തിരയുക

Vatican News
Again when flood hit Kerala Again when flood hit Kerala  (ANSA)

ദൈവത്തിന്‍റെ കരുണയില്‍ അഭയംതേടാം!

സങ്കീര്‍ത്തനം 123 - ഒരു ആരോഹണഗീതത്തിന്‍റെ പഠനം - ആദ്യഭാഗം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സങ്കീര്‍ത്തനം 123-ന്‍റെ പഠനം ആദ്യഭാഗം


വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പര – ഒരു ആരോഹണഗീതം, സങ്കീര്‍ത്തനം 123–ന്‍റെ പഠനം ആദ്യഭാഗം


1. ദൈവസന്നിധിയിലേയ്ക്കുള്ള മനുഷ്യന്‍റെ ആരോഹണം
ഇന്നു നാം സങ്കീര്‍ത്തനം 123-ന്‍റെ പഠനം ആരംഭിക്കുകയാണ്. ഇതൊരു ആരോഹണഗീതമാണ്. ദാവീദു രാജാവിന്‍റെ ഗീതമായിട്ടും ഇതു ഗണിക്കപ്പെട്ടിരിക്കുന്നു. ആരോഹണം – വാക്കിന്‍റെ അര്‍ത്ഥം സൂചിപ്പിക്കുന്നതുപോലെതന്നെ ഇത് മുകളിലേയ്ക്കുള്ള കയറ്റമായിട്ടും, തീര്‍ത്ഥാടകര്‍ ജരൂസലേം ദേവാലയത്തിന്‍റെ പടികള്‍ ചവിട്ടിക്കയറുമ്പോള്‍ ആലപിച്ചിരുന്ന ഗീതമായിട്ടും ഇസ്രായേല്യര്‍ കണക്കാക്കി പോന്നു. എന്നാല്‍ കാലക്രമത്തില്‍ ഇതിന് പല വ്യഖ്യാനങ്ങളും നല്കപ്പെട്ടിരിക്കുന്നതു കാണാം. ഒരു തീര്‍ത്ഥാടനഗീതമായിട്ടു കണക്കാക്കിയവര്‍ - ജരൂസലേം ദേവാലയത്തിലേയ്ക്കുള്ള അവരുടെ ആരോഹണഗീതമായി ഇതിനെ പരിഗണിച്ചിരുന്നു. തീര്‍ച്ചയായും തീര്‍ത്ഥാടകരെ സംബന്ധിച്ചിടത്തോളം ജരൂസലേം യാത്ര ഒരു ആരോഹണം തന്നെയാണ്. ജരൂസലേമിനെ കര്‍ത്താവിന്‍റെ മലയെന്നാണ് ഇസ്രായേല്യര്‍ വിശേഷിപ്പിച്ചിരുന്നത്.

 ഹെബ്രായ മൂലരചനയിലുള്ള വരികള്‍  പാടുന്നൊരു രീതിയുമായിരുന്നിരിക്കാം ഈ ആരോഹണം. അതായത് പടിപടിയായി സ്വരസ്ഥാനങ്ങള്‍ ഉയര്‍ത്തി പാടാനായി സജ്ജമാക്കിയ ഒരു ചെറിയ ഗീതമായിരുന്നിരിക്കണം ഇത്. ശബ്ദം മെല്ലെ, മെല്ലെ ഉയര്‍ത്തി, സ്വരം ഉയര്‍ത്തി പാടാനുള്ളൊരു സൂചനയായിരുന്നിരിക്കാം.  പിന്നെയും മറ്റു വ്യാഖ്യാനങ്ങള്‍ ഈ ഗീതത്തിന്‍റെ ഘടനയെക്കുറിച്ച്, അല്ലെങ്കില്‍ സാഹിത്യരൂപത്തെക്കുറിച്ച് നിരൂപകന്മാര്‍ നല്കിയിട്ടുണ്ട്. അതായത് ആദ്ധ്യാത്മിക അഭിവൃദ്ധി ആഗ്രഹിക്കുന്ന ആത്മാവിന്‍റെ ഗാനമാണിതെന്നും, ജരൂസലേത്തേയ്ക്കു കയറുന്ന 15 പടികള്‍ക്കുള്ള ചെറിയ ഗീതം, ശബ്ദം പടിപടിയായി ഉയര്‍ത്തിപ്പാടേണ്ട പാട്ടായിട്ടും വ്യാഖ്യാനിക്കപ്പെടാറുണ്ട്.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം ഡാവിനയും സംഘവും.

Musical Version : Psalm123
സങ്കീര്‍ത്തനം 123 – കരുണ തേടുന്ന ഒരു ആരോഹണഗീതം
പ്രഭണിതം
ആദ്യപദം
കര്‍ത്താവേ എന്‍ കണ്ണുകളങ്ങേ വദനം തേടുന്നു
കാരുണ്യം തേടുന്നൂ, തവ കാരുണ്യം തേടുന്നൂ.

2.  ആമുഖപഠനം - പദങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം
Recitation : ആദ്യപദം പരിചയപ്പെടാം
1 സ്വര്‍ഗ്ഗത്തില്‍ വാഴുന്നവനേ,
അങ്ങിലേയ്ക്കു ഞങ്ങള്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു.

3.  കരുണതേടുന്ന മനുഷ്യന്‍റെ ഗാനം
ദൈവത്തിന്‍റെ കരുണതേടുന്ന ഗായകന്‍ ഗീതത്തിന്‍റെ രചനയിലും സംഗീതസൃഷ്ടിയിലും ഒരു വിലാപത്തിന്‍റെ ശൈലിയാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്. പൊതുവെ വിലാപഗീതങ്ങളുടെ പദങ്ങളില്‍ രചയിതാവ് ഗായകന്‍റെ ശാരീരികാവസ്ഥ വിവരിക്കുന്ന പതിവ് ഇവിടെ കാണാം. ഉദാഹരണത്തിന് അധരങ്ങള്‍ ഉയര്‍ത്തി പാടുന്നു. കൈകൊട്ടിപ്പാടുന്നു, അല്ലെങ്കില്‍ കൈകള്‍ ഉയര്‍ത്തിപ്പാടുന്നു. കണ്ണുകള്‍ ഉയര്‍ത്തിപ്പാടുന്നു എന്നിവ സാധാരണമായ സങ്കീര്‍ത്തന വരികളിലെ ശാരീരികാവസ്ഥയുടെ വിവരണങ്ങളാണ്. ഒരുവശത്ത്, മഹത്ത്വപൂര്‍ണ്ണനായി സ്വര്‍ഗ്ഗത്തില്‍ സിംഹാസനസ്ഥനായ ദൈവത്തിന്‍റെ മഹിമ അംഗീകരിക്കുകയും, മറുഭാഗത്ത് മനുഷ്യന്‍റെ ബലഹീനത ഏറ്റുപറയുകയുമാണ് ഇതുവഴി ചെയ്യുന്നത്. സങ്കീര്‍ത്തകന്‍റെ വാക്കുകള്‍ ശരണവും എളിമയും വിധേയത്വവും വ്യക്തമാക്കുന്നു. ദൈവത്തിനു മാത്രമേ തന്നെ സഹായിക്കാന്‍ സാധിക്കൂ എന്ന ശക്തമായ ബോധ്യവും ശരണപ്പെടലും പദങ്ങളില്‍ തെളിഞ്ഞുനില്കുന്നു.

Musical Version of Ps. 123
പ്രഭണിതം
ആദ്യപദം
കര്‍ത്താവേ എന്‍ കണ്ണുകളങ്ങേ വദനം തേടുന്നു
കാരുണ്യം തേടുന്നൂ, തവ കാരുണ്യം തേടുന്നൂ.

4.  ദൈവത്തിന്‍റെ അനുഗ്രഹം ചൊരിയുന്ന കരങ്ങള്‍
ഇനി നമുക്ക് രണ്ടാമത്തെ പദം പരിചയപ്പെടാം.
Recitation :
രണ്ടാമത്തെ പദം
ദാസന്‍റെ കണ്ണുകള്‍ യജമാനന്‍റെ കൈയ്യിലേയ്ക്കെന്നപോലെ
ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയ്യിലേയ്ക്കെന്നപോലെ,
‍ദൈവമായ കര്‍ത്താവിനു ഞങ്ങളുടെമേല്‍
കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണുകള്‍ അവിടുത്തെ നോക്കിയിരിക്കുന്നു.

ദാസിമാര്‍ യജമാനത്തിയുടെ കൈയ്യിലേയ്ക്കും, ദാസന്മാര്‍ യജമാനന്‍റെ കൈയ്യിലേയ്ക്കും സഹായത്തിനും നിര്‍ദ്ദേശങ്ങള്‍ക്കുമായി നോക്കിയിരിക്കുന്നു, കാത്തിരിക്കുന്നു. അതുപോലെ സമൂഹം എല്ലാ സഹായങ്ങള്‍ക്കും പരിപാലനയ്ക്കുമായി ദൈവപിതാവിലേയ്ക്കു, സ്വര്‍ഗ്ഗീയ പിതാവിങ്കലേയ്ക്കു ദൃഷ്ടികള്‍ പതിച്ചിരിക്കുന്നു. എല്ലാ സഹായങ്ങള്‍ക്കും നേതൃത്വത്തിനുമായി യാഹ്വേയെ, രക്ഷകനും നാഥനും രാജാവുമായി കണക്കാക്കിയാണ് ജനം നോക്കിയിരിക്കുന്നത്. പ്രപഞ്ചവും അതിലെ സകല സൃഷ്ടിജാലങ്ങളും ഇപ്രകാരം സ്രഷ്ടാവായ ദൈവത്തിങ്കലേയ്ക്ക് ഉറ്റുനോക്കുന്നു. പഴയനിയമ രീതിയിലെ ഭക്തിയില്‍ യാവേയുടെ ദാസരായിരിക്കുന്ന അഭിമാനവും ആഹ്ലാദവും ഇസ്രായേല്‍ ജനത്തിന്‍റെ ഒരു അടിസ്ഥാന മനോഭാവവും, വിശ്വാസവുമായിരുന്നു. അത് ഇന്നും ആര്‍ക്കും അനുകരണീയമാകുന്നൊരു രൂപമാണ്, ദാസ്യരൂപമാണ്. കൈയ്യിലേയ്ക്കു നോക്കുന്നതിന് പല അര്‍ത്ഥവിശേഷങ്ങളും ഭാഷാപരമായിത്തന്നെയുണ്ട്. ഒന്ന്, നിര്‍ദ്ദേശങ്ങള്‍ തരുന്ന കൈകള്‍, ദാനധര്‍മ്മംചെയ്യുന്ന കൈകള്‍, അഥവാ ദാനധര്‍മ്മങ്ങള്‍ വിതരണംചെയ്യുന്ന കൈകള്‍, സാഹയിക്കുന്ന, സംരക്ഷിക്കുന്ന, തിരുത്തുന്ന, അനുഗ്രഹിക്കുന്ന കൈകള്‍ തുടങ്ങിയവ. ഭാരതീയ സങ്കല്പത്തിലെ വരദയും ഗുരുമുദ്രയും ഇതേ ധ്യാനം തന്നെയാണ്.

Musical Version of Ps. 123
രണ്ടാമത്തെ പദം
ദാസന്‍റെ കണ്ണുകള്‍ യജമാനന്‍റെ കയ്യിലേയ്ക്കെന്നപോലെ
ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയ്യിലേയ്ക്കെന്നപോലെ
ഞങ്ങളുടെമേല്‍ കരുണ തോന്നുവോളം
ദൈവമായ കര്‍ത്താവിനെ ഞങ്ങള്‍.
നോക്കിയിരിക്കുന്നു.

ഇനി നമുക്ക് മൂന്നും നാലും പദങ്ങള്‍ ഒരുമിച്ചു പരിചയപ്പെടാം.
Recitation : 3-4
ദാസരുടെ കണ്ണുകള്‍ യജമാനന്‍റെ സന്നിധിയിലേയ്ക്കെന്നപോലെ
ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ സന്നിധിയിലേയ്ക്കെന്നപോലെ
ഞങ്ങളുടെ നയനങ്ങള്‍ ദൈവമായ കര്‍ത്താവിനെ പാര്‍ത്തിരിക്കുന്നൂ,
പാര്‍ത്തിരിക്കുന്നൂ.

നാലാമത്തെ പദം
കരുണ തോന്നണേ, കര്‍ത്താവേ,
ഞങ്ങളോടു കരുണ തോന്നണേ
ഞങ്ങള്‍ നിന്ദനമേറ്റു തളര്‍ന്നിരിക്കുന്നു
സുഖലോലുപരുടെ പരിഹാസവും
അഹങ്കാരികളുടെ  നിന്ദനവും സഹിക്കുന്നൂ
അലിവുതോന്നണേ, കര്‍ത്താവേ,
ഞങ്ങളോടു കരുണതോന്നണേ.

5. കരുണ തോന്നണേ,
ദൈവമേ, കരുണ തോന്നണേ...!

ഇവിടെ സങ്കീര്‍ത്തകന്‍ വിലാപകാരണങ്ങള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയാണ്. ശത്രുക്കളുടെ നിന്ദനവും പരിഹാസവും അധിക്ഷേപവും ശരീരത്തെയും മനസ്സിനെയും മുറിപ്പെടുത്തുന്നു. അതിനാല്‍, കരുണ തോന്നണേ, ദൈവമേ, കരുണ തോന്നണേ...! എന്നുള്ള യാചനയുടെ ആവര്‍ത്തനം പ്രാര്‍ത്ഥനയ്ക്കു ബലം കൂട്ടുന്നത് ഏറെ ഹൃദയസ്പര്‍ശിയാണ്. ആരാധനക്രമത്തില്‍ ഈ വാക്കിന് കിട്ടിയ പ്രചാരവും പ്രസക്തിയും ഇതിന്‍റെ പ്രാര്‍ത്ഥനാമാധുര്യം വെളിപ്പെടുത്തുന്നതാണ്. ആത്മാര്‍ത്ഥതയും ലാളിത്യവും ഭക്തിയും നിറഞ്ഞ പ്രാര്‍ത്ഥനയ്ക്ക് ഉദാഹരണമാണ് സങ്കീര്‍ത്തനം 123 എന്നു പറയാം. പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് ഈ സങ്കീര്‍ത്തനശൈലി കൂടുതല്‍ ഹൃദയഹാരിയായി മാറുന്നു.

Musical Version of Ps. 123
പ്രഭണിതം
കര്‍ത്താവേ എന്‍ കണ്ണുകളങ്ങേ വദനം തേടുന്നു
കാരുണ്യം തേടുന്നൂ, തവ കാരുണ്യം തേടുന്നൂ.

a. സ്വര്‍ഗ്ഗത്തില്‍ വാഴുന്നവനേ, അങ്ങിലേയ്ക്കു ഞങ്ങള്‍
കണ്ണുകള്‍ ഉയര്‍ത്തുന്നൂ
ദാസന്‍റെ കണ്ണുകള്‍ യജമാനന്‍റെ കയ്യിലേയ്ക്കെന്നപോലെ
ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയ്യിലേയ്ക്കെന്നപോലെ
ഞങ്ങളുടെമേല്‍ കരുണ തോന്നുവോളം
ദൈവമായ കര്‍ത്താവിനെ ഞങ്ങള്‍
നോക്കിയിരിക്കുന്നു.

b. ദാസരുടെ കണ്ണുകള്‍ യജമാനന്‍റെ സന്നിധിയിലേയ്ക്കെന്നപോലെ
ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ സന്നിധിയിലേയ്ക്കെന്നപോലെ
ഞങ്ങളുടെ നയനങ്ങള്‍ ദൈവമായ കര്‍ത്താവിനെ പാര്‍ത്തിരിക്കുന്നൂ,
പാര്‍ത്തിരിക്കുന്നൂ.

നിങ്ങള്‍‍ ഇതുവരെ ശ്രവിച്ചത് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണ്. അവതരിപ്പിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍.
 

13 August 2019, 15:10