തിരയുക

Vatican News
Tarawhih prayers during the month of Ramadan Tarawhih prayers during the month of Ramadan 

വിശ്വസാഹോദര്യത്തിനുള്ള കാഹളമാവട്ടെ റമദാന്‍ നാളുകള്‍!

റമദാന്‍ മാസത്തില്‍ വത്തിക്കാന്‍റെ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിദ്ധപ്പെടുത്തിയ സന്ദേശത്തില്‍നിന്ന്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സാഹോദര്യത്തിന്‍റെയും  കൂട്ടായ്മയുടെയും  സംസ്കാരത്തിന്...
ഇസ്ലാമിക ലോകത്ത് ഇന്നാളുകളില്‍ അരങ്ങേറുന്ന റമദാന്‍ നോമ്പും, ആസന്നമാകുന്ന “ഈദ്-ഉള്‍-ഫിത്ര്‍” പെരുന്നാളും അനുബന്ധിച്ച് മെയ് 10-ന് വത്തിക്കാന്‍റെ മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച സന്ദേശം, വിശ്വസാഹോദര്യത്തിനുള്ള കാഹളമാവട്ടെ ഈ ഉപവാസ നാളുകളെന്നായിരുന്നു.  

അതിക്രമങ്ങള്‍ ഉപേക്ഷിക്കാം സാഹോദര്യം വളര്‍ത്താം
ലോകമെമ്പാടുമുള്ള മുസ്ലിങ്ങളോടും ക്രൈസ്തവ സഹോദരങ്ങളോടും വത്തിക്കാന്‍ സന്ദേശത്തിലൂടെ ആഹ്വാനംചെയ്യുന്നത് വിശ്വസാഹോദര്യം വളര്‍ത്താനും കൂട്ടായ്മയുടെ സംസ്കാരം നിലനിര്‍ത്താനുമാണ്. അതിക്രമങ്ങള്‍ ഉപേക്ഷിച്ചും, മനുഷ്യവ്യക്തികളെ ആദരിച്ചും സംവാദത്തിന്‍റെ സംസ്കാരം ലോകത്തു വളര്‍ത്തണമെന്ന് ഈ വര്‍ഷത്തെ സന്ദേശം ആഹ്വാനംചെയ്തു. ഉപവാസം, പ്രാര്‍ത്ഥന, ദാനധര്‍മ്മം എന്നിവയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന പുണ്യമാസമാണ് റമദാന്‍. ഹിജീര്‍ 1440- Ɔമാണ്ടിലെ റമദാന്‍ മാസം മെയ് 6-ന് ആരംഭിച്ച്, ജൂണ്‍ 6-ന് ആചരിക്കുന്ന ഈദ്-ഉള്‍-ഫിത്ര്‍ പെരുന്നാളോടെ സമാപിക്കുന്നതാണ് പുണ്യമായ റമദാന്‍.

വിഭജനത്തിന്‍റെ ഭിത്തികള്‍ ഭേദിക്കുന്ന ഉപവിയുടെ മാര്‍ഗ്ഗം
മുസ്ലീങ്ങളും ക്രൈസ്തവരും, തുറവോടെയും അറിവോടെയും, സഹോദരീ സഹോദരന്മാരായി പരസ്പരം അംഗീകരിക്കണമെന്നും;  ഭീതിയാലും, അറിവില്ലായ്മയാലും മതങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിയിട്ടുള്ള വിഭജനത്തിന്‍റെ ഭിത്തികള്‍ ഇല്ലായ്മചെയ്ത് സൗഹൃദത്തിന്‍റെയും മാനവികതയുടെയും ചക്രവാളങ്ങള്‍ തുറക്കേണ്ടതാണ്. അതിനായി അടിസ്ഥാന നന്മ ലക്ഷ്യമാക്കി ഉപവി പ്രവൃത്തികള്‍വഴി ലോകത്ത് സമാധാനം വളര്‍ത്താനുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ  ആഹ്വാനത്തോട് യുഎഈ-യിലെ ഭരണകര്‍ത്താക്കള്‍ കൈകോര്‍ത്ത്, സംയുക്തമായി നടത്തിയ പ്രഖ്യാപനത്തെ ഉദ്ധരിക്കുന്നതാണ് ഈ റമദാന്‍ സന്ദേശം.

ആദരിക്കേണ്ട സാഹോദര്യത്തിന്‍റെ കരുത്ത്
അടിസ്ഥാന ആദര്‍ശങ്ങളില്‍ ഊന്നിനിന്നുകൊണ്ട് ഇന്നത്തെ സമൂഹിക പരിസരത്ത് മതത്തിന്‍റെയും ജാതിയുടെയും അതിര്‍വരമ്പുകള്‍ക്കപ്പുറം മനുഷ്യരെ, വിശിഷ്യാ പാവങ്ങളും പരിത്യക്തരുമായവരെ തുണയ്ക്കേണ്ടത് അനിവാര്യമാണെന്ന് സന്ദേശം വിശദീകരിച്ചു. ലോകത്തുള്ള മതവൈവിധ്യങ്ങളും മതസ്വാതന്ത്ര്യവും ആദരിക്കുന്നതിനും, സംവാദത്തിന്‍റെയും അറിവിന്‍റെയും മാര്‍ഗ്ഗത്തില്‍ ജനങ്ങളെ വളര്‍ത്തുന്നതിനും വിവിധ മതവിശ്വാസികളിലുള്ള സഹോദര്യത്തിന്‍റെ കരുത്തും, ആത്മാര്‍ത്ഥതയും, സത്യസന്ധമായ ലക്ഷ്യങ്ങളും, അവരുടെ സംസ്കാരത്തനിമയും മാനിക്കണമെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളും സന്ദേശം ഉദ്ധരിച്ചു.

13 May 2019, 16:10