തിരയുക

Christ of Zeffirelli - British Actor Robert Powell - in the mega film Jesus of Nazareth Christ of Zeffirelli - British Actor Robert Powell - in the mega film Jesus of Nazareth 

സുവിശേഷ വഴികളിലെ ജീവിത തിരഞ്ഞെടുപ്പ്

സുവിശേഷപരിചിന്തനം - ആണ്ടുവട്ടം 25-Ɔο വാരം ഞായര്‍ - വിശുദ്ധ ലൂക്കായുടെ സുവിശേഷം 16, 1-13.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആണ്ടുവട്ടം 25-Ɔο വാരം ഞായര്‍ - സുവിശേഷചിന്തകള്‍

1. ദൈവത്തിന്‍റെ നന്മയും ലോകത്തിന്‍റെ കാപട്യവും
ഇന്ന് ഈശോ സുവിശേഷത്തിലൂടെ നമ്മോട് ആവശ്യപ്പെടുന്നത്  ജീവിതവഴിയില്‍ കണ്ടുമുട്ടുന്ന രണ്ടു വിപരീതമായ രീതികളെക്കുറിച്ചു ചിന്തിക്കാനാണ്. ഒന്ന് ലോകത്തിന്‍റേതായ രീതിയാണ്. രണ്ടാമത്തേത് സുവിശേഷത്തിന്‍റെ രീതിയാണ്, അത് ദൈവികവഴിയാണ്. തീര്‍ച്ചയായും ലോകത്തിന്‍റേതായ വഴിയല്ല യേശുവിന്‍റെ വഴികള്‍. അവിശ്വസ്തനും അഴിമതിക്കാരനുമായ ഒരു ഭൃത്യനെക്കുറിച്ച് ഈശോ പറയുന്ന ഉപമയാണ് ഇന്നത്തെ സുവിശേഷ ഭാഗം (ലൂക്കാ 16, 1-3). അവിശ്വസ്തനായിരുന്ന കാര്യസ്ഥനെ യജമാനന്‍ ചോദ്യംചെയ്തപ്പോള്‍ അയാള്‍ വീണ്ടും തട്ടിപ്പു കാണിക്കുന്നു. ഭൃത്യന്‍റെ കപടത അനുകരണീയമല്ലെങ്കിലും, അയാളുടെ ബുദ്ധികൂര്‍മ്മതയും സാമര്‍ത്ഥ്യവും ആശ്ചര്യാവഹം തന്നെ! അയാള്‍ കാട്ടിക്കൂട്ടിയത് കുതന്ത്രവും തിരിമറിയുമാണ്. അനീതിയും അഴിമതിയുമാണ്!

2. അഴിമതിക്കാരനായ ഭൃത്യന്‍റെ ഉപമ
യജമാനന്‍റെ സ്വത്തുക്കള്‍ ദുര്‍വ്യയം ചെയ്തുവെന്ന ആരോപണം നിലനില്ക്കെയാണ് ഈ ഭൃത്യന്‍ കൗശലത്തോടെ തന്‍റെ കീഴിലുള്ള ഭൃത്യന്മാരുടെ കുടുംബങ്ങളില്‍ചെന്ന്, അവര്‍ യജമാനന് കൊടുക്കാനുള്ള കടങ്ങള്‍ ഇളവുചെയ്തു കൊടുത്തത്. അയാള്‍ അവരുടെ പ്രീതി സമ്പാദിക്കാന്‍ നോക്കുകയായിരുന്നു. തന്നെ ജോലിയില്‍നിന്നും പുറത്താക്കുന്നതിനു മുന്‍പ് കീഴ്ഭൃത്യന്മാരുടെ പ്രീതിസമ്പാദിക്കുവാന്‍ ദുഷ്ടനായ ഭൃത്യന്‍ ഉപയോഗിച്ച ചതിയും, തന്ത്രവുമാണ് കഥയില്‍ തെളിഞ്ഞു നില്ക്കുന്നത്. അങ്ങനെ അയാള്‍ അവരെ വശത്താക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നതാണ് കഥയുടെ ഉള്ളടക്കം. അങ്ങനെ തന്‍റെ ഭാവിയും ജോലിയും ഉറപ്പുവരുത്തുകയാണ് മാന്യതയോ മനസ്സാക്ഷിയോ ഇല്ലാത്ത ആ മനുഷ്യന്‍! യജമാനന് നഷ്ടംവരുത്തിയാലും തന്‍റെ നിലനില്പിനുവേണ്ടി കൗശലം ഉപയോഗിക്കുന്ന തന്ത്രശാലിയായൊരു ഭൃത്യനെയാണ് ക്രിസ്തു സുവിശേഷക്കഥയില്‍ വരച്ചുകാട്ടുന്നത്. കൗശലപൂര്‍വ്വം പ്രവര്‍ത്തിച്ചതിനാല്‍ നീതിരഹിതനായ കാര്യസ്ഥനെ യജമാനന്‍ കഥയുടെ ആരംഭത്തില്‍ തല്ക്കാലം പ്രശംസിച്ചു. കൗശലക്കാരനായ ഭൃത്യന്‍റെ പെരുമാറ്റത്തെക്കുറിച്ച് ഈശോ പറഞ്ഞത്, “ഈ യുഗത്തിന്‍റെ മക്കള്‍... വെളിച്ചത്തിന്‍റെ മക്കളെക്കാള്‍ ബുദ്ധിശാലികളാണ്” (8).

3. ശാശ്വതമല്ലാത്ത ലോകത്തിന്‍റെ രീതികള്‍
ലോകത്തിന്‍റേതായ ഈ നിശിതബുദ്ധിയെ സുവിശേഷത്തിന്‍റെ മൗലികമായ രീതിയില്‍ കൈകാര്യംചെയ്യണമെന്നാണ് ഈശോ പഠിപ്പിക്കുന്നത്. അതിന് പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹം, നമുക്ക് ആവശ്യമാണ്. പൈശാചിക ശക്തികള്‍ ഒത്തുചേരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ലോകത്തിന്‍റേതായ രീതികള്‍ ഉപേക്ഷിച്ച് നാം സുവിശേഷരീതി സ്വീകരിക്കണമെന്ന് ഇന്നത്തെ വചനം ഉദ്ബോധിപ്പിക്കുന്നു. ലൗകായത്വവും അതിന്‍റെ തിന്മകളും എങ്ങനെയാണ് നമുക്കു ചുറ്റും പ്രത്യക്ഷമാകുന്നതെന്ന് മനസ്സിലാക്കിയിരിക്കേണ്ടതാണ്? അഴിമതി, ചതി, അധികാരികളെ സ്വാധീനിച്ച് കാര്യം നേടാനും, കളവു പറഞ്ഞു കാര്യം കാണാനും, വിജയിക്കാനും ശ്രമിക്കുന്ന രീതി എന്നിവ അനുദിന ചുറ്റുപാടുകളില്‍ ലൗകായത്വം വെളിപ്പെടുത്തുന്ന ഘടകങ്ങളാണ്. ഇത് തെറ്റായ വഴിയും പാപമാര്‍ഗ്ഗവുമാണ്. കാരണം ഇങ്ങനെയുള്ള തിന്മകള്‍ നമ്മെ മറ്റു തിന്മയിലേയ്ക്കും നയിക്കും. ഇതൊരു ചങ്ങലയാണ്. മനുഷ്യരെ തിന്മയുടെ ബന്ധനത്തിലാഴ്ത്തുന്ന അഴിമതിയുടെയും അനീതിയുടെയും ചങ്ങല. ഇത് എളുപ്പവും നേട്ടവുമായി തല്ക്കാലം തോന്നിയേക്കാമെങ്കിലും, ശാശ്വതമല്ലെന്നോര്‍ക്കണം.

4. വെല്ലുവിളികളുള്ള സുവിശേഷമാര്‍ഗ്ഗം
തിന്മയുടെ മറുഭാഗത്ത്, സുവിശേഷമാര്‍ഗ്ഗമാണ്. അത് ക്ലേശകരമായി അനുഭവപ്പെട്ടേക്കാം. സുവിശേഷ മൂല്യങ്ങളില്‍ ജീവിക്കാന്‍ ഗൗരവകരവും അര്‍പ്പണമുള്ളതുമായ ജീവിതശൈലി നമുക്ക് ആവശ്യമാണ്. അത് നന്മയുടെ വഴിയാണ് അത് ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും പകരുന്ന വഴിയാണ്. നിശ്ചയദാര്‍ഢ്യം ആവശ്യപ്പെടുന്ന വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറാകുന്ന വ്യക്തിക്കു മാത്രമേ അതു നേടാനാകൂ! അതില്‍ സത്യസന്ധതയുണ്ട്, നീതിനിഷ്ഠയുണ്ട്. അവര്‍ എത്ര ചെറുതായാലും, വലുതായാലും, അവര്‍ ജീവിതത്തില്‍ മാനിക്കപ്പെടും ആദരിക്കപ്പെടും, അതില്‍ അന്തസ്സും, അഭിമാനവും ഉത്തരവാദിത്ത്വവുമുണ്ട്. ഇതാണ് ക്രൈസ്തവന്‍റെ കൂര്‍മ്മബുദ്ധിയും നിശിതമായ ബുദ്ധിയും, ക്രൈസ്തവ ജീവിതത്തിന്‍റെ യുക്തിഭദ്രതയും! ഒരിക്കലും നന്മയുടെ പാതവിട്ടു പോകാത്ത സുതാര്യതയും സത്യസന്ധതയുമുള്ള യുക്തിഭദ്രതയാണ് സുവിശേഷം നമ്മെ പഠിപ്പിക്കുന്നത്!

5. രണ്ടു വഞ്ചിയില്‍ കാല്‍വയ്ക്കരുത്!
തിരഞ്ഞെടുപ്പ് ജീവിതയാത്രയില്‍ അനിവാര്യമാണ്. അതു ജീവിതവഴിയിലെ വ്യക്തമായ ലക്ഷ്യബോധമാണ്. അത് സത്യത്തിന്‍റെതോ അസത്യത്തിന്‍റേതോ എന്നുള്ളൊരു തിരഞ്ഞെടുപ്പാണ്. വിശ്വസ്തതയും അവിശ്വസ്തതയും തമ്മിലുള്ളൊരു തിരഞ്ഞെടുപ്പാണിത്. സ്വാര്‍ത്ഥതയും പരോന്മുഖതയും തമ്മിലുള്ള തിരഞ്ഞെടുപ്പ്, നന്മയ്ക്കും തിന്മയ്ക്കും ഇടയിലെ തിരഞ്ഞെടുപ്പ്! ഇവിടെ ഒന്നിനും മറ്റൊന്നിനും ഇടയില്‍ നമുക്ക് പകച്ചുനില്ക്കാനാവില്ല. കാരണം അവ സഞ്ചരിക്കുന്നത് വ്യത്യസ്ത ധ്രൂവങ്ങളിലേയ്ക്കാണ്, വ്യത്യസ്ത ദിശകളിലേയ്ക്കാണ്. അവ ചരിക്കുന്നത് വ്യത്യസ്തവും വിരുദ്ധവുമായ യുക്തിയിലുമാണ്.  

രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തില്‍ നാം വായിക്കുന്നുണ്ട്, ഏലിയ പ്രവാചകന്‍ തന്‍റെ ജനത്തെ സമീപിച്ചു ചോദിച്ചു, നിങ്ങള്‍ എത്രനാള്‍ രണ്ടു വഞ്ചിയില്‍ കാല്‍വയ്ക്കും? കര്‍ത്താവാണു ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍. ബാലാണു ദൈവമെങ്കില്‍ അവന്‍റെ പിന്നാലെ പോകുവിന്‍! പ്രവാചകന്‍റെ നേതൃത്വത്തില്‍ ഇരുപക്ഷവും കാളകളെ ബലിയര്‍പ്പിച്ചുവെങ്കിലും ബാല്‍ദേവന്‍ അനങ്ങിയില്ലെന്നും, എന്നാല്‍ ദൈവം തന്‍റെ ജനത്തിന്‍റെ പ്രാര്‍ത്ഥനയോടു പ്രതികരിച്ച്, സ്വര്‍ഗ്ഗത്തില്‍നിന്നും അഗ്നി ഇറക്കി ബലിവസ്തുവിനെ ദഹിപ്പിച്ചു കളയുകയും, ഇസ്രായേലിന്‍റെ പ്രാര്‍ത്ഥനയില്‍ അവിടുത്തെ സാന്നിദ്ധ്യവും സംപ്രീതിയും ബാലിന്‍റെ ആരാധകര്‍ക്ക് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തുവെന്ന് നാം രാജാക്കന്മാരുടെ ആദ്യഗ്രന്ഥത്തില്‍ വായിക്കുന്നു (1 രാജാക്കന്മാര്‍ 18, 21...).

6. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുകയോ?
രാജാക്കന്മാരുടെ ഗ്രന്ഥം വിവരിക്കുന്ന സംഭവത്തില്‍ വളരെ വ്യക്തമായൊരു ചിത്രമാണു നാം കാണുന്നത് - നന്മ തിന്മയുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചിത്രമാണത്. അതിനാല്‍ ജീവിതത്തില്‍ ഏതു ദിശയാണു നാം തിരഞ്ഞെടുക്കുന്നതെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നീതിയുടെയും നന്മയുടെയും വഴി തിരഞ്ഞെടുത്ത് ഉത്സാഹത്തോടും നിശ്ചയദാര്‍ഢ്യത്തോടുംകൂടെ ദൈവകൃപയില്‍ വിശ്വാസമര്‍പ്പിച്ചു മുന്നേറുകയാണു വേണ്ടത്. ഇന്നത്തെ സുവിശേഷഭാഗത്തിന്‍റെ അവസാനം നാം ശ്രദ്ധിക്കേണ്ടതാണ് – അത് ശക്തവും സ്പഷ്ടവുമാണ്. “ഒരു ഭൃത്യനു രണ്ടു യജമാനന്മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്നേഹിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഒരുവനോടു ഭക്തി കാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല!” (16, 13).

7. ക്രിസ്തു തുറന്നിട്ട സത്യത്തിന്‍റെ വഴി
ഇന്നത്തെ ഉപമയിലൂടെ ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നത് ഈ ലോക ഗതിവിഗതികള്‍ക്കും അവിടുത്തെ സുവിശേഷ മൂല്യങ്ങള്‍ക്കുമിടയില്‍ ഒരു തിരഞ്ഞെടുപ്പു നടത്താനാണ്. അത് അഴിമതിയുടെയും, അധികാര ദുര്‍വിനിയോഗത്തിന്‍റെയും, ആര്‍ത്തിയുടെയും യുക്തിക്കെതിരെ നീതിനിഷ്ഠയുടെയും, എളിമയുടെയും, പങ്കുവയ്ക്കലിന്‍റെയും തിരഞ്ഞെടുപ്പാണ്. ഒരാള്‍ മയക്കുമരുന്നിന്‍റെ കുരുക്കില്‍ വീഴുന്നതുപോലെയാണ് ചിലര്‍ അഴിമതിയില്‍ ഏര്‍പ്പെടുന്നത്. ഇപ്പോള്‍ ഒന്നു ഉപയോഗിച്ചു നോക്കട്ടെ, ഒരു ഷോട്ട് എടുത്തു നോക്കട്ടെ! ഇതു കൊണ്ടു നശിക്കാന്‍ പോകുന്നില്ലല്ലോ, എനിക്കു നിയന്ത്രിക്കാന്‍ അറിയാം - എന്നൊക്കെ ന്യായം പറയുമെങ്കിലും, ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം അയാള്‍ മയക്കുമരുന്നിന് അടിമപ്പെടുന്നു!

8. താളപ്പിഴകളിലെ ജീവിതം
ഇതുപോലെയാണ് അഴിമതിയുടെയും അസത്യത്തിന്‍റെയും വളഞ്ഞ വഴികള്‍! അതില്‍ വീണുപോകുന്നവരുടെ യുക്തി അത്തരത്തില്‍ ആയിപ്പോകുന്നതിനാല്‍ അവര്‍ തിന്മയുടെ വഴിയില്‍ത്തന്നെ മുന്നോട്ടു കൊണ്ടുപോകും. അത്തരക്കാര്‍ സ്വന്തം ജീവിതത്തെ അസ്വസ്ഥമാക്കുക മാത്രമല്ല, മറ്റുള്ളവരുടെയും ജീവിതത്തിന്‍റെ താളംതെറ്റിക്കുന്നു. അവര്‍ താളപ്പിഴകളില്‍ ജീവിക്കുന്ന യുക്തിയും തഴക്കവുമുള്ള “അഡിക്റ്റു”കളായി മാറുകയാണ്. ചെറിയ തോതില്‍ തുടങ്ങുന്നത്, മെല്ലെ ജീവതത്തിന്‍റെ ഭാഗമാകുന്നു. ശീലമായ അഴിമതിയെ ജീവിതത്തിന്‍റെ യുക്തിയാക്കുന്നവര്‍ സമൂഹത്തില്‍ ദാരിദ്ര്യവും, ചൂഷണവും, യാതനകളും ജനിപ്പിക്കും. ലോകത്തിന്ന് അഴിമതിക്ക് ഇരയാകുന്നവരുടെ എണ്ണത്തിന് കൈയ്യും കണക്കുമില്ല! അഴിമതി ഇന്ന് സമൂഹത്തിന്‍റെ എല്ലാമേഖലകളെയും കാര്‍ന്നു തിന്നുന്നുണ്ട്. അനീതിക്കും അഴിമതിക്കും ഇന്നു ധാരാളം "സ്പോ ണ്‍സേഴ്സ്" - തലതൊട്ടപ്പന്മാരും, ഒത്താശക്കാരും, പിന്‍തുണക്കാരും ഉണ്ടാകുന്നെന്നതും ആശ്ചര്യാവഹംതന്നെ! ഇന്നത്തെ ലോകത്തിന്‍റെ ശൈലിയാകുന്നുണ്ട് അഴിമതി!!

9. സുവിശേഷത്തിന്‍റെ സുതാര്യതയുള്ള വഴി
സുവിശേഷത്തിന്‍റെ മൂല്യങ്ങളും യുക്തിയും സമഗ്രതയും മാനിക്കുന്നവരുടെ നിയോഗത്തിലും പെരുമാറ്റത്തിലും എപ്പോഴും വ്യക്തതയുണ്ടാകും, അത് സുതാര്യമായിരിക്കും, പ്രശാന്തമായിരിക്കും. അത് സാഹോദര്യത്തിന്‍റെ രീതിയായിരിക്കും സമാധാനത്തിന്‍റെ ശൈലിയായിരിക്കും. അവര്‍ നീതിയുടെ പ്രയോക്താക്കളായിരിക്കും. അവര്‍ തങ്ങളുടെ ജീവിതപരിസരങ്ങളില്‍ മാത്രമല്ല, മാനവികതയ്ക്കു തന്നെ പ്രത്യാശയുടെ ചക്രവാളം തുറക്കും. ജീവിതത്തിന്‍റെ കഴിവുകളുടെയും നേട്ടങ്ങളുടെയും കരുത്തിന്‍റെയും സൗജന്യഭാവം മറക്കാതെ, എല്ലാം ദൈവം ദാനമായി തന്നതാണെന്ന ബോധ്യത്തില്‍ സഹോദരങ്ങള്‍ക്കായി ജീവിതം സമര്‍പ്പിക്കുമ്പോള്‍, യഥാര്‍ത്ഥത്തിലുള്ള യജമാനനെയായിരിക്കും നാം സേവിക്കുക. അങ്ങനെ നമുക്ക് ദൈവത്തിന്‍റെ വിശ്വസ്ത സേവകരും ദാസന്മാരുമായി മാറാം!

10. പ്രാര്‍ത്ഥിക്കാം!
ജീവിതത്തിന്‍റെ എല്ലാ അവസരങ്ങളിലും എന്തു ത്യാഗം സഹിച്ചും നന്മയുടെ വഴിയെ ചരിക്കാന്‍ കരുത്തുനല്കണേ, ദൈവമേ! ഒഴുക്കിനെതിരെ നീന്തേണ്ടിവന്നാലും, നല്ലതും ശരിയായതും മാത്രം ഞങ്ങള്‍ ചെയ്യട്ടെ! അങ്ങനെ വിശ്വസ്തതയോടെ സുവിശേഷത്തെയും ക്രിസ്തുവിനെയും അനുഗമിക്കാനുള്ള കൃപ ഞങ്ങള്‍ക്കു തരണമേ!

ഗാനമാലപിച്ചത് മധുബാലകൃഷ്ണന്‍, രചനയും സംഗീതവും സണ്ണി സ്റ്റീഫന്‍.

നിങ്ങള്‍ ഇതുവരെ ശ്രവിച്ച് ആണ്ടുവട്ടം 25-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനമാണ്. ചിന്തകള്‍ പങ്കവച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 September 2019, 14:07