തിരയുക

Vatican News
Being present to your neighbour Being present to your neighbour  (© Notice: UNICEF photographs are copyrighted and may not be reproduced in any medium without written permission from authorized)

മാധ്യമങ്ങളെ മാനവിക മേന്മയുള്ളതാക്കണം

ഓസ്ട്രേലിയയിലെ മെത്രാന്‍ സംഘം നല്കുന്ന മാധ്യമബോധന ചിന്തകള്‍ (Media Education).

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

മാധ്യമലോകം പാലിക്കേണ്ട നീതിനിഷ്ഠ
മെത്രാന്‍ സംഘത്തിന്‍റെ നീതിക്കും സമാധാനത്തിനുമായുള്ള കമ്മിഷന്‍ (Justice & Peace Commission of Australian Episcopal Conference) ജൂലൈ 2- Ɔο തിയതി മെല്‍ബണില്‍ ഇറക്കിയ പ്രസ്താവനയിലാണ് മാധ്യമാധിപത്യമുള്ള ലോകത്ത് അവ കാരണമാക്കുന്ന വിപരീത സ്വാധീനങ്ങളെക്കുറിച്ച് മെത്രാന്‍ സംഘം ചൂണ്ടിക്കാട്ടിയത്. സെപ്തംബര്‍ മാസത്തില്‍ അനുവര്‍ഷം ആരംഭിക്കുന്ന, ഇക്കുറി സെപ്തംബര്‍ 29-ന് ആചരിക്കുന്ന സാമൂഹ്യനീതി ദിനത്തോട് (Justice Day) അനുബന്ധിച്ച് ഇറക്കിയ പ്രസ്താവനയിലാണ് മെത്രാന്‍ സംഘം മാധ്യമപ്രവര്‍ത്തനത്തില്‍ ആവശ്യമായിരിക്കുന്ന നന്മയുടെ സുതാര്യതയെക്കുറിച്ചു സംസാരിക്കുന്നത്.

മാധ്യമാധിപത്യമുള്ള ലോകം
യാഥാര്‍ത്ഥമായ മാവനികതയുടെ കൂട്ടായ്മയും സംവാദവുമാണ് ഡിജിറ്റല്‍ ലോകത്ത് നടക്കേണ്ട്. സത്യസന്ധമായ ആശയവിനമയം നടക്കേണ്ടിടത്ത് വ്യാജവാര്‍ത്തയുടെ ധാരാളിത്തവും അതിപ്രസരവും ഉണ്ടെന്ന് കമ്മിഷന്‍ പ്രസ്താവിച്ചു. വിവരസാങ്കേതികതയുടെ അതിപ്രസരം, സാമൂഹിക അന്യവത്ക്കരണം, പാവങ്ങളുടെയും വ്രണിതാക്കളുടെയും പാര്‍ശ്വവത്ക്കരണം, വ്യാജവാര്‍ത്തകളുടെ തോരാത്ത ശ്രൃംഖലകള്‍, ഉപഭോഗസംസ്കാരം വളര്‍ത്തുന്ന പരിപാടികള്‍ എന്നിവ ആധുനിക മാധ്യമങ്ങളുടെ ഏറെ നിഷേധാത്മകമായ പ്രത്യേകതകളായിട്ടുണ്ടെന്ന് മെത്രാന്‍ സംഘത്തിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടി.

ലഭം കൊയ്യാനുള്ള അതിമോഹം
ലാഭത്തിലും, ഉല്പന്നങ്ങളുടെ വില്പനയിലും ശ്രദ്ധപതിക്കുന്ന ആധുനിക മാധ്യമങ്ങള്‍ ധാര്‍മ്മിക മൂല്യങ്ങളുടെ പരിധികള്‍ ലംഘിക്കുകയും വ്യക്തി ജീവിതങ്ങളെ മാധ്യമശക്തിക്കു കീഴ്പ്പെടേണ്ടതും, മാധ്യമങ്ങളുടെ പ്രാമാണിക സ്ഥാനത്തിന്‍റെ ചൊല്പടിക്കു നില്ക്കേണ്ട വസ്തുക്കളോ, വിവരശേഖരമോ ആയി കാണുകയും ചെയ്യുന്നുണ്ട്. പൊതുജനത്തെ സ്വാധീനിക്കാനും, വില്ക്കേണ്ടതു വില്ക്കാനുമുള്ള വ്യഗ്രതയില്‍ മുന്‍കാലങ്ങളില്‍ അചിന്തനീയമായ വിധത്തിലുള്ള അധാര്‍മ്മികവും അസ്വീകാര്യവുമായ രീതികളാണ് ആധുനികമാധ്യമങ്ങള്‍ മനുഷ്യമനസ്സുകളെ ആകര്‍ഷിക്കാനും യുവജനങ്ങളെ വശീകരിക്കാനുമായി ഇന്നു വര്‍ണ്ണശഭളിമയില്‍ കെട്ടിച്ചമച്ചുവിടുന്നത്.

തിന്മ വിതയ്ക്കുന്ന നല്ല ഉപകരണങ്ങള്‍
സമൂഹത്തില്‍ അധര്‍മ്മവും അനീതിയും അസത്യവും പരത്തുന്ന മാധ്യമരീതികളും, വെറുപ്പും വിഭജനവും, വ്യാജവും വിതയ്ക്കുന്ന സംവേദനശൈലികളും ഇല്ലാതാക്കാന്‍ സമൂഹ്യപ്രതിബദ്ധതയുള്ള സകലരും, വിശിഷ്യ ഭരണകര്‍ത്താക്കളും, വ്യവസായ പ്രമുഖരും, സാമൂഹിക നേതാക്കളും ഉപഭോക്താക്കളുടെ സംഘടനകളും ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടതാണ്. യഥാര്‍ത്ഥമായ മാനവിക കൂട്ടായ്മ – സ്നേഹം, പരസ്പരധാരണ, സൗന്ദര്യം, നന്മ, സത്യം, ആനന്ദം, പ്രത്യാശ, ആശ്രിതത്വം എന്നിവ വളര്‍ത്താന്‍ പോരുന്ന മാധ്യമരീതികള്‍ ഇന്നിന്‍റെ ആവശ്യവും മാധ്യമപ്രവര്‍ത്തകരുടെ, മാധ്യമങ്ങളുടെ ഉത്തരവാദിത്വംവഹിക്കുന്ന പ്രസ്ഥാനങ്ങളുടെയും സര്‍ക്കാരിന്‍റെയും കടമയാണ്.

സാന്ത്വന  സാമീപ്യം 
അയല്‍ക്കാരനെ സ്നേഹിക്കുക മാത്രമല്ല മനുഷ്യജീവിതത്തില്‍ വ്യക്തിയുടെ കടമയെന്നും, ആഗോളവത്കൃതമായ ജീവിതപരിസരത്ത് ദൈവസ്നേഹം പങ്കുവയ്ക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന നല്ല സമറിയാക്കാരനാവണം ക്രൈസ്തവരെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്ത മെത്രാന്മാര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ജീവിതത്തില്‍ നമുക്ക് നവമാധ്യമ സാങ്കേതികതയുടെ ലോകത്തെ നിസംഗരായ വാസക്കാരായി മാത്രം കടന്നുപോകാതെ, അവബോധത്തോടും (media awareness) വിമര്‍ശനബുദ്ധിയോടുംകൂടെ നാം മാധ്യമങ്ങളെ ഉപയോഗിക്കുന്ന ഉത്തരവാദിത്വപൂര്‍ണ്ണരായ വ്യക്തികളും പൗരന്മാരുമാകണമെന്ന ചിന്തയോടെയാണ് മെത്രാന്‍സംഘം നീതിക്കും സാമാധാനത്തിനുമായുള്ള ദിനത്തിന്‍റെ സന്ദേശം ഉപസംഹരിച്ചത്.

03 July 2019, 18:48