തിരയുക

Vatican News
സൈബര്‍ ഭീഷണി         സൈബര്‍ ഭീഷണി  

സ്വകാര്യതയെ വേട്ടയാടുന്ന സൈബർ ബുള്ളിയിംഗ് (CYBER BULLYING)

ബുള്ളിയിംഗ് ചെകുത്താന്‍റെ പ്രവർത്തിയാണെന്ന് ഫ്രാൻസിസ് പാപ്പാ

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പുരാതന കാലഘട്ടത്തിലും ബുള്ളിയിംഗ്(BULLYING)

ബുള്ളിയിംഗ്(BULLYING) എന്ന ഇംഗ്ലീഷ് പദത്തിന് മലയാളം നിഘണ്ടുവിൽ ഭീഷണിപ്പെടുത്തുക, മുഠാളത്തം കാട്ടുക എന്നൊക്കെയാണ് രേഖപ്പെടുത്തിയിട്ടുള്ളത് . ഒറ്റവാക്കിൽ അതിന്‍റെ അർത്ഥം സ്വാംശീകരിക്കാൻ കഴിയില്ല എങ്കിലും ആധുനീക കാലഘട്ടത്തിന്‍റെ ഒരു പദമാണ് ബുള്ളിയിംഗ്. ബുള്ളിയിംഗ് എന്ന പദം ആധുനീക യുഗത്തിന്‍റെതാണെങ്കിലും  ഈ പ്രവർത്തികൾക്ക് പുരാതനമായ ഉറവിടങ്ങളും കണ്ടെത്താൻ കഴിയും. ഒരു തരത്തിൽ അത് ബലഹീനനായ ഒരു വ്യക്തിക്കു നേരെ നടത്തുന്ന കടന്നുകയറ്റമാണ്. അത് വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ ആകാം. ആധുനീകതയുടെ മാധ്യമ പ്രതീകമായ ഇന്‍റെര്‍നെറ്റ് ഇന്ന് ഇക്കാര്യത്തിൽ വളരെ കാര്യമായ ഒരു പങ്കുവഹിക്കുന്നത് നഗ്നമായ സത്യമാണ്. അജ്ഞാതരായിരുന്ന് ആക്രമിക്കാമെന്നതിനാലും സ്വന്തമുഖം കാണിക്കാതെ വ്യാജ നാമങ്ങൾ ഉപയോഗിക്കാനുള്ള സൗകര്യം നല്‍കുന്നതിനാലും നവ മാധ്യമങ്ങൾ വഴി, സാമൂഹ്യമാധ്യമങ്ങൾ വഴി ആരേയും ഏതു സമയത്തും ആക്രമിക്കാമെന്നതിനാലും ഇവയിലൂടെയുള്ള  ബുള്ളിയിംഗ് വിദൂരമായ വിനാശങ്ങൾ വരുത്താൻ കെല്‍പ്പുള്ള ഒന്നായി തീരുന്നു.

ഭീഷണിപ്പെടുത്തുക (BULLYING) ബൈബിളിന്‍റെ കാഴ്ച്ചപാടില്‍

മനുഷ്യചരിത്രത്തിന്‍റെ തന്നെ ഭാഗമായ ബുള്ളിയിംഗിന് തുടക്കം ഒരുപക്ഷേ ഉൽപ്പത്തിയിലെ   ദൈവത്തെക്കുറിച്ച് തന്നെ  നുണപ്രചാരണം നടത്തുന്ന കൗശലക്കാരനായ സർപ്പത്തിന്‍റെ രൂപത്തിൽ നിന്നാരംഭിക്കാം. അതു വിശ്വസിച്ചവർക്കു വന്നു ഭവിച്ച ദുരിതങ്ങളും. സത്യത്തിൽ മാരകമായ വിഷം ചുരത്തുന്ന ഒന്നു തന്നെയാണ് ബുള്ളിയിംഗ് എന്നതിന് ഇതിനെക്കാളേറെ തെളിവുകളെന്തിന്? സാമുവലിന്‍റെ ഒന്നാം പുസ്തകത്തിലെ ഹന്നായുടെ കഥയിൽ വന്ധ്യയായ അവൾക്കു നേരെ നടത്തുന്ന ആക്രോശങ്ങളും, അബ്രഹാമിന്‍റെ ഭാര്യയെ പരിഹസിക്കുന്ന അവളുടെ വേലക്കാരിയുടെ വാക്കുകളും, ജോബിന്‍റെ കഷ്ടകാലത്തിൽ അവനെയും  ദൈവത്തേയും ശപിക്കുന്ന ഭാര്യയും, യൊവാക്കിമിന്‍റെ ഭാര്യസൂസന്നായുടെയും കഥ തുടങ്ങി ഇനിയും ധാരാളം കഥകൾ ബൈബിളിൽ നിന്നു തന്നെ നമുക്ക് കണ്ടെത്താൻ കഴിയും.  പല തവണ വായിച്ചു കേട്ട ഇവയെ സൂചിപ്പിച്ചു പോയത് ബുള്ളിയിംഗ് പുരാതന കാലം മുതലുള്ള ഒരു പ്രതിഭാസമാണെന്ന്  തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്.  ഒന്ന് വിശകലനം ചെയ്താൽ ഇതിന്‍റെ ഇരകൾ പലപ്പോഴും ബലഹീനരായവരാണ്. തിരിച്ച് പ്രതികരിക്കാൻ ശക്തി നഷ്ടപ്പെട്ടവർ . ഇതിന്‍റെ കാരണം തേടി മന:ശ്ശാസ്ത്രജ്ഞൻമാരും മറ്റും അന്വേഷണം നടത്തുമ്പോൾ ഈ യാഥാർത്ഥ്യത്തോടു സഭയുടെ പ്രതികരണം എന്തെന്ന് പഠിക്കാൻ ശ്രമിക്കുകയാണിവിടെ.

ആധുനീക കാലഘട്ടത്തിലെ ബുള്ളിയിംഗ്(BULLYING)

ഒരു ബട്ടണിന്‍റെ ക്ലിക്കിലൂടെ എല്ലാം ലഭ്യമാകുന്ന അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക യുഗത്തിലാണ് നാം ജീവിക്കുന്നത്. സൈബർലോകം അസംഖ്യം അവസരങ്ങളും അനന്തമായ വിവരങ്ങളുടെ സമുദ്രവും തുറന്നു തരുന്നു. നമ്മുടെ വിജ്ഞാന അടിത്തറയെ വിപുലമാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, എല്ലാ വികസനത്തിനും എല്ലായ്പ്പോഴും ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അതിനാൽ, അറിവും ഘടിപ്പിക്കലും (CONNECTIVITY) വർദ്ധിക്കുന്നതിനനുസരിച്ച് സൈബർ ലോകത്തില്‍ ഭീഷണിപ്പെടുത്തലിന്‍റെ തിന്മ വര്‍ദ്ധിച്ച് വരുന്നു. 8മുതൽ 18വയസ്സുവരെയുള്ള കൂടുതൽ കുട്ടികൾ അവരുടെ പഠനങ്ങള്‍ക്കാവശ്യമായ വിവരങ്ങളെ അറിയാനും,ശേഖരിക്കാനും, വിനോദങ്ങളിനേര്‍പ്പെടാനും, സിനിമകൾ കാണാനും ഓൺലൈനിൽ പോകുകയും ചെയ്യുന്നു. സമൂഹ മാധ്യമങ്ങളുടെ സൈറ്റുകളുടെ എണ്ണത്തിൽ വർദ്ധനമുണ്ടാകുകയും ചെയ്യുമ്പോൾ, സൈബർ ഭീഷണി യുവാക്കളെയും, ദുർബ്ബലരെയും ബാധിക്കുന്ന അപകടകരമായ പ്രവർത്തനമായി മാറികൊണ്ടിരിക്കുന്നു.

വിവിധ തരത്തിലുള്ള ഭീഷണിപ്പെടുത്തല്‍  (TYPES OF BULLYING)

ശാരീരികമായ ഭീഷണി    (PHYSICAL  BULLYING)

സൈബര്‍ ഭീഷണി                (CYBER BULLYING)

വാക്കാലുളള ഭീഷണി         (VERBAL BULLYING)

സൈബര്‍ ബുള്ളിയിംഗ് (CYBER BULLYING)

വിവരസാങ്കേതികവിദ്യ(INFORMATION TECHNOLOGY), ഇന്‍റെര്‍നെറ്റ്‌ എന്നിവ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത വ്യക്തികളെ ഭീഷണിപെടുത്തുകയോ ക്ലേശിപ്പിക്കുകയോ ചെയ്യുക എന്നതാണ് സൈബര്‍ ബുള്ളിയിംഗ്.  

“ഭീഷണിപ്പെടുത്തൽ” എന്ന വാക്കിന്‍റെ അർത്ഥം പരിശോധിക്കുമ്പോള്‍  ഇത് ഒരു തരത്തിലുള്ള ഉപദ്രവമാണ്, മറ്റൊരാളെ അയാള്‍ ആഗ്രഹിക്കാത്തത് ചെയ്യാൻ ഭയപ്പെടുത്തുവാനും നിർബന്ധിക്കുവാനും മികച്ച ശക്തിയും, സ്വാധീനവും ചെലുത്തുന്നു. അതിനായി, ഇമെയിലുകളിലൂടെയും, സന്ദേശങ്ങൾ അയച്ചും, കിംവദന്തികൾ പ്രചരിപ്പിച്ചും, അവഹേളനപരമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയും, സമൂഹ മാധ്യമങ്ങളുടെ സൈറ്റുകളില്‍ ഫോട്ടോ പ്രസിദ്ധപ്പെടുത്തിയും ഇരയെ ഭീഷണിപ്പെടുത്തുവാന്‍ കമ്പ്യൂട്ടറുകൾ, ടാബ്‌ലെറ്റുകൾ അല്ലെങ്കിൽ സെൽഫോണുകൾ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ സൈബർ ഭീഷണിപ്പെടുത്തൽ നടത്തുന്നു.

കൂടാതെ ലജ്ജാകരമായ ചിത്രങ്ങൾ, വീഡിയോകൾ, വ്യാജ പ്രൊഫൈലുകൾ സൃഷ്ടിക്കൽ മുതലായവ ഓൺ‌ലൈനിൽ ഉപയോഗിച്ച് ഇരയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. ഓൺ‌ലൈനിലൂടെയുള്ള നിരന്തരമായ അപമാനം,തെറ്റായ ആരോപണങ്ങൾ, ഭീഷണികൾ എന്നിവ ഒരു നിശ്ചിത കാലയളവിൽ ഒരു ഇരയ്ക്ക് മാനസികവും വൈകാരികവുമായ സമ്മര്‍ദ്ദവും, നാശനഷ്ടവും, അരക്ഷിതാവസ്ഥയും നിറഞ്ഞ ജീവിതാന്തരീക്ഷം സൃഷ്ടിക്കുന്നു. വിഷാദം,ഉത്കണ്ഠ, സമ്മർദ്ദം, കോപം, നിരന്തരമായ മാനസിക ആഘാതം എന്നിവ ആത്മഹത്യാപരമായ പെരുമാറ്റത്തിൽ കലാശിച്ചേക്കാം.

ഭീഷണിപ്പെടുത്തൽ സ്ഥിതിവിവരക്കണക്ക് (Bullying Statistics)

80 ശതമാനത്തിലധികം  കൗമാരക്കാര്‍  ഇപ്പോൾ പതിവായി മൊബൈൽ ഉപകരണം ഉപയോഗിക്കുന്നു. ചെറുപ്പക്കാരിൽ പകുതിയും ഏതെങ്കിലും രൂപത്തിൽ സൈബർ ഭീഷണി അനുഭവിക്കുന്നു. 10-20% പേർ ഇത് പതിവായി അനുഭവിക്കുന്നതായി റിപ്പോർട്ടറിയിക്കുന്നു. (Source: Bullying Statistics)

സൈബർ ഭീഷണിയും ആത്മഹത്യയും ചില തരത്തിൽ ബന്ധിപ്പിക്കപ്പെടാം. ആത്മഹത്യ ചെയ്യുന്ന 80 ശതമാനം യുവാക്കൾക്കും വിഷാദകരമായ ചിന്തകളുണ്ട്. സൈബർ ഭീഷണി പലപ്പോഴും പരമ്പരാഗത ഭീഷണിപ്പെടുത്തലിനേക്കാൾ കൂടുതൽ ആത്മഹത്യാ ചിന്തകളിലേക്ക് നയിക്കുന്നു. (Source: JAMA Pediatrics)

സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന കൗമാരക്കാരിൽ പകുതിയിലധികം പേരും സൈബർ ഭീഷണികൾക്കിരയാക്കപ്പെടുന്നു. (Source: NoBullying.com)

സർവേയിൽ പങ്കെടുത്ത കൗമാരക്കാരിൽ 50%വും സൈബർ ബുള്ളികളാൽ ഇരയായതിന് ശേഷം ഒരിക്കലും മാതാപിതാക്കളിൽ വിശ്വസിക്കുന്നില്ലെന്ന് പറയപ്പെടുന്നു. (Source: NoBullying.com)

ഭീഷണിപ്പെടുത്തൽ, സൈബർ ഭീഷണി, ഓൺലൈൻ സുരക്ഷ എന്നിവയിൽ സഹായം തേടുന്ന വ്യക്തികളിൽ നിന്ന് 2016ൽ 9.3 ദശലക്ഷത്തിലധികം സന്ദർശനങ്ങൾ Nobullying.com എന്ന വെബ്‌സൈറ്റ് രേഖപ്പെടുത്തി. (Source: NoBullying.com)

ഏകദേശം 43% കുട്ടികളും സൈബർ ഭീഷണിയിലുള്‍പ്പെടുന്നു. 25% പേരും ഒന്നിലധികം തവണ ഇരകളാക്കപ്പെടുന്നു. (Source:DoSomething.org)

ലണ്ടനില്‍ നടത്തിയ സർവേയിൽ പതിനായിരത്തിലധികം യുവാക്കളിൽ 69 ശതമാനം പേർ ഏതെങ്കിലും വ്യക്തിയുമായി മോശമായി ഓൺലൈനിലൂടെ പെരുമാറുന്നതായി കണ്ടെത്തി. (Source:DoSomething.org)

സൈബർ ഭീഷണി തടയാൻ സോഷ്യൽ നെറ്റ്‌വർക്കുകൾ വേണ്ടത്ര കാര്യങ്ങൾ ചെയ്യുന്നില്ലെന്ന് 71 ശതമാനം ചെറുപ്പക്കാരും വിശ്വസിക്കുന്നുവെന്നും യു.കെ സർവേ കണ്ടെത്തി. (Source:DoSomething.org)

അമേരിക്കായില്‍ 34% കുട്ടികൾ ഒരു തവണയെങ്കിലും സൈബർ ഭീഷണി അനുഭവിച്ചിട്ടുണ്ട്. 80% കുട്ടികൾ‌ക്കും ഒരു മൊബൈൽ‌ ഫോൺ‌ ഉണ്ട്. കൂടാതെ ഒന്നിലധികം സോഷ്യൽ നെറ്റ്‌വർക്കുകളുമായി ബന്ധമുള്ളവരാണ്. 33% പേർ ഒരു തവണയെങ്കിലും വ്യക്തമായി തങ്ങളുടെ ചിത്രങ്ങളോ വാചകമോ മറ്റൊരാൾക്ക് അയച്ചിട്ടുണ്ട്. സൈബർ ഭീഷണി കാരണം 66% സ്ത്രീകൾക്ക് ശക്തിയില്ലായ്മ അനുഭവപ്പെടുന്നു. ആഗോള ഉപയോക്താക്കളിൽ 6% പേർക്കും അവരുടെ ഓൺലൈൻ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു, കൂടാതെ 4% പേർക്ക് ഹാക്കർമാർ കാരണം അവരുടെ ഉപകരണത്തിലേക്കുള്ള ലഭ്യത നഷ്‌ടപ്പെട്ടു. Source: Statista). അമേരിക്കായിലെ വിദ്യാർത്ഥികളുടെ അഭിപ്രായത്തിൽ ഏറ്റവും സാധാരണമായ ഓൺലൈൻ ഉപദ്രവങ്ങൾ മോശം അഭിപ്രായങ്ങളും (22.5%), ഓൺലൈൻ കിംവദന്തികളും (20.1%), ലൈംഗിക പരാമർശങ്ങളുമാണ് (12.1%) (Source: Cyberbullying Research Center)

36.7% പേർ തങ്ങളുടെ ജീവിതത്തിലൊരിക്കലെങ്കിലും ഓൺലൈൻ ദുരുപയോഗം അനുഭവിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികൾക്കിടയിലെ സൈബർ ഭീഷണി സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. 10.2% പേർ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതായി സമ്മതിക്കുന്നു. ഓട്ടിസം (75%), ശാരീരിക വൈകല്യങ്ങൾ (70%), പഠന പ്രശ്നങ്ങൾ (52%) തുടങ്ങിയ വൈകല്യങ്ങളെയും മാനസിക പ്രശ്‌നങ്ങളെയും ബുള്ളികൾ പലപ്പോഴും പരിഹസിക്കുന്നു.

ഏഷ്യൻ രാജ്യങ്ങളിൽ സൈബർ ഭീഷണിയെക്കുറിച്ചുള്ള ആശങ്കപ്പെടുത്തുന്ന വസ്തുതകൾ - 3000 വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ ഒരു സർവേയിൽ 48.4% പേർ ഓൺലൈനിൽ പോസ്റ്റുചെയ്തതിന്‍റെ ലജ്ജാകരമായ വീഡിയോക്കളുണ്ടെന്നും 47.3% പേർ വിദ്വേഷ ഭാഷണത്തിന് ഇരകളാണെന്നും വെളിപ്പെടുത്തി.(Source:Talking Point) ഫേസ്ബുക്കിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവരാണെന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. 57%. ഫേസ്ബുക്ക് മെസഞ്ചർ വഴിയും, 23% ഇൻസ്റ്റാഗ്രാം വഴിയും, 10% എന്നിവയാണ് ഉയർന്ന അപകടസാധ്യതയുള്ള മറ്റ് സോഷ്യൽ പ്ലാറ്റ്ഫോമുകൾ വഴിയും സ്ത്രീകൾ ചൂഷണങ്ങള്‍ക്കിരയാക്കപ്പെടുന്നു. സോഷ്യൽ നെറ്റ്‌വർക്കുകളില്‍  സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ അപകടസാധ്യതയുണ്ടെന്ന് 2017ലെ സൈബർഭീഷണി സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. ഈ റിപ്പോർട്ടിന്‍റെ  അടിസ്ഥാനത്തില്‍ ഓൺ‌ലൈൻ ദുരുപയോഗം അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തികളെ ഭീഷണിപ്പെടുത്തുന്ന പ്രവര്‍ത്തിയില്‍  ഇന്ത്യയില്‍ 52%വും, ഓസ്‌ട്രേലിയായില്‍ 38%വും,  അമേരിക്കയില്‍ 35%വും സിംഗപ്പൂരില്‍ 29%വും വ്യക്തികള്‍ പ്രവര്‍ത്തിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

സൈബർ ഭീഷണിപ്പെടുത്തലിന്‍റെ വിവിധ രൂപങ്ങള്‍  (TYPES OF CYBER BULLYING)

FLAMING: ആരെയെങ്കിലും ആക്രമിക്കാൻ അനുചിതമായ അല്ലെങ്കിൽ അശ്ലീല ഭാഷ ഉപയോഗിക്കുക

HARASSING:  (ഉപദ്രവിക്കൽ) അനുചിതമായ, വെറുപ്പുളവാക്കുന്ന, വേദനിപ്പിക്കുന്ന സന്ദേശങ്ങൾ ആവർത്തിച്ച് അയയ്ക്കുന്നു

OUTING: ഇരയുടെ രഹസ്യമോ ​​വ്യക്തിഗത വിവരങ്ങളോ ഒരു പൊതുവേദിയിൽ പങ്കിടുന്നു

EXCLUSION (ഒഴിവാക്കൽ): ഇരയെ ഒരു ഗ്രൂപ്പിൽ നിന്ന് മനപൂർവ്വമായും പരസ്യമായും ഒഴിവാക്കുകയും ഒഴിവാക്കിയതിന് ശേഷം അവനെ / അവളെ / അവരെ പീഡിപ്പിക്കുകയും ചെയ്യുന്നു

IMPERSONATION (ആൾമാറാട്ടം): മറ്റൊരാളുടെ പ്രശസ്തിക്ക് കേടുവരുത്തുക, ആക്രമണം ക്ഷണിക്കുക, അല്ലെങ്കിൽ അവനെ / അവളെ / അവരെക്കുറിച്ചുള്ള യഥാർത്ഥ അല്ലെങ്കിൽ കെട്ടിച്ചമച്ച വിവരങ്ങൾ പങ്കിടൽ എന്നിവയ്ക്കായി മറ്റൊരാളായി വേഷമിടുന്നു.

STALKING (പിന്തുടരൽ):  ആരെയെങ്കിലും ഇലക്ട്രോണിക് രീതിയിൽ പിന്തുടരുക, അവനെ / അവളെ / അവരെ ഭയപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ ടാർഗെറ്റുചെയ്‌ത സന്ദേശങ്ങൾ അയയ്ക്കുക.

TROLLING: സാമൂഹ്യ മാധ്യമങ്ങളിൽ ആക്ഷേപഹാസ്യ രൂപേണ പ്രസിദ്ധീകരിക്കുന്ന ചിത്രം

 FRAPING : ഒരു വ്യക്തി ഉപയോഗിക്കുന്ന അക്കൗണ്ടിൽ  അയാളറിയാതെ കയറി ആ വ്യക്തിയുടെ പേരിൽ അശ്‌ളീല ചിത്രങ്ങളും, സന്ദേശങ്ങളും പരസ്യപ്പെടുത്തുക.

ഒരു കാഴ്ചക്കാരനെന്ന നിലയിൽ ഓൺലൈൻ ദുരുപയോഗത്തിന് സാക്ഷ്യം വഹിക്കുന്നത് പോലും ഒരു മാനസിക സ്വാധീനം ചെലുത്തുന്നു. അത്തരം സംഭവങ്ങളോടുള്ള പ്രതികരണത്തിന്‍റെ അഭാവവും സ്വയം ഒരു സൈബർ ഭീഷണിയാകാനുള്ള സാധ്യതയും തമ്മിൽ നേരിട്ടുള്ള ബന്ധത്തെ പഠനങ്ങൾ വ്യക്തമാക്കുന്നു.

നിർഭാഗ്യവശാൽ, ഇന്ത്യയിൽ, ‘സൈബർ ഭീഷണിപ്പെടുത്തലിനെ’  അടിസ്ഥാനമാക്കി പ്രത്യേക നിയമങ്ങളൊന്നുമില്ല. എന്നാല്‍ ഇന്ത്യൻ പീനൽ കോഡില്‍ (ഐപിസി) 499, 292A, 354A ,354D, 507,509  എന്നീ വകുപ്പുകള്‍ വഴി  സൈബർ ഭീഷണിപ്പെടുത്തലിനെതിരായി ആവലാതിബോധിപ്പിക്കാം. ഇതിലെ വ്യവസ്ഥകള്‍ സമഗ്രമല്ല, എന്നാൽ സൈബർ ഭീഷണിപ്പെടുത്തൽ എന്നതിനെ ഈ നിയമ വ്യവസ്ഥകൾക്ക് കീഴിൽ കൊണ്ടുവരാം. ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000 പ്രകാരം, സൈബർ ഭീഷണിപ്പെടുത്തലുമായി ബന്ധപ്പെട്ട് പ്രത്യേക വ്യവസ്ഥകളൊന്നും നിലവിലില്ല, എന്നാൽ സൈബർ ഭീഷണിപ്പെടുത്തൽ ഉണ്ടായാൽ വകുപ്പ് 67A, 66E വഴി ആവലാതിബോധിപ്പിക്കാം.

സൈബർ ബുള്ളിയിംഗിനെതിരെ സഭ

1963ൽ ജോൺ 23മൻ പാപ്പാ തന്‍റെ Pacem in Terris എന്ന ചാക്രിക ലേഖനത്തിൽ മനുഷ്യന്‍റെ അന്തസ്സിനെക്കുറിച്ച് ഇങ്ങനെ പറയുന്നു. 'ഏതു സമൂഹത്തിന്‍റെയും ഉയർച്ചയും നന്മയും സാധ്യമാകുക എല്ലാ മനുഷ്യരും വ്യക്തികളാണെന്ന സത്യം അടിസ്ഥാനമാക്കുമ്പോഴാണ്. മനുഷ്യവ്യക്തിയുടെ അന്തസ്സിന്‍റെ ഔന്നിത്യം നമുക്ക് ഈ വാക്കുകളിൽ കണ്ടെത്താം. ഒരാൾ മറ്റൊരാളെ അപമാനിക്കാൻ ശ്രമിക്കുമ്പോൾ ആ വ്യക്തിയുടെ അന്തസ്സിനു നേരെയുള്ള ഒരു കടന്നാക്രമണമാണത്. കാരണം CENTESIMUS ANNUS എന്ന ചാക്രിക ലേഖനത്തിൽ ഓരോ മനുഷ്യ വ്യക്തിയും ദൈവത്തിന്‍റെ തീരുമാനമാണെന്നും ദൈവത്തിന്‍റെ തന്നെ പ്രതിരൂപമാണെന്നും നാം കണ്ടെത്തുന്നു. അതിനാൽ ഒരാളെ അവഹേളിക്കുമ്പോൾ അത് ദൈവത്തിന്‍റെ തന്നെ തീരുമാനത്തോടും പ്രതിരൂപത്തോടുള്ള അവഹേളനം തന്നെ എന്ന് തിരിച്ചറിയാൻ നമുക്ക് കഴിയണം.

വി.ജോൺ പോൾ രണ്ടാമൻ പാപ്പാ Evangelium Vitae യിൽ മനുഷു ജീവിതം അത് ദൈവത്തിനുള്ളതാണ്, മനുഷ്യജീവനെ ആക്രമിക്കുന്നത് ദൈവത്തെ തന്നെ ആക്രമിക്കുന്നതിന് തുല്യമാണെന്നെഴുതി. സത്യത്തിൽ ബുള്ളിയിംഗ് മനുഷ്യ ജീവനു നേരെയുള്ള ഒരാക്രമണമാണ്. 

ഇന്നത്തെ കാലഘട്ടത്തിൽ ബുള്ളിയിംഗിനെതിരെ ഫ്രാൻസിസ് പാപ്പാ പലവട്ടം ഇടപെട്ടിട്ടുള്ളത് കണ്ടെത്താൻ നമുക്ക് കഴിയും. അറിയപ്പെടുന്ന ഇന്‍റെര്‍നെറ്റ് കമ്പനികളുടെ നടത്തിപ്പുകാരുമായി പാപ്പാ നടത്തിയ കൂടിക്കാഴ്ചയിൽ അവരുടെ ലാഭത്തിന്‍റെ വിഹിതം ഇന്‍റെര്‍നെറ്റ് വഴി ദുരിതത്തിലേക്ക് വലിച്ചിഴക്കപ്പെടുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ട പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ആവശ്യപ്പെട്ടപ്പോൾ പാപ്പായുടെ മനസ്സിൽ ഇരകളുടെ വേദന എത്രമാത്രം  പാപ്പാ മനസ്സിലാക്കിയെന്നും അത് പാപ്പായെ എത്രമാത്രം അസ്വസ്ഥതപ്പെടുത്തിയെന്നും കണ്ടെത്താൻ നമുക്ക് കഴിയും. സദാചാരപരവും ശാരീരകവുമായ ആക്രമണമാണതെന്നും ഒരു നീചകൃത്യമാണെന്നും ഫ്രാൻസിസ് പാപ്പാ അന്ന് ബുള്ളിയിംഗിനെ അപലപിച്ചു. റോമിൽ പാപ്പാ ഇക്കാര്യത്തിനെതിരെ വിളിച്ചുകൂട്ടിയ സംഗമത്തിനു ശേഷം " റോമിന്‍റെ  പ്രസ്താവന " എന്ന പേരിൽ രാഷ്ട്രീയ മത നേതാക്കളോടു ആഗോളതലത്തിൽ ഇന്‍റെര്‍നെറ്റ് വഴിയുള്ള കുട്ടികളുടെ ചൂഷണം തടയാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു.

വളരെ കടുത്ത ഭാഷയിൽ ബുള്ളിയിംഗ് ചെകുത്താന്‍റെ പ്രവർത്തിയാണ് എന്ന് അപലപിക്കാൻ ഫ്രാൻസിസ് പാപ്പായ്ക്ക് കഴിഞ്ഞിട്ടുണ്ട്. 2018 ജനുവരി 9ന് നടത്തിയ പൊതുകൂടിക്കാഴ്ചയിലാണ് പരിശുദ്ധ പിതാവ് ഈ പ്രസ്താവന നടത്തിയത്. ബലഹീനരെ ആക്രമിക്കുക സാത്താന്‍റെ പ്രവർത്തനമാണെന്നും അത് ആദിപാപത്തിന്‍റെ പരിണതഫലമാണെന്നും പ്രഖ്യാപിച്ചു. ജൂൺ 21ആം തുയതി സ്കോളാസ് ഒക്കുറെന്തിസിന് നല്‍കിയ വീഡിയോ സന്ദേശത്തിൽ മനുഷ്യാന്തസ്സിനെ വച്ച് നടത്തുന്ന ചൂതാട്ടമായി ബുള്ളിയിംഗിനെ വിശേഷിപ്പിച്ച പാപ്പാ, ബുള്ളിയിംഗിനെതിരെ യുദ്ധപ്രഖ്യാപനം നടത്താൻ ആഹ്വാനം ചെയ്യുകയും  ചെയ്തു.

നമ്മുടെ സ്വകാര്യ ജീവിതത്തെ വേട്ടയാടുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചുള്ള അറിവും, ശ്രദ്ധയും നമ്മെ സംരക്ഷിക്കുന്നു.

28 June 2019, 10:11