീതവും സണ്ണിസ്റ്റീഫന്‍.


 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 October 2019, 14:06