തിരയുക

Daffodils at the dawn of Spring Daffodils at the dawn of Spring 

ദൈവിക കാരുണ്യം പ്രഘോഷിക്കുന്ന സങ്കീര്‍ത്തനം

വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പരയില്‍ – സങ്കീര്‍ത്തനം 123-ന്‍റെ പഠനം ആറാം ഭാഗവും അവസാനത്തെ ഭാഗവും.

- ഫാദര്‍ വില്യം  നെല്ലിക്കല്‍

സങ്കീര്‍ത്തനം 125-ന്‍റെ പഠനം ഭാഗം 6.



1. ഗീതത്തിന്‍റെ പൊതുവായ അവലോകനം

ഇന്നു നാം സങ്കീര്‍ത്തനം 123-ന്‍റെ പഠനം അവസാന ഭാഗത്തേയ്ക്കു കടക്കുകയാണ്. ഒരു പൊതുവായ അവലോകനത്തോടെ ഈ ആരോഹണ ഗീതത്തെക്കുറിച്ചുള്ള പഠനം ഉപസംഹരിക്കാം. ഉത്സവനാളില്‍ ജരൂസലേമില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ ദേവാലയത്തിലേയ്ക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുന്‍പുള്ള 118 പടികള്‍ ചവിട്ടിക്കയറുമ്പോള്‍ ആലപിക്കുന്ന ഗീതങ്ങളുടെ സമൂഹത്തില്‍പ്പെട്ട ഏറെ ഹ്രസ്വവും എന്നാല്‍ മനോഹരവുമായ ഗീതങ്ങളില്‍ ഒന്നാണ് സങ്കീര്‍ത്തനം 123-എന്ന് നാം മനസ്സിലാക്കുകയുണ്ടായി. ദൈവിക സാന്നിദ്ധ്യാനുഭവം മനസ്സില്‍ ധ്യാനിച്ചുകൊണ്ടാണ് ഭക്തരുടെ ഈ ആരോഹണം, ഈ പടികയറ്റം അല്ലെങ്കില്‍ മലകയറ്റം.

2. ഹ്രസ്വമായ പ്രാര്‍ത്ഥന
ഈ സങ്കീര്‍ത്തനത്തെക്കുറിച്ച് പഠിച്ചപ്പോഴും, ഇതിന്‍റെ വരികള്‍ക്ക് ലളിതമായ ഈണംനല്കുവാന്‍ ശ്രമിച്ചപ്പോഴും ഏറെ ആശ്ചരപ്പെടുത്തിയ ഒരു കാര്യം ഗീതത്തിന്‍റെ ഹ്രസ്വമായ ഘടനയാണ്. നാലുവരികളില്‍ ഗായകന്‍ കാര്യം പറഞ്ഞ് അവസാനിപ്പിക്കുകയാണ്. പ്രാര്‍ത്ഥനയുടെ ശക്തി നീണ്ട വരികളിലല്ല, വാക്ക്ധോരണിയിലുമല്ല, മറിച്ച് ചുരുങ്ങിയ വാക്കുകളിലും അവ ഉള്‍ക്കൊള്ളുന്ന തീവ്രതയിലും തീക്ഷ്ണതയിലുമാണെന്ന് ഈ ഗീതം പഠിപ്പിക്കുന്നു. ചുരുങ്ങിയ വാക്കുകളി‍ല്‍ ഉള്‍ചേര്‍ന്നിരിക്കുന്ന തീക്ഷ്ണതയിലും ശുഷ്ക്കാന്തിയിലും ചൈതന്യത്തിലുമാണ് പ്രാര്‍ത്ഥനയുടെ മേന്മയും അന്തഃസത്തയും അടങ്ങിയിരിക്കുന്നത്. വളരെ ഗഹനവും മഹത്തരവുമായ കാര്യങ്ങള്‍ വലിച്ചു നീട്ടുന്നതില്‍ കാര്യമില്ല, അത് ഹൃദയത്തില്‍നിന്നും ഉയരുന്ന ചിന്തയും പ്രാര്‍ത്ഥനയുമാണെങ്കില്‍ ചുരുങ്ങിയ വരികളിലും വാക്കുകളിലും കാര്യങ്ങള്‍ പറയുന്നതാണ് നല്ലെതെന്ന വസ്തുത ഈ സങ്കീര്‍ത്തനത്തിന്‍റെ പൊതുവായ അവലോകനത്തില്‍ നാം ഉള്‍ക്കൊള്ളേണ്ടതാണ്!

Musical Version of Psalm 123.
പ്രഭണിതം
ആദ്യപദം
കര്‍ത്താവേ എന്‍ കണ്ണുകളങ്ങേ വദനം തേടുന്നു
കാരുണ്യം തേടുന്നൂ, തവ കാരുണ്യം തേടുന്നൂ.

3. ദൈവത്തിങ്കലേയ്ക്കു തിരിയുന്ന വേദനിക്കുന്നവന്‍
സങ്കീര്‍ത്തകന്‍ ദൈവത്തിങ്കലേയ്ക്കാണ് തന്‍റെ ദൃഷ്ടികള്‍ പതിക്കുന്നത്. ഈ ഗീതത്തില്‍ ഗായകന്‍ തന്‍റെ ജീവിതസാഹചര്യങ്ങളിലേയ്ക്കോ, ചുറ്റുപാടുകളിലേയ്ക്കോ അല്ല, പര്‍വ്വതങ്ങളിലേയ്ക്കുമല്ല ദൃഷ്ടിപതിക്കുന്നത്! അതിനുമപ്പുറം പര്‍വ്വതങ്ങളുടെയും അതിനാഥനായ, സ്രഷ്ടാവായ ദൈവത്തിലേയ്ക്കാണ് സങ്കീര്‍ത്തകന്‍ ദൃഷ്ടികള്‍ പതിപ്പിച്ചത്. സ്വര്‍ഗ്ഗത്തില്‍ വാഴുന്നവനേ, എന്ന് സങ്കീര്‍ത്തകന്‍ ദൈവത്തെ അഭിസംബോധനചെയ്യുന്നത്. കാരണം ഭൂമിയില്‍ കാരുണ്യമില്ല, ഇവിടെ സഹാനുഭാവവുമില്ല. എല്ലാവര്‍ക്കും സ്വന്തം കാര്യം. വ്യക്തി ഞെരുക്കപ്പെടുകയാണ്, അതിനാല്‍ അയാള്‍ കരുണയുടെ സ്രോതസ്സായ ദൈവത്തിങ്കലേയ്ക്ക് തിരിയുന്നു.

4. ദൈവത്തിങ്കലേയ്ക്കു തിരിയുന്ന മനുഷ്യന്‍
സങ്കീര്‍ത്തന ഗ്രന്ഥത്തില്‍ അടുത്തടുത്തു വരുന്ന മൂന്നു ആരോഹണഗീതങ്ങള്‍ പരിശോധിച്ചാല്‍ മനുഷ്യന്‍റെ ഭാവാത്മകമായ ആരോഹണത്തിന്‍റെ തലങ്ങള്‍ നമുക്കു മനസ്സിലാക്കാം.
a) സങ്കീര്‍ത്തനം 120-ല്‍ ഗായകന്‍ തന്‍റെ ജീവിതചുറ്റുപാടുകളെ ഓര്‍ത്ത് വിലപിക്കുകയാണ്.
b) സങ്കീര്‍ത്തനം 121-ല്‍ സങ്കീര്‍ത്തകന്‍ സിയോണിലെ കുന്നുകളിലേയ്ക്ക്, സിയോന്‍ മലയിലേയ്ക്ക് ദൃഷ്ടികള്‍ പതിക്കുന്നു.
c) സങ്കീര്‍ത്തനം 122-ല്‍ തീര്‍ത്ഥാടകരെല്ലാം ദൈവത്തിന്‍റെ ആലയത്തില്‍ സന്തോഷിക്കുന്നതായി സങ്കീര്‍ത്തനം കുറിക്കുന്നു. 
d) നാം പഠനവിഷയമാക്കിയിരിക്കുന്ന 123- Ɔο സങ്കീര്‍ത്തനത്തില്‍, മനുഷ്യന്‍ തന്‍റെ ദൃഷ്ടികള്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തില്‍ പതിക്കുന്നതായും വായിക്കുന്നു.

5. പരമമായ ലക്ഷ്യം മനുഷ്യന്‍
മനുഷ്യന്‍റെ പരമമായ ലക്ഷ്യം ജരൂസലേമോ, ജരൂസലേം നഗരമോ, ഒരു തീര്‍ത്ഥാടന കേന്ദ്രമോ, ദേവസ്ഥാനങ്ങളോ, ധ്യാനകേന്ദ്രമോ അല്ല. അതിനുമപ്പുറം ദൈവത്തെ അറിയാനും, ആ ദൈവികാനുഭവം സ്വായത്തമാക്കാനുമാണ് മനുഷ്യന്‍ നിരന്തരമായി പരിശ്രിമക്കുന്നത്, പരിശ്രമിക്കേണ്ടത്. ദൈവം ആയുസ്സും ജീവനും നല്കി അനുഗ്രഹിച്ച മനുഷ്യന്‍ ദൈവത്തെയാണ് തേടുന്നത്, നാം ദൈവത്തെയാണ് ജീവിതത്തില്‍ പരമായി അന്വേഷിക്കേണ്ടതെന്ന് സങ്കീര്‍ത്തനം 123-ന്‍റെ പൊതുവായ അവലോകനത്തില്‍ നമുക്കു സ്ഥാപിക്കാം, സമര്‍ത്ഥിക്കാം.

Musical Version of Psalm 123.
രണ്ടാമത്തെ പദം
1-2 സ്വര്‍ഗ്ഗത്തില്‍ വാഴുന്നവനേ, അങ്ങിലേയ്ക്കു ഞങ്ങള്‍
കണ്ണുകള്‍ ഉയര്‍ത്തുന്നു.
ദാസന്‍റെ കണ്ണുകള്‍ യജമാനന്‍റെ കയ്യിലേയ്ക്കെന്നപോലെ
ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയ്യിലേയ്ക്കെന്നപോലെ
ഞങ്ങളുടെമേല്‍ കരുണ തോന്നുവോളം
ദൈവമായ കര്‍ത്താവിനെ ഞങ്ങള്‍
നോക്കിയിരിക്കുന്നു.
- കര്‍ത്താവേ എന്‍...

6. കരുണതേടുന്ന ദാസന്‍റെ രൂപം
ഇനി, എങ്ങനെയാണ് മനുഷ്യന്‍ ദൈവത്തെ അന്വേഷിക്കുന്നതെന്ന് സങ്കീര്‍ത്തനം 123-ന്‍റെ വെളിച്ചത്തില്‍ നാം പരിശോധിക്കുമ്പോള്‍, ഒരു ഉപമയിലൂടെയാണ് സങ്കീര്‍ത്തകന്‍ അതു വ്യക്തമാക്കുന്നതെന്ന് കാണാം. ഉപമ ഇതാണ്, “ദാസന്‍റെ കണ്ണുകള്‍ യജമാനന്‍റെ കയ്യിലേയ്ക്കെന്നപോലെ..., അല്ലെങ്കില്‍ ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയ്യിലേയ്ക്കെന്നപോലെ... ഞങ്ങളില്‍ കരുണ തോന്നുവോളം, ഞങ്ങളുടെ നയനങ്ങള്‍ ദൈവമായ കര്‍ത്താവിനെ നോക്കിയിരിക്കുന്നു!” (സങ്കീ. 123, 1-2).

7. ദൈവത്തിലേയ്ക്കു തിരിഞ്ഞിരിക്കുന്ന ദാസന്‍റെ സൂക്ഷ്മദൃഷ്ടി
ഈ ഉപമ കുറച്ചുകൂടി വിസ്തരിക്കാം. യജമാനന്‍ ഭക്ഷണം കഴിക്കുമ്പോള്‍ ദാസന്‍, അല്ലെങ്കില്‍ ദാസി യജമാനന്‍റെ കൈയ്യിലേയ്ക്കു നോക്കി പിറകില്‍ നില്കുന്നത് വളരെ സാധാരണമായ രംഗമാണ്. അദ്ദേഹം എന്താണ് എടുത്തു കഴിക്കുന്നത്? അത് എത്രത്തോളം, അത് അദ്ദേഹത്തിന് ഇഷ്ടമായോ, ഇനി എന്താണു വേണ്ടത്? എന്നിങ്ങനെയുള്ള കാര്യങ്ങളിലാണ് ദാസന്‍റെ സൂക്ഷ്മദൃഷ്ടി തിരിഞ്ഞിരിക്കുന്നത്. എന്തെങ്കിലും കുറവുകണ്ടാല്‍ അതു നിര്‍വത്തിക്കുന്നതിന് ദാസന്‍ ഓടുകയായി. അങ്ങനെ, അത്രയേറെ തീക്ഷ്ണതയുള്ള വിശ്വാസത്തോടും ഭക്തിയോടും വിനയത്തോടും കൂടിയാണ് മനുഷ്യന്‍ ദൈവസന്നിധിയില്‍ നില്ക്കേണ്ടതെന്ന് സങ്കീര്‍ത്തനം നമ്മെ പഠിപ്പിക്കുന്നു.

8. കരുണ തേടുന്ന വിശ്വാസം
മംഗലപ്പുഴയിലെ ബൈബിള്‍ പണ്ഡിതനായിരുന്ന തുരുത്തിമാലി അച്ചന്‍ തന്‍റെ വ്യാഖ്യാനത്തില്‍ പറയുന്നത് - ദാസന്‍റെ ദൃഷ്ടികള്‍ അത്രയെറെ സൂക്ഷമതയോടും ഭവ്യതയോടുംകൂടെ ദൈവത്തിങ്കലേയ്ക്കു തിരിഞ്ഞിരിക്കുന്നുണ്ടെങ്കില്‍ അത് ദൈവത്തിലുള്ള ആഴമായ വിശ്വാസത്തിന്‍റെയും, ആ വിശ്വാസത്തെപ്രതി ദൈവകല്പനകള്‍ ചൂണ്ടിക്കാണിക്കുന്ന വഴികളിലൂടെ പ്രവര്‍ത്തിക്കാനും അവിടുത്തെ ഹിതം നിരവേറ്റാനുമുള്ള ആഴമായ സന്നദ്ധതയുടെയും അടയാളമാണെന്നാണ്. അതായത്, ദൈവത്തില്‍ മനുഷ്യന് ഉണ്ടായിരിക്കേണ്ട ആശ്രിതത്വം, വിധേയത്വം, ശിഷ്യത്വം എന്നീ മൂന്നു കാര്യങ്ങളാണ് യജമാനന്‍റെ കൈയ്യിലേയ്ക്ക് ദൃഷ്ടികള്‍ പതിപ്പിച്ചിരിക്കുന്ന ദാസന്‍റെ ഉപമ ഉള്‍ക്കൊണ്ടിരിക്കുന്നത്. ആശ്രിതത്വം വഴി ദാസന് ആവശ്യമായിട്ടുള്ളതെല്ലാം നല്കാന്‍ ദൈവം സന്നദ്ധനാകുന്നു. വിധേയത്ത്വമുണ്ടെങ്കില്‍ ദൈവം നമ്മുടെ ജീവിതവഴികളെ പൂര്‍ണ്ണമായി നയിക്കുമെന്നും ഉറപ്പാണ്. പിന്നെ ശിഷ്യത്വം ദൈവത്തെ പ്രാപിക്കുന്നതിനു തുല്യവുമാണ്! കാരണം നാഥനായ ദൈവത്തെ അടുത്ത് പിഞ്ചെല്ലുന്നവനാണ് ശിഷ്യന്‍! ക്രിസ്തുശിഷ്യത്വം ക്രിസ്ത്വാനുകരണമാണ്. അവിടുത്തോടു കൂടെയായിരിക്കുന്നതും കൂടെ വസിക്കുന്നതുമായ അവസ്ഥയാണത്!

Musical Version of Psalm 123.
പത്തും പതിനൊന്നും പദങ്ങള്‍
3.4 കരുണ തോന്നണേ, കര്‍ത്താവേ,
ഞങ്ങളോടു കരുണ തോന്നണേ
ഞങ്ങല്‍ നിന്ദനമേറ്റു തളര്‍ന്നിരിക്കുന്നു
സുഖലോലുപരുടെ പരിഹാസവും
അഹങ്കാരികളുടെ നിന്ദനവും സഹിക്കുന്നു.
അലിവുതോന്നണേ, കര്‍ത്താവേ,
ഞങ്ങളോടു കരുണതോന്നണേ.

9. മനുഷ്യര്‍ തേടുന്ന ദൈവിക കാരുണ്യം
ഇനി, അവസാനമായി സങ്കീര്‍ത്തകന്‍ ദൈവത്തില്‍നിന്നും പ്രതീക്ഷിക്കുന്നത് എന്താണ്? മറ്റൊന്നുമല്ല, അവിടുത്തെ കാരുണ്യമാണ്. കാരുണ്യം തേടുന്നു! മനുഷ്യന്‍ ദൈവത്തിന്‍റെ കൃപ തേടുന്നു, എന്നു പറയുമ്പോള്‍ അതില്‍ ഏറെ ക്ഷമയും കാത്തിരിപ്പുമുണ്ട്. ക്ഷമയോടെയുള്ള കാത്തിരിപ്പ് കാരുണ്യം തേടലിന്‍റെ ഭാഗമാണ്. ദൈവത്തിന്‍റെ കാരുണ്യത്തിനായുള്ള കാത്തിരിപ്പ് അതില്‍ തന്നെ സജീവമായ കാര്യമാണ്. അതൊരു Dynamics, ബലതന്ത്രമാണ്. അത് ദൈവമനുഷ്യ ബന്ധത്തിന്‍റെ ഊട്ടിയുറപ്പിക്കലാണ്. കാരുണ്യത്തിനായുള്ള അഭ്യര്‍ത്ഥനയുടെ കാത്തിരിപ്പും, അഭ്യാര്‍ത്ഥനയുടെ ആവര്‍ത്തനവും നിഷ്ഫലമോ നിര്‍ജ്ജീവമോ ആയ കാര്യമല്ല. മറിച്ച് സജീവവും ക്രിയാത്മകവുമാണത്. അത് ദൈവ-മനുഷ്യ ബന്ധത്തിന്‍റെ നാന്നിയും അനുദിനമുള്ള ദൃഢപ്പെടുത്തലുമാണ്. അതുകൊണ്ട് കരുണ മനുഷ്യ ജീവിതത്തിന്‍റെ ബലതന്ത്രമാണെന്നും സങ്കീര്‍ത്തനം 123-ന്‍റെ പഠനത്തിന്‍റെ അവസാനഭാഗത്ത് ഹൃദിസ്ഥമാക്കിക്കൊണ്ട് പൊതുവായ അവലോകനം നമുക്ക് ഉപസംഹരിക്കാം.

Musical Version of Ps. 123
രണ്ടാമത്തെ പദം
ദാസരുടെ കണ്ണുകള്‍ യജമാനന്‍റെ സന്നിധിയിലേയ്ക്കെന്നപോലെ
ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ സന്നിധിയിലേയ്ക്കെന്നപോലെ
ഞങ്ങളുടെ നയനങ്ങള്‍ ദൈവമായ കര്‍ത്താവിനെ പാര്‍ത്തിരിക്കുന്നൂ (2).
- കര്‍ത്താവേ എന്‍...

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലപിച്ചത് ഡാവിന ഹാരിയും സംഘവുമാണ്.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയില്‍ അടുത്തയാഴ്ചയില്‍ ഒരു വിലാപഗീതത്തിന്‍റെ, സങ്കീര്‍ത്തനം 123-ന്‍റെ പഠനം ആരംഭിക്കും. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 September 2019, 14:36