തിരയുക

Vatican News
പ്രധാനദൂതന്മാരായ  മിഖായേൽ,  ഗബ്രിയേൽ, റഫായേൽ പ്രധാനദൂതന്മാരായ മിഖായേൽ, ഗബ്രിയേൽ, റഫായേൽ  

മാലാഖാ സാന്നിധ്യവും മാലാഖയാകാനുള്ള ക്ഷണവും

തിരുസഭ മാതാവ് സെപ്റ്റംബർ 29ആം തിയതി, മിഖായേൽ, ഗബ്രിയേൽ, റഫായേൽ എന്ന മൂന്ന് പ്രധാനദൂതന്മാരുടെ തിരുന്നാൾ ആഘോഷിക്കുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

നമ്മുടെ ജീവിതത്തിന്‍റെ ഓരോ ചലനങ്ങളിലും നമ്മെ സംരക്ഷിക്കുവാൻ, നന്മയിലൂടെ ചരിക്കുവാൻ നല്ല വഴികൾ കാണിച്ചു തരാനും ദൈവം നിയോഗിച്ച ഈ ദൈവദൂതന്മാരെ നന്ദിയോടെ അനുസ്മരിക്കുന്ന ദിനവും മറ്റുള്ളവരുടെ ജീവിതത്തിൽ ദൈവത്തിന്‍റെ മാലാഖമാരായി തീരാനുള്ള  നമ്മുടെ വിളിയെ ഓർമ്മിപ്പിക്കുന്ന ദിനവും കൂടിയാണ്. കത്തോലിക്കാ സഭയിൽ മറ്റൊരു ദിനവും കൂടി ഇന്ന് അനുസ്മരിക്കപ്പെട്ടു. ഇന്ന് ലോകം കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ദിനമായി ആചരിക്കുന്ന ദിനത്തെ പ്രമാണിച്ചു പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ ഇന്ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ അവർക്കായി ദിവ്യബലി അർപ്പിച്ച് പ്രാർത്ഥിക്കുകയും അവരുടെ ജീവിതത്തിനു സംരക്ഷണവും കരുതലും നൽകുന്ന മാലാഖമാരായി തീരാൻ നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്തു. 

വിവിധ മതവിശ്വാസത്തില്‍  കാണുന്ന മാലാഖമാരായ ദൈവദൂതന്മാർ

ചിറകണിഞ്ഞ മനുഷ്യരൂപവും സുന്ദരമായ മുഖവുമുള്ള മാലാഖമാരെപറ്റി കുഞ്ഞായിരിക്കുമ്പോഴെ കഥകൾ കേട്ടു വളർന്നവരാണ് നാം. നമ്മോടൊപ്പം നമുക്ക് കാവലായി ദൈവം തന്ന കാവൽ മാലാഖമാരെ പറ്റിയും പലപ്പോഴും നമ്മുടെ അമ്മമാർ നമ്മോടു പറഞ്ഞു തന്നിട്ടുണ്ട്. കാവൽ മാലാഖയോടു് അനുദിനം പ്രാർത്ഥിക്കാനും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഈ കഥകൾ കേട്ടു വളർന്ന നമുക്ക് ആരാണ് ഈ മാലാഖമാർ എന്ന് ഒന്ന് ചിന്തിക്കാനുള്ള അവസരമാണ് ഇന്നത്തെ തിരുനാൾ നമ്മുടെ മുന്നിൽ വയ്ക്കുന്നത്. ക്രിസ്തീയ വിശ്വാസത്തിൽ മാത്രമല്ല മാലാഖമാരെക്കുറിച്ച് വിശദാംശങ്ങളുള്ളതെന്നും ഒരു പഠനം നടത്തിയാൽ നമുക്ക് കണ്ടെത്താൻ കഴിയുന്ന ഒന്നാണ്. സൊരാസ്ട്രീയനിസത്തിലാണ് മാലാഖമാരെപ്പറ്റി ആദ്യ സൂചനകൾ നല്കുന്നതെന്ന് കൂടുതൽ കൂടുതൽ നരവംശശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും, തത്വശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു. അനശ്വരമായ ശരീരത്തിൽ വസിച്ച് ഭൂമിയെ സംരക്ഷിക്കാനും, നയിക്കാനും, മനുഷ്യഗണത്തെ പ്രചോദിപ്പിക്കാനും എത്തുന്നവരായി മാലാഖമാരെ കണക്കാക്കുകയാണ് സൊരാസ്ട്രിയനിസം.പിന്നീടു ജൂഡായിസത്തിലും മാലാഖമാരെ ദൈവത്തിന്‍റെ ദൂതന്മാരായി പല ദൗത്യങ്ങളും ഏറ്റെടുത്തു ചെയ്യുന്നവരായി നമുക്ക് കണ്ടെത്താം. പഴയ നിയമത്തിൽ അതിന് ധാരാളം ഉദാഹരണങ്ങളും കണ്ടെത്താം. ചില മാലാഖമാർ ചില പ്രത്യേക ദൗത്യങ്ങളേറ്റെടുക്കുന്നതായി മുഖ്യദൂതന്മാരായി ബൈബിൾ രേഖപ്പെടുത്തുന്നുണ്ടെങ്കിലും ശരിയായ ഒരു പദവി ശ്രേണിയുള്ളതായി കാണുന്നില്ല. ക്രിസ്തുമത വിശ്വാസത്തിൽ പുതിയ നിയമം നൂറുകണക്കിന് പ്രതിപാദനങ്ങൾ നടത്തുന്നുണ്ട് എങ്കിലും മുഖ്യദൂതന്മാരെ പറ്റി രണ്ടു പ്രാവശ്യം മാത്രമാണ് സൂചിപ്പിക്കുന്നത്.(തെസ.4. 16; യൂദാ.1.9)

റോമൻ കത്തോലിക്കാ സഭ ആദരിക്കുന്ന 3 മുഖ്യ ദൂതന്മാരാണ് ഗബ്രിയേൽ, മിഖായേൽ, റാഫേൽ എന്നിവർ. ഇവരെ മൂന്നു പേരെയും ഒന്നിച്ച് ആദരിക്കുകയാണ് സെപ്റ്റംബർ 29 ആം തിയതി കത്തോലിക്കാ സഭ. പൗരസ്ത്യ, കോപ്റ്റിക്, എത്തിയോപ്പിയൻ ഓർത്തഡോക്സ് സഭകളും, പ്രൊട്ടസ്റ്റൻഡ് സഭയും തുടങ്ങി പല ക്രൈസ്തവ വിഭാഗങ്ങളും മാലാഖമാരേയും മുഖ്യദൂതന്മാരെയും സൂചിപ്പിക്കുന്ന ബൈബിൾ ഭാഗങ്ങളും വിശ്വാസവും കാത്തു സൂക്ഷിക്കുന്നവരാണ്. ഇസ്ലാം വിശ്വാസവും മാലാഖമാരായ ദൈവദൂതന്മാരെക്കുറിച്ചും ഗബ്രിയേൽ, മിഖേൽ റാഫേൽ തുടങ്ങിയ മുഖ്യദൂതരെക്കുറിച്ചും ഖുറാനിലും സുന്നായിലും രേഖപ്പെടുത്തുന്നുണ്ട്. വെറും അമ്മ കഥകളിൽ ജനിച്ച ഒരു യാഥാർത്ഥ്യമല്ല മാലാഖമാർ എന്ന് പറഞ്ഞു വയ്ക്കാനാണ് ഇത്രയും മതവിശ്വാസപര്യടനം നടത്തിയത്. ബൈബിളിലേയും ചരിത്രത്തിലേയും സൂചനകൾക്കപ്പുറംകത്തോലിക്കാ സഭയുടെ വിശ്വാസരഹസ്യമാണ് മാലാഖമാർ. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 328, 329, 330 എന്നിവ മാലാഖമാരെ കുറിച്ചുള്ള  സഭാ പഠനത്തിന്‍റെ അടിസ്ഥാന രേഖകളാണ്.

കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം

328 "മാലാഖാമാർ" എന്ന് വിശുദ്ധ ഗ്രന്ഥം വിളിക്കുന്ന, അരൂപികളും, അശരീരികളുമായ സൃഷ്ടികൾ ഉണ്ടെന്നത് വിശ്വാസത്തിലെ ഒരു സത്യമാണ്. ഇക്കാര്യത്തിൽ വിശുദ്ധഗ്രന്ഥ സാക്ഷ്യവും, പാരമ്പര്യത്തിന്‍റെ ഏകകണ്ഠമായ അഭിപ്രായവും ഒരു പോലെ വ്യക്തമാണ്."

 

329. വിശുദ്ധ അഗസ്റ്റിനോസ് പറയുന്നു മാലാഖ എന്നത് അവരുടെ പ്രകൃതിയെയല്ല അവരുടെ  ധർമ്മത്തെയാണ്  ധ്വനിപ്പിക്കുന്നത്. അവരുടെ പ്രകൃതിയുടെ നാമധേയം എന്താണെന്ന് ചോദിച്ചാൽ അത് അരൂപിയാണെന്ന് മറുപടി. അവരുടെ ധർമ്മം എന്താണെന്ന് ചോദിച്ചാൽ അവർ മാലാഖയാണെന്ന് മറുപടി. പ്രകൃതി പരിഗണിച്ചാൽ അരൂപികളും ധർമ്മം പരിഗണിച്ചാൽ മാലാഖമാരുമാണവർ. മാലാഖമാർ അവരുടെ ഉണ്‍മയിൽ പൂർണ്ണമായും ദൈവത്തിന്‍റെ സേവകരും സന്ദേശവാഹകരുമാണ്. സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുഖം അവർ സദാ ദർശിക്കുന്നതിനാൽ അവിടുത്തെ ആജ്ഞയുടെ  സ്വരമനുസരിച്ച് പ്രവർത്തിക്കുന്നവരാണവർ.

330. പൂർണ്ണമായും അശരീരികളായ സൃഷ്ടികൾ എന്ന നിലയ്ക്ക് മാലാഖമാർ ബുദ്ധിശക്തിയും ഇച്ഛാശക്തിയും ഉള്ളവരാണ്. വ്യക്തിത്വം ഉള്ളവരും അമർത്ത്യരുമായ സൃഷ്ടികളാണ്. അവരുടെ മഹത്വത്തിന്‍റെ പ്രഭ സാക്ഷ്യപ്പെടുത്തുന്നത് പോലെ ഗുണപൂർണ്ണതയിൽ അവർ ദൃശ്യമായ എല്ലാ സൃഷ്ടികളെയും അതിശയിക്കുന്നവരാണെന്ന് അവരുടെ മഹത്വത്തിന്‍റെ പ്രഭ ഇത് സാക്ഷ്യപ്പെടുത്തുന്നു.

331. ക്രിസ്തുവാണ് മാലാഖമാരുടെ ലോകത്തിന്‍റെ കേന്ദ്രം. അവർ അവിടുത്തെ സന്ദേശവാഹകരാണ്.(cf.മത്താ..25:31, കൊളോ.1:16)

കാരണം അവർ സൃഷ്ടിക്കപ്പെട്ടത് അവനിലൂടെയും അവനു വേണ്ടിയുമാകുന്നു. രക്ഷയുടെ അവകാശികളാകാനിരിക്കുന്നവർക്ക് ശുശ്രൂഷ ചെയ്യാൻ അയക്കപ്പെട്ട സേവക ആത്മാക്കളല്ലേ അവരെല്ലാം?

332. സൃഷ്ടി മുതൽ പരിത്രാണചരിത്രത്തിലുടനീളം മാലാഖമാരുടെ സാന്നിധ്യം നാം ദർശിക്കുന്നു. അവർ വിദൂരത്തു നിന്നോ സമീപത്തുനിന്നോ രക്ഷ വിളിച്ചറിയിക്കുകയും ദൈവിക പദ്ധതിയുടെ നിർവ്വഹണത്തിനായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. ഹാഗാറിനെയും അവളുടെ കുട്ടിയും രക്ഷിച്ചു. അബ്രഹാമിന്‍റെ കരം പിൻവലിപ്പിച്ചു. തങ്ങളുടെ സേവനത്തിലൂടെ ജനങ്ങളെ നിയമം അറിയിച്ചു. ദൈവജനത്തെ നയിച്ചു. ജനനം, ദൈവികവിളികൾ ഇവയെ സംബന്ധിച്ച് അറിയിപ്പുകൾ നൽകി. പ്രവാചകന്മാരെ സഹായിച്ചു. ഇവ ഏതാനും ഉദാഹരണങ്ങൾ മാത്രം. അവസാനമായി ഗബ്രിയേൽ മാലാഖ യേശുവിന്‍റെ മുന്നോടിയായ യോഹന്നാനെയും യേശുവിന്‍റെ തന്നെയും ജനനം മുൻകൂട്ടി അറിയിച്ചു.

333. മനുഷ്യാവതാരം മുതൽ സ്വർഗ്ഗാരോഹണം വരെ മാലാഖമാർ ആരാധനയും സേവനവും വഴി അകമ്പടി സേവിച്ചു. ഇവയ്ക്കുപുറമേ ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന്‍റെയും പുനരുദ്ധാനത്തിന്‍റെയും പുറമേ സദ്‌വാർത്ത അറിയിക്കുന്നതിലൂടെ മാലാഖമാർ സുവിശേഷം പ്രഘോഷിക്കുന്നു. അവർ ക്രിസ്തുവിന്‍റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും അവിടുത്തെ ആഗമന വേളയിൽ അവിടുത്തോടൊത്ത് സന്നിഹിതരായിരിക്കുകയും അവിടുത്തെ വിധി നടപ്പിലാക്കുന്നതിൽ പങ്കു വഹിക്കുകയും ചെയ്യും.

മാലാഖമാർ സഭാ ജീവിതത്തിൽ

335. സഭ അവളുടെ ആരാധനക്രമത്തിൽ പരിശുദ്ധത്രിത്വൈക ദൈവത്തെ ആരാധിക്കുന്ന മാലാഖമാരോടു ചേരുകയാണ്. സഭ, മാലാഖമാരുടെ സഹായം അഭ്യർത്ഥിക്കുന്നു. മൃത സംസ്കാര ശുശ്രൂഷയിൽ മാലാഖമാർ നിന്നെ  പറുദീസയിലേക്ക് നയിക്കട്ടെ എന്ന  പ്രാർത്ഥനയിലും ബൈസൈന്‍റയിന്‍ ആരാധന ക്രമത്തിലെ ചെറു  ­‘കെറൂബിഗീതത്തിലും’ ഇപ്രകാരം ഉണ്ട്. ചില മാലാഖമാരുടെ - മിഖായേൽ, ഗബ്രിയേൽ, റഫായേൽ, കാവൽമാലാഖമാർ സ്മരണ സഭാ പ്രത്യേകമാംവിധം കൊണ്ടാടുന്നു.

336. ശൈശവം മുതൽ മരണം വരെ മനുഷ്യർക്ക് മാലാഖമാരുടെ ജാഗ്രതാപൂർവ്വമായ പരീരക്ഷണവും മാദ്ധ്യസ്ഥവും ലഭിക്കുന്നു. ഓരോ വിശ്വാസിയുടെയും സമീപത്ത് അവന്‍റെ ജീവിതത്തിന് വഴികാട്ടിയും ഇടയനും എന്നപോലെ സംരക്ഷകനായ ഒരു മാലാഖ ഉണ്ട് എന്നത് ആരും നിഷേധിക്കാതിരിക്കട്ടെ. ദൈവത്തോടു ഐക്യപ്പെട്ടിരിക്കുന്ന മാലാഖമാരുടെയും മനുഷ്യരുടെയും സൗഭാഗ്യസഖിത്വത്തിൽ ഇവിടെ ഭൂമിയിൽ വച്ച്തന്നെ വിശ്വാസം വഴി ക്രിസ്തീയജീവിതം പങ്കുചേരുന്നു.

ക്രിസ്തീയ പ്രബോധനങ്ങൾ നമ്മെ പ്രബോധിപ്പിക്കുന്നത് മാലാഖമാർ ദൈവത്തെ സേവിക്കാൻ സൃഷ്ടിക്കപ്പെട്ട ആത്മീയ അസ്ഥിത്വമാണെന്നും, അവർക്ക് മനുഷ്യ രൂപത്തിൽ പ്രത്യക്ഷപ്പെടാനും നമ്മോടു ഇടപഴകാനും കഴിയും എന്നാണ്. എന്നാൽ അവരുടെ ശരീരരൂപം മനുഷ്യരുമായുള്ള ഇടപഴകലിനു വേണ്ടി മാത്രമുള്ള  താല്കാലിക കാഴ്ചയാണ്. സൃഷ്ട്ടിക്കപ്പെട്ടതിനാൽ അവരും സമയത്തിൽ തന്നെയാണ്, ദൈവം വെളിപ്പെടുത്താതെ ഭാവിയെക്കുറിച്ചവർക്ക് ഒന്നുമറിയില്ല.

മാലാഖമാരുടെ ദൗത്യം

എന്താണ് മാലാഖമാർ ചെയ്യുക? ദൈവത്തെ സേവിക്കുകയും, സ്തുതിക്കുകയും, ആരാധിക്കുകയും,പ്രാർത്ഥിക്കുകയുമാണ് അവരുടെ ദൗത്യം. ദൈവത്തെ സേവിക്കുമ്പോൾ അവർ നമ്മെ സംരക്ഷിക്കുകയും, നമുക്കായി പ്രാർത്ഥിക്കുകയും,  പ്രചോദിപ്പിക്കുകയും, ധൈര്യപ്പെടുത്തുകയും, ഭൂമിയിലെ നമ്മുടെ ജീവിതത്തിൽ നമ്മെ നയിക്കയും ചെയ്യുന്നവരാണ്. കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം  336 ൽ നമ്മെ എല്ലാവരേയും കൂടെ നടന്ന് സംരക്ഷിച്ച് നയിക്കുന്ന കാവൽ മാലാഖയെക്കുറിച്ചും പഠിപ്പിക്കുന്നു. കാവൽ മാലാഖമാർ നമ്മെ സ്നേഹിക്കുകയും എല്ലാ വിനാശത്തിൽ നിന്നും നമ്മെ രക്ഷിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു.

മാലാഖമാർ നമുക്കു വേണ്ടി പ്രാർത്ഥിക്കുന്നു.(ഏശ 6, 3: വെളിപാട്4:8) നമുക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു. (തോബി.12:12; വെളിപാട് .5:8 ; 8:3) ദൈവം സൃഷ്ടിച്ച മാലാഖമാരുടെ എണ്ണത്തെക്കുറിച്ചറിയില്ല എങ്കിലും വിശുദ്ധ തോമസ് അക്വിനാസ് പഠിപ്പിക്കുന്നത് പോലെ ഒരോ മാലാഖയും തനിമയാർന്നതും മറ്റൊരു മാലാഖയുമായും സാമ്യമില്ലാത്തതുമാണ്. എല്ലാ മാലാഖമാർക്കും ഓരോ ദൗത്യങ്ങളുണ്ട്. ബൈബിൾ നൽകുന്ന സൂചനകൾ ഉൾക്കൊണ്ട് രൂപം കൊണ്ട ദൈവശാസ്ത്ര പാരമ്പര്യമനുസരിച്ച് 9 വൃന്ദം മാലാഖമാരെ സ്വർഗ്ഗീയ ശ്രേണികളിൽ സംവിധാനം ചെയ്തിട്ടുണ്ട്. സെറാഫ്മാരും, കെരൂബുകളും, രാജാസനരും, അധീശന്മാരും, മറ്റുമടങ്ങുന്ന ഗണങ്ങളാണവ.

മാലാഖവൃന്ദത്തെ നയിക്കുന്ന 7 മുഖ്യദൂതന്മാരുടെ പേരുകളും ബൈബിളും പാരമ്പര്യങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, 745 ൽ റോമിൽ മാർപ്പായായിരുന്ന വിശുദ്ധ സഖറിയായുടെ നേതൃത്യത്തിൽ നടന്ന കൗൺസിലനുസരിച്ച് കത്തോലിക്കാ സഭ മിഖായേൽ, ഗബ്രിയേൽ, റാഫേൽ എന്നീ  ബൈബിളിൽ പരാമർശിച്ചിട്ടുള്ള 3പേരുകൾ മാത്രമേ അംഗീകരിച്ചിട്ടുള്ളു. നാം കാണുന്നില്ല എങ്കിലും മാലാഖമാർ നമുക്ക് ചുറ്റിലുമുണ്ട്. ദൈവത്തെ സേവിക്കുകയും നമ്മെ സംരക്ഷിക്കുകയുമാണ് അവരുടെ ദൗത്യം. ലോകത്തിന്‍റെ സംരക്ഷകരും, ഇരുട്ടിന്‍റെ ശക്തികൾക്കെതിരെയുള്ള പോരാട്ടക്കാരും, ഓരോ മനുഷ്യന്‍റെയും പാലകരും, സ്വർഗ്ഗീയ രഹസ്യങ്ങളുടെ ശുശ്രൂഷകരും, ദൈവത്തിന്‍റെ പദ്ധതികളുടെ സന്ദേശവാഹകരുമാണ്. (അലക്സ് ബ്രിട്ടൻ, എക്സിക്യൂട്ടീവ് ഡിറ്റക്ടർ, നൈറ്റ്സ് ഓഫ് മജിസ്തേരിയും, catholic365.com)

ഫ്രാൻസിസ് പാപ്പാ കാവൽ മാലാഖമാരെക്കുറിച്ച് പല വർഷങ്ങളായി  ഒക്ടോബർ രണ്ടിന് സാന്താ മാർത്തയില്‍ വച്ച് നല്‍കിയ വചന പ്രലോഷണങ്ങളിൽ നടത്തിയ പരാമർശങ്ങൾ ഇത്തരുണത്തിൽ വളരെ ശ്രദ്ധേയമാണ്. ദൈവം നമുക്ക് വാഗ്ദാനം നൽകിയ വളരെ വിശിഷ്ടരായ സഹായകരാണ് കാവൽ മാലാഖമാർ എന്നും ജീവിതയാത്രയിൽ കൂട്ടുകാരായും, നമ്മൾ നേരിടാവുന്ന അപകടസന്ധികളിൽ വഴികാട്ടിയായി സംരക്ഷകരായും നൽകിയവരാണവരെന്നും പാപ്പാ സൂചിപ്പിച്ചു. മാലാഖമാർ നമ്മോടൊപ്പം മാത്രമല്ല ദൈവത്തിന്‍റെ മുഖം ദർശിച്ച് നമുക്ക് ദൈവത്തിങ്കലേക്ക് കടക്കാനുള്ള പാലമാണവർ എന്നും ഉണരും മുതൽ ഉറങ്ങും വരെ നമ്മെ നയിക്കുന്ന അവരെ നമ്മുടെ യാത്രയിൽ മറന്നു പോകരുതെന്നും ആ സ്വരം ശ്രവിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. കുടിയേറ്റക്കാരുടെ ദിനമായി ആചരിക്കുന്ന ഇന്ന് അവര്‍ക്ക് മാലാഖമാരായിരിക്കാനും പാപ്പാ ആഹ്വാനം നടത്തി.

29 September 2019, 14:44