തിരയുക

സുഡാനിലെ ദാരിദ്ര്യത്തിന്‍റെ ഓര്‍മ്മകളുണര്‍ത്തുന്ന ചിത്രം സുഡാനിലെ ദാരിദ്ര്യത്തിന്‍റെ ഓര്‍മ്മകളുണര്‍ത്തുന്ന ചിത്രം 

സുഡാനില്‍ കുട്ടികളുടെ സംരക്ഷണം ആവശ്യപ്പെട്ട് യൂണിസെഫ്

ജൂലൈ 29 ആം തിയതി നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബാംഗങ്ങൾക്കും, പരുക്കേറ്റ വിദ്യാർത്ഥികൾക്കും, സമൂഹത്തിനും യൂണിസെഫ് അനുശോചനം അറിയിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജൂലൈ 29 ആം തിയതി, സുഡാൻ നഗരമായ എൽ-ഒബീദിൽ വിദ്യാർത്ഥി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് നാല് ഹൈസ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ച് പ്രതിഷേധക്കാരെ വെടിവച്ചു കൊന്നതായി പ്രതിപക്ഷ സംഘങ്ങൾ അറിയിച്ചു. മുൻ നേതാവ് ഒമർ അൽ ബഷീറിനെ നീക്കിയതിനെ തുടർന്ന് പ്രതിഷേധ നേതാക്കളും ഭരണാധികാരികളും സുഡാന്‍റെ പരിവർത്തനത്തെക്കുറിച്ച് പുതിയ ചർച്ചകൾ നടത്താനിരിക്കുന്നതിന്‍റെ ഒരു ദിവസം മുമ്പാണ് കൊലപാതകം നടന്നത്. വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കുട്ടികളുടെ  കുടുംബാംഗങ്ങൾക്കും, പരുക്കേറ്റ വിദ്യാർത്ഥികൾക്കും, സമൂഹത്തിനും യൂണിസെഫ് അനുശോചനം അറിയിച്ചു. ഒരു കുട്ടിയെയും സ്കൂൾ യൂണിഫോം ധരിപ്പിച്ച് അടക്കം ചെയ്യരുതെന്ന് സുഡാനിലെ യുണിസെഫ് പ്രതിനിധി അബ്ദുല്ലാ ഫാദില്‍ അഭ്യര്‍ത്ഥിച്ചു.  സുഡാനിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്‍റെ പശ്ചാത്തലത്തിൽ 15നും, 17നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾ സ്കൂൾ വർഷം ആരംഭിക്കുന്നതിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. അന്താരാഷ്ട്ര മാനുഷിക നിയമത്തിനും മനുഷ്യാവകാശ തത്വങ്ങൾക്കും അനുസൃതമായി കുട്ടികളെ എപ്പോഴും സംരക്ഷിക്കാനും അപകടത്തിൽ നിന്ന് അകറ്റി നിർത്താനും അക്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരോടും യൂണിസെഫ് ആവശ്യപ്പെട്ടു. കുട്ടികളുടെ അവകാശങ്ങൾക്കായുള്ള  ഉടമ്പടിയുടെയും, 2010ല്‍ രൂപപ്പെടുത്തിയ സുഡാനിലെ കുട്ടികള്‍ക്കായുള്ള നിയമത്തിന്‍റെയും വ്യവസ്ഥകളെ മാനിക്കണമെന്നും കുട്ടികൾക്കെതിരായ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തരുതെന്നും യുണിസെഫ് എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു. സുഡാനിലെ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ദേശീയ സഹകാരികളുമായും അന്താരാഷ്ട്ര സമൂഹവുമായും തുടർന്ന് പ്രവർത്തിക്കുമെന്ന് യുണിസെഫ് വെളിപ്പെടുത്തി.

 

 

 

 

 

 

30 July 2019, 11:52