തിരയുക

Rural Africa Rural Africa 

കരുണ കാട്ടുവോളം കാത്തിരിക്കുന്ന വിശ്വസ്തത!

വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പര – ആരോഹണഗീതം, സങ്കീര്‍ത്തനം 123-ന്‍റെ പഠനം നാലാം ഭാഗം.

- ഫാദര്‍ വില്യം നെല്ലിക്കല്‍

സങ്കീര്‍ത്തനം 123-ന്‍റെ പഠനം ഭാഗം - 4

ഗീതത്തിന്‍റെ ആത്മീയ വിചിന്തനം
സങ്കീര്‍ത്തനം 123-ന്‍റെ പഠനത്തില്‍ വരികളുടെ ആത്മീയവിചന്തനം നാം തുടരുകയാണ്. ദൈവികകാരുണ്യം തേടുന്ന മനുഷ്യന്‍റെ യാചനയാണിതെന്നും, ദൈവത്തിങ്കലേയ്ക്കു ദൃഷ്ടികള്‍ പതിക്കുന്നവന്‍റെ പ്രാര്‍ത്ഥനയാണിതെന്നുമുള്ള ആത്മീയ ചിന്തകളിലൂടെയാണ് ഈ പഠനം തുടരുന്നത്. സങ്കീര്‍ത്തകന്‍ ഉപയോഗിക്കുന്ന “ദൈവത്തിങ്കലേയ്ക്ക് കണ്ണുകള്‍ ഉയര്‍ത്തുന്നു,”
എന്ന ശ്രദ്ധേയമായ പ്രയോഗം മനുഷ്യന്‍റെ ദൈവോത്മുഖമായ ആത്മീയ വീക്ഷണത്തിന്‍റെയും മനോദര്‍പ്പണത്തിന്‍റെയും പ്രതീകമാണെന്നു നമുക്കു സമര്‍ത്ഥിക്കാം. സ്രഷ്ടാവും നിയന്താവും പിതാവുമായ ദൈവത്തിങ്കലേയ്ക്കാണ് നാം കണ്ണുകള്‍ ഉയര്‍ത്തുന്നത്. അതുകൊണ്ടു തന്നെയാണ് ക്രിസ്തു തന്‍റെ ശിഷ്യന്മാരെ ദൈവത്തെ പിതാവേ, എന്നു വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചത്. ജീവിതയാത്രയില്‍ തളര്‍ന്നിരിക്കുന്ന മനുഷ്യന്‍ ദൈവത്തിങ്കലേയ്ക്കല്ലാതെ മറ്റാരിലേയ്ക്കാണ് തിരിയുക, ദൃഷ്ടികള്‍ പതിക്കുക!?

Musical Version of Psalm 123.
പ്രഭണിതം
ആദ്യപദം
കര്‍ത്താവേ എന്‍ കണ്ണുകളങ്ങേ വദനം തേടുന്നു
കാരുണ്യം തേടുന്നൂ, തവ കാരുണ്യം തേടുന്നൂ.

വേദനയുടെ ദീര്‍ഘനിശ്വാസം
123-Ɔο സങ്കീര്‍ത്തനം “വേദനിക്കുന്ന മനുഷ്യഹൃദയത്തിന്‍റെ ദീര്‍ഘനിശ്വാസ”മാണെന്ന് വിശേഷിപ്പിച്ചത് ബൈബിളിന്‍റെ മഹാപണ്ഡിതനും, ദൈവശാസ്ത്രജ്ഞനും, പ്രോട്ടസ്റ്റന്‍റ് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവുമായ മാര്‍ട്ടിന്‍ ലൂതര്‍ കിങാണ്. മനുഷ്യന്‍റെ നിസ്സഹായതയും ദൈവത്തിന്‍റെ സര്‍വ്വാധീശത്വവും എപ്പോഴും മനുഷ്യന്‍ അംഗീകരിക്കേണ്ടതാണെന്ന് ഈ സങ്കീര്‍ത്തനം നമ്മെ പഠിപ്പിക്കുന്നു. അതിനാലാണ് ദൈവം സിംഹാസനസ്ഥനാണെന്ന് സങ്കീര്‍ത്തകന്‍ വരികളില്‍ വിവരിച്ചിരിക്കുന്നത്. ദൈവം പിതാവും നാം അവിടുത്തെ മക്കളും, ജനവുമാണെന്ന ചിന്ത ഈ ഗീതത്തിന്‍റെ ആത്മീയ വിചിന്തനത്തില്‍ ഉള്‍ക്കൊള്ളാവുന്നതാണ്. “നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍, സര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാം പൂജിതമാകണമേ...!” (മത്തായി 6, 9). അങ്ങനെ, ഞങ്ങളുടെ പിതാവേ, എന്നാണ് ക്രിസ്തു ദൈവത്തെ അഭിസംബോധനചെയ്തത്. അതിനാല്‍ പ്രാര്‍ത്ഥനയ്ക്ക് ഒരു സാമൂഹിക മാനമുണ്ടെന്ന വസ്തുത അക്കാലത്തുതന്നെ സങ്കീര്‍ത്തകനും അംഗീകരിക്കുന്നത് നമ്മുടെ പഠനത്തിലേയ്ക്കു കൂടുതല്‍ വെളിച്ചംവീശുന്നതാണ്. അങ്ങനെ ദൈവത്തെ സ്വര്‍ഗ്ഗത്തില്‍ വാഴുന്നവനെന്ന് സങ്കീര്‍ത്തകനും, സ്വര്‍ഗ്ഗസ്ഥനായ പിതാവെന്നു ക്രിസ്തുവും വിളിക്കുമ്പോള്‍, ദൈവം എവിടെ ഇരിക്കുന്നു, ഉപവിഷ്ഠനായിരിക്കുന്നു എന്നതിനെക്കാള്‍ അവിടുന്നു നമ്മെ സഹായിക്കാന്‍ കെല്പുള്ളവനും, നമ്മുടെ സ്രഷ്ടാവും സംരക്ഷകനുമാണെന്ന ആത്മീയ വിചിന്തനമാണ് നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തേണ്ടത്.

Musical Version of Psalm 123.
രണ്ടാമത്തെ പദം
1-2 സ്വര്‍ഗ്ഗത്തില്‍ വാഴുന്നവനേ, അങ്ങിലേയ്ക്കു ഞങ്ങള്‍
കണ്ണുകള്‍ ഉയര്‍ത്തുന്നു.
ദാസന്‍റെ കണ്ണുകള്‍ യജമാനന്‍റെ കയ്യിലേയ്ക്കെന്നപോലെ
ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയ്യിലേയ്ക്കെന്നപോലെ
ഞങ്ങളുടെമേല്‍ കരുണ തോന്നുവോളം
ദൈവമായ കര്‍ത്താവിനെ ഞങ്ങള്‍
നോക്കിയിരിക്കുന്നു.
- കര്‍ത്താവേ എന്‍...

ദൈവം പിതാവും നാം അവിടുത്തെ ജനവും
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... എന്ന അഭിസംബോധനയില്‍ ഞങ്ങളുടെ ... എന്ന ബഹുവചനത്തിലുള്ള വിശേഷണമാണ് ക്രിസ്തു ഉപയോഗിച്ചത്. അതിനു സമാന്തരമായിട്ട് 123-Ɔο സങ്കീര്‍ത്തനത്തില്‍ “ഞാന്‍...,” “എന്‍റെ കണ്ണുകള്‍…” എന്ന ഏകവചനത്തിലുള്ള പ്രയോഗങ്ങള്‍ ഉടനെതന്നെ അടുത്ത വരിയില്‍ - സ്വര്‍ഗ്ഗത്തില്‍ വാഴുന്നവനേ, അങ്ങേ സന്നിധിയിലേയ്ക്കു “ഞങ്ങള്‍ കണ്ണുകള്‍” ഉയര്‍ത്തുന്നു, എന്ന ബഹുവചന പ്രയോഗമായി രൂപപ്പെടുന്നതു കാണാം. അതുപോലെ, “ഞങ്ങളോടു കരുണ കാട്ടണേ!” എന്നുള്ള ബഹുവചന സര്‍വ്വനാമം ചേര്‍ത്തുള്ള പ്രയോഗവും, പ്രാര്‍ത്ഥിക്കുന്നവര്‍ ദൈവസന്നിധിയിലെ സമൂഹവും, ജനവുമാണെന്ന ആത്മീയ വിചിന്തനമാണ് വളര്‍ത്തുന്നത്. ദൈവം സിംഹാസനസ്ഥനാണെന്നും, സ്വര്‍ഗ്ഗസ്ഥനാണെന്നും ഏറ്റുപറയുമ്പോള്‍, അവിടുന്നു സകലത്തിന്‍റെയും അതിനാഥനും, മനുഷ്യരുടെ കൂടെയായിരിക്കുന്നവനും, മനുഷ്യര്‍ക്കു തുണയാകുന്നവനും, സംരക്ഷകനുമാണെന്നുമുള്ള സംജ്ഞകള്‍ വരികളില്‍ സങ്കീര്‍ത്തകന്‍ ഉപയോഗിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. അങ്ങനെ ദൈവത്തിന്‍റെ സര്‍വ്വാധീശത്വവും മഹത്വവും സങ്കീര്‍ത്തകന്‍ ഏറ്റുപറയുന്നുണ്ട്. ദിനവൃത്താന്തത്തിന്‍റെ ഒന്നാം പുസ്തകത്തില്‍ (chronicles One) ഇതേ ആശയം രേഖപ്പെടുത്തിയിട്ടുള്ളത് ഇവിടെ ശ്രവിക്കാം.

Recitation :
“എല്ലാവരുടെയും മുന്‍പില്‍വച്ചു കര്‍ത്താവിനെ
സ്തുതിച്ചുകൊണ്ടു ദാവീദു പറഞ്ഞു.
ഞങ്ങളുടെ പിതാവായ ഇസ്രായേലിന്‍റെ ദൈവമായ
കര്‍ത്താവേ, അങ്ങ് എന്നേയ്ക്കും വാഴ്ത്തപ്പെട്ടവന്‍!
കര്‍ത്താവേ, മഹത്വവും ശക്തിയും മഹിമയും
വിജയവും ഔന്നത്യവും അങ്ങയുടേതാകുന്നു.
ആകാശത്തിലും ഭൂമിയിലുമുള്ളതെല്ലാം അങ്ങയുടേത്.
ദൈവമേ, രാജ്യം അങ്ങയുടേത്, അങ്ങ് എല്ലാറ്റിന്‍റെയും
അധീശനായി സ്തുതിക്കപ്പെടുന്നു.
സമ്പത്തും ബഹുമാനവും അങ്ങാണു നല്കുന്നത്.
അങ്ങു സമസ്തവും ഭരിക്കുന്നു.
അധികാരവും ശക്തിയും അങ്ങേയ്ക്ക് അധീനമായിരിക്കുന്നു.
സകലരെയും ശക്തരും ഉന്നതരുമാക്കുന്നത് ദൈവമേ, അങ്ങാകുന്നു!”
(1 ദിനവൃത്താന്തം 29, 10-12).

ദൈവത്തില്‍ ദൃഷ്ടിപതിക്കുന്നവര്‍
സങ്കീര്‍ത്തകന്‍റെ ഭാഷയില്‍ തല ഉയര്‍ത്തി നോക്കാന്‍, അല്ലെങ്കില്‍ ദൃഷ്ടികള്‍ പതിപ്പിക്കാന്‍ ജീവിതത്തില്‍ ആരെങ്കിലും മുന്നില്‍ ഉണ്ടായിരിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നമുക്കു പ്രചോദനമേകുവാനും, നയിക്കുവാനും, സഹായിക്കുവാനും, മാതൃകയാക്കാനും, വീഴുമ്പോള്‍ കൈപിടിച്ചുയര്‍ത്തുവാനും ഒരാള്‍ ആവശ്യമാണ്. എന്നാല്‍ അങ്ങനെയുള്ളൊരാള്‍ “ദൈവമാണെ”ന്നു മനസ്സിലാക്കിയാലോ?! അതിന്‍റെ ഫലപ്രാപ്തി അതിമനോഹരമാണ്. കാരണം അവിടുന്നു സര്‍വ്വാധീശനാണ്, സ്രഷ്ടാവാണ്, സകലത്തിന്‍റെയും അതിനാഥനാണ്. സങ്കീര്‍ത്തകന്‍റെ വാക്കുകളില്‍, “ദാസന്‍ അല്ലെങ്കില്‍ ദാസി യജമാനന്‍റെ സന്നിധിയിലേയ്ക്കെന്ന പോലെ...” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് (2-). യജമാനനു ദാസനോടും ദാസിയോടും “കരുണ തോന്നുവോളം ദൈവമായ കര്‍ത്താവിനെ ഞങ്ങള്‍ നോക്കിയിരിക്കുന്നു”വെന്നാണ് സങ്കീര്‍ത്തകന്‍റെ പ്രയോഗം (2b).

Musical Version of Ps. 123

രണ്ടാമത്തെ പദം
2. ദാസരുടെ കണ്ണുകള്‍ യജമാനന്‍റെ സന്നിധിയിലേയ്ക്കെന്നപോലെ
ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ സന്നിധിയിലേയ്ക്കെന്നപോലെ
ഞങ്ങളുടെ നയനങ്ങള്‍ ദൈവമായ കര്‍ത്താവിനെ പാര്‍ത്തിരിക്കുന്നൂ (2).
- കര്‍ത്താവേ എന്‍...
ദൈവസന്നിധിയില്‍ തുറവോടെ നില്ക്കുന്ന ദാസര്‍
ദൈവത്തോടു തുറവുള്ളവരും വിശ്വാസമുള്ളവരും ദാസ്യരൂപമെടുക്കുന്നത് വിശുദ്ധഗ്രന്ഥത്തില്‍ ആവര്‍ത്തിച്ചു കാണാവുന്നതാണ്. സാമുവേല്‍ പ്രവാചകന്‍റെ ആദ്യഗ്രന്ഥം വിവരിക്കുന്ന യുവാവായ സാമുവലിന്‍റെ മാതൃക ശ്രദ്ധേയമാണ്. അദ്ദേഹത്തെ വിളിച്ചത് ദൈവമായിരുന്നു. അയാളെ, സാമുവേലിനെ അവിടുത്തെ ദൂതനും പ്രവാചകനുമാക്കാനായിരുന്നു ആ വിളി!
“അപ്പോള്‍ കര്‍ത്താവു വന്നുനിന്ന് മുന്‍പിലത്തെപ്പോലെ
സാമുവല്‍, സാമുവല്‍ എന്നു വിളിച്ചു. സാമുവല്‍ പ്രതിവചിച്ചു.
അരുളിച്ചെയ്താലും, അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു.”
(1 സാമുവല്‍ 3, 10).

പക്വമാര്‍ന്ന കരുതലുള്ള വിശ്വസ്ത ദാസര്‍
ഇവിടെ നാം കാണുന്നത് ദൈവസന്നിധിയില്‍ തുറവോടെ നില്ക്കുന്ന ഒരു വിനീത ദാസന്‍റെ രൂപമാണ്. ഇവിടെ ദൈവഹിതത്തോടു ശ്രദ്ധപുലര്‍ത്തുക മാത്രമല്ല, അത് കേള്‍ക്കാനും മനസ്സിലാക്കാനും, അതുപ്രകാരം പ്രവര്‍ത്തിക്കാനുമുള്ള സന്നദ്ധതയുണ്ടായിരിക്കുക എന്നതാണ് പ്രധാനം. ഒരു പക്വമാര്‍ന്ന കരുതല്‍ അല്ലെങ്കില്‍ ശ്രദ്ധയെന്നു പറഞ്ഞാല്‍ Trained watchfulness, യജമാനന്‍റെ പക്കല്‍നിന്നും ഒരു വാക്കോ, ചെറിയ ആംഗ്യമോ, ഒരു നോട്ടമോ മതി, ദാസന്‍ കാര്യങ്ങള്‍ ഗ്രഹിച്ച്, അപ്രകാരം പ്രവര്‍ത്തിക്കാനും അതു നടപ്പിലാക്കാനും. അതിനാല്‍ ഇവിടെ ഒരു തീര്‍പ്പില്‍ നമുക്ക് എത്തിച്ചേരാവുന്നതാണ്. എന്താണ് ആ തീര്‍പ്പ്? പരിപാലകനായ ദൈവത്തോടു മനുഷ്യന്‍ കരുതലും, ശ്രദ്ധയും, തുറവും കാട്ടേണ്ടതാണ്.

കരുണ കാട്ടുവോളം കാത്തിരിക്കുന്ന ദാസര്‍!
അങ്ങനെ അവിടുത്തെ ശ്രവിക്കാനും, അവിടുത്തെ സ്വരം തിരിച്ചറിയാനുമുള്ള ഒരു സന്നദ്ധത മനുഷ്യന് ഉണ്ടായിരിക്കേണ്ടതാണ്. സങ്കീര്‍ത്തനം 123-ന്‍റെ 2-Ɔമത്തെ വരിയില്‍ പറയുന്നതുപോലെ, “അവിടുന്നു കരുണ കാട്ടുവോളം ദാസനും ദാസിയും കാത്തിരിക്കുന്നു!” ഇവിടെ മനുഷ്യന്‍റെ കാത്തിരിപ്പിന് ഒരു സമയപരിധി നിര്‍വ്വചിക്കപ്പെടുകയാണ്. അവിടുത്തെ കരുണ ലഭിക്കുവോളം ക്ഷമ കാട്ടേണ്ടിയിരിക്കുന്നുവെന്നാണ് സങ്കീര്‍ത്തകന്‍ നമ്മോട് – എന്നോടും നിങ്ങളോടും ആവശ്യപ്പെടുന്നത്!

നിഗൂഢമായ ദൈവികവഴികള്‍
അപ്പോള്‍ ദാസന് അല്ലെങ്കില്‍ വ്യക്തിക്ക് കാത്തിരിക്കാനുള്ള സന്നദ്ധതയും, ക്ഷമയും ജീവിതത്തില്‍ ആവശ്യമാണെന്ന ഓര്‍മ്മപ്പെടുത്തലാണ്. അത് ഒരു ചെറിയ സമയ പരിധിയാവാം, അല്ലെങ്കില്‍ ദൈര്‍ഘ്യമുള്ള ജീവിതകാലമാകാം. എന്നാല്‍ നാം മനസ്സിലാക്കണം, ചിലപ്പോഴെങ്കിലും മനുഷ്യന്‍റെ വിശ്വാസത്തെ ബലപ്പെടുത്തുവാനും, മനുഷ്യരെ പരീക്ഷിക്കാനും അവരുടെ യാചനകള്‍ ദൈവം ശ്രവിക്കണമെന്നില്ല. അവിടുന്നു സമയമെടുക്കാം. അവിടുന്നു മനുഷന്‍റെ പ്രതീക്ഷകളില്‍നിന്നും വ്യത്യസ്ഥമായും, അത്ഭുതകരമായും ജീവിതത്തില്‍ ഇടപെടാം. അവിടുത്തെ പദ്ധിതിക്ക് ഇണങ്ങിയവിധം അവിടുന്നെ ഈ പ്രപഞ്ചത്തെ പാലിക്കുന്നു, നയിക്കുന്നു. എല്ലാം, എന്നും മനുഷ്യന്‍റെ പ്രതീക്ഷിയിലോ, കണക്കുകൂട്ടലിലോ വരണമെന്നില്ല. ദൈവത്തിന്‍റെ രീതികള്‍ വ്യത്യസ്തവും വിചിത്രവുമാണെന്ന് നമുക്ക് അറിയാം. സങ്കീര്‍ത്തകനോടു ചേര്‍ന്നു പ്രാര്‍ത്ഥിക്കാം, “കര്‍ത്താവേ, അങ്ങയുടെ മാര്‍ഗ്ഗങ്ങള്‍ ഞങ്ങളെ പഠിപ്പിക്കേണമേ!” (സങ്കീര്‍ത്തനം 86, 11).

Musical Version of Ps. 123
3.4 കരുണ തോന്നണേ, കര്‍ത്താവേ,
ഞങ്ങളോടു കരുണ തോന്നണേ.
ഞങ്ങള്‍ നിന്ദനമേറ്റു തളര്‍ന്നിരിക്കുന്നു
സുഖലോലുപരുടെ പരിഹാസവും
അഹങ്കാരികളുടം നിന്ദനവും സഹിക്കുന്നൂ
അലിവുതോന്നണേ, കര്‍ത്താവേ,
ഞങ്ങളോടു കരുണ തോന്നണേ!
- കര്‍ത്താവേ എന്‍...

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലപിച്ചത് ഡാവിന ഹാരിയും സംഘവുമാണ്.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര അവതരിപ്പിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍.

ആരോഹണഗീതം, സങ്കീര്‍ത്തനം 123-ന്‍റെ തുടര്‍ച്ച ഇനിയും അടുത്തയാഴ്ചയില്‍.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 September 2019, 17:06