തിരയുക

Vatican News
Christ tempted in the desert - as in the Gospels പ്രലോഭിതനായ ക്രിസ്തു - തപസ്സുകാലം  

തപസ്സുകാലം : നവീകരണത്തിനുള്ള ഒരു ക്ഷണം

തപസ്സുകാലം ഒന്നാം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം - വിശുദ്ധ ലൂക്കായുടെ സുവിശേഷം 4, 1-13.
തപസ്സിലെ ആദ്യവാരം ഞായര്‍ - ക്രിസ്തുവിന്‍റെ പ്രലോഭനങ്ങള്‍

നവീകരണത്തിനുള്ള ക്ഷണം 
ഉത്ഥാനമഹോത്സവത്തിനുള്ള ഒരുക്കമാണ് തപസ്സുകാലം. ജ്ഞാനസ്നാനത്തിലൂടെ നാം ദൈവമക്കളായതിന്‍റെ സവിശേഷമായ കൃപകളെ ഓര്‍ക്കുന്ന സമയമാണിത്. ലഭിച്ച കൃപയുടെ സമൃദ്ധി ഓര്‍മ്മച്ചെപ്പില്‍ അടച്ചുപൂട്ടാതെ അവ നവീകരിക്കാനും വളര്‍ത്താനുമുള്ള ക്ഷണമാണിത്. അതുവഴി, ജ്ഞാനസ്നാന വരത്തിന്‍റെ കൃപയും പ്രത്യാശയും സന്തോഷവും വീണ്ടെടുക്കാന്‍ നാം ശ്രമിക്കുന്നു.  ദൈവമക്കളുടെ സ്ഥാനം നാം അതുവഴി പുനരാവിഷ്ക്കരിക്കാന്‍ പരിശ്രമിക്കുന്നു.

തിരിച്ചുപോക്കിന്‍റെ സമയം 
നഷ്ടപ്പെട്ട മകനെ കരുണാര്‍ദ്രനായ പിതാവ് കാത്തുനിന്ന് സ്വീകരിച്ച്, അവന്‍റെ പരിക്ഷീണത്തിന്‍റെയും അവിശ്വസ്തതയുടെയും പിന്‍തിരിപ്പിന്‍റെയും ജീര്‍ണ്ണിച്ച മേലങ്കി അഴിച്ചുമാറ്റി, വാത്സല്യമുള്ള ഒരച്ഛനെപ്പോലെയോ ഒരമ്മയെപ്പോലെയോ  കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പുതുവസ്ത്രം അണിയിച്ച് ഭവനത്തില്‍ സ്വീകരിക്കുന്നു. ആ പിതാവായ ദൈവം അപരിമേയനാണ്, സ്നേഹസമ്പന്നനാണ്, കരുണാര്‍ദ്രനാണ്. സകലരെയും ആശ്ലേഷിക്കുന്ന അന്യൂനതയും സ്നേഹവിശാലതയുമുള്ള സ്വര്‍ഗ്ഗസ്ഥനായ ‘ഞങ്ങളുടെ പിതാവാണ്’! അവിടുന്ന് ‘എന്‍റെ പിതാവു’ മാത്രമല്ല. നമ്മുടെ പിതാവാണ്, സകലരുടെയും പിതാവാണ്. ആ പിതൃസ്നേഹത്തിലേയ്ക്ക് തിരിച്ചുപോകാനുള്ള സമയമാണ് ഈ തപസ്സ്, ഈ തപസ്സുകാലം.

അനുതാപത്തിന്‍റെ സമയമാണ് തപസ്സ്! 
അനുരഞ്ജനത്തിനായുള്ള മനുഷ്യരുടെ സ്വപ്നത്തെ പിശാചാണ്, തിന്മയുടെ ശക്തികളാണ് തച്ചുടയ്ക്കുന്നത്. അങ്ങനെ വ്യക്തിബന്ധങ്ങള്‍ താറുമാറാക്കപ്പെടുകയും, സമൂഹങ്ങളും കുടുംബങ്ങളും ചിഹ്നഭിന്നമാക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ സമൂഹം കുറച്ചുപേര്‍ക്കും, കുറച്ചുപേരുടേതായും മാറുന്നു. അവിടെ അയല്‍പക്കങ്ങള്‍ തമ്മിലും, സ്നേഹിതരും സഹോദരങ്ങളും തമ്മിലും സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് അടിസ്ഥാനപരമായി അപരന്‍റെ അന്തസ്സ് മാനിക്കാതെ പോകുന്ന അവസരങ്ങളിലാണ്! അന്ധമായും നിസ്സംഗമായും അന്യരുടെയും, നമ്മുടെ തന്നെയും അന്തസ്സ് അവഗണിക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ വേദനാജനകമാണ്!

ജീവിതത്തെ വിലയിരുത്തേണ്ട സമയം 
നമ്മുടെ വികാരങ്ങളെ വിലയിരുത്തുന്ന സമയമാണ് തപസ്സ്. ദൈവിക പദ്ധതിക്ക് ഘടകവിരുദ്ധമായി ചുറ്റും നടമാടുന്ന അനീതിക്കെതിരെ കണ്ണുതുറക്കേണ്ട സമയമാണിത്. നമ്മിലെ ദൈവിക ജീവന്‍റെ പ്രതിച്ഛായ ഇല്ലാതാക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ജീവിതത്തിലെ മൂന്നു വലിയ പ്രലോഭനങ്ങളെ അനാവരണംചെയ്യുന്ന സമയവുമാണ് പുണ്യമായ തപസ്സുകാലം. സമാന്തര സുവിശേഷങ്ങള്‍ രേഖപ്പെടുത്തുന്ന,  ക്രിസ്തുവിനുണ്ടായ മൂന്നു പ്രലോഭനങ്ങള്‍ തന്നെയാണ് നിങ്ങള്‍ക്കും എനിക്കും ഉണ്ടാകുന്നത് (മത്തായി 1, 11-13, മാര്‍ക്ക് 4, 1-11, ലൂക്കാ 4, 1-14)).  ക്രൈസ്തവവിളിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുകയും സഹോദരബന്ധങ്ങളെ തച്ചുടയ്ക്കുകയും ചെയ്യുന്ന പ്രലോഭനങ്ങളാണിവ.

സമ്പത്തിന്‍റെ പ്രലോഭനം 
ആദ്യമായി, സമ്പത്തിന്‍റെ പ്രലോഭനമാണ്. എല്ലാവര്‍ക്കുമായുള്ള സ്വത്ത് ഞാന്‍ എനിക്കും ‘എന്‍റെ പക്ഷക്കാര്‍ക്കു’മായി സംവരണംചെയ്യുന്നു, അന്യായമായി അത് നേടാന്‍ ശ്രമിക്കുന്നു, അതിന് അഴിമതി കാട്ടുന്നു. അന്യന്‍റെ ജീവനെ അവഗണിച്ചും  അവരുടെ  അദ്ധ്വാനഫലമായ ‘അപ്പം’ തട്ടിപ്പറിച്ചുമാണ് ചിലര്‍ സമ്പത്തുണ്ടാക്കുന്നത്. അഴിമതിക്കധീനമായ സമൂഹങ്ങള്‍ അവരുടെ മക്കള്‍ക്കു നല്കുന്ന അപ്പം, വേദനയുടെയും വെറുപ്പിന്‍റെയും യാതനകളുടെയും ഫലംപേറുന്ന സമ്പത്തുകൊണ്ടു നേടുന്നതായി മാറുന്നു.

മിഥ്യാബോധത്തിന്‍റെ പ്രലോഭനം   
രണ്ടാമത്തെ പ്രലോഭനം, മിഥ്യാബോധത്തിന്‍റെയാണ്. എന്നെപ്പോലല്ലാത്തവരെ നിര്‍ദാക്ഷിണ്യം ഒഴിവാക്കുന്ന രീതിയില്‍ ഊന്നിനില്ക്കുന്നതാണ് മിഥ്യാബോധം. പ്രശസ്തിക്കായുള്ള പരക്കംപാച്ചിലില്‍ അപരന്‍റെ സല്‍പ്പേരിലും വളര്‍ച്ചയിലും ഇക്കൂട്ടര്‍ ഏറെ അസൂയാലുക്കളാണ്. ‘മരം വെട്ടിവീഴ്ത്തി അതില്‍നിന്നും വിറകെടുക്കുന്ന,’ ക്രൂരമായ ചൂഷണത്തിന്‍റെ മനോഭാവം നമ്മെ മൂന്നാമത്തെ പ്രലോഭനത്തിലേയ്ക്ക് കൊണ്ടുപോകുന്നു.

അഹങ്കാരത്തിന്‍റെ പ്രലോഭനം

ആയിരിക്കുന്ന അവസ്ഥയിലും വലുതാണ് താന്‍ എന്നു ചിന്തിക്കുക, അല്ലെങ്കില്‍ സ്വയം ഊതിവീര്‍പ്പിച്ചു കാണിക്കുന്ന ധാര്‍ഷ്ട്യമാണിത്. നാം ഈ ഭൂമിയിലാണെന്നും, ബലഹീനര്‍ക്കൊപ്പമാണ് ജീവിക്കുന്നതെന്നുമുള്ള ചിന്തയില്ലാതിരിക്കുന്ന അവസ്ഥയാണിത്. എങ്കിലും ഈശ്വരവിശ്വാസികളും പ്രാര്‍ത്ഥിക്കുന്നവരുമാണ് അഹങ്കാരികളായ ഇക്കൂട്ടര്‍. ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയ ഫരീസേയന്‍റെയും ചുങ്കക്കാരന്‍റെയും ഈശോ പറഞ്ഞ ഉപമയിലെ ഡയലോഗ് ഓര്‍മ്മയില്ലേ, “ദൈവമേ, മറ്റുള്ളവരെപ്പോലെയല്ല ഞാന്‍! അങ്ങേയ്ക്ക് ഞാന്‍ നന്ദിപറയുന്നു, അങ്ങയെ സ്തുതിക്കുന്നു,” എന്നുള്ള അഹങ്കാരത്തിന്‍റെ ഫരിസേയ മനോഭാവം കപടഭക്തരുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കും.

ആത്മപരിശോധനയുടെ സമയം
ക്രിസ്തുവിനുണ്ടായതുപോലുള്ള മൂന്നു പ്രലോഭനങ്ങളില്‍  ക്രൈസ്തവരായ നാമും ചിലപ്പോള്‍ അകപ്പെടുന്നുണ്ടാകാം. സുവിശേഷ ചൈതന്യം കെടുത്തുകയും ക്രൈസ്തവ ആത്മീയത ഇല്ലാതാക്കുകയും ചെയ്യുന്നതാണ് ഇവ മൂന്നും. നമ്മെ പാപത്തിന്‍റെയും നാശത്തിന്‍റെയും വലയത്തില്‍  വീഴ്ത്തുന്നതാണ് പ്രലോഭനങ്ങള്‍.  അതിനാല്‍  ആത്മപരിശോധനചെയ്യേണ്ടതാണ്, ഞാന്‍ പ്രലോഭനങ്ങളില്‍ എത്രത്തോളം അകപ്പെടുന്നുണ്ട്? സമ്പത്തിന്‍റെയും സുഖലോലുപതയുടെയും ജീവിതശൈലിയ്ക്ക് ഞാന്‍ കീഴ്പ്പെട്ടു പോയിട്ടുണ്ടോ?  മറ്റുള്ളവരുടെ നന്മയും, അവരുടെ ആവശ്യങ്ങളും അവകാശങ്ങളും അന്തസ്സും മാനിക്കുന്നത് എന്‍റെ സന്തോഷമാണെന്നും, എനിക്ക് പ്രത്യാശ പകരുന്ന വസ്തുതയാണെന്നും ഞാന്‍ ചിന്തിക്കാറുണ്ടോ?

കാരുണ്യം ദൈവത്തിന്‍റെ മുഖം
ദൈവമാണ് നമ്മെ മാനസാന്തരത്തിലേയ്ക്ക് ക്ഷണിക്കുന്നത്. തിന്മയുടെ കീറിമുറിക്കുന്ന ശക്തികളില്‍നിന്നും ഹൃദയത്തെ സൗഖ്യപ്പെടുത്തുവാന്‍ കരുത്തുള്ള ദൈവത്തിന്‍റെ പേരും മുഖവും - കാരുണ്യമാണ്! അതു ക്രിസ്തുവിന്‍റെ മുഖമാണ്. ഈ ദൈവിക കാരുണ്യമായിരിക്കണം നമ്മുടെ സമ്പത്ത്. അതുതന്നെയായിരിക്കണം നമ്മുടെ കീര്‍ത്തിയും ഓജസ്സും. ക്രിസ്തുവിന്‍റെ നാമത്തില്‍ ആകയാല്‍ നമുക്ക് സങ്കീര്‍ത്തകനോടൊപ്പം ഏറ്റുപാടാന്‍ സാധിക്കണം, “മാമക ശരണം കര്‍ത്താവേ, ഞാന്‍ അങ്ങില്‍ വയ്ക്കുകയായി, ഞാന്‍ ലജ്ജിതനാകില്ലൊരുനാളും രക്ഷണമരുളുക നാഥാ” (2) (സങ്കീ. 31, 14). അങ്ങനെ ദൈവത്തിന്‍റെ കരുണാര്‍ദ്രരൂപം നമ്മില്‍ ദൃഢപ്പെടണം, ദൃഢമായി പതിയണം! ‘ക്രിസ്തുവിനെ കണ്ടുമുട്ടുന്ന എല്ലാവരുടെയും ഹൃദയങ്ങള്‍ സുവിശേഷ ചൈതന്യത്താല്‍ നിറയണം!’  കാരണം, ക്രിസ്തുവിലും ക്രിസ്തുവിനോടു കൂടെയുമാണ് യാഥാര്‍ത്ഥമായ സന്തോഷം നമ്മില്‍ എപ്പോഴും വളരേണ്ടത്, വിരിയേണ്ടത് (EG, 1).

നന്ദിയുള്ള ജീവിതം സ്നേഹജീവിതം
നിയമാവര്‍ത്തന പുസ്തകത്തിലെ ആദ്യവായന, ഇസ്രായേല്‍ ജനത്തിനു മോശ നല്കുന്ന നിര്‍ദ്ദേശങ്ങളാണ്. ആദ്യഫലങ്ങളുടെ സമൃദ്ധമായ കാലമാണ് വിളവെടുപ്പെങ്കിലും,  ജനം ഗതകാല ചരിത്രവും, ദൈവം നല്കിയിട്ടുള്ള നന്മകളും മറക്കാതെ നന്ദിയുള്ളവരായി ജീവിക്കണമെന്ന് താക്കീതു നല്കുന്നു. പഴയ സ്മരണകളിലൂടെയാണ് നന്ദിയുടെ വികാരം ഉദിക്കുന്നത്. സമൃദ്ധിയുടെ വിള വെടുക്കുമ്പോഴും, ഇല്ലായ്മയിലും ദൈവം എപ്രകാരം ഇടപെട്ടു ഇസ്രായേലിനെ നയിച്ചുവെന്നുള്ള പഴയചരിത്രം മോശ ജനത്തെ അനുസ്മരിപ്പിക്കുകയും നന്ദിയുള്ളവരായി ജീവിക്കാന്‍ അവരെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു (നിയമാ. 26, 5-11). നമ്മുടെ അനുദിന ജീവിതത്തിലും കര്‍ത്താവിന്‍റെ നിരവധിയായ നന്മകള്‍ അനുസ്മരിക്കപ്പെടേണ്ടതാണ്. നമ്മുടെ കുടുംബവും സമൂഹവും അദ്ധ്വാനവും ചുറ്റുമുള്ളവരും എല്ലാം ആദ്യഫലങ്ങളായി കരുതി ദൈവത്തിന് നന്ദിയര്‍പ്പിച്ചു ജീവിക്കാം. നന്ദിയുടെ ജീവിതം സ്നേഹത്തിന്‍റെ ജീവിതമായിരിക്കും. 

ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കാം
ദൈവം നമ്മില്‍ വര്‍ഷിച്ച നിരവധി അനുഗ്രഹങ്ങളില്‍ ഏറ്റവും വിലപ്പെട്ടത് വിശ്വാസം.  അതു ദൈവവുമായുള്ള നമ്മുടെ ആത്മബന്ധമാണ്. അത് സ്വന്തമാക്കാനും, വളര്‍ത്തിയെടുക്കാനും, ബലപ്പെടുത്താനും, കൈമാറാനും നാം മറന്നുപോകരുത്.  നമ്മുടെ അനുദിന ജീവിതനന്മകളുടെ ഇടയിലൂടെ നടക്കുന്ന ദൈവമുണ്ട്. അവിടുത്തെ കാണാതെ പോകരുത്.  ചരിത്രത്തില്‍ നമ്മോടുകൂടെയുള്ള ദൈവത്തെ അംഗീകരിക്കുന്നതാണ് വിശ്വാസം! അത് പ്രാര്‍ത്ഥനയില്‍ മാത്രമല്ല പ്രകടമാക്കപ്പെടേണ്ടത്, മറിച്ച് സഹോദരബന്ധിയായൊരു ജീവിതത്തിലൂടെ സജീവമാകുന്ന ഫലപ്രാപ്തിയായി വിശ്വാസത്തെ മനസ്സിലാക്കണം. വിശ്വാസത്തില്‍ ഊന്നിയ ഫലപ്രാപ്തിയുടെ പ്രത്യാശയില്‍ തല ഉയര്‍ത്തി ആത്മീയ നവീകരണത്തിന്‍റെ പുതുപുലരിക്കായി തപസ്സിലെ ദിനങ്ങളില്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കാം!

സഹോദരബന്ധിയായ ജീവിതം
ദൈവം വര്‍ഷിച്ച നന്മകളെ അനുസ്മരിക്കുകയാണെങ്കില്‍ നമുക്കു ചുറ്റുമുള്ള സഹോദരങ്ങളെ അവഗണിക്കാനാവില്ല. ഐക്യവും സഹാനുഭാവവും ക്രൈസ്തവന് ജീവിതത്തില്‍ പ്രകടമാക്കാതിരിക്കാനാവില്ല, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിലൂടെ സംസ്കാരവും, തൊഴിലിലൂടെ അന്നവും കിട്ടാതെ വിഷമിക്കുന്ന, പാവങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കെതിരെ കണ്ണടയ്ക്കാനാവില്ല, നിസ്സംഗരായിരിക്കാനാവില്ല. അടിസ്ഥാന ആവശ്യങ്ങള്‍ക്കായി വിഷമിക്കുന്നവര്‍ക്കുവേണ്ടി പോരാടുകയും പരിശ്രമിക്കുകയും ചെയ്യുന്നതിന്‍റെ മുന്‍നിരയില്‍ ക്രൈസ്തവന്‍ ഉണ്ടായിരിക്കേണ്ടതാണെന്ന്, വിശുദ്ധനായ പോള്‍ ആറാമന്‍ പാപ്പാ ഉദ്ബോധിപ്പിച്ചിട്ടുള്ളത് നമുക്ക് അനുസ്മരിക്കാം (ഗ്വാദലൂപ്പെ, 12 ഓക്ടോബര്‍ 1970). 

ദൈവമേ, ഈ ഭൂമിയിലെ ഓരോ പുല്ലും പുല്‍നാമ്പും, താരും തരുവും വളരുമ്പോള്‍ വേരുകള്‍ ഭൂമിയില്‍ ഊന്നിയും, സൂര്യനെ നോക്കിയും, അതിന്‍റെ കിരണങ്ങള്‍ ആഗിരണംചെയ്തും ശക്തിയാര്‍ജ്ജിച്ചുമാണ് വളരുന്നത്. നീതിസൂര്യനായ അങ്ങയെ നോക്കി, അങ്ങില്‍ ദൃഷ്ടിപതിച്ച് ഞാനും എന്‍റെ എളിയ ജന്മത്തെ ക്രമപ്പെടുത്തട്ടെ, നവീകരിക്കട്ടെ, അങ്ങില്‍ വളരട്ടെ!

09 March 2019, 13:17