തിരയുക

Vatican News
യേശുവും, മഗ്ദലേനാ മറിയവും... യേശുവും, മഗ്ദലേനാ മറിയവും... 

പ്രത്യാശയുടെ ശിഷ്യയായ മഗ്ദലേനാകാരി മറിയം

ജൂലൈ 22 ആം തിയതിയാണ് തിരുസഭാ മാതാവ് വിശുദ്ധ മഗ്ദലേനാ മറിയത്തിന്‍റെ തിരുനാൾ ആഘോഷിക്കുന്നത്. ഈ വർഷത്തെ മറിയത്തിന്‍റെ തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് പപ്പാ പങ്കുവഹിച്ച ട്വിറ്റർ സന്ദേശത്തിൽ മറിയത്തെ പ്രത്യാശയുടെ അപ്പോസ്തല എന്നാണ് വിശേഷിപ്പിച്ചത്. എല്ലാ അർത്ഥത്തിലും പ്രത്യാശയുടെ പ്രതീകമാണ് മഗ്ദലേനാ മറിയം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മഗ്ദലേനാകാരി മറിയം

കണ്ണീരിനും അതിന്‍റെതായ സാന്ത്വനങ്ങളുണ്ട്. കണ്ണീരിന്‍റെ കഥപറയാൻ ആരംഭിച്ച മറിയം എന്ന മഗ്ദലേനാകാരിക്ക് മൗനത്തിലൂടെ മറുപടി നൽകിയവനാണ് ക്രിസ്തു. നൊമ്പരങ്ങളുടെ കടലുമായി മരണത്തിന്‍റെ അലമാലകൾ ആഞ്ഞടിക്കപെട്ട വിനാഴികയിലേക്ക് അവളുടെ ജീവിതത്തോണി തുഴയേണ്ടി വന്ന നിമിഷത്തിലാണ് അവൾ ക്രിസ്തുവിനെ തിരിച്ചറിഞ്ഞത്. വെറുതെ തന്നെ ചേർത്തു പിടിച്ച് കഴിഞ്ഞതൊക്കെ കഴിഞ്ഞു പോയെന്നും ഇനിയൊന്നും ആവർത്തിക്കേണ്ടാ എന്ന് മാത്രം പറഞ്ഞ് വിട്ടപ്പോൾ മറിയം അറിഞ്ഞില്ല അവളുടെ മനസ്സ് അവളറിയുന്നതിന് മുമ്പേ ക്രിസ്തു അറിഞ്ഞിരുന്നുവെന്നും അവളുടെ മനസ്സിന്‍റെ ഇടർച്ചകളെ അറിഞ്ഞ ഏക വ്യക്തി ക്രിസ്തുവായിരുന്നുവെന്നും. ഒരു കവി ഇങ്ങനെ എഴുതി 'ക്രിസ്തു പറഞ്ഞു: മറിയമേ! എല്ലാവരും നിന്നെ അവർക്കായി സ്നേഹിച്ചു. ഞാൻ നിന്നെ നിനക്കായി സ്നേഹിക്കുന്നു". ആർക്കും തന്നെ വിട്ടുകൊടുക്കാതെ ആരുടെയും മുന്നിൽ തന്നെ വിധിക്കാതെ തന്നെ ഒറ്റികൊടുത്തവരുടെയും ഒറ്റപ്പെടുത്തിയവരുടെയും  മുന്നിൽ തന്‍റെ  കുറവുകളെ കരുണയിൽ  മറച്ചുപിടിച്ച് മാപ്പ് നൽകിയ  ക്രിസ്തുവിനെ അവന്‍റെ മരണത്തിനപ്പുറത്തും മറിയം സ്നേഹിച്ചു കൊണ്ടേയിരുന്നു.

ഗുരുവിന്‍റെ തിരുമൊഴികളെ  ജീവിതത്തിന്‍റെ വരമൊഴിയാക്കിയ മറിയം

കുറ്റാരോപണങ്ങളുടെ നെരിപ്പോടിൽ വെന്തു നീറിയ ജീവിതത്തിൽ കരുണയുടെ തൈലം കൊണ്ട് പൂശി ആ നീറ്റലനുഭവത്തെ ശമിപ്പിച്ച ക്രിസ്തുവിനോടു മറിയത്തിനു കനൽ കെടാത്ത സ്നേഹമുണ്ടായിരുന്നു. സ്നേഹത്തിന്‍റെ കടൽ നിറച്ചാണ് അവൾ കനിവിന്‍റെ നാഥന്‍റെ പ്രിയശിഷ്യയായി മാറിയത്. സുവിശേഷത്തിൽ മഗ്ദലേനാകാരിയായ ഈ മറിയം അവിടവിടെയായി പ്രത്യക്ഷപ്പെടുന്നു. ‘ആരും നിന്നെ വിധിച്ചില്ലേ, ഞാനും നിന്നെ വിധിക്കുന്നില്ല’ എന്ന ഗുരുവിന്‍റെ തിരുമൊഴികളെ അവളുടെ ജീവിതത്തിന്‍റെ വരമൊഴിയായി മാറ്റി ചപലതകളുടെ കല്ലറയിൽ നിന്നും വിശുദ്ധിയുടെ ജീവിതത്തിലേക്ക് ഉത്ഥാനം ചെയ്തു പ്രത്യാശയുടെ ചിറകുകളുമായി അവൾ പറന്നുയർന്നു.

ആരാണ് മഗ്ദലേനാകാരിയായ ഈ മറിയം? ബൈബിൾ മറിയത്തെ പരാമർശിക്കുന്നത് എവിടെയാണ്? പാപിനിയായ സ്ത്രീയായി പ്രത്യക്ഷപ്പെടുന്ന മറിയത്തിന്‍റെ ജീവിതത്തിന്‍റെ ഗ്രാഫ് മാറ്റിവച്ചത് ക്രിസ്തുവായിരുന്നു. അവളുടെ ഉടലിന്‍റെ പവിത്രതയെ പോലും ആസ്വദിച്ച മനുഷ്യന്‍റെ അതേ കൈകൾ തന്നെയാണ് അവളെ കൊല്ലുവാനുള്ള കല്ലുകൾ വഹിച്ചതും. ക്രിസ്തുവിനെ കണ്ടെത്തുന്നതുവരെ മഗ്ദലേനാ മറിയത്തിന്‍റെ ജീവിതം സംഘർഷങ്ങളിലൂടെയാണ് കടന്നുപോയത്. ഈ യാഥാർത്ഥ്യങ്ങളുടെ നടുമുറ്റത്തേക്ക് ക്രിസ്തു ഇറങ്ങിച്ചെന്നു. ലോകവും അവളും അറിയാതിരുന്ന അവളിലെ ആത്മ ചൈതന്യത്തെ ‘ഞാനും വിധിക്കുന്നില്ല’ എന്നു പറഞ്ഞുകൊണ്ട് ക്രിസ്തു തൊട്ടുണർത്തി. അങ്ങനെ അവൾ യാത്ര ആരംഭിച്ചു. അത് അവളുടെ ജീവിതത്തിലെ രണ്ടാംഘട്ടമായിരുന്നു.

ചിലപ്പോൾ ഏറ്റുപറച്ചിലുകൾ ഇല്ലാതെ ക്ഷമ സ്വീകരിക്കാൻ  നമുക്ക് കഴിഞ്ഞിട്ടുണ്ടാകാം. അങ്ങനെ നൽകപ്പെടുന്ന ക്ഷമയ്ക്ക് ഒരു വ്യക്തിയുടെ ജീവിതത്തെ വല്ലാതെ സ്വന്തമാക്കാനും, രൂപപ്പെടുത്തുവാനും കഴിയും, പിന്നെ ആ വ്യക്തി പൗലോസ് പറയുന്നത് പോലെ താനല്ലെന്നും തനിക്ക് ക്ഷമ നൽകിയ ദാതാവാണ് തന്‍റെയുള്ളിലെന്നും വിളിച്ചു പറഞ്ഞു കൊണ്ട് ജീവിക്കുവാൻ തുടങ്ങും. ആ തുടക്കം മരണത്തിനും അതിനപ്പുറവും സ്നേഹത്തിന്‍റെ സുഗന്ധകൂട്ടുമായി സ്നേഹിച്ചവനെ തിരഞ്ഞുപിടിക്കാൻ ശക്തി നൽകും. ഈ ശക്തി സ്വീകരിച്ച വ്യക്തിയാണ് മഗ്ദലേനാ മറിയം.

നസ്രേയനായ ക്രിസ്തുവും മഗ്ദലേനാകാരിയായ മറിയവും

എങ്ങനെയാണ് മഗ്ദലേനാകാരിയായ മറിയത്തിന് നസ്രേയനായ  ക്രിസ്തുവിനെ സ്വന്തമാക്കാൻ കഴിഞ്ഞത്? വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തില്‍ വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയായിട്ടാണ് മഗ്ദലേനാ മറിയത്തെ നാം കണ്ടുമുട്ടുന്നത്. വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷം എട്ടാം അദ്ധ്യായം മൂന്ന് മുതൽ പതിനൊന്ന് വരെയുള്ള തിരുവചനങ്ങളിൽ നാം ഇങ്ങനെ വായിക്കുന്നു.

“വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്‌ത്രീയെ നിയമജ്ഞരും ഫരിസേയരുംകൂടെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്ന്‌ നടുവില്‍ നിര്‍ത്തി. അവര്‍ അവനോടു പറഞ്ഞു: ഗുരോ, ഈ സ്‌ത്രീ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളാണ്‌. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ്‌ മോശ നിയമത്തില്‍ കല്‍പിച്ചിരിക്കുന്നത്‌. നീ എന്തു പറയുന്നു? ഇത്‌, അവനില്‍ കുറ്റമാരോപിക്കാന്‍വേണ്ടി അവനെപരീക്‌ഷിച്ചുകൊണ്ടു ചോദിച്ചതാണ്‌. യേശുവാകട്ടെ, കുനിഞ്ഞ്‌ വിരല്‍കൊണ്ടു നിലത്ത്‌ എഴുതിക്കൊണ്ടിരുന്നു.

അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്‍ന്ന്‌ അവരോടു പറഞ്ഞു: നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ.അവന്‍ വീണ്ടും കുനിഞ്ഞ്‌ നിലത്ത്‌ എഴുതിക്കൊണ്ടിരുന്നു.
എന്നാല്‍, ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്‌ഥലം വിട്ടു. ഒടുവില്‍ യേശുവും നടുവില്‍ നിന്നിരുന്ന ആ സ്‌ത്രീയും മാത്രം ശേഷിച്ചു. യേശു നിവര്‍ന്ന്‌ അവളോടു ചോദിച്ചു: സ്‌ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ? അവള്‍ പറഞ്ഞു: ഇല്ല, കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്‌”.(യോഹന്നാന്‍.8 :3-11)

ദൈവത്തെ കുറ്റപ്പെടുത്താനുള്ള മനുഷ്യന്‍റെ വക്രതയുടെ ബലിയാടായ മഗ്ദലേനാമറിയം

അന്നത്തെ കാലഘട്ടത്തിൽ യഹൂദ സ്ത്രീകൾക്ക് സമൂഹത്തിന്‍റെ മുൻനിരയിൽ വരാൻ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു. അടുക്കളയുടെ പിന്നാമ്പുറങ്ങളിലും, വീടിന്‍റെ അകത്തളത്തിലും. ദേവാലയത്തിന്‍റെ പിന്നിരയിലുമായിരുന്നു അവരുടെ സ്ഥാനങ്ങൾ. പുരുഷമേധാവിത്വം നിറഞ്ഞ സാഹചര്യത്തിലാണ് മഗ്ദലേന മറിയത്തെ വ്യഭിചാരത്തിൽ പിടിക്കപ്പെട്ട് എന്നു പറഞ്ഞുകൊണ്ട് ക്രിസ്തുവിന്‍റെ മുന്നിൽ കൊണ്ടുവരുന്നത്. പാപം ചെയ്തു കൊണ്ടിരുന്നപ്പോൾ പിടിക്കപ്പെട്ട സ്ത്രീ എന്ന് പറഞ്ഞ് സമൂഹത്തിന്‍റെ മുന്നിൽ നിൽക്കുമ്പോൾ അവൾക്ക് അവളെത്തന്നെ ന്യായീകരിക്കാൻ ഒന്നും പറയാനില്ലായിരുന്നു.

ജീവിതത്തിൽ മഗ്ദലേനാകാരിയായ ഈ മറിയം കടന്നുപോയ വേദനകളെ അതേ തീവ്രതയിൽ അറിയുവാൻ ക്രിസ്തുവിനു മാത്രമേ കഴിഞ്ഞിരിന്നുള്ളൂ. തന്നോടു കരുണ കാണിക്കാത്ത പുരുഷന്മാരുടെ ഭീകര മുഖവും, തന്നെ കൊല്ലുവാൻ വെമ്പിനിൽക്കുന്ന അവരുടെ കൈകളും, കരുണയും സ്നേഹവും വറ്റിയ കരളുമായി തന്‍റെ ചുറ്റിലും ആക്രോശിക്കുന്ന പുരുഷന്മാരുടെ മുന്നിൽ നിൽക്കാൻ വിധിക്കപ്പെട്ട മഗ്ദലേനാ മറിയം കടന്നുപോയ ആ കഠിനമായ നിമിഷങ്ങളിലൂടെ ഒന്ന് യാത്ര ചെയ്യാൻ ഒരു നിമിഷം നമുക്ക് നമ്മെ തന്നെ വിട്ടുകൊടുത്താൽ ഒരു സമൂഹം അവളെ ഒറ്റയാക്കിയതിന്‍റെ വേദനയുടെ കാഠിന്യം നമുക്ക് മനസ്സിലാക്കുവാൻ കഴിയും. ക്രിസ്തുവിന്‍റെയും, സമൂഹത്തിന്‍റെ മുന്നിൽ ഒന്നും പറയാനാവാതെ കുനിഞ്ഞ ശിരസ്സുമായി മഗ്ദലനമറിയം നിൽക്കുമ്പോൾ അവൾ കണ്ട ചില നിഴൽരൂപങ്ങളുണ്ടായിരുന്നു. അവളോടൊപ്പം പാപം ചെയ്തവരുടെയും, അവരുടെ കൈകളിൽ വഹിക്കപെട്ടിരിക്കുന്ന കല്ലുകളുടെയും നിഴൽരൂപങ്ങൾ.

ആ നിഴൽ രൂപങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കാപട്യത്തെ ക്രിസ്തു തിരിച്ചറിയുകയും ചെയ്യുന്നു. കല്ലെറിയുവാൻ വന്ന വ്യക്തികളുടെ മനോഭാവത്തെ വിശകലനം ചെയ്യുമ്പോൾ നമുക്ക് മനസ്സിലാകും അവർ മഗ്ദലേനാ മറിയത്തെ അല്ല യഥാർത്ഥത്തിൽ ലക്ഷ്യം വയ്ക്കുന്നത്. മറിച്ച് ക്രിസ്തുവിനെ കുറ്റക്കാരനാക്കാൻ ഒരു വ്യക്തിയെ ഉപകരണമായി പിടിച്ചുകൊണ്ടുവന്ന് നിർത്തുകയാണ്. ഇവിടെ ദൈവത്തെ കുറ്റപ്പെടുത്താനുള്ള മനുഷ്യന്‍റെ വക്രതയ്ക്കു വേണ്ടി മഗ്ദലനാമറിയം എന്ന സ്ത്രീയെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ അവൾ ഇവിടെയും വ്യഭിച്ചിരിക്കപ്പെടുകയാണ് ചെയ്യുന്നത്. ജീവിതത്തിലും പലർക്കായി അവൾ വ്യഭിചരിക്കപ്പെട്ടു. കൊല്ലാന്‍ കൊണ്ടുവരപ്പെട്ടപ്പോഴും അവള്‍ വ്യഭിചരിക്കപ്പെടുന്നു. മറിയം കൊല്ലപ്പെടണം എന്നതിനേക്കാൾ ക്രിസ്തുവിനെ കുറ്റക്കാരനാക്കാനാണ് നീതിമാന്മാരുടെ പുറം കുപ്പായമണിഞ്ഞ മനുഷ്യർ ആഗ്രഹിച്ചിരുന്നത്.

അവരുടെ നിയോഗങ്ങൾ തിരിച്ചറിഞ്ഞ് ക്രിസ്തു അവരെയും മറിയത്തെയും കുറ്റം വിധിക്കുന്നില്ല. മറിച്ച് അവരവരുടെ മനസ്സിന്‍റെ ആന്തരികതയിൽ കയറി പരിശോധിക്കുവാൻ ആവശ്യപ്പെടുന്നു. ‘നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ’ എന്ന് അവരോടാണ് ക്രിസ്തു പറയുന്നത്. അപ്പോഴും കുറ്റക്കാരിയെന്ന് വിധിക്കപ്പെട്ട മഗ്ദലേനാ മറിയത്തെ അവരിൽ നിന്നും ക്രിസ്തു സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ട് പോലുമോ ക്രിസ്തു മറിയത്തെ വിധിക്കുന്നില്ല. അവളുടെ കഴിഞ്ഞുപോയ കറുത്ത ദിനങ്ങളെ കുറിച്ച് ചോദ്യമുയർത്താതെ ഇനി പാപം ചെയ്യരുത് എന്ന് പറഞ്ഞുകൊണ്ട് നിർമ്മലമായ ഭാവിയിലേക്ക് അവളെ ക്ഷണിക്കുകയാണ് ക്രിസ്തു ചെയ്യുന്നത്.

കരുണ എന്ന നിലത്തെഴുത്ത്

മറിയത്തിന്‍റെയും ക്രിസ്തുവിന്‍റെയും ഇടയിൽ മൗനത്തിന്‍റെ ഒരു നീണ്ട യാത്ര നടക്കുന്നുണ്ട്. ഓരോ മൗനങ്ങളും വായിക്കപ്പെടേണ്ടതാണ്. മൗനത്തിൽ നിന്നും ജന്മമെടുക്കുന്ന വാക്കുകൾക്ക് ശക്തിയുണ്ടാകും. പ്രണയിക്കുന്നവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം വിജനതയാണ്. ഓരോ ആത്മാവിനോടും ദൈവം തന്‍റെ പ്രണയത്തെ പ്രകടമാക്കുന്നത് മൗനത്തിലൂടെയാണ്. കുറ്റങ്ങളുടെ നിരത്തിലൂടെ ഇഴയുന്ന മഗ്ദലേനാ മറിയത്തെ രക്ഷിക്കുവാനും വീണ്ടെടുക്കുവാനും ക്രിസ്തു വിജനതയിലായിരുന്നു. ആ മൗനത്തിന്‍റെ വിജനതയിൽ നിന്നും വന്ന ക്രിസ്തു മൊഴിയാണ് കല്ലുവഹിച്ചിരുന്ന കരങ്ങളെ ശൂന്യമാക്കിയത്. അങ്ങനെ പുരുഷന്മാരുടെ സമൂഹത്തിന്‍റെ മുന്നിൽ ബലഹീനയായി നിൽക്കേണ്ടിവന്ന മഗ്ദലേനാകാരി മറിയം ക്രിസ്തു പറഞ്ഞ കാര്യത്തേക്കാൾ ക്രിസ്തുവാണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് മറിയം ക്രിസ്തുവിന്‍റെ ഹൃദയത്തെ സ്വന്തമാക്കിയത്. അന്നുമുതൽ ക്രിസ്തുവിന്‍റെ അടുത്തി രിക്കുന്നതിനേക്കാൾ അവന്‍റെ അകത്തിരിക്കാന്‍ അവള്‍ തന്നെത്തന്നെ സമർപ്പണം ചെയ്തു. മറിയം മഗ്ദേലനായുടെ സ്നേഹത്തിന്‍റെ നിർമ്മലതയും ആത്മാർത്ഥതയും വ്യക്തമാക്കുന്ന രംഗങ്ങളാണ് ക്രിസ്തുവിന്‍റെ പീഡാസഹന, മരണ, ഉത്ഥാന ദിനങ്ങളിൽ കാണുന്നത്. യോഹന്നാൻ എഴുതിയ സുവിശേഷം 20 ആം അദ്ധ്യായത്തിൽ നാം ഇങ്ങനെ വായിക്കുന്നു.

“ആഴ്‌ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്‌ദലേനമറിയം ശവകുടീരത്തിന്‍റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്‍റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു. അവള്‍ ഉടനെ ഓടി ശിമയോന്‍ പത്രോസിന്‍റെയും യേശു സ്‌നേഹിച്ചിരുന്ന മറ്റേ ശിഷ്യന്‍റെയും അടുത്തെത്തി പറഞ്ഞു: കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍, അവനെ അവര്‍ എവിടെ വച്ചുവെന്ന്‌ ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പത്രോസ്‌ ഉടനെ മറ്റേ ശിഷ്യനോടുകൂടെ കല്ലറയുടെ അടുത്തേക്കു പോയി. അവര്‍ ഇരുവരും ഒരുമിച്ച്‌ ഓടി. എന്നാല്‍, മറ്റേ ശിഷ്യന്‍ പത്രോസിനെക്കാള്‍ കൂടുതല്‍ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്തെത്തി. കുനിഞ്ഞു നോക്കിയപ്പോള്‍ കച്ചകിടക്കുന്നത്‌ അവന്‍ കണ്ടു. എങ്കിലും അവന്‍ അകത്തു പ്രവേശിച്ചില്ല.
അവന്‍റെ പിന്നാലെ വന്ന ശിമയോന്‍ പത്രോസ്‌ കല്ലറയില്‍ പ്രവേശിച്ചു.
കച്ച അവിടെ കിടക്കുന്നതും തലയില്‍ കെട്ടിയിരുന്ന തൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച്‌ ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവന്‍ കണ്ടു. അപ്പോള്‍ കല്ലറയുടെ സമീപത്ത്‌ ആദ്യം എത്തിയ മറ്റേ ശിഷ്യനും അകത്തു പ്രവേശിച്ച്‌ കണ്ടു വിശ്വസിച്ചു. അവന്‍ മരിച്ചവരില്‍നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു എന്നതിരുവെഴുത്ത്‌ അവര്‍ അതുവരെ മനസ്സിലാക്കിയിരുന്നില്ല. അനന്തരം ശിഷ്യന്‍മാര്‍ മടങ്ങിപ്പോയി.
മറിയം കല്ലറയ്‌ക്കു വെളിയില്‍ കരഞ്ഞുകൊണ്ടു നിന്നു. അവള്‍ കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കുനിഞ്ഞു കല്ലറയിലേക്കു നോക്കി.
വെള്ളവസ്‌ത്രം ധരിച്ച രണ്ടു ദൂതന്‍മാര്‍ യേശുവിന്‍റെ ശരീരം വച്ചിരുന്നിടത്ത്‌, ഒരുവന്‍ തലയ്‌ക്കലും ഇതരന്‍ കാല്‍ക്കലുമായി ഇരിക്കുന്നത്‌ അവള്‍ കണ്ടു.
അവര്‍ അവളോടു ചോദിച്ചു: സ്‌ത്രീയേ, എന്തിനാണു നീ കരയുന്നത്‌? അവള്‍ പറഞ്ഞു: എന്‍റെ  കര്‍ത്താവിനെ അവര്‍ എടുത്തുകൊണ്ടുപോയി; അവര്‍ അവനെ എവിടെയാണു വച്ചിരിക്കുന്നത്‌ എന്ന്‌ എനിക്കറിഞ്ഞുകൂടാ.
ഇതു പറഞ്ഞിട്ട്‌ പുറകോട്ടു തിരിഞ്ഞപ്പോള്‍ യേശു നില്‍ക്കുന്നത്‌ അവള്‍ കണ്ടു. എന്നാല്‍, അത്‌ യേശുവാണെന്ന്‌ അവള്‍ക്കു മനസ്സിലായില്ല.
യേശു അവളോടു ചോദിച്ചു: സ്‌ത്രീയേ, എന്തിനാണ്‌ നീ കരയുന്നത്‌? നീ ആരെയാണ്‌ അന്വേഷിക്കുന്നത്‌? അതു തോട്ടക്കാരനാണെന്നു വിചാരിച്ച്‌ അവള്‍ പറഞ്ഞു: പ്രഭോ, അങ്ങ്‌ അവനെ എടുത്തുകൊണ്ടു പോയെങ്കില്‍ എവിടെ വച്ചു എന്ന്‌ എന്നോടു പറയുക. ഞാന്‍ അവനെ എടുത്തുകൊണ്ടു പൊയ്‌ക്കൊള്ളാം.
യേശു അവളെ വിളിച്ചു: മറിയം! അവള്‍ തിരിഞ്ഞ്‌ റബ്‌ബോനി എന്ന്‌ ഹെബ്രായ ഭാഷയില്‍ വിളിച്ചു. ഗുരു എന്നര്‍ഥം. യേശു പറഞ്ഞു: നീ എന്നെതടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്‍റെ അടുത്തേക്ക്‌ ഇതുവരെയും കയറിയിട്ടില്ല. നീ എന്‍റെ സഹോദരന്‍മാരുടെ അടുത്തുചെന്ന്‌ അവരോടു ഞാന്‍ എന്‍റെ പിതാവിന്‍റെയും നിങ്ങളുടെ പിതാവിന്‍റെയും എന്‍റെ ദൈവത്തിന്‍റെയും നിങ്ങളുടെ ദൈവത്തിന്‍റെയും അടുത്തേക്ക്‌ ആരോഹണം ചെയ്യുന്നു എന്നു പറയുക. മഗ്‌ദലേനാമറിയം ചെന്ന്‌ ഞാന്‍ കര്‍ത്താവിനെ കണ്ടു എന്നും അവന്‍ ഇക്കാര്യങ്ങള്‍ തന്നോടു പറഞ്ഞു എന്നും ശിഷ്യന്‍മാരെ അറിയിച്ചു”.
(യോഹന്നാന്‍.20 :1-18)

ഒരിക്കൽ സ്ത്രീയെന്ന നിലയിൽ പുരുഷന്മാരുടെ കൂട്ടത്തിൽ കുറ്റക്കാരിയായി നിൽക്കേണ്ടി വന്നവളായിരുന്നു മറിയമെങ്കിൽ ക്രിസ്തുവിന്‍റെ മരണത്തിനുശേഷം പുരുഷന്മാരായ ശിഷ്യന്മാരുടെ മുമ്പേ ക്രിസ്തുവിന്‍റെ കല്ലറയിലേക്ക് ഇരുട്ടായിരിക്കുമ്പോൾ തന്നെ  ഓടിയെത്തിയവളായി മറിയം മാറുന്നു. രാത്രിയെ പകലാക്കി നിദ്രയെ മാറ്റിവെച്ച് മഗ്ദലേനാമറിയം തന്‍റെ പ്രിയപ്പെട്ട ഗുരുവിനെ തേടി ഓടിയെത്തുന്നു. ബലഹീനയായി പുരുഷന്മാരുടെ മുന്നിൽ നിന്ന മഗ്ദലനാമറിയം ഇന്ന് തന്‍റെ പ്രിയപ്പെട്ട ഗുരുവിനോടുള്ള സ്നേഹത്താൽ ബലവാന്മാരായ പുരുഷന്മാരെ പിന്നിലാക്കി കല്ലറയുടെ മുന്നിലെത്തുന്നു.

പ്രത്യാശയുടെ ശിഷ്യ

മരണത്തിനപ്പുറവും സ്നേഹത്തിന് ജീവിക്കാനാകും എന്ന് അവൾ ഭൂമിയെ പഠിപ്പിച്ചു. അതുകൊണ്ടാണ് പ്രത്യാശയുടെ അപ്പോസ്തലയെന്ന് പാപ്പാ വിശേഷിപ്പിക്കുന്നത്. സ്നേഹത്തിന് മരണമില്ല. മരണത്തിനപ്പുറത്തുള്ള  സ്നേഹത്തെ പ്രത്യാശ എന്ന് വിളിക്കാനാവും. സ്നേഹത്തിൽ പ്രത്യാശയുള്ളതുകൊണ്ട് മരണത്തെ ഉത്ഥാനത്തിലേക്ക് നയിക്കുവാൻ കഴിയും. സ്നേഹം എന്നത് മരണമില്ലാത്ത അവസ്ഥയാണ്. മരണത്തെ അതിജീവിക്കുന്ന സ്നേഹവും സ്നേഹത്തിൽ നിറഞ്ഞിരിക്കുന്ന പ്രത്യാശയുമാണ് മറിയം എന്ന സ്ത്രീയെ ശിഷ്യന്മാരുടെ മുന്നിൽ അവരെക്കാൾ ശക്തയാക്കിയത്.

ജീവിതത്തിൽ ഒരിക്കൽ കണ്ടുമുട്ടിയ ക്രിസ്തുവിനെ പിന്നീടൊരിക്കലും ഒന്നിനും വിട്ടുകൊടുക്കാതെ കൊണ്ടുനടന്നവളാണ് മഗ്ദലേനാ മറിയം. ശവസംസ്കാരത്തിന് ശേഷവും അവൾ കരഞ്ഞുകൊണ്ട് നിന്നുവെന്ന് വായിക്കുന്നു. സ്നേഹവും കാലവും ഒന്നിപ്പിച്ച സ്നേഹ കണ്ണീരിന്‍റെ ഉപ്പു രുചിയുള്ള പ്രാർത്ഥനയെന്നതിനെ പറയാം. പ്രത്യാശയുള്ളവർക്ക് മാത്രമേ കാത്തിരിക്കുവാൻ കഴിയുകയുള്ളു. പ്രാർത്ഥിക്കുവാൻ കഴിയുകയുള്ളു. ചിലപ്പോൾ ചില പ്രാർത്ഥനകൾക്ക് കാത്തിരിപ്പുകൾ വേണ്ടിവരും. ഈ കാത്തിരിപ്പിനെ തിരിച്ചറിഞ്ഞ് ശൂന്യമായ കല്ലറ കണ്ടിട്ടും അവിടെത്തന്നെ തങ്ങി നിന്ന സ്നേഹത്തിന്‍റെയും പ്രത്യാശയുടേയും പരാഗങ്ങൾ പകർത്തുവാൻ തന്‍റെ ഗുരുവിന് കഴിയുമെന്ന പ്രത്യാശയോടെ മറിയം കല്ലറയുടെ മുന്നിൽ കാത്തുനിന്നു.  അവളുടെ ഹൃദയത്തില്‍ നിറഞ്ഞിരുന്ന സ്നേഹത്തിന്‍റെ വേഗതയാണ് ശിഷ്യന്മാരുടെ ഭീരുത്വത്തിന്‍റെ മുന്നിൽ വിജയം നേടിയത്.

ദൈവ സ്നേഹത്തിന്‍റെ പര്യായമാണ് കരുണ. കരുണ എഴുതിയ നിലത്തെഴുത്തിലൂടെയാണ് മറിയത്തിന് ക്രിസ്തു ജീവിക്കുവാനുള്ള ശക്തി നൽകിയത്. ആ ശക്തിയില്‍ അവള്‍ പിടഞ്ഞെഴുന്നേറ്റു. പ്രത്യാശയുടെ ശിഷ്യയായി മാറി. ക്രിസ്തുവിന്‍റെ  മുറിവുകളെ സ്വന്തം കണ്ണുകൊണ്ട് കണ്ടും കുരിശിൻ ചുവട്ടിൽ തന്‍റെ സ്നേഹത്തെ പ്രകടിപ്പിച്ചും ഉത്ഥിതനെ കണികാണാൻ അനുഗ്രഹം ലഭിച്ചവളാണ് മഗ്ദലേനാ മറിയം. ഗുരുവിന്‍റെ നിര്യാണത്തിൽ മനം നൊന്ത് പ്രത്യാശ ഇല്ലാത്തവരായി ശിഷ്യന്മാർ ഉപേക്ഷിച്ച വലയുടെ പിന്നാമ്പുറങ്ങളിലേക്ക് തിരിഞ്ഞപ്പോൾ പോലും പ്രത്യാശയുടെ സുഗന്ധ കൂട്ടുമായി മഗ്ദലേനാമറിയം ഗുരുവിനെ തിരഞ്ഞു നടന്നു. അപരിചിതനായ തോട്ടക്കാരനോടു പോലും തന്‍റെ ഗുരുവിനെപ്പറ്റിയാണ് അവൾ അന്വേഷിച്ചത്. അവളുടെ കാത്തിരിപ്പിനും കരച്ചിലിനും ക്രിസ്തു ഉത്തരം നൽകി. ആർദ്രതയോടെ അവളെ ‘മറിയം’ എന്ന് വിളിച്ച് ക്രിസ്തു അവളുടെ സ്നേഹത്തിന് പ്രതിസമ്മാനം നൽകുന്നു. മഗ്ദലേനാ മറിയം മൗനത്തിന്‍റെയും വ്യക്തിയായിരുന്നു. മൗനത്തിലൂടെ  അവളുടെ ജീവിതത്തെ ക്രിസ്തു വരച്ചു കാണിച്ചപ്പോൾ മറിയവും മൗനത്തിൽ ദൈവത്തെ ദർശിക്കുവാൻ ആരംഭിച്ചു. ഹൃദയം സ്നേഹത്തില്‍ മാത്രം നിലയുറപ്പിച്ച്, അതിന്‍റെ വലയത്തിനുള്ളിൽ മാത്രം സഞ്ചരിക്കുമ്പോൾ കാണുന്ന കാഴ്ചകളും കേൾക്കുന്ന കേള്‍വികളിലും എന്തിന് ഉറപ്പില്ലാത്ത ഭാവിയിൽ പോലും പ്രത്യാശ പകരുന്ന അനുഭവമാണ് മറിയത്തിന് ക്രിസ്തുവിനോടുള്ള സ്നേഹം പ്രദാനം ചെയ്തത്. മരണം ഇരുണ്ട കല്ലറയിൽ ക്രിസ്തുവിനെ അടക്കുമ്പോഴും മറിയം പ്രത്യാശയുടെ പുലരിയിൽ ക്രിസ്തുവിനെ ഹൃദയത്തിൽ കണ്ടിരുന്നു. ശരീരം നശിച്ചാലും ആത്മാവ് നശിക്കാത്ത ആ പ്രത്യാശയിൽ ഉത്ഥാനമുണ്ടാകും എന്ന് അവൾക്കു അറിയില്ലായിരുന്നുവെങ്കിലും അവളുടെ ഹൃദയത്തിൽ ക്രിസ്തു മരിക്കും മുമ്പേ ഉയിർത്തിയിരുന്നു. അങ്ങനെ തന്നിൽ ഒരിക്കലും മരിക്കാത്ത ഗുരുവിന്‍റെ ശിഷ്യയായി അവൾ മാറി. പാപ്പാ പറയുന്നതുപോലെ യഥാർത്ഥത്തിൽ അവർ പ്രത്യാശയുടെ അപ്പോസ്തല തന്നെയാണ്.

28 July 2019, 15:12