തിരയുക

Vatican News
child soldiers child soldiers 

കുട്ടികളും സായുധപോരാട്ടങ്ങളും : പൊരുത്തപ്പെടാത്ത കാര്യങ്ങള്‍

യുഎന്‍ സുരക്ഷാകൗണ്‍സിലിന്‍റെ ചര്‍ച്ചാ സമ്മേളനത്തില്‍ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബെര്‍ണദീത്തോ ഔസയുടെ അഭിപ്രായപ്രകടനം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

നവയുഗത്തിന്‍റെ ശാപം
നവയുഗത്തിന്‍റെ ഒരു ശാപവും മാനുഷികയുക്തിക്ക് പൊരുത്തപ്പെടാത്ത വിരോധാഭാസവുമാണ് കുട്ടികളെ യുദ്ധഭൂമിയില്‍ ഇറക്കുന്നതെന്ന് ആഗസ്റ്റ് 2-Ɔο തിയതി, വെള്ളിയാഴ്ച ന്യൂയോര്‍ക്ക് ആസ്ഥാനത്തിനു നടന്ന സുരക്ഷാകൗണ്‍സിലിന്‍റെ ചര്‍ച്ചാസമ്മേളനത്തില്‍ വത്തിക്കാന്‍റെ സ്ഥാനപതി ചൂണ്ടിക്കാട്ടി.

കുട്ടികളുടെ ലോകം തകര്‍ക്കരുത്!
സ്വതന്ത്രമായി പഠിക്കുകയും കളിക്കുകയും, അവര്‍ക്കു ചുറ്റമുള്ള ലോകവുമായി ഇടകലര്‍ന്ന് അറിവില്‍ വളരേണ്ട കൂട്ടികള്‍ യുദ്ധഭൂമിയില്‍ അലയുകയും ആയുധമെടുക്കുകയും ചെയ്യേണ്ടിവരുന്നത് അടിസ്ഥാന അവകാശങ്ങളുടെ ലംഘനവും അധര്‍മ്മവുമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസ പ്രസ്താവിച്ചു.

അപകടത്തില്‍പ്പെടുന്ന കുട്ടിപ്പട്ടാളക്കാര്‍
യുദ്ധഭൂമിയില്‍ ജീവന്‍ അപായപ്പെടുത്തുന്ന കുട്ടികളെ കൂടാതെ, ധാരളംപേര്‍ അംഗവൈകല്യമുള്ളവരായി മാറുകയും, മറ്റനവധിപേര്‍ ക്രൂരമായ ചൂഷണങ്ങള്‍ക്ക് വിധേയരാക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകളുടെ വെളിച്ചത്തില്‍ ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയെത്താത്ത ഈ കുരുന്നുകള്‍ അനുഭവിക്കുന്ന മാനസികവും വൈകാരികവും സാമൂഹികവുമായ പീഡനങ്ങള്‍ തീര്‍ച്ചയായും അവരുടെ ജീവിതത്തെ എന്നപോലെ കുടുംബങ്ങളെയും  ധാര്‍മ്മിക സാമൂഹിക വീക്ഷണത്തെയും സ്പര്‍ശിക്കുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ വിശദീകരിച്ചു.

ഖനികളില്‍ മുരടിക്കുന്ന കുഞ്ഞുങ്ങള്‍
ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഖനികളുടെ അപകടകരവും ആരോഗ്യത്തെ അപായപ്പെടുത്തുന്നതുമായ ഭൂഗര്‍ഭങ്ങളില്‍ തങ്ങളുടെ പിഞ്ചു ജീവിതങ്ങള്‍ കുരുക്കിയിടേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ കാര്യവും സമ്മേളനത്തെ ധരിപ്പിച്ചു. അതുപോലെ അവര്‍ കുട്ടിപ്പട്ടാളക്കാരായി ഉപജീവനത്തിനായി കഷ്ടപ്പെടേണ്ടിവരുന്നതും അനീതിയുടെ കറുത്തമുഖമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ വ്യക്തമാക്കി.

കുട്ടികള്‍ക്കു കാട്ടിക്കൊടുക്കേണ്ട സമാധാനവഴികള്‍
വളരുന്ന തലമുറയെ സമാധാനത്തിന്‍റെ വഴികളില്‍ പരിശീലിപ്പിക്കാനുള്ള രാഷ്ട്രങ്ങളുടെ വലിയ ഉത്തരവാദിത്വത്തെപ്പറ്റി വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.
 

05 August 2019, 17:23