തിരയുക

ഈശോയുടെ തിരുഹൃദയം ഈശോയുടെ തിരുഹൃദയം 

തിരുഹൃദയ ഭക്തി -ജൂൺ മാസത്തിന്‍റെ സൗന്ദര്യം

തിരുഹൃദയത്തെ കുറിച്ചുള്ള ധ്യാനചിന്തകള്‍.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തിരുഹൃദയ വണക്കമാസം

പ്രിയ ശ്രോതാക്കളെ,  ജൂണ്‍ മാസം തിരുഹൃദയനാഥനോടുള്ള വണക്കമാസമെന്നാണ് കത്തോലിക്കാ വിശ്വാസികൾ വിളിക്കുന്നത്. തിരുഹൃദയ ഭക്തി ആരംഭിക്കുന്നത് 1672 ലാണ്. ഫ്രാൻസില്‍  വിസിറ്റേഷൻ  സന്യാസിനി സഭാംഗമായ മാര്‍ഗ്രേറ്റ് മരിയ അലക്കോക്ക് എന്ന സന്യാസിനിക്ക്  പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് യേശു തന്‍റെ തിരുഹൃദയത്തോടുള്ള ഭക്തിയെ കുറിച്ച് വിശദീകരിക്കുന്നത്. വളരെ പ്രധാനമായി യേശു  അവളോടു  ആവശ്യപ്പെട്ടത് തന്‍റെ  മാംസളമായ ഹൃദയത്തിന്‍റെ പ്രതീകത്തിൽ  തന്നെ ബഹുമാനിക്കുവാനും, ആ ഭക്തിയുടെ മറ്റു രൂപമായി പ്രായശ്ചിത്ത പ്രവർത്തികൾ ചെയ്യുവാനും തുടർച്ചയായുള്ള വിശുദ്ധ കുർബ്ബാന സ്വീകരണത്തെ കുറിച്ചും, ആദ്യ വെള്ളിയാഴ്ചയിലെ പരിശുദ്ധ കുർബ്ബാനയുടെ ആരാധനയെ കുറിച്ചും പങ്കുവച്ചു. ക്രിസ്തുവിന്‍റെ മാംസളമായ ഹൃദയത്തെ സൂചിപ്പിക്കുന്ന അവിടുത്തെ സ്നേഹത്തെയും മനസ്സിലാക്കി കൊണ്ട് യേശുവിന്‍റെ തിരുഹൃദയത്തിലേക്കു ഒന്ന് നോക്കിയാൽ ആ ചിത്രത്തില്‍ നമുക്ക് കാണാവുന്ന കുറെപ്രത്യേകതകളുണ്ട്.

കുന്തം തറയ്ക്കപ്പെട്ട, മുള്ളുകൾ കൊണ്ട് ചുറ്റപ്പെട്ട, കുരിശു നാട്ടിയ, കത്തി ജ്വലിക്കുന്നതുമായ ഹൃദയം

ഒന്നാമതായി,ഈശോയുടെ തിരുഹൃദയം കുന്തത്താൽ കുത്തിതുറക്കപ്പെട്ട ഹൃദയമാണ്. ആ തുറക്കപ്പെട്ട ഹൃദയത്തിൽ ഈശോയുടെ നമ്മോടുള്ള സ്നേഹത്തെ കാണുവാൻ കഴിയും. നമുക്ക് വേണ്ടി അവസാവനത്തുള്ളി രക്തം വരെ ചിന്തിയതിനു ശേഷമാണു ആ ഹൃദയം നിശ്ചലമായത്. സ്നേഹത്തിന്‍റെ ഏറ്റവും വലിയ പ്രതീകമാണ്. രണ്ടാമതായിതിരുഹൃദയത്തെ ചുറ്റി നിൽക്കുന്ന മുള്ളുകൾ ജീവിക്കുന്ന ഹൃദയത്തിനു വേദന നൽകുന്നു. നാം ചെയ്യുന്ന ഓരോ പാപങ്ങളും തുടിക്കുന്ന ഹൃദയത്തെ ചുറ്റി നിൽക്കുന്ന മുള്ളുകൾ വേദനിപ്പിക്കാൻ കാരണമാക്കുന്നു. മൂന്നാമതായി  അത് കുരിശു നാട്ടിയ ഹൃദയമാണ്. സ്നേഹത്തിനു വേണ്ടി എന്ത് സഹനവും ഏറ്റെടുക്കാൻ തയ്യാറായ സ്വന്തം ജീവൻ പ്പോലും ബലികഴിക്കവാന്‍ തയ്യാറായ ഒരു വ്യക്തിയുടെ പ്രതീകമായിട്ടാണ് ആ ഹൃദയത്തെ നമ്മുടെ മുന്നിൽ വയ്ക്കുന്നത്. നമുക്കൊരോർത്തർക്കും  വേണ്ടി ജീവൻ ബലികഴിച്ച സ്നേഹത്തിന്‍റെ പ്രതീകമാണ് ആ കുരിശു. നാലാമതായി ജ്വലിക്കുന്ന തീനാളങ്ങൾ വഹിക്കുന്ന ഹൃദയമാണത്. സ്നേഹത്തിന്‍റെ തീകത്തി നിൽക്കുന്ന പ്രതീകം.  കെടാത്ത സ്നേഹത്തിന്‍റെ അഗ്നി,  നമ്മെയെല്ലാം സ്നേഹത്തിന്‍റെ ചൂട് പിടിപ്പിച്ചു നമുക്ക് ചൂടുപകരുന്ന സ്നേഹത്തി ന്‍റെ ഉറവ അതിലുണ്ട്.

തിരുഹൃദയത്തണലിൽ

“മറിയം എല്ലാവരും നിന്നെ അവർക്കായി സ്നേഹിച്ചു. ഞാൻ നിന്നെ നിനക്കായി സ്നേഹിക്കുന്നു”.  ഒരിക്കല്‍ തന്‍റെ ഹൃദയത്തിൽ പതിഞ്ഞ ശബ്ദം മറിയത്തെ മനസ്സിലാക്കിപ്പിച്ചത് ഒന്നുമാത്രം. എന്നെപ്രതി എന്നെ സ്നേഹിക്കുന്നവൻ. പിന്നെ ഒന്നും അവൾ മറച്ചുവെച്ചില്ല. കരയുകയായിരുന്നു. പ്രതികാരത്തിന്‍റെ കല്ലുകളേന്തി വിധി കാത്തു നിൽക്കുന്നവരുടെ കൂട്ടത്തിൽ കരഞ്ഞുകൊണ്ട് നിരത്തിലൂടെ അവൾ ഇഴഞ്ഞുനീങ്ങി. അവളുടെ ഹ്യദയനൊമ്പരങ്ങളെ മനസ്സിലാക്കിയ ഗുരുവിന് അവളെ വിധിക്കാനായില്ല. കല്ലെറിയുവാന്‍ യോഗ്യത പത്രം ആർക്കും കൈയിലില്ല എന്ന് പറഞ്ഞ് അവരെയൊക്കെ പറഞ്ഞുവിട്ടു. ഭാരമുള്ള കല്ലുകളെ പാതിവഴിയിലിട്ട്  അവര്‍ സ്ഥലം വിട്ടു. അങ്ങനെ ഗുരു അവളുടെ ഹൃദയത്തിൽ നിത്യമായി ചേക്കേറി. ആ ബന്ധത്തിന്‍റെ വിശുദ്ധി കല്ലറവാതിലില്‍ കല്ലുരുട്ടി മാറ്റപ്പെട്ടിട്ടും എല്ലാം മറന്നു പാഞ്ഞോടുവാനാണ് അവളെ പ്രേരിപ്പിച്ചത്. ഉത്ഥിതനെ കണികാണുവാനോടിയ ആ സ്ത്രീ ആരായിരുന്നു? മഗ്ദലേനാക്കാരി മറിയം എന്നായിരുന്നു അവളുടെ പേര്.

ജീവൻ നൽകുവോളം സ്നേഹത്തെ വിശുദ്ധീകരിച്ചവൻ ഹൃദയം പിളർന്നു നൽകിക്കൊണ്ട് പറഞ്ഞു “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം”. ഭാരപ്പെടുത്തുന്നതൊന്നും പ്രിയപ്പെട്ടവർക്ക് നല്‍ക്കാതെ സ്വയം ഏറ്റെടുക്കാൻ കഴിയുന്നത് തിരുഹൃദയത്തിന് മാത്രമാണ്. കുത്തി തുറക്കപ്പെട്ട ഹൃദയത്തില്‍ അവൻ മനുഷ്യ സങ്കടങ്ങളെ മുഴുവൻ ചേർത്തുവച്ചു. ആർക്കും തകർക്കാനാവാത്ത വിധം സ്നേഹത്തെ അവൻ ബലപ്പെടുത്തി.തിരുഹൃദയം സ്നേഹിക്കാനും, ക്ഷമിക്കാനും, വീണ്ടും വീണ്ടും ചേർത്ത​ണയ്ക്കാനും, കാത്തിരിക്കാനും, കഴിയുന്ന ഹൃദയമാണ്. സ്നേഹിച്ചതിന്‍റെ പേരിൽ മുറിവുകളും, മുറിപ്പാടുകളും ഏറ്റെടുത്തുകൊണ്ട് മാനവകുലത്തിന് ജീവൻ നൽകുന്ന ഹൃദയം. ഹൃദയം സ്നേഹത്തിന്‍റെ ചിഹ്നമാണ്. ത്യാഗത്തിന്‍റെ മുദ്രകൾ പതിച്ച് ഹൃദയസ്പന്ദനങ്ങൾ അതില്‍ നൃത്തം ചെയ്യുന്നു.

സ്വയം മുറിയപ്പെടുന്ന തിരുഹൃദയം

എനിക്കുള്ളത് എനിക്കും നിനക്കുള്ളത് നിനക്കുമെന്ന് പറയുന്ന ലോകത്തിന്‍റെ നിര്‍വചനങ്ങൾക്കപ്പുറത്ത് എന്‍റെതും കൂടി നിന്‍റെതാണെന്ന് പറഞ്ഞുകൊണ്ട് നിരന്തരം സ്നേഹിക്കുന്ന ഹൃദയമാണ് തിരുഹൃദയം. നമുക്കിന്ന് നഷ്ടമായത് സ്നേഹിക്കുന്ന ഹൃദയമാണ്. വിതയ്ക്കാത്തിടത്തു നിന്നും ശേഖരിക്കാനും, വിതറാത്തിടത്തു നിന്നും കൊയ്യാനും ആഗ്രഹിക്കുന്നവരാണ് ഇന്നിന്‍റെ മക്കൾ. ശുദ്ധതയില്ലാത്ത സ്നേഹബന്ധങ്ങളുടെ ശൂന്യതയിലേക്കാണ് നാമൊക്കെ ഇന്ന് യാത്ര ചെയ്യുന്നത്. സ്നേഹത്തിന്‍റെ നേര്‍രേഖകളില്‍ നിന്നും വ്യതിചലിച്ച് കപടതയുടെ പൊയ്മുഖങ്ങളണിഞ്ഞ് ഹൃദയത്തിൽ വഞ്ചന നിറച്ച് വഞ്ചനയുടെ ചുംബനം നൽകി സ്നേഹം അതിന്‍റെ അഗാധതയെ നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നു. ‌ഹൃദയം മലിനമാക്കപ്പെടുന്നത് എപ്പോഴാണ്?  ഉള്ളില്‍ നിന്നും പുറത്തേക്കു വരുന്നതാണ് ഒരുവന്‍റെ ഹൃദയത്തെമലിനമാക്കുന്നതെന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. എങ്കിൽ നമ്മുടെ തിന്മകളുടെ ജീവിതം  വഞ്ചനയില്‍ സ്നാനം ചെയ്യപ്പെട്ടിരിക്കുന്നോവെന്ന് സ്വയം ചോദിക്കണം. പരിഹാസങ്ങളുടെയും,പടയാളികളുടെയും അകമ്പടിയോടെ കാൽവരിയെ നോക്കി നീങ്ങുമ്പോൾ  ആർക്കും വേണ്ടാത്തവനായി ലോകത്തിനുവേണ്ടി ബലിയാക്കപ്പെടുന്ന കുഞ്ഞാടാണെന്നറിഞ്ഞിട്ടും “പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോടു ക്ഷമിക്കണമേ” എന്ന പ്രാർത്ഥനയല്ലാതെ മറ്റൊന്നും അവന്‍റെ ഹൃദയത്തിൽ നിന്നും ഉയർന്നില്ല. കാരണം ക്രിസ്തുവിന്‍റെ ഹൃദയത്തിൽ നിറഞ്ഞുനിന്നത് അലിവിന്‍റെയും, ആർദ്രതയുടെയും അരുവിയായിരുന്നു.

ക്രൂരതകളുടെ ലോകത്തിൽ നന്മയുടെ  ഹൃദയമുള്ള മനുഷ്യർ

ഇന്ന് നിസ്സാര സന്തോഷങ്ങളെ പ്രതി പ്രിയപ്പെട്ടതിനെയൊക്കെ വിട്ടുകൊടുക്കാനും പ്രിയമുള്ള പലതിനെയും ഇട്ടുകൊടുക്കാനും നാം പലതിനെയും ഇരയാക്കിക്കൊണ്ടിരിക്കുന്നു. അപരന്‍റെ നേട്ടത്തിൽ ഹൃദയം കൊണ്ട് സന്തോഷിക്കുവാനോ, ആനന്ദിക്കുവാനോ ഇന്നത്തെ ലോകത്തിനു കഴിയുന്നില്ല. ദുരന്ത ഭൂമിയിലൂടെ ഒരുമിച്ച് നാം യാത്രയിലായിരിക്കുന്നു. പരസ്പരം ഭിന്നിച്ചും കലഹിച്ചും വ്യത്യസ്ഥ മുഖംമൂടികൾ ധരിച്ചുമാണ് നമ്മുടെയൊക്കെ യാത്ര. അമ്മയുടെ ഹൃദയം ഒരിക്കലും മക്കളോടുള്ള സ്നേഹത്തിന് മാലിന്യം കലര്‍ത്തിയിട്ടില്ലാത്ത ലോകത്തിൽനിന്നും ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന ഉദരത്തെ കൊലകളമാക്കുന്ന ജീവിതരീതിയിലേക്ക് മാതൃഹ്യദയം പോലും തരംതാഴ്ത്തപെട്ടിരിക്കുന്നു. ജീവിതത്തിന്‍റെ സായാഹ്നം വരെ സന്തോഷത്തിലും സന്താപത്തിലും കൊണ്ട് നടക്കേണ്ട ജീവിതപങ്കാളിയെ സംശയത്തിന്‍റെയും, സമ്പത്തിന്‍റെയും, സ്വാർത്ഥതയുടെയും പേരിൽ ചുട്ടുകരിക്കാനും, കുഴിച്ചുമൂടാനും ധൈര്യപ്പെടുന്ന സമൂഹത്തിൽ മനുഷ്യന്‍റെ കരുണയുടെ നനവാർന്ന ഹൃദയം എന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് ദുഃഖഭാരത്തോടെയായിരിക്കാൻ കാരണങ്ങളുണ്ടെങ്കിലും ഏകമകന്‍റെ  അകാലമരണത്തിന് വേദനയോടെ സാക്ഷിയാകേണ്ടി വന്നപ്പോൾ പോലും മകന്‍റെ അവയവങ്ങളെ ദാനം നൽകി ലോകത്തിന്‍റെ മുന്നിൽ നന്മയുടെ ഹൃദയവുമായി ജീവിക്കുന്ന മനുഷ്യർ ഇന്നും ഈ ലോകത്തിൽ നിശബ്ദതാരായി നടന്നു നീങ്ങുന്നത് കൊണ്ടാവണം ഭൂമിക്കു അന്ത്യം വരുത്താതെ നീതിമാന്മാരുടെ ജീവിതത്തെ പ്രതി ഈ ഭൂമിയെ ദൈവം നിൻലനിർത്തുന്നുവെന്ന് വിശ്വസിക്കാം.

ചീഞ്ഞളിഞ്ഞ കുപ്പമേടുകളിൽ നിന്നും ജീവന്‍റെ തുടിപ്പ് തിരിച്ചറിഞ്ഞ മദർതെരേസയും, ഒട്ടിയ വയറിനു അപ്പം നൽകാൻ തന്നെ അടിമയായി വിൽക്കാൻ ധൈര്യപ്പെട്ട മാർട്ടിൻ ഡി പോറസും, സ്വന്തം ജീവനേക്കാൾ ഒരു പ്രാവിന്‍റെ  ജീവന് വില നൽകിയ വിൻസെന്‍റ് ഡി പോളും, ഒരു കുടുംബത്തിന്‍റെ നിലവിളിക്കുത്തരമായി സ്വന്തം ജീവൻ നൽകി കുടുംബനാഥനെ രക്ഷപ്പെടുത്തിയ മാക്സിമില്യൻ കോൾബെയും ജീവിച്ച ഈ ഭൂമി വിശുദ്ധരക്തത്തിന്‍റെ നനവുമായി ഹൃദയമുള്ള മനുഷ്യരെ ഇന്ന് കാത്തിരിക്കുന്നു. ഹൃദയമുള്ള മനുഷ്യരെ തേടിയുള്ള തിരച്ചലിൽ  ഈ ഭൂമിക്ക് നമ്മെ കണ്ടെത്താൻ കഴിയുമോ? നമുക്ക് ഹൃദയം കൊണ്ടു ലോകത്തെ സ്നേഹിക്കാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ട്?

തിരുഹൃദയസ്പന്ദനങ്ങൾ നമ്മിൽ യാതൊരു ഇളക്കവും തട്ടാതെ കടന്നുപോകുന്നത് കൊണ്ടാണോ? ഒറ്റയ്ക്കിരിക്കുമ്പോഴും ഒരു കൂട്ടത്തിലായിരിക്കുമ്പോഴും തിരുഹൃദയം മന്ത്രിക്കുന്നത് തിരിച്ചറിയാൻ, ശ്രവിക്കാൻ നമുക്ക് നമ്മുടെ ഹൃദയത്തെ  തിരുഹൃദയനാഥനിലേക്കു തുറന്നിടാം.

ഏകാന്തതയുടെ പരിഹാരമാണ് തിരുഹൃദയം

ഈ ലോകത്തിന്‍റെ സന്തോഷവും, സ്വാതന്ത്ര്യവും, സംരക്ഷണവും നമുക്കന്യമാകുമ്പോൾ, സ്വന്തം വ്യക്തിബന്ധങ്ങൾ വിട്ട്പോകുമ്പോൾ, തെറ്റ്ദ്ധാരണയുടെയും, കുറ്റാരോപണങ്ങളുടെയും കോടതിയില്‍ നിറുത്തി ചോദ്യമുയർത്തി  നീറ്റലനുഭവിക്കുമ്പോൾ, മുന്‍വിധിയുടെ വാൾമുനയിൽ വ്യക്തിത്വം വച്ച് നീട്ടപ്പെടുമ്പോൾ വിജനമായി തീരുന്ന ജീവിതത്തെ വിളയുന്ന നിലമാക്കി തീർക്കാന്‍ തിരുഹൃദയത്തണലിൽ നമുക്കായിരിക്കാം.

സ്നേഹത്തിന്‍റെതണലേറ്റ്, കാരുണ്യത്തിന്‍റെ തെന്നലേറ്റ്, സാന്ത്വനത്തിന്‍റെ കരമേറ്റ് തിരുചോരയുടെ നനവേറ്റ് ചാഞ്ഞുറങ്ങാന്‍ നമുക്ക് ക്രിസ്തുവിന്‍റെ തിരുഹൃദയം മാത്രമേയുള്ളൂ എന്ന് ഓർക്കുവാൻ, അനുഭവിക്കാൻ മറക്കരുത്. നമുക്ക് വേണ്ടി നിരന്തരം തുടുക്കുന്ന ഹൃദയത്തിന് നമ്മുടെ ജീവിതംകൊണ്ട് മുറിവുകൾ നൽകാതിരിക്കാനും നമുക്ക് കഴിയണം. “കഷ്ടതയുടെ അപ്പവും ക്ലേശത്തിന്‍റെജലവും തന്നാലും നിന്‍റെ ഗുരുവിന്‍റെ നയനങ്ങൾ നിന്നിൽ നിന്നും മറഞ്ഞിരിക്കുകയില്ല”. (30:20) ഏശയ്യാ പ്രവാചകനിലൂടെ ദൈവം നമ്മോടു പറയുന്ന സ്നേഹ ശബ്ദം നമുക്ക് ആശ്വാസം പകരുന്നില്ലേ. മുള്‍കിരീടം ചുറ്റി മുറിവും പേറി നിനമുണങ്ങാത്ത സ്നേഹത്താൽ ജ്വലിക്കുന്ന ഹൃദയം എന്നും നമ്മെ കാത്തിരിക്കുന്നു. അമ്മയെക്കാൾ കൂടുതൽ മടങ്ങ് തീവ്രമായ സ്നേഹത്തോടെ കണ്ണിലെ കൃഷ്ണമണിപോലെ കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ ഒതുക്കുന്നത് പോലെ ക്രിസ്തു നമ്മെ തന്‍റെ ക്രിസ്തു തിരുഹൃദയത്തിൽ സൂക്ഷിക്കുന്നു. തിരുഹൃദയത്തണലിൽ ജീവിതത്തെ തുടങ്ങാനാവണം. സ്നേഹത്തിന്‍റെ സുവിശേഷം പ്രഘോഷിക്കുന്ന ശാന്തമായ ജീവിതത്തിന്‍റെ ചൈതന്യം ഉൾക്കൊള്ളാൻ ബഹളങ്ങളിൽ നിന്നും ഓടിയകലണം.

വ്യക്തി സത്തയുടെ താഴ്വാരങ്ങളിൽ നിന്നും ധ്യാനാത്മകതയുടെ മലമുകളിലേക്ക് നമുക്കുയരാന്‍ തിരുഹൃദയസ്പന്ദനങ്ങൾ നമ്മുടെ പാദങ്ങൾക്ക് മുദ്ര നൽകട്ടെ. ആ മുദ്രകളെ മുതൽക്കൂട്ടായി കൈകൊണ്ട്  ദൈവത്തിന്‍റെ  മുന്നിൽ  ദാവീദിനെപോലെ എല്ലാം മറന്ന് നൃത്തച്ചുവടുകൾ വയ്ക്കാന്‍ നാമൊക്കെ ആത്മാവിനാല്‍ സ്നാനം ചെയ്യപ്പെടേണ്ടതായിട്ടുണ്ട്.

തിരുഹൃദയ ഭക്തി -ജൂൺ മാസത്തിന്‍റെ സൗന്ദര്യം

കോരിച്ചൊരിയുന്ന മഴപോലെ തിരുഹൃദയ സ്നേഹം ധ്യാനിക്കപ്പെടുന്നു. ആസ്വദിക്കപ്പെടുന്നു. എന്തുകൊണ്ട് ക്രിസ്തുവിന്‍റെ ഹൃദയം മാത്രം തിരുഹൃദയമായി മാറിയത്. കുത്തിമിറിവേൽപ്പിക്കപ്പെട്ടിട്ടും കുത്തിയവരോടും വീണ്ടും വീണ്ടും സ്നേഹം ചൊരിയാൻ ക്രിസ്തുവിന് കഴിയുന്നതുകൊണ്ട്. ഓരോവട്ടവും വ്യത്യസ്ത്ഥ ഭാവങ്ങളോടെ പാപം ആവർത്തിക്കപ്പെടുമ്പോൾ അനുതാപത്തിന് ആശ്വാസം പകരുന്ന കുമ്പസാരക്കൂടില്ലേ? അവിടെ പറ്റാത്ത കടൽ പോലെ സ്നേഹത്തിന്‍റെ ഹൃദയവുമായി നമ്മുടെ നാഥനിരിക്കുന്നു. ഓരോ പ്രാണനെയും ചേർത്തണയ്ക്കുന്നു. ഈ ചേർത്ത് പിടിക്കലിന്‍റെ ചൂടനുഭവിച്ചാല്‍ പിന്നീടൊരിക്കലും പാപം ചെയ്യാനാവില്ലെന്ന് ധൂർത്തപുത്രന്‍റെ നമ്മെ പഠിപ്പിക്കുന്നു. സ്വപുത്രനെ നല്കാൻ തക്കവിധം ലോകത്തെ അത്ര മാത്രം സ്നേഹിച്ച ഒരു പിതാവിന്‍റെ ഹൃദയവും നമുക്ക് വേണ്ടി പുത്രനോടൊപ്പം ചേർന്ന് തുടിക്കുന്നു. ജെറുസലേമിനെ നോക്കി വിലപിച്ചപ്പോള്‍, ഒറ്റുകാരനായ ശിഷ്യനെ ഓരോ വട്ടം കണ്ടപ്പോള്‍, നായിമിലെ  വിധവയായ അമ്മയ്ക്ക് മകനെ തിരിച്ചു നല്‍കിയപ്പോള്‍,നല്ല കള്ളനെ ആശ്വസിപ്പിച്ചപ്പോഴെല്ലാം ക്രിസ്തുവിന്‍റെ ഹൃദയം നഷ്ടപ്പെട്ടേക്കാവുന്ന ബന്ധങ്ങളെയോർത്തു പിടഞ്ഞിട്ടുണ്ടാകണം.

ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർ ഇന്ന് അന്യമായി കൊണ്ടിരിക്കുന്നു. ഒന്നും പ്രതീക്ഷിക്കാതെ നൽകപ്പെട്ട നമ്മുടെ സ്നേഹം ധൂർത്തടിക്കപ്പെടുന്നതും നാം അനുഭവിക്കുന്നുണ്ട്. വിശ്രമത്തിനു വില നൽകാതെ സൗഹൃദങ്ങൾക്കായി നാം കിതപ്പോടെ ഓടിയ ഓട്ടമെല്ലാം വിലകെട്ടതായി പോകുന്നതും നമ്മെ വേദനിപ്പിക്കുന്നുണ്ട്. അങ്ങനെ ദുഃഖ ഭാരത്തിന്‍റെ ഭാണ്ഡകെട്ടുകളുമായി നാം യാത്ര ചെയ്യുമ്പോൾ നമ്മെ സ്നേഹപൂർവ്വം നിരന്തരം വേട്ടയാടുന്ന തിരുഹൃദയത്തെ നാം മറന്നു പോകാതിരിക്കാം. നമ്മുടെ സങ്കടവഴികളിൽ നമുക്ക് ശക്തിപകരുന്ന ഹൃദയത്തോടു നമ്മുടെ ദുഃഖരഹസ്യങ്ങളെ പങ്കുവയ്ക്കാം. എന്‍റെ കുഞ്ഞേ കരയരുതേയെന്ന ചങ്കിടിപ്പോടെ നാഥൻ നമ്മുടെ വാതിലില്‍ മുട്ടിനിൽക്കുന്നു. നമുക്ക് തുറന്നു കൊടുക്കാം. സ്നേഹത്തോടെ അവന്‍ പ്രവേശിക്കട്ടെ. ഓശാന പാടി നിറഞ്ഞ സന്തോഷത്തോടെ സ്നേഹത്തിന്‍റെ താലത്തിൽ വിരുന്നു നല്‍കാം. അതായിരിക്കട്ടെ നമ്മുടെ ജന്മനിയോഗം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 June 2019, 14:39