തിരയുക

Vatican News
The sinful woman at the feet of the Lord The sinful woman at the feet of the Lord  (©Tony Baggett - stock.adobe.com)

മനുഷ്യനു നവജീവന്‍ നല്കാന്‍ കരുത്തുള്ള കാരുണ്യം

തപസ്സുകാലം 5-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം - വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 8, 1-11.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

തിരുസന്നിധിയിലെ പാപിനിയായ സ്ത്രീ

ക്രിസ്തുവിന്‍റെ മുന്നിലെ പാപിനിയായ സ്ത്രീ
കല്ലെറിഞ്ഞു കൊല്ലാന്‍ ക്രിസ്തുവിന്‍റെ സന്നിധിയിലേയ്ക്ക് സമൂഹം കൊണ്ടുവന്ന പാപിനിയുടെ സുവിശേഷ സംഭവം, വിശുദ്ധ യോഹന്നാന്‍ വിവരിക്കുന്നതാണ് (യോഹന്നാന്‍ 8, 1-11) ഇന്നത്തെ സുവിശേഷധ്യാനം. വിവാഹേതര ബന്ധത്തിന്‍റെ ഉദരഫലം പേറുന്നവളെ കല്ലെറിഞ്ഞു കൊന്നേ തീരൂവെന്നത് അന്നത്തെ സാമൂഹിക നിയമമായിരുന്നു. എന്നിട്ടും പാവപ്പെട്ടൊരു തച്ചന്‍ ദൈവത്തെപ്പോലെ കരുണയുള്ളവനായെന്ന് തിരുവെഴുത്തില്‍ വായിക്കുന്നു, അത് നസ്രത്തിലെ ജോസഫായിരുന്നു!

തന്‍റെ മുന്നില്‍ കൊണ്ടുവരപ്പെട്ട പാപിനായ സ്ത്രീയുടെ മുന്നില്‍ നീതിമാനായ ആ തച്ചനെ ക്രിസ്തു അനുസ്മരിച്ചു കാണും..., ദൈവികപദ്ധതിയില്‍ മറിയത്തെ ഭാര്യയായി സ്വീകരിച്ച നസ്രത്തിലെ തച്ചനായ ജോസഫ്. തന്‍റെ മുന്നിലെ പാപിനിയായ സ്ത്രീയുടെ മുന്നില്‍ നീതിമാനായ ആ തച്ചനെ ക്രിസ്തു അനുസ്മരിച്ചു കാണും. ദൈവിക പദ്ധതിയില്‍ മറിയത്തെ ഭാര്യയായി സ്വീകരിച്ച നസ്രത്തിലെ തച്ചനായ ജോസഫ്. 
തന്‍റെ മുന്നിലെ പാപിനിയായ സ്ത്രീക്ക് കരുണ നല്കുന്നതുവഴി തന്‍റെതന്നെ മാതൃപാദങ്ങളെ പ്രണമിക്കുകയാണ് താനെന്ന് ക്രിസ്തു അറിഞ്ഞിട്ടുണ്ട്. "സ്ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ?" (യോഹ. 8, 10). ആദരണീയയായവള്‍ എന്നാണ് "സ്ത്രീയേ"  എന്ന ആ പദത്തിന് അര്‍ത്ഥം ഇവിടെ. തമിഴരുടെ അമ്മാ...! എന്ന പ്രയോഗംപോലെ.  എല്ലാവര്‍ക്കും  നീ ഇടറിപ്പോയവളായിരുന്നു, എന്നിട്ടും നിന്‍റെ ഉള്ളിലെ വിമലയില്‍ വിമലയായൊരാളാണ് ക്രിസ്തു!   കരുണാര്‍ദ്രനായ ദൈവം!                    

മനുഷ്യരെ ദൈവത്തിന് എതിരെ തിരിക്കുന്ന മതമൗലികത
ദൈവത്തെ മനുഷ്യര്‍ക്കെതിരെ തിരിക്കുന്ന മതമൗലികത ഇന്നത്തെ സുവിശേഷഭാഗത്ത് ഒളിഞ്ഞിരിപ്പുണ്ട്: മറ്റുള്ളവരുടെ ബലഹീനതകളില്‍ ഉന്മത്തരാകുകയും സന്തോഷിക്കുകയും ചെയ്യുന്നതാണ് പൊതുവെ സാമൂഹിക മനഃസ്ഥിതി. സത്യം പുറത്തുകൊണ്ടുവരുവാനും തെറ്റുതിരുത്തുവാനും മറ്റുള്ളവരെ കല്ലെറിയുന്ന രീതി  ഈ സുവിശേഷസംഭവത്തില്‍ കാണാം.

ഇന്നു ലോകത്തില്‍ കാണുന്നതും അതുതന്നെയാണ്. എന്നാല്‍ ദൈവം കരുണാര്‍ദ്രനാണ്. അവിടുന്നു ക്ഷമിക്കുകയും മാപ്പുനല്കുകയും ചെയ്യുന്നു. പാപിനിയോടുള്ള ക്രിസ്തുവിന്‍റെ കാരുണ്യഭാവത്തോട് അന്നത്തെ സമൂഹത്തിന് ഉതപ്പും എതിര്‍പ്പുമാണ് തോന്നിയത്. ദൈവികകാരുണ്യം കണ്ട് പകച്ചുനില്ക്കുകയും അതില്‍ ഉതപ്പുതോന്നുകയും ചെയ്യുന്ന ശൈലി ഇന്നും ലോകത്ത് കുടികൊള്ളുന്നുണ്ട്. സുവിശേഷത്തില്‍ പാപിനിയുടെ പേരു പറയുന്നില്ല.  എന്നാല്‍ സമൂഹത്തില്‍ നാം മുദ്രകുത്തുകയും, പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്ന എല്ലാ മനുഷ്യരുടെയും - സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും പ്രതീകമാണ് ക്രിസ്തു സുവിശേഷത്തില്‍ മാപ്പുനല്കി പറഞ്ഞയച്ച പേരില്ലാത്തവള്‍, പാപിനിയായ സ്ത്രീ!

കാരുണ്യം നിഷേധിക്കുന്ന യാഥാസ്ഥിതികത
ഇന്നു ലോകം ശ്രദ്ധിക്കുന്നൊരു കാര്യമാണ്, പാപ്പാ ഫ്രാന്‍സിസ് കാരുണ്യത്തിന്‍റെ സുവിശേഷം പ്രഘോഷിക്കുന്നുവെന്നത്. ക്രിസ്തുവിന്‍റെ കാരുണ്യവും സ്നേഹവും ആനുകാലിക ലോകത്തിന് സഭയിലൂടെയും സഭാപ്രബോധനങ്ങളിലൂടെയും പകര്‍ന്നുനല്കാന്‍ പാപ്പാ ഫ്രാന്‍സിസ് പരിശ്രമിക്കുന്നത് വിപ്ലവകരമായ മാറ്റമാണ്. തന്‍റെ കാരുണ്യത്തിന്‍റെ നിലപാടില്‍ സഭയില്‍ നിലവിലുള്ള ചില പ്രമാണങ്ങളും സിദ്ധാന്തങ്ങളും പാപ്പാ മാറ്റിമറിക്കുന്നു എന്ന പരാതിയും അതോടെ സഭാതലത്തില്‍തന്നെ ഉയര്‍ന്നുവരുന്നിട്ടുണ്ട്. പാപികള്‍ക്ക് മാപ്പുനല്കാനും, തകര്‍ന്ന വിവാഹബന്ധങ്ങളെ സമുദ്ധരിക്കാനും നിയമമോ പ്രമാണമോ അല്ല ആവശ്യം, ക്രിസ്തുവിന്‍റെ കാരുണ്യം സഭയിലൂടെ ലഭ്യമാക്കണമെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ നിലപാടുകള്‍ സഭയുടെ തന്നെ ചില യാഥാസ്ഥിതിക വിഭാഗം എതിര്‍ക്കുകയും, അവരെ പിന്‍തുണച്ചു പ്രവര്‍ത്തിക്കുന്ന കൂട്ടങ്ങള്‍ അത് രാജ്യാന്തര തലത്തില്‍ വിപരീതസാക്ഷ്യമായും, വ്യക്തിപരമായി സഭാദ്ധ്യക്ഷന് എതിരായി ഇന്ന് പ്രതിഫലിപ്പിക്കുന്നുമുണ്ട്. അവര്‍ അധോലോകത്ത് നിരന്തരമായി പ്രവര്‍ത്തിച്ച് വിശ്വാസികളെ തെറ്റിദ്ധിരിപ്പിക്കുകയും, ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ലോകം ഇന്ന് വിശ്വസാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രയോക്താവായി ആദരിക്കുന്ന ആഗോളസഭാദ്ധ്യക്ഷനായ പാപ്പാ ഫ്രാന്‍സിസിനെ വിമിര്‍ശിക്കുക മാത്രമല്ല, അദ്ദേഹത്തെ പുറത്താക്കണം, അദ്ദേഹം രാജിവയ്ക്കണമെന്നുപോലും രേഖമൂലം അവകാശപ്പെടാന്‍ ധൈര്യപ്പെട്ട അന്ധരായ നിയമജ്ഞരുടെയു ഫരീസേയരുടെയും സമകാലീന കൂട്ടായ്മ ലോകത്തിന്ന് പ്രവൃത്തിക്കുന്നുവെന്നത് നിര്‍ഭാഗ്യകരമെന്നേ പറയേണ്ടൂ.

മനുഷ്യരെ ചുഷണംചെയ്യുന്നവര്‍
ദൈവത്തിന്‍റെ പേരില്‍ മനുഷ്യരെ ചുഷണംചെയ്യുന്നവര്‍  ക്രിസ്തുവിന്‍റെ വാക്കുകളില്‍, കപടനാട്യക്കാരായ സാമൂഹ്യശ്രേഷ്ഠരാണ്. അവര്‍ അന്ധരായ സാമൂഹ്യപ്രമാണികളും, വെള്ളപൂശിയ കുഴിമാടങ്ങളെപ്പോലെ ബാഹ്യപ്പൊലിമയില്‍ ചമഞ്ഞുനടക്കുകയും, ഉള്ളില്‍ സര്‍വ്വവിധ മാലിന്യങ്ങളും അനീതിയും കാപട്യവും പേറുന്നവരുമാണ് (മത്തായി 23, 27f). ദൈവമനുഷ്യ ബന്ധത്തിനിടയ്ക്ക് ദൈവദൂഷണത്തിന്‍റെയും ഭ്രഷ്ടിന്‍റെയും മത-സാമൂഹ്യനിയമ ബന്ധനങ്ങള്‍ കൊണ്ടുവരുകയും ചെയ്യുന്ന ഫരിസേയ സാമൂഹ്യപ്രമാണികള്‍ ലോകത്ത് എക്കാലത്തുമുണ്ട്. ദൈവികബന്ധത്തില്‍നിന്നും വിശ്വാസജീവിതത്തില്‍നിന്നും മനുഷ്യനെ പിന്‍തിരിപ്പിക്കുവാനും, വ്യാജാരോപണങ്ങളില്‍ കരുവാക്കുവാനും, ദൈവത്തിന്‍റെ പേരില്‍ മനുഷ്യരെ വിധിക്കുകയും ചൂഷണംചെയ്യുകയും ചെയ്യുന്ന ദാരുണമായ മതമൗലികവാദമാണ് ഇന്ന് നമ്മുടെ ലോകത്ത് കൊടുമ്പിരിക്കൊള്ളുന്നത്. ബലഹീനരും പാപികളും നിര്‍ദ്ദോഷികളുമായ സ്ത്രീകളും കുഞ്ഞുങ്ങളും മനുഷ്യരും പീഡിപ്പിക്കപ്പെടുകയും ‘കല്ലെറിഞ്ഞു’ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്.

കാരുണ്യം മുഖമുദ്രയാക്കാം!
കരുണാര്‍ദ്രഭാവം നമ്മുടെ മാനുഷികതയെയും ക്രൈസ്തവികതയെയും തനിമയാകണം: 
ക്രൈസ്തവികതയുടെ തനിമയും സര്‍ഗ്ഗാത്മകതയുമായിരിക്കണം ദൈവ-മനുഷ്യ ബന്ധത്തിലെ സുതാര്യമായ ആശ്ലേഷവും കാരുണ്യഭാവവും. ശരീരവും ആത്മാവും, ദേഹിയും ദേഹവും ആശ്ലേഷിക്കപ്പെടണം, അവ ഒത്തുചേരണം, അവ പരസ്പര വിരുദ്ധമല്ല എന്ന ദൈവികദര്‍ശനവും പദ്ധതിയും നാം ലോകത്ത് ദൃശ്യമാക്കണം. തന്‍റെ സാമൂഹ്യപരിസരത്ത് ക്രിസ്തു മല്ലടിച്ചത് മനുഷ്യന്‍റെ ഹൃദയകാഠിന്യത്തിന് എതിരെയാണ്. മനുഷ്യരില്‍ വസിക്കുന്ന ദൈവികഭാവത്തിന്‍റെ നിഷേധമാണ് കഠിനഹൃദയം, ദാര്‍ഷ്ട്യം, അഹങ്കാരം. കരുണയുള്ളിടത്ത് ദൈവമുണ്ട്. അവിടുത്തെ കരുണ കലവറയില്ലാത്തതും അറുതിയില്ലാത്തതുമാണ്. “കാര്‍ക്കശ്യത്തിലും കഠിനഭാവത്തിലും ദൈവമില്ല” എന്നത് വിശുദ്ധ അബ്രോസിന്‍റെ ചിന്തയാണ്. നമ്മുടെ ജീവിതങ്ങളെ ദൈവസ്നേഹം പരിവര്‍ത്തനംചെയ്യും, മാറ്റിമറിക്കും. പാപത്തെയും തെറ്റുകുറ്റങ്ങളെയും ലാഘവത്തോടെ കാണണമെന്നോ, ലഘൂകരിക്കണമെന്നോ കരുണകൊണ്ട് അര്‍ത്ഥമാക്കുന്നില്ല. മറിച്ച് വീണിടത്തുനിന്നും ഉയരാന്‍ സഹായിക്കുക. വഴികാട്ടുക, ശരിയായത് കാട്ടികൊടുക്കുക. അങ്ങനെ നല്ല ഭാവിയും നവമായ ജീവിതപാതയും തുറക്കുക, നവജീവന്‍ നല്കുക എന്നതാണ് കരുണയുടെ ഭാവവും സുവിശേഷ ദര്‍ശനവും.

ക്രിസ്തു കാണിച്ചുതരുന്ന കാരുണ്യത്തിന്‍റെ മൗലികദര്‍ശനം ദൈവമനുഷ്യ ബന്ധത്തിന്‍റെ മേല്‍-കീഴ്-തലം, ലംബമാനം (verticality) പാടെ തകര്‍ക്കുന്നതാണ്. മുകളില്‍ വസിക്കുന്ന ദൈവം വിധിയാളനും കാര്‍ക്കശ്യത്തോടെ ശിക്ഷിക്കുന്നവനുമാണ് എന്ന വീക്ഷണം പാടേ മാറ്റിമറിക്കപ്പെടുന്നു. കുരിശിലെ നഗ്നനായ ദൈവം ക്ഷമിക്കുന്ന സ്നേഹമുള്ളവനാണ് എന്ന ചിന്ത നമ്മെ സ്വാര്‍ത്ഥതയില്‍നിന്നും നിര്‍വീര്യരാക്കുന്നു. ഇന്ന് മനുഷ്യുകുലത്തിന്‍റെ നിലനില്പിനു മുകളില്‍ ഭീഷണിയായി നില്ക്കുന്ന സകല മനുഷ്യബോംബുകളെയും നിര്‍വീര്യമാക്കാന്‍ കുരിശിലെ ക്ഷമിക്കുന്ന സ്നേഹത്തിനാകും. ക്രിസ്തുവില്‍ ദൃശ്യനായ സര്‍വ്വശക്തനായ ദൈവം എല്ലാം സ്നേഹമായ പിതാവാണ്. അവിടുന്ന് കരുണയുള്ള പിതാവാണ്. കഠിനഹൃദയമുള്ളവരോടും സ്നേഹമന്ത്രം കുറിക്കുന്ന കരുണാര്‍ദ്രനാണ്. ഇത് ദൈവമനുഷ്യ ബന്ധത്തിന്‍റെ തിരശ്ചീനതലവും  (horizontality) നവവും പ്രശാന്തവുമായ ജീവിത ചക്രവാളവുമാണ്.

പാപിയും വിലപ്പെട്ട മനുഷ്യനാണ്!
‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു!’ I love you! എന്ന് നിങ്ങളോടും എന്നോടും അവിടുന്ന് ഇന്നും പറയുന്നു.  അതിനാല്‍ “നീ പോവുക. മേലില്‍ പാപംചെയ്യരുത്!” (യോഹ. 8, 11) എന്ന ജീവിതത്തെ മാറ്റിമിറിക്കുന്ന ക്രിസ്തുവചനം ദൈവത്തിന്‍റെ മാപ്പും, ക്ഷമയും സ്മൃതിഭ്രംശമല്ല, ഓര്‍മ്മപ്പിശകല്ല, മറിച്ച് ദൈവിക വിമോചനമാണെന്ന് നമ്മെ പഠിപ്പിക്കുന്നു. അവിടുന്ന് തന്‍റെ ജനത്തിന്‍റെ വിമോചകനാണെന്ന് അതു സ്ഥാപിക്കുന്നു. അങ്ങനെ ഗതകാല ബന്ധത്തില്‍നിന്നുമുള്ള സ്വാതന്ത്ര്യമാണ് ദൈവികമായ മാപ്പും, അവിടുത്തെ കാരുണ്യവും. ജീവിതസാഹചര്യങ്ങളില്‍ പാപത്തിന്‍റെ കുറ്റബോധത്തില്‍ നാം ബന്ധനസ്ഥരാകാന്‍ ഇടയുണ്ട്. എന്നാല്‍ പാപത്തെക്കാളും വിലപ്പെട്ടവനാണ് പാപിയായ മനുഷ്യന്‍. അതിനാല്‍ പാപത്തിനും തിന്മയ്ക്കും അവന്‍ കീഴ്പ്പെടേണ്ടതില്ല. അവിടുന്നു ക്ഷമിക്കുന്നു, സ്നേഹിക്കുന്നു, കരുണകാട്ടുന്നു. അവിടുന്ന് ഇന്നിന്‍റെ ധാര്‍മ്മികതയെയും എല്ലാ നിഷ്ഠകളുടെയും അതിരുകള്‍ ലംഘിക്കുന്നവനാണ്. 

ദൈവം ഒരു ധാര്‍മ്മികാചാര്യനല്ല, കരുണാനിഷ്ഠനാണ്, സ്നേഹനിഷ്ഠനാണ്. മനുഷ്യരെ സ്നേഹിക്കുവാനും രക്ഷിക്കുവാനും വന്നവനാണ്. മനുഷ്യരെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സൂര്യോദയം ദര്‍ശിക്കാന്‍ അവിടുന്നു വിളിക്കുന്നു. പാപത്തിന്‍റെയും തിന്മയുടെയും ഇരുട്ടിനെ ഉപേക്ഷിക്കുവാനും വെറുക്കുവാനും അവിടുന്ന് ഈ സുവിശേഷ ധ്യാനത്തിലൂടെ നമ്മോട് ആവശ്യപ്പെടുന്നു.

06 April 2019, 07:14