തിരയുക

Vatican News
The Catechetical Image of Jesus - from the masterpiece of Zeffirelli The Catechetical Image of Jesus - from the masterpiece of Zeffirelli 

മനുഷ്യബന്ധങ്ങളുടെ പ്രകാശപൂര്‍ണ്ണമായ സാരോപദേശങ്ങള്‍

ആണ്ടുവട്ടം 8-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം. വിശുദ്ധ ലൂക്കായുടെ സുവിശേഷം 6, 39-45 വരെ വാക്യങ്ങള്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍

ആണ്ടുവട്ടം 8-Ɔο വാരത്തെ സുവിശേഷപരിചിന്തനം

നന്മയില്‍ എന്നും  ജീവിക്കാന്‍
കഴിഞ്ഞ ആഴ്ചയില്‍ നാം ധ്യാനിച്ച ശത്രുസ്നേഹത്തിന്‍റെയും ദൈവിക കാരുണ്യത്തിന്‍റെയും സുവിശേഷഭാഗത്തിന്‍റെ തുടര്‍ച്ചയാണിന്ന്. വിധിക്കരുത്, അന്യായമായി വിധിക്കരുത് എന്നെല്ലാം പറയുമ്പോള്‍ മനുഷ്യരോടു കരുണകാട്ടാനുള്ള ആഹ്വാനമാണ് ക്രിസ്തു നല്കുന്നത്. ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍, ക്രൈസ്തവര്‍ അടിസ്ഥാനപരമായി നന്മചെയ്യാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഇന്നു നാം ധ്യാനിക്കുന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷഭാഗത്തെ ഒരോ വചനവും പറയുന്നത്. മഹാകവി ചെറിയാന്‍ കുനിയന്തോടത്തിന്‍റെ മനോഹരമായൊരു കവിതയുണ്ട്, അമല്‍ദേവ് അതു സംഗീതാവിഷ്ക്കാരം ചെയ്തിട്ടുള്ളതാകയാല്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകാം, കേട്ടിട്ടുണ്ടാകാം. രണ്ടക്ഷരപ്രാസമുള്ള കവിത ഓര്‍മ്മിക്കാനും എളുപ്പമാണ്. “നന്മനിറഞ്ഞൊരു ഹൃദയം നല്കാന്‍ ചിന്മയരൂപാ വന്നാലും നന്മകള്‍ മാത്രം ചെയ്തിടുവാനായ് എന്‍മനം എന്നുമൊരുക്കുക നീ!”
ചെറിയാനച്ചന്‍ അവസാനംവരെ “നന്മ”യെന്ന വാക്കിലാണ് എല്ലാ പദങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സുവിശേഷത്തിലെ  സാരോപദേശങ്ങള്‍
അനുദിന ജീവതത്തിന് ആവശ്യമായ ഗുണപാഠങ്ങളാണ്, അല്ലെങ്കില്‍ സാരോപദേശങ്ങളാണ് ഇന്നത്തെ സുവിശേഷഭാഗമെന്ന് ചുരുക്കി പറയാം. എല്ലാം തികഞ്ഞവരാണു നാം എന്ന ചിന്ത നിറഞ്ഞ്, ജീവതത്തില്‍ പൊങ്ങച്ചം കാണിക്കരുതെന്നാണ്, അന്ധന്‍ അന്ധനെ നയിക്കുന്ന ഉപമയിലൂടെ ഈശോ പഠിപ്പിക്കുന്നത്. നല്ലതു പ്രവര്‍ത്തിക്കുന്നതിനും, ജീവിതത്തിന്‍റെ മേന്മ തെളിയിക്കുന്നതിനും, സല്‍പ്രവൃത്തികള്‍ ചെയ്തുകൊണ്ട് സന്തുഷ്ഠരായി ജീവിക്കണമെന്നുമാണ് വചനത്തിലൂടെ അവിടുന്നു ഉദ്ബോധിപ്പിക്കുന്നത്.

അന്ധരെ അന്ധര്‍ നയിക്കുന്ന ലോകം
തെറ്റു തിരുത്തുന്നത് എപ്രകാരമായിരിക്കണമെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. അപരനെ അന്ധനായി കാണാതെ, കാഴ്ചയുള്ള വ്യക്തിയായി കാണണമെന്നതാണ് ഈ സാരോപദേശങ്ങളുടെ ഉള്‍പ്പൊരുള്‍. അന്ധനായ ഒരുവന്, മറ്റൊരു അന്ധനെ നയിക്കാനാവില്ല. അതായത്, അപരനില്‍ ഉള്ളതുപോലെ തന്നെ എന്നിലും കുറവുകളുണ്ട് എന്ന തെളിഞ്ഞ ബോധ്യത്തില്‍, സഹോദരങ്ങളുടെ തെറ്റുകള്‍ സൗമ്യമായി തിരുത്തണമെന്നാണ് വചനം പഠിപ്പിക്കുന്നത്. തെറ്റുതിരുത്തല്‍ ആക്ഷേപിക്കലല്ല! എന്നിലെ തെറ്റുകളെക്കുറിച്ചുള്ള അവബോധത്തോടെ മാത്രമല്ല, എന്നിലെ തെറ്റുകള്‍ തുറവോടെ തിരുത്തിക്കൊണ്ടുവേണം നാം അന്യരിലേയ്ക്കു തിരിയാനെന്ന് സുവിശേഷം നമ്മെ അനുസ്മരിപ്പിക്കുന്നു.

ക്ലാസ്സില്‍ ഗൃഹപാഠം വായിക്കാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടപ്പോള്‍, കുട്ടി ഇടതുകൈയ്യില്‍ പുസ്തകം പിടിച്ചു വായിക്കുന്നതു കണ്ട്, ടീച്ചര്‍ അലറി. “യൂ ഡേര്‍ട്ടി ഫെലോ, ഇടതുകൈയ്യിലാണോ പുസ്തകം പിടിക്കുന്നത്!” ഉടനെ മറ്റു കുട്ടികള്‍ ടീച്ചറോടു പറഞ്ഞു. “അവനു വലതുകൈ ഇല്ല ടീച്ചറേ!” അകാരണമായിട്ടും അശ്രദ്ധമായും നാം അന്യരെ ഒത്തിരിയേറെ മുറിവേല്പിക്കുന്നുണ്ട്.

അപ്രിയാനുഭവങ്ങള്‍ക്ക് പരിഭവമില്ലാത്തവരാകാം
അതിനാല്‍ ജീവാതാഹ്ലാദത്തിന് മൂന്നു അനിവാര്യതകളുണ്ടെന്നു ഇന്നത്തെ സുവിശേഷഭാഗം നമ്മെ പഠിപ്പിക്കുന്നു. നമ്മോടു തന്നെ പൊറുക്കാനാവുക. രണ്ട്, അപ്രിയമായ അനുഭവങ്ങളുടെ പേരില്‍ത്തന്നെ അപരനോടു ക്ഷമിക്കാന്‍ കഴിയുക. മൂന്നാമതായി, നമുക്ക് താത്പര്യമില്ലാത്ത ജീവിതാനുഭവങ്ങള്‍ക്കും സഹനങ്ങള്‍ക്കും ദൈവത്തോടുപോലും പരിഭവം ഇല്ലാതിരിക്കുക.

മദ്രാസിലേയ്ക്ക് തീവണ്ടികളില്‍ പോകുന്ന കാലം. ബോഗിക്കകത്ത് എഴുതിയിരിക്കുന്നത് ആവര്‍ത്തിച്ചു വായിച്ചു മനസ്സില്‍ പതിഞ്ഞതാണ്, Less luggage more comfort! കുറച്ചു ഭാരം, നല്ല യാത്ര! അമിതഭാരം യാത്ര ക്ലേശകരമാക്കും. അമിതഭാരം ജീവിതത്തെ ക്ലേശകരമാക്കും. ഒരു സഞ്ചാരിയുടെ ദൈവശാസ്ത്രംപോലെയാണിത്. അമിതഭാരം ഒരു യാത്രയുടെ കൗതുകത്തെ നശിപ്പിച്ചുകളയുന്നു. ജീവിതയാത്രയെ ഒരു തീര്‍ത്ഥാടനമാക്കി മാറ്റാന്‍ സഹോദരബന്ധങ്ങളില്‍ അന്യരെ വിധിക്കാതിരിക്കാം, അന്യായമായി കുറ്റമാരോപിക്കാതിരിക്കാം, ജീവിതത്തെ ഭാരപ്പെടുത്താതിരിക്കാം. തെറ്റുതിരുത്തുമ്പോഴും ഒരു ന്യായാധിപന്‍റെ നിലപാട് എടുക്കാതെ ഒരു സഹോദരന്‍റെയോ, സഹോദരിയുടെയോ സ്നേഹത്തോടെ നന്മയ്ക്കായി – പൊതുനന്മയ്ക്കായും, ചിലപ്പോള്‍ പ്രസ്ഥാനത്തിന്‍റെ നന്മയ്ക്കായും കാരുണ്യത്തിന്‍റെയും ക്ഷമയുടെയും മനോഭാവം എടുക്കണമെന്ന് ഇന്നു നിങ്ങളോടും എന്നോടും ഈശോ ആവശ്യപ്പെടുന്നു.

ഫലത്തില്‍നിന്നും വൃക്ഷത്തെ അറിയാം
4 ഇന്നത്തെ ആദ്യവായനയില്‍ പ്രഭാഷകന്‍റെ പുസ്തകം ഉദ്ബോധിപ്പിക്കുന്നത്, സുവിശേഷവാക്യത്തിനു സമാന്തരമാണ്. ഫലത്തില്‍നിന്നും വൃക്ഷത്തെ അറിയാമെന്ന് ക്രിസ്തുവും ഉദ്ബോധിപ്പിക്കുന്നു. കൃഷിക്കാരന്‍റെ സാമര്‍ത്ഥ്യമാണ് വൃക്ഷത്തിലെ ഫലമെന്നാണ് പ്രഭാഷകന്‍ കുറിച്ചിരിക്കുന്നത് (പ്രഭാ. 27, 5-8). രണ്ടും സമാന്തരമായ ആശയങ്ങളാണ്. നീതിയോടെ ജീവിക്കുന്നവര്‍ക്ക് ദൈവികനീതി നടപ്പാക്കിത്തരുമെന്നും, അതിനാല്‍ ജീവിതത്തില്‍ നീതിയും സത്യവും മേലങ്കിയായി ധരിക്കണമെന്നും പ്രഭാഷകന്‍ പറയുന്നത്. അത് ക്രിസ്തുവിന്‍റെ പ്രബോധനങ്ങളിലേയ്ക്കാണ് വെളിച്ചംവീശുന്നതും വിരല്‍ചൂണ്ടുന്നതും.

സൗമ്യമായി സംസാരിക്കുക
സമൂഹത്തിലോ ഇടവകയിലോ സ്ഥാപനത്തിലോ സന്ന്യാസ സമൂഹങ്ങളിലോ - എവിടെയായിരുന്നാലും സൗമ്യതയാണ് സഹോദരബന്ധങ്ങളില്‍ അഭികാമ്യം. എന്നാല്‍ നാം പറയുന്നത് സത്യമല്ലാത്ത കാര്യങ്ങളാണ് പലപ്പോഴും, അപവാദമുണര്‍ത്തുന്നതും അപകീര്‍ത്തി പരത്തുന്നതുമാകാം. ആരെക്കുറിച്ചായാലും അപകീര്‍ത്തി ഹൃദയഭേദകമാണ്. വധശിക്ഷ നീതിയല്ലെന്ന് പഠിപ്പിക്കുകയും ലോകത്തോട് പറയുകയും ചെയ്യുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ കാലത്തു ജീവിക്കുന്ന നമുക്ക്, വിജയത്തിനായും സ്വന്തം നിലപാടുകള്‍ ന്യായീകരിക്കാനുമായി മറ്റുള്ളവരെ രഹസ്യമായോ പരസ്യമായോ തേജോവധംചെയ്യുന്ന പ്രവര്‍ത്തി (a character assassination) നീചമാണെന്നും, അന്യായമായ വിധിപറച്ചിലാണെന്നും ഇന്നത്തെ വചനത്തിന്‍റെ വെളിച്ചത്തില്‍ എളുപ്പത്തില്‍ മനസ്സിലാക്കാ. ഇനി പറയുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ത്തന്നെ അപരന്‍റെ സല്‍പ്പേരു മാനിക്കാനും നമുക്കു കടപ്പാടുണ്ട്. സത്യം പ്രഘോഷിക്കപ്പെടണം, അതു കേള്‍ക്കാന്‍ ഇഷ്ടമില്ലെങ്കില്‍പ്പോലും. എന്നാല്‍ ഓര്‍ക്കേണ്ടത്, സത്യം പ്രഘോഷിക്കുന്നതില്‍ സൗമ്യതയും ശാന്തതയും, സ്നേഹവും, നന്മയുമാണ് ലക്ഷ്യംവയ്ക്കേണ്ടതെന്ന വസ്തുതയാണ്.

അവര്‍ അന്ധരായിരിക്കാം!
പുലര്‍ച്ചെ, വീടിന്‍റെ മേല്‍ത്തട്ടിയില്‍ ഇരുന്നു ചായകുടിച്ച് പത്രം വായിക്കുന്ന ഗൃഹനാഥന്‍ കാണുന്നത്, തന്‍റെ തോട്ടത്തിന്‍റെ മനോഹരമായ പുല്‍ത്തകിടിയും, അതിലെ പൂക്കളും ചെടികളും ചവിട്ടിമെതിച്ച് ഇതാ, ഒരപരചിതന്‍ കടന്നുവരുന്നു. ഓടിച്ചെന്ന് അയാളെ കഴുത്തിനു പിടിച്ച് പുറത്തേയ്ക്കു തള്ളാന്‍ കൈയ്യോങ്ങവെയാണ് മനസ്സിലായത്, തോട്ടം ചിവിട്ടി മെതിച്ചവന്‍ അന്ധനാണ്! നമ്മുടെ ജീവിതോദ്യാനങ്ങള്‍ നശിപ്പിക്കുന്നവരോടു വിദ്വേഷമരുത്, ഒരുപക്ഷേ അവര്‍ അന്ധരായിരിക്കാം. സല്‍പ്പേരിന്‍റെ പൂന്തോട്ടങ്ങള്‍ നശിപ്പിക്കുന്നവരോടും വിദ്വേഷമരുത്, ഒരു പക്ഷേ അവരും കാഴ്ചയില്ലാത്തവരായിരിക്കാം!

ജീവിതോദ്യാനത്തെ ചിവിട്ടി മെതിക്കുന്നവര്‍
ബാല്യത്തിന്‍റെ ഓമനത്തത്തിന്‍റെയും കൗമാരത്തിന്‍റെ വിശുദ്ധിയുടെയും പുന്തോട്ടങ്ങള്‍ നശിപ്പിച്ചരും, ഗാര്‍ഹിക സ്വപ്നങ്ങളുടെ ഉദ്യാനങ്ങള്‍ ശിഥിലമാക്കിയവരും, പ്രണയത്തിന്‍റെയും സ്നേഹത്തിന്‍റെയും മലര്‍വാടികള്‍ പിച്ചിച്ചീന്തിയവരുമുണ്ട്. അവര്‍ അന്ധരായിരുന്നിരിക്കാം. മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ തുലോം നിസ്സാരമാണ്. ശരിയായ ധാരണകള്‍ക്കായി നാം മെനക്കെടാറുമില്ല. എന്നിരുന്നാലും അന്യരെ നാം വിധിച്ചു തള്ളാറുണ്ട്. അടുത്തറിയുന്ന വ്യക്തിയെക്കുറിച്ചു നമുക്കുള്ള അറിവ് കടലിലെ മഞ്ഞുകട്ടയ്ക്കു സദൃശ്യമാണെന്നു മനഃശ്ശാസ്ത്രജ്ഞന്മാര്‍ പറയാറുണ്ട്. ഏഴില്‍ ഒന്നുമാത്രമേ വെളിപ്പെട്ടു കിട്ടിന്നുള്ളൂ, ബാക്കി അജ്ഞതയുടെ ആഴക്കടലിലാണ്.   

ഇന്നിന്‍റെ ധാര്‍മ്മികതയും വിധി പ്രസ്താവങ്ങളും
കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസുകളുടെ കഥകള്‍ പിരിമുറികി നില്ക്കുന്ന നാളുകളാണിത്. എന്നാല്‍ ഈ കഥകള്‍ക്ക് ചരിത്രകാലത്തോളം പഴക്കമുണ്ട്. ആണ്‍കുട്ടികളുടേതായാലും പെണ്‍കുഞ്ഞുങ്ങളുടേതായാലും - ഗാര്‍ഹിക പീഡനക്കേസുകളും, വിദ്യാലയങ്ങളിലെയും കായിക കേന്ദ്രങ്ങളിലെയും, ഉല്ലാസയാത്രകളിലെയും പീഡനക്കേസുകളും ധാരളമാണ്. ഇതൊന്നും സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട പീഡനക്കേസുകളെ ന്യായീകരിക്കാന്‍ കാരണമല്ലെന്ന് പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടുന്നുണ്ട്. സഭ കുട്ടികള്‍ക്കു സുരക്ഷയും സംരക്ഷണവുമായ ഒരു ഭവനമാകണമെന്നാണ് പാപ്പാ ഫ്രാന്‍സിസ് സഭാശുശ്രൂഷകരുടെ പീഡനക്കേസുകളെ സംബന്ധിച്ച രാജ്യാന്തര സമ്മേളനത്തിന്‍റെ പരിസമാപ്തിയില്‍ ശക്തമായി നിര്‍ദ്ദേശിക്കുകയും, അത് ഇല്ലാതാക്കാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്കിക്കൊണ്ട് ദേശീയ പ്രാദേശിക സഭാദ്ധ്യക്ഷന്മാരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

സുവിശേഷസന്ദേശത്തിന്‍റെ ഉദാത്തീകരണം
ജീവിതത്തിന്‍റെ വിപരീതാനുഭവങ്ങളിലും, പീഡനങ്ങളിലും പ്രതികാരത്തിന്‍റെ പാഠമല്ല ക്രിസ്തു നല്കുന്നത്, മറിച്ച് ശത്രുസ്നേഹത്തിന്‍റെയും, ക്ഷമയുടെയും, സഹനത്തിന്‍റെയും, അത്യുല്‍കൃഷ്ടവും അതിശ്രേഷ്ഠവുമായ ഗുണപാഠങ്ങളാണ്. സുവിശേഷം പ്രബോധിപ്പിക്കുന്ന ഉദാത്തീകരണത്തിന്‍റെ മനോഹരമായ തലം മനസ്സിലാക്കിയാല്‍, എനിക്കു ലഭിച്ച ദുഃഖാനുഭവങ്ങള്‍ എന്‍റെ ജീവതനിലപാടുകളെ ഒരിക്കലും “നെഗറ്റീവ്,” നിഷേധാത്മകമാക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ക്കും എനിക്കും ഒരു ശാഠ്യമുണ്ടാകണം - നമുക്കുണ്ടായ നിഷേധാത്മകമായ സമാന ജീവിതാനുഭവങ്ങള്‍ മറ്റാര്‍ക്കും സമ്മാനിക്കുന്നില്ലെന്നും, മറ്റാര്‍ക്കും ഉണ്ടാകരുതേയെന്നും! അന്യരെ വിധിക്കുന്ന അപരാധങ്ങള്‍ ഓര്‍ത്ത് എളിമയോടെ നമ്രശിരസ്ക്കരാകാം. ഓര്‍ക്കാം, ജീവിതത്തില്‍ സഹോദരങ്ങളെ വിധിക്കാത്തവരെ നിത്യതയുടെ വിധിയാളനും വിധിക്കുകയില്ല, അവിടുന്നു നമ്മെ അനശ്വരതയുടെ  കൂടാരങ്ങളിലേയ്ക്ക് കൈപിടിച്ചുയര്‍ത്തും! അതിനാല്‍ “നന്മനിറഞ്ഞൊരു ഹൃദയം നല്കാന്‍ ചിന്മയരൂപാ വന്നാലും, നന്മകള്‍ മാത്രം ചെയ്തിടുവാനായ് എന്‍മനം എന്നുമൊരുക്കുക നീ!”

തലക്കെട്ടിലെ ചിത്രം -  നസ്രായനായ യേശു... എന്ന പേരില്‍ എഴുപതുകളില്‍ പുറത്തുവന്ന ഏഴു മണിക്കൂറോളം ദൈര്‍ഘ്യമുള്ള സമ്പൂര്‍ണ്ണ ജീവചരിത്രത്തില്‍നിന്നാണ്. അമേരിക്കന്‍ നടന്‍, റോബര്‍ട് പവ്വലാണ് സംവിധായകന്‍ ഫ്രാങ്കോ സെഫിറേലിയുടെ ചലച്ചിത്രത്തിലെ ക്രിസ്തു.

 

02 March 2019, 17:32