തിരയുക

Christ - The Good Samaritan - illustration from the Cathedral of Washington D.C. Christ - The Good Samaritan - illustration from the Cathedral of Washington D.C. 

സല്‍പ്രവൃത്തികളായി ഫലമണിയേണ്ട വിശ്വാസജീവിതം

ആണ്ടുവട്ടം 15-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം. വിശുദ്ധ ലൂക്കായുടെ സുവിശേഷം 10, 25-37.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആണ്ടുവട്ടം 15-Ɔο വാരത്തെ ചിന്തകള്‍

1.  നിത്യജീവന്‍റെ പാത
നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തുചെയ്യണം? ഈ ചോദ്യവുമായിട്ടാണ് ഇന്നത്തെ സുവിശേഷഭാഗം ആരംഭിക്കുന്നത്. വളരെ അടിസ്ഥാനപരമായ ചോദ്യമാണിത്. കാരണം നിത്യജീവന്‍ ക്രൈസ്തവ ജീവിതത്തിന്‍റെ പരമമായ ലക്ഷ്യമാണ്. അത് ജീവിതവിശുദ്ധിയുടെ വഴിയാണ്.

നമുക്കെല്ലാവര്‍ക്കും അറിയാവുന്നപോലെ, കേരളത്തില്‍ തൃശൂര്‍ ജില്ലയില്‍, ഇരിങ്ങാലക്കുടയ്ക്കടുത്ത് പുത്തന്‍ചിറയില്‍ ചിറമ്മേല്‍ മങ്കടിയാന്‍ ത്രേസ്യായെ - വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായെ ഈ വരുന്ന ഒക്ടോബര്‍ 13-ന് വിശുദ്ധിയുടെ പടവുകളിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഉയര്‍ത്തുകയാണ്. ജീവിതസമര്‍പ്പണത്തിലൂടെ കുടുംബങ്ങളെ രക്ഷിക്കാന്‍, വിശിഷ്യ പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായവരുടെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ സ്വയാര്‍പ്പണം ചെയ്തവള്‍. അതിനായി തിരുക്കുടുംബത്തിന്‍റെ സഹോദരിമാരുടെ സന്ന്യാസിനീ സഭ Congregation of the Holy Family സ്ഥാപിച്ചവള്‍. നിത്യജീവനുവേണ്ടി നല്ല സമരിയക്കാരന്‍റെ ജീവിതശൈലി സ്വായത്തമാക്കിയവള്‍. അതു മറ്റുള്ളവര്‍ക്കും കാട്ടിക്കൊടുത്തവള്‍. സ്ത്രീകള്‍ക്കു പുറത്തിറങ്ങാനോ, എവിടെയും കയറിച്ചെല്ലാനോ സ്വാതന്ത്ര്യമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ജാതിമതഭേദമെന്യേ കുടുംബങ്ങളെ ശുശ്രൂഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മറ്റൊരു മദര്‍ തെരേസാ! കുടുംബങ്ങള്‍ക്ക് കെട്ടുറപ്പുണ്ടെങ്കില്‍ സമൂഹത്തിനു കെട്ടുറപ്പുണ്ടാകുമെന്നു കണ്ടറിഞ്ഞ് അതിനായി ഒരു നല്ല സമരിയക്കാരിയെപ്പോലെ കുടുംബപ്രേഷിതത്ത്വത്തിന്‍റെ പാത കേരള സഭയില്‍ തുടങ്ങിവച്ച പുണ്യവതി – പ്രേഷിതധീരയും കര്‍മ്മയോഗിനിയുമാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ!

2. ആപത്തില്‍പ്പെട്ടവനെ തുണയ്ക്കുന്ന വെല്ലുവിളി
വിശുദ്ധ ലൂക്കായുടെ സുവിശേഷമാണ് ‘നല്ല സമരിയക്കാരന്‍റെ കഥ’ പറയുന്നത് (10, 25-37). ലളിതമെങ്കിലും പ്രചോദനാത്മകമായ ഉപമ സകലര്‍ക്കും നല്ലൊരു ജീവിതശൈലി കാട്ടിത്തരുന്നു. പ്രതിസന്ധിയില്‍പ്പെട്ട മനുഷ്യരെ നാം ജീവിതത്തില്‍ മറ്റാരെയുംകാള്‍ പരിഗണിക്കണം, മാനിക്കണം, സഹായിക്കണം എന്ന വെല്ലുവിളിയാണ് ഈ ഉപമ നമ്മുടെ മുന്നില്‍ വയ്ക്കുന്നത്. അതായത്, ജീവിത ക്ലേശങ്ങളില്‍പ്പെട്ടവര്‍ നമ്മെ വെല്ലുവിളിക്കുന്നു. ജീവിതവെല്ലുവിളികളോട് പ്രതികരിക്കാതിരിക്കുന്നത് ക്രിസ്തീയമല്ല. നിസംഗത പാപമാണ്.  നിയമപണ്ഡിതന്‍റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ക്രിസ്തു ഈ ഉപമ പറയുന്നത്. ദൈവത്തെ സ്നേഹിക്കുക. നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക. നിത്യതയുടെ മാനദണ്ഡമായ ഈ കല്പനയുടെ ദ്വൈമാനം വെളിപ്പെടുത്തുന്നതാണ് ഈ ഉപമ (25-28).  “അപ്പോള്‍ അങ്ങു പറയൂ, ആരാണ് എന്‍റെ അയല്‍ക്കാരന്‍?” നിയമജ്ഞന്‍ ക്രിസ്തുവിനോടു ചോദിച്ചു (29). നിയമജ്ഞന്‍റെ ചോദ്യം നമ്മോടും ചോദിക്കേണ്ടതാണ്. എന്‍റെ അയല്‍ക്കാരന്‍ ആരാണ്? മാതാപിതാക്കളോ, സ്നേഹിതരോ, നാട്ടുകാരോ, അല്ലെങ്കില്‍ ഒരേ മതത്തില്‍പ്പെട്ടവരോ? ആരെയാണ് സ്നേഹിതനായി ഞാന്‍ പരിഗണിക്കേണ്ടത്? ആരാണെന്‍റെ അയല്‍ക്കാരന്‍?

3. ഉപമ പറഞ്ഞുതരുന്ന ഉത്തരം
ഉപമയിലൂടെയാണ് ക്രിസ്തു ഉത്തരംപറയുന്നത്. ഒരു മനുഷ്യന്‍ ജരൂസലേമില്‍നിന്നും ജറീക്കോയിലേയ്ക്ക് പോകുംവഴി കള്ളന്മാരുടെ കൈയ്യില്‍പ്പെട്ടു. അവര്‍ അയാളെ പ്രഹരിച്ച് അര്‍ദ്ധപ്രാണനാക്കി. കൈവശമുള്ളത് കവര്‍ന്നെടുത്തശേഷം ഉപേക്ഷിച്ചിട്ടുപോയി. ആ വഴി ഒരു പുരോഹിതനും ലേവായനും വന്നെങ്കിലും മുറിപ്പെട്ടവനെ കണ്ടിട്ടും വഴിമാറിപ്പോയി (31-32). ഒരു സമരിയക്കാരന്‍ ആ വഴി വന്നു. സമേരിയായില്‍നിന്നുമുള്ളവരെ യഹൂദര്‍ അക്കാലത്ത് പുച്ഛമായി കണ്ടിരുന്നു. കാരണം അവര്‍ യഥാര്‍ത്ഥമായ മതത്തിന്‍റെ അനുയായികള്‍ ആയിരുന്നില്ലത്രെ! അവരെ വിജാതീയരും പുറംജാതികളുമായി കണക്കാക്കിയിരുന്നു. എന്നിട്ടും സമരിയക്കാരന്‍ മുറിപ്പെട്ടു കിടക്കുന്ന യഹൂദന്‍റെ പക്കല്‍ച്ചെന്നു. ‘അനുകമ്പതോന്നി’ അയാളെ പരിചരിച്ചു. മുറിവുകളില്‍ എണ്ണ പുരട്ടി, വച്ചുകെട്ടി. കുതിരപ്പുറത്തു കയറ്റി മുറിപ്പെട്ടവനെ അടുത്തുള്ള സത്രത്തില്‍ കൊണ്ടാക്കി (33-34). അടുത്ത ദിവസം സത്രാധിപനെ കുറച്ചു പണമേല്പിച്ചു. അയാളെ പരിചരിക്കണമെന്നും, മടങ്ങിവന്ന് ബാക്കി പണം തന്നുകൊള്ളാമെന്നും പറഞ്ഞുവച്ചിട്ട് സമരിയക്കാരന്‍ യാത്രയായി (35). ഇത്രയും പറഞ്ഞിട്ട് നിയമപണ്ഡിതനോടു ക്രിസ്തു ചോദിച്ചു. “കൊള്ളക്കാരുടെ കയ്യില്‍പ്പെട്ട മനുഷ്യന് ഈ മൂവരില്‍ - പുരോഹിതനോ, ലേവ്യനോ, സമരിയക്കാരനോ, ആരാണ് അയല്‍ക്കാരന്‍?” അയാള്‍ ബുദ്ധിമാനായിരുന്നു. മറുപടി പറഞ്ഞു, “മുറിപ്പെട്ടവനോടു കരുണകാട്ടിയവനാണ് നല്ല അയല്‍ക്കാരന്‍” (36-37).

4. വാക്കുകള്‍ പ്രവൃത്തികളാകണം:
നിയമപണ്ഡിതന്‍റെ ആദ്യത്തെ നിലപാടും കാഴ്ചപ്പാടും അവിടുന്നു അട്ടിമറിക്കുകയാണ്. മാത്രമല്ല നമ്മുടെ നിലപാടുകളെയും ക്രിസ്തു പാടെ അട്ടിമറിച്ചെന്നു പറയാം! കാരണം ആരാണ്, എന്‍റെ അയല്‍ക്കാരന്‍ അല്ലെങ്കില്‍ ആരല്ലായിരിക്കണം എന്ന തീരുമാനം തീര്‍ച്ചയായും എന്‍റേതാണ്. എന്നാല്‍ “ആവശ്യത്തിലായിരിക്കുന്നവന്‍…” - അത് ശത്രുവോ മിത്രമോ, അന്യനോ വിജാതിയനോ ആരായാലും, അവനാണ്, അവളാണ് എന്‍റെ അയല്‍ക്കാരന്‍. “പോയി ഇതുപോലെ ചെയ്യുക,” എന്നു പറഞ്ഞാണ് ക്രിസ്തു കഥ അവസാനിപ്പിക്കുന്നത് (37).

ദൈവപ്രമാണങ്ങളുടെ അനുസരണത്തില്‍ ഏതു മതത്തിലും സംഭവിക്കാവുന്ന അടിസ്ഥാനപരമായ അബദ്ധമുണ്ട്. പ്രമാണങ്ങളുടെ അനുസരണം, അഥവാ ദൈവേഷ്ടം നിര്‍വ്വഹിക്കല്‍ എന്നു പറയുന്നത്, മതത്തിന്‍റെ ചട്ടക്കൂട്ടിലും ആചാരവട്ടങ്ങളിലും ഒതുങ്ങിനിന്നു പോകുന്ന വ്യവസ്ഥാപിതവും പരമ്പരാഗതവുമായ അബദ്ധം. നിയമത്തിന്‍റെ വള്ളിപുള്ളികളി‍ല്‍ അല്ലെങ്കില്‍ നൂലാമാലകളില്‍ കെട്ടിത്തൂങ്ങിക്കിടക്കുന്ന അന്ധമായ രീതിയെ ക്രിസ്തു ഇവിടെ അപലപിക്കുന്നു. ഇത് തിരുത്തുകയാണ് ഈശോയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. പ്രമാണങ്ങള്‍ അനുസരിക്കുക എന്നു പറഞ്ഞിട്ട്, അതിനു വ്യാഖ്യാനമായിട്ടു ക്രിസ്തു പറയുന്നത് ഒരു ഉപമയാണ്. നല്ല സമരിയക്കാരന്‍റെ ഉപമ! ഈ ഉപമയുടെ മര്‍മ്മമെന്നു പറയുന്നത്, നിത്യജീവന്‍ പ്രാപിക്കാന്‍ എന്തു ചെയ്യണം? എന്ന ചോദ്യമാണ്. പ്രമാണം അനുസരിക്കണം. പ്രമാണം അനുസരിക്കാന്‍ എന്തുചെയ്യണം? പിന്നെ സമരിയക്കാരന്‍റെ കഥയാണ് മറുപടി പറയുന്നത്?

5. സമരിയക്കാരന്‍റെ മാതൃക
നല്ലൊരു പാഠമാണിത്! ക്രിസ്തു നമ്മോട് ഓരോരുത്തരോടും പറയുന്നത്: “നിങ്ങളും പോയി ഇതുപോലെ ചെയ്യുക.” നന്മചെയ്യുക, സല്‍പ്രവൃത്തികള്‍ ചെയ്യുക. ആവശ്യത്തിലായിരിക്കുന്നവരെ സഹായിക്കുക, ഉള്‍ക്കൊള്ളുക. പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളി‍ല്‍, പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും വ്രണിതാക്കളുമായവരുടെ പക്കലേയ്ക്കു പോവുക. അങ്ങനെ സമൂഹത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നൊരു സാകല്യസംസ്കൃതി, കൂട്ടായ്മയുടെ സംസ്കൃതി വളര്‍ത്തിയെടുക്കാം. വാക്കുകള്‍ കാറ്റില്‍ പറന്നുപോകുന്നതാണെങ്കില്‍ പിന്നെ എന്തു വിലയുണ്ട്. “വാക്കുകള്‍, വാചം, വാചാലം...!” ഇല്ല! പോരാ!! വാക്കുകള്‍ പോരാ!! നാം സ്നേഹത്തോടും സന്തോഷത്തോടുംകൂടെ മറ്റുള്ളവര്‍ക്കായ് ചെയ്യുന്ന സല്‍പ്രവൃത്തികളാണ് പ്രധാനം. കല്പനകള്‍ അനുസരിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ വാക്കുകള്‍ ശ്രവിക്കുക. പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ അവിടുത്തെ പക്കലേയ്ക്കു തിരിയുക! എന്ന് പഴയനിയമം, നിയമാവര്‍ത്തന ഗ്രന്ഥവും പഠിപ്പിക്കുന്നുണ്ട് (30, 10-14).

6. ഫലദായകമാകുന്ന വിശ്വാസം
നമ്മുടെ വിശ്വാസം നാംതന്നെ വിലയിരുത്തേണ്ടതാണ്. വിശ്വാസം മുളപൊട്ടി തളിര്‍ക്കണം. വിശ്വാസം ജീവിക്കണം. നാം ഓരോരുത്തരും ചോദിക്കണം, നമ്മുടെ വിശ്വാസം ഫലമണിയുന്നുണ്ടോ? സല്‍പ്രവൃത്തികള്‍ക്ക് ആധാരമാകുന്നുണ്ടോ നമ്മുടെ വിശ്വാസം? അത് ഫലദായകവും, സജീവവും ആകുന്നതിനുപകരം, നിര്‍ജ്ജീവവും ഫലശൂന്യവുമാണോ?
നമ്മുടെ ജീവിതപരിസരങ്ങളില്‍ വരുന്ന സല്‍പ്രവൃത്തിക്കുള്ള അവസരങ്ങള്‍ നാം ഉപയോഗപ്പെടുത്തുന്നുണ്ടോ, അതോ ഒഴിവാക്കുകയാണോ? അല്ലെങ്കില്‍ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസൃതമായാണോ നാം മറ്റുള്ളവരെ തിരഞ്ഞെടുക്കുന്നത്? മേലുദ്ധരിച്ച ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു നല്ലതാണ്. കാരണം, അവസാനം നാം വിധിക്കപ്പെടുന്നത് ജീവിതത്തിലെ കാരുണ്യപ്രവൃത്തികളെ ആധാരമാക്കിയാണ്. ഇതാണ് നിത്യജീവന്‍റെ മാനദണ്ഡം.

7. നിത്യവിധിയുടെ മാനദണ്ഡം
അവസാനനാളില്‍ ക്രിസ്തു നമ്മോടു പറയും: “നിങ്ങള്‍ എളിയ സഹോദരങ്ങള്‍ക്കായി ചെയ്ത നന്മകള്‍ എനിക്കുതന്നെയാണ് ചെയ്തത്” (മത്തായി 25, 40). ജരൂസലേമില്‍നിന്നും ജറീക്കോയിലേയ്ക്കുള്ള വഴിയില്‍ക്കിടന്ന മനുഷ്യനെ നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? അര്‍ദ്ധപ്രാണനായ ആ മനുഷ്യന്‍ ഞാനായിരുന്നു! വിശുന്നു പൊരിഞ്ഞ് വഴിയില്‍ കണ്ട കുഞ്ഞും ഞാനായിരുന്നു. പലരും ആട്ടിപ്പായിച്ച കുടിയേറ്റക്കാരിലും, അഭയാര്‍ത്ഥികളിലും ഞാനുണ്ടായിരുന്നു. വൃദ്ധമന്ദിരങ്ങളിലും ആശുപത്രികളിലും പരിത്യക്തരായ മുത്തശ്ശിമാരിലും മുത്തച്ഛന്മാരിലും ഞാനുണ്ടായിരുന്നു. അപകടത്തില്‍പ്പെട്ടു വഴിയില്‍ മുറിപ്പെട്ടു രക്തം വാര്‍ന്നുകിടന്ന മനുഷ്യനിലും നിങ്ങള്‍ എന്നെ കണ്ടില്ല. ആരുംപോരുമില്ലാതെ ആശുപത്രിയില്‍ കഴിയേണ്ടിവരുന്ന രോഗികളി‍ലും ഞാനുണ്ടായിരുന്നു. അതിനാല്‍ നല്ല സമരിയക്കാരന്‍റെ വഴിയെ നടക്കാം!
സഹോദരങ്ങളുമായി സ്നേഹം പങ്കുവയ്ക്കാന്‍ വേണ്ടുവോളം ഉപവിയുടെ പാതയില്‍, സ്നേഹത്തിന്‍റെ പാതയില്‍ നമുക്കു ചരിക്കാം. ക്രിസ്തു പഠിപ്പിച്ച കല്പനകള്‍ പാലിച്ചു ജീവിക്കാന്‍, ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളെ സഹായിക്കാനുള്ള നല്ലമനസ്സു തരണമേയെന്ന് എന്നും പ്രാര്‍ത്ഥിക്കാം. ഇതാണ് നിത്യജീവന്‍റെ പാത.

ഗാനമാലപിച്ചത് കെസ്റ്ററാണ്. രചന അലക്സ് ഫെര്‍ണാണ്ടസ്. സംഗീതം ജെറി അമല്‍ദേവ്.

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ആണ്ടുവട്ടം 15-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനമാണ്. പങ്കുവച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 July 2019, 15:22