തിരയുക

Daffodils bloomed as the spring sets in Europe Daffodils bloomed as the spring sets in Europe 

ദൈവരാജ്യത്തിന്‍റെ ചിന്തയുണര്‍ത്തുന്ന ഗീതം

"വചനവീഥി" എന്ന ബൈബിള്‍ പഠനപരമ്പര : സങ്കീര്‍ത്തനം 72-ന്‍റെ പഠനം - ഭാഗം മൂന്ന്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

സങ്കീര്‍ത്തനം 72-ന്‍റെ പഠനം ഭാഗം മൂന്ന് - ശബ്ദരേഖ

കരുണയുള്ള രാജാവിലേയ്ക്ക് വിരല്‍ചൂണ്ടുന്ന കീര്‍ത്തനം
സങ്കീര്‍ത്തനം 72-ന്‍റെ പഠനം രണ്ടാം ഭാഗമാണല്ലോ ഇന്ന്. കഴിഞ്ഞ പ്രക്ഷേപണത്തില്‍ ഈ ഗീതത്തെക്കുറിച്ച് മനസ്സിലാക്കിയ കാര്യങ്ങളിലേയ്ക്ക് ഒന്ന് എത്തിനോക്കിയിട്ട് നമുക്ക് പദങ്ങളുടെ പരിചയപഠനം തുടരാം. ആദ്യമായി, ഇതൊരു രാജകീയ സങ്കീര്‍ത്തനമാണെന്നു നാം കണ്ടു. വിശുദ്ധ ഗ്രന്ഥത്തില്‍ നല്കിയിരിക്കുന്ന ഉപശീര്‍ഷകം വെളിപ്പെടുത്തുന്നതനുസരിച്ച് അത് സോളമന്‍ രാജാവ് രചിച്ചതാണെന്നും നാം നിരീക്ഷിച്ചു. കീര്‍ത്തിയും ദൈവത്തോടുള്ള വിശ്വസ്തതയും വിധേയത്വവും പ്രകടമാക്കാനെന്നോണം സോളമന്‍ തന്‍റെ പിതാവായ ദാവീദു രാജാവിനെക്കുറിച്ചാണ് ഈ സങ്കീര്‍ത്തനത്തില്‍ പ്രതിപാദിക്കുന്നതെന്ന് തോന്നിപ്പോകും. രാജകീയ സങ്കീര്‍ത്തനം സ്വാഭാവികമായും രാജ്യത്തെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍, നമ്മുടെ മനസ്സുകളില്‍ അത് കാലികമായി ദൈവരാജ്യത്തിന്‍റെ ചിന്തകളാണ് ഉണര്‍ത്തേണ്ടത്. കാരണം, സങ്കീര്‍ത്തകന്‍ പദങ്ങളില്‍ വിവരിക്കുന്ന രാജാവിന്‍റെ ഗുണഗണങ്ങള്‍ ദൈവരാജ്യത്തിന്, ക്രിസ്തുവിന്‍റെ രാജ്യത്തിന് ഇണങ്ങുന്നതാണ്. രാജാവ് നീതിനിഷ്ഠനും കൃപാലുവുമാണ്. അഗതികളോടും പാവപ്പെട്ടവരോടും അവന്‍ കരുണകാണിക്കുന്നവനാണ്. ചുരുക്കിപ്പറഞ്ഞാല്‍ അനുഗ്രഹങ്ങളുടെ രാജാവിനെയാണ്, ഉടമ്പടിയുടെ രാജാവിനെയാണ് സങ്കീര്‍ത്തന പദങ്ങള്‍ വരച്ചുകാട്ടുന്നത്.

Musical Version of Ps. 72
1എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ട! (soloist)

രാജാവിനുവേണ്ടി ജനത്തിന്‍റെ പ്രാര്‍ത്ഥന
കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം സങ്കീര്‍ത്തനത്തിലെ ആദ്യത്തെ ഏഴു പദങ്ങള്‍ പരിചയപ്പെടുവാന്‍ ശ്രമിച്ചു. ആദ്യത്തെ രാജാവിനുവേണ്ടി ജനം ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതായി പദങ്ങള്‍ വെളിപ്പെടുത്തുന്നു. എന്തിനുവേണ്ടിയാണവര്‍ പ്രാര്‍ത്ഥിക്കുന്നത്? ദൈവത്തിന്‍റെ പ്രതിനിധിയായി തങ്ങള്‍ ആദരിക്കുന്ന രാജാവിന് നീതിബോധവും, ധര്‍മ്മനിഷ്ഠയും നല്കണമേ! തങ്ങളുടെ രാജാവ് നന്മയോടും നീതിയോടുംകൂടെ ജനങ്ങളെ ഭരിക്കാന്‍ ഇടയാക്കണമേ! വിശിഷ്യ പാവങ്ങളായവരോട് രാജാവ് നീതിയുള്ളവനായിരിക്കണമേ, എന്നെല്ലാമാണ് ജനങ്ങളുടെ പ്രാര്‍ത്ഥനയെന്ന് പദങ്ങള്‍ വെളിപ്പെടുത്തുന്നു. .

രാജ്യത്തിനുവേണ്ടിയുമുള്ള പ്രാര്‍ത്ഥന
അതുപോലെ 5-മുതല്‍ 7-വരെയുള്ള പദങ്ങളും... രാജാവിനുവേണ്ടി എന്നപോലെ, ജനങ്ങള്‍ തങ്ങളുടെ രാജ്യത്തിനായും പ്രാര്‍ത്ഥിക്കുന്നു. രാജ്യത്തില്‍ ഐശ്വര്യം വിളയിക്കണമേ! പര്‍വ്വതങ്ങളിലും കുന്നുകളിലും നന്മ നിറയ്ക്കണമേ. സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം കാലം, അതായത് തലമുറകളോളം നാടിന് ഐശ്വര്യം ഭവിക്കട്ടെ, എക്കാലത്തും നാട്ടില്‍ നന്മയുണ്ടാകട്ടെ! ചുരുക്കത്തില്‍ രാജ്യത്ത് സമൃദ്ധിയും സമാധാനവും വിരിയിക്കണമേ.. എന്ന് സങ്കീര്‍ത്തകന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതായി നാം ആദ്യത്തെ ഏഴുപദങ്ങളില്‍ കാണുന്നു.

Musical Version of Ps. 72
1എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ!
ദൈവമേ, രാജാവിന് അങ്ങേ നീതിബോധവും
രാജകുമാരന് അങ്ങേ ധര്‍മ്മനിഷ്ഠയും നല്കേണമേ.
അവര്‍ അങ്ങയുടെ ജനത്തെ നീതിയോടെ ഭരിക്കട്ടെ
അങ്ങയുടെ ദരിദ്രരെ അവന്‍ ന്യായമായ് നയിക്കട്ടെ
സകലജനതകളും അവിടുത്തെ നാട്ടില്‍ ഐശ്വര്യമായ് വസിക്കട്ടെ.

ദൈവികൈക്യമുള്ള ഭരണാധിപന്‍
രാജവാഴ്ചക്കാലത്തെ പ്രതാപത്തിന്‍റെ പദപ്രയോഗങ്ങളാണ് മേലുദ്ധരിച്ച പദങ്ങളില്‍ കണ്ടത്. ഇസ്രായേലിലെ പുരാതന രാജവാഴ്ചക്കാലത്തെ പ്രൗഢിയുടെ പ്രയോഗങ്ങളായിരുന്നു ഇവയെങ്കിലും അവര്‍ അത് തങ്ങളുടെ രാജാവിനായി ഏറെ വൈദഗ്ദ്ധ്യത്തോടും ആത്മീയതയോടും കൂടി ഉപയോഗിക്കുന്നു. ആയതിനാല്‍ ‘ഉടമ്പടിയുടെ രാജാവ്,’ ദൈവികൈക്യത്തിലുള്ളൊരു രാജാവിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെന്ന് നിരൂപകന്‍മാരുടെ ഇടയില്‍ അഭിപ്രായമുണ്ട്.

ഇനി 8-മുതല്‍ 11-വരെയുള്ള പദങ്ങള്‍ പരിചയപ്പെട്ടുകൊണ്ട് 72-Ɔο ഗീതത്തിന്‍റെ പഠനം തുടരാം.
Recitation : 8-11
8.സമുദ്രംമുതല്‍ സമുദ്രംവരെയും നദി മുതല്‍ ഭൂമിയുടെ അതിര്‍ത്തികള്‍വരെയും
അവന്‍റെ ആധിപത്യം നിലനില്‍ക്കട്ടെ!
9.വൈരികള്‍ അവന്‍റെ മുന്‍പില്‍ ശിരസ്സുനമിക്കട്ടെ
അവന്‍റെ ശത്രുക്കള്‍ അധഃപതിക്കട്ടെ!
10.താര്‍ഷീഷിലെയും ദ്വീപുകളിലെയും രാജാക്കന്മാര്‍ അവനു കപ്പം കൊടുക്കട്ടെ!
ഷേബായിലെയും സേബായിലെയും രാജാക്കന്മാര്‍ അവനു കാഴ്ചകള്‍ കൊണ്ടുവരട്ടെ!
11.എല്ലാ രാജാക്കന്മാരും അവന്‍റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!
എല്ലാ ജനതകളും അവനെ സേവിക്കട്ടെ!

സര്‍വ്വാധിപത്യമുള്ള രാജാവ്
ലോകാധിപത്യമാണ് ഇവിടെ രാജാവിനായി സങ്കീര്‍ത്തകന്‍ ആശംസിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ നമുക്ക് മനസ്സിലാക്കാം. ഇതിലെ നദി പശ്ചിമേഷ്യയിലെ, സിറിയാ, ഇറാക്ക്, തുര്‍ക്കി തുടങ്ങിയ പ്രവിശ്യകളിലൂടെ ഒഴുകുന്ന പുരാതനമായ ഇസ്രായേലിലെ പുണ്യനദി ‘യൂഫ്രെട്ടിസ്’ ആണെന്ന് നിരൂപകന്മാര്‍ സ്ഥാപിക്കുന്നുണ്ട്. രാജാവിന് എല്ലാ രാജാക്കന്മാരുടെയും - വിദേശികളുടെയും, വിദൂരസ്ഥരായവരുടെയും വിധേയത്വം ലഭിക്കുന്നു. താര്‍ഷിഷ് മെഡിറ്ററേനിയനിലാണ് അതുപോലെ പദങ്ങള്‍ പ്രതിപാദിക്കുന്ന മറ്റു ദ്വീപുകള്‍ മദ്ധ്യധരണിയാഴി പ്രദേശമായിരിക്കണം. ഷേബാ തെക്കേ അറേബ്യയിലാണ്. സേബാ വടക്കേ ആഫ്രിക്കയിലും....! ചുരുക്കത്തില്‍ പറഞ്ഞാല്‍ രാജാവിന്‍റെ ആധിപത്യവും സാമ്രാജ്യവും അധികാരവും വിസ്തൃതവും വിശാലവുമാണെന്ന് സങ്കീര്‍ത്തകന്‍ പദങ്ങളില്‍ വരച്ചുകാട്ടുവാന്‍ പരിശ്രമിക്കുകയാണ്.

ഇസ്രായേലിലെ പ്രജാപതി
സാധാരണയുള്ള രാജ്യത്തെക്കാള്‍ ശക്തവും, അധികാരത്തിന് വിസ്തൃതിയുമുള്ളതുമാണെന്ന് പറഞ്ഞുകൊണ്ട്, ഈ സമ്രാജ്യം  അമാനുഷികമായ കഴിവുകളും കെല്പുമുള്ളതുമായ ഇസ്രായേലാണെന്നാണ് സങ്കീര്‍ത്തകന്‍ ചിത്രീകരിക്കുവാന്‍ പരിശ്രമിക്കുന്നതെന്ന് നിരൂപകന്മാര്‍ സ്ഥാപിക്കുന്നു. തീര്‍ച്ചയായിട്ടും ഈ പദങ്ങള്‍ നമ്മെ ദൈവരാജ്യ ചിന്തകളിലേയ്ക്കു നയിക്കും, ഉയര്‍ത്തും എന്നതിലും സംശയമില്ല. അതിനാല്‍ രാജകീയ സങ്കീര്‍ത്തനങ്ങളുടെ സവിശേഷതയായി നാം ആമുഖപഠനത്തില്‍ പറഞ്ഞ, രാജാവ് ദൈവതുല്യനും, ദൈവത്തിന്‍റെ പ്രതിനിധിയുമാണ് എന്ന ആശയം മേല്‍ ഉദ്ധരിച്ച പദങ്ങളില്‍ വീണ്ടും സ്ഥിരീകരിക്കപ്പെടുകയാണ്.

Musical Version of Ps. 72
1 എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ട!
ദൈവമേ, താര്‍ഷിഷിലെയും ദ്വീപുകളിലെയും രാജാക്കന്മാര്‍
അവിടുത്തേയ്ക്കു കപ്പംകൊടുക്കട്ടെ
ഷേബായിലെയും സേബായിലെയും രാജാക്കന്മാര്‍
അവിടുത്തേയ്ക്കെന്നും കാഴ്ച സമര്‍പ്പിക്കട്ടെ
എന്‍റെ രാജാക്കന്മാരും അവിടുത്തെ മുന്നില്‍ പ്രണമിക്കട്ടെ
എല്ലാ ജനതകളും അവിടുത്തെയ്ക്കു സേവനംചെയ്യട്ടെ.
ഇനി 72-Ɔο സങ്കീര്‍ത്തനത്തിന്‍റെ 12-മുതല്‍ 14-വരെയുള്ള പദങ്ങള്‍ പരിചയപ്പെട്ടുകൊണ്ട് ഈ സങ്കീര്‍ത്തനപഠനത്തില്‍ മുന്നോട്ടുപോകാം. പിന്നെ രാജാവിന്‍റെ ഗുണഗണങ്ങളെ സങ്കീര്‍ത്തകന്‍ വര്‍ണ്ണിക്കാന്‍ ശ്രമിക്കുകയാണിവിടെ!

നീതിനിഷ്ഠനായ രാജാവ്
Recitation 12-14
12.നിലവിളിക്കുന്ന പാവപ്പെട്ടവനെയും നിസ്സഹായരായ
ദരിദ്രനെയും അവിടുന്നു മോചിക്കും.
13.ദുര്‍ബലരോടും പാവപ്പെട്ടവരോടും അവിടുന്നു കരുണ കാട്ടും
അഗതികളു‌‌ടെ ജീവന്‍ അവന്‍ രക്ഷിക്കും.
14. പീഡനത്തില്‍നിന്നും അതിക്രമത്തില്‍നിന്നും അവരുടെ ജീവന്‍ അവിടുന്ന് വീണ്ടെടുക്കും,
അവരുടെ രക്തം അവിടുത്തേയ്ക്ക് വിലയേറിയതായിരിക്കും.

ദൈവത്തിന്‍റെ നീട്ടപ്പെട്ട കരംപോലെ രാജാവ്, പാവപ്പെട്ടവരോടും ബലഹീനരോടും അഗതികളോടും അനുകമ്പാലുവാണ്. അവിടുന്ന് കരുണാമയനാണ്, ജീവന്‍റെ സംരക്ഷകനാണ്. പിന്നെ കര്‍ത്താവിന്‍റെ അഭിഷിക്തന്‍ പാവപ്പെട്ടവരെ സംരക്ഷിച്ചുകൊണ്ട് ദൈവത്തിന്‍റെ തിരുവിഷ്ടം നിറവേറ്റുന്നു. ഇതു രാജാവിന്‍റെ ചുമതലയാണ്. ഇവിടെ വളരെ പ്രകടമായി കാണുന്നത് പഴയനിയമ കാലത്ത് ഇസ്രായേലില്‍, ദൈവജനത്തിന്‍റെ മദ്ധ്യേ നിലനിന്നിരുന്ന കൂട്ടായ്മ, വിശിഷ്യ തങ്ങളില്‍ എളിയവരോട് കാണിച്ചിരുന്ന സഹാനുഭാവത്തിന്‍റെയും ഉപവിയുടെയും പിന്‍തുണയ്ക്കലിന്‍റെയും പ്രായോഗിക മനഃസ്ഥിതിയാണ്.. അതായത് അന്ന് നിലവിലുണ്ടായിരുന്ന നിയമപ്രകാരം രാജാവ് ജനങ്ങളോട് അടിസ്ഥാനപരമായ നീതിയും സത്യനിഷ്ഠയും പാലിച്ചുപോന്നു. ഇന്ന് ഭരണകര്‍ത്താക്കളില്‍ അതു കാണുന്നില്ല. അധികാരം ദൈവത്തില്‍നിന്നുള്ളതാണ്... ദൈവമാണ് സര്‍വ്വാധികാരിയെന്ന് ഗീതം സ്ഥാപിക്കുന്നു.

Musical Version of Ps. 72
1 എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ!

2 ദൈവമേ, രാജാവിന് അങ്ങേ നീതിബോധവും
രാജകുമാരന് അങ്ങേ ധര്‍മ്മനിഷ്ഠയും നല്കേണമേ
അവര്‍ തങ്ങളുടെ ജനത്തെ നീതിയോടെ ഭരിക്കട്ടെ
അവരുടെ ദരിദ്രരെ അവര്‍ ന്യായമായ് നയിക്കട്ടെ
സകല ജനതകളും അവന്‍റെ നാട്ടില്‍ ഐശ്വര്യമായ് വസിക്കട്ടെ!

3 ദൈവമേ, അവന്‍റെ കാലത്ത് നീതി തഴച്ചു വളരട്ടെ
ചന്ദ്രന്‍ ഉള്ളിടത്തോളം കാലം സമാധാനം പുലരട്ടെ
സമുദ്രംമുതല്‍ സമുദ്രംവരെയും, നദിമുതല്‍ നദിവരെയും
അന്‍റെ ആധിപത്യം നിലനില്ക്കട്ടെ!

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥിയെന്ന പഠനപരമ്പരയാണ്. അവതരിപ്പിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍.

സോളമന്‍ രാജാവിന്‍റേതെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള രാജകീയ ഗീതം
72-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം ഇനിയും അടുത്ത ആഴ്ചയില്‍ ശ്രവിക്കാം (4).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 May 2019, 14:45