തിരയുക

Vatican News
Christ the Divine Teacher - Fresco in the auditorium of Pontifical Lateran University Rome. Christ the Divine Teacher - Fresco in the auditorium of Pontifical Lateran University Rome.  (Vatican Media)

ജീവിതത്തിന്‍റെ ഇടനാഴികളില്‍ ഉയരുന്ന വചനത്തിന്‍റെ വാള്‍

ആണ്ടുവട്ടം 20- Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷ വിചിന്തനം. വിശുദ്ധ ലൂക്കാ 12, 49-53

- ഫാദര്‍ വില്യം നെല്ലിക്കല്‍

ആണ്ടുവട്ടം 20-Ɔο വാരം വചനചിന്തകള്‍

 ദുരന്തഭൂമി തേടുന്ന മലങ്കാക്കകള്‍ 
കേരളം പ്രളയത്തില്‍നിന്നും ഉണരുന്നതേയുള്ളൂ, ഉയരുന്നതേയുള്ളൂ!  ഒരു മഹാപ്രളയത്തിനു മുമ്പുള്ള അവസാനത്തെ പെട്ടകമായിരിക്കും ഭൂമി, എന്നൊരിക്കല്‍ ധ്യാനിച്ചത്, ബോബി ജോസ് കട്ടിക്കാട്ടു കപ്പൂച്ചിനാണ്. നോഹയുടെ നൗകയിലെന്നപോലെ എവിടെയും നിശ്ചയമായും രണ്ടുതരത്തിലുള്ള മനുഷ്യരുണ്ടാവണം, മലങ്കാക്കകളും വെള്ളരിപ്രാവുകളും. സംഭവിച്ചതിങ്ങനെയാണ്. മഴയൊന്നു തോര്‍ന്നപ്പോള്‍ പുറത്തെ വിശേഷങ്ങള്‍ അറിയുവാന്‍ നോഹ ആദ്യം പറത്തിവിട്ടത് കാക്കയെയായിരുന്നു. അത് മടങ്ങിവന്നില്ല. എങ്ങനെ വരാന്‍. കൊല്ലപ്പെട്ടവരുടെ ശേഷിപ്പുകളില്‍ അന്നം തിരയുകയാണല്ലോ അതിന്‍റെ രീതി. എന്നാല്‍ രാവിലെ ദിനപത്രം വായിക്കുന്ന ഒരാളെ ശ്രദ്ധിക്കുക. ഒരറ്റം മുതല്‍ മറ്റേയറ്റംവരെ അയാള്‍ തിടുക്കത്തില്‍ തിരയുന്നത് ദുരന്തങ്ങളല്ലേ... ദുരന്തങ്ങളാണ്! ചാരുകസേരയില്‍ കണ്ണടയൊക്കെ മടക്കിവച്ച് മലങ്കാക്ക ‘സീരയസാ’യിരുന്നു പത്രം വായിക്കുന്നു. ദുരന്തമൊന്നുമില്ല എന്നു കാണുമ്പോള്‍ പത്രം മടക്കിവച്ച് അയാള്‍ പറയും, “ഇന്ന് വാര്‍ത്തയൊന്നുമില്ല!”

അപരന്‍റെ വേദനയിലെ നിഗൂഢാനന്ദം
തെരുവിലെ വാഗ്വാദം കയ്യേറ്റത്തില്‍ അവസാനിക്കുമെന്നു നിനച്ച് കാത്തുനില്‍ക്കുമ്പോള്‍, അത് രമ്യതയില്‍ കലാശിക്കുന്നു. അപ്പോള്‍ ഓര്‍ക്കേണ്ടത് നമ്മുടെ ഉള്ളിലെ കാക്കയുടെ ഇച്ഛാഭംഗമാണ്! “ഇരയോടൊപ്പം സഹതപിക്കുകയും വേട്ടക്കാരനോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന ഒരസാധാരണ ജീവിയാണ് മനുഷ്യനെ”ന്ന് ആരോ നിരീക്ഷിച്ചിട്ടുണ്ട്. ശരിയല്ലേ, അപരന്‍റെ സഹനങ്ങളിലും ദുരന്തങ്ങളിലും ഗൂഢമായൊരാഹ്ലാദം ഹൃദയത്തിന്‍റെയും മനസ്സിന്‍റെയും അഗാധങ്ങളിലെവിടെയോ നാം സൂക്ഷിച്ചുവച്ചിട്ടില്ലെന്ന് ആരറിഞ്ഞു?

സമാധാനത്തിന്‍റെ അരിപ്രാവ്
പ്രളയം ശമിച്ചു. അപ്പോള്‍ വീണ്ടും വിവരങ്ങള്‍ അറിയാന്‍ നോഹ ഒരു അരിപ്രാവിനെ ജാലകത്തിലൂടെ പറത്തിവിട്ടു. കടല്‍ വിഴുങ്ങിയ സംസ്കൃതിയുടെ മീതെ പച്ചില നാമ്പ് കണ്ടെത്തുവോളം അത് സങ്കടപ്പെട്ട് അലഞ്ഞുതിരിഞ്ഞു.. പരതിപ്പറന്നു നടന്നു, പറന്നു നടന്നു. അവസാനം, കൊക്കില്‍ അതൊരു ഒലിവില നുള്ളിയെടുത്ത് പെട്ടകത്തിലേയ്ക്ക് മടങ്ങിയെത്തി (ഉല്പത്തി 8, 1-11). നോഹിനും മക്കള്‍ക്കും സന്തോഷമായി, സമാധാനമായി. ഇവിടെ ഇനിയും ജീവനുണ്ടല്ലോ, ഈ ഭൂമിയില്‍ ഇനിയും പാര്‍ക്കാമല്ലോ! ഈ ലോകത്ത് ഓരോ നിമിഷവും എണ്ണത്തില്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്ന സമാധാന പ്രേമികളുടെ പ്രതീകമായി ഒരു ചെറിയ പ്രാവ് മാറിയത് ഇങ്ങനെയാവണം. പെരുകുന്നതൊക്കെ മലങ്കാക്കകളാണ്!

വചനമാകുന്ന ഇരുതലവാള്‍
ക്രിസ്തു പഠിപ്പിക്കുന്ന സമാധാനം കൈവരിക്കണമെങ്കില്‍ നാം ഒരു വാളെടുക്കണം - ദൈവഭരണമെന്ന വാള്‍, ദൈവവചനമാകുന്ന വാള്‍. ദൈവഹിതം നിറവേറ്റുന്നത് വാള്‍കൊണ്ടു ഛേദിക്കപ്പെടുന്നതുപോലെ വേദനാജനകമാണ്. വചനത്തിന്‍റെ മുന്നില്‍ നീതിയുടെയും സത്യത്തിന്‍റെയും പിളര്‍പ്പും ഭിന്നിപ്പുമുണ്ടാകും. അവിടെ നീതിയുടെയും സത്യത്തിന്‍റെയും വഴികള്‍ മെല്ലെ തുറക്കുകതന്നെ ചെയ്യും. അത് ധീരന്മാരുടെയും വഴിയാണ്. ഭീരുക്കള്‍ സ്റ്റീല്‍ കൊണ്ടുള്ള വാള്‍, വടിവാള്‍ എടുക്കുന്നു. ധീരന്മാര്‍ ദൈവവചനത്തിന്‍റെ വാളും, നീതിയുടെയും സത്യത്തിന്‍റെയും വാളുമായി ജീവിക്കും. ദൈവവചനം അഗ്നിയും കണ്ണീരുമായ വാക്കാണ്. ലോകത്തെ തീപിടിപ്പിക്കുന്ന വാക്കിനെക്കുറിച്ചാണ് ക്രിസ്തു പഠിപ്പിക്കുന്നത്. “ഞാന്‍ ഭൂമിയില്‍ വന്നത് തീയിടാനാണ്,” ലൂക്കാ 12, 49

ശുദ്ധീകരിക്കുന്ന ദൈവാത്മാവിന്‍റെ സ്നേഹജ്വാല
ക്രിസ്തു പ്രബോധിപ്പിക്കുന്ന തീ, ദൈവാരൂപിയുടെ തീജ്വാലയാണ്, ദൈവാരൂപിയുടെ അഗ്നിനാളമാണ്. അത് ജ്ഞാനസ്നാനം മുതല്‍ എല്ലാ ക്രൈസ്തവരും ജീവിതങ്ങളില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അത് എന്നിലെ ദൈവാരൂപിയുടെ സാന്നിദ്ധ്യവും പ്രവര്‍ത്തനവുമാണ്.
ഭാരതീയ സങ്കല്പത്തില്‍ എല്ലാറ്റിനെയും രൂപാന്തരപ്പെടുത്തുന്ന ഊര്‍ജ്ജമാണ് തീ...അഗ്നി, the all transforming energy. ക്രിയാത്മകമായ ശുദ്ധീകരണ ശക്തിയായിട്ടാണ് അഗ്നിയെക്കുറിച്ചുള്ള ഭാരതീയ ആത്മീയവീക്ഷണം. 

അത് നമ്മുടെ ദുരവസ്ഥയെയും സ്വാര്‍ത്ഥതയെയും, അഹങ്കാരത്തെയുമെല്ലാം കത്തിച്ചുകളയുന്നു. ദൈവാത്മാവ് നമ്മുടെ ഹൃദയങ്ങളിലും ജീവിതത്തിലും ജ്വലിച്ചുനില്ക്കണം എന്നാണ് ക്രിസ്തു ആഗ്രഹിച്ചത്. അതു വ്യക്തികളെ രൂപാന്തരപ്പെടുത്തുകയും, നമ്മെ ക്രിസ്തുവിന് അനുരൂപരാക്കുകയും, അവിടുത്തെപ്പോലെ എല്ലാവരെയും സ്നേഹിക്കുവാനും, വിശിഷ്യ പാവങ്ങളെയും  എളിയവരെയും സ്നേഹിക്കുവാനും സഹായിക്കുവാനും, നമ്മെ പ്രാപ്തരാക്കുന്നു. അങ്ങനെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നൊരു സാകല്യ സംസ്കൃതിയില്‍ മാത്രമേ യഥാര്‍ത്ഥമായ കൂട്ടായ്മയും സമാധാനവും വിരിയൂ... എന്ന ബോധ്യം പരിശുദ്ധാത്മാവിന്‍റെ ദിവ്യസ്നേഹാഗ്നി നമുക്കു തരുന്നു.

ഭൂമിയില്‍ സമാധാനം നല്കാന്‍ വന്നവന്‍!
സമാധാനം അഥവാ ക്ഷേമം ഭൂമിയില്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ദൈവം മനുഷ്യനായത്. എന്നാല്‍, ഈ സമാധാനം ഒരു ഭിന്നതകൂടി കൊണ്ടുവരുന്നുണ്ട്. പ്രത്യക്ഷത്തില്‍ ഇത് വൈരുധ്യമായി തോന്നാം. അതുകൊണ്ടാണ് ക്രിസ്തുതന്നെ ഇങ്ങനെ പ്രസ്താവിച്ചത്. “ഞാന്‍ വന്നത് ഭൂമിയില്‍ തീയിടാനാണ്, എനിക്കൊരു ജ്ഞാനസ്നാനം സ്വീകരിക്കാനുണ്ട്. ഞാന്‍ വന്നിരിക്കുന്നത് ഭിന്നതയുളവാക്കാനാണ്!” ‘ഞാന്‍ വന്നിരിക്കുന്നത്,’ എന്ന പദസന്ധികളില്‍ യേശുവിന്‍റെ ജീവിതലക്ഷ്യം , ജീവിതദൗത്യമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഭിന്നതയിലും ദൈവരാജ്യത്തിന്‍റെ നന്മ കൈവരിക്കണമെന്ന തീരുമാനത്തിനു മുമ്പിലാണ് ക്രിസ്തു നമ്മെ - നിങ്ങളെയും എന്നെയും വിളിക്കുന്നത്, വെല്ലുവിളിക്കുന്നത്.

സമാധാനദൂതന്‍റെ പാദങ്ങള്‍ സുന്ദരം
ക്രിസ്തു സന്ദേശത്തിന്‍റെ സംഗ്രഹമെന്നു കരുതേണ്ട അഷ്ഠഭാഗ്യങ്ങളില്‍ ഒന്ന് സമാധാനത്തിന്‍റെ വാഴ്ത്താണ്. “സമാധാനപാലകര്‍ അനുഗൃഹീതര്‍, അവര്‍ ദൈവത്തെ കാണും,”(മത്തായി 5, 9). ശ്രദ്ധിക്കണം, സമാധാനം ലഭിക്കുന്നത് സമാധാനപ്രിയര്‍ക്കല്ല, മറിച്ച് സമാധാനത്തിനുവേണ്ടി സര്‍ഗ്ഗാത്മകമായി ഇടപെടുന്നവര്‍ക്കാണ് ഈ ആശീര്‍വാദം ലഭിക്കുന്നത്. “മലമുകളില്‍നിന്ന് സമാധാനത്തിന്‍റെ സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ സുന്ദരം,”  (ഏശയ്യ 52, 7) എന്ന് ഏശയ്യാ പറയുമ്പോള്‍ പ്രവാചകന്‍റെ അകക്കണ്ണില്‍ ക്രിസ്തു ഉണ്ടായിരുന്നിരിക്കണം. സമാധാന പാലകര്‍ക്കുള്ള ഈ വാഴ്ത്ത് അവിടുത്തെ ശിഷ്യസമൂഹത്തില്‍ ചിലരെയെങ്കിലും വല്ലാതെ നടുക്കുകയും ഉലയ്ക്കുകയും ചെയ്തിട്ടുണ്ടാകും. കാരണം അവരില്‍ കുറച്ചുപേരെങ്കിലും ‘സെലറ്റുകള്‍’, അക്കാലത്തെ തീവ്രവാദികളോട് ആഭിമുഖ്യവും മമതയും ഉള്ളവരായിരുന്നു. പന്ത്രണ്ടുപേരില്‍ ഒരാളുടെ പേരുപോലും അങ്ങനെയാണല്ലോ – തീവ്രവാദിയായ ശിമയോന്‍! Simon the Zealot!

വാളെടുത്ത പത്രോസിന്‍റെ ആവേശം
ശിമയോണ്‍ മാത്രമല്ല, സാക്ഷാല്‍ ശിമയോന്‍ പത്രോസുപോലും തീവ്രവാദത്തിന്‍റെ ഇഷ്ടക്കാരനായിരുന്നുവെന്ന് കൗതുകകരമായ നിരീക്ഷണമുണ്ട്. ഒലിവു തോട്ടത്തിലെ അന്ത്യയാമത്തില്‍, ആ വലിയ മുക്കുവന്‍റെ കയ്യില്‍ ചൂണ്ടയും വലയുമായിരുന്നില്ല, ഒരു വാളായിരുന്നു! ക്രിസ്തുവിനെ ബന്ധിക്കാന്‍ വന്നവര്‍ക്കെതിരെ അയാള്‍ ആ വാളെടുത്തു വീശി. ഉന്നം പിശകി എന്നതൊഴിച്ചാല്‍ പത്രോസിലെ തീവ്രവാദിയെയാണു അവിടെ കണ്ടത്. ശിരസ്സ് ലാക്കാക്കി വെട്ടിയപ്പോള്‍ കിട്ടയത് ചെവിയായിരുന്നെന്നു മാത്രം..! ആ വാള്‍ ക്രിസ്തു പറഞ്ഞിട്ടു തന്നെയാണല്ലോ പത്രോസ് എടുത്തതെന്ന ഒരു ചോദ്യവും മനസ്സിലുയരാം. അത് ഗദ്സേമിനിയിലേയ്ക്കു പ്രാര്‍ത്ഥിക്കാന്‍ പോകുന്നതിനു തൊട്ടുമുന്‍പായിരുന്നു. ലൂക്കാ 22, 35-38.

വാളിന്‍റെ പരാമര്‍ശം–
ആന്തരിക ജീവിതത്തിന്‍റെ ഉപമ

“സമാധാനമല്ല, വാളാണ് ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്,” എന്ന ക്രിസ്തു മൊഴികളുടെ പൊരുള്‍ പുറം ലോകത്തിന്‍റെ യഥാര്‍ത്ഥ വിചാരമല്ല. അത് ക്രിസ്തു പഠിപ്പിക്കുന്ന ആന്തരിക ജീവിതത്തിന്‍റെ ഉപമയാണ്. സുവിശേഷങ്ങളുടെ ആരംഭത്തില്‍ത്തന്നെ വാളിന്‍റെ പരാമര്‍ശമുണ്ട്. ഇത്തിരിപ്പോന്നൊരു കുഞ്ഞുമായി ഇതാ, അവിടെ ജരൂസലേം ദേവാലയത്തിലൊരു സ്ത്രീ നില്ക്കുന്നു - മറിയം. ശിമയോനെന്ന ദീര്‍ഘദര്‍ശി അവളുടെ ചാരെ വന്നു പറഞ്ഞത്, “നിന്‍റെ ഉള്ളിലൂടെ വാള്‍ കടന്നുപോകും!” എന്തിനാണ് ഈ സാധുസ്ത്രീയുടെ നെഞ്ചിലൂടെ ഈ വാള്‍!! കാരണമുണ്ട്, തോളില്‍ കിടക്കുന്ന കുഞ്ഞ് അപകടകാരിയാണ്. ആരെങ്കിലും അവനെ ഗൗരവമായിട്ടെടുത്താല്‍ നിരന്തരം വിഭജിക്കപ്പെടുക എന്നതായിരിക്കും അവരുടെ തലവര. ചെയ്ത കാര്യങ്ങള്‍ക്കു മീതെയും, ചെയ്യാത്ത കാര്യങ്ങള്‍ക്കു മീതെയും ആ വാളുണ്ടായിരിക്കുമെന്നാണ് ശിമയോന്‍ ഓര്‍മ്മിപ്പിച്ചത്. കാരണം ക്രിസ്തു പഠിപ്പിച്ചത് സത്യത്തിന്‍റെയും  നീതിയുടെയും മൗലികമായ ദൈവരാജ്യ സന്ദേശമായിരുന്നു (ലൂക്കാ 2, 35).

വാളായ് ഉയര്‍ന്ന ജീവിതത്തിലെ നിസംഗത
ഉച്ചതിരിഞ്ഞ സമയം... പള്ളിക്കൂടംവിട്ട് കുഞ്ഞുങ്ങളും ഫാക്ടറിയില്‍നിന്ന് ഭര്‍ത്താവും എത്തേണ്ട നേരമായി. അമ്മ തിടുക്കത്തില്‍ എന്തോ പാകപ്പെടുത്തുമ്പോള്‍ ആരോ വാതില്‍ക്കല്‍ മുട്ടുന്നു. ഒരു പൈത്യക്കാരനാണ്! “അമ്മാ, വിശക്കുന്നു.” “ഇവിടൊന്നുമില്ല,” എടുത്ത വായയ്ക്കും പറഞ്ഞുതീര്‍ത്തു. എന്നിട്ട് വാതില്‍ കൊട്ടിയടച്ചതും ഒപ്പമായിരുന്നു. സ്കൂള്‍ കഴിഞ്ഞ് കുട്ടികളെത്തി ആദ്യം, പിന്നെ ഭര്‍ത്താവും...! അവര്‍ക്കുശേഷം ഒരുപിടി അന്നം ഭക്ഷിക്കുവാന്‍ അമ്മച്ചിയും ഒപ്പം ഇരുന്നു. പെട്ടെന്ന് ഒരു കൊള്ളിയാന്‍! അമ്മച്ചിയുടെ മനസ്സില്‍ വചനത്തിന്‍റെ കൊള്ളിയാന്‍.... “ദൈവമേ, അയാള്‍ക്ക് ഭക്ഷിക്കാന്‍ എന്തെങ്കിലും കിട്ടിക്കാണുമോ!?  അതോ, എല്ലാ വാതിലും ഇതുപോലെ അയാള്‍ക്കെതിരെ കൊട്ടിയടച്ചിട്ടുണ്ടാകുമോ?!!” അപ്പോള്‍ വായില്‍വച്ച ഒരു പിടിച്ചോറ്  ആ സ്ത്രീയുടെ തൊണ്ടയില്‍ കരുങ്ങി. ഇതാണ് വാള്‍!

വാള്‍ ഉറയിലിടുക!
ക്രിസ്തു എപ്പോഴും പത്രോസിനോടെന്നപോലെ, നമ്മോടും പറയുന്നുണ്ട്, “നിന്‍റെ വാള്‍ ഉറയിലിടുക.” നമ്മുടെ വാക്കിനും നോക്കിനും നിഷേധത്തിനുമൊക്കെ എന്തൊരു മൂര്‍ച്ചയാണ്! ഒരു കരുവാനെപ്പോലെ അനുനിമിഷം നമ്മളതിനെ രാകിരാകി മിനുക്കുന്നുമുണ്ട്.  “അതു പറയണമോ കൂട്ടുകാരാ, ഇത്രയും വേഗത്തില്‍ നീങ്ങണോ കൂട്ടുകാരീ...” വാള്‍ ഉള്ളിലുണ്ടെന്നതു ശരിയാണ്. എങ്കിലും അത് ഉറയില്‍ ഇരിക്കട്ടെ, എന്നതാണ് നല്ല ചിന്ത. വെളിപാടിന്‍റെ പുസ്തകത്തില്‍ അതിന്‍റെ പ്രതിധ്വനികളുണ്ട്. “വാളുകൊണ്ട് വധിക്കുന്നവന്‍ വാളിന് ഇരയാകണം” (വെളി. 13, 10). “വാളെടുത്തവന്‍ വാളാലെ,” എന്ന് അതിനോട് ക്രിസ്തു കൂട്ടിച്ചേര്‍ത്തിട്ടുണ്ട് (മത്തായി 26, 52). ചരിത്രത്തിന്‍റെ വിസ്തൃതമായ കടലിനെ വചനത്തിന്‍റെ എത്രയോ ചെറിയ ചെപ്പിലേയ്ക്കാണ് ക്രിസ്തു സംഗ്രഹിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ അവിടുത്തെ തൃപ്പാദങ്ങളില്‍ എങ്ങനെ പ്രണമിക്കാതിരിക്കും! “എന്‍റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ തരുന്നു. അത് ഈ ലോകം തരുന്നതുപോലല്ല! ചെറിയ അജഗണമേ, നിങ്ങള്‍ ഭയപ്പെടരുത്, യുഗാന്ത്യത്തോളം ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്”! (യോഹ. 7, 29).

ബാബു പുളിക്കലും നെയ്ദീനും ആലപിച്ച ഗാനം, ഫാദര്‍ ജോസഫ് മനക്കിലിന്‍റെ വരികളാണ്, സംഗീതം എല്‍ഡ്രിജ് ഐസക്സ്...


 

17 August 2019, 12:34