തിരയുക

Vatican News
Feast of the Baptism of the Lord Feast of the Baptism of the Lord  

ജ്ഞാനസ്നാനത്തിരുനാളിലെ വചനവിചിന്തനം

വിശുദ്ധ ലൂക്കായുടെ സുവിശേഷം 3, 15-16, 21-22.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനത്തിരുനാള്‍ - ശബ്ദരേഖ

ക്രിസ്തുമസ്ക്കാലം കഴിഞ്ഞു
ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനത്തിരുനാളോടെ ക്രിസ്തുമസ്ക്കാലം കഴിയുകയാണ്. അടുത്ത ഞായറാഴ്ചമുതല്‍ ആരാധനക്രമത്തില്‍ ആണ്ടുവട്ടം സാധാരണ കാലത്തിലേയ്ക്കു (Ordinary Time of the Year) നാം കടക്കുന്നു. ക്രിസ്തുവിന്‍റെ ജനനത്തെ ധ്യാനിച്ച നാളുകള്‍ ദൈവിക പ്രഭയും സന്തോഷവും നിറഞ്ഞ കാലമായിരുന്നു. ക്രിസ്തുജയന്തിയുടെ പ്രഭാപൂരമാണ് ക്രിസ്തുമസ്ക്കാലത്ത് നാം കണ്ടത്. തിന്മയുടെയും അജ്ഞതയുടെയും അന്ധത അകറ്റിക്കൊണ്ട് മാനവചരിത്രത്തിന്‍റെ ചക്രവാളത്തില്‍ പുതുവെളിച്ചമായി പ്രഭാമയനായ ദൈവപുത്രന്‍, ക്രിസ്തു ഉദയംചെയ്ത കാലമാണ് ക്രിസ്തുമസ്!

പ്രപഞ്ചത്തിന്‍റെ വിശുദ്ധീകരണ സംഭവം 
കന്യകാമറിയത്തിലൂടെ ജാതനായ ദിവ്യശിശു വളര്‍ന്ന് വലുതായി പ്രായപൂര്‍ത്തിയായപ്പോള്‍ ജോര്‍ദാന്‍ നദിക്കരയില്‍ യോഹന്നാനില്‍നിന്ന് സ്നാനം സ്വീകരിച്ച സംഭവമാണ് ജ്ഞാനസ്നാന തിരുനാളില്‍ നാം ധ്യാനിക്കുന്നത്. പൗരസ്ത്യ പാരമ്പര്യ പ്രകാരം, ഈ പ്രപഞ്ചത്തിന്‍റെ മുഴുവന്‍ വിശുദ്ധീകരണമാണ് ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. പാപത്തിന്‍റെ ലാഞ്ഛനപോലും ഇല്ലാതിരുന്ന ക്രിസ്തു എന്തിനാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്ന് ആരും ചിന്തിച്ചു പോകും! രക്ഷകന്‍റെ വരവിനായി പാര്‍ത്തിരുന്ന ജനങ്ങള്‍ക്കൊപ്പം അവിടുന്ന് ജോര്‍ദാന്‍ നദിയുടെ കരയില്‍ ചെന്ന്, സ്നാപകയോഹന്നാനില്‍നിന്നും സ്നാനം സ്വീകരിച്ചത് പ്രായശ്ചിത്തത്തിന്‍റെയും മാനസാന്തരത്തിന്‍റെയും സാക്ഷ്യമായിട്ടാണ്, പ്രതീകമായിട്ടാണ്. എല്ലാ സുവിശേഷകന്മാരും രേഖപ്പെടുത്തുന്നതുപോലെ ജോര്‍ദാനിലെ സ്നാനമാണ് ക്രിസ്തുവിന്‍റെ പരസ്യജീവിതത്തിന്‍റെയും ദൈവരാജ്യപ്രഘോഷണത്തിന്‍റെയും പ്രാരംഭം. 

“ഏകജാതനെ തന്നുപോലുമീ ലോകത്തെ ദൈവം സ്നേഹിച്ചൂ!”
ദൈവിക പ്രാഭവത്തിന്‍റെ ഉന്നതിയില്‍നിന്നും ദൈവം ഭൂമിയുടെ താഴ്മയിലേയ്ക്ക് ഇറങ്ങിവന്നതാണ് മനുഷ്യാവതാര രഹസ്യം. മനുഷ്യരുടെ മദ്ധ്യത്തിലുള്ള ദൈവിക സാന്നിദ്ധ്യത്തെ വിവരിക്കുന്ന ഒറ്റവാക്കാണ് സ്നേഹം. സ്നേഹമാണ് ഈശ്വരന്‍റെ രൂപം. സ്നേഹമാണ് അവിടുത്തെ നാമം. വിശുദ്ധ യോഹന്നാന്‍ അതിനെ വിവരിക്കുന്നത് ഇപ്രകാരമാണ്. “തന്‍റെ ഏകജാതന്‍വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവിടുത്തെ ലോകത്തിലേയ്ക്ക് അയച്ചു. അങ്ങനെ ദൈവസ്നേഹം നമ്മുടെ ഇടയില്‍ വെളിപ്പെട്ടിരിക്കുന്നു. നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ നല്കുകയുംചെയ്തു എന്നതിലാണ് സ്നേഹം” (1യോഹ. 4, 9-10). തന്നില്‍നിന്നു ജ്ഞാനസ്നാനം സ്വീകരിക്കാന്‍ വന്ന ക്രിസ്തുവിനെ കണ്ട് അവിടുത്തെ തിരിച്ചറിഞ്ഞ യോഹന്നാന്‍റെ അഭിസംബോധനയും പ്രഘോഷണവും ശ്രദ്ധേയമാണ്, “ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട് ഇതാ, ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്നവന്‍” (യോഹന്നാന്‍ 1, 29).

ഈശ്വരദര്‍ശനമായ വെളിപ്പെടുത്തലുകള്‍ 
 “ജോര്‍ദാ ന്‍ നദിക്കരയില്‍ യോഹന്നാനില്‍നിന്നും ജനങ്ങള്‍ ജ്ഞാസ്നാനം സ്വീകരിച്ചു കൊണ്ടിരിക്കുമ്പോള്‍ യേശുവും വന്നു  സ്നാനമേറ്റു. അവിടുന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ അവിടുത്തെ മേല്‍ ആവസിച്ചു. സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരവും ശ്രവിച്ചു,  "ഇതാ, എന്‍റെ പ്രിയ പുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.” (3, 21-22).  പിതൃസ്നേഹത്തില്‍ ഏറെ വ്യാപൃതനാകുന്ന ക്രിസ്തുവിനെയും,  പിതൃസ്നേഹത്താല്‍ നിറഞ്ഞവനായ ക്രിസ്തുവിനെയുമാണ് ആ സ്വര്‍ഗ്ഗീയസ്വരം വ്യക്തമാക്കുന്നത്. അവിടുന്നു ദൈവപുത്രനാണെന്ന് ജ്ഞാനസ്നാന സംഭവം വെളിപ്പെടുത്തുന്നു. കുരിശില്‍ അവിടുന്നു മരിച്ചപ്പോഴും, അതിനുശേഷം മൂന്നാംനാള്‍ ഉത്ഥാനംചെയ്തപ്പോഴും അവിടുന്നില്‍ നിവസിച്ച ദൈവാരൂപിയാണ്, ജ്ഞാനസ്നാന വേളയില്‍ അവിടുത്തെമേല്‍ ഇറങ്ങിവന്നതും, അഭിഷേകംചെയ്യുന്നതും. അരൂപിയാല്‍ നിറഞ്ഞവനും നവീകൃതനുമായ ക്രിസ്തുവാണ് ദൈവപുത്രനായി ഈ ഭൂമിയില്‍ ആഗതനായതും തന്നെത്തന്നെ ലോകത്തിന് ദൈവത്തിന്‍റെ സ്നേഹമായും കാരുണ്യമായും വെളിപ്പെടുത്തിത്തന്നതും.

ജ്ഞാനസ്നാനം ക്രിസ്തുവില്‍ ഒരു ജീവസമര്‍പ്പണം
കലയുടെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള, മൈക്കിളാഞ്ചലോയുടെ വിശ്വോത്തര കലാസൃഷ്ടികള്‍ നിറഞ്ഞ വത്തിക്കാനിലെ സിസ്റ്റൈന്‍ കപ്പേളയിലെ  ജ്ഞാനസ്നാന തിരുനാളില്‍ എല്ലാവര്‍ഷവും പാപ്പാ ഫ്രാന്‍സിസ് സമൂഹബലിയര്‍പ്പിക്കുകയും, അവിടത്തെ ജ്ഞാനസ്നാനത്തൊട്ടിയില്‍ വത്തിക്കാനിലെ ജോലിക്കാരുടെ നവജാതശിശുക്കള്‍ക്കും, ചിലപ്പോള്‍ പ്രതീകാത്മകമായി അന്യനാടുകളില്‍നിന്നുമുള്ള കുട്ടികള്‍ക്കും ജ്ഞാനസ്നാനം നല്കുന്ന പതിവുണ്ട്. അത് ഈ വര്‍ഷവുമുണ്ട്. ഈ ലോകത്തില്‍ കാണുന്ന അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും ശൈലിക്കു വിപരീതമായി, വിനയത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും പാതയാണ് ക്രിസ്തു ജ്ഞാനസ്നാനത്തിരുനാളില്‍ നമുക്കായി തുറന്നുനല്കുന്നത്. തന്‍റെ ജീവന്‍ പരിരക്ഷിക്കുന്നതിനു പകരം, സത്യത്തിനും നീതിക്കുംവേണ്ടി അവിടുന്ന് അത് ത്യാഗത്തില്‍ സമര്‍പ്പിച്ചതിന്‍റെ പ്രതീകമാണിത്. ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനത്തില്‍ പ്രതിഫലിക്കുന്ന ഈ സമര്‍പ്പണം ഓരോ ക്രൈസ്തവന്‍റെയും ഭാഗധേയമാണ്. ഇപ്രകാരമുള്ള ജീവിത സമര്‍പ്പണത്തില്‍ ക്രൈസ്തവര്‍ നവീകൃതരാകേണ്ടിയിരിക്കുന്നു. ദൈവകൃപയാല്‍ മനുഷ്യര്‍ നവജീവന്‍ പ്രാപിക്കേണ്ടിയിരിക്കുന്നു.

 പുനര്‍ജീവനേകുന്ന കൂദാശ  
ദൈവിക ജീവനിലുള്ള പുനര്‍ജന്മമായാണ് ക്രിസ്തുവിലുള്ള ജ്ഞാനസ്നാനം പ്രഖ്യാപിക്കുന്നത്. ദൈവിക ജീവനിലുള്ള പങ്കാളിത്തവും, നവജീവനും എന്നും മനുഷ്യകുലത്തിനു പകര്‍ന്നുനല്കാന്‍ ക്രിസ്തുവില്‍ സ്ഥാപിതമായതും,  സഭ എന്നും പരികര്‍മ്മംചെയ്യുന്നതുമായ സ്നേഹത്തിന്‍റെ അടയാളമാണ്  ജ്ഞാനസ്നാനം!  “വിശ്വാസപൂര്‍വ്വം നവജീവന്‍റെ സ്നാനമേല്‍ക്കുന്നവര്‍ തിന്മ ഉപേക്ഷിക്കുകയും ക്രിസ്തുവിനോട് അനുരൂപപ്പെടുകയും ചെയ്യുന്നു. ശത്രുവായ പിശാചിനെയും, പൈശാചികമായ എല്ലാറ്റിനെയും ഉപേക്ഷിച്ച് അവര്‍ ക്രിസ്തുവിനെ ദൈവവും രക്ഷകനുമായി സ്വീകരിക്കുന്നു. അങ്ങനെ പാപത്തിന്‍റെ അടിമത്തത്തില്‍നിന്നും സ്വതന്ത്രരായ വ്യക്തികള്‍ ദത്തുപുത്രസ്ഥാനം സ്വീകരിക്കുന്നു,” എന്നാണ് ക്രിസ്തുവിന്‍റെ പ്രത്യക്ഷീകരണത്തെക്കുറിച്ചുള്ള പ്രബന്ധത്തില്‍ സഭാപിതാവായ ഹിപ്പോലിറ്റസ് രേഖപ്പെടുത്തിയിരിക്കുന്നത് (Epiphania 10, 826).

ജ്ഞാനസ്നാനം നല്കുമ്പോള്‍ സഭ ഉച്ചരിക്കുന്ന വാക്കുകള്‍ ഇവിടെ ഓര്‍ക്കുന്നത് പ്രസക്തമാണ്. കത്തിച്ച ദീപം കുഞ്ഞിന്‍റെ കൈയ്യോടു ചേര്‍ത്തുപിടിച്ച് മാതാപിതാക്കളും ജ്ഞാനസ്നാന മാതാപിതാക്കളും കുഞ്ഞിനെ പേരുചൊല്ലി വിളിച്ചുകൊണ്ടു പറയുന്നത്, “മകനേ, മകളേ... ക്രിസ്തുവിന്‍റെ പ്രകാശം നീ സ്വീകരിക്കുക. പ്രിയപ്പെട്ടവരേ, ഇത് വിശ്വാസത്തിന്‍റെ വിളക്കാണ്. ഈ ദീപം ഒരിക്കലും പൊലിയാതെ കാത്തുസൂക്ഷിക്കാന്‍ നിങ്ങളെ ഏല്പിക്കുന്നു. ഒരു നാള്‍ ജീവിതാന്ത്യത്തില്‍ ക്രിസ്തുനാഥന്‍ വീണ്ടും വന്ന് ഇവനെ, ഇവളെ കൂട്ടിക്കൊണ്ടു പോകുംവരെ ഈ ദീപം പൊലിയാതെ കാത്തുസൂക്ഷിച്ച് നിത്യസൗഭാഗ്യത്തിന് അര്‍ഹരായി ജീവിക്കുക!”

വിശ്വാസവും ദൈവസ്നേഹവും തരുന്ന കൂദാശ
പിതാവിനെപ്പോലെയാണ് ദൈവം തന്‍റെ മക്കളെ കാത്തുപാലിക്കുന്നതും, സമാശ്വസിപ്പിക്കുന്നതുമെന്ന് ആദ്യവായനയില്‍ ഏശയ പ്രവാചകന്‍ വിവരിക്കുന്നു (ഏശയ 40, 1). ദൈവികമഹത്വം ജനത്തിനു വെളിപ്പെടുത്താന്‍, എല്ലാം നേരെയാക്കാന്‍ ഇതാ, ദൈവം തന്‍റെ പുത്രനെ, ക്രിസ്തുവിനെ ലോകത്തിനു നല്കി. അതുപോലെ ഇന്നും പിതൃസ്ഥാനീയരായവര്‍ - മാതാപിതാക്കളും മുതിര്‍ന്നവരും കാരണവന്മാരും മക്കള്‍ക്ക് സാന്ത്വനവും മാതൃകയുമാകണം.

ആത്മാവിനു പോഷണമാണ് ദൈവവചനം. വചനം വിശ്വാസത്തെ വളര്‍ത്തുന്നു. ദൈവം നമ്മെ രക്ഷിച്ചു നയിക്കുന്നു എന്നതാണ് വിശ്വാസം. ജ്ഞാനസ്നാനത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത്, ദൈവത്തിലുള്ള വിശ്വാസവും, ദൈവസ്നേഹവുമാണ്. യേശു രക്ഷകനാണെന്ന് വിശ്വസിക്കുന്നവരെല്ലാവരും ദൈവപുത്രരാണ് (1യോഹ.5, 1). അങ്ങനെ ജ്ഞാനസ്നാനത്തിലൂടെ ഒരു കുഞ്ഞിനെ വിശ്വാസത്തിലും ദൈവകൃപയിലും വളര്‍ത്താനുള്ള സാദ്ധ്യത നാം തുറക്കുകയാണ്. ഈ കൂദാശയിലൂടെ ക്രിസ്തുവിനെ സ്വീകരിക്കുന്നവര്‍ ദൈവത്തിന്‍റെ മക്കളായിത്തീരുന്നു, അവര്‍ പിതൃസ്നേഹത്തില്‍ പങ്കുകാരായിത്തീരുന്നു.

ക്രിസ്തുവില്‍ തെളിഞ്ഞു പ്രകാശിക്കാം!
ദൈവിക മഹത്വത്തിന്‍റെ സുവിശേഷം ഇളംതലമുറയ്ക്ക് മുതിര്‍ന്നവര്‍ പറഞ്ഞും പഠിപ്പിച്ചുംകൊടുക്കണം. പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പറയുന്നൊരു കാര്യമാണ് നമ്മുടെ യാത്രയിലും ജോലിസ്ഥലത്തുമെല്ലാം ഒരു "പോക്കറ്റ് ബൈബിള്‍"  സൂക്ഷിക്കണമെന്നത്. അതു വായിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്യണം. മുതിര്‍ന്നവര്‍ ബൈബിള്‍ കൊണ്ടുനടക്കുന്നതു കണ്ട്, കുട്ടികളും യുവജനങ്ങളും അത് മനസ്സിലാക്കും ഉള്‍ക്കൊള്ളുമെന്നാണ് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നത്. മറഞ്ഞിരുന്ന ദൈവികരഹസ്യം വെളിപ്പെടുത്തിയ പിതാവിന്‍റെ മാതൃക ലോകത്ത് മനുഷ്യമക്കള്‍ക്ക്  അനുഗ്രഹദായകമാകുന്നു. പിതാവിന്‍റെ ശബ്ദം പ്രതിധ്വനിച്ചതുപോലെയും, ദൈവാത്മാവ് ക്രിസ്തുവിന്‍റെ മേല്‍ ആവസിച്ചതുപോലെയും, നമ്മിലേയ്ക്കും ദൈവാത്മാവ് ഇറങ്ങിവരുന്നു.

ദൈവാത്മാവിന്‍റെ കരുത്തും വിവേകവും വെളിച്ചവും സ്വീകരിക്കുന്നവര്‍ അവിടുത്തെ ആ വെളിച്ചത്തില്‍ തെളിഞ്ഞു പ്രശോഭിക്കും. എവിടെയാണെങ്കിലും, നവജാതരായ എല്ലാ ശിശുക്കള്‍ക്കുംവേണ്ടി നമുക്കിന്ന് പ്രത്യേകമായി പ്രാര്‍ത്ഥിക്കാം. ജ്ഞാനസ്നാനത്താല്‍ സവിശേഷമാക്കപ്പെട്ട ക്രൈസ്തവ ജീവിതത്തെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും ചിന്തിക്കാനുള്ള നല്ലൊരു അവസരമാണ് ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനത്തിരുനാള്‍. നിത്യതയിലേയ്ക്കുള്ള വഴിതുറക്കുന്ന ആത്മീയ നവീകരണത്തിന്‍റെ ആദ്യപടിയാണിത്, ജ്ഞാനസ്നാനം. ക്രിസ്തുവില്‍ നവീകൃതരായി, ദൈവസ്നേഹത്തില്‍ വളര്‍ന്ന് ദൈവമക്കളുടെ ജീവിതമേന്മയും ഉന്മേഷവും ഉള്‍ക്കൊണ്ട് നമ്മുടെ എളിയ ജീവിതങ്ങള്‍ നന്മയില്‍ നയിക്കാന്‍ ഈ ജ്ഞാനസ്നാനത്തിരുനാള്‍ നമ്മെ ഏവരെയും സഹായിക്കട്ടെ!

സ്വര്‍ഗ്ഗം തുറന്നുവന്ന  വിശ്വപ്രകാശം 
മനുഷ്യരായ നമ്മുടെ പാപങ്ങളാണ് ദൈവമനുഷ്യബന്ധം വിച്ഛേദിച്ചത്, എന്നാല്‍ സ്വര്‍ഗ്ഗം ഭൂമിക്കായ് തുറന്നുതന്നത് ക്രിസ്തുവാണ്. സ്വര്‍ഗ്ഗം തുറന്നു വന്നവന്‍ നമ്മിലെ പാപത്തിന്‍റെ മ്ലേച്ഛതയും നീചത്വവും ഇല്ലാതാക്കും. ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനവേളയിലെ സ്വര്‍ഗ്ഗംതുറക്കല്‍ ഇന്നും സംഭവിക്കുന്നുണ്ട്. സങ്കീര്‍ത്തകന്‍ ആലപിക്കുന്നു, “ഭൂമി ഫലമണിയേണ്ടതിന് ദൈവം തന്‍റെ കൃപ സമൃദ്ധമായി അതില്‍ വര്‍ഷിക്കുന്നു!” (സങ്കീര്‍ത്തനം 85, 11-12). അങ്ങനെ, അമര്‍ത്ത്യനും അദൃശ്യനുമായ ദൈവത്തെ ദര്‍ശിക്കാനുള്ള കൃപ ഈ ജ്ഞാനസ്നാനത്തിരുനാളില്‍ മര്‍ത്ത്യരായ നമ്മില്‍ വര്‍ഷിക്കണേ, ദൈവമേ...! എന്നു പ്രാര്‍ത്ഥിക്കാം!

12 January 2019, 15:33