തിരയുക

Vatican News
Panoramic view of Vatican and the city of Rome Panoramic view of Vatican and the city of Rome 

ദൈവരാജ്യ സ്ഥാപനത്തിന്‍റെ ചിന്തയുണര്‍ത്തുന്ന ഗീതം

വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പര – സങ്കീര്‍ത്തനം 72-ന്‍റെ പഠനം - അവസാനഭാഗം

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

സങ്കീര്‍ത്തനം 72-ന്‍റെ പഠനം - ആറാംഭാഗം

സര്‍വ്വാധീശനായ ഒരു രാജാവിനെക്കുറിച്ചുള്ള ഗീതം
സങ്കീര്‍ത്തനം 72-ന്‍റെ പഠനം ആറാം ഭാഗവും, അവസാനത്തെ ഭാഗവുമാണിത്. ചെറുതാണ് ഈ രാജകീയ സങ്കീര്‍ത്തനം. 20-പദങ്ങള്‍ മാത്രമുള്ളത്. എങ്കിലും പ്രതിപാദ്യവിഷയവും, പ്രതിപാദ്യശൈലിയുംകൊണ്ട് ഏറെ ഹൃദ്യമായ ഗീതമാണിത്. ഇസ്രായേല്‍ തങ്ങളുടെ രാജാവിനെ ഇവിടെ പ്രകീര്‍ത്തിക്കുകയാണ്. അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. സര്‍വ്വാധീശനും രാജാധിരാജനും സകലത്തിന്‍റെയും നാഥനും സ്രഷ്ട്രാവുമായ ദൈവത്തിന്‍റെ അതില്‍ ഒളിഞ്ഞിരുക്കുന്ന, ഒളിപ്പിച്ചിരിക്കുന്ന പ്രതിച്ഛായയാണ് ഒറ്റവാക്കില്‍ ഈ സങ്കീര്‍ത്തനത്തിന്‍റെ മഹത്തായ ആസ്വാദനം. ഈ ഗീതത്തെ അനശ്വരമാക്കുന്നതും പ്രസക്തമാക്കുന്നതും ഗായകന്‍ അതില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ദൈവത്തിന്‍റെ കരുണ്രാ‍ര്‍ദ്രവും നീതിനിഷ്ഠവുമായ മുഖഭാവമാണ്. ഇന്നത്തെ പ്രക്ഷേപണത്തില്‍ ഇങ്ങനെയുള്ളൊരു ആസ്വാദനത്തോടെയാണ് 72-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം ഉപസംഹരിക്കാന്‍ ഉദ്ദേശിക്കുന്നത്.

Musical Version of Ps. 72
1എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ട! (soloist & Chorus)

മഹാബലിയെ പ്രതിഫലിപ്പിക്കുന്ന സങ്കീര്‍ത്തനം
ഈ കീര്‍ത്തനത്തിന്‍റെ പഠനം ആരംഭിച്ച നാള്‍മുതല്‍ മനസ്സിലേയ്ക്കു എപ്പോഴും കടന്നുവന്ന ശക്തമായൊരു ബിംബം, കേരള സാംസ്ക്കാരികയുടെ പ്രതിബിംബമായ മഹാബലി അല്ലെങ്കില്‍‍ മാവേലി മന്നന്‍റെ പ്രതിരൂപമാണ്, ശക്തനായൊരു രാജാവിന്‍റെയും ഭരണകര്‍ത്താവിന്‍റെയും രൂപമാണിത്. മഹാബലി മലയാളത്തിന്‍റെ ഒരു ഐതിഹാസിക കഥാപാത്രമാണെന്നോ, കാല്‍പനിക ബിംബമാണെന്നോ മാത്രം പറഞ്ഞു തള്ളാനാവില്ല. കാരണം അദ്ദേഹം പ്രജാതല്പരായിരുന്നു. ജ്ഞാനിയും, നീതിനിഷ്ഠനും കരുണാര്‍ദ്രനും വിവേകമതിയുമായിരുന്ന ഒരു യഥാര്‍ത്ഥ ഭരണാധികാരിയിരുന്നവെന്ന് പറയാന്‍ ശ്രമിക്കകുയാണ്. അദ്ദേഹത്തിന്‍റെ കാലത്ത്, ചുരുക്കിപ്പറഞ്ഞാല്‍ നാട്ടില്‍ സമാധാനമുണ്ടായിരുന്നു. കാരണം അന്ന് അനീതിയും അഴിമതിയും കളവും ചതിയുമൊന്നു ഉണ്ടായിരുന്നില്ല. ജാതിവിദ്വേഷമോ, മൗലികവാദികളോ, ഭീകരന്മാരോ അന്നുണ്ടായിരുന്നില്ലത്രേ!! അങ്ങനെ ഈ കേരള കഥാപുരുഷനെ, മാവേലിമന്നനെ 72- Ɔο സങ്കീര്‍ത്തനം വരച്ചുകാട്ടുന്ന രാജാവുമായി തുലനംചെയ്തുകൊണ്ട് ഗീതത്തിന്‍റെ ഈ ആസ്വാദനത്തില്‍ ഒരു തദ്ദേശവത്ക്കരണം നടത്തുവാനുള്ള എളിയ ശ്രമമായി കാണാമിതിനെ... അതില്‍ തെറ്റില്ലെന്നും വിചാരിക്കുന്നു.

മദ്രാസിലെ മഹാബലിപുരം
കേരളപുരാണം വരച്ചുകാട്ടുന്ന രാജാവിന്‍റെ ജീവിതനന്മയും, ഒരു ഭരണകര്‍ത്താവിന്‍റെ ദൈവിക സമാനതയുമാണ് 72- Ɔο സങ്കീര്‍ത്തന പദങ്ങളുമായി അദ്ദേഹത്തെ തുലനംചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. മാത്രമല്ല, ഇതു ഹൈന്ദവ സഹോദരങ്ങളുടെ വിശ്വാസബോധ്യത്തിന്‍റെ ഭാഗവുമാണ്. കൊച്ചിയില്‍ കാക്കനാടു ഭാഗത്ത് മാവേലിപുരമുണ്ട്. പിന്നെ തമിഴ്നാട്ടില്‍ ചെന്നൈ നഗരത്തില്‍നിന്നും ഇന്ത്യമഹാസമുദ്രത്തിന്‍റെ തീരത്തുകൂടെ.. ചോളമണ്ഡലവും താണ്ടി ഒരുനൂറു കിലോമീറ്റര്‍ യാത്രചെയ്താല്‍ പുരാതനമായ മഹാബലിപുരം പട്ടണത്തിലും, അതിന്‍റെ ക്ഷേത്ര സമുച്ഛയത്തിലും എത്തിച്ചേരാം! ഇവിടെല്ലാം മഹാബലിയൊരു ചരിത്രപുരുഷനായി കാണാന്‍ ഏറെ സാദ്ധ്യതകള്‍ നല്കുന്നുണ്ട്. സങ്കീര്‍ത്തനപദങ്ങളിലെ നീതിനിഷ്ഠനായ രാജാവിന്‍റെ തദ്ദേശവത്കൃതമായ ആസ്ഥാനങ്ങളാണിവയെന്നു ചിന്തിച്ചുകൂടെ!?

തൃക്കാക്കരയിലെ മാവേലിപുരവും
നമ്മുടെ നാട്ടില്‍ സമാധാനവും നീതിയും സത്യസന്ധതയുമൊക്കെ ഉണ്ടായിരുന്നൊരു കാലഘട്ടമുണ്ടായിരുന്നു എന്നാണിതിനര്‍ത്ഥം. മഹാബലിയുടെ അവതാരവും പ്രതിബിംബവും സ്ഥിരീകരിക്കുവാനെന്നോണം, കൊച്ചിയുടെ നഗരപ്രാന്തത്തിലെ കാക്കനാടിന് അടുത്ത പഞ്ചായത്താണ് തൃക്കാക്കരയില്‍ ഏറെ പുരാതനമായൊരു ക്ഷേത്രമുണ്ട്... ക്ഷേത്രത്തിലെ പ്രതിഷ്ഠമഹാബലിയാണ്, മഹാബലിയുടെ നാമത്തിലുള്ള ഏകപ്രതിഷ്ഠയും ക്ഷേത്രവുമാണത്. കേരളചരിത്രത്തിലെ മഹാബലിയെന്ന നീതിനിഷ്ഠനായ രാജാവിന്‍റെ ദൈവികപ്രതിച്ഛായ സ്ഥിരപ്പെടുത്തുകയല്ലേ ഈ ക്ഷേത്രം!? തിരുവോണനാളിലാണ് തൃക്കാക്കര ക്ഷേത്രത്തിലെ മഹോത്സവം ഇന്നും കൊണ്ടാടുന്നത്... ഏറെ പ്രശസ്തമാണീ ഉത്സവം... വിജ്ഞാനിയും നീതിനിഷ്ഠനുമായ, പാവങ്ങളോടു കരുണയുള്ള അഴിമതിയില്ലാത്ത, കള്ളവും ചതിയുമില്ലാത്ത ഒരു നല്ല ഭാരണാധിപന്‍റെ സ്നേഹസ്മരണകളുമായി. തിരുവോണനാളില്‍ ജാതിഭേദമില്ലാതെ സകലരും ഒത്തുചേരുന്ന ദേവസ്ഥാനം തൃക്കാക്കരയും, അതിനോടു തോളിരുമ്മി വളര്‍ന്ന ആധുനിക നഗരവാസസ്ഥാനം, മാവേലിപുരവും ഇന്നുണ്ട്.

ഒരു നല്ലനാളിന്‍റെ ഓര്‍മ്മകള്‍
മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരുമൊന്നുപോലെ....
കള്ളവുമില്ല ചതിവചനം, എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
അറിയാതെ വന്നുപോകുന്ന ഈരടികള്‍.... നല്ലകാലം... ഇന്നിന്‍റെ കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയാന്തരീക്ഷത്തില്‍... ഇന്നു നമുക്ക് ചിന്തിക്കാനാവില്ല!!! മലയാളത്തോളം പഴക്കമുള്ള
ഈ ഈരടികളില്‍ ഒളിഞ്ഞിരിക്കുന്നത് നാം പഠനവിഷയമാക്കിയിരിക്കുന്ന സങ്കീര്‍ത്തനത്തിലെ മുഖ്യകഥാപാത്രമായ രാജാവുതന്നെയല്ലേ...എന്ന് തോന്നിപ്പോയിട്ടുണ്ട്. കേരളീയ കാഴ്ചപ്പാടില്‍ സങ്കീര്‍ത്തനം 72-ന് ഒരു ആത്മീയദര്‍ശനം മനസ്സിലേയ്ക്കു കടന്നുവന്നത് ഉറക്കെ പങ്കുവച്ചെന്നു മാത്രം.

Musical Version of Ps. 72
1 എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ട!
ദൈവമേ, രാജാവിന് അങ്ങേ നീതിബോധവും
രാജകുമാരന് അങ്ങേ ധര്‍മ്മനിഷ്ഠയും നല്കേണമേ.
അവര്‍ അങ്ങയുടെ ജനത്തെ നീതിയോടെ ഭരിക്കട്ടെ
അങ്ങയുടെ ദരിദ്രരെ അവന്‍ ന്യായമായ് നയിക്കട്ടെ
സകലജനതകളും അവന്‍റെ നാട്ടില്‍ ഐശ്വര്യമായ് വസിക്കട്ടെ.

സോളമന്‍റെ അഭൗമ ജ്ഞാനവും രക്ഷണീയ ഭരണവും
സാഹിത്യഘടനയില്‍, പഠനവിഷയമാക്കിയിരിക്കുന്ന 72- Ɔο ഗീതത്തെ... ഒരു രാജകീയ സങ്കീര്‍ത്തനമായിട്ടാണ് തരംതിരിച്ചിരിക്കുന്നതെങ്കിലും സ്വഭാവത്തില്‍ ഇതൊരു മനോഹരമായ പ്രാര്‍ത്ഥനയാണെന്നു നാം മനസ്സിലാക്കി. ദാവീദു രാജാവിന്‍റെ പുത്രന്‍, സോളമന്‍റെ ഗീതമായിട്ടാണ്
72- Ɔο സങ്കീര്‍ത്തനം മാനിക്കപ്പെടുന്നത്.. പിതാവ് ദാവീദ് മകന്‍റെ അഭൗമമായ ജ്ഞാനത്തിനും, രക്ഷണീയമായ സമ്രാജ്യഭരണത്തിനുംവേണ്ടി പ്രാര്‍ത്ഥിച്ചതാണ് ഗീതത്തിന്‍റെ സാഹിത്യരുപമെന്ന് നീരുപകന്മാര്‍ സ്ഥാപിക്കുന്നു.

ദൈവരാജ്യസ്ഥാപന ചിന്തകള്‍ 
മേല്പറഞ്ഞ ആത്മീയരാജത്വമാണ് ക്രിസ്തുവിലേയ്ക്കും, അവിടുത്തെ ദൈവരാജ്യത്തിലേയ്ക്കും പിന്നീടു പുതിയനിയമത്തില്‍ വിരല്‍ചൂണ്ടുന്നുണ്ട്. രാജാവിനു നാടു ഭരിക്കുവാന്‍വേണ്ട... അല്ലെങ്കില്‍ ദൗത്യനിര്‍വ്വഹണത്തിന് ആവശ്യമായ കൃപയും വിജ്ഞാനവും നല്കണമേ, എന്നുള്ള പ്രാര്‍ത്ഥന ഇന്നും ആര്‍ക്കും എവിടെയും സ്വീകാര്യമായ യാചനയാണെന്നു പറയേണ്ടതില്ലല്ലോ! അങ്ങനെ ദൈവരാജ്യസ്ഥാപകനും, ലോകരക്ഷകനുമായ മിശിഹായുടെ പ്രവചനമാണീഗീതം എന്നുള്ള ആസ്വാദനം നമുക്കിവിടെ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. നിരൂപകന്മാര്‍ പറയുന്നത് പദങ്ങള്‍ പൂര്‍ണ്ണമായും സോളമന്‍ രാജാവിന്‍റേതെന്നോ, സോളമന്‍ രാജനാവിനെക്കുറിച്ചുള്ളതെന്നോ പറയാനാവില്ലെന്നാണ്. കാരണം സോളമന്‍ രാജാവ് നീതിനിഷ്ഠനും കരുണാര്‍ദ്രനുമായി  തന്‍റെ ഭരണകാലത്തിന് തുടക്കമിട്ടെങ്കിലും... ഭരണം മെല്ലെ താളംതെറ്റുന്നതും തകിടംമറിയുന്നതും ഇസ്രായേലിന്‍റെ ചരിത്രത്തിലും രാജാക്കന്മാരുടെ പുസ്തകത്തിലും നമുക്കു കാണാം.

ഖുറാന്‍ പറയുന്ന സുലൈമാന്‍ രാജാവ്
വിശുദ്ധ ഖുറാന്‍ പ്രതിപാദിക്കുന്ന സുലൈമാനും സോളമന്‍തന്നെയാണെന്ന് പണ്ഡിതന്മാര്‍ സമര്‍ത്ഥിക്കുന്നുണ്ട്. സുലൈമാന്‍റെ രാജ്യത്തു പെരുകിയ അധര്‍മ്മങ്ങള്‍ പിന്നീട് രാജ്യത്തെ, അതായത് ഇസ്രായേലിനെ, വടക്കും തെക്കും - രണ്ടു രാജ്യങ്ങളായി പിളര്‍ക്കുന്നു. അത് ക്രിസ്തുവിനു 950-വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഇസ്രായേല്‍ സമ്രാജ്യാത്തിന്‍റെ ചരിത്രമാണ്! എന്നാല്‍ ദാവീദിന്‍റെ പുത്രനെന്ന് പിന്നീട് ചരിത്രം പരാമര്‍ശിക്കുന്നതും, തിരുവെഴുത്തുകള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതും യേശുവിനെക്കുറിച്ചാണ്. ദാവീദുവംശജനും, ദാവീദിന്‍റെ പട്ടണമായ ജൂദയായിലെ ബെതലഹേമില്‍ പിറന്നവനുമായ യേശുവിലേയ്ക്ക്, ക്രിസ്തുവിലേയ്ക്ക് അങ്ങനെ  ഈ സങ്കീര്‍ത്തനം നമ്മെ കൊണ്ടെത്തിക്കുന്നുണ്ടെന്നത് എടുത്തുപറയത്തക്കതായ മറ്റൊരു ആസ്വാദനമാണ്.

Musical Version of Ps. 72
1എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ട!
ദൈവമേ, അവന്‍റെ കാലത്ത് നീതി തഴച്ചുവളരട്ടെ
ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ
സമുദ്രംമുതല്‍ സമുദ്രംവരെയും, നദിമുതല്‍ നദിവരേയും
അവന്‍റെ ആധ്യപത്യം നിലനില്‍ക്കട്ടെ.

നസ്രത്തിലെ ദൈവരാജ്യ പ്രഘോഷണം
യേശുവിന്‍റെ പരസ്യ ജീവിതാരംഭത്തിലെ വാക്കുകള്‍
Recitation:
‘കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേലുണ്ട്.
ദരിദ്രരെ സുവിശേഷമറിയിക്കാന്‍ അവിടുന്ന്
എന്നെ അഭിഷേകംചെയ്തിരിക്കുന്നു.
ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും
കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍
അവിടുന്ന് എന്നെ അയച്ചിരിക്കുന്നു’ (ലൂക്കാ 4, 18-19).

ദൈവരാജ്യത്തിന്‍റെ നയപ്രഖ്യാപനം
തന്‍റെ പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍ ക്രിസ്തു നടത്തിയ നയപ്രഖ്യാപനമാണല്ലോ ലൂക്കായുടെ സുവിശേഷത്തില്‍നിന്നും മേലുദ്ധരിച്ചത്. അങ്ങനെ ഈ ഗീതത്തില്‍ വെളിപ്പെട്ടു കിട്ടുന്ന സമാഗതമായ ക്രിസ്തു രാജ്യത്തിന്‍റെ ആസ്വാദനം പറയുമ്പോള്‍, ഇന്നും മനുഷ്യര്‍ നീതിയിലും കാരുണ്യത്തിലും ജീവിക്കുന്നത് പ്രചോദനമേകുന്ന ദൈവരാജ്യത്തിന്‍റെ സ്നേഹസന്ദേശം ശത്രുവിനെപ്പോലും സ്നേഹിക്കുന്നതാണ്, ശത്രുവിനോടും കരുണ കാണിക്കുന്നതാണ്. അതിനാല്‍ ലോകം ഇന്ന് സ്വപ്നംകാണുന്ന അനുരജ്ഞനത്തിലൂടെയുള്ള സമാധാന സ്ഥാപനം ഗീതത്തിന്‍റെ വരികളില്‍ ഒളിഞ്ഞിരിക്കുന്നുവെന്ന ആശയം ആസ്വാദനവും ഇവിടെ ചൂണ്ടിക്കാണിക്കട്ടെ. ക്രിസ്തു ഇന്നും എന്നും സമാരാധ്യനായ സമാധാനരാജാവാണ്. അവിടുത്തെ രാജ്യം ആര്‍ക്കും എവിടെയും അഭികാമ്യമാണ്. കാലാന്തരത്തോളം അവിടുത്തെ നാമം സ്തുതിക്കപ്പെടും, സകലജനതകളും അവിടുത്തെ പ്രണമിക്കും, പ്രകീര്‍ത്തിക്കും എന്ന് ഗായകനോടൊപ്പം നമുക്കും ആലപിക്കാം....

Musical Version of Ps. 72
4. എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ട! (soloist & Chorus)
ദൈവമേ, നിലവിളിക്കുന്ന പാവപ്പെട്ടവരെയും
നിസ്സാഹായരായ ദരിദ്രരെയും അവന്‍ മോചിക്കും
ദുര്‍ബലരോടും പാവപ്പെട്ടവരോടുമവന്‍ കരുണകാണിക്കും
അഗതികളുടെ ജീവനെപ്പോഴുമവന്‍ പരിപാലിക്കും
അവരുടെ ജീവനീ മന്നിലവന്‍ നിത്യം കാത്തുപാലിക്കും.

നിങ്ങള്‍‍ ഇതുവരെ ശ്രവിച്ചത് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണ്. അവതരിപ്പിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ .

മറ്റൊരു രാജകീയ ഗീതം 145- Ɔο സങ്കീര്‍ത്തന പഠനം ഇനി നമുക്ക് അടുത്ത ആഴ്ചയില്‍ ആരംഭിക്കാം.
 

18 June 2019, 15:46