തിരയുക

Vatican News
 CHRIST BY WOLXHEIM in FRANCE CHRIST BY WOLXHEIM in FRANCE 

താബോറില്‍ തെളിഞ്ഞ രൂപാന്തരീകരണത്തിന്‍റെ തേജസ്സ്

തപസ്സുകാലം രണ്ടാംവാരം ഞായര്‍ - വിശുദ്ധ ലൂക്കാ 9, 28-36.
തപസ്സുകാലം രണ്ടാംവാരം

താബോറിലെ തേജസ്ക്കരണം
കഴിഞ്ഞ ആഴ്ചയില്‍, തപസ്സിലെ ആദ്യഞായറാഴ്ച ക്രിസ്തുവിന് മരുഭൂമിയിലുണ്ടായ പ്രലോഭനങ്ങളെക്കുറിച്ചും, അവിടുന്ന് അവയെ മറികടന്ന രീതിയെക്കുറിച്ചും നാം ധ്യാനിച്ചു. ക്രിസ്തുവിനെപ്പോലെ, പിതാവിന്‍റെ ഹിതത്തിനു വിധേയരായി ജീവിക്കുന്നവര്‍ക്ക് പാപത്തെക്കുറിച്ചുള്ള അവബോധത്തിലൂടെ മാനസാന്തരത്തിന്‍റെ പാത തുറക്കപ്പെടുമെന്ന് സുവിശേഷം വെളിപ്പെടുത്തി തരുന്നു. തപസ്സിലെ രണ്ടാംവാരത്തില്‍ സഭ നമ്മെ മാനസാന്തരത്തിന്‍റെ വഴിയിലൂടെയാണ് നയിക്കുന്നത്. നമുക്കുവേണ്ടി മരിച്ച് ഉത്ഥിതനായ അനുസരണയുള്ള സഹനദാസന്‍, ക്രിസ്തുവിന്‍റെ മുഖകാന്തിയുടെ ദര്‍ശനത്തിലേയ്ക്കാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മെ എത്തിക്കുന്നത്.

പീഡകളില്‍പ്പൊതിഞ്ഞ മഹത്വീകരണം
സുവിശേഷഭാഗം വിവരിക്കുന്ന രൂപാന്തരീകരണം, ക്രിസ്തുവിന്‍റെ പരസ്യജീവിതത്തിന്‍റെ ഉച്ചസ്ഥായിയാണ്. ദൈവദാസന്‍റെ പ്രവചനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിനും, തന്‍റെ രക്ഷാകരയാഗം അര്‍പ്പിക്കുന്നതിനുമായി അവിടുന്ന് ജരൂസലേമിലേയ്ക്കുള്ള യാത്രാമദ്ധ്യത്തിലാണ് താബോര്‍ കയറുന്നത്. എന്നാല്‍ മിശിഹാ മാനുഷികമായ വിജയത്തിന്‍റെയും നേട്ടത്തിന്‍റെയും പ്രതീക്ഷകള്‍ക്ക് ഘടകവരുദ്ധമാകയാല്‍ ജനം അവിടുത്തെ ഉപേക്ഷിച്ചു. ചില ശിഷ്യന്മാരും അവിടുത്തെ ഉപേക്ഷിച്ചു. റോമന്‍ മേല്‍ക്കോയ്മയില്‍നിന്നും തങ്ങളെ സ്വതന്ത്രരാക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെയും വിമോചകനെയുമാണ് അവര്‍ പ്രതീക്ഷിച്ചത്. ക്രിസ്തു  അവരുടെ മാനുഷികമായ പ്രതീക്ഷയ്ക്കൊത്തു വരായ്കയാല്‍  അവിടുത്തെ അവര്‍ പരിത്യജിച്ചു. പീഡകളില്‍ പൊതിഞ്ഞ അവിടുത്തെ മഹത്വീകരണം മനസ്സിലാക്കാന്‍ അപ്പസ്തോലന്മാര്‍ക്കുപോലും കഴിഞ്ഞില്ല.

തേജസ്സാര്‍ജ്ജിച്ച ക്രിസ്തുവിന്‍റെ മാനുഷികത
തന്‍റെ പുനരുത്ഥാനത്തിന്‍റെ മഹത്വമാര്‍ന്ന തേജസ് പത്രോസിനും യാക്കോബിനും യോഹന്നാനും വെളിപ്പെടുത്തി കൊടുക്കുവാന്‍ അവിടുന്നു തീരുമാനിക്കുന്നു. ശിഷ്യന്മാരുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നതിനും തന്‍റെ കുരിശിന്‍റെവഴിയെ അവര്‍ പതറാതെ പിന്‍തുടരുന്നതിനും വേണ്ടിയായിരുന്നു അത്.   അങ്ങനെ ഉയര്‍ന്ന മലയില്‍ അവര്‍ പ്രാര്‍ത്ഥനാനിരതരായിരിക്കവെ അവിടുന്നു രൂപാന്തരപ്പെട്ടു. അവിടുത്തെ മുഖം തേജസ്സാര്‍ന്ന് പ്രകാശിച്ചു. 

മൂന്നു ശിഷ്യന്മാരും ഭയവിഹ്വലരായി. അപ്പോള്‍ മേഘം വന്ന് അവിടുത്തെ മറച്ചുകളഞ്ഞു. പിന്നെ യോര്‍ദ്ദാന്‍ നദീക്കരയിലെ ജ്ഞാനസ്നാന വേളയില്‍ എന്നപോലെ, മേഘങ്ങളില്‍നിന്നും അവര്‍ പിതാവിന്‍റെ സ്വരം ശ്രവിച്ചു. ‘ഇവനെന്‍റെ പ്രിയ പുത്രനാകുന്നു. ഇവനെ നിങ്ങള്‍ ശ്രവിക്കുവിന്‍!’ (ലൂക്കാ 9, 35). ദാസന്‍റെ രൂപമെടുത്ത പുത്രനാണ് ക്രിസ്തു. അവിടുന്ന് അങ്ങനെ ചെയ്തത് കുരിശിലൂടെ രക്ഷയുടെ പദ്ധതി ഈ ഭൂമിയില്‍ യാഥാര്‍ത്ഥ്യമാക്കുവാനാണ്. മനുഷ്യകുലത്തെ ആകമാനം രക്ഷിക്കുവാനാണത്! പിതാവിനോടുള്ള സമ്പൂര്‍ണ്ണ വിധേയത്വംവഴി അവിടുന്നിലെ മാനുഷികതയാണ് സ്നേഹമായ ദൈവത്തിന്‍റെ മഹത്വം ആര്‍ജ്ജിച്ച് രൂപാന്തരപ്പെട്ടത്.

പെസഹാരഹസ്യങ്ങളിലെ മഹത്വീകരണം
പിതൃമഹത്വത്തിന്‍റെ സമ്പൂര്‍ണ്ണരൂപമാണ് തന്‍റെ തേജസ്ക്കരണത്തില്‍ ക്രിസ്തു വെളിപ്പെടുത്തിയത്. വെളിപാടിന്‍റെ പൂര്‍ത്തീകരണമെന്നോണം നിയമത്തെയും പ്രവാചകന്മാരെയും വെളിപ്പെടുത്തുമാറ് രൂപാന്തരീകരണത്തില്‍ അവിടുത്തെ ചാരത്ത് മോശയും ഏലിയായും സന്നിഹിതരായിരുന്നു. അതായത് എല്ലാം ക്രിസ്തുവിലും, അവിടുത്തെ പീഡാനുഭവത്തിലും കുരിശുമരണത്തിലും മഹത്വീകരണത്തിലും ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നുവെന്നാണ്.

ശ്രവിക്കാന്‍ അനിവാര്യമായ ഹൃദയത്തിന്‍റെ തുറവ്
ശിഷ്യന്മാര്‍ക്കെന്നപോലെ, ഇന്ന് രൂപാന്തരീകരണത്തിന്‍റെ രംഗം ധ്യാനിക്കുന്ന നിങ്ങള്‍ക്കും എനിക്കും ലഭിക്കുന്ന സുവിശേഷ സന്ദേശം ഇതാണ് : “നിങ്ങള്‍ അവിടുത്തെ ശ്രവിക്കുവിന്‍...,”  (മാര്‍ക്ക് 9, 7) ക്രിസ്തുവിനെ ശ്രവിക്കുവിന്‍. അവിടുന്നാണ് രക്ഷകന്‍. അതിനാല്‍ അവിടുത്തെ അനുഗമിക്കുക! ക്രിസ്തുവിനെ ശ്രവിക്കാന്‍ അവിടുത്തെ പെസഹാരഹസ്യങ്ങളുടെ യുക്തി നാം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. അവിടുത്തെ ശൈലി സ്വീകരിക്കുമ്പോള്‍ നമ്മുടെ ജീവിതങ്ങള്‍ മറ്റുള്ളവര്‍ക്കുള്ള സ്നേഹ സമ്മാനമായും സ്നേഹസമര്‍പ്പണമായും പരിവര്‍ത്തനം ചെയ്യേണ്ടിവരും. പിന്നെ ലൗകിക വസ്തുക്കളില്‍നിന്നും അകന്ന് ആന്തരീക സ്വാതന്ത്ര്യത്തോടെ ദൈവഹിതത്തിന് വിധേയപ്പെട്ടു ജീവിക്കേണ്ടതായും വരും.

ക്രിസ്തു തുറന്ന നിത്യാനന്ദത്തിന്‍റെ പാത
സ്വയം നഷ്ടപ്പെടുത്തിക്കൊണ്ട്, എല്ലാം മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കുന്ന, സകലര്‍ക്കും രക്ഷപ്രദാനംചെയ്യുന്ന നിത്യമായ ആനന്ദത്തിന്‍റെ ജീവിതശൈലിയാണ് ക്രിസ്തു പകര്‍ന്നുനല്കുന്നത്. തീര്‍ച്ചായായും നിത്യമായ ആനന്ദം നമുക്കായി ഈ ഭൂമിയില്‍ ആവിഷ്ക്കരിച്ചത് ക്രിസ്തുവാണ്. അവിടുന്നു നമുക്കായി തുറക്കുന്ന പാത നിത്യമായ ആനന്ദത്തിന്‍റേതാണെന്ന് മറക്കരുത്. തീര്‍ച്ചയായും അവിടുന്നു നമുക്കായി തെളിയിച്ച ജീവിതപാതയില്‍ ത്യാഗങ്ങള്‍ ഉണ്ടാകും,  എന്നാല്‍ അന്ത്യത്തില്‍ ആനന്ദമായിരിക്കും. ക്രിസ്തു നമ്മെ കൈവിടില്ല. നാം അവിടുത്തോടു ചേര്‍ന്നു ചരിച്ചാല്‍ അവിടുന്നു വാഗ്ദാനംചെയ്ത ആത്മീയ ആനന്ദപ്രഭ നമ്മെ വിലയംചെയ്യും. താബോറില്‍ ഇറങ്ങിവന്ന
ആ ദൈവികപ്രഭ ശിഷ്യന്മാര്‍ക്ക് ദൃശ്യമായതുപോലെ, നമുക്കും അനുഭവവേദ്യമാകട്ടെ! ക്രിസ്തുവിനെ വിശ്വസ്തമായി അനുഗമിക്കാന്‍ പ്രചോദനമേകട്ടെ!

ക്രിസ്തുവാകുന്ന പ്രകാശസ്രോതസ്സ്  
വ്യക്തി പ്രകാശപൂര്‍ണ്ണനാകുന്നത് ദൈവികപ്രകാശനം നമുക്കു ലഭിക്കുമ്പോഴാണ്. സൂര്യന്‍ മറയുമ്പോള്‍ ലോകം ഇരുട്ടിലാഴുന്നു. പിന്നെ നാം വീടുകളിലും വഴികളിലും വിളക്കു തെളിയിക്കുന്നു. എപ്പോഴും സ്രോതസ്സില്‍നിന്നും ലഭിക്കുന്ന പ്രകാശത്തിലാണ് നാം പ്രകാശിതരാകുന്നത്. ക്രൈസ്തവരുടെ പ്രകാശസ്രോതസ്സ് ക്രിസ്തുവാണ്. ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ള ഓരോ കുഞ്ഞും, വ്യക്തിയും ക്രിസ്തുവില്‍ പ്രകാശിതരാണ്. ജ്ഞാനസ്നാനത്തെ പ്രബോധനോദയത്തിന്‍റെ കൂദാശയെന്ന് (Sacrament of Enlightenment) ഇതര ക്രൈസ്തവസഭകള്‍ വിളിക്കാറുണ്ട്. ക്രിസ്തുവില്‍ നമുക്കു ലഭിക്കുന്ന പ്രകാശം ആന്തരികവും, ആത്മീയവും, അത് പരിശുദ്ധാത്മാവില്‍നിന്നു ലഭിക്കുന്നതുമാണ്. ആ ദിവ്യതേജസ്സാണ് താബോറില്‍ രൂപാന്തരപ്പെട്ടതും, വെട്ടിത്തിളങ്ങിയതും! ക്രിസ്തുവിന്‍റെ പ്രഭ നാം ഒളിച്ചുവയ്ക്കേണ്ടതല്ല, എന്നാല്‍ പങ്കുവയ്ക്കേണ്ടതും, പ്രഘോഷിക്കപ്പെടേണ്ടതുമാണ്. ഇന്നു നാം ചെയ്യേണ്ട നന്മ ചെയ്യാതെയും, അത് നീട്ടിവച്ചും, മാറ്റിവച്ചും, മോശമായും, നന്മയുടെ പ്രകാശം നാം മറച്ചുവയ്ക്കാറുണ്ട്.

പ്രകാശത്തിന്‍റെ മക്കളാകാം
ചരിത്രത്തിലെ അതിക്രമികളും അനീതിക്കാരും നന്മയുടെ വെളിച്ചം മറച്ചുവയ്ക്കുകയും കെടുത്തിക്കളയുകയും ചെയ്തവരാണ്. അവര്‍ നന്മയുള്ളവരെക്കുറിച്ചു അസൂയാലുക്കളും നന്മയുടെ വിരോധികളുമായിരുന്നു. അവര്‍ ഇരുട്ടിന്‍റെ ആത്മാക്കളായിരുന്നു.  ദൈവം നമ്മില്‍ വര്‍ഷിച്ചിട്ടുള്ള ദൈവികപ്രഭ, നാം തെളിയിക്കേണ്ടതും, ആളിക്കത്തിക്കേണ്ടതും, പങ്കുവയ്ക്കേണ്ടതുമാണ്. നമുക്കും പ്രകാശത്തിന്‍റെ മക്കളാകാന്‍ പരിശ്രമിക്കാം!

പരിലാളിക്കേണ്ട ജ്ഞാനസ്നാന കൃപ
ജ്ഞാനസ്നാനത്തില്‍ നമുക്കു ലഭിച്ച ദിവ്യവെളിച്ചം കെട്ടുപോകാതെ കാത്തുസൂക്ഷിക്കാം.
ഒരു ദിവ്യസമ്മാനംപോലെ അതു നാമെന്നും പരിലാളിക്കേണ്ടതാണ്. സ്വീകരിച്ചിട്ടുള്ള ജ്ഞാനസ്നാനത്തിന്‍റെ ശോഭ സഹോദരങ്ങളുമായി എന്നും പങ്കുവച്ചു ജീവിക്കാം. 

ദൈവം നമുക്കു ദാനമായി തന്നതാണ് ജ്ഞാനസ്നാനത്തിന്‍റെ കൃപ, ദാനമായി കിട്ടിയ ജീവിതത്തിന്‍റെ നന്മയുടെ വെളിച്ചം അനുദിനജീവിതത്തില്‍ ദാനമായിത്തന്നെ പകര്‍ന്നുനല്കാം. അത് സൗഹൃദത്തിന്‍റെയും വിനയത്തിന്‍റെയും, ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും,  വിശ്വാസത്തിന്‍റെയും,  പ്രത്യാശയുടെയും വെളിച്ചമാണ്. മാത്രമല്ല ജ്ഞാനസ്നാനം  ക്ഷമയുടെയും പങ്കുവയ്ക്കലിന്‍റെയും സാക്ഷ്യമായും ഈ ലോകത്തെ പ്രകാശപൂര്‍ണ്ണമാക്കേണ്ടതാണ്.

രൂപാന്തരപ്പെടുത്തുന്ന സ്നേഹം
ജീവന്‍ പരിരക്ഷിക്കാന്‍ ശ്രമിക്കുന്നവന് അത് നഷ്ടമാകാം. എന്നാല്‍ അത് ക്രിസ്തുവിനെയോ സുവിശേഷത്തെയോപ്രതി നഷ്ടപ്പെടുത്തുന്നവന് അത് നേട്ടമായി ഭവിക്കും (മര്‍ക്കോസ് 8, 35). സകല മനുഷ്യര്‍ക്കുമായി ക്രിസ്തു തുറന്നിടുന്ന രക്ഷാകര പദ്ധതിയാണിത്. പത്രോസിനും യാക്കോബിനും യോഹന്നാനും താബോര്‍ മലയില്‍ വെളിപ്പെടുത്തിക്കൊടുത്ത രൂപാന്തരീകരണത്തിന്‍റെ സന്ദേശം നമുക്കും സ്വായത്തമാക്കാം – നമുക്കും അവിടുത്തെ സ്നേഹത്തില്‍ രൂപാന്തരപ്പെടാം. സ്നേഹത്തിന് എല്ലാറ്റിനെയും രൂപാന്തരപ്പെടുത്താനാകും, നന്മയ്ക്കായ് എന്തിനെയും മാറ്റിമറിക്കാനാകും. സ്നേഹം എല്ലാറ്റിനെയും മാറ്റി മറിക്കുന്നു. എന്നാല്‍ സ്നേഹത്തിന് രൂപാന്തരീകരണ ശക്തിയുണ്ടെന്ന് ചിന്തിക്കുകയല്ല, വിശ്വസിക്കുകയാണു വേണ്ടത്. “സ്നേഹം എല്ലാറ്റിനെയും രൂപാന്തരപ്പെടുത്തുന്നു”വെന്നത് വിശ്വാസബോധ്യമാണ്.
ആ വിശ്വാസബോധ്യത്തില്‍ ക്രിസ്തുവിന്‍റെ തേജസ്ക്കരണത്തിന്‍റെ പ്രഭയില്‍ പങ്കുചേരാന്‍ നമുക്കേവര്‍ക്കും ഇടവരട്ടെ!

16 March 2019, 13:27