തിരയുക

Vatican News
 Franco Zeffirelli - doyen of classical films Franco Zeffirelli - doyen of classical films 

ഫ്രാങ്കോ സെഫിറേല്ലിക്ക് അന്ത്യാഞ്ജലി!

ക്ലാസിക്കല്‍ ചിത്രങ്ങളുടെ ആചാര്യന്‍ ഫ്രാങ്കോ സെഫിറേല്ലി റോമില്‍ ജൂണ്‍ 15-ന് ശനിയാഴ്ച അന്തരിച്ചു. 18-ന് ചൊവ്വാഴ്ച ജന്മനാടായ ഫ്ലോറന്‍സില്‍ സംസ്ക്കരിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

റോമിലെ ഭവനത്തില്‍ ശാന്തനായി അന്തരിച്ചു
ജൂണ്‍ 15- Ɔο തിയതി ശനിയാഴ്ചയാണ് വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ 96-Ɔമത്തെ വയസ്സില്‍ റോമില്‍ ‘വിയ ആപ്പിയ’യിലുള്ള (Via Appia) ഭവനത്തില്‍ സെഫിറേല്ലി ശാന്തമായി മരണമടഞ്ഞത്. 1923 ഫെബ്രുവരി 12-ന് ഫ്ലോറന്‍സിലാണ് ജനിച്ചത്. അന്തിമോപചാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച, ജൂണ്‍ 18-ന് പ്രാദേശിക സമയം രാവിലെ 11-ന് ഫ്ലോറന്‍സ് കത്തീഡ്രല്‍ ദേവാലയത്തിലാണ് നടന്നത്. അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ജുസേപ്പെ ബത്തോരി മുഖ്യകാര്‍മ്മികനായിരുന്നു. ഭൗതികശേഷിപ്പുകള്‍ ഫ്ലോറന്‍സിലെ പോര്‍ത്തെ സാന്തി സിമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്ക്കരിച്ചു.

റോമാനഗരത്തിന്‍റെ ആദരാഞ്ജലി
ഞായറാഴ്ച റോമിലെ വസതിയില്‍ ആയിരങ്ങള്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഇറ്റലിയില്‍ ബര്‍ലിസ്കോണി സര്‍ക്കാരിന്‍റെ കാലത്ത് ഭരണപക്ഷത്ത് രണ്ടു ഊഴം സെനറ്റ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സെഫിറേല്ലിക്ക് തിങ്കളാഴ്ച റോമാനഗരവും അന്ത്യാജ്ഞലി അര്‍പ്പിച്ചു. ചൊവ്വാഴ്ച, ജൂണ്‍ 18-നു രാവിലെ അന്തിമോപചാര ശുശ്രൂഷകള്‍ക്കായി സെഫിറേല്ലിയുടെ ഭൗതിക ശേഷിപ്പുകള്‍ ജന്മനാടായ ഫ്ലോറന്‍സിലേയ്ക്കു കൊണ്ടുപോയി.

ഫ്ലോറന്‍സിനെ സ്നേഹിച്ച സെഫിറേല്ലി
നഗരപ്രാന്തത്തില്‍ ജനിച്ച സെഫിറേലി വളര്‍ന്നതും പഠിച്ചതും, തുടര്‍ന്ന് ലളിതകലയിലും വാസ്തുശില്പ കലയിലും ഉന്നതവിദ്യാഭ്യാസം നടത്തിയതും കലകളുടെയും സംസ്ക്കാരങ്ങളുടെയും ഈറ്റില്ലമായ ഫ്ലോറന്‍സിലായിരുന്നു. ആഗോളനിലവാരമുള്ള സംഗീതനാടകങ്ങളും (Opera), ക്ലാസിക്കല്‍ ചലച്ചിത്രങ്ങളുമാണ് സെഫറേല്ലിയെ പ്രശസ്തനാക്കിയത്. ലോക ചലച്ചിത്രവേദിയിലെ അതികായനായ സംവിധായകനും നിര്‍മ്മാതാവുമായിരുന്നു ഇറ്റലിയുടെ ഫ്രാങ്കോ സെഫിറേല്ലി.

സംഗീതനാടവും സിനിമയും ഒരുപോലെ സ്വന്തമാക്കിയ സംവിധായകന്‍
ഷെയിക്സ്പീറിന്‍റെയും മറ്റു പ്രശസ്ത ഗ്രന്ഥകര്‍ത്താക്കളുടെയും ക്ലാസിക്കല്‍ രചനകള്‍ സാധാരണ ജനതകള്‍ക്ക് ആസ്വാദ്യമാംവിധം അഭ്രപാളികളിലേയ്ക്കു ആദ്യമായി പകര്‍ത്തിയത് സെഫിറേല്ലിയാണ്. റോമ്യോയും ജൂലിയറ്റും Romeo & Juliet (1968), അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ജീവചരിത്രം, Brother Sun & Sister Moon (1972), വിശുദ്ധ ലൂക്കായുടെ സുവിശേഷത്തെ ആധാരമാക്കി ടെലിവിഷന്‍ സീരിയലായി നിര്‍മ്മിച്ച 7 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യേശുവിന്‍റെ ജീവിതം, “ജീസസ് ഓഫ് നാസറത്ത്” Jesus of Nazareth. ക്രിസ്തുവിന്‍റെ ജനനംമുതല്‍ മരണോത്ഥാന രംഗങ്ങള്‍വരെ ചിത്രീകരിച്ച മെഗാസിനിമയായിരുന്നു ഇത് (1977). സില്‍വസ്റ്റര്‍ സ്റ്റാലിയോണിനെ മുഖ്യകഥാപാത്രമായി നിര്‍മ്മിച്ച കുടുംബങ്ങള്‍ക്കുള്ള ചലച്ചിത്രം, ദി ചാമ്പ് The Champ (1979), അസ്തമിക്കാത്ത സ്നേഹം Endless Love (1981), റിച്ചര്‍ഡ് ബര്‍ട്ടണെയും എലിസബത്ത് ടെയിലറെയും മുഖ്യകഥാപാത്രങ്ങളാക്കി നിര്‍മ്മിച്ച ജെയിന്‍ ഏര്‍ Jane Eyre (1999), എന്നിങ്ങനെ ശ്രദ്ധേയമായ രണ്ടു ‘ഡസനോളം’ ചലച്ചിത്രങ്ങളും, അത്രത്തോളംതന്നെ ശ്രദ്ധേയമായ സംഗീതനാടകങ്ങളും (Operas) സെഫിറേല്ലി സംവിധാനചെയ്തു ലോകത്തിനു നല്കി. വിഷയങ്ങളുടെ അവതരണശൈലിയും, സംവിധാനത്തിന്‍റെ തനിമയും സൂക്ഷ്മതയുംകൊണ്ട് സെഫിറേല്ലിയുടെ ചിത്രങ്ങളും സംഗീതനാടകങ്ങളും വന്‍വിജയമായിരുന്നു.

ഫ്രാങ്കോ സെഫിറേല്ലിയുടെ ഉജ്ജ്വലസൃഷ്ടി
ബ്രിട്ടിഷ് നടന്‍, റോബര്‍ട്ട് പവ്വലിനെ ക്രിസ്തുവിന്‍റെ വേഷമിടിയിച്ചും, മറ്റു വിശ്വത്തര നടന്മാരുടെയും നടിമാരുടെയും വന്‍നിരയെ കോര്‍ത്തിണക്കിയും സൃഷ്ടിച്ച “നസ്രായനായ യേശു” Jesus of Nazareth സെഫിറേല്ലിയുടെ Magnum Opus, ഉജ്ജ്വലസൃഷ്ടിയായി ഇന്നും ലോകം അംഗീകരിക്കുന്നു. ക്രിസ്തുവിന്‍റെ ജീവിതചിത്രീകരണത്തിന്‍റെ കറയറ്റരൂപമായും ഇതിനെ സിനിമാലോകത്തെ വിദഗ്ദ്ധര്‍ അംഗീകരിക്കുന്നു.

ദൃശ്യ-ശ്രാവ്യമാധ്യമ ലോകത്തെ അതുല്യനായ ആചാര്യന് അന്ത്യാ‍ഞ്ജലി!
 

18 June 2019, 19:45