തിരയുക

 ഹിരോഷിമാ ബോംബാക്രമണത്തില്‍  നിന്ന് രക്ഷപ്പെട്ട കുട്ടി മുറിപ്പാടുകളുമായി.... ഹിരോഷിമാ ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി മുറിപ്പാടുകളുമായി.... 

ഹിരോഷിമാ, നാഗസാക്കി വെന്തുരുക്കിയ ആ കറുത്ത ദിനത്തിന് 74 വയസ്സ്

കാർമേഘത്തിന്‍റെ കാളിമ പോലുമില്ലാതെ മഴപെയ്തിറങ്ങുന്നത്പോലെ ജപ്പാനിൽ ദശലക്ഷത്തോളം നിഷ്കളങ്കമായ ജീവിതങ്ങളെ 74 വർഷങ്ങൾക്ക് മുമ്പ് മരണം തേടിയെത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മരണത്തെക്കാൾ വേദനിക്കുന്ന മായാത്ത മുറിപ്പാടുകൾ സമ്മാനിച്ചുകൊണ്ട് 1945 എന്ന വർഷം അവരിൽനിന്ന് കടന്നുപോയെങ്കിലും ഇന്നും ആ വർഷം നൽകിയ കറുത്ത ഓർമ്മകൾ അന്നാടിന്‍റെ ജനങ്ങളുടെ മനസ്സിൽ നിന്നും അടർത്തിയെടുക്കാൻ കഴിയാത്ത യാഥാർഥ്യമായിത്തന്നെ നിലനില്‍ക്കുന്നു. കാതടപ്പിക്കുന്ന ആറ്റംബോംബുകളുടെ പൊട്ടിത്തെറിയുടെയും, മനുഷ്യന്‍റെ പച്ച ശരീരംവെന്തു കരിഞ്ഞതിന്‍റെ മണവും, പൊള്ളലേറ്റ മാംസക്കഷണങ്ങൾ അവിടെ ഇവിടെയായി തൂങ്ങിക്കിടക്കുന്ന മനുഷ്യ കോലങ്ങളും, അനാഥമാക്കപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളിയും, മാരാരോഗത്തിന് അടിമപ്പെട്ട യുവത്വങ്ങളുടെ നിസ്സാഹയതയും, ജപ്പാന് സമ്മാനിച്ച മറക്കാനാവാത്ത ആ ദിനങ്ങളാണ് 1945 ഓഗസ്റ്റ് 6, 9 എന്ന ദിവസങ്ങള്‍. ആ കറുത്ത ദിനത്തിന് 2019ല്‍ 74 വയസ്സ്. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാന കാലഘട്ടത്തിലാണ് ലോകത്തെ വിറപ്പിച്ച ഈ സംഭവങ്ങളുണ്ടായത്. ജപ്പാനില്‍ ഹിരോഷിമാ, നാഗസാക്കി എന്നീ നഗരങ്ങളില്‍ അമേരിക്കാ രണ്ടുപ്രാവശ്യം ആറ്റംബോംബ് ആക്രമണം നടത്തി. അന്നുമുതൽ ഇന്നുവരെ പല രാജ്യങ്ങളും തങ്ങളുടെ ശക്തിയുടെ പ്രതീകമായി ഈ ഭയപ്പെടുത്തുന്ന മാര്‍ഗ്ഗങ്ങളെ തുടർന്നുകൊണ്ടിരിക്കുന്നു.

യുദ്ധ ഭൂമി

ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുന്നു 1939 മുതൽ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും രണ്ടു ചേരിയായി നിന്ന് നടത്തിയ ഒരു യുദ്ധമായിരുന്നത്. 30  രാജ്യങ്ങളിലെ 100 മില്യൺ ജനങ്ങൾ നേരിട്ട് പങ്കെടുത്ത ഈ യുദ്ധത്തിൽ അതിലെ പ്രധാനരാജ്യങ്ങൾ അവരുടെ സാമ്പത്തീക, വ്യവസായീക, ശാസ്ത്രീയ കഴിവുകൾ മുഴുവൻ ഉപയോഗപ്പെടുത്തി യോദ്ധാക്കളെന്നോ സാധാരണജനങ്ങളെന്നോ വ്യത്യാസമില്ലാതെ നടത്തിയ വിനാശകരമായ കടന്നുകയറ്റമായിരുന്നത്. മനുഷ്യചരിത്രത്തിലെ ഏറ്റം നാശം വിതച്ച യുദ്ധത്തിൽ 70നും 85മില്യണും ഇടയിൽ  ജനങ്ങൾ കൊല്ലപ്പെട്ടു. കൂട്ടക്കൊലകളും, ഹോളോകാസ്റ്റ് പോലുള്ള കൂട്ടവധങ്ങളും, ബോംബ് വർഷവും, പട്ടിണിമുതൽ രോഗങ്ങൾ വരെ മരണകാരണമായ ഇതിൽ അണുബോംബ് വിതച്ച നാശങ്ങൾ ദൂരവ്യാപകമായിരുന്നു.

ആറ്റം ബോംബുകള്‍ കവര്‍ന്നെടുത്ത ഹിരോഷിമാ, നാഗസാക്കി

പടിഞ്ഞാറൻ സഖ്യവും സോവിയറ്റ് യൂണിയനും ജർമ്മനി പിടിച്ചടക്കിയതോടെയും അഡോൾഫ് ഹിറ്റ്ലറിന്‍റെ ആത്മഹത്യയോടെയും ജർമ്മനി മെയ്8, 1945 ന് നീരുപാധീകം കീഴടങ്ങിയതോടെ യൂറോപ്പിലെ യുദ്ധം അവസാനിച്ചു. എന്നാൽ ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചു.  ജപ്പാനിലെ നഗരങ്ങളായ ഹിരോഷിമയിൽ ഓഗസ്റ്റ് 6 നും നാഗസാക്കിയിൽ ഓഗസ്റ്റ് 9 നും അമേരിക്കൻ വിമാനങ്ങൾ ആറ്റം ബോംബുകൾ വർഷിച്ചു. കൂടുതൽ ബോംബുകളുടെ ഭയവും സോവിയറ്റ് യൂണിയന്‍റെ കടന്നുവരവും ഭയന്ന് ജപ്പാൻ ഓഗസ്റ്റ് 15ന് കീഴടങ്ങി.  രണ്ടാം ലോക മഹായുദ്ധം ലോകത്തിന്‍റെ തന്നെ രാഷ്ട്രീയ, സാമൂഹീക ഘടനയെത്തന്നെ മാറ്റിമറിച്ചു. അന്തർദേശീയ സഹകരണം ഉറപ്പാക്കാനും ഭാവിയിൽ ഇത്തരം യുദ്ധങ്ങൾ ഒഴിവാക്കാനും ഐക്യരാഷ്ട്ര സഭയും സ്ഥാപിക്കപ്പെട്ടു.

അണുബോംബുകൾ ഹിരോഷിമായേയും നാഗസാക്കിയേയും പൂർണ്ണമായി നശിപ്പിച്ചു. അതിനുശേഷമുള്ള 4 മാസങ്ങളോളം ആറ്റംബോംബിന്‍റെ തീവ്രമായ ഫലങ്ങളാൽ 90000 -146000 പേർ ഹിരോഷിമയിലും 39000 - 80000  പേർ നാഗസാക്കിയിലും കൊല്ലപ്പെട്ടു. വീണ്ടും മാസങ്ങളോളം ആളുകൾ പൊള്ളൽ മൂലവും, റേഡിയേഷന്‍റെയും മറ്റു മുറിവുകൾ മൂലവും മരിച്ചുകൊണ്ടിരുന്നു. ഈ രണ്ടു സ്ഥലങ്ങളിലും മരിച്ചവര്‍ ഭൂരിഭാഗവും സാധാരണ ജനങ്ങളായിരുന്നു. നാഗസാക്കിയിലെ ഭൂമിയുടെ താപനില 4,000°C  വരെ ഉയർന്നു റേഡിയേഷൻ മഴയായി പെയ്തിറങ്ങി. ഹിരോഷിമയിൽ 45 ആശുപത്രികളിൽ 42ഉം ഉപയോഗശൂന്യമായി. അവിടത്തെ 90 ശതമാനം ഡോക്ടർമാരും നേഴ്‌സുമാരും കൊല്ലപ്പെട്ടു. പൊള്ളലേറ്റവരെ ചികില്‍സിക്കാന്‍ ലോകത്തില്‍ ഉപയോഗത്തിലുള്ള മൊത്തം കട്ടിലുകള്‍ എത്തിച്ചാൽ പോലും പൊള്ളലേറ്റവരെ കിടത്താന്‍ തികയുമായിരുന്നില്ല എന്ന് പറയുമ്പോൾ അവിടത്തെ സാഹചര്യം ഊഹിക്കാവുന്നതേയുള്ളു. രക്ഷപെട്ടവരിൽപോലും ആറു നീണ്ട വർഷങ്ങൾക്ക് ശേഷവും രക്താര്‍ബ്ബുദവും,  തൈറോയിഡും, സ്തനാർബ്ബുദവും, ശ്വാസകോശാർബ്ബുദവും മറ്റും ഉയർന്ന നിരക്കിൽ  കണ്ടുവരുന്നു. ഏഴ് പതിറ്റാണ്ടിനു ശേഷവും ജീവിതകാലം മുഴുവനും കാൻസറിന്‍റെ ലക്ഷണങ്ങളും ഗര്‍ഭഛിദ്രവും ബാലമരണങ്ങളും കണ്ടുവരുന്നു എന്ന് പറയുമ്പോൾ അണുബോംബിന്‍റെ വിദൂരഫലങ്ങൾ എത്രയെന്നു കൃത്യമായി മനസ്സിലാക്കാൻ ഇന്നും മാർഗ്ഗങ്ങളില്ല എന്നും നമ്മൾ അറിയേണ്ടതാണ്.

യുദ്ധത്തിന്‍റെ ഭീകരത

ആയിരത്തിലധികം പേർ കൊല്ലപ്പെടാവുന്ന ഒരു സജീവസംഘട്ടനമായാണ് യുദ്ധത്തെ നിർവചിച്ചിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ രണ്ട് ലോകമഹായുദ്ധങ്ങൾ വിനാശങ്ങൾക്കും നാശനഷ്ടങ്ങൾക്കും കാരണമായി. ഒന്നാം ലോകമഹായുദ്ധത്തില്‍ കണക്കാക്കിയ മരണസംഖ്യ 16,563,868–40,000,000ല്‍ കൂടുതലോ അതിലധികമോ ആണ്.

ഇരുപതാം നൂറ്റാണ്ടിലെ യുദ്ധങ്ങളിൽ കുറഞ്ഞത് 108 ദശലക്ഷം ആളുകൾ കൊല്ലപ്പെട്ടു. മനുഷ്യ ചരിത്രത്തിലുടനീളം യുദ്ധങ്ങളിൽ കൊല്ലപ്പെട്ട ആകെ എണ്ണത്തിന്‍റെ കണക്ക് 150 ദശലക്ഷം മുതൽ 1 ബില്ല്യൺ വരെയാണ്. പുരുഷന്മാരെ അവരുടെ ഭാര്യമാരിൽ നിന്ന് അകറ്റുന്നതിലൂടെ ജനനനിരക്ക് കുറയ്ക്കുന്നതുൾപ്പെടെ യുദ്ധം ജനസംഖ്യയിൽ മറ്റ് പല ഫലങ്ങളും ഉണ്ടാക്കുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ജനനനിരക്ക് കുറയുന്നത് 20 ദശലക്ഷത്തിലധികം ജനങ്ങളുടെ ജനസംഖ്യ കുറവിന് കാരണമായതായി കണക്കാക്കപ്പെടുന്നു. ലോകത്തെ സംയുക്തസായുധ സേനയിൽ 21.3 ദശലക്ഷം ആളുകളുണ്ട്. 2.4 ദശലക്ഷം വ്യക്തികളുള്ള ലോകത്തിലെ ഏറ്റവും വലിയ സംയുക്തസായുധ സേന ചൈനയാണ്. 1.4 ദശലക്ഷവുമായി അമേരിക്കാ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയിൽ 1.3 ദശലക്ഷം, ഉത്തരകൊറിയയില്‍ 1 ദശലക്ഷം, റഷ്യയില്‍ 900,000 സംയുക്തസായുധസേനാംഗങ്ങയുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2003ന്‍റെ തുടക്കത്തിൽ ലോകമെമ്പാടും 30 യുദ്ധങ്ങൾ നടന്നു. അഫ്ഗാനിസ്ഥാൻ, അല്‍ജീരിയാ, ബുറുണ്ടി, ചൈനാ, കൊളംബിയാ, കോംഗോങ്, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേൽ, ഇറാഖ്, ലൈബീരിയാ, നൈജീരിയാ, പാകിസ്ഥാൻ, പെറു, ഫിലിപ്പൈൻസ്, റഷ്യാ, സൊമാലിയാ, സുഡാൻ, ഉഗാണ്ടാ എന്നിവിടങ്ങളിലെ പോരാട്ടങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

യുദ്ധത്തെകുറിച്ച് സഭാ പ്രബോധനങ്ങൾ

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഇങ്ങനെ പ്രബോധിപ്പിക്കുന്നു.

2307. മനപ്പൂർവ്വം മനുഷ്യജീവനെ നശിപ്പിക്കുന്നത് അഞ്ചാം പ്രമാണം നിരോധിക്കുന്നു. യുദ്ധം മൂലം ഉണ്ടാകുന്ന തിന്മകളും അനീതികളും മൂലം അതിന്‍റെ പരമ്പരാഗതമായ അടിമത്തത്തിൽ നിന്ന് നല്ലവനായ ദൈവം നമ്മെ രക്ഷിക്കുന്നതിനായി പ്രാർത്ഥിക്കുന്നതിനും പ്രവർത്തിക്കുന്നതിനും സഭാ നിർബ്ബന്ധബുദ്ധിയോടെ ഓരോരുത്തരെയും ആഹ്വാനം ചെയ്യുന്നു.

2308. യുദ്ധം ഒഴിവാക്കുന്നതിന് എല്ലാ പൗരന്മാരും ഭരണകർത്താക്കളും കടപ്പെട്ടിരിക്കുന്നു.

2315. ആയുധശേഖരണം എതിരാളികളെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പറ്റിയ ഉപാധിയായി പലരും കാണുന്നു. അവർ അതിനെ അന്തരാഷ്ട്ര സമാധാനം ഉറപ്പുവരുത്താൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമായി കാണുന്നു. ഈ വിധത്തിലുള്ള യുദ്ധം തടയൽ ഗൗരവപൂർണ്ണമായ ധാർമ്മീക അപവാദങ്ങൾക്ക് ഇടനൽകുന്നു. ആയുധ മത്സരം സമാധാനം ഉറപ്പ് വരുത്തുന്നില്ല. യുദ്ധകാരണങ്ങൾ തുടച്ചുനീക്കുന്നതിന് പകരം അത് അവയെ കൂടുതൽ വഷളാക്കാനാണ് സാധ്യത. എപ്പോഴും പുതിയ തരം ആയുധങ്ങൾ ഉത്പാദിപ്പിക്കുവാൻ ഭീമമായ തുകകൾ ചെലവാക്കുന്നത് പാവപ്പെട്ട ജനങ്ങളെ സഹായിക്കാനുള്ള പരിശ്രമങ്ങളെ തടസ്സപ്പെടുത്തുകയും അവരുടെ വികസനത്തിന് വിലങ്ങിടുകയും ചെയ്യുന്നു. അമിതമായ ആയുധ സംഭരണം ഏറ്റുമുട്ടലിനുള്ള കാരണങ്ങൾ ബഹൂലീകരിക്കുകയും ആയുധങ്ങളുടെ വ്യാപനത്തിന്‍റെ അപകടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

2316. ആയുധനിർമ്മാണവും വിൽപ്പനയും രാഷ്ട്രങ്ങളുടെയും അന്തരാഷ്ട്ര സമൂഹത്തിന്‍റെയും പൊതുനന്മയെ ബാധിക്കുന്നതാണ്. അതിനാൽ പൊതു അധികാരികൾക്ക് അവയെ നിയന്ത്രിക്കുന്നതിന് അധികാരവും ചുമതലയും ഉണ്ട്. സ്വകാര്യമോ പൊതുവായ താൽപര്യങ്ങളുടെ ഹ്രസ്വകാലനേട്ടത്തിനു വേണ്ടി രാജ്യങ്ങളുടെയിടയിൽ അക്രമവും ഏറ്റുമുട്ടലും പ്രോത്സാഹിപ്പിക്കുന്നതും അന്തരാഷ്ട്ര നീതിന്യായ വ്യവസ്ഥിതിയെ പ്രതിസന്ധിയിലാക്കുന്നതും നിയമാനുസൃതം അല്ല.

മനുഷ്യരുടെയും രാഷ്ട്രങ്ങളുടെയും ഇടയിൽ ബലമായിരിക്കുന്ന അനീതി, സാമ്പത്തിക സാമൂഹിക അസമത്വങ്ങൾ, അസൂയ, പരസ്പര വിശ്വാസമില്ലായ്മ, അഹങ്കാരം എന്നിവ നിരന്തരം സമാധാനത്തിന് ഭീഷണിയും യുദ്ധങ്ങൾക്ക് കാരണവുമാണ്. ഈ ക്രമക്കേടുകൾ പരിഹരിക്കാൻ ചെയ്യുന്നതെന്തും സമാധാനം സ്ഥാപിക്കുന്നതിന് യുദ്ധം ഇല്ലാതാക്കുന്നതിനുള്ള സംഭാവനയാണ്.

‘ഭൂമിയിൽ സമാധാനം’ (Pacem in Terris)                        

ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പാ സമാധാനത്തിന്‍റെ സംസ്ഥാപനത്തെയും അതിന്‍റെ സംരക്ഷണത്തെയും സംബന്ധിച്ച് പുറപ്പെടുവിച്ച ചാക്രികലേഖനത്തിൽ നിരായുധീകരണത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

102. സാമ്പത്തികമായി വികസിച്ച രാഷ്ട്രങ്ങൾ നിർമ്മിച്ചതും ഇപ്പോഴും നിർമ്മിച്ചു കൊണ്ടിരിക്കുന്നതുമായ യുദ്ധോപകരണങ്ങളുടെ അളവറ്റ ശേഖരങ്ങൾ കാണുമ്പോൾ അങ്ങേയറ്റം ദുഃഖിക്കുന്നു. ബുദ്ധിപരവും സാമ്പത്തികവുമായ വമ്പിച്ച മുതൽമുടക്കുമാണ് അതിനുള്ളത്. അതിന്‍റെ ഫലമായി ആ രാജ്യങ്ങളിലെ ജനങ്ങൾ വലിയ ഭാരം വഹിക്കേണ്ടി വരുന്നു. തൽഫലമായി മറ്റു രാഷ്ട്രങ്ങൾ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് വേണ്ട സഹായം കിട്ടാതെ കരയേണ്ടിവരികയും ചെയ്യുന്നു.

103. ഇന്നത്തെ സാഹചര്യത്തിൽ ആയുധ സന്തുലിതാവസ്ഥ കൊണ്ടല്ലാതെ സമാധാനം സംരക്ഷിക്കാൻ കഴിയില്ലെന്ന് തെറ്റായ കാരണം പറഞ്ഞാണ് ആയുധനിർമ്മാണത്തെ നീതികരിക്കാൻ ശ്രമിക്കുന്നത്. അങ്ങനെ ഒരു രാജ്യം ആയുധശക്തി വർദ്ധിപ്പിച്ചാൽ ഇതരരാജ്യങ്ങൾക്കും അതുതന്നെ ചെയ്യേണ്ടതാണെന്ന് തോന്നിപ്പോകുന്നു. ഒരു രാജ്യം ആണവായുധങ്ങൾ കൊണ്ട് സജ്ജീകൃതമാകുമ്പോൾ മറ്റ് രാജ്യങ്ങളും അതേ നശീകരണ ശക്തിയുള്ള ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കേണ്ടി വരുന്നു.

104. തന്മൂലം സ്ഥിരം പേടിപ്പിച്ചു കൊണ്ടിരിക്കുന്ന യുദ്ധ കൊടുങ്കാറ്റ് ഭീകരമായ രൂക്ഷതയോടെ തങ്ങളുടെ മേൽ ആഞ്ഞടിച്ചേക്കുമെന്ന നിരന്തര ഭയത്തോടെ ജനങ്ങൾ ജീവിക്കേണ്ടി വരുന്നു. യുദ്ധോപകരണങ്ങൾ ഒരുക്കി വയ്ക്കപ്പെട്ടിരിക്കുന്നതിനാൽ ഈ ഭയത്തിന് അടിസ്ഥാനമുണ്ട്. യുദ്ധം കൊണ്ടുവരാവുന്ന ഭയാനകമായ വിനാശത്തിന്‍റെയും ദുഃഖത്തിന്‍റെയും ഉത്തരവാദിത്വം ആരെങ്കിലും മനപ്പൂർവ്വം ഏറ്റെടുക്കുമെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. എങ്കിലും അനിയന്ത്രിതവും അപ്രതീക്ഷിതവുമായ ഏതെങ്കിലും സംഭവം മൂലം ഏതവസരത്തിലും ആ തീ ആളിക്കത്താൻ ഇടയായേക്കാം എന്ന കാര്യം നിഷേധിക്കാനാവുകയില്ല. ആധുനിക യുദ്ധോപകരണങ്ങളുടെ രാക്ഷസീയമായ ശക്തി യുദ്ധത്തെ തടഞ്ഞുനിർത്തുന്ന ഒന്നായി നിലകൊള്ളുന്നു എന്നുതന്നെ കരുതുക. എന്നാലും യുദ്ധത്തെ മനസ്സിൽ കണ്ടുകൊണ്ട് തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന അണുവായുധ പരീക്ഷണങ്ങൾ തന്നെ ലോകത്തിലെ ജീവനു മാരകമായ അനന്തരഫലങ്ങൾ ഉളവാക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ഇക്കാര്യം എല്ലാവരും ഓർത്തിരിക്കേണ്ടതാണ്.

106. എല്ലാവരും വ്യക്തമായി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് അതായത് സമഗ്രവും സമ്പൂർണ്ണവുമായ ഒരു പരിപാടി ഇല്ലെങ്കിൽ, അത് ആന്തരികമായ അവബോധത്തിൽ നിന്നുണ്ടാകുന്നതല്ലെങ്കിൽ മനുഷ്യനെ പീഡിപ്പിക്കുന്ന യുദ്ധഭീതിയും ഉല്‍കണ്ഠയും നീക്കുവാൻ എല്ലാവരും ആത്മാർത്ഥമായി സഹകരിക്കുന്നില്ലെങ്കിൽ ആയുധശേഖരണ പ്രക്രിയയ്ക്ക് ഇപ്പോഴുള്ള ആയുധശേഖരം കുറയ്ക്കാനോ അവയെ തികച്ചും ഇല്ലാതാക്കാനോ സാധ്യമല്ല. അതുകൊണ്ട് അത് ഒരു യാഥാർത്ഥ്യമായിത്തീരണമെങ്കിൽ ഇന്ന് നാം സമാധാനത്തെ ഉറപ്പിച്ചിരിക്കുന്ന മൗലികതത്ത്വത്തെ മാറ്റി അതിന്‍റെ സ്ഥാനത്ത് മറ്റൊരു തത്ത്വത്തെ സ്ഥാപിക്കണം. ആ തത്ത്വമാകട്ടെ രാഷ്ട്രങ്ങൾ തമ്മിലുള്ള യഥാർത്ഥവും സ്ഥിരവുമായ സമാധാനം രാഷ്ട്രങ്ങൾക്ക് ആയുധങ്ങളുടെ തുല്യതയിൽ അല്ല പ്രത്യുത പരസ്പര വിശ്വാസത്തില്‍ മാത്രമാണ് നിലകൊള്ളുന്നത് എന്നതാണ്.

107. വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങൾ എന്നപോലെ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളും ആയുധബലം കൊണ്ടല്ല നിയന്ത്രിക്കപ്പെടുന്നത്.

109. പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പായുടെ മുന്നറിയിപ്പ് ഇപ്പോഴും നമ്മുടെ ചെവിയിൽ അലയടിച്ചു കൊണ്ടിരിക്കുന്നു. "സമാധാനം കൊണ്ട് യാതൊന്നും നഷ്ടപ്പെടാനില്ല. യുദ്ധം കൊണ്ട് എല്ലാം നഷ്ടപ്പെട്ടേക്കാം."

ഫ്രാൻസിസ് മാർപാപ്പായുടെ പ്രസ്താവന

ഹിരോഷിമയിലെയും നാഗസാക്കിയിലെയും ഭീകരമായ  അണുബോംബുകൾ മനുഷ്യന്‍റെ ശാസ്ത്രീയ പുരോഗതിയെ വിനാശകരമായി ദുരുപയോഗം ചെയ്യുന്നതിന്‍റെ പ്രതിരൂപമാണെന്ന് ഫ്രാൻസിസ് മാർപാപ്പാ 2015 ഓഗസ്റ്റ് 9ന് പറഞ്ഞു. എല്ലാ ആണവായുധങ്ങളെയും വൻനാശത്തിന്‍റെ ആയുധങ്ങളെയുംഅവസാനിപ്പിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു. ശാസ്ത്രീയവും സാങ്കേതികവുമായ പുരോഗതി തെറ്റായി ഉപയോഗപ്പെടുത്തുമ്പോൾ മനുഷ്യന്‍റെ വിനാശകരമായ ശക്തിയുടെ പ്രതീകമായി മാറിയിരിക്കുന്നുവെന്നും പാപ്പാ ചൂണ്ടികാണിച്ചു. ശാന്തമായ സഹവർത്തിത്വം വളർത്തിയെടുക്കുന്നതിന് സമാധാനത്തിനായി പ്രവർത്തിക്കാനും ലോകത്ത് സാഹോദര്യത്തിന്‍റെ സാന്മാര്‍ഗ്ഗികതയെ പ്രചരിപ്പിക്കാനും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. എല്ലാ ദേശത്തുനിന്നും യുദ്ധവും അക്രമവും വേണ്ടായെന്നും, സംഭാഷണവും സമാധാനവും വേണം എന്നുള്ള ശബ്ദം ഉയർന്നു വരണമെന്ന് പാപ്പാ ആവശ്യപ്പെട്ടു.കഴിഞ്ഞ വർഷം ജനുവരിയിൽ, ഫ്രാൻസിസ് പാപ്പാ ഒരു ജാപ്പനീസ് ബാലൻ തന്‍റെ സഹോദരനെ ചുമന്നുകൊണ്ടുപോകുന്ന ഫോട്ടോ പ്രദര്‍ശിപ്പിക്കുകയുണ്ടായി. അത് 1945 ൽ എടുക്കപ്പെട്ട ചിത്രമായിരുന്നു. നാഗസാക്കിയിൽ അമേരിക്കായുടെ ആറ്റംബോംബ് പതിച്ചപ്പോൾ കൊല്ലപ്പെട്ട കുട്ടിയെയാണ് ബാലൻ അവന്‍റെ ‘ചുമലില്‍’ ഏറ്റികൊണ്ടു പോകുന്നത്. ആണവായുധങ്ങളുടെ അപകടങ്ങളെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുള്ള ഫ്രാൻസിസ് പാപ്പാ ചിത്രത്തിന്‍റെ പുറകിൽ “യുദ്ധത്തിന്‍റെ ഫലം.” എന്ന് നാല് വാക്കുകൾ മാത്രം എഴുതി. നവംബരില്‍ ജപ്പാൻ സന്ദർശിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ പാപ്പാ സൂചിപ്പിച്ചിരുന്നു.

മനുഷ്യജീവിതത്തെ വിരൂപമാക്കുന്ന യുദ്ധങ്ങളിൽ നിന്നും വിമുക്തി നേടാൻ ലോക നേതാക്കളും, രാഷ്ടങ്ങളും തമ്മിൽ പരസ്പര സ്നേഹത്തിലും, സഹോദര്യത്തിലും നിസ്സ്വാർത്ഥതയിലും, ജീവിക്കുവാൻ സമാധാനത്തിന്‍റെ ദൈവത്തോടു പ്രാർത്ഥിക്കാം.  

09 August 2019, 15:33