തിരയുക

Vatican News
പരിശുദ്ധ അമ്മയുടെ ചിത്രം പരിശുദ്ധ അമ്മയുടെ ചിത്രം 

അമലയായ അമ്മ മേരി നമ്മോടൊപ്പം

തപസ്സു കാലത്തിന്‍റെ പവിത്രതയിലായിരിക്കുന്ന നമ്മെ ക്രൂശിതനോടു ചേർന്ന് സഞ്ചരിക്കാൻ സഹായിക്കുന്ന അമ്മയാണ് പരിശുദ്ധ കന്യകാമറിയം. ദുഃഖ വെള്ളിയിൽ പോലും വിശ്വാസം പതറാതെ സൂക്ഷിച്ച അമ്മയെ കുറിച്ചുള്ള വിചിന്തിനം

സി.റൂബിനി സി.റ്റി.സി

“അവന്‍റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു”. (ലൂക്കാ. 2:51)

അമ്മമാരോടു ദൈവം പക്ഷപാതം കാണിക്കുമോ? ഒരായുസ്സിന്‍റെ ജീവിതം മുഴുവനും ദൈവത്തിനായി നല്‍കാൻ സമ്മതിക്കുമ്പോൾ തന്‍റെ ഉദരത്തിൽ വിളയാടാൻ വരുന്ന ഉണ്ണി ലോകത്തിന്‍റെ കറകളയാനുള്ള ബലികുഞ്ഞാടെന്ന് അവൾ അറിയുന്നു. ആ അറിവിനെ അനുഭവമാക്കാൻ നിന്‍റെ ദാസിയാണ് താനെന്നും ഇഷ്ടമുള്ളതൊക്കെ തന്നുകൊള്ളുക എന്നും സമർപ്പണം ചെയ്ത ഒരമ്മയോടു ദൈവം പക്ഷപാതം കാട്ടുകയോ?  ഈ പ്രപഞ്ചത്തിൽ ആദ്യമായി പാപത്തിന്‍റെ രക്തത്തുള്ളികൾ വീഴ്ത്തിയ ഹവ്വായുടെ പുത്രനായ കായേന് ദൈവം ശിക്ഷ നൽകിയപ്പോൾ അയാളെ കൊല്ലുന്നവനോടു ഏഴിരട്ടിയായി പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ് ആരും കായേനെ കൊല്ലാതിരിക്കാൻ നെറ്റിയില്‍ ഒരടയാളം പതിപ്പിച്ച് അയാളെ സംരക്ഷിക്കുന്നു. എന്നാൽ ഇവിടെ മേരിയുടെ പുത്രന്‍ ലോകത്തിന്‍റെ ബലികുഞ്ഞാടെന്ന് പറഞ്ഞു കൊണ്ട്  ഭീകരമായ മരണത്തിന്‍റെ മുദ്ര നൽകുന്നു. തന്‍റെ മുന്നിൽ വച്ച് നഗ്നനാക്കുന്നു.ലോകം മേരിയുടെ പുത്രനെ കുരിശിൽ തറയ്ക്കുന്നു.  അവഹേളനത്തിന്‍റെ കഴുമരത്തിൽ തൂക്കികൊല്ലുകയും ചെയ്യുന്നു. സ്വന്തം അമ്മയുടെ മുന്നിൽ ജീവരക്തംകൊണ്ടുള്ള മകന്‍റെ ബലിയർപ്പണം. പ്രപഞ്ചത്തെ ഭരിക്കാൻ ഏൽപ്പിച്ച മനുഷ്യൻ അതിനെ പരുക്കേൽപ്പിച്ചത് കൊണ്ട്  മേരിയുടെ പുത്രന്‍ തന്‍റെ ജീവിതത്തെ പരിഹാര ബലിയാക്കി തീർത്തു.

അമലയായ അമ്മ മേരി

 അക്കാലത്ത് എല്ലാവരും ഈശ്വരന്‍റെ അമ്മയാകാൻ സ്വപ്നം കണ്ടു. എന്നാൽ ഈശന്‍റെ അമ്മയുടെ ദാസിയെങ്കിലും ആകണമെന്ന് മേരി എന്ന പെൺകുട്ടി ആഗ്രഹിച്ചു. സ്വർഗ്ഗത്തിന്‍റെ  തിരഞ്ഞെടുപ്പോ മേരി അമ്മയാകണം എന്നതായിരുന്നു. ദൈവ പുത്രനെ തന്‍റെ ഉദരത്തിൽ വഹിക്കുന്ന അമലയായ കന്യക. നിർമ്മലമായിരുന്നു അവളുടെ ജീവിതം. അതുകൊണ്ടു തന്നെ സ്വർഗ്ഗം അവളിൽ ദൈവത്തിന്‍റെ അമ്മയെ കണ്ടെത്തി. മേരിയുടെ സമർപ്പണവേദി അവിടെ നിന്നും  ആരംഭിക്കുകയാണ്. പിന്നെ അന്ത്യം വരെയും സഹനത്തിന്‍റെ തേരോട്ടവും.

അർപ്പണത്തിന്‍റ അമ്മ

നിദ്രായാമങ്ങളിലെ പരിശുദ്ധ അമ്മയുടെ ഉണർവിന്‍റെ പ്രാര്‍ത്ഥനയാവണം പുത്രന്‍റെ നിയോഗങ്ങള്‍ക്ക് കരുത്തിന്‍റെ പൊതിച്ചോറ് നൽകിയത്. എന്നിട്ടും അവൾ ഒറ്റയാക്കപ്പെട്ടിരുന്നു. തിരുകുടുംബത്തിലെ നാഥന്‍റെ വേർപാടും, നായകന്‍റെ അലഞ്ഞു തിരിഞ്ഞുള്ള ദൈവരാജ്യ പ്രഘോഷണവും മേരിക്ക് എകാന്തത സമ്മാനിച്ചെങ്കിലും മറിയം മംഗള വാർത്താ ദിനത്തിൽ ഉരുവിട്ട അതേ വാക്കുകൾ ആവർത്തിച്ചു കൊണ്ടിരുന്നു.

ഈറ്റുനോവിന്‍റെ നിമിഷത്തിൽ അവൾ അനുഭവിച്ച അരക്ഷിതത്വം.  ദൈവപുത്രനെ തന്‍റെ ഉദരത്തിൽ നിക്ഷേപിച്ച ദൈവം അവനു ജനിക്കാൻ ഒരിടം നൽകാൻ ആരെയും നിയമിച്ചില്ല. തന്‍റെ ഉണ്ണി ജനിച്ചപ്പോൾ വൈക്കോലുകളുടെ തലയണയും, കാളകളുടെ ശ്വാസം കൊണ്ടുള്ള ചൂടുമാണ് ഈ അമ്മയ്ക്കും ജോസഫിനും നൽകുവാൻ കഴിഞ്ഞത്. വൈക്കോലിന്‍റെ ദുർഗന്ധമേറ്റ് അവളുടെ ഉണ്ണിയുടെ ആദ്യ ഉറക്കം. വൈക്കോലിന്‍റെ  പരുപരുപ്പിൽ നിന്നും ഉണ്ണിയുടെ കുഞ്ഞ് തലയെ സംരക്ഷിക്കാൻ തന്‍റെ നേർത്ത ശിരോവസ്ത്രം അല്ലാതെ മറ്റൊരു തുണി പോലും ഇല്ലാതിരുന്നിട്ടും കഷ്ടതയുടെ അപ്പവും ക്ലേശത്തിന്‍റെ ജലവും തന്നാലും തന്‍റെ ഗുരുവിന്‍റെ നയനങ്ങൾ തന്നിൽ നിന്നും മറഞ്ഞിരിക്കുന്നില്ല എന്ന വചനത്തെ അവൾ ബലമായി വിശ്വസിച്ചു.

കൂരിരുട്ടും കൊടും തണുപ്പും കൂട്ടായി ലഭിച്ചപ്പോഴും പരിഭവങ്ങളുടെ ഒരു ചോദ്യം പോലും അമ്മയിൽ അവശേഷിക്കാത്തത് അവളുടെ അർപ്പണത്തോടുള്ള ആത്മീയതയെ വെളിവാക്കുന്നു. ഒരൊറ്റ ജന്മം. അത് മുഴുവനും കാൽവരി പുഴയുടെ തീരത്തു നട്ട വൃക്ഷം പോലെയായിരുന്നു. പുത്രന്‍റെ കിനിഞ്ഞൊഴുകുന്ന രക്തത്തിലും അമ്മയുടെ സഹന ചേരുവുകള്‍ ചേർക്കപ്പെട്ടിരുന്നു. ആകാശത്തിന്‍റെയും ഭൂമിയുടെയും മദ്ധ്യേ തൂങ്ങിയാടുന്ന ഏക മകന്‍റെ ചതഞ്ഞ തിരുമേനിയിൽ നിന്നും തിരുചോര കുത്തിയൊഴുകിയപ്പോൾ അവന്‍റെ പാദത്തെ കെട്ടിപ്പുണർന്ന് വിലപിക്കുന്ന അമ്മ മേരിയുടെ കണ്ണ്നീര്‍ത്തുള്ളികൾ ആ രക്ത പുഴയിൽ അലിഞ്ഞു ചേർന്നു. അങ്ങനെയാണ് അവളുടെ കണ്ണീര്‍ കനമുള്ളതായി മാറിയത്.

അമ്മ മേരിയുടെ ‘ത്രിദുവും’

അമ്മ മേരിയെ കുറിച്ച് ധ്യാനിക്കുമ്പോൾ പാഷൻ ഓഫ് ക്രൈസ്റ്റ് എന്ന ചിത്രത്തിൽ യേശുവിന്‍റെ അമ്മയായി അഭിനയിച്ച ആ സ്ത്രീ രൂപം മനസ്സിൽ ഓടിയെത്തുന്നു. പുഴയൊഴുകും പോലെ ചോരയൊലിച്ച് ക്രൂശിതൻ കിടക്കുന്നു. കൊലമരത്തെ കെട്ടിപ്പിടിച്ചു കരയുന്ന അമ്മയുടെ രൂപം. അഭിനയം കൊണ്ട് മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ആ അമ്മയോടു അലിവ് തോന്നുന്നുവെങ്കിൽ ഈ സഹന വേദിയെ അതേ തീവ്രതയിൽ അനുഭവിച്ച പരിശുദ്ധ അമ്മയോടു നമുക്ക് തോന്നുന്നതെന്തു വികാരമായിരിക്കണം? വിനയപൂർവ്വം തന്‍റെ ജന്മ നിയോഗത്തെ സ്വീകരിച്ച മറിയം  മൗനത്തെ മനനം ചെയ്തു മാതൃകയാകുന്നു.

ദുഃഖവെള്ളിയുടെ തലേ ദിവസത്തെ പെസഹാ വിരുന്നിനു  പുത്രനും കൂട്ടരും ഈ അമ്മയെ ക്ഷണിച്ചതായി സുവിശേഷം പ്രഘോഷിക്കുന്നില്ല. അന്ന് ഏകയായി ഏകാന്തതയിൽ അവൾ അപ്പമുണ്ടാക്കി. മകൻ  അപ്പം  മുറിച്ച് വിളമ്പുന്നേരം ഏകാഗ്രമായ മനസ്സോടെ ആ അമ്മ തനിച്ചിരുന്ന് അപ്പം ഭക്ഷിച്ചു. ദുഃഖവെള്ളിയാത്രയിൽ കാൽവരിയിലെത്തണമെന്ന  നിയോഗത്തോടു പൊരുത്തപ്പെടാൻ ഈ അപ്പം ശരീരത്തിന് ശക്തി നല്‍കിയിട്ടുണ്ടാവണം. തന്‍റെ സമർപ്പണത്തിന്‍റെ താലം പിതാവ് പുത്രന്‍റെ ആത്മാവിനോടൊപ്പം തന്‍റെ  കരങ്ങളിൽ നിന്ന് സ്വീകരിക്കുന്ന ദിനവും കൂടിയാണത്. തനിച്ചായിരുന്ന ആ പെസഹാരാത്രിയിൽ അമ്മയുടെ ഹൃദയത്തിലും ഗദ്ഗദങ്ങളുടെ ശബ്ദഘോഷമുയർന്നിരിക്കണം.

ആ ഇരമ്പലിൽ അമ്മ കരളുരുകിയപ്പോൾ പുത്രൻ പ്രാർത്ഥിക്കുന്നു, കഴിയുമെങ്കിൽ ആ മണിക്കൂർ തന്നെ കടന്നുപോകട്ടെയെന്ന്. കരളലിയിച്ച അമ്മയുടെ കണ്ണീർ പ്രാർത്ഥനയ്ക്ക്  ദൈവം ചെവികൊടുത്തു. മാലാഖയെ അയച്ച് അവനെ ശക്തിപ്പെടുത്തിയെന്നു സുവിശേഷം. അസാധ്യതകളുടെ മരുഭൂവിലൂടെ തളർന്നു തീരുന്നേരം മറിയത്തെ വിളിച്ചാൽ മാലാഖയായി ആ അമ്മ വരും. എല്ലാം പൂർത്തീകരിച്ച് സർവ്വേശ്വരന്‍റെ കരങ്ങളിൽ സമർപ്പിച്ചു സ്വർഗ്ഗം അംഗീകരിക്കുന്നതുവരെ  അമ്മ കൂടെയുണ്ടാകും. പിന്നെ ആരുമറിയാതെ, ആരെയുമറിയിക്കാതെ പ്രാർത്ഥനയുടെ കൂടാരത്തിലേക്കു മടങ്ങുകയും ചെയ്യുന്ന അമ്മയെ  ഈ ഭൂലോകം വിട്ടു യാത്രയായപ്പോൾ ഭൂമിക്ക് ഔഷധമായി നൽകി കൊണ്ടാണ്  എല്ലാം പൂർത്തിയായി എന്ന് പറഞ്ഞ് പുത്രൻ മിഴിപൂട്ടിയത്.

സ്വര്‍ഗ്ഗം നല്‍കിയ അമ്മ

അന്നു മുതല്‍ നമ്മുടെ ഉറക്കത്തിന്‍റെ മണിക്കൂറുകളിൽ ഒരമ്മ ഇന്നും മിഴിയടയ്ക്കാതെ ഉണർന്നിരിക്കുന്നു. പുത്രൻ തന്നെ ഏൽപ്പിച്ച മക്കൾക്ക് കാവലിരിക്കാൻ, രാവിന്‍റെ മക്കളെ പ്രകാശത്തിന്‍റെ പ്രഭയിലേക്ക് കൊണ്ടുവരാൻ. രക്ഷാകര കർമ്മത്തിന്‍റെ ഉൽപ്പത്തി മുതൽ കഷ്ടതയുടെ സങ്കീര്‍ത്തനമായി ജീവിതം മാറ്റപ്പെടുമ്പോഴും വെളിപാടുകളുടെ ലോകത്തിലേക്ക് നാമെത്തിപ്പെടാൻ അമ്മ മേരി അവളുടെ സഹനങ്ങളിൽ നിന്നും രചിച്ച സുഭാഷിതങ്ങൾ നൽകി നാം തട്ടി വീഴാതിരിക്കാൻ നിഴലായി നമ്മോടൊപ്പമെന്നും നടക്കുന്നു.

ദൈവമനുഷ്യന്‍റെ  സ്നേഹഗീതയിൽ  മരിയ വാൾതോർത്തയോടു  ഈശോ, തന്‍റെ അമ്മയെക്കുറിച്ച് പറയുന്നു "  ദിവ്യകാരുണ്യത്തിന്‍റെ  മുന്തിരിക്കുലകൾ വഹിക്കുന്നവളാണ് നീ". മറിയം എന്ന മഹാഗ്രന്ഥത്തെ വായിച്ച് തീർക്കണമെങ്കിൽ അവളുടെ ശിരസ്സിൽനിന്നും പാദംവരെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന വിനയത്തിന്‍റെ  ഒഴുക്കിൽ നാമൊക്കെ സ്നാനം ചെയ്യേണ്ടതായിട്ടുണ്ട്. ദിവ്യകാരുണ്യം അനന്തമായ സ്‌നേഹക്കടലെങ്കിൽ അതിനെ വഹിച്ച ഉദരത്തിന്‍റെ  നാഥ കാരുണ്യം തന്നെയാണ്. ആ കാരുണ്യത്തെ സ്നേഹിക്കുന്ന ഒരാൾക്കും ക്രൂശിതനെ വിട്ടോടി രക്ഷനേടാനാവില്ല. മറിയമെന്ന ഗോവണിയിലൂടെ ജീവാത്മാവ് അന്ത്യത്തിൽ  എത്തിച്ചേരുമെന്നും സ്വർഗ്ഗരാജ്യത്തിലേക്കു പ്രവേശിക്കാൻ കഴിയുമെന്നും തിരുസഭ നമ്മെ   പഠിപ്പിക്കുന്നു. വേദത്തെ ധ്യാനിക്കുന്നവൻ വേദത്തെ ഉദരത്തിൽ വഹിച്ച അമ്മയെ തിരസ്കരിക്കുന്നതു എത്ര മൂഢത്വമാണ്.  വചനത്തെ വഹിച്ച അമ്മ നമ്മുടെ വ്യസനമണിക്കൂറുകളിൽ നമ്മെ ശക്തിപ്പെടുത്തുവാൻ  മാലാഖയെ അയക്കണമേയെന്നു  സ്വർഗ്ഗത്തോടു പ്രാർത്ഥിക്കുന്നു.

സ്വര്‍ഗ്ഗത്തിന്‍റെ വാതിലായ അമ്മ

അമ്മയുടെ ആഴമേറിയ സ്‌നേഹത്തിന്‍റെ മുന്നിൽ സ്വർഗ്ഗത്തിന്‍റെ എല്ലാ വാതിലുകളും തുറക്കപ്പെടുന്നു. സ്വർഗ്ഗനാഥയുടെ നിശബ്ദസമർപ്പണത്തിന്‍റെയും പരിഭവമില്ലാത്ത സഹനത്തിന്‍റെയും അലയടികൾ മുഴങ്ങുന്നത്കൊണ്ട് കൃപ ഭൂമിയിലേക്ക് വർഷിക്കപ്പെടുന്നു. അങ്ങനെയാണ് നമ്മുടെ ജീവിതം ഹരിതമാക്കപ്പെടുന്നത്.

മൗനവും മനനവുമായി പരിശുദ്ധമറിയം ഈ ലോകത്തിൽ ജീവിച്ചു. കണ്ണീർപുഴകൾ അമ്മയുടെ ഹൃദയത്തിൽനിന്നും പുറപ്പെട്ട്‌  മിഴികളിലൂടെ ഒഴുകി ക്രിസ്തുവിന്‍റെ രുധിരം കിനിയുന്ന മേനിയിലലിഞ്ഞ    ദുഃഖവെള്ളിയിൽ അർപ്പിക്കപ്പെട്ട അമ്മയുടെയും പുത്രന്‍റെയും യാഗം സ്വർഗ്ഗം സ്വീകരിച്ചു. പിന്നെ ആ മകനെ ചുംബിച്ചു. എല്ലാം പൂർത്തിയാക്കി. മിഴിപൂട്ടിയ തന്‍റെ ഉണ്ണിയുടെ ഒടിഞ്ഞുനുറുങ്ങിയ   ശരീരത്തോടു തന്‍റെ   ഹൃദയം   തറച്ചുവച്ച് മറിയം ഒന്നുകൂടി പറഞ്ഞു, ഇതാ കർത്താവിന്‍റെ ദാസി! സ്വർഗ്ഗം പ്രത്യുത്തരിച്ചു, ഇപ്പോൾ മുതൽ സകലരും നിന്നെ ഭാഗ്യവതി എന്ന് പ്രകീർത്തിക്കും. എഴുതിയാലും തീരാത്ത സദ്വാർത്തയാണ് പരിശുദ്ധ കന്യകാമറിയം. ഈ സദ്വാർത്തയെ ധ്യാനിക്കുന്ന ഓരോ മനസ്സിനും വെട്ടം ലഭിക്കുന്നു. ജീവിത സുവിശേഷത്തിന്‍റെ അന്ത്യത്തിൽ ഈശോ താൻ യുഗാന്ത്യം വരെ കൂടെയുണ്ടാകുമെന്ന് ഉറപ്പു നൽകി യാത്രയാകുമ്പോൾ അമ്മ മേരിയും യാത്ര തുടങ്ങിയിരുന്നു. യൂദയായിലെ  മലമ്പ്രദേശത്തു യാത്ര ചെയ്തപ്പോൾ സ്തോത്രഗീതമുയർന്ന മാതാവിന്‍റെ നാവിൽ ഇന്ന് ഭൂമിയിലുഴലുന്ന, ദുരന്തഖനിയിൽ വീണു നെടുവീർപ്പെടുന്ന മക്കൾക്കായി സ്വർഗ്ഗത്തെ വിളിച്ചു കരുണയുടെ സങ്കീര്‍ത്തനമാണുയര്‍ത്തുന്നത്.

നമ്മോടൊപ്പം സഞ്ചരിക്കുന്ന അമ്മ

ക്രിസ്തുവിന്‍റെ സഹനങ്ങളിൽ അവിടുത്തെ ശക്തിപ്പെടുത്തിയത് ഈ അമ്മയുടെ സമർപ്പണമാണ്. സ്നേഹം സേവനത്തിലൂടെ ഘോഷിക്കപ്പെടുന്നു. ഒരാളോടുള്ള സ്നേഹം സ്വയം മറക്കാൻ പ്രേരിപ്പിക്കുന്നു. സ്വയം മറന്നു സ്നേഹിക്കുന്നയാളെ ഓർക്കുമ്പോഴുണ്ടാകുന്ന ആനന്ദത്തെ   കുരിശുമരണം എന്ന് വിളിക്കാം.  ഒരു  കഥ  ഇങ്ങനെയാണ്. ഭൂമിയെ മുത്തമിടാൻ കുഞ്ഞിനെ അനുവദിച്ച് അമ്മ യാത്രയാകുന്നു. പിന്നീടുള്ള കരച്ചിലിനും ചുണ്ടുവിടർത്തിയ നേരിയ പുഞ്ചിരിക്കും മറിഞ്ഞു മാറുന്ന ചുവടുവയ്പ്പിനും വളർച്ചയ്ക്കും  കൂട്ടായിനിന്ന അപ്പനെന്ന തായ്മരം. അമ്മിഞ്ഞ നല്‍കിയില്ലെന്നൊഴികെ മറ്റെല്ലാം അയാൾ ചെയ്തു. മകൻ വളർന്നു. അല്ല മകനെ അയാൾ വളർത്തി. ഒരുദിവസം ഒരുമിച്ചുള്ള ഒരു  യാത്രയിൽ വാഹനാപകടത്തിൽപ്പെട്ട് സാരമായ പരിക്കുകളോടെ രണ്ടുപേരും  ആശുപത്രിയിൽ. മരുന്നുകളുടെ മണമൊഴുകുന്ന ആശുപത്രിക്കിടക്കയിൽ അയാൾ അറിയുന്നു തന്‍റെ ഏകമകന്  ലക്ഷങ്ങളില്‍ ഒരാൾക്ക് മാത്രം വരാവുന്ന   മസ്തിഷ്കത്തിലെ ഏതോ ഒരു മഹാരോഗം.  അറുപതു ദിവസത്തിന്‍റെ ആയുസ്സ്. കഠിന വേദനയോടെ ഡോക്ടറോടു കേഴുന്നു, തന്നിലേക്കു ആ രോഗം മാറ്റിവയ്ക്കാൻ സയൻസിനു കഴിയുമോ എന്ന്, മരണത്തെ സ്വയം ഏറ്റെടുക്കാൻ ധൈര്യം കാണിക്കുന്ന സ്നേഹം.

ക്രിസ്തുവിന്‍റെ  സ്നേഹത്തിന്‍റെ  അളവ് അളവില്ലെന്നതാണെന്നു വിശുദ്ധ സാലസ് പറഞ്ഞത് ഓർക്കാൻ മറന്നുപോകുന്നു നാം. പുത്രനെ സ്നേഹിക്കാൻ പോഷണം നൽകി അമ്മ  വളർത്തുന്നത് അവളുടെ ജീവിതത്തെ നമ്മുടെ  മുന്നിൽ കാണിച്ചുകൊണ്ടാണ്. ഈശോയുടെ പിന്നിൽ നിഴലായി യാത്രചെയ്തവൾ, അലഞ്ഞു നടന്ന ആചാര്യന് അമ്മിഞ്ഞ നല്‍കിയവൾ. ഹൃദയത്തിൽ എന്നും വാൾ സൂക്ഷിച്ചവൾ. അവളുടെ ലോകമായിരുന്ന ഏകമകനെ ബലിക്കളത്തിലേക്കു വിട്ടുകൊടുത്തവൾ. യുദ്ധഭൂമിയെ ക്ഷേത്രഭൂമിയാക്കാൻ   കർമ്മത്തിൽ കാരുണ്യത്തിന്‍റെ ആയുധം വഹിച്ച് സ്വർഗ്ഗത്തോടു നിരന്തരം അപേക്ഷിക്കുന്നവൾ.

അലമാലകൾപോലെ ജീവിതത്തിൽ ദുഃഖങ്ങൾ സാരമായി നമ്മെ തൊടുമ്പോൾ അനുഗ്രഹങ്ങളുടെ അൾത്താരയിൽ എരിയും അനേകം മെഴുകുതിരികളിൽ ഒരുതിരിപോലെ ഉരുകിയൊലിക്കുന്ന മണിക്കൂറുകളിൽ മിക്കവാറും ദൈവത്തെ നമ്മുടെ ചോദ്യങ്ങളുടെ കോടതിയിൽ നിറുത്തിയിട്ടുണ്ടാവാം. എന്നിട്ട് ആക്ഷേപങ്ങളുടെ   കൂർത്തുമൂർത്ത ചോദ്യങ്ങൾ അസ്ത്രങ്ങളായി അവന്‍റെ നെഞ്ചിൽ തൊടുത്തുവിടുന്നവരാണ് നാം.  അർഹിക്കുന്ന ശിക്ഷപോലും അനുഭവിക്കാൻ തയ്യാറല്ലാത്ത   നമ്മുടെയൊക്കെ  ജന്മത്തെ ഒരിക്കലും പഴിക്കുന്നില്ല ക്രിസ്തു. മറിച്ച്  മറിയത്തെ മുന്നിലിരുത്തി അർഹിക്കുന്നതെല്ലാം നിഷേധിക്കുകയും, അർഹിക്കാത്തതൊക്കെ   അനുഭവിക്കുകയും ചെയ്ത തന്‍റെ അമ്മയെ മാതൃകയാക്കാൻ അവളുടെ ജീവിതത്തെ മനഃപാഠമാകേണ്ട ഒരു പാഠപുസ്തകമായി നമുക്കുതരുന്നു.  അമ്മയുടെ സുകൃതങ്ങളെ വായിച്ച് സംഗ്രഹിച്ചു മനനം ചെയ്തു ജീവിക്കുവാൻ അവസാനത്തെ സമ്മാനമായി  ഇതാ,  എന്‍റെ അമ്മ. ഇന്നു മുതൽ നിന്‍റെയും, നമ്മുടെയും അമ്മ. 

07 April 2019, 14:45