തിരയുക

Vatican News
matured grains of the field, Nick Oxford matured grains of the field, Nick Oxford  (Nick Oxford)

പരിപാലകനായ ദൈവത്തെ സ്തുതിക്കുന്ന ഗീതം

വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പര - ഒരു രാജകീയ സങ്കീര്‍ത്തനത്തി‍ന്‍റെ പഠനം - സങ്കീര്‍ത്തനം 145 – ഭാഗം ഒന്ന്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സങ്കീര്‍ത്തനം 145 - പഠനം ആദ്യഭാഗം

രാജാവ് ദൈവത്തിന്‍റെ പ്രതിപുരുഷന്‍
വീണ്ടും ഒരു രാജകീയ സങ്കീര്‍ത്തനത്തി‍ന്‍റെ പഠനം ആരംഭിക്കുകയാണിവിടെ - സങ്കീര്‍ത്തനം 145. ആദ്യം ഗീതത്തിന്‍റെ ഘടന മനസ്സിലാക്കുകയും, പദങ്ങളുമായി പരിചയപ്പെടുകയും ചെയ്യാം. യാവേയുടെ രാജത്വത്തിന്‍റെ സങ്കീര്‍ത്തനമാണിത്. ദൈവിക രാജത്വം പ്രകീര്‍ത്തിക്കുന്ന പല സങ്കീര്‍ത്തനങ്ങളും ബൈബിളിലുണ്ട്. അതില്‍ ഏറെ ശ്രദ്ധേയമാണ് 145. ഈ കീര്‍ത്തനഗീതം ദാവീദു രാജാവു രചിച്ചതായിട്ടാണ് ലക്ഷണപ്രകാരം പണ്ഡിതന്മാര്‍ ആരോപിക്കുന്നത്. സിംഹാസനാരൂഢനായി രാജകീയാധികാരം പ്രയോഗിക്കുന്ന ദൈവത്തെ ഈ സങ്കീര്‍ത്തനങ്ങള്‍ രാജാവായി അഭിവാദ്യംചെയ്യുന്നു.

ദൈവം ഇസ്രായേല്യരുടെ രാജാവ്
കവിയുടെ ഭാവനയില്‍ സിംഹാസനത്തിലേയ്ക്കു ചവിട്ടിക്കയറുന്ന യാഹ്വേയെ ജനം കൈയ്യടിച്ചു രാജാവായി സ്വീകരിക്കുന്നു, അംഗീകരിക്കുന്നു, സ്തുതിക്കുന്നു, പ്രകീര്‍ത്തിക്കുന്നു. ദൈവം എപ്പോഴും ഇസ്രായേലിന്‍റെ രാജാവായിരുന്നു എന്നതാണ് സത്യം. പുറപ്പാടിലും സീനായ് മലയിലെ ഉടമ്പടിയിലുമാണ് ദൈവം ഇസ്രായേലിന്‍റെ രാജാവായി പ്രത്യേകമാംവിധം അറിയപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും. ഈ ഒരു കാഴ്ചപ്പാടില്‍ ഇസ്രായേല്‍ ജനം തങ്ങളുടെ ഭൗമിക രാജാവിനെ സ്വര്‍ഗ്ഗീയ രാജാവിന്‍റെ പ്രതിനിധിയായും ആദരിച്ചിരുന്നു, രാജാവിനെ അവര്‍ ഭയഭക്തിയോടെ ആദരിച്ചിരുന്നു. ഇത്രയും ഒരു രാജകീയ സങ്കീര്‍ത്തനത്തെക്കുറിച്ചുള്ള ധാരണയോടെ നമുക്ക് ഗീതം 145-ന്‍റെ പഠനം ആരംഭിക്കാം.

Musical Version of Ps. 145
പ്രഭണിതം
എന്‍ രാജാവും ദൈവവുമായവനേ,
വാഴ്ത്തും തവ നാമം ഞാന്‍ എന്നുമെന്നും.

അന്യവത്ക്കരിക്കപ്പെടുന്ന പരിഭാഷകള്‍
സങ്കീര്‍ത്തനത്തിന്‍റെ ആദ്യപദംതന്നെയാണ് പ്രഭണിതമായി ഉപയോഗിച്ചിരിക്കുന്നത്. എന്‍റെ രാജാവും ദൈവവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തും, ഞാന്‍ അങ്ങേ നാമത്തെ എന്നേയ്ക്കും വാഴ്ത്തും എന്നു സങ്കീര്‍ത്തകന്‍ ഏറ്റുപാടുന്നു. ഹെബ്രായ മൂലകൃതിയില്‍ ഈ സങ്കീര്‍ത്തനം രചിക്കപ്പെട്ടിരിക്കുന്നത് അക്ഷരമാല ക്രമത്തിലാണ്. എന്നാല്‍ പരിഭാഷയില്‍ ഈ ക്രമം പാലിക്കുക അത്ര എളുപ്പമല്ലെന്നു നമുക്കു മനസ്സിലാക്കാവുന്നതാണ്. അതുപോലെ മറ്റു ഭാഷകളിലും ആദ്യാക്ഷരക്രമമോ, മൂലരചനയുടെ അളവോ പാലിക്കുക എളുപ്പമല്ലാത്തതിനാല്‍ പരിഭാഷ നടത്തിയിരിക്കുന്നത് സൗകര്യാര്‍ത്ഥവും സ്വതന്ത്രമായ ശൈലിയിലുമാണെന്നു നാം മനസ്സിലാക്കേണ്ടതാണ്. അതുകൊണ്ടുതന്നെ പരിഭാഷകളുടെ മൂല്യം നഷ്ടപ്പെടുകയും അവ അന്യവത്ക്കരിക്കപ്പെടുകയും ചെയ്യാം.

ആദ്യത്തെ മൂന്നു പദങ്ങള്‍
Recitation:

1. എന്‍റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തും
ഞാന്‍ അങ്ങേ നാമത്തെ എന്നേയ്ക്കും വാഴ്ത്തും
2. അനുദിനം ഞാന്‍ അങ്ങയെ വാഴ്ത്തും
എന്നേയ്ക്കുമങ്ങേ നാമത്തെ സ്തുതിക്കും
3. കര്‍ത്താവു വലിയവനും അത്യന്തം സ്തുത്യര്‍ഹനുമാണ്
അവിടുത്തെ മഹത്ത്വം അഗ്രാഹ്യമാണ്.

സീനായില്‍ ഇസ്രായേല്‍ കണ്ടെത്തിയ രാജാവ്
ഭരണകര്‍ത്താവായ, രാജാവായി ദൈവത്തെ അഭിസംബോധന ചെയ്യുകയാണ് ഗായകന്‍. ദൈവത്തിനു നിത്യമായി സ്തുതി അര്‍പ്പിക്കുക എന്നതാണ് സങ്കീര്‍ത്തനത്തിലെ പ്രധാന ആശയം. അത് ആദ്യമേതന്നെ മനോഹരമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. സീനായ് മലയിലെ ഉടമ്പടിതൊട്ടാണ് ദൈവത്തെ ഇസ്രായേല്‍ രാജാവായി വിളിക്കാന്‍ തുടങ്ങുന്നതെന്ന വസ്തുത ശ്രദ്ധേയമാണിവിടെ. പരമോന്നതനും ശ്രേഷ്ഠനുമായ ദൈവത്തിന്‍റെ മഹത്ത്വത്തെപ്പറ്റിയും സങ്കീര്‍ത്തകന്‍ ഇവിടെ പരാമര്‍ശിക്കുന്നു.

Musical Version of Ps. 145
എന്‍ രാജാവും ദൈവവുമായങ്ങയെ
ഞാന്‍ പുകഴ്ത്തും
ഞാനങ്ങയുടെ നാമമെന്നും വാഴ്ത്തുന്നു
അനുദിനം ഞാനങ്ങയെ പാടിസ്തുതിക്കുന്നു.
അങ്ങയുടെ നാമത്തെ എന്നേയ്ക്കും ഞാന്‍
വാഴ്ത്തിസ്തുതിക്കുന്നു.
- എന്‍ രാജാവും

പദങ്ങളുടെ പഠനം
4. അങ്ങേ പ്രവൃത്തികളെ തലമുറതലമുറയോട് പ്രകീര്‍ത്തിക്കും
അങ്ങേ ശക്തമായ പ്രവൃത്തികളെ അവര്‍ പ്രഘോഷിക്കും
5. അങ്ങേ ഭീതിജനകമായ പ്രവൃത്തികളുടെ ശക്ത്തിയെ മനുഷ്യര്‍ വിളംബരംചെയ്യും
ഞാന്‍ അങ്ങേ മഹത്ത്വം പ്രഘോഷിക്കും
7. അങ്ങേ സമൃദ്ധമായ നന്മയുടെ പ്രസക്തി അവര്‍ ‍വിവരിക്കും
അങ്ങേ നീതിയെപ്പറ്റി അവര്‍ ഉറക്കെപ്പാടും
8. കര്‍ത്താവു കൃപാലുവും കാരുണ്യവാനും
ക്ഷമാശീലനും എന്നും സ്നേഹ സമ്പന്നനുമാണ്.
9. കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്.
താനുണ്ടാക്കിയ എല്ലാറ്റിനോടും അവിടുത്തേയ്ക്ക് അനുകമ്പയുണ്ട്.

സ്തുതിപ്പിന്‍റെ ജീവിതശൈലി
സ്തുതിയുടെ ജീവിതശൈലി ഒരു തലമുറ അടുത്ത തലമുറയ്ക്ക് കൈമാറുകയാണ്. ദൈവത്തിന്‍റെ അത്ഭുതകരവും ശക്തവുമായ ചെയ്തികള്‍ അടുത്ത തലമുറയെ അറിയിക്കുന്നത് പ്രഘോഷണവും വിവരണവും വഴിയാണ്. എന്നാല്‍ ദൈവത്തിന്‍റെ മഹത്ത്വം വാക്കുകളില്ലാതെയും അറിയിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കാന്‍ ഈ ഗീതം നമ്മെ സഹായിക്കുന്നു. ദൈവത്തിന്‍റെ നന്മയും നീതിയും മനുഷ്യരുടെ സ്തുതിക്കും പുകഴ്ചയ്ക്കും പാത്രമാകുന്നു. രക്ഷിക്കുന്ന ദൈവത്തിന്‍റെ വിശ്വസ്തതയ്ക്ക് അവ തെളിവാണ്. ദൈവത്തിന്‍റെ സ്നേഹവും കരുണയും ദയയും ഇസ്രായേല്‍ ജനതയുടെ വിശ്വാസത്തിന്‍റെ ഭാഗമായിരുന്നത്, ഈ പഠനത്തിലൂടെ നമുക്ക് വെളിപ്പെട്ടുകിട്ടുന്നു. .

Musical Version of Ps. 145
കര്‍ത്താവേ, എല്ലാസൃഷ്ടികളും അങ്ങേയ്ക്കു
സദാ നന്ദിയര്‍പ്പിക്കുന്നു
അങ്ങേ വിശുദ്ധര്‍ തവ നാമം ജപിക്കുന്നു
അവര്‍ അങ്ങേ രാജ്യത്തിന്‍റെ മഹത്വം പ്രകീര്‍ത്തിക്കുന്നു
അങ്ങയുടെ നാമത്തെ എന്നേയ്ക്കും ഞങ്ങള്‍
വാഴ്ത്തി സ്തുതിക്കുന്നു.
- എന്‍ രാജാവും

ബാക്കി പദങ്ങളുടെ പഠനം
10. കര്‍ത്തവേ, എല്ലാ സൃഷ്ടികളും അങ്ങേയ്ക്കു കൃതജ്ഞതയര്‍പ്പിക്കും.
വിശുദ്ധരെല്ലാം അങ്ങേ വാഴ്ത്തും.
11. അങ്ങേ രാജ്യത്തിന്‍റെ മഹത്വത്തെപ്പറ്റി അവര്‍ സംസാരിക്കും.
അങ്ങേ ശക്തിയെക്കുറിച്ചു പറയുകയുംചെയ്യും
12. അങ്ങനെ അവര്‍ അങ്ങേ ശക്തമായ പ്രവൃത്തികളും
അങ്ങേ രാജ്യത്തിന്‍റെ മഹത്ത്വപൂര്‍ണ്ണമായ പ്രതാപവും മനുഷ്യപുത്രരെ അറിയിക്കും.
13. അങ്ങേ രാജ്യം ശാശ്വതമാണ്
അങ്ങേ ആധിപത്യം എല്ലാ തലമുറകളിലും നിലനില്ക്കുന്നതാണ്.
കര്‍ത്താവു വചനങ്ങളിലെല്ലാം വിശ്വസ്തനും
തന്‍റെ ചെയ്തികളിലെല്ലാം കാരുണ്യവാനുമാണ്
14. കര്‍ത്താവു വീഴുന്നവരെയെല്ലാം പിടിച്ചുയര്‍ത്തുന്നു, താങ്ങുന്നു
നിലംപതിച്ചവരെയെല്ലാം അവിടുന്നു പിടിച്ചുയര്‍ത്തുന്നു.
15. എല്ലാവരുടെയും ദൃഷ്ടികള്‍ അങ്ങു നോക്കുന്നു
അങ്ങവര്‍ക്കു യഥാസമയം ആഹാരം നല്കുന്നു.
16. അങ്ങേ കൈ തുറക്കുന്നു
അങ്ങ് എല്ലാ ജീവജാലങ്ങളുടെയും ആഗ്രഹം തൃപ്തിപ്പെടുത്തുന്നു.
17. കര്‍ത്താവു തന്‍റെ മാര്‍ഗ്ഗങ്ങളിലെല്ലാം നീതിമാനും
പ്രവൃത്തികളിലെല്ലാം കരുണാര്‍ദ്രനുമാണ്.
18. കര്‍ത്താവു തന്നെ വിളിക്കുന്നവര്‍ക്കെല്ലാം സമീപസ്ഥനാണ്.
19. തന്‍റെ ഭയപ്പെടുന്നവരുടെയെല്ലാം ആഗ്രഹം അവടുന്നു നിറവേറ്റുന്നു
അവനവരുടെ നിലവിളി കേള്‍ക്കുകയും അവരെ രക്ഷിക്കുകയും ചെയ്യുന്നു.
20. കര്‍ത്താവു തന്നെ സ്നേഹിക്കുന്നവരെയെല്ലാം പരിപാലിക്കുന്നു.
എന്നാല്‍ സകലദുഷ്ടരെരും അവിടുന്നു നശിപ്പിക്കുന്നു.

പരിപാലകനായ ദൈവം
സങ്കീര്‍ത്തനത്തിന്‍റെ പ്രധാന ആശയം 10-മുതല്‍ 13-വരെ വാക്യങ്ങളിലാണ് നാം കാണുന്നത്. ദൈവത്തെ സ്തുതിക്കുന്നത് സങ്കീര്‍ത്തകന്‍റെ മാത്രം കടമയല്ലത്, മറിച്ച് എല്ലാ ജീവജാലങ്ങളുടെയും കടമയാണ്. അങ്ങനെ യാവേയുടെ രാജ്യത്തിന്‍റെ മഹത്ത്വവും പ്രതാപവും അവിടുത്തെ അത്ഭുതചെയ്തികളും എല്ലാവരും അറിയുന്നു. യാഹ്വേയുടെ രാജ്യത്തിന്‍റെ ശാശ്വതസ്വഭാവവും അവിടുത്തെ കാരുണ്യവും വിശ്വസ്തതയും പ്രത്യേകം അനുസ്മരിക്കപ്പെടുന്നു. അതുകൊണ്ടാണ് വീഴുന്നവരെയും അധഃപതിച്ചവരെയും അവിടുന്നു സഹായിക്കുന്നത്. കൂടാതെ എല്ലാവര്‍ക്കും അവിടുന്നു സമയത്ത് ആഹാരം നല്കുന്നു. നാം പുതിയ നിയമത്തില്‍ വായിക്കുന്നതുപോലെ, ദൈവം ആകാശത്തിലെ പറവകളെയും വയലിലെ ലില്ലിപ്പൂക്കളെപ്പോലും പോറ്റുന്നു (മത്തായി 6, 26-34).

നിത്യതയിലേയ്ക്കു നയിക്കുന്ന ഗീതം

പതിമൂന്നാം വാക്യത്തിനുശേഷമുള്ള ഹെബ്രായ ആദ്യാക്ഷാരപ്രാസം ഗവേഷകന്മാര്‍ ഖുംമ്റാന്‍ ചുരുളുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവര്‍ അവിടുത്തെ നാമമാണു വിളിച്ചപേക്ഷിക്കുന്നത്. അവിടുത്തെ സാന്നിദ്ധ്യത്തിന്‍റെ അച്ചാരമാണ് ഈ നാമം. കൂടാതെ ദൈവത്തെ സ്നേഹിക്കുന്നവരുടെ സംരക്ഷകനും ദുഷ്ടന്മാരുടെ വിധിയാളനുമാണ് അവിടുന്ന്. ചുരുക്കത്തില്‍ ദൈവത്തെ സ്നേഹിക്കുകയും ഭയപ്പെടുകയും ചെയ്യുക എന്നുള്ളതാണ്, വിശ്വാസിയുടെ ബുദ്ധിയെ ബലപ്പെടുത്തേണ്ട അനന്തവും അവര്‍ണ്ണനീയവുമായ ദൈവസ്തുതിയുടെ അഗാധതലങ്ങള്‍. സങ്കീര്‍ത്തകന്‍ തന്‍റെ ആഗ്രഹം പ്രകടമാക്കുകയാണ്, അവസാന വരികളില്‍, യാഹ്വേയുടെ നിത്യരാജ്യത്തില്‍ എല്ലാ ജീവജാലങ്ങളും ദൈവത്തെ എന്നെന്നും സ്തുതിക്കട്ടെ!

ദൈവരാജ്യത്തിലേയ്ക്കുള്ള നാഴികക്കല്ല്
മൊത്തമായി നോക്കുമ്പോള്‍ സങ്കീര്‍ത്തനത്തിലെ പ്രധാന ആശയം രാജ്യമാണ്, ദൈവരാജ്യമാണ്. രാജാവായ ദൈവത്തിന്‍റെ മഹാപ്രവൃത്തികള്‍ ഇവിടെ പ്രകീര്‍ത്തിക്കപ്പെടുന്നു. ദൈവത്തിന്‍റെ കൃപാധിക്യവും ശക്തിയും മഹിമയും സങ്കീര്‍ത്തകന്‍റെ ബഹുമാനത്തിന് വിഷയമാകുന്നു. സ്ഥലകാലങ്ങളോടു ബന്ധപ്പെട്ട സര്‍വ്വജീവജാലങ്ങളും ദൈവത്തെ സ്തുതിക്കാന്‍‍ സങ്കീര്‍ത്തകന്‍ ആഹ്വാനംചെയ്യുന്നുണ്ട്. യാഹ്വേയുടെ കര്‍ത്തൃത്വം ദയയയും കരുണയുമുള്ളതാണ്. അതിനാല്‍
ഈ സങ്കീര്‍ത്തനം പുതിയ നിയമത്തില്‍, ക്രിസ്തുവില്‍ സ്ഥാപിതമായ ദൈവരാജ്യത്തിലേയ്ക്കുള്ള ഒരു നാഴികക്കല്ലാണ്.

Musical Version of Ps. 72
എന്‍ രാജാവും ദൈവവുമായവനേ,
വാഴ്ത്തും തവ നാമം ഞാന്‍ എന്നുമെന്നും
- എന്‍ രാജാവും 

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയത്, ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും. ആലാപനം രമേഷ് മുരളിയും സംഘവും.

നിങ്ങള്‍‍ ഇതുവരെ ശ്രവിച്ചത് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണ്. അവതരിപ്പിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍.
 

24 June 2019, 12:48