തിരയുക

Vatican News
Celebration of the Vespers in St. Peter's Basilica at the opening of the Missionary Month - October 2019. Celebration of the Vespers in St. Peter's Basilica at the opening of the Missionary Month - October 2019.  (Vatican Media)

മിഷണറി മാസത്തിന്‍റെ പൊരുളെന്താണ്?

സഭയില്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനുള്ള ആഹ്വാനമാണ് മിഷണറി മാസം, ഒക്ടോബര്‍ 2019.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഒരു അപ്പസ്തോലിക പ്രബോധനത്തിന്‍റെ ശതാബ്ദിവര്‍ഷം
ഒന്നാം ലോകമഹായുദ്ധത്തിന്‍റെ കെടുതിയില്‍ ലോക ജനത വിഷമിക്കുമ്പോള്‍, സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം എന്ന് ആഹ്വാനംചെയ്തുകൊണ്ട് 100 വര്‍ഷങ്ങള്‍ക്കുമുന്‍പ് 1919 നവംബറില്‍ ബെനഡിക്ട് 15-Ɔമന്‍ പാപ്പാ പ്രബോധിപ്പിച്ച Maximum Illud, “ശ്രേഷ്ഠമായ പ്രേഷിത ചൈതന്യം” എന്ന അപ്പസ്തോലിക ലിഖിതത്തിന്‍റെ ശതാബ്ദിവര്‍ഷം അനുസ്മരിപ്പച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് 2019 ഒക്ടോബര്‍ “മിഷണറി മാസ”മായി ആചരിക്കണമെന്ന് ആഹ്വാനംചെയ്തിരിക്കുന്നത്. സഭയുടെ സുവിശേഷ പ്രഘോഷണദൗത്യം വിപുലീകരിക്കാനായി 19-Ɔο നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ പാപ്പാ ബെനഡിക്ട് 15-Ɔമന്‍ പ്രബോധിപ്പിച്ച ചരിത്രപരമായ പ്രമാണരേഖയാണിത്.

സകലരോടും സുവിശേഷം പ്രഘോഷിക്കുവിന്‍!

ജനതകളോടു സുവിശേഷം പ്രഘോഷിക്കാനുള്ള പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്‍റെയും ഉപവിപ്രവര്‍ത്തനങ്ങളുടെയും സവിശേഷമായ മാസമാണിതെന്ന് പാപ്പാ ഫ്രാന്‍സിസ് 2017 ജൂണ്‍ മാസത്തില്‍ വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സമ്പൂര്‍ണ്ണസമ്മേളനത്തെ അഭിസംബോധനചെയ്യവെ, കാലേകൂട്ടി മിഷണറി മാസം പ്രഖ്യാപിച്ചുകൊണ്ട് പ്രസ്താവിക്കുകയുണ്ടായി (മര്‍ക്കോസ് 16, 15).

ഒക്ടോബറിന്‍റെ പ്രത്യേകതകള്‍
ഒക്ടോബര്‍ ജപമാലമാസമായി ആഘോഷിക്കുന്നതോടൊപ്പം, മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യാപുണ്യവതിയുടെ തിരുനാളോടെയാണ് (ഒക്ടോബര്‍ 1)
ഈ മാസം ആരാധനക്രമപരമായി സഭയില്‍ തുടക്കം കുറിക്കുന്നത്. മാത്രമല്ല, ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറാഴ്ചയ്ക്കു തൊട്ടുമുന്‍പുള്ള ഞായറാഴ്ച ആഗോള സഭയില്‍ “മിഷന്‍ ഞായര്‍” ആചരിക്കുന്നു. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് 2019-ലെ ഒക്ടോബര്‍ മാസം മിഷണറി മാസമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ജീവിതങ്ങള്‍ മെച്ചപ്പെടുത്താന്‍
നല്ലൊരവസരം – മിഷണറി മാസം

സുവിശേഷവത്ക്കരണം സഭയില്‍ യാഥാര്‍ത്ഥ്യമാകത്തക്ക വിധത്തില്‍ ക്രൈസ്തവ ജീവിതങ്ങള്‍ പ്രാര്‍ത്ഥനയിലും, ധ്യാനത്തിലും, ജീവിതസാക്ഷ്യത്തിലും, ഉപവിപ്രവര്‍ത്തനങ്ങളിലും പ്രത്യേകമായി ക്രമപ്പെടുത്താന്‍ ഈ മാസം ഉപയോഗപ്പെടുത്താവുന്നതാണ്. തങ്ങളുടെ ജീവിതങ്ങള്‍ ക്രിസ്ത്വാനുകരണത്തിന്‍റെ പാതയില്‍ നയിച്ച വിശുദ്ധരെയും, രക്തസാക്ഷികളെയും ഈ ഒരു മാസം ക്രൈസ്തവമക്കള്‍ പ്രത്യേക മാതൃകയും പ്രചോദനവുമായി സ്വീകരിക്കേണ്ടതാണെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്യുന്നു.

 

04 October 2019, 14:32