തിരയുക

Opening oneself before God in prayer Opening oneself before God in prayer 

സങ്കീര്‍ത്തനം വരച്ചുകാട്ടുന്ന ദാസ്യരൂപത്തിന്‍റെ ആത്മീയത

വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പര – ആരോഹണഗീതം, സങ്കീര്‍ത്തനം 123-ന്‍റെ പഠനം അഞ്ചാം ഭാഗം.

- ഫാദര്‍ വില്യം നെല്ലിക്കല്‍

സങ്കീര്‍ത്തനം 123-ന്‍റെ പഠനം ഭാഗം-5


1. ദൈവത്തില്‍ ശരണപ്പെടുന്ന വിനീതദാസര്‍

123-Ɔο സങ്കീര്‍ത്തനത്തിന്‍റെ ആത്മീയവിചിന്തനം ഇന്നും തുടരുന്നു. ഈ ശരണഗീതത്തിന്‍റെ വിശദമായ പഠനത്തില്‍ മനസ്സിലാകുന്നത് - ഒരു വിനീതദാസന്‍റെ ദൈവത്തിലുള്ള ശരണപ്പെടലാണ്. അത് ഈ ഗീതത്തിന്‍റെ ആത്മീയ ആന്തരീകഭാവവുമാണ്. ഒരു ദാസനോ, ദാസിയോ എപ്പോഴും യജമാനന്‍റെയും സ്വാമിനിയുടെയും ഹിതത്തോടു സാരൂപ്യപ്പെട്ടിരിക്കാന്‍ അവരുടെ വാക്കുകളോട് ഏറെ ശ്രദ്ധയും കരുതലുമുള്ളവരായി ജീവിക്കുന്നു. ആരുടെയും വിശ്വാസത്തെ ബലപ്പെടുത്താന്‍ പോരുന്നതും, നമ്മുടെ മനോഭാവത്തില്‍ മാറ്റംവരുത്താന്‍ പോരുന്നതുമാണ് ഈ ഗീതത്തിന്‍റെ ഓരോ വരികളും. കാരണം ദൈവത്തിന്‍റെ മുന്നില്‍ നാം വിനീതദാസരും, അവിടുന്നു നമ്മുടെ യജമാനനുമാണ്. മറിച്ചാവരുത്, നമ്മളാരും ദാര്‍ഷ്ട്യഭാവം അണിഞ്ഞ് യജമാനന്മാരാണെന്നു ചിന്തിക്കുന്നതും, പെരുമാറാന്‍ ശ്രമിക്കുന്നതും മൗഢ്യമാണെന്നു ഈ സങ്കീര്‍ത്തന പഠനത്തിന്‍റെ പശ്ചാത്തലത്തില്‍ സമ്മതിക്കേണ്ടിയിരിക്കുന്നു.

2. ദാസ്യരൂപത്തിന്‍റെ ആത്മീയത
എല്ലാം എന്‍റെ ഇഷ്ടമാണ്, എന്‍റെ സ്വാതന്ത്ര്യമാണെന്നു ചിന്തിക്കുന്നവരുണ്ടാകാം. അങ്ങനെ തങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും അത് ഉയര്‍ത്തിപ്പിടിക്കുവാനുംവേണ്ടി മറ്റാരെയുംകാള്‍ താന്‍ സമര്‍ത്ഥനാണെന്നും, പ്രഗത്ഭനാണെന്നും കാണിക്കാനുള്ള ധാര്‍ഷ്ട്യത്തോടെ മറ്റുള്ളവരോടു പെരുമാറുന്നു. അവരോടു നിസംഗതകാട്ടുന്നു. തന്‍റെ പ്രൗഢസാന്നിദ്ധ്യം സ്ഥിരീകരിക്കാന്‍വേണ്ടി അസത്യമായി പെരുമാറാനും, മറ്റുള്ളവരെ സ്വാധീനിക്കാനും കീഴ്പ്പെടുത്താനുമൊക്കെ പരിശ്രമിക്കുന്നത് ഇത്തരക്കാരുടെ പെരുമാറ്റ രീതിയായിരിക്കും. എന്നാല്‍ ക്രൈസ്തവ ആത്മീയതയില്‍ ഇതിലൊരു വിരോധാഭാസമുണ്ട്. മനുഷ്യന്‍ യഥാര്‍ത്ഥമായ സ്വാതന്ത്ര്യം അനുഭവിക്കുന്നത് ക്രിസ്തുവിന്‍റെ മാതൃകയില്‍ ദാസ്യരൂപം കൈക്കൊള്ളുമ്പോഴാണ്. അല്ലെങ്കില്‍ നാം ക്രിസ്തുവിന്‍റെ ദാസന്മാരാകുമ്പോഴാണ്. അതുതന്നെയാണ് ഈ ഗീതം നമ്മെ പഠിപ്പിക്കുന്നതും.

Musical Version of Psalm 123.
പ്രഭണിതം
ആദ്യപദം
കര്‍ത്താവേ എന്‍ കണ്ണുകളങ്ങേ വദനം തേടുന്നു
കാരുണ്യം തേടുന്നൂ, തവ കാരുണ്യം തേടുന്നൂ.

3. ദൈവത്തിന്‍ വൈവിധ്യമാര്‍ന്ന  സൃഷ്ടിജാലങ്ങള്‍
ദൈവത്തിന്‍റെ മുന്നില്‍ ദാസ്യരൂപമെടുക്കുന്ന മനുഷ്യന്‍റെ മനോഭാവം ദിനവൃത്താന്ത ഗ്രന്ഥം വിവരിക്കുന്നുണ്ട്.
Recitation :
“ഞങ്ങളുടെ ദൈവമേ, ഞങ്ങള്‍ക്കെതിരെ വരുന്ന
ഈ സൈന്ന്യവ്യൂഹത്തോടു പൊരുതാന്‍
ഞങ്ങള്‍ അശക്തരാണേ! എന്തു ചെയ്യേണ്ടൂ എന്നു ഞങ്ങള്‍ക്കറിയില്ല.
എങ്കിലും ദൈവമേ, ഞങ്ങളങ്ങില്‍ അഭയം തേടുന്നു.”
2 ദിനവൃത്താന്തം 20,12.

4. ദൈവത്തിന്‍റെ സൃഷ്ടികള്‍ മഹത്തരം
സങ്കീര്‍ത്തനം 104, 24-28 പദങ്ങളും ഇതേ ആശയം വിവരിക്കുന്നുണ്ട്.
“കര്‍ത്താവേ, അങ്ങയുടെ സൃഷ്ടികള്‍ എത്ര വൈവിധ്യപൂര്‍ണ്ണങ്ങളാണ്.
ജ്ഞാനത്താല്‍ അങ്ങവയെ നിര്‍മ്മിച്ചു,
ഭൂമി അങ്ങയുടെ സൃഷ്ടികളാല്‍ നിറഞ്ഞിരിക്കുന്നു.
ഇതാ, വിസ്തൃതമായ മഹാസമുദ്രം, ചെറുതും വലുതമായ
അസംഖ്യം ജീവികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.
അതില്‍ കപ്പലുകള്‍ സഞ്ചരിക്കുന്നു. യഥാസമയം
ഭക്ഷണം ലഭിക്കാന്‍ അവ അങ്ങയെ നോക്കിയിരിക്കുന്നു.
അങ്ങു നല്കുമ്പോള്‍ അവ ഭക്ഷിക്കുന്നു,
അങ്ങു കൈതുറന്നു കൊടുക്കുമ്പോള്‍ അവ നന്മകളാല്‍ സംതൃപ്തരാകുന്നു!”
(സങ്കീ. 104, 24-28).

മനുഷ്യര്‍ മാത്രമല്ല, സകല ജീവജാലവും ഈ പ്രപഞ്ചം മുഴുവനും ദൈവത്തില്‍ ആശ്രയിച്ചിരിക്കുന്നു, ദൈവത്തെ പാര്‍ത്തിരിക്കുന്നു. ദൈവമായ കര്‍ത്താവാണ് നമുക്ക് അസ്തിത്വം നല്കുന്നതും, നമ്മുടെ ഭാവിഭാഗധേയം നിര്‍ണ്ണയിക്കുന്നതും. ദാസന്‍ തന്‍റെ ഒരോ ദൗത്യനിര്‍വ്വഹണത്തിനായി ദൈവത്തെ പാര്‍ത്തിരിക്കുന്നതുപോലെ, അനുദിന ജീവിതാവശ്യങ്ങള്‍ക്കായി നിങ്ങളും ഞാനും ദൈവിക പരിപാലനയില്‍ ആശ്രയിക്കേണ്ടിയിരിക്കുന്നു.

Musical Version of Psalm 123.
രണ്ടാമത്തെ പദം
1-2 സ്വര്‍ഗ്ഗത്തില്‍ വാഴുന്നവനേ, അങ്ങിലേയ്ക്കു ഞങ്ങള്‍
കണ്ണുകള്‍ ഉയര്‍ത്തുന്നു.
ദാസന്‍റെ കണ്ണുകള്‍ യജമാനന്‍റെ കയ്യിലേയ്ക്കെന്നപോലെ
ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയ്യിലേയ്ക്കെന്നപോലെ
ഞങ്ങളുടെമേല്‍ കരുണ തോന്നുവോളം
ദൈവമായ കര്‍ത്താവിനെ ഞങ്ങള്‍
നോക്കിയിരിക്കുന്നു.
- കര്‍ത്താവേ എന്‍...

5. ദൈവത്തിന്‍റെ കരുണയില്‍ അഭയം തേടുന്നവര്‍
ബൈബിള്‍ പണ്ഡിതനായ ജോണ്‍ പെര്‍വോണെ ഇന്ത്യയുടെ കിഴക്കന്‍ പ്രവിശ്യയിലും ബംഗാളിലും മിഷണറിയായിരുന്നു. ഇംഗ്ലിഷുകാരനായ ഈ മിഷണറി സങ്കീര്‍ത്തനം 123-ല്‍ യജമാനന്‍റെ കണ്ണുകളെ നോക്കിയിരിക്കുന്ന ദാസന്‍റെ ചിത്രം വരയ്ക്കുന്ന വരികള്‍ വര്‍ണ്ണിക്കുന്നത് - പ്രത്യാശിക്കുന്നതും, ക്ഷമയുള്ളതും, ദൈവത്തെ പാര്‍ത്തിരിക്കുന്നതുമായ മനുഷ്യനെന്നാണ്.

നാം ശ്രവിച്ച രണ്ടാം ദിനവൃത്താന്തം 20-Ɔο അദ്ധ്യായത്തിലെ 12-Ɔο വാക്യം രാജാവായ ജെഹോഷഫാത്ത് ദൈവത്തോടു യാചിക്കുകയും അവിടുത്തെ കരുണയില്‍ അഭയം തേടുകയും ചെയ്യുന്ന രംഗമാണത്. ദൈവമേ, എതിരേ വരുന്ന സൈന്ന്യവ്യൂഹത്തോടു പൊരുതാന്‍ കെല്പില്ലാത്ത ഈ ജനത്തെ കാത്തുപാലിക്കണേ! ദൈവമേ കരുണകാട്ടണേ, ഞങ്ങള്‍ അങ്ങില്‍ ദൃഷ്ടികള്‍ പതിക്കുന്നു ദൈവമേ....! എന്നാണ്. ഈ ചരിത്രസംഭവം പഠിപ്പിക്കുന്നത്, നമ്മളും ഇതുപോലുള്ള സാഹചര്യങ്ങളില്‍ എത്തിപ്പെടാം. പരിമിതികള്‍ ഏറ്റുപറയാനുള്ള എളിമയോ തുറവോ ഉണ്ടാകണമെന്നില്ല. എന്നാല്‍ നാം ജീവിതത്തില്‍ പൂര്‍ണ്ണമായും ദൈവത്തില്‍ ആശ്രയിക്കേണ്ടിയിരിക്കുന്നു. ദൈവത്തിങ്കലേയ്ക്കു തിരിയാനും, ജെഹോഷഫാത്ത് രാജാവിനെപ്പോലെ ദൈവസന്നിധിയില്‍ എളിമയോടെ കരുണയ്ക്കായ് യാചിക്കാനുമുള്ള വിനീതഭാവം നമുക്കും ആവശ്യമാണ്. നമ്മുടെ ആവശ്യങ്ങളില്‍ ദൈവം നമ്മെ സഹായിക്കും! നമ്മെ നയിക്കും, അവിടുന്നു നമ്മുടെ കൂടെ നടക്കും!

Musical Version of Psalm 123.
പത്തും പതിനൊന്നും പദങ്ങള്‍
3.4 കരുണ തോന്നണേ, കര്‍ത്താവേ, 
ഞങ്ങളോടു കരുണ തോന്നണേ
ഞങ്ങല്‍ നിന്ദനമേറ്റു തളര്‍ന്നിരിക്കുന്നു
സുഖലോലുപരുടെ പരിഹാസവും
അഹങ്കാരികളുടം നിന്ദനവും സഹിക്കുന്നു.
അലിവുതോന്നണേ, കര്‍ത്താവേ,
ഞങ്ങളോടു കരുണതോന്നണേ. 

6. നിത്യസഹായകനായ ദൈവം
“ദൈവം നമ്മുടെ സഹായകന്‍,” സങ്കീര്‍ത്തനം 123-ല്‍ പൊന്തിവരുന്ന  ആശയം വീണ്ടും ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തിലും നമുക്കു കാണാം. “എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്കും” (ഫിലിപ്പിയര്‍ 4, 19). അതുപോലെ 145-Ɔο സങ്കീര്‍ത്തനത്തിലെ വരികളും ദൈവത്തിലുള്ള ആശ്രയ ബോധത്തെക്കുറിച്ചാണ് വളരെ വ്യക്തമായി സംസാരിക്കുന്നത്. “എല്ലാവരും അങ്ങയില്‍ ദൃഷ്ടിപതിച്ചിരിക്കുന്നു. അങ്ങ് അവര്‍ക്കു യഥാസമയം ആഹാരം കൊടുക്കുന്നു.
അവിടുന്നു കൈതുറന്നു നല്കുമ്പോള്‍ എല്ലാവരും അതില്‍ സംതൃപ്തരാകുന്നു. (സങ്കീര്‍ത്തനം 145, 15-16). ജീവിതത്തില്‍ ദൈവത്തിന്‍റെ ഇടപെടലുകള്‍ നാം പ്രതീക്ഷിക്കണം, കാത്തിരിക്കണം. ദാസന്‍ യജമാനനെ പാര്‍ത്തിരിക്കുന്നതുപോലെ നാം പ്രത്യാശയോടെ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ക്കായി കാത്തിരിക്കണം. ദൈവം നമ്മുടെ കരുണാര്‍ദ്രനായ രക്ഷകനാണ്. ദൈവം നമ്മുടെ യാതനകള്‍ അറിയുന്നുവെന്നും അവിടുന്ന് അതിനോടു പ്രതികരിക്കുന്നുവെന്നും നാം മനസ്സിലാക്കേണ്ടതാണ്.

“കര്‍ത്താവു അരുള്‍ചെയ്യുന്നു, ഈജിപ്തിലുള്ള എന്‍റെ ജനത്തിന്‍റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു.
അവരുടെ യജമാനന്മാരുടെ ക്രൂരതയാല്‍ അവരുടെ കരച്ചില്‍ ഞാന്‍ കേട്ടു”
(പുറപ്പാടുഗ്രന്ഥം 3, 7).

7. കൂടെ നടക്കുന്ന വിമോചകന്‍
ദൈവത്തെക്കുറിച്ച് വളരെ അധികം അറിവു നാം വിശുദ്ധ ഗ്രന്ഥത്തില്‍നിന്നു നേടുന്നുണ്ട്. ദൈവം നമ്മുടെ യാതനകള്‍ കാണുന്നു. ഇസ്രായേല്യര്‍ 400 വര്‍ഷത്തോളമാണ് ഈജിപ്തില്‍ ഫറവോയുടെ അടിമകളായിരുന്നത്. കാലദൈര്‍ഘ്യത്തില്‍ ദൈവം തങ്ങളെ പരിത്യജിച്ചെന്ന് ജനം വിശ്വസിച്ചു കാണാം. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്, ദൈവം അവരുടെ കരച്ചില്‍ കേള്‍ക്കുകയും, ഫറവോന്‍റെ കരങ്ങളില്‍നിന്നു മോശയുടെ നേതൃത്വത്തില്‍ അവരെ മോചിക്കുകയും ചെയ്തു. മാത്രമല്ല, അവിടുന്ന് അവരെ പരിപാലിച്ചു. സീനായ് മരുപ്രദേശത്തൂടെ ഇത്രയും വലിയ ജനസഞ്ചത്തിന് ജലവും ഭക്ഷണവും നല്കി, അവിടുന്ന് അവരെ വാഗ്ദത്ത ഭൂമിവരെ നയിച്ചു.

മാര്‍ഗ്ഗമദ്ധ്യേ, ദൈവം രാത്രിയില്‍ അവര്‍ക്ക് ദീപസ്തംഭമായ് തെളിഞ്ഞുനിന്നു. പകല്‍ അവിടുന്ന് മേഘാവരണമായും അവരെ മുന്നോടു നയിച്ചു. അവിടുന്ന് അവര്‍ക്ക് കല്പനകള്‍ നല്കി. വീണവരെ അവിടുന്നു താങ്ങുകയും തിരുത്തുകയും, കൈപിടിച്ചുയര്‍ത്തകയും, പന്നെയും മുന്നോട്ടു നയിക്കുകയും ചെയ്തു. ദൈവത്തിന്‍റെ കരുത്തിനെക്കുറിച്ച് ഇസ്രായേല്യര്‍ക്ക് സംശയംതോന്നിയ ദിനങ്ങളുണ്ടായിരുന്നു. അവര്‍ ദൈവത്തിനെതിരായി പിറുപിറുത്തു, അവര്‍ മോശയോടു കയര്‍ത്തു. അതുപോലെ ദൈവത്തിന്‍റെ പരിപാലനയുടെ കരുത്തില്‍ നമുക്കു സംശയം തോന്നുമ്പോള്‍ ക്രിസ്തുവിലേയ്ക്കു തിരിയുന്നതു നല്ലതാണ്. ഹെബ്രായരുടെ ലേഖനത്തിലെ വചനം അതു വ്യക്തമാക്കുന്നു. “അവിടുന്നു പീഡകള്‍ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തതുകൊണ്ട്, പരീക്ഷിക്കപ്പെടുന്നവരും പരിത്യക്തരുമായ നമ്മെ സഹായിക്കാന്‍ അവിടുത്തേയ്ക്കു സാധിക്കുമല്ലോ” (ഹെബ്രായര്‍ 2, 18).

Musical Version of Ps. 123
രണ്ടാമത്തെ പദം
ദാസരുടെ കണ്ണുകള്‍ യജമാനന്‍റെ സന്നിധിയിലേയ്ക്കെന്നപോലെ
ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ സന്നിധിയിലേയ്ക്കെന്നപോലെ
ഞങ്ങളുടെ നയനങ്ങള്‍ ദൈവമായ കര്‍ത്താവിനെ പാര്‍ത്തിരിക്കുന്നൂ (2).
- കര്‍ത്താവേ എന്‍...

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലപിച്ചത് ഡാവിന ഹാരിയും സംഘവുമാണ്.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര അവതരിപ്പിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍.

ആരോഹണഗീതം, സങ്കീര്‍ത്തനം 123-ന്‍റെ പൊതുവായ അവലോകനം അടുത്തയാഴ്ചയില്‍ ശ്രവിക്കാം.
 

17 September 2019, 14:34