തിരയുക

Vatican News
Hosana - the call to way of Christ's love Hosana - the call to way of Christ's love  (COPYRIGHT (c) THE BRIDGEMAN ART LIBRARY)

ഓശാന : ജീവിതത്തിന്‍റെ സ്നേഹവഴികളിലേയ്ക്കുള്ള ക്ഷണം

ഓശാന ഞായറാഴ്ചത്തെ സുവിശേഷ വിചിന്തനം - വിശുദ്ധ ലൂക്കായുടെ സുവിശേഷം 22, 14-23, 56.
ഓശാനയുടെ സ്നേഹ വിളികള്‍

ദൈവനാമത്തില്‍ ആഗതന്‍ 
ജരൂസലേം ജനത ആനന്ദാരവത്തോടെ യേശുവിനെ സ്വീകരിച്ചു. “കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍” എന്നവര്‍ ആര്‍ത്തുവിളിച്ചു (ലൂക്ക 19, 38). അവരുടെ ആവേശം ഇന്നു നമ്മുടേതാണ്, ലോകമെമ്പാടുമുള്ള ക്രൈസ്തവരുടേതാണ്. ഓശാനനാളില്‍ നമ്മിലേയ്ക്കു വരുന്ന ക്രിസ്തുവിനെ കുരുത്തോലകളും ഒലിവിന്‍ ചില്ലകളുമേന്തി വരവേല്ക്കുവാനുള്ള ആഗ്രഹം നാം ഇന്നു പ്രകടമാക്കുന്നു. ജരുസലേമിലേയ്ക്കെന്നപോലെ, നമ്മുടെ ജീവിതങ്ങളിലേയ്ക്കും കുടുംബങ്ങളിലേയ്ക്കും നഗരങ്ങളിലേയ്ക്കും കടന്നുവരാന്‍ യേശു ഇന്നും ആഗ്രഹിക്കുന്നുണ്ട്. സുവിശേഷം രേഖപ്പെടുത്തുന്നതുപോലെ, ഒരു കഴുതപ്പുറത്ത്, ഏറെ വിനീതനായി, “കര്‍ത്താവിന്‍റെ നാമത്തിലാണ്” അവിടുന്നു വന്നത്. തന്‍റെ ദിവ്യസ്നേഹത്താല്‍ നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുവാനും, പിതാവുമായി നമ്മെ പരസ്പരം രമ്യപ്പെടുത്താനുമാണ് അവിടുന്നു ആഗതനായത്.              

ഓശാനയുടെ  കെടുത്താനാവാത്ത  ആവേശം
ജനം പ്രകടമാക്കിയ ഹോസാനയുടെ സ്നേഹത്തിമിര്‍പ്പിലും ആനന്ദാരവത്തിലും യേശു സംതൃപ്തനായി. എന്നാല്‍ സമൂഹപ്രമാണികള്‍ ശ്രമിച്ചത് അവിടുത്തെ സ്തുതിച്ചുപാടിയ കുട്ടികളെയും ജനങ്ങളെയും നിശബ്ദരാക്കാനായിരുന്നു. “ഇവര്‍ മൗനംഭജിച്ചാല്‍ കല്ലുകള്‍ ആര്‍ത്തുവിളിക്കും” എന്നായിരുന്നു അവിടുത്തെ പ്രതികരണം (ലൂക്ക 19, 40). യേശുവിന്‍റെ വരവിനെ ചൊല്ലിയുള്ള ആവേശം കെടുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല, കഴിയില്ല! നമ്മില്‍ വസിക്കുകയും സമാധാനം പകരുകയുംചെയ്യുന്ന യഥാര്‍ത്ഥ സന്തോഷത്തിന്‍റെ സ്രോതസ്സായ യേശുവിനെ നമ്മില്‍നിന്ന് അകറ്റിനിര്‍ത്താന്‍ യാതൊരു ശക്തിക്കും കഴിയുകയില്ല. കാരണം പാപം, മരണം, ഭീതി, ദുഃഖം എന്നിവയുടെ കെണിയില്‍നിന്നും നമ്മെ രക്ഷിക്കുവാന്‍ യേശുവിനു മാത്രമാണ് കരുത്തുള്ളത്.

രക്ഷണീയ പാതയിലെ  ദാസ്യരൂപം 
ക്രിസ്തു നമ്മെ വീണ്ടെടുത്തത് അവിടുത്തെ രാജകീയ പ്രവേശംകൊണ്ടോ അത്ഭുത കൃത്യങ്ങള്‍കൊണ്ടോ അല്ലെന്ന് ഹോസാന മഹോത്സവത്തിലെ ആരാധനക്രമം നമ്മെ പഠിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ രക്ഷണീയപാതയെ പൗലോശ്ലീഹ രണ്ടു വാക്കുകളില്‍ മനോഹരമായി ഇന്നത്തെ രണ്ടാം വായനയില്‍ സംഗ്രഹിക്കുന്നുണ്ട് - യേശു ‘തന്നെത്തന്നെ ശൂന്യനാക്കി’യെന്നും, ‘തന്നെത്തന്നെ താഴ്ത്തി’യെന്നും (ഫിലി. 2, 7-8). ദൈവത്തിന് നമ്മളോടുള്ള അനന്തമായ കാരുണ്യം പ്രകടമാക്കുന്നതാണ് ഈ രണ്ടു ക്രിയകളും. ദൈവപുത്രനായിരുന്നിട്ടും, പാപികളായ ‘മനുഷ്യരോട് അവിടുന്ന് സകലത്തിലും സാരൂപ്യപ്പെടുവാന്‍വേണ്ടി’ ദൈവമഹത്വം നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കികൊണ്ട് അവിടുന്നു ‘ദാസന്‍റെ രൂപം സ്വീകരിക്കുകയും’ മനുഷ്യരുടെകൂടെ വസിക്കുകയും ചെയ്തു  (ഫിലി. 2, 7). എന്നാല്‍ അവിടുന്നു നമ്മോടുകൂടെ വസിച്ചത് രാജാവോ രാജകുമാരനോ ആയിട്ടല്ല, ദാസനായിട്ടാണ്. എളിമയുടെ അടിത്തട്ടോളം അവിടുന്ന് സ്വയം വിനീതനാക്കി, വിനയത്തിന്‍റെ ‘നെല്ലിപ്പടിയോളം’ അവിടുന്ന് ഇറങ്ങിച്ചെന്നു.

പ്രശാന്തവും  വിനീതവുമായ ദാസ്യരൂപം
അവിടുത്തെ ‘അനന്തമായ’ സ്നേഹം പ്രതീകാത്മകമായി ആദ്യം പ്രകടമാക്കപ്പെട്ടത് ശിഷ്യന്മാരുടെ പാദങ്ങള്‍ അവിടുന്ന് കഴുകിയപ്പോഴാണ് (യോഹ. 13, 1). ‘ഗുരുവും നാഥനുമായ’ അവിടുന്ന് കുമ്പിട്ട് അടിമയെപ്പോലെ ശിഷ്യരുടെ പാദങ്ങള്‍ കഴുകി (യോഹ. 13, 14). ഇന്നു ചുറ്റിനും കാണുന്ന കാര്യങ്ങളെ വിശേഷിപ്പിച്ചാല്‍ ധാര്‍ഷ്ട്യമെന്ന പദം പോരാതെ വരും. മനുഷ്യന്‍റെ അഹങ്കാരവും ധിക്കാരവും അനുദിനം വര്‍ദ്ധിച്ചു വരികയാണ്. ഓരോരുത്തരും മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠതയുള്ളവരായി കണക്കാക്കണമെന്ന പൗലോസ് അപ്പസ്തോലന്‍റെ വാക്കുകള്‍ നമുക്കിവിടെ കൂട്ടിവായിക്കാവുന്നതാണ് (നടപടി 17, 11). എല്ലാവരും ബാക്കിയുള്ളവരെ തങ്ങളെക്കാള്‍ മീതെ പ്രതിഷ്ഠിക്കുന്ന കാലം എത്ര സുഭഗമായിരിക്കും, അത് പ്രസാദഭദ്രമായ അനുഭവവുമായിരിക്കും. ഭൂമിയുള്ളിടത്തോളം നമ്മള്‍ ആവര്‍ത്തിക്കണമെന്ന് അവിടുന്നു പഠിപ്പിച്ച പാദക്ഷാളനകര്‍മ്മം വിനയത്തിലേയ്ക്കുള്ള ക്ഷണമല്ലാതെ മറ്റെന്താണ്. അത്ര പ്രധാനപ്പെട്ടതായി കരുതാതെ മൂന്നു സമാന്തര സുവിശേഷകന്മാരും വിട്ടുകളഞ്ഞ പാദക്ഷാളന കര്‍മ്മത്തെ ഒരു കൂദാശ സംസ്ഥാപനത്തെപ്പോലെ ശക്തമായി യോഹന്നാന്‍റെ പാരമ്പര്യം രേഖപ്പെടുത്തുന്നത് ഏറെ ശ്രദ്ധേയമാണ് (യോഹ. 13, 1-17).  

കുരിശോളമെത്തിയ ഉദാത്തമായ വിനയവും സ്നേഹവും
മനുഷ്യരുടെ മദ്ധ്യത്തിലേയ്ക്ക് താഴ്മയില്‍   ഇറങ്ങിവന്ന ദൈവത്തിന്‍റെ സ്നേഹം നമ്മില്‍ പതിയാന്‍ അവിടുത്തെ വിനയത്തിന്‍റെ മാതൃകയും ശുശ്രൂഷാഭാവവും നമ്മെ സഹായിക്കണം. 
ആ സ്നേഹസ്പര്‍ശം ലഭിച്ചാല്‍ നമുക്കും മറ്റുള്ളവരെ സ്നേഹിക്കാനാകും. ഉദാത്തമായ വിനയവും യഥാര്‍ത്ഥമായ സ്നേഹവും അടങ്ങിയിരിക്കുന്നത് മൂര്‍ത്തമായ സേവനത്തിലാണെന്ന് കാലുകഴുകല്‍ ശുശ്രൂഷ നമ്മെ പഠിപ്പിക്കുന്നു. ഈ വിനയത്തിന്‍റെ പാഠം അജപാലന സമൂഹങ്ങളിലേയ്ക്ക് കിനിഞ്ഞിറങ്ങാന്‍ വേണ്ടിയാണ്, ഒരു ഇടവകയില്‍ പ്രാതിനിധ്യ സ്വഭാവത്തോടെ – പ്രായമായവരുടെയും ചെറുപ്പക്കാരുടെയും രോഗികളുടെയും ഭിന്നശേഷിയുള്ളവരുടെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും കാലുകഴുകുന്ന സമ്പ്രദായം ഇന്ന് സഭയില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ചത്. എന്നിട്ടും അജപാലകര്‍ മടിച്ചുനിലക്കുകയും, അത് ചിലര്‍ക്കായി സംവരണംചെയ്തു വയ്ക്കുന്ന പഴയ സമ്പ്രദായത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്.                                                                     

നിന്ദ്യനും പരിത്യക്തനുമായ സഹനദാസന്‍
ശിഷ്യരുടെ കാലുകഴുകിയ സംഭവം ഒരു രക്ഷണീയ കൃത്യത്തിന്‍റെ തുടക്കം മാത്രമായിരുന്നു. പീഡാനുഭവത്തോടെയാണ് യേശുവിന്‍റെ വിനയം അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തുന്നത്. മുപ്പതു വെള്ളിനാണയങ്ങള്‍ക്ക് അവിടുന്ന് ആദ്യം വില്ക്കപ്പെട്ടു. താന്‍ തിരഞ്ഞെടുത്തു, സ്നേഹിതനായി വിളിച്ച ശിഷ്യന്‍, യൂദാസ് സ്ക്കറിയോത്ത ചുംബനംകൊണ്ട് വിരോധികള്‍ക്ക് അവിടുത്തെ ഒറ്റുകൊടുത്തു. മിക്കവാറും മറ്റെല്ലാ ശിഷ്യന്മാരും അവിടുത്തെ ഉപേക്ഷിച്ച് ഓടിപ്പോയി. പത്രോസാകട്ടെ ദേവാലയത്തിന്‍റെ ഉമ്മറത്തുവച്ച് മൂന്നു പ്രാവശ്യം ഗുരുവിനെ തള്ളിപ്പറഞ്ഞു.

അങ്ങനെ പരിത്യക്തനായ അവിടുത്തെ മുഖത്ത് പ്രതിയോഗികള്‍ തുപ്പി അധിക്ഷേപിച്ചു. ചമ്മട്ടിയടിയാലും, മുള്‍മുടിയാലും, മറ്റു പീഡനങ്ങളാലും അവിടുത്തെ മുഖം തിരിച്ചറിയാനാവാത്ത വിധം വിരൂപമാക്കപ്പെട്ടു.  മതാചാര്യന്മാര്‍ അവിടുത്തെ അവഹേളിച്ചു. രാഷ്ട്രീയ നേതൃത്വം അവിടുത്തെമേല്‍ കുറ്റംചുമത്തി. അവര്‍ അവിടുത്തെ പാപിയും അന്യായക്കാരനുമാക്കി മുദ്രകുത്തി. പീലാത്തോസ് അവിടുത്തെ ഹേറോദേസിന്‍റെ പക്കലേയ്ക്കും, ഹേറോദേസ് റോമന്‍ ഗവര്‍ണ്ണറായ കയ്യഫാസിന്‍റെ പക്കലേയ്ക്കും വിചാരണയ്ക്കായി പറഞ്ഞയച്ചു. എല്ലാവിധത്തിലുള്ള നീതിയും നിഷേധിക്കപ്പെട്ട തന്‍റെ വിധിയെ തുണയ്ക്കാന്‍ ആരുമില്ലാതെ മാനുഷികമായി യേശു ഏറെ ഏകാന്തത അനുഭവിച്ചു. തനിക്കായി ഓശാനപാടിയ അതേ ജനം ഇപ്പോഴിതാ തനിക്കെതിരെ കൊലക്കുറ്റത്തിന്‍റെ ആക്രോശം മുഴക്കി, “അവനെ ക്രൂശിക്കുക!”. തുടര്‍ന്നുണ്ടായ കുരിശിലെ മരണവിനാഴിക ഒരു കുറ്റവാളിയുടേതോ, അടിമയുടേതോ, വഞ്ചകന്‍റേതോപോലെ, ഏറ്റവും നിന്ദ്യവും വേദനാജനകുമായിരുന്നു.

പിതൃകരങ്ങളിലെ സ്വയാര്‍പ്പണം
എന്നാല്‍ അവിടുത്തെ പരിത്യക്തതയുടെ പങ്ക് ഒറ്റപ്പെടലും അപകീര്‍ത്തിയും വേദനയും മാത്രമായിരുന്നില്ല. നമ്മോടു പൂര്‍ണ്ണമായും സഹാനുഭാവം പ്രകടമാക്കാന്‍ അവിടുന്ന് നിഗൂഢമാംവിധം പിതാവിനാല്‍ കുരിശില്‍ കൈയ്യൊഴിയപ്പെടുന്നു. അതു വാക്കുകളില്‍ പ്രകടമാക്കപ്പെട്ടു, “പിതാവേ, എന്തുകൊണ്ടെന്നെ കൈവെടിഞ്ഞു!”. പരിത്യക്താവസ്ഥയില്‍ ആയിരുന്നിട്ടും പ്രാര്‍ത്ഥനയില്‍ അവിടുന്ന് പിതാവിനു സ്വയം ഭരമേല്പിക്കുന്നു : “പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു”  (ലൂക്ക 23, 47). അപമാനിതനായി കുരിശില്‍ തൂങ്ങിക്കിടക്കുമ്പോഴും യേശു അഭിമുഖീകരിക്കുന്ന അവസാനത്തെ പ്രലോഭനം, ഇറങ്ങിവന്ന് തിന്മയുടെ ശക്തികളെ കീഴ്പ്പെടുത്തി പ്രാഭവനും അജൈയ്യനുമായൊരു ദൈവത്തിന്‍റെ മുഖം വെളിപ്പെടുത്തുവാനായിരുന്നു. അതാണ് ജനം ആവശ്യപ്പെട്ടത്. ശൂന്യവത്ക്കരണത്തിന്‍റെ ഉച്ചസ്ഥായിയിലും യേശു വെളിപ്പെടുത്തിയത് ദൈവികഭാവമാണ്. അത് ദൈവത്തിന്‍റെ കാരുണ്യ വദനമായിരുന്നു. തന്നെ ക്രൂശിലേറ്റിയവരോട് അവിടുന്നു ക്ഷമിച്ചു. അനുതപിച്ച കള്ളന് പറുദീസ വാഗ്ദാനംചെയ്തു. കുരിശിന്‍ ചുവട്ടില്‍ നിന്നിരുന്ന റോമന്‍ ഭടനോടും അവിടുന്ന് കരുണകാട്ടി. തിന്മയുടെ രഹസ്യം അഗ്രാഹ്യമാണ്. എന്നാല്‍ യേശു വര്‍ഷിച്ച സ്നേഹമഴ അനന്തമാണ്. മരണത്തിന്‍റെയും നരകത്തിന്‍റെയും ഗര്‍ത്തങ്ങള്‍വരെ എത്തുന്ന കാരുണ്യവര്‍ഷമാണത്. വേദനയും പീഡനവും ഏറ്റെടുത്താണ് അവിടുന്നു ലോകത്തെ രക്ഷിച്ചത്. ക്രിസ്തു ഇരുളില്‍ പ്രകാശമാണ്, മരണത്തില്‍ ജീവനാണ്. വിദ്വേഷമുള്ളിടത്ത് അവിടുന്നു സ്നേഹമാണ്.

നമുക്കായി തുറക്കപ്പെടുന്ന രക്ഷയുടെ വഴികള്‍
ദൈവത്തിന്‍റെ വഴികള്‍ നമ്മില്‍നിന്നും ഏറെ വിഭിന്നമാണ്. യേശു ശൂന്യവത്ക്കരിക്കപ്പെട്ടത് നമുക്കുവേണ്ടിയാണ്. എന്നാല്‍ മറക്കുവാനോ പൊറുക്കുവാനോ തെല്ലുപോലും നമുക്കാവുന്നില്ല. അവിടുത്തെ രക്ഷയുടെ വഴികള്‍ നമുക്കായ് തുറക്കപ്പെടുന്നുണ്ട്. അവിടേയ്ക്ക് നാമും വിളിക്കപ്പെടുന്നുണ്ട്. അത് സേവനത്തിന്‍റെയും സ്നേഹത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ക്ഷമയുടെയും പാതയാണ്. ഈ ദിനങ്ങളില്‍ ക്രിസ്തുവിന്‍റെ ‘രാജകീയ സ്ഥാനമായ’ കുരിശിനെ നോക്കി നമുക്കു മുന്നേറാം. നമ്മെ രക്ഷിക്കാനായി, നമുക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ച അവിടുത്തെ വിനീത സ്നേഹത്തെക്കുറിച്ച് നമുക്കു പഠിക്കാം. അതുവഴി ശക്തിയുടെയും പ്രശസ്തിയുടെയും പ്രാഭവത്തിന്‍റെയും സ്വാര്‍ത്ഥമായ വഴികള്‍ നമുക്ക് ഉപേക്ഷിക്കാം. സ്വയം വിനീതനായ യേശു നമ്മെയും വനിയത്തിന്‍റെ വഴിയിലേയ്ക്കാണ് ക്ഷണിക്കുന്നത്.

നമ്മുടെ ദൃഷ്‌‌ടികള്‍ യേശുവിലേയ്ക്കു തിരിക്കാം. ശൂന്യവത്ക്കരണത്തിന്‍റെ പാഠം മനസ്സിലാക്കിത്തരണമേ, എന്ന് അവിടുത്തോടു പ്രാര്‍ത്ഥിക്കാം. വിശുദ്ധവാരത്തിലെ ദിവ്യരഹസ്യങ്ങള്‍ ആന്തരിക നിശ്ശബ്ദതയില്‍ ധ്യാനിക്കാന്‍ പ്രാപ്തരാക്കണമേ എന്നു യാചിക്കാം. ഈ ദിനങ്ങളില്‍ ക്രിസ്തുവിന്‍റെ ‘രാജകീയ സ്ഥാനമായ’ കുരിശിനെ നോക്കി നമുക്കു മുന്നേറാം. അവിടുത്തെ വിനീത സ്നേഹത്തെക്കുറിച്ച് പഠിക്കാം.   യേശു ‘തന്നെത്തന്നെ ശൂന്യനാക്കി’യെന്നും, ‘തന്നെത്തന്നെ താഴ്ത്തി’യെന്നും നമുക്കു ധ്യാനിക്കാം (ഫിലി. 2, 7-8).

13 April 2019, 18:10