തിരയുക

Vatican News

സമാധാനത്തിനുള്ള ലോക യുവജന പാര്‍ളിമെന്‍റ്

സമാധാന നിര്‍മ്മിതിക്കായുള്ള യുവജന പാര്‍ളിമെന്‍റ് സ്പെയിനിലെ സലമാംഗയിലുള്ള പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ സംഗമിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഇനിയും ലോകം സമാധാനപൂര്‍ണ്ണമാക്കാം
ഭാവിലോകം ഇനിയും നന്മയുള്ളതും സമാധാനപൂര്‍ണ്ണവുമാക്കാം എന്ന പ്രത്യാശയിലാണ് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നുമായി 120 യുവതീയുവാക്കള്‍ സ്പെയിനിലെ സലമാംഗ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച 5-Ɔമത് ആഗോള യുവജന പാര്‍ളിമെന്‍റില്‍ പങ്കെടുക്കാന്‍ എത്തിയത്. ജൂലൈ 27-മുതല്‍ ആഗസ്റ്റ് 4-വരെയായിരുന്നു സമാധാനത്തിനായുള്ള യുവജന പാര്‍ളിമെന്‍റ് സംഗമിച്ചത്. 22 രാജ്യങ്ങളില്‍നിന്നും എത്തിയ യുവജനപ്രതിനിധികള്‍ 7 ദിവസത്തെ പാര്‍ലിമെന്‍റില്‍ സജീവമായി പങ്കെടുത്തതായി സംഘാടകരായ ഫെര്‍ണാണ്ടോ റിയേലോ ഫൗണ്ടേഷന്‍റെ വക്താക്കള്‍ ആഗസ്റ്റ് 22-Ɔο തിയതി വ്യാഴാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇദേന്തെ മിഷണറി സൊസൈറ്റിയുടെ സ്ഥാപകന്‍
ദൈവദാസന്‍ ഫെര്‍ണാണ്ടോ റിയേലോയുടെ സമാധാനസ്വപ്നം

1981-ല്‍ ദൈവദാസന്‍ ഫെര്‍ണാണ്ടോ റിയേലോ ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തു നടത്തിയ ലോകസമാധാനത്തിനുള്ള പ്രഭാഷണത്തിന്‍റെ അനുസ്മരണമാണ് സമാധാനത്തിനുള്ള ലോക യുവജന പാര്‍ളിമെന്‍റ്. 2009-ലാണ് സമാധാനത്തിനുള്ള പ്രഥമ യുവജന പാര്‍ലിമെന്‍റ് റോമില്‍ അരങ്ങേറിയത്. ജീവിതത്തില്‍ ദിശാബോധവും സാമൂഹ്യപ്രതിബദ്ധതയും, സമാധാനപ്രേമവും, കൂട്ടായ്മയുടെ സംസ്കാരവും വളര്‍ത്താന്‍ സഹായിക്കുന്നതാണ്, ഇന്ന് ദൈവദാസന്‍ ഫെര്‍ണാണ്ടോ റിയേലോയുടെ ആത്മീയ മക്കളായ ഇദേന്തെ മിഷണിമാര്‍ തുടരുന്ന ലോക സമാധാനത്തിനായുള്ള യുവജനങ്ങളുടെ പാര്‍ളിമെന്‍റുകള്‍.

ദൈവാരൂപിയുടെ ദാനം - സമാധാനം
സമാധാനം ദൈവത്തിന്‍റെ ദാനമാണ്. അതിനാല്‍ സമാധാന പാര്‍ളിമെന്‍റില്‍ പങ്കെടുക്കുന്ന യുവജനങ്ങള്‍ ദൈവാത്മാവിന്‍റെയും ഉത്ഥിതനായ ക്രിസ്തുവിന്‍റെയും സമാധാന സമ്മാനത്തില്‍ പങ്കുകാരാവുകയാണെന്ന്, സലമാംഗാ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് കാര്‍ലോസ് ലോപ്പെസ് 5-Ɔമത് സമാധാന പാര്‍ളിമെന്‍റിലെ യുവജനങ്ങളെ അഭിസംബോധനചെയ്തുകൊണ്ടു നടത്തിയ പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു.
 

22 August 2019, 19:18