തിരയുക

Vatican News
Jesus of Nazareth - casted by Robert Powell in the Magnum Opus of Franco Zeffirelli Jesus of Nazareth - casted by Robert Powell in the Magnum Opus of Franco Zeffirelli 

പാഥേയമാകുന്ന ക്രിസ്തുസാന്നിദ്ധ്യം

പരിശുദ്ധ കുര്‍ബ്ബാനയുടെ മഹോത്സവത്തിലെ സുവിശേഷ വിചന്തനം. വിശുദ്ധ ലൂക്കായുടെ സുവിശേഷം 9, 11-17.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ദിവ്യകാരുണ്യമഹോത്സവം - വചനചിന്തകള്‍

ഇതു ദിവ്യകാരുണ്യ മഹോത്സവം
ലോകമെമ്പാടുമുള്ള ക്രൈസ്തവമക്കള്‍ പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെ മുന്നില്‍ കരങ്ങള്‍ കൂപ്പിയും കണ്ണുകള്‍ കൂമ്പിയും ആരാധനയോടെ നില്ക്കുന്ന ദിവസമാണിത്. ലത്തീന്‍ ഭാഷയില്‍ Corpus Christi അല്ലെങ്കില്‍ Corpus Domini, ക്രിസ്തുവിന്‍റെ തിരുശരീരത്തിന്‍റെ മഹോത്സവമെന്നാണ് ഈ ദിനം അറിയപ്പെടുന്നത്. നമുക്കായി ക്രിസ്തു പകര്‍ന്നുനല്കിയ അമൂല്യസമ്പത്തും മഹത്തായ കൂദാശയുമാണ് പരിശുദ്ധ ദിവ്യകാരുണ്യം.

നിസ്സഹായതയുടെ സ്പന്ദനം
പാപ്പാ ഫ്രാന്‍സിസ് ഫിലിപ്പീന്‍സ് സന്ദര്‍ശനം നടത്തവെ, 2015 ജനുവരി മാസത്തില്‍ അവിടെ മനിലയില്‍ വിശുദ്ധ തോമസ് അക്വിനാസിന്‍റെ യൂണിവേഴ്സിറ്റിയുടെ വേദിയിലാണ് യുവജനസംഗമം നടന്നത്. പാപ്പാ സന്നിഹിതനായിരുന്ന സമ്മേളനത്തില്‍ ഒരു പാവം പെണ്‍കുട്ടി, അവളുടെ ജീവിതസാക്ഷ്യം പറയാന്‍ വേദിയിലേയ്ക്ക് കയറി വന്നു - ക്ലൈസര്‍ പലോമര്‍! പന്ത്രണ്ടു വയസ്സു പ്രായമുള്ള അനാഥബാലിക!! ഒരു സന്നദ്ധസംഘടന അവളെ ദത്തെടുത്തു വളര്‍ത്തുകയായിരുന്നു. അവള്‍ വേദിയില്‍ വന്നിട്ട് തന്‍റെ ജീവിതകഥ പറഞ്ഞു. എന്നി‌ട്ടു ചോദിച്ചത്, “മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന തന്നെപ്പോലുള്ള കുട്ടികള്‍ ലോകത്ത് അനേകരുണ്ട്. മനുഷ്യരുടെ ക്രൂരതയ്ക്കും സ്വാര്‍ത്ഥതയ്ക്കും ഇരകളാകുന്ന കുട്ടികള്‍ നിരവധിയാണ്. മയക്കുമരുന്നിനും ലൈംഗിക ദുരുപയോഗത്തിനും അടിമപ്പെടുന്നവരും അനേകരാണ്. എന്തേ, ദൈവം നിര്‍ദ്ദോഷികളും നിഷ്ക്കളങ്കരുമായ പാവങ്ങളെ സഹനത്തിലേയ്ക്ക് തള്ളിവിടുന്നു?” ഇതു ചോദിച്ചിട്ടു പിന്നേ, ആ കുഞ്ഞ് ഏങ്ങലടിച്ചു കരയുകയായിരുന്നു.

വേദനിക്കുന്നവരോടുള്ള ഹൃദയസ്പന്ദനം
വേദിയില്‍ ഇതു കണ്ടിരുന്ന പാപ്പാ, അവിടെനിന്നും ഉടനെ താഴേയ്ക്കിറങ്ങി, പതിയെ ചുവടെടുത്ത് അവളുടെ പക്കലെത്തി. അവളെ തന്‍റെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു. എല്ലാവരും വിസ്മയഭരിതരായി നോക്കിനിന്നു! ആ കുഞ്ഞിന്‍റെ കണ്ണീര് പാപ്പാ ഫ്രാന്‍സിസ് തന്‍റെ ശുഭ്രവസ്ത്രത്തില്‍ ഒപ്പിയെടുത്തു. എന്നിട്ട് സദസ്സിനോടായി പറഞ്ഞു. “ഒരു ഉത്തരവുമില്ലാത്ത ചോദ്യമാണ് ക്ലൈസല്‍ നമ്മോടിന്നു ചോദിച്ചത്. വാക്കുകളിലൂടെയല്ല, കണ്ണീരിലൂടയാണ് അവള്‍ നമ്മോട് ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് നിര്‍ദ്ദോഷികള്‍ സഹിക്കേണ്ടിവരുന്നത്? ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ പാപ്പാ ഫ്രാന്‍സിസും വികാരാധീനനായി.  ഒന്നു നിര്‍ത്തിയിട്ട് പാപ്പാ തുടര്‍ന്നു. ഹൃദയംകൊണ്ട് ഈ ചോദ്യം, “എന്തുകൊണ്ടാണ് നിര്‍ദ്ദോഷികള്‍ സഹിക്കേണ്ടിവരുന്നത്?” എന്ന ചോദ്യം ആവര്‍ത്തിച്ചു കേള്‍ക്കുകയും, അതു കേട്ടു മനം വേദനിക്കുകയും, കരയുകയും ചെയ്യുമ്പോള്‍ മാത്രമേ, നമുക്ക് ഈ കുഞ്ഞിന്‍റെ ചോദ്യം മനസ്സിലാവുകയുള്ളൂ. എന്നിട്ട് പാപ്പാ ആവര്‍ത്തിച്ചു. നമ്മുടെ കൂടെയുള്ളവര്‍ക്കൊപ്പം അവരുടെ വേദനയില്‍ കരയാന്‍ പറ്റുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്‍റെ ശിഷ്യരായി മാറുന്നത്.

നിസംഗത പാപമാണ്!
സുവിശേഷത്തിലും ഇതുപോലെതന്നൊരു സന്ദര്‍ഭമുണ്ട്. അയ്യായിരത്തില്‍പ്പരം പുരുഷന്മാരും, അവരോടൊപ്പം സ്ത്രീകളും കുട്ടികളും വിശന്നു പൊരിഞ്ഞു നില്ക്കുമ്പോള്‍ ശിഷ്യന്മാരുടെ ഉല്‍ക്കണ്ഠ കയ്യിലിരിക്കുന്ന തുച്ഛമായ ഭക്ഷണം - അ‍ഞ്ചപ്പവും രണ്ടുമീനും ഒന്നിനും തികയില്ലല്ലോ! ഇതാണ് പ്രശ്നം! നമ്മുടെ കയ്യിലിരിക്കുന്ന തുച്ഛമായ പരിഹാരം യഥാര്‍ത്ഥ പ്രശ്നത്തിന് ഒരു പരിഹാരമാകില്ലെന്നു വരുന്നൊരു നിസ്സഹായതയാണത്!! ഇന്നത്തെ തിരുവചനം പറയുന്നത്, അപ്പോസ്തോലന്മാര്‍ 12 പേരുംകൂടെ ഒരുമിച്ചു വന്ന്, യേശുവിനോട് അവരുടെ തീരുമാനം പറയുന്നു. ഭൂരിപക്ഷമല്ല, ഏകകണ്ഠമായ തീരുമാനമാണ് അവര്‍ ഉന്നയിച്ചത്. “നമുക്ക് ജനക്കൂട്ടത്തെ പറഞ്ഞുവിടാം, വിശക്കുന്ന ജനത്തെ നമുക്കു പറഞ്ഞയക്കാം!!” ഇതാണ് ഏകകണ്ഠമായ അഭിപ്രായം!

ഭൂരിപക്ഷം ശരിയാകണമെന്നില്ല, ദൈവഹിതം തേടാം
ഇങ്ങനെ എല്ലാവരുംകൂടെ ഒരുമിച്ചു മുന്നോട്ടു വയ്ക്കുന്ന അഭിപ്രായം ഈശോ തള്ളിക്കളയുന്നു. കാരണം, അത് ദൈവഹിതം അല്ല, എന്നതു തന്നെ! അതിനാല്‍ നമ്മള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ബഹുഭൂരിപക്ഷത്തിന്‍റെയും ഏകകണ്ഠമായി  (unanimous)  എടുത്തതായാലും, തീരുമാനങ്ങള്‍ ദൈവഹിതം ആകേണ്ടതാണ്. അവ ദൈവഹിതമാണോ അല്ലയോ എന്നു നാം പരിശോധിക്കേണ്ടതാണ്! അപ്പോള്‍ എന്താണു ദൈവഹിതത്തിനു മാനദണ്ഡമെന്നു ചോദിക്കാം. അപ്പോസ്തോലന്മാരുടെ ഈ നിര്‍ദ്ദേശത്തിന് മറുപടിയായിട്ട്, അതായത് വിശക്കുന്ന ജനാവലിയോ‌ട്, പോയി ഭക്ഷണം കഴിച്ചിട്ടു വരാമെന്നു പറയാം. അവരെ പറഞ്ഞയക്കാം. മറുപടിയായിട്ട് ഈശോ പറയുന്നത് സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്, “നിങ്ങള്‍തന്നെ അവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുക,” എന്ന് (ലൂക്ക 9, 13).

ആര്‍ദ്രമായ കാരുണ്യാതിരേകം
“നിങ്ങള്‍തന്നെ അവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുക!” ഇങ്ങനെ ക്രിസ്തു പറയുമ്പോള്‍, അപ്പസ്തോലന്മാര്‍ മുന്നോട്ടുവയ്ക്കുന്ന ഒരു നിര്‍ദ്ദേശമുണ്ട്. ഞങ്ങളുടെ പക്കല്‍ അഞ്ച് അപ്പവും രണ്ടു മത്സ്യവും മാത്രമേയുള്ളൂ, എന്നാണ്. ഈ ജനാവലിക്കു മുഴുവന്‍ ഭക്ഷണം നല്കണമെങ്കില്‍ ഇത് തികയില്ലല്ലോ, ഒന്നും ആകില്ലല്ലോ!? അതായത് മുന്നില്‍ വന്നുനില്ക്കുന്ന ജനത്തിന്‍റെ പ്രശ്നം വലുത്, എന്നാല്‍ തങ്ങളുടെ കൈക്കലുള്ള പരിഹാരം ഏറെ ചെറുത്, പരിമിതം! പരിഹാരം അതിന് യോജിച്ചതല്ല.

നിത്യജീവന്‍റെ അപ്പം
കഫര്‍ണാമിലെ സിനഗോഗില്‍ ക്രിസ്തു നല്കിയ ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള പ്രബോധനം വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം രേഖപ്പെടുത്തിയിരിക്കുന്നു. “സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവന്‍റെ അപ്പം ഞാനാണ്. ഈ അപ്പം ഭക്ഷിക്കുന്നവന്‍ നിത്യമായി ജീവിക്കും. ഞാന്‍ നിങ്ങള്‍ക്കായി നല്കുന്ന അപ്പം ലോകത്തിന്‍റെ ജീവനുവേണ്ടിയുള്ള എന്‍റെ ശരീരമാകുന്നു” (യോഹ. 6, 51) തന്നെത്തന്നെ ലോകത്തിന്‍റെ ജീവനുവേണ്ടിയും, തന്നില്‍ വിശ്വസിക്കുന്നവരുടെ ആത്മീയ പോഷണത്തിനുവേണ്ടിയും നല്കുവാനുമാണ് ക്രിസ്തു മനുഷ്യാവതാരം ചെയ്തത്. അങ്ങനെ ക്രിസ്തു സമാരംഭിച്ച കൂട്ടായ്മയും സമര്‍പ്പണവുമാണ് അവിടുത്തെ അനുഗമിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നതും, ഒപ്പം സഹോദരങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെടുവാനും, ത്യാഗത്തില്‍ ജീവിതങ്ങള്‍ സമര്‍പ്പിക്കുവാനുമുള്ള പ്രചോദനം നല്കുന്നതും. ദിവ്യഗുരുവായ ക്രിസ്തു നമുക്കായി പകുത്തുനല്കുന്ന ജീവന്‍റെയപ്പം യഥാര്‍ത്ഥത്തില്‍ അവിടുത്തെ ശരീരമാണ് – അത് പരിശുദ്ധദിവ്യകാരുണ്യമാണ്. നമ്മെ സംബന്ധിച്ചിടത്തോളം അനുദിന ജീവിതയാത്രയില്‍ എല്ലാം സമര്‍പ്പിക്കുവാനും പങ്കുവയ്ക്കുവാനും കരുത്തുതരുന്ന തിരുപ്പാഥേയമാണ് പരിശുദ്ധ ദിവ്യകാരുണ്യം, ആത്മീയശക്തിയാണ് പരിശുദ്ധ കുര്‍ബ്ബാന.

രൂപാന്തരപ്പെടുത്തുന്ന ദിവ്യകാരുണ്യം
ഓരോ തവണയും നാം ദിവ്യബലിയില്‍ പങ്കെടുക്കുകയും ക്രിസ്തുവിന്‍റെ ദിവ്യശരീരത്താല്‍ പരിപോഷിതരാകയും ചെയ്യുമ്പോള്‍ നമ്മില്‍ പരിശുദ്ധാത്മാവ് നിറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്ന ദൈവാരൂപി നമ്മുടെ മനോഭാവത്തെ സുവിശേഷമൂല്യങ്ങള്‍ക്ക് അനുസൃതമായി മാറ്റിമറിക്കുന്നു. ദൈവവചനത്തോടുള്ള തുറവാണ് ഇതിന് നമുക്കാവശ്യം. കഫര്‍ണാമില്‍ അവിടുത്തെ വചനത്തോടു തുറവുകാട്ടിയവര്‍ക്കാണ് അവിടുത്തെ ദിവ്യസാന്നിദ്ധ്യം അത്ഭുതകരമാംവിധം അനുഭവവേദ്യമായതും ആത്മീയഭോജനമായതും. ക്രിസ്തുവിനോടും അവിടുത്തെ വചനത്തോടുമുള്ള തുറവ് നമ്മില്‍ സ്നേഹവും സാഹോദര്യവും വളര്‍ത്തും. ക്രിസ്തുവിനു സാക്ഷൃംവഹിക്കുവാനും, അവിടുത്തോടു വിശ്വസ്തരായി ജീവിക്കാനുമുള്ള ധൈര്യവും കരുത്തും അതു നല്കും.  ദിവ്യകാരുണ്യശക്തിയില്‍ ജീവിക്കുന്നവര്‍ ആരെയും ആകര്‍ഷിക്കുന്ന സ്നേഹത്തിന്‍റെ ഉടമകളായിത്തീരുന്നു, ആശയറ്റവര്‍ക്ക് പ്രത്യാശ പകരാനുള്ള കരുത്തും, പരിത്യക്തരെ ഉള്‍ക്കൊള്ളുവാനുള്ള കഴിവും അതു നമുക്കു നല്കുന്നു. അങ്ങനെ ദിവ്യകാരുണ്യം നമ്മെ പക്വമാര്‍ന്ന ക്രിസ്തീയ സ്നേഹത്തിലെത്തിക്കുന്നു.

അളവുകളില്ലാത്ത സ്നേഹം അതിരുകളില്ലാത്തതും!
ദിവ്യകാരുണ്യനാഥനായ ക്രിസ്തുവിനെ തുറവോടെ സ്വീകരിക്കുന്നവരില്‍ അത് മാറ്റങ്ങളുണ്ടാക്കുന്നു. അത് അവരെ രൂപാന്തരപ്പെടുത്തുന്നു, മറ്റുള്ളവരെ സ്നേഹിക്കാനുള്ള കഴിവു അവര്‍ക്കു നല്കുന്നു. എന്നാല്‍ അത് നല്കപ്പെടുന്നത് മാനുഷികമായ തോതിലല്ല, അളവും അതിരുമില്ലാത്ത ദൈവിക സമ്പന്നതയിലാണ്. ദൈവത്തിന്‍റെ മാനദണ്ഡം കലവറയില്ലാത്തതാണ്, അളവുകളില്ലാത്തതാണ്. ദൈവസ്നേഹം നമ്മിലുണ്ടെങ്കില്‍, സ്നേഹിക്കാത്തവരെപ്പോലും, ശത്രുക്കളെപ്പോലും സ്നേഹിക്കുവാനും അവരെ സേവിക്കുവാനുമുള്ള കരുത്തും കഴിവും നല്ല മനസ്സും നമുക്കു ലഭിക്കും!

ദൈവസ്നേഹം നമ്മില്‍ വളര്‍ത്തുന്ന മനുഷ്യസ്നേഹം
ദൈവസ്നേഹത്തിന്‍റെ അനുഭവമുള്ളവര്‍ക്കാണ് തങ്ങളെ സ്നേഹിക്കാത്തവരെപ്പോലും സ്നേഹിക്കുവാനുള്ള കരുത്തും കഴിവും ലഭിക്കുന്നത്. അവര്‍ക്ക് തിന്മയെ നന്മകൊണ്ടു നേരിടുവാനും, മറ്റുള്ളവരോടു ക്ഷമിക്കുവാനും, പങ്കുവയ്ക്കുവാനും, എല്ലാം ഉള്‍ക്കൊള്ളുവാനുമുള്ള കരുത്തു ലഭിക്കുന്നു. സഹോദരങ്ങള്‍ക്കായി മുറിക്കപ്പെടുവാനും, പങ്കുവയ്ക്കുവാനും അതവരെ പ്രാപ്തരാക്കുന്നു. ഈ അത്യപൂര്‍വ്വ സ്നേഹത്തിന് ക്രിസ്തുവിനോടും അവിടുത്തെ അരൂപിയോടും എന്നും നന്ദിയുള്ളവരായിരിക്കാം. ജീവിതത്തില്‍ യഥാര്‍ത്ഥ സന്തോഷം നമുക്കു ലഭിക്കുന്നത് ഇങ്ങനെയാണ്!

സഹോദരങ്ങള്‍ക്കായ് മുറിക്കപ്പെടുന്ന സ്നേഹം
നാം അര്‍ഹിക്കുന്നില്ലെങ്കിലും, ദൈവം തന്‍റെ സ്നേഹം നമുക്കായ് വാരിക്കോരിത്തരുന്നു. അവിടുന്നു നിര്‍ലോഭമായി നല്കുന്ന സ്നേഹത്തിനുള്ള പ്രതിസ്നേഹമായിരിക്കണം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന സഹോദരസ്നേഹം. അങ്ങനെയാണ് നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കുള്ള സമ്മാനവും സമര്‍പ്പണവുമാകുന്നത്. ദിവ്യകാരുണ്യത്തില്‍നിന്നും ലഭിക്കുന്ന ദൈവസ്നേഹത്താല്‍ നിറഞ്ഞ്, സഹോദരങ്ങള്‍ക്കായി നമ്മെ സമര്‍പ്പിക്കുന്ന അവസ്ഥയാണത്. അങ്ങനെ ദിവ്യകാരുണ്യനാഥന്‍റെ പിന്‍ബലത്തോടെ നേരായ പാതയില്‍ സഹോദരങ്ങള്‍ക്കൊപ്പം ചരിക്കുമ്പോഴാണ്, നമ്മുടെ ജീവിതങ്ങള്‍ ദൈവസ്നേഹത്തിന്‍റെ ദാനമായി മാറുന്നത്. അങ്ങനെ സാഹോദര്യത്തില്‍ വളരാനും, സഹോദരങ്ങള്‍ക്കായ് മുറിക്കപ്പെടാനുമുള്ള സ്വയാര്‍പ്പണത്തിന്‍റെ അരൂപി ഈ ദിവ്യകാരുണ്യമഹോത്സവം നമ്മില്‍ വളര്‍ത്തട്ടെ, അതു നമ്മില്‍ വിരിയിക്കട്ടെ!!

ഗാനമാലപിച്ചത് കെ. എസ്. ചിത്രയും സംഘവുമാണ്. രചന ഫാദര്‍ ജോസഫ് മനക്കില്‍, സംഗീതം ജെറി അമല്‍ദേവ്.

 ശീര്‍ഷകത്തിന്‍റെ ചിത്രത്തെക്കുറിച്ച്
ഇക്കഴിഞ്ഞ ജൂണ്‍ 15-ന് അന്തരിച്ച വിശ്വത്തര ചലച്ചിത്ര സംവിധായകന്‍ ഫ്രാങ്കോ സെഫിറേല്ലിയുടെ ഓര്‍മ്മയുണര്‍ത്തുന്നതാണ് ക്രിസ്തുവിന്‍റെ വേഷമിട്ട ബ്രിട്ടിഷ് നടന്‍, റോബര്‍ട്ട് പവ്വല്‍. സെഫിറേല്ലിയുടെ "നസ്രായനായ യേശു," Jesus of Nazareth (1977) എന്ന ടെലിവിഷന്‍ സീരിയല്‍ ചിത്രത്തില്‍ ക്രിസ്തുവായ മകവുറ്റ നടനാണ് റോബര്‍ട്ട് പവ്വല്‍. അഭ്രപാളിയില്‍ പകര്‍ത്തപ്പെട്ടിട്ടുള്ള ക്രിസ്തുവിന്‍റെ ദൃശ്യബിംബങ്ങളില്‍ ഏറ്റവും മനോഹരവും ഭാവാത്മകവും ആത്മീയവുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത് “മയേസ്ത്രോ” (Maestro) ഫ്രാങ്കോ സെഫിറേല്ലിയുടെ തിരഞ്ഞെടുപ്പായ നടന്‍, റോബര്‍ട്ട് പവ്വല്‍തന്നെ!

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് പരിശുദ്ധ കുര്‍ബ്ബാനയുടെ മഹോത്സവത്തിലെ സുവിശേഷ വിചിന്തനമാണ്. ചിന്തകള്‍ പങ്കുവച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍
 

22 June 2019, 12:32