തിരയുക

Vatican News
Orchids of Hungary Orchids of Hungary  (AFP or licensors)

സ്തുതിപ്പില്‍നിന്നും ഉയരുന്ന നന്ദിയുടെ വികാരം

സങ്കീര്‍ത്തനം 130-ന്‍റെ ആസ്വാദനം – ഭാഗം ആറ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

സ്തുതിയും കൃതജ്ഞതയും

ദാവീദു രാജാവിന്‍റെ സൃഷ്ടിയായ ഗീതം
സമ്പൂര്‍ണ്ണ സ്തുതിപ്പായ 103-Ɔο സങ്കീര്‍ത്തനത്തിന്‍റെ വ്യാഖ്യാനപഠനം ഗീതത്തിന്‍റെ ഒരാസ്വാദനത്തോടെ നമുക്ക് ഉപസംഹരിക്കാം. ദാവീദുരാജാവ് എഴുതിയതാണെന്ന് നിരൂപകന്മാര്‍ ഏകകണ്ഠേന സ്ഥാപിച്ചിട്ടുള്ള ഗീതമാണിത്. സംഗീതജ്ഞനും സാഹിത്യകാരനും, ദൈവത്തില്‍ ശരണംവച്ചു ജീവിച്ചവനുമായ ഇസ്രായേലിലെ മഹാരാജന്‍റേതാണ് ഈ കീര്‍ത്തനമെന്നു സ്ഥാപിക്കുവാന്‍ നിരുപകന്മാരെ പ്രേരിപ്പിക്കുന്നത്, അതിന്‍റെ ഉള്ളടക്കവും ശൈലിയും മൂലഭാഷയായ ഹീബ്രു രചനയുടെ പ്രത്യേകതയും തനിമയുമാണ്. ദാവീദിന്‍റെ ഭരണകാലത്ത്, അദ്ദേഹം പ്രായത്തില്‍ പക്വമാര്‍ന്നൊരു സമയത്ത് രചിക്കപ്പെട്ടിട്ടുള്ളതാണ് ഈ സങ്കീര്‍ത്തനമെന്ന് ഘടനയില്‍നിന്നും, പ്രത്യേകിച്ച് ആത്മഗതത്തിന്‍റെ സവിശേഷമായ രചനാശൈലിയില്‍നിന്നും പണ്ഡിതന്മാര്‍ ഉറപ്പിക്കുന്നു. രാജാവിന്‍റെ ആത്മഗതത്തില്‍, തന്നോടുതന്നെയുള്ള സംഭാഷണത്തില്‍ നിശിതമായി പ്രകടമാകുന്ന പാപബോധം വ്യക്തിജീവിതത്തിലെ പക്വമാര്‍ന്നൊരു പ്രായത്തിലെ ആത്മീയതയാണ് വെളിപ്പെടുത്തുന്നതെന്ന് പറയേണ്ടതില്ലല്ലോ!

ദൈവം നല്കുന്ന ആയുസ്സും ജീവനും

Recitation and the Musical version of 103
30-32 അങ്ങു മുഖം മറയ്ക്കുമ്പോള്‍ അവ പരിഭ്രാന്തരാകുന്നു
അങ്ങ് അവയുടെ ശ്വാസം പിന്‍വലിക്കുമ്പോള്‍
അവ മരിച്ചു പൂഴിയിലേയ്ക്കു മടങ്ങുന്നു.
അങ്ങ് ജീവശ്വാസം അയയ്ക്കുമ്പോള്‍ അവ സൃഷ്ടിക്കപ്പെടുന്നു
അങ്ങു ഭൂമുഖം നവീകരിക്കുന്നു.
കര്‍ത്താവിന്‍റെ മഹത്വം എന്നേയ്ക്കും നിലനില്ക്കട്ടെ.
കര്‍ത്താവു തന്‍റെ സൃഷ്ടികളില്‍ ആനന്ദിക്കട്ടെ!

1.  അങ്ങു മുഖം മറയ്ക്കുമ്പോള്‍ ഞങ്ങളീ മന്നില്‍ എപ്പോഴും പരിഭ്രാന്തരാകുന്നു.
2. അങ്ങു ഞങ്ങടെ ശ്വാസമെടുക്കുമ്പോള്‍ ഞങ്ങള്‍ പൂഴിയിലേയ്ക്കു മടങ്ങുന്നു
3. അങ്ങു ജീവശ്വാസം നല്കുമ്പോള്‍ ഞങ്ങള്‍ ജീവന്‍ പ്രാപിക്കുന്നു.
4. കര്‍ത്താവേ, അങ്ങേ കൃപാതിരേകം ഞങ്ങള്‍ക്കെന്നും ശക്തിയും ജീവനും നല്കുന്നു.

വീഴ്ചകളില്‍നിന്നും ഉയിര്‍ത്തെഴുന്നേല്ക്കേണ്ട മനുഷ്യന്‍
ഈ സങ്കീര്‍ത്തനം വളരെ ഹ്രസ്വമാണ്. എന്നാല്‍ ഏറെ ഗഹനവും ഹൃദയസ്പര്‍ശിയുമാണ്. ജീവിതസാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ദ്യോതകമാകുന്ന ഈ ഗീതം ആത്മനിവേശിതമാണെന്നും, പിന്നെ സാഹിത്യപരമായും, ഉള്ളടക്കത്തിന്‍റെ വികാരപ്രകടനത്തിലും ആത്മീയതയിലും ദൈവാനുഭവത്തിലും മുന്തിനില്ക്കുന്നുവെന്നും നിരൂപകന്‍മാര്‍ സമ്മതിക്കുന്നു, സ്ഥാപിക്കുന്നു.
പഴയനിയമത്തിലെ സംഗീതസാമ്രാട്ടെന്ന് വിഖ്യാതനായ ദാവീദു രാജാവിന്‍റെ ജീവിതത്തിലെ വീഴ്ചകളില്‍നിന്നും ബലഹീനതകളി‍ല്‍നിന്നും കിനിഞ്ഞിറങ്ങുന്നതാണ് ഈ സങ്കീര്‍ത്തനത്തില്‍ വാചാലമാകുന്ന സ്തുതിപ്പിന്‍റെയും നന്ദിയുടെയും അത്യപൂര്‍വ്വമായ വികാരങ്ങള്‍ എന്ന് ഈ സങ്കീര്‍ത്തനത്തെക്കുറിച്ചുള്ള ആദ്യത്തെ ആസ്വാദനമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.

സ്തുതിപ്പിന്‍റെ ഹൃദയവികാരമായി പൊട്ടിയൊഴുകുന്ന കൃതജ്ഞതയാണ് വരികളില്‍ അല്ലെങ്കില്‍ പദങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത്. അങ്ങനെ പൂക്കളില്‍ സൂര്യകാന്തിപോലെ സങ്കീര്‍ത്തന ഗ്രന്ഥത്തില്‍ വിരിഞ്ഞുനില്ക്കുന്നൊന്നാണ് 103-Ɔο സങ്കീര്‍ത്തനം. തന്‍റെ ബലഹീനതകള്‍ ഓര്‍ത്ത് ദൈവസന്നിധിയില്‍ ദാവീദുരാജാവ് വിലപിച്ചപ്പോള്‍ കര്‍ത്താവു വര്‍ഷിച്ച കാരുണ്യക്കതിരേറ്റ് വിരിഞ്ഞ സൂര്യകാന്തിയാണിതെന്ന് ഈ ഗീതത്തിന്‍റെ വശ്യഭംഗിയെക്കുറിച്ച് നമുക്ക് ആലങ്കാരിക ഭാഷയില്‍ വിവരിക്കാമെന്നു വിചാരിക്കുന്നു. അതുകൊണ്ടാവണം സങ്കീര്‍ത്തകന്‍ ഇങ്ങനെ പാടിയിരിക്കുന്നത്.

Recitation
24-26 കര്‍ത്താവേ, അങ്ങയുടെ സൃഷ്ടികള്‍
എത്ര വൈവിധ്യപൂര്‍ണ്ണങ്ങളാണ്.
ജ്ഞാനത്താല്‍ അങ്ങ് അവയെ നിര്‍മ്മിച്ചു.
ഭൂമി അങ്ങയുടെ സൃഷ്ടികളാല്‍‍ നിറഞ്ഞിരിക്കുന്നു.
ജലപ്പരപ്പുകള്‍ വലുതും ചെറുതുമായ അസംഖ്യം
ജീവികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.

Musical version of 103
എന്‍റെ സ്രഷ്ടാവായ ദൈവമേ, അങ്ങേ സൃഷ്ടികളെത്രയോ മനോഹരം
1.  ജ്ഞാനത്താല്‍ അങ്ങവയെ ഞങ്ങള്‍ക്കായ് ഈ ഭൂമിയില്‍ നിര്‍മ്മിച്ചിരിക്കുന്നു.
2. ഈ ലോകം അങ്ങേ സൃഷ്ടികളാലെന്നും നിറഞ്ഞിരിക്കുന്നു.
3. ജലപ്പരപ്പില്‍ അങ്ങു ജീവികളെ നിറച്ചിരിക്കുന്നു. 

ഗീതത്തില്‍ തിങ്ങിനില്ക്കുന്ന ദൈവികപ്രഭ
103-Ɔο സങ്കീര്‍ത്തനത്തില്‍ അല്പം വ്യക്തിപരമായൊരു ആസ്വാദനം പറയാന്‍ ആവശ്യപ്പെട്ടാല്‍, ഈ ഗീതത്തെ അടുത്തറിയാന്‍ ശ്രമിച്ച അടിയന്‍റെ അഭിപ്രായം ഇങ്ങനെയായിരിക്കും. മനുഷ്യജീവിതത്തിന്‍റെ പരിമിതിയും, നൈമിഷികതയും നിസ്സാരതയും വെളിപ്പെടുന്ന ഘടകമാണ് ദൈവത്തിന്‍റെ അനന്തതയെയും, സാര്‍വ്വലൗകികതയെയും, അപരിമേയമായ അവിടുത്തെ സൃഷ്ടിയുടെ വൈഭവത്തെയും കുറിച്ചുള്ള ധ്യാനം. അത് എഴുതി വിവരിക്കുവാനോ, പാടിസ്തുതിക്കുവാനോ അസാദ്ധ്യമാണ്. വാക്കുകള്‍ക്ക് വര്‍ണ്ണിക്കാനാവത്തതുമാണത്. എന്നിട്ടും കീര്‍ത്തനങ്ങളിലോ ഗീതങ്ങളിലോ രചനകളിലോ, ചിത്രീകരണങ്ങളിലോ.., കവികള്‍ക്കും കലാകാരന്മാര്‍ക്കും, രേഖപ്പെടുത്തുവാനുള്ള ദൈവികവൈഭവത്തിന്‍റെ അതുലപ്രഭ ഈ ലോകം മുഴുവന്‍, നിറഞ്ഞുനില്ക്കുകയാണെന്ന് രചയിതാവ് വരച്ചുകാട്ടുന്നത് ഏറെ ആസ്വാദ്യവും ശ്രദ്ധേയവുമാണ്.

ദൈവിക മഹിമാവിന്‍റെ സ്തുതിപ്പുകള്‍
മനുഷ്യരുടെമദ്ധ്യേ മന്ദിച്ചുനില്ക്കുന്ന മലകള്‍ക്കുള്ള മറുപടിയെന്നോണമാണ് മലയിലെ പ്രസംഗം അല്ലെങ്കില്‍ ഗിരിപ്രഭാഷണം ഉതിര്‍ക്കൊള്ളുന്നതെന്ന് തോന്നിപ്പോകാം. പഴയനിയമത്തില്‍ നെബുക്കദനേസര്‍ രാജാവ് വിഗ്രഹങ്ങള്‍കൊണ്ടും വിലപിടിപ്പുള്ള വസ്തുവകകള്‍കൊണ്ടും ദൈവത്തെ സ്തുതിക്കുവാന്‍ തുനിഞ്ഞപ്പോള്‍ ഇതാ, ദാവീദുരാജാവ് നവ്യമായൊരു ഗാനാലാപനത്താല്‍ സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും നാഥനായ കര്‍ത്താവിനെ‍ സ്തുതിക്കുന്നതും വാഴ്ത്തുന്നതും, അവിടത്തെ മഹിമാവിന് നന്ദിയര്‍പ്പിക്കുന്നതും മറ്റൊരു ആസ്വാദനമായി നമുക്ക് ഇവിടെ രേഖപ്പെടുത്താവുന്നതാണ്.

ദാവീദുരാജാവില്‍ കാണുന്ന ക്രിസ്തുവിന്‍റെ പ്രതിരൂപം
ജരൂസലേമിലെ ദിവ്യമലയില്‍ കര്‍ത്താവിനെ സ്തുതിക്കുന്ന ദാവീദുരാജാവ് പുതിയ നിയമത്തില്‍ നവഇസ്രായേലിന്‍റെ നാഥനും രാജാവുമായ ക്രിസ്തുവിന്‍റെ പ്രതിരൂപമാണ്. അവിടുത്തെ സ്തുതിഗീതമെന്ന് വിശേഷിപ്പിക്കുന്ന ഗിരിപ്രഭാഷണത്തോട് സങ്കീര്‍ത്തനം 103-നുള്ള സമാനതയും സമാന്തരികതയും ഇവിടെ നമുക്ക് വീണ്ടും ആസ്വാദനമായി എണ്ണിപ്പറയാം. ചുരുക്കത്തില്‍ ഈ ഗീതം ചരിത്രത്തിലും സമകാലീന ലോകത്തും നമ്മുടേതായ ശൈലിയില്‍ പങ്കുവയ്ക്കപ്പെടുമ്പോള്‍ ജീവിക്കുന്നവനായ സത്യദൈവത്തിന്‍റെ നാമം തന്നെയാണ് പ്രഘോഷിക്കപ്പെടുന്നത്, ദൈവത്തിന്‍റെ കരുണാര്‍ദ്രമായ സ്നേഹമാണ് സ്തുതിപ്പായി ഉയരുന്നത്.

Recitation and the Musical version of 103
അങ്ങയുടെ മന്ദിരത്തിന്‍റെ  തുലാങ്ങള്‍  ജലത്തിനുമേലെ സ്ഥാപിച്ചിരിക്കുന്നു.
അങ്ങു വാനമേഘങ്ങളെ രഥമാക്കി, കാറ്റിന്‍റെ ചിറകുകളില്‍ സഞ്ചരിക്കുന്നു.
അവിടുന്നു കാറ്റുകളെ ദൂതരും അഗ്നിയെയും അഗ്നിജ്വാലകളെയും സേവകരുമാക്കി.
അവിടുന്നു ഭൂമിയെ അതിന്‍റെ അടിസ്ഥാനത്തിന്മേല്‍ ഉറപ്പിച്ചു,
അതൊരിക്കലും ഇളകുകയില്ല.

1. അങ്ങേ മന്ദിരത്തില്‍ വന്‍തൂണുകള്‍ ജലത്തിനുമീതെ സ്ഥാപിച്ചിരിക്കുന്നു.
2. വാനമേഘങ്ങളെ അങ്ങുരഥമാക്കി അതില്‍ സഞ്ചരിക്കുന്നു
3. കാറ്റിന്‍ ചിറകില്‍ അവിടുന്നാനീതനായ് നീങ്ങുന്നു.
4. കാറ്റിനെ ദൂതനും അഗ്നിയെ സേവകനും അങ്ങ് ആക്കിയിരിക്കുന്നു.

കഴിഞ്ഞ ഏതാനും പ്രക്ഷേപണ പരമ്പരകളിലൂടെ നാം ചെയ്തത്, ഏറെ ശ്രേഷ്ഠവും മഹത്തരവുമായ ബൈബിളിലെ സ്തുതിപ്പിന്‍റെ (103-Ɔο സങ്കീര്‍ത്തനം) പഠനത്തിലൂടെ ദൈവത്തിന്‍റെ ഇന്നും നിലനില്ക്കുന്ന അനന്തമായ കരുണയും സ്നേഹവും അല്പമെങ്കിലും ഈ എളിയ ഉദ്യമത്തിലൂടെ പങ്കുവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. അതില്‍ സംതൃപ്തിയും സന്തോഷവുമുണ്ട്.. കാരണം, ക്രിസ്തുവിന്‍റെ പ്രവര്‍ത്തനങ്ങളുടെയും പ്രബോധനങ്ങളുടെയും, അവിടുത്തെ സുവിശേഷത്തിന്‍റെയും സത്ത കാരുണ്യമാണ്.

ലോകമെമ്പാടും സുവിശേഷ കാരുണ്യത്താല്‍ നിറയാനും, അതുവഴി മനുഷ്യര്‍ രക്ഷപ്രാപിക്കുവാനും, വ്യക്തികളും, സമൂഹങ്ങളും, പ്രസ്ഥാനങ്ങളും തിന്മയും, കലഹവും കലാപങ്ങളും വിട്ടൊഴിഞ്ഞ് നന്മയിലേയ്ക്കും സ്നേഹത്തിലേയ്ക്കും തിരിയണം, അങ്ങനെ ലോകത്ത് സമാധാനം യാഥാര്‍ത്ഥ്യമാവണമെന്നത് ഈ ഗീതം നമുക്കു നല്കുന്ന പ്രചോദനമാണ്. ദൈവത്തിന്‍റെ കാരുണ്യവര്‍ഷം സ്വീകരിക്കാന്‍ നമ്മുടെ മനസ്സുകളും ഹൃദയങ്ങളും തുറക്കാം. അതുപോലെ അത് പങ്കുവയ്ക്കുവാനും പരിശ്രമിക്കാം. കാരണം ദൈവം തന്‍റെ കരുണ നമ്മില്‍ വര്‍ഷിക്കുന്നത്, അതിരില്ലാതെയും അളവില്ലാതെയുമാണ്. അതിനാല്‍ നാം സഹോദരങ്ങളോട് ആ കരുണ കാണിക്കുവാനും, പങ്കുവയ്ക്കുവാനും, ഔദാര്യത്തോടെ നല്കുവാനും കടപ്പെട്ടിരിക്കുന്നു. അങ്ങനെ നമ്മുടെ എളിയ ജീവിതങ്ങള്‍ ദൈവത്തിന്‍റെ കാരുണ്യം പ്രകീര്‍ത്തിക്കുന്ന സങ്കീര്‍ത്തനങ്ങളായി പരിണമിക്കട്ടെ!

Musical version of 103
എന്‍റെ ആത്മാവേ, സ്തുതിക്കൂ അന്തരംഗമേ വാഴ്ത്തൂ
നാഥനെ വാഴ്ത്തൂ, നാഥനെ വാഴ്ത്തൂ (2).
1.        എന്‍റെ സ്രഷ്ടാവായ ദൈവമേ, അങ്ങേ സൃഷ്ടികളെത്രയോ മനോഹരം
2.        ജ്ഞാനത്താല്‍ അങ്ങവയെ ഞങ്ങള്‍ക്കായ് ഈ ഭൂമിയില്‍ നിര്‍മ്മിച്ചിരിക്കുന്നു.
3.        ഈ ലോകം അങ്ങേ സൃഷ്ടികളാലെന്നും നിറഞ്ഞിരിക്കുന്നു.
4.        ജലപ്പരപ്പില്‍ അങ്ങു ജീവികളെ നിറച്ചിരിക്കുന്നു. 
5.        ആഹരിക്കാനീ ഭൂമിയില്‍ ജീവജാലങ്ങള്‍ അങ്ങെ കാരുണ്യത്തിനായ് പാര്‍ത്തിരിക്കുന്നു.
6.        അവിടുത്തെ പരിപാലന ഞങ്ങള്‍‍ക്കീ മന്നില്‍
7.        എന്നും സമൃദ്ധമാകുന്നു
8.        അങ്ങു കൈതുറന്നു നല്കുമ്പോള്‍ ഞങ്ങളീ മന്നില്‍ തൃപ്തരാകുന്നു.
9.        അങ്ങേ കൃപാതിരേകം ഞങ്ങള്‍ക്കെന്നും ശക്തിയും ജീവനും നല്കുന്നു.

ഈ പരമ്പരയില്‍ ഉപയോഗിച്ചിരിക്കുന്ന 103-Ɔο സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത്
ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം ഡാവിനയും സംഘവും.

അടുത്ത പ്രക്ഷേപണത്തില്‍ സോളമന്‍ രാജാവിന്‍റേതെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള രാജകീയ ഗീതം - 72-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം നാം ആരംഭിക്കും.

31 March 2019, 21:47