തിരയുക

2019.06.28 Cristo - artemosaico di Rupnik sj 2019.06.28 Cristo - artemosaico di Rupnik sj 

മുട്ടിപ്പായ പ്രാര്‍ത്ഥന : ദൈവവുമായൊരു വെല്ലുവിളി

ആണ്ടുവട്ടം 29-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍നിന്ന് 18, 1-മുതല്‍ 8-വരെ വാക്യങ്ങള്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആണ്ടുവട്ടം 29-Ɔο വാരം സുവിശേഷചിന്തകള്‍

1. ഒക്ടോബര്‍ 20 മിഷന്‍ ഞായര്‍
ഒക്ടോബര്‍ 20-ന് നാം മിഷന്‍ ഞായര്‍ ആചരിക്കുകയാണ്. 2019 ഒക്ടോബര്‍ മാസം പാപ്പാ ഫ്രാന്‍സിസ് ഒരു അസാധാരണ പ്രേഷിതമാസമായി പ്രഖ്യാപിച്ചിരുന്നത് നമുക്കറിയാം. സഭയുടെയും ഓരോ ക്രൈസ്തവന്‍റെയും മിഷണറിദൗത്യം അനുസ്മരിക്കുകയും, നവീകരിക്കുകയും ചെയ്യാനുള്ള സമയമാണിത്. ലോകം മുഴുവനും ക്രിസ്തുവിനെയും, അവിടുത്തെ സുവിശേഷവും അറിയിക്കുക. അങ്ങനെ രക്ഷയുടെ സദ്വാര്‍ത്ത സകലരും ശ്രവിക്കണം എന്നതാണ് ഈ മിഷന്‍ ഞായറിന്‍റെ പൊരുള്‍.

2. പ്രേഷിത തീക്ഷ്ണതയ്ക്കായി പ്രാര്‍ത്ഥിക്കാം!
സ്വന്തം പരിശ്രമംകൊണ്ട് മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് ഹൃദയം നല്കാന്‍ ഒരു സാധാരണ മനുഷ്യന്, ക്രൈസ്തവനു സാധിക്കണമെന്നില്ല. എന്നാല്‍ പ്രേഷിത തീക്ഷ്ണതയ്ക്കായി നമുക്കു പ്രാര്‍ത്ഥിക്കാന്‍ സാധിക്കും. മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥയായ കൊച്ചുത്രേസ്യ പുണ്യവതി ചെയ്തത് ശ്രദ്ധേയമാണ്. താന്‍ ഒരു മിഷണറിയായില്ലെങ്കിലും, മരണംവരെ മിഷനും മിഷണറിമാര്‍ക്കുവേണ്ടിയും നിരന്തരമായി പ്രാര്‍ത്ഥിച്ചു - ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ! കവിയും പണ്ഡിതനുമായ ആര്‍ച്ചുബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍  ഈ പുണ്യവതിയോടുള്ള സ്തുതിപ്പില്‍ കുറിച്ച വരികള്‍ മനോഹരമാണ് :
“ ഉണ്ണീശോതന്‍ കണ്ണിലുണ്ണിയായ് മിന്നിടും കൊച്ചുത്രേസ്യായേ....!
പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായെന്നും നന്മതന്‍ പൂക്കള്‍ തൂകിയും !”

3. മുട്ടിപ്പായ പ്രാര്‍ത്ഥന ദൈവവുമായൊരു വെല്ലുവിളി
ഇന്നത്തെ സുവിശേഷവും മറ്റു രണ്ടു വായനകളും പ്രാര്‍ത്ഥനയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഈ വായനകള്‍ ഒരു വിധത്തില്‍ എന്നെയും നിങ്ങളെയും വെല്ലുവിളിക്കുകയാണ്. മുട്ടിപ്പായ പ്രാര്‍ത്ഥന ദൈവവുമായുള്ള വെല്ലുവിളിയാണ്. വിശുദ്ധാത്മാക്കള്‍  മുട്ടിപ്പായി പ്രാര്‍ത്ഥിച്ചവരാണ്. പ്രാര്‍ത്ഥനയിലൂടെ ജീവിതവിജയം കൈവരിച്ചവരാണ്. തീക്ഷ്ണതയോടെയും കരുത്തോടെയും പ്രാര്‍ത്ഥിച്ചവര്‍ ജീവിതവിജയം നേടി. വിധവയുടെ മുട്ടിപ്പായ പ്രാര്‍ത്ഥനയ്ക്ക് കാര്‍ക്കശ്യക്കാരനായ ന്യായാധിപന്‍, ദൈവം പ്രതിസമ്മാനം നല്കുന്ന ക്രിസ്തു പറഞ്ഞ കഥ ഇന്നത്തെ സുവിശേഷത്തില്‍ നാം ശ്രവിക്കുന്നുണ്ട്.

4. മോശ  പ്രാര്‍ത്ഥനയുടെ മനുഷ്യന്‍
ആദ്യവായനയില്‍ മോശയെയാണ് ചിത്രീകരിച്ചിരിക്കുന്നത്. മോശ പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു, ദൈവിക പുരുഷനായിരുന്നു. ഇസ്രായേല്‍ ജനം തങ്ങളുടെ പുറപ്പാടിന്‍റെ വഴിയില്‍ അമലക്കേയരുമായി യുദ്ധംചെയ്യുന്നു (പുറപ്പാട് 17, 8-13). അപ്പോള്‍ മലമുകളില്‍ കരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുനിന്ന് ഇസ്രായേലിന്‍റെ വിജയത്തിനായി മോശ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയായിരുന്നു. സമയം നീളുവോളം മോശയുടെ കരങ്ങള്‍ മെല്ലെ താണു താണുപോകുന്നു. കൈകള്‍ താഴുന്നതിന് അനുസരിച്ച് പ്രാര്‍ത്ഥനയുടെ തീക്ഷ്ണതയും കുറയുന്നു. ഇസ്രായേല്‍ മെല്ലെ പരാജിതരാകുന്നു. ഉടനെ സമൂഹത്തിന്‍റെ നേതാക്കളായിരുന്ന ആരോണും ഊറും ഓടിച്ചെന്ന് മോശയെ പിടിച്ച് ഒരു കല്ലിന്മേല്‍ ഇരുത്തിയിട്ട്, അദ്ദേഹത്തിന്‍റെ കരങ്ങള്‍, അവര്‍ താങ്ങിപ്പിടിച്ചു. അവസാനം ഇസ്രായേല്‍ വിജയിക്കുംവരെ, പരവശനെങ്കിലും, ക്ഷീണിതനെങ്കിലും മോശ ദൈവസന്നിധിയില്‍ തന്‍റെ ജനത്തിന്‍റെ രക്ഷയ്ക്കുവേണ്ടി സഹോദരങ്ങളുടെ സഹായത്തോടെ അധരങ്ങള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നും. ദൈവം ആ പ്രാര്‍ത്ഥന കേള്‍ക്കുന്നു. ഇസ്രായേല്‍ വിജയം വരിച്ചതായി പുറപ്പാടു ഗ്രന്ഥം രേഖപ്പെടുത്തിയിരിക്കുന്നു.

5. വിജയിക്കാന്‍ യുദ്ധം ചെയ്യരുത്! 
ക്രിസ്തുവിന്‍റെ ആത്മീയത യുദ്ധം ചെയ്യലല്ല, പ്രാര്‍ത്ഥനയിലും സമാധാന വഴികളിലുമാണ്. യുദ്ധംചെയ്തല്ല നാം വിജയിക്കേണ്ടത്, സമാധാനവഴികള്‍ കൊണ്ടും, പ്രാര്‍ത്ഥനകൊണ്ടും, സത്യത്തിന്‍റെയും നീതിയുടെയും വഴികളിലൂടെയുമായാണ്. ചിലപ്പോള്‍ സംവാദത്തിന്‍റെ വഴികളിലൂടെയാണ്. മോശയുടെ കഥയില്‍ വളരെ ശക്തമായൊരു സന്ദേശമുണ്ട്. നിരന്തരവും മുട്ടിപ്പായുമുള്ള പ്രാര്‍ത്ഥനയില്‍ കൂട്ടായ്മയും സഹോദരങ്ങളുടെ പങ്കുചേരലും പിന്‍തുണയുമുണ്ടെന്നതാണ്. നിരന്തരമായ പ്രാര്‍ത്ഥനയില്‍ ക്ഷീണവും വിരസതയും തീര്‍ച്ചയാണ്. മുന്നോട്ടുപോകാന്‍ പറ്റാത്ത അനുഭവമുണ്ടാകാം. എന്നാല്‍ പുറപ്പാടു ഗ്രന്ഥം പറയുന്ന ആരോണിനെയും ഊറിനെയുംപോലെ സഹോദരങ്ങള്‍ പിന്‍താങ്ങുമ്പോള്‍ പ്രാര്‍ത്ഥനയ്ക്ക് ഉത്സാഹം ലഭിക്കുന്നു, സ്ഥിരോത്സാഹവും തീവ്രതയും ലഭിക്കുന്നു. അപ്പോള്‍ പ്രാര്‍ത്ഥനയിലൂടെ ദൈവികപദ്ധതി നമ്മില്‍ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യും.

6. പ്രാര്‍ത്ഥനയ്ക്ക് ആവശ്യമായ സ്ഥിരത
താന്‍ പഠിപ്പിച്ചിട്ടുള്ളതും ഉറപ്പായി വിശ്വസിക്കുന്നതുമായ കാര്യങ്ങളില്‍ ഉറച്ചുനില്ക്കുവാന്‍ പൗലോസ് അപ്പോസ്തോലന്‍, ഇന്നത്തെ രണ്ടാമത്തെ വായനയില്‍ സഹപ്രവര്‍ത്തകനും ശിഷ്യനുമായ തിമോത്തിയോട് ആവശ്യപ്പെടുന്നു (2 തിമോത്തി 3, 14). എന്നാല്‍ തിമോത്തിക്ക് ഇത് സ്വമേധയാ ചെയ്യാന്‍ സാധിക്കാതെ പോകുന്നു. സ്ഥിരോത്സാഹത്തോടെയും മുട്ടിപ്പായും പ്രാര്‍ത്ഥിക്കണമെന്നാണ് ഈ വചനഭാഗം നമ്മെ പഠിപ്പിക്കുന്നത്. “ഭഗ്നാശരാകാതെ പ്രാര്‍ത്ഥിക്കുവിന്‍ (18, 1). ഇതാണ് ക്രിസ്തു പഠിപ്പിക്കുന്ന പ്രാര്‍ത്ഥനയുടെ രീതി. അതായത് ജീവിതസാക്ഷ്യത്തിലും വിശ്വാസത്തിലും ഉറച്ചുനില്ക്കുന്നതിന് നാം അക്ഷീണം പ്രാര്‍ത്ഥിക്കണമെന്നാണ് അവിടുന്നു ആവശ്യപ്പെടുന്നത്.

7. പ്രാര്‍ത്ഥനയുടെ സാമൂഹിക മാനം
“ദൈവമേ, ഞങ്ങള്‍ എങ്ങനെയാണ് അക്ഷീണരായി പ്രാര്‍ത്ഥിക്കുന്നത്? ഞങ്ങള്‍ മനുഷ്യരല്ലേ, മോശപോലും പ്രാര്‍ത്ഥനയില്‍ ക്ഷീണതനായി തളര്‍ന്നുപോയില്ലേ?” ഇതു ശരിയാണ്. എന്നാല്‍ ഓര്‍ക്കേണ്ട്, വിശ്വാസ ജീവിതത്തിന്‍റെ പശ്ചാത്തലത്തില്‍ നാം ഒറ്റയ്ക്കല്ല പ്രാര്‍ത്ഥിക്കുന്നത്. നമ്മെ സഹായിക്കാന്‍ ഒരു സമൂഹമുണ്ട്, സഭാകൂട്ടായ്മയുണ്ട്, കുടുംബമുണ്ട്, സഹോദരങ്ങളുണ്ട്. സഭാമക്കളുടെ കരങ്ങള്‍ അനുദിനം ലോകത്തിന്‍റെ ഏതു മുക്കിലും മൂലയിലും, രാവും പകലും പ്രാര്‍ത്ഥനയില്‍ ദൈവസന്നിധിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു. അതിനാല്‍,  സഭയില്‍ നമുക്കുള്ള ഉത്ഥിതനായ  ക്രിസ്തുവിന്‍റെയും ദൈവാരൂപിയുടെയും സാന്നിദ്ധ്യം മറക്കാവുന്നതല്ല. അങ്ങനെ സഭാസമൂഹത്തിലൂടെയും സഭയുടെ പ്രാര്‍ത്ഥനയിലൂടെയും നമുക്ക് നിരന്തരവും പതറാത്തതുമായ വിശ്വാസത്തിലും ജീവിത സാക്ഷ്യത്തിലും അനുദിനം വളരാനാകും.

8. പ്രാര്‍ത്ഥനയിലെ പരിശുദ്ധാത്മ സാന്നിദ്ധ്യം
“രാവും പകലും തന്നെ വിളിച്ചപേക്ഷിക്കുന്ന തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന് അതിനു കാലവിളംബരം വരുത്തുമോ? അവര്‍ക്ക് അവിടുന്നു നീതി നടപ്പാക്കിക്കൊടുക്കും!” (18, 7). ഇന്നത്തെ സുവിശേഷഭാഗത്ത് ക്രിസ്തു നമുക്കു നല്കുന്ന വാഗ്ദാനമാണിത്. അതിനാല്‍ പ്രാര്‍ത്ഥനയില്‍ നാം പതറരുത്, പിന്മാറരുത്! ഇനി ക്ഷീണിതരാവുകയാണെങ്കില്‍ത്തന്നെ നമ്മുടെ അധരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സഹായിക്കുവാനും സഹോദരങ്ങളോടു ആവശ്യപ്പെടാമെന്നാണ് പരിശുദ്ധാത്മാവിലൂടെ ക്രിസ്തു നമ്മെ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത്.

9. പ്രാര്‍ത്ഥന  ഒളിച്ചോട്ടമാകരുത്!
സുരക്ഷിതവും സൗകര്യപ്രദവുമായ, അല്ലെങ്കില്‍ എല്ലാം തികഞ്ഞ ആദര്‍ശപരമായ ഒരു ചുറ്റുപാടില്‍ അഭയം തേടുന്നതല്ല പ്രാര്‍ത്ഥന. വ്യാജമായ സുരക്ഷിതത്വത്തിലേയ്ക്കുള്ള ഒളിച്ചോട്ടമല്ലത്. സ്വാര്‍ത്ഥതയുടെ സ്വകാര്യമായ പ്രശാന്തതയില്‍ പതിയിരിക്കുന്നതുമല്ല പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയില്‍ ഒരു സംഘര്‍ഷമുണ്ട്. അതിനാല്‍ പ്രാര്‍ത്ഥിക്കുക എന്നാല്‍ ക്ലേശിക്കുക, കഷ്ടപ്പെടുക എന്നുകൂടെ അര്‍ത്ഥമുണ്ട്. എന്നാല്‍ ഒരു മനുഷ്യന്‍റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന ആ വ്യക്തിയുടെ കഷ്ടപ്പാടിന്‍റെയും, സങ്കടപ്പെടലിന്‍റെയും, വേദനയുടെയും വിഷമങ്ങളുടേയും പ്രതിധ്വനിയാണ്. ദൈവാത്മാവിന്‍റെ സാന്നിദ്ധ്യം അതിലുണ്ട്. നമ്മെ പ്രാര്‍ത്ഥിക്കാന്‍ ഉത്തേജിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. അവിടുന്നാണ് ദൈവമക്കളായ നമ്മെ, മകനെയും മകളെയുംപോലെ പ്രാര്‍ത്ഥനയ്ക്കു പ്രേരിപ്പിക്കുന്നത്. പതിവായി കേള്‍ക്കാറുള്ളൊരു പ്രാര്‍ത്ഥനയ്ക്കുള്ള അഭ്യര്‍ത്ഥനയാണ്, ഇറ്റാലിയന്‍ ഭാഷയില്‍... “Non dimendicate di pregate per me!”. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതേയെന്ന് കുഞ്ഞുങ്ങളോടും പ്രായമായവരോടും പാവങ്ങളോടും ഒരുപോലെ എളിയോടെ അഭ്യര്‍ത്ഥിക്കുന്നൊരു മനുഷ്യന്‍..., ആഗോളസഭയുടെ പരമാദ്ധ്യക്ഷന്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ യാചനയാണത്!

10. വിശുദ്ധാന്മാക്കള്‍ ചൂണ്ടിക്കാണിക്കുന്ന പ്രാര്‍ത്ഥനയുടെ മാതൃക
പ്രാര്‍ത്ഥിക്കാനും ധ്യാനിക്കാനുമുള്ള പുണ്യാത്മാക്കളുടെ നിരന്തരമായ പരിശ്രമത്തില്‍ അവര്‍ വിജയിക്കുന്നു. അവരുടെ പരിശ്രമം വിജയിക്കുന്നതിലും ഉപരി ദൈവമാണ്, ദൈവാത്മാവാണ് അവരെ വിജയത്തിലേയ്ക്കു നയിക്കുന്നത്. അവരുടെ വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും നിരന്തരമായ പോരാട്ടമാണ് അവസാനം അവരെ വിശുദ്ധിയുടെ മകുടം ചൂടിക്കുന്നത്. നിരാശപ്പെടാതെയും പതറാതെയും രാവും പകലും അവിടുന്നില്‍ ശരണപ്പെട്ട്, ദൈവം തങ്ങളെ ഭരമേല്പിച്ച പ്രേഷിതദൗത്യങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ചവരാണ് പുണ്യാത്മാക്കള്‍. വിശുദ്ധ മറിയം ത്രേസ്യയുടെ ലാളിത്യമാര്‍ന്ന പ്രാര്‍ത്ഥനാജീവിതം ഏകാന്തതയിലും വനാന്തരത്തിലും ദൈവത്തില്‍ ശരണപ്പെട്ടതായിരുന്നു. പ്രാര്‍ത്ഥനയിലൂടെ ആര്‍ജ്ജിച്ചെടുത്ത ചൈതന്യമാണ് ക്ലേശിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള പ്രേഷിതസമര്‍പ്പണമായി രൂപംകൊണ്ടതും, വിശുദ്ധിയുടെ വഴിയില്‍ നടക്കാന്‍ പുണ്യവതി മറിയം ത്രേസ്യയെ സഹായിച്ചതും.

11. പ്രാര്‍ത്ഥനയോടെ ഉപസംഹാരം
ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം പ്രേഷിതരാജ്ഞിയാണ്. പ്രാര്‍ത്ഥനയുടെ അമ്മയാണ്. സഭയുടെ അമ്മയാണ്. ക്രിസ്തുവിനുശേഷവും തന്‍റെ മാതൃസാന്നിദ്ധ്യംകൊണ്ട് പരിശുദ്ധാത്മാവിലും വിശ്വാസജീവിത്തിലും സഭാമക്കളെ വളര്‍ത്തിയ കന്യകാനാഥ നിങ്ങളുടെയും എന്‍റെയും വിശ്വാസയാത്രയില്‍ തുണയായിരിക്കട്ടെ!

റെക്സ് ബാന്‍ഡിന്‍റെ  ഗാനമാലപിച്ചത് കെസ്റ്ററും സംഘവുമാണ്. രചന ജോസ് പോളയില്‍, സംഗീതം ഹെക്ടര്‍ ലൂയിസ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 October 2019, 16:44