ഫാദര്‍ പെദ്രോ മഡഗാസ്കറില്‍ സൃഷ്ടിച്ച “സൗഹൃദനഗരം”
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. യാത്രയുടെ രണ്ടാംഘട്ടം അവസാനഭാഗം
ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസാംബിക്, മഡഗാസ്ക്കര്‍, മൗറീഷ്യസ് എന്നിവിടങ്ങളിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നടത്തുന്ന 31-Ɔο അപ്പസ്തോലിക യാത്രയുടെ രണ്ടാം ഘട്ടമായ മഡഗാസ്ക്കര്‍ സന്ദര്‍ശനത്തിന്‍റെ രണ്ടാംദിനവും സമാപനദിനവുമായ സെപ്തംബര്‍ 8-Ɔο തിയതി ഞായറാഴ്ച ഉച്ചതിരിഞ്ഞുള്ള പരിപാടികളുടെ റിപ്പോര്‍ട്ടാണിത്. സെപ്തംബര്‍ 4-ന് ബുധനാഴ്ച വൈകുന്നേരം മൊസാംബിക്കില്‍ എത്തിയ പാപ്പാ, 5, 6 - വ്യാഴം വെള്ളി ദിവസങ്ങള്‍ അവിടെ ചെലവഴിച്ചശേഷം വെള്ളിയാഴ്ച വൈകുന്നേരമാണ്, റെ യാത്രയുടെ രണ്ടാംഘട്ടം മലഗാസിയെന്നും അറിയപ്പെടുന്ന മഡഗാസ്ക്കറില്‍ എത്തിയത്. ശനി, ഞായര്‍ രണ്ടുദിവസങ്ങള്‍ തിങ്ങിനിന്നതായിരുന്നു പാപ്പായുടെ പരിപാടികള്‍. ഞായറാഴ്ച, സെപ്തംബര്‍ 8 കന്യകാനാഥയുടെ പിറവിത്തിരുനാളില്‍ പാപ്പാ സൊമാഡ്രിക്കാസെ രൂപതാ മൈതാനിയില്‍ മഡഗാസ്കറിലെ വിശ്വാസികള്‍ക്കൊപ്പം സമൂഹദിവ്യബലിയര്‍പ്പിച്ചു. എന്നിട്ട് നഗരപ്രാന്തത്തിലെ അപ്പോസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തില്‍ വിശ്രമിച്ചു.
2. സന്ദര്‍ശനത്തിന്‍റെ ആദ്യവേദി : അക്കമോസോവ “സൗഹൃദനഗരം
1970-ല്‍ മഡഗാസ്ക്കറിലെത്തിയ അര്‍ജന്‍റീന സ്വദേശിയും പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സഭാംഗവുമായ ഫാദര്‍ പെദ്രോ ഒപേക്ക സ്ഥാപിച്ചതാണിത്. തലസ്ഥാനനഗരമായ അന്തനാനരീവോയിലെ കുപ്പക്കൂമ്പാരങ്ങളുടെ സമീപത്തായി കരിങ്കല്‍ മട തുടങ്ങി. ദരിദ്രരായ പ്രദേശവാസികള്‍ക്ക് മാന്യമായി ജീവിക്കുവാന്‍ കഴിയുന്ന വിധത്തില്‍ ഒരു അടിസ്ഥാനവേതനം ഉറപ്പാക്കുകയായിരുന്ന ലക്ഷ്യം. ക്രമേണ ഈ പദ്ധതി വളര്‍ന്നു വികസിച്ച്, ഏകദേശം 25,000 തൊഴിലാളികളുള്ള പ്രസ്ഥാനമായി. കരിങ്കല്‍ മടയുടെ ചുറ്റുമായി ജനങ്ങള്‍ ചെറിയ കൂട്ടങ്ങളായി താമസിച്ചത്, ഗ്രാമങ്ങളായി വളര്‍ന്നു വികസിക്കുകയും, തൊഴിലാളിക്കുടുംബങ്ങള്‍ സ്നേഹത്തിലും സൗഹൃദത്തിലും ജീവിച്ചാണ് ഇന്നത്തെ സൗഹൃദഗ്രാമം യാഥാര്‍ത്ഥ്യമായത്.
3. ഫാദര്‍ പെദ്രോ ഒപേക്ക – സൗഹൃദനഗരത്തിന്‍റെ ശില്പി
ഞായറാഴ്ച വൈകുന്നേരം പ്രാദേശിക സമയം 3.10-ന്, ഇന്ത്യയിലെ സമയം വൈകുന്നേരം
5.40-ന് 8 കി. മീറ്ററില്‍ അധികം കാറില്‍ സഞ്ചരിച്ച് പാപ്പാ ഫ്രാന്‍സിസ് അക്കമോസോവയിലെ “സൗഹൃദനഗര”ത്തില്‍ എത്തിചേര്‍ന്നു. ഗ്രാമവാസികളുടെ മദ്ധ്യത്തിലൂടെ തുറന്ന വാഹനത്തില്‍ സഞ്ചരിച്ചു. അവരെ അഭിവാദ്യംചെയ്തു. സ്ഥാപകന്‍, ഫാദര്‍ പെദ്രോ ഒപേക്കയും, സ്ഥലത്തെ മെത്രാനും പ്രതിനിധി സംഘവും ചേര്‍ന്ന് പാപ്പായെ വരവേറ്റു. എന്നാല്‍ മനന്തേനസോവയിലെ സ്റ്റേഡിയത്തില്‍ സമ്മേളിച്ചത് അധികവും പാവങ്ങളായ സ്ഥലത്തെ കുട്ടികളും യുവജനങ്ങളുമായിരുന്നു, വേദിക്കു ചുറ്റും പുറത്തുമായി കരിങ്കല്‍ മടകളിലെ തൊഴിലാളികളായ ആയിരങ്ങളും സമ്മേളിച്ചിരുന്നു. അവര്‍ ആര്‍ത്തിരമ്പി, പാട്ടുപാടി പാപ്പായെ വരവേറ്റു.
4. പാപ്പായുടെ വാക്കുകള്‍ കേന്ദ്രമാക്കിയ സൗഹൃദക്കൂട്ടം
പാപ്പാ ഫ്രാന്‍സിസ് വേദിയില്‍ എത്തിയതോടെ പ്രാര്‍ത്ഥനാഗാനം ആലപിക്കപ്പെട്ടു. കുട്ടിളുടെ കൂട്ടം പ്രാര്‍ത്ഥനാഗീതം അവതരിപ്പിച്ചത് ആംഗ്യഗാനമായിട്ടായിരുന്നു. ഫാദര്‍ പെദ്രോ പാപ്പായ്ക്ക് സ്വാഗതമോതി. തുടര്‍ന്ന് ലാളിത്യമാര്‍ന്ന ശബ്ദത്തില്‍ പാപ്പായെ വരവേറ്റത് മടയില്‍ വളര്‍ന്നൊരു ബാലികയായിരുന്നു. പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഭാഷണമായിരുന്നു അടുത്ത ഇനം.
പ്രഭാഷണം തര്‍ജ്ജിമ, Discourse 6 ശബ്ദരേഖ മാത്രം. വീണ്ടും വേദിയിലെ പാവങ്ങളായ കുട്ടികള്‍ കൂട്ടമായി ആലപിച്ച ഗാനം ലളിതവും ഹൃദയസ്പര്‍ശിയുമായിരുന്നു. അവര്‍ക്ക് പാപ്പാ ഫ്രാന്‍സിസിനോടും സ്ഥാപകനായ ഈശോസഭാംഗം ഫാദര്‍ പെദ്രോയോടുമുള്ള സ്നേഹത്തിന്‍റെ അലയടിയായിട്ടാണ് അത് മുഴങ്ങിയത്. പാപ്പാ വേദി വിട്ടിറങ്ങുമ്പോഴും കുട്ടികളുടെ കൂട്ടം പാപ്പായെ അഭിവാദ്യംചെയ്തുകൊണ്ട് പാട്ടുപാടുന്നുണ്ടായിരുന്നു. കരങ്ങള്‍ ഉയര്‍ത്തി അവരെ ആശീര്‍വ്വദിച്ചുകൊണ്ടാണ് പാപ്പാ യാത്രയായത്.
5. മഹത്താസ്സാനയിലെ പാവങ്ങളുടെ തൊഴില്‍ശാല
സൗഹൃദനഗരമായ മനന്തേനസോവ ഓഡിറ്റേറിയത്തില്‍നിന്നും
പ്രാദേശിക സമയം 3.50-ന് തുറന്ന പേപ്പല്‍ വാഹനത്തില്‍ പാപ്പാ സഞ്ചരിച്ചത് 300 മീറ്റര്‍ മാത്രം അകലെയുള്ള മഹത്തസ്സാനയിലെ തൊഴില്‍ ശാലയിലേയ്ക്കും തൊഴിലാളികളുടെ മദ്ധ്യത്തിലേയ്ക്കുമാണ്. അതും സൗഹൃദനഗരത്തിന്‍റെ ഭാഗമാണ്. അവിടെ ലോഹപ്പണിയും മരപ്പണിയുമായിരുന്നു ആദ്യം, ഇന്ന് വിവിധങ്ങളായ സമകാലീന സാങ്കേതിക പഠനങ്ങളും കൂട്ടിയിണക്കി നവമായ തൊഴില്‍പരിശീലന പദ്ധതികള്‍ ക്രമീകരിച്ചു വരികയാണ്.
മഹത്താസ്സനയിലെ തൊഴില്‍ശാലയില്‍ ഇപ്പോള്‍ 700 ജോലിക്കാരുണ്ട്.
6. തിരുഹൃദയത്തിനു സമര്‍പ്പിതമായ സൗഹൃദനഗരം
തൊഴില്‍ കേന്ദ്രത്തോടു ചേര്‍ന്നുള്ള ഈശോയുടെ തിരുഹൃദയത്തിന്‍റെ മനോഹരമായൊരു വെങ്കലപ്രതിമയുണ്ട്. അത് 2008-ല്‍ അന്തനാനരീവോ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഓതോണ്‍ അര്‍സേനെ സ്ഥാപിച്ചതാണ്. സൗഹൃദഗ്രാമത്തിന് ഒരു അതിരടയാളമാണ് ഇന്ന് ഈശോയുടെ തിരുഹൃദയത്തിന്‍റെ സുന്ദരശില്പം. തുറന്ന പേപ്പല്‍ വാഹനത്തില്‍ ഈശോയുടെ തിരുഹൃദയത്തിന്‍റെ ശില്പത്തിനു സമീപം വന്നിറങ്ങിയ പാപ്പായെ യുവാക്കളായ രണ്ടു തൊഴിലാളികള്‍ സ്വീകരിച്ചു. അപ്പോഴേയ്ക്കും സൗഹൃദഗ്രാമത്തിലെ ആയിരക്കണക്കിന് തൊഴിലാളികളും ചുറ്റും സംഗമിച്ചിരുന്നു. പ്രാര്‍ത്ഥനയ്ക്കായി ചെറിയ മേല്ക്കൂരയിട്ട താല്ക്കാലിക വേദിയുടെ പടികള്‍ പാപ്പാ കയറി. പിറകെ, മഡഗാസ്കറിന്‍റെ പ്രസിഡന്‍റ് ആന്‍ഡ്രി രെജൊലീനയും പത്നിയും വേദയിലേയ്ക്ക് ആനയിക്കപ്പെട്ടു. കരിങ്കല്‍ മടയെങ്കിലും, പച്ചപ്പുള്ളതും പ്രകൃതി രമണീയവുമായിരുന്നു സൗഹൃദഗ്രാമം.
7. തൊഴിലാളികളെയും തൊഴിലിനെയും സമര്‍പ്പിച്ച പ്രാര്‍ത്ഥന
മഹത്തസ്സാനയിലെ തൊഴിലാളി യുവതിയാണ് പാപ്പായ്ക്ക് സ്വാഗതം ആശംസിച്ചത്. തുടര്‍ന്ന് പാപ്പാ എഴുന്നേറ്റുനിന്ന്, ഈശോയുടെ തിരുഹൃദയത്തിന്‍റെ ബഹുമാനാര്‍ത്ഥം ചുവന്ന ഉത്തരീയം ധരിച്ച്, ശില്പത്തിലേയ്ക്കു തിരിഞ്ഞ് തൊഴിലാളികളെയും തൊഴിലിനെയും അടിസ്ഥാനമാക്കി മുന്‍കൂറായി തയ്യാറാക്കിയ നീണ്ട പ്രാര്‍ത്ഥന ചൊല്ലി. (പ്രാര്‍ത്ഥനയുടെ മലയാള പരിഭാഷ ശബ്ദരേഖ മാത്രം). പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ ജനങ്ങളെയും സൗഹൃദ ഗ്രാമത്തെയും ആശീര്‍വ്വദിച്ചു. അടുത്തു നിന്നിരുന്ന മഡഗാസ്കറിന്‍റെ പ്രസിഡന്‍റിനും പത്നിക്കും, ഫാദര്‍ പെദ്രോയ്ക്കും പാപ്പാ ഫ്രാന്‍സിസ് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. വേദിയില്‍നിന്നും പാപ്പാ ഇറങ്ങുമ്പോള്‍ ഗ്രാമവാസികള്‍ ഒന്നുചേര്‍ന്ന് പാപ്പായ്ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട് മലഗാസി ഗാനം ആലപിച്ചു.
8. മതനേതാക്കളും വിശിഷ്ടവ്യക്തികളും
പേപ്പല്‍ വാഹനത്തിലേയ്ക്കു നീങ്ങവെ, സ്ഥലത്തെ മുസ്ലിംപള്ളിയിലെ ഹാജിയാരെയും, ഏതാനും തൊഴിലാളി പ്രതിനിധികളെയും, സൗഹൃദഗ്രാമത്തിന്‍റെ പ്രതിനിധികളായ അഭ്യുദയകാംക്ഷികളെയും അഭിവാദ്യംചെയ്തു സംസാരിക്കാനും പാപ്പാ സമയം കണ്ടെത്തി. എന്നിട്ടാണ് പേപ്പല്‍ വാഹനത്തില്‍ പ്രവേശിച്ചത്. സൗഹൃദനഗരത്തിന്‍റെ ശില്പിയും പിതാവുമായ ഫാദര്‍ പെദ്രോ, പേപ്പല്‍ വാഹനത്തില്‍ പ്രവേശിച്ച് ഹസ്തദാനം ചെയ്ത് പാപ്പയ്ക്കു നന്ദിപറഞ്ഞു. അടത്തു സന്ദര്‍ശന സ്ഥാനത്തേയ്ക്ക് കാറില്‍ നീങ്ങിയപ്പോഴും, പാവങ്ങളായ “സൗഹൃദനഗര” വാസികള്‍ മലഗാസിയില്‍ കൃതജ്ഞതാഗാനം ആലപിച്ചത് കരിങ്കല്‍ മടകളില്‍ തട്ടി പ്രതിധ്വനിച്ചു കേള്‍ക്കാമായിരുന്നു.
9. മിഷേല്‍ കോളെജിലെ പ്രേഷിതരുടെ സംഗമം
പ്രാദേശിക സമയം 4.30-ന് മഹത്തസാനയില്‍നിന്നും 10 കി.മി. അകലെയുള്ള സെന്‍റ് മിഷേല്‍ കോളേജിലയ്ക്കാണ് പാപ്പാ പുറപ്പെട്ടത്. അവിടെവെച്ചാണ് മഡഗാസ്കറിലെ വൈദികരും, സന്ന്യസ്തരും, വൈദികാര്‍ത്ഥികളും, സന്ന്യാസാര്‍ത്ഥിനികളുമായുള്ള കൂടിക്കാഴ്ച നടന്നത്. 1988-ല്‍ അന്തനാനറീവോ നഗരത്തിന്‍റെ ഭാഗമായ അംബാരിബേ Amparibe എന്ന സ്ഥലത്ത് ഫ്രഞ്ച് ഈശോ സഭാംഗങ്ങള്‍ തുടക്കമിട്ട വിദ്യാഭ്യാസ സ്ഥാപനമാണ് മിഷേല്‍ കോളെജ്.
10. അപരനെ സഹായിക്കുന്നതില്‍ രൂഢമൂലമാകാം
“അയല്‍ക്കാരെ സഹായിക്കുന്നതില്‍ രൂഢമൂലമാകാം...!” എന്ന അപ്തവാക്യവുമായി വളര്‍ന്ന് ഈ കോളെജ് ഇന്ന് സമൂഹത്തിന്‍റെ എല്ലാമേഖലളിലും ആവശ്യമായ സമര്‍ത്ഥരെ രൂപീകരിക്കുന്ന അറിവിന്‍റെയും നന്മയുടെയും സ്ഥാപനമായി വികസിച്ചു കഴിഞ്ഞു. പ്രാദേശിക സമയം വൈകുന്നേരം 5.10-ന് മിഷേല്‍ക്കോളേജില്‍ എത്തി. പ്രധാന കവാടത്തില്‍നിന്നും വിസ്തൃതമായ കോളെജ് ഗ്രൗണ്ടില്‍ സമ്മേളിച്ച ജനമദ്ധ്യത്തിലേയ്ക്ക് തുറന്ന പേപ്പല്‍ വാഹനത്തില്‍ വൈദികരുടെയും സന്ന്യസ്തരുടെയും സമ്മേളനവേദിയിലേയ്ക്കു നീങ്ങിയത്. മുന്‍നിരയില്‍ മഡഗാസ്കറിലെ 500-ല്‍ അധികം വരുന്ന വൈദികരും 2000-ല്‍ അധികമുള്ള സന്ന്യാസ സഹോദരീ സഹോദരന്മാരുടെ കൂട്ടായ്മയും ഉപവിഷ്ടരായിരുന്നു.
11. പാപ്പാ വൈദികരോടും സന്ന്യസ്തരോടും...
ഗായകസംഘം മലഗാസിയില്‍ സ്വാഗതഗാനം ആലപിച്ചു. സന്ന്യസ്തരുടെ പ്രതിനിധിയായി സിസ്റ്റര്‍ സൂസന്‍ മരിയാന്‍ പാപ്പായ്ക്ക് സ്വാഗതം നേര്‍ന്നു. തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് വേദിയുടെ മദ്ധ്യത്തില്‍ ഇരുന്നുകൊണ്ട് മഡഗാസ്കറിലെ അജപാലകരെയും സന്ന്യസ്തരെയും അഭിസംബോധനചെയ്തു. (പ്രഭാഷണം ശബ്ദരേഖമാത്രം Discourse 8) പ്രഭാഷണം കഴിഞ്ഞ്
വൈദികരുടെ പ്രതിനിധി, ഫാദര്‍ ഷോണ്‍ സേറഫിന്‍ പാപ്പായ്ക്ക് നന്ദിപറഞ്ഞു. എല്ലാവരും ചേര്‍ന്ന് മലഗാസിയില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ... പ്രാര്‍ത്ഥന ആലപിച്ചു. തുടര്‍ന്ന് വേദിയില്‍നിന്നുകൊണ്ട് പാപ്പാ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി. സമാപനഗാനം എല്ലാവരും ചേര്‍ന്ന് ആലപിക്കവെ, കരങ്ങള്‍ ഉയര്‍ത്തി എല്ലാവരെയും അഭിവാദ്യംചെയ്തുകൊണ്ടു പാപ്പാ വേദിവിട്ടിറങ്ങി.
12. ഈശോ സഭാംഗങ്ങളുടെ കൂട്ടായ്മയില്‍
മിഷേള്‍ കോളെജിന്‍റെ കപ്പേളയിലേയ്ക്കാണ് പാപ്പാ ആനീതനായത്. അവിടെ അല്പസമയം മൗനമായി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് സ്ഥലത്തെ ഈശോസഭാ സമൂഹവുമായി അനൗപചാരികമായി നേര്‍ക്കാഴ്ച നടത്തി. പ്രാദേശിക സമയം 6.10-ന് എല്ലാവരോടും യാത്രപറഞ്ഞ് 7 കി.മീ. അകലെ അന്തനാനരീവോ നഗര പ്രാന്തത്തിലുള്ള അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദരിത്തിലേയ്ക്കു പാപ്പാ ഫ്രാന്‍സിസ് കാറില്‍ യാത്രചെയ്തു. അവിടെ അത്താഴം കഴിച്ച്, പാപ്പാ വിശ്രമിച്ചു.
പാപ്പാ ഫ്രാന്‍സിസിന്‍റെ ആഫ്രിക്ക അപ്പസ്തോലിക പര്യടനത്തിന്‍റെ അഞ്ചാം ദിവസം, മഡഗാസ്കറിലെ രണ്ടാം ദിവസം - സെപ്തംബര്‍ 8 ഞായറാഴ്ച ഉച്ചതിരിഞ്ഞുള്ള പരിപാടികളുടെ റിപ്പോര്‍ട്ട്.