തിരയുക

Vatican News
Lazar of today who knock on our doors Lazar of today who knock on our doors 

ഇന്നും ഹൃദയകവാടത്തില്‍ മുട്ടുന്ന ‘ലാസര്‍’

ആണ്ടുവട്ടം 26-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷ ചിന്തകള്‍ - വിശുദ്ധ ലൂക്കായുടെ സുവിശേഷം 16,19-31.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആണ്ടുവട്ടം 26-Ɔο വാരം ഞായര്‍ - വചനചിന്തകള്‍

 

1. സ്നേഹത്തിന്‍റെ പ്രായോഗിക തലം കാട്ടിത്തരുന്ന ഉപമ
ഇന്നത്തെ സുവിശേഷം യഥാര്‍ത്ഥ സ്നേഹത്തിന്‍റെ പ്രായോഗിക തലത്തിലേയ്ക്കാണ് നമ്മെ നയിക്കുന്നത്. ഒപ്പം സ്നേഹമില്ലാത്തൊരു ജീവിതത്തില്‍ വന്നു കൂടാവുന്ന അപകടസാദ്ധ്യതയെക്കുറിച്ചും ക്രിസ്തു താക്കീതു നല്കുന്നുണ്ടിവിടെ. ഉപമയില്‍ അവിടുന്നു പറയുന്നത്, ഒരു ധനവാന്‍റെ വീട്ടുപടിക്കല്‍ ലാസര്‍ എന്നു പേരുള്ള ഒരു പാവം മനുഷ്യന്‍ കിടന്നിരുന്നു. അവന്‍റെ ശരീരം വ്രണങ്ങള്‍കൊണ്ടു നിറഞ്ഞിരുന്നു. ധനവാന്‍റെ മേശയില്‍നിന്നും വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നു ജീവിക്കാമെന്ന് അയാള്‍ വിചാരിച്ചു (16, 20-21).

2. തന്‍റെ ലോകത്തു മാത്രം ഒതുങ്ങിയൊരു മനുഷ്യന്‍
കഥയിലെ ധനികന്‍ ആരെയും ഉപദ്രവിക്കുന്നില്ല. അയാള്‍ ഒരു മോശക്കാരനാണെന്നും ആരും പറയുന്നില്ല. എന്നാല്‍ വാതില്‍ക്കല്‍ കിടന്നിരുന്ന ലാസറിന്‍റെ ശരീരത്തിലെ വ്രണത്തെക്കാള്‍ വലിയൊരു വ്രണം ധനവാനുണ്ടായിരുന്നു. അത് അയാളുടെ നിസംഗതയായിരുന്നു. പടിക്കല്‍ കിടന്നിരുന്ന ലാസറിനോടും സഹോദരങ്ങളോടും കാട്ടിയ നിസംഗത. തന്‍റെ സുഖലോലുപതയുടെ ലോകത്തിനും അപ്പുറം അയാള്‍ ഒന്നും കാണുന്നില്ല. തന്‍റെ വീടിന്‍റെ പൂമുഖപ്പടിക്കും അപ്പുറം അയാള്‍ ഒന്നും കാണുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. തന്‍റെ ഉമ്മറപ്പടിയില്‍ കിടന്ന പാവം ലാസറിനെ കാണുന്നില്ല. കാരണം തന്‍റെ ലോകത്തിനുമപ്പുറം ഒന്നിനോടും അയാള്‍ക്കു താല്പര്യമില്ല, ഒന്നിനും അയാള്‍ സ്ഥാനംകൊടുക്കുന്നുമില്ല. നിസംഗത പാപമാണ്.

3. അന്ധമായ കണ്ണും മനസ്സും
കണ്ണുകൊണ്ടു കാണാത്തവന് ഹൃദയത്തില്‍ ഒന്നിനെക്കുറിച്ചും ചിന്തയോ, വികാരമോ, വിചാരമോ ഇല്ല. അയാളുടെ ഹൃദയം നിറഞ്ഞിരിക്കുന്ന ലൗകായത്വത്തിലും സുഖലോലുപതയിലും അയാള്‍ മയങ്ങിയിരിക്കുകയാണ്, അല്ലെങ്കില്‍ ബോധംകെട്ടിരിക്കുകയാണ്.

മറ്റുള്ളവരുട നന്മകള്‍ വിഴുങ്ങിക്കളയുകയും, സ്നേഹം കെടുത്തിക്കളയുകയും ചെയ്യുന്ന വലിയ ഇരുണ്ട കുഴിപോലെയാണ് അയാളുടെ മനസ്സ്. തനിക്കു പുറത്തുള്ള നന്മകള്‍ എല്ലാം അയാള്‍ അവഗണിച്ച് സ്വാര്‍ത്ഥതയില്‍ മുഴുകി ജീവിക്കുന്നു. സ്വന്തം ജീവിതത്തിന്‍റെ അന്ധതമൂലം മറ്റുള്ളവരെ കോങ്കണ്ണുകൊണ്ടും വക്രദൃഷ്ടിയാലുമാണ് അയാള്‍ കാണുന്നത്. സമൂഹം അംഗീകരിക്കുകയും അറിയുകയും ചെയ്യുന്നവരെപ്പോലും അയാള്‍ അവഗണിക്കുന്നു, പ്രത്യേകിച്ച് പാവങ്ങളും പരിത്യക്തരും രോഗികളുമായ ഇന്നത്തെ “ലാസര്‍മാ”രോട് അയാള്‍ പിറകുതിരിഞ്ഞു നില്ക്കുന്നു

4. പേരുള്ള ക്രിസ്തുവിന്‍റെ ഏകകഥാപാത്രം – ലാസര്‍
ക്രിസ്തു പറഞ്ഞിട്ടുള്ള ധാരാളമായ ഉപമകളിലെ കഥാപാത്രങ്ങള്‍ക്കൊന്നിനും പേരില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. എന്നാല്‍ ഈ ഉപമയില്‍ ധനവാന്‍റെ പടിക്കലെ പാവം മനുഷ്യനു മാത്രം ലാസര്‍ എന്നു ഈശോ പേരിട്ടിരിക്കുന്നു. ലാസര്‍, എലയാസര്‍ എന്ന വാക്കിന് ഹീബ്രുഭാഷയില്‍ ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുന്നവന്‍ എന്നാണ് അര്‍ത്ഥം. ദൈവം അയാളെ ഒരിക്കലും മറന്നു കളയുന്നില്ല. മറിച്ച് അയാളെ അന്ത്യനാളില്‍ സ്വര്‍ഗ്ഗീയ ഭവനത്തില്‍, നിത്യതയുടെ കൂട്ടായ്മയില്‍ സ്വീകരിക്കുന്നു.

5. സമൂഹത്തില്‍ പേരില്ലാത്തവര്‍
മറുഭാഗത്ത് നാം ശ്രദ്ധിക്കേണ്ടത്, ധനവാനു പേരില്ല എന്നതാണ്. അതിനാല്‍ അന്ത്യനാളില്‍ അയാള്‍ ഭൂമിയില്‍നിന്നും മറയുമ്പോള്‍, ഓര്‍മ്മയുടെ മറവിലേയ്ക്കാണ് അയാള്‍ വീണുപോകുന്നത്. കാരണം സ്വന്തം ആവശ്യങ്ങള്‍ക്കും കാര്യങ്ങള്‍ക്കുവേണ്ടി മാത്രം ജീവിച്ചൊരാള്‍ ചരിത്രത്തിന്‍റെ ഭാഗമാകുന്നില്ല. എന്നാല്‍ ഒരു ക്രൈസ്തവന്‍ ചരിത്രം എഴുതണം. മറ്റുള്ളവര്‍ക്കൊപ്പം ജീവിച്ചുകൊണ്ടും അവരെ സഹായിച്ചുകൊണ്ട്, അവരോടു സഹകരിച്ചും, പങ്കുവച്ചുംകൊണ്ട് അവനും അവളും ചരിത്രമെഴുതണം. ഇന്നു മനുഷ്യരുടെ ഹൃദയകാഠിന്യം സമൂഹത്തില്‍ സ്നേഹമില്ലായ്മയുടെ വലിയ കയങ്ങളാണ് സൃഷ്ടിക്കുന്നത്, ആര്‍ക്കും കടക്കാനാവത്ത ഗര്‍ത്തങ്ങള്‍. സ്നേഹമില്ലായ്മയുടെ അതിര്‍വരമ്പുകളും ഗര്‍ത്തങ്ങളും സമൂഹങ്ങളെയും കുടുംബങ്ങളെയും രാഷ്ട്രങ്ങളെയും പ്രസ്ഥാനങ്ങളെയും ഇന്ന് തമ്മില്‍ അകറ്റുകയാണ്.

6. കഥയിലെ പേരില്ലാത്ത ധനവാന്‍
കഥയിലെ പേരില്ലാത്ത ധനവാന്‍റെ കാര്യം വിചിത്രമാണ്. ജീവിച്ചിരുന്നപ്പോള്‍ അയാള്‍ ആരെയും സഹായിച്ചില്ലെങ്കിലും, മരണശേഷം അയാള്‍ക്ക് എല്ലാവരുടെയും സഹായം ആവശ്യമായിരുന്നു.
നിത്യനരകാഗ്നിയില്‍ തന്നെ സഹായിക്കാന്‍ ലാസറിനെ വിട്ടുകൊടുക്കണമെന്നും, തന്‍റെ ഭവനത്തിലേയ്ക്കു ലാസറിനെ വിട്ട് അവര്‍ക്കു താക്കീതു നല്കണമെന്നും അയാള്‍ പിതാവായ അബ്രാഹത്തോട് അവകാശപ്പെടുന്നതായി ഉപമയില്‍ വായിക്കുന്നു.

7. ഓര്‍മ്മയിലെ ഒരു മണിമാളിക!
കുട്ടിക്കാലത്തേയ്ക്കാണ് ഓര്‍മ്മകള്‍ പോകുന്നത്. സ്കൂളില്‍പ്പോകാന്‍ ഒരു മൈലില്‍ അധികം നടക്കുമായിരുന്നു. പോകുംവഴി വലിയൊരു മതില്‍ക്കെട്ടും, ഗെയിറ്റും, മാളിക വീടുമുണ്ട്, ഒരു മണിമാളിക! വലിയ വീട്ടുമിറ്റത്തും വളപ്പിലും മാങ്ങയും പേരക്കയും ചാമ്പങ്ങയും റോസാപ്പൂക്കളും ഒക്കെയുണ്ട്. കുലച്ചുകിടക്കുന്ന ഈ മരങ്ങളിലാണ് ആ വഴിക്കു പോകുന്ന കുസൃതിക്കുട്ടന്മാരുടെ കണ്ണുകള്‍. അവര്‍ അവ എറിഞ്ഞിടും. താഴെ വീഴുമ്പോള്‍ ഒന്നോ രണ്ടോ പേര്‍, ധൈര്യശാലികള്‍ മതില്‍ചാടിച്ചെന്ന് അവ എടുക്കും.

8. മാളികവീട്ടിലെ മുത്തച്ഛനും മുത്തശ്ശിയും
ഇത്രയും വലിയ മണിമാളികയില്‍ താമസിക്കുന്നത് ഒരു വലിയപ്പനും വലിയമ്മച്ചിയും മാത്രമാണ്. മക്കളൊക്കെ മറ്റേതോ രാജ്യത്താണ്. കുട്ടികള്‍ ഏറു തുടങ്ങുമ്പോള്‍ വലിയപ്പന്‍ വടിയുമായി പതുങ്ങിയിരിക്കുന്ന അവസരങ്ങളുമുണ്ട്. ഗേറ്റു ചാടി ചെല്ലുന്ന കേമന്‍ന്മാരെ തല്ലാന്‍! സാഹസംകാട്ടി മാങ്ങയും പേരക്കയും പെറുക്കി ഗേറ്റു ചാടുമ്പോള്‍ തല്ലുംകൊണ്ടും പോരുന്നവരുണ്ട്. നാളുകള്‍ കടന്നുപോയി. ആ വഴിക്കു പോയപ്പോള്‍ മനസ്സിലായി. മാളികവീട്ടിലെ മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും കാലംകഴിഞ്ഞെന്ന്. കാരണം വീടും വളപ്പുമെല്ലാം കാടുകേറി കിടക്കുകയാണ്.

9. സഹോദരസ്നേഹത്തിന്‍റെ സുവിശേഷമൂല്യം
നാം ചിന്തിക്കേണ്ടതാണ് നല്ല നാളില്‍ - നമ്മുടെ സൗഭാഗ്യത്തിലും സന്തോഷത്തിലും തൊട്ട് അടുത്തുള്ളവരെയും, അഗതികളെയും പാവങ്ങളെയുമൊക്കെ കാണാതെ പോകുരുത്. അവരെ അവഗണിക്കരുത്. പാവങ്ങളോടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടും രോഗികളോടും നിസംഗത കാട്ടരുത്. ഇല്ലായ്മയില്‍ കഴിയുന്നവരെ തിരിച്ചറിയാനും, അവരെ തേടിയെത്താനും കണ്ടെത്താനും സഹായിക്കാനും നമുക്കു സാധിക്കണം. ഇന്നത്തെ വചനം നമുക്കു നല്കുന്ന പ്രചോദനമാണിത്. ഇത് സുവിശേഷമൂല്യമാണ്. സഹോദര സ്നേഹത്തിന്‍റെ അടിസ്ഥാനമൂല്യമാണ്.

10. പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന സാകല്യസംസ്കൃതി
ജീവിതത്തില്‍ മതില്‍ക്കെട്ടുകളില്‍ കുടുങ്ങി കിടക്കേണ്ടവരല്ല. മറിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളുകയും സ്നേഹിക്കുയും സഹായിക്കുകയും, അവരുമായി ഉള്ളതു പങ്കുവയ്ക്കുകയും ചെയ്യേണ്ടവരാണ്, പങ്കുവച്ച് കൂട്ടായ്മയില്‍ ജീവിക്കേണ്ടവരാണു നാം. പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ മതിലുകളും അതിരുകളും ഇല്ലാത്തൊരു സാകല്യസംസ്കൃതിയുടെ ഭാഗമാകണം നാം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, വിശിഷ്യ അഗതികളും പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായവരെ ഉള്‍ക്കൊള്ളുന്നൊരു സംസ്കാരത്തിന്‍റെ ഉടമകളാകാം നമുക്ക്!

എളിയവരോടു നാം കാണിക്കുന്ന അവഗണന, നിസംഗത പാപമാണ്. എന്നാല്‍ അന്യരെ സഹായിക്കാന്‍ നാം മാറ്റിവയ്ക്കുന്ന സമയം ക്രിസ്തുവിനായി മാറ്റിവയ്ക്കപ്പെട്ട സമയമാണ്. എളിയവരോടു കാണിക്കുന്ന സ്നേഹം ക്രിസ്തുവിനോടു തന്നെയാണ് കാണിക്കുന്നത്. അത് നിത്യതയില്‍ നമുക്കുള്ള നിധിയും സമ്മാനവുമായി പരിണമിക്കും. ഭൂമിയില്‍ സഹോദരങ്ങള്‍ക്കായി സ്നേഹം പങ്കുവയ്ക്കുന്നവരാണ് നിത്യതയുടെ സമ്മാനം നേടുന്നത് (മത്തായി 25, 40).

11. സൂര്യശോഭ ഏറ്റുന്ന സൂര്യകാന്തിപ്പൂവ്
സൂര്യകാന്തിപ്പൂവിന്‍റെ ഗാനം മനോഹരമാണ്. വരാപ്പുഴ അതിരൂപതാംഗവും, സിഎസി, Cochin Arts & Communications-ന്‍റെ ഡയറക്ടറുമായിരുന്നു മൈക്കിള്‍ പനക്കലച്ചന്‍ രചിച്ച്, ജോബ്&ജോര്‍ജ്ജ് ഈണംപകര്‍ന്നതാണീ ഗാനം. കെ. ജെ. യേശുദാസിനോടൊപ്പം ചിത്രയും ചേര്‍ന്നു പാടിയ ഗാനം മലയാളികളുടെ മനസ്സില്‍ പതിഞ്ഞതാണ്. സൂര്യനിലേയ്ക്കു തിരിഞ്ഞിരിക്കുന്ന പൂവിനുമാത്രമേ അതിന്‍റെ നിറവും ശോഭയും മനുഷ്യര്‍ക്കായി വരിയിക്കാനാവൂ! ദൈവോത്മുഖരായി ജീവിക്കുന്നവര്‍ സഹോദരങ്ങളിലേയ്ക്കും, വിശിഷ്യ എളിയവരും പാവങ്ങളുമായവരിലേയ്ക്കും അവരുടെ ദൃഷ്ടികള്‍ പതിക്കും. സൂര്യകാന്തിപ്പൂവില്‍നിന്നും തുടങ്ങുന്ന മൂന്നു ചരണങ്ങളിലൂടെ ഏറെ മനുഷ്യബന്ധിയായി പരിണമിക്കുന്നതും ശ്രദ്ധേയമാണ്.

12. ദൈവസ്നേഹത്തില്‍നിന്നും
ഉതിര്‍ക്കൊള്ളുന്ന സഹോദരസ്നേഹം

ദൈവസ്നേഹത്തില്‍നിന്നും ഉള്‍ക്കൊള്ളുന്ന അല്ലെങ്കില്‍ ഉതിര്‍ക്കൊള്ളുന്ന മനുഷ്യന്‍റെ സ്നേഹജീവിതം സഹോദരസ്നേഹത്തിലൂടെയാണ് ദൈവോത്മുഖമായി ഭവിക്കുന്നത്. അതു ക്രിസ്തുവിലേയ്ക്കും.. ക്രിസ്തുവിന്‍റേതുപോലുള്ള സ്നേഹസമര്‍പ്പണവുമായി പരിണമിക്കുന്നു. സഹോദര ബന്ധിയായ ജീവിതം മഹത്തരമാണെന്നു മനസ്സിലാക്കാനുള്ള ബോധം തരണമേ, ദൈവമേ...! ഞങ്ങളുടെ മനസ്സുകളെ തെളിയിക്കണമേ... ഈ ഭൂമി സമാധാനപൂര്‍ണ്ണമാക്കണമേ! ജീവിതങ്ങള്‍ സ്നേഹപൂര്‍ണ്ണമാക്കണമേ!!

13. മൈക്കിളച്ചന്‍റെ ഗാനം - സൂര്യകാന്തി
സൂര്യകാന്തി പുഷ്പമെന്നും സൂര്യനെ നോക്കുന്നപോലെ
ഞാനുമെന്‍റെ നാഥനെ താന്‍ നോക്കിവാഴുന്നു (2).
- സൂര്യകാന്തി

സാധുവായ മര്‍ത്ത്യനില്‍ ഞാന്‍ നിന്‍റെ രൂപം കണ്ടിടുന്നു.
സേവനം ഞാന്‍ അവനുചെയ്താല്‍ പ്രീതനാകും നീ (2).
- സൂര്യകാന്തി

കരുണയോടെ അവനെ നോക്കും നയനമെത്ര ശോഭനം
അവനു താങ്ങും തണലുമായ കൈകള്‍ എത്ര പാവനം (2).
- സൂര്യകാന്തി

ലളിതമായ ജീവിതം ഞാന്‍ നിന്നിലല്ലോ കാണുന്നു
മഹിതമായ സ്നേഹവും ഞാന്‍ കണ്ടിടും നിന്നില്‍ (2).
- സൂര്യകാന്തി

 ആണ്ടുവട്ടം 26-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനമാണിത്.
പങ്കുവച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ .

 

28 September 2019, 17:39